22/04/2026

അച്ചൻ പട്ടം പഠിക്കാൻ ഞാൻ സെമിനാരിയിൽ കൊണ്ടാക്കിയ കൊച്ചനാ.ദാ ഇപ്പോൾ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് കണ്ടോ.എന്റെ ഈശോയെ ഞാനിതങ്ങനെ സഹിക്കും….

രചന – സുധീ മുട്ടം

അച്ചൻ പട്ടം പഠിക്കാൻ ഞാൻ സെമിനാരിയിൽ കൊണ്ടാക്കിയ കൊച്ചനാ.ദാ ഇപ്പോൾ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് കണ്ടോ.എന്റെ ഈശോയെ ഞാനിതങ്ങനെ സഹിക്കും….

അമ്മച്ചി വലിയ വായിൽ നിലവിളിക്കുന്നത് കണ്ടാണു വീട്ടിലേക്ക് കയറി വന്ന സണ്ണിക്കുട്ടി ഞെട്ടിയത്.

” എന്നതാ അമ്മച്ചീ തൊണ്ട കീറണത്…

“സത്യം പറയെടാ.ഏതാ ഈ പെണ്ണ്..

സണ്ണിക്കുട്ടിയുടെ അമ്മച്ചി അന്നമ്മ ചേടത്തി അലറി..

” അമ്മച്ചിക്ക് കണ്ടാലറിഞ്ഞു കൂടെ ഞാൻ കെട്ടിയ പെണ്ണാണെന്ന്…

“ന്റെ കർത്താവേ നീയെന്നതാടാ സണ്ണിക്കുട്ടി ഈ പറയുന്നത്. നിന്റെ അമ്മച്ചി അറിയാതെ മിന്നുകെട്ടൊ.നിന്നെ പള്ളീലച്ചനാക്കാമെന്ന് നേർച്ചയുള്ളതാ….

” അമ്മച്ചീ ഞാനന്നെ പറഞ്ഞതല്ലെ എനിക്ക് പിള്ളാരുടെ അച്ഛനായാൽ മതിയെന്ന്.ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു.നീയെന്തിനാടാ ചക്കരേ അച്ഛൻ പട്ടം പഠിക്കുന്നതെ ന്റെ കുട്ടികളുടെ അപ്പനായാൽ പോരേയെന്ന് ഇവളു ചോദിച്ചപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല.ഡബിൾ ഓക്കെ പറഞ്ഞു…

മകൻ സണ്ണിക്കുട്ടിയുടെ മറുപടി കേട്ട് അന്നമ്മ ചേടത്തി വാ പൊളിച്ചു….

അവന്റെ കൂടെ വന്ന പെണ്ണിനെയവർ അടിമുടി നോക്കി.ഇവളത്ര കുറഞ്ഞ പുള്ളിയല്ല.കൂടിയ ഇനമാണ്. അല്ലെങ്കിൽ പള്ളീലച്ചനാകാൻ പോയ ചെക്കനെ കൊച്ചുങ്ങളുടെ അച്ഛനാക്കാൻ ഇവൾ കൊണ്ടു വരില്ലല്ലൊ.

“എടീ..ഭയങ്കരീ…

അന്നമ്മ ചേടത്തി മൂക്കത്തു വിരൽ വെച്ചു.

പിന്നെയും എന്തെക്കയൊ മുറുമുറുത്ത് ചേടത്തി അകത്ത് കയറി.

പെണ്ണുമായി സണ്ണിക്കുട്ടി വീട്ടിൽ താമസമാക്കി. ചേടത്തിയുടെ മുറുമുറുപ്പും കൂടി…

മൂന്നുമാസം കഴിഞ്ഞിട്ടും പെണ്ണ് ഗർഭിണിയാകാഞ്ഞിട്ട് ചേടത്തിക്ക് ആധിയായി.പിന്നെ അതിനെപ്പറ്റിയായി തിരക്കൽ.

തങ്ങൾക്ക് ഉടനെയൊരു കുഞ്ഞിനെ താല്പര്യമില്ലെന്ന് സണ്ണിക്കുട്ടി പറഞ്ഞു. പിന്നീടണു ചേടത്തി അത് കണ്ടു പിടിച്ചത്.മുകളിലെ നിലയിൽ രണ്ടു മുറികളിലായിട്ടാണു ഇരുവരും ഉറങ്ങുന്നതെന്ന്…

കാര്യം അറിഞ്ഞിട്ടും ചേടത്തി കാരണം തിരക്കിയില്ല.അമ്മ എല്ലാം അറിഞ്ഞെന്ന് മനസിലായപ്പോൾ സിസിലി മനസ്സ് തുറന്നു…

” സണ്ണിക്കുട്ടി എന്നെ മിന്നുകെട്ടിയട്ടില്ല അമ്മച്ചീ.ഞങ്ങൾ നല്ല ഫ്രണ്ട്സാണു. ഞാനെന്റെ ബന്ധുവീട്ടിൽ നിന്നാണ് വളർന്നത്.അവിടുത്തെ പീഡനങ്ങൾ സഹിക്കാതെ വന്നപ്പോൾ സണ്ണിക്കുട്ടി എന്നെ രക്ഷപ്പെടുത്തുകയായിരുന്നു….

അവൾ പറഞ്ഞു തീർന്നതും അന്നമ്മ ചേടത്തി തീർപ്പു കൽപ്പിച്ചു..

“എന്തായാലും അവൻ പള്ളീലച്ചനാകില്ല.നിന്റെ കുട്ടികളുടെ അച്ഛനെങ്കിലുമാകട്ടെ…..

നാണം കൊണ്ട് സിസിലിയുടെ മുഖം അരുണാഭമായി….