രചന – നന്ദ നന്ദിത
താലികെട്ട് കഴിഞ്ഞു… വാസുദേവൻ, ഉണ്ണിയുടെ കൈകളിലേക്ക് നീലിമയുടെ കൈകൾ ചേർത്ത് വെച്ചു… അത് കണ്ട് ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ഉണ്ണിയും വാസുദേവനും ഒഴികെ എല്ലാവരുടെയും മുഖത്ത് സന്തോഷം അലയടിച്ചു.
മണ്ഡപത്തിൽ നിന്ന് ഇറങ്ങുമ്പോൾ ദേവകിയമ്മ നീലുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“ന്റെ കുട്ടി… വികൃതി ഒന്നും കാട്ടരുത്ട്ടോ… ഉണ്ണിയെ അനുസരിക്കണം…”
എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും, നീലു അമ്മ പറയുന്നത് കേട്ട് തലയാട്ടി
“നീ പേടിക്കണ്ട ദേവകി… മ്മടെ തറവാട്ടിലേക്ക് അല്ലേ… അവള് വരണത്… പിന്നെ… നിനക്കും എപ്പോ വേണേലും അങ്ങട് വരാലോ…”
വാസുദേവൻ ദേവകി അമ്മയോടായി പറഞ്ഞു
“വണ്ടിയിൽ കേറൂ കുട്ട്യേ..”ആയാൾ നീലുവിനെ വണ്ടിയിലേക്ക് കേറ്റി..
ഉണ്ണിയുടെ അടുത്തായി അവൾ കാറിൽ ഇരുന്നു…
അവൾ ചുറ്റും നോക്കി… എല്ലാവരും തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടു…
അപ്പോഴേക്കും വണ്ടി മുന്നോട്ട് നീങ്ങി…
അവൾ എല്ലാവർക്കും കൈവീശി ടാറ്റാ കൊടുത്തു….
“ഹായ്… ഹായ്… നമ്മള് വണ്ടിയിൽ പൂവാണോ ഉണ്ണിയേട്ടാ…?? ഉണ്ണിയേട്ടന്റെ കാർ….ഹായ്…”അവൾ രണ്ടു കൈകളും കൊട്ടി, സന്തോഷത്തോടെ ഉണ്ണിയേയും പുറത്തേക്കും ഒക്കെ നോക്കി ചിരിച്ചു കൊണ്ടിരുന്നു…
“ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ… നമ്മൾ എവിടെ പോവാ…?? എവിടെ പോവാ…??”
അവൾ ആകാംഷയോടെ കണ്ണുകൾ വിടർത്തി… അവന്റെ കയ്യിൽ തോണ്ടി കൊണ്ടു ചോദിച്ചു
പക്ഷെ ഉണ്ണിയത് കേട്ടതായി പോലും ഭാവിക്കാതെ, പുറത്തേക്ക് നോക്കി ഇരുന്നു…
അത് കണ്ട് വീണ്ടും അവൾ അവനെ വിളിച്ചു ശല്യം ചെയ്തു കൊണ്ടിരുന്നു…
“ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ… പറ എവിടെ പോകുവാ…?”
“നീലു…!!!””
അവന്റെ മുഖം കോപം കൊണ്ടു വിറച്ചു
“നിർത്തുന്നുണ്ടോ നീ…?? മര്യാദക്ക് അല്ലേൽ ഇപ്പോൾ നിന്നെ ഇറക്കി വിടും…!!”
അവന്റ ഒച്ചയിൽ നീലിമ അടിമുടി വിറച്ചു..
കണ്ണുകളിൽ നിന്ന് കണ്ണുനീര് പുറത്തേക്ക് ഒഴുകി
അൽപനേരം അവൾ മിണ്ടാത്തെ ഇരുന്നു…
നിമിഷങ്ങൾക്ക് ശേഷം എല്ലാം മറന്നു വീണ്ടും പഴയപടി ഓരോന്നും അവനോട് ചോദിച്ചു കൊണ്ടിരുന്നു
പക്ഷെ ഉണ്ണി അതൊന്നും ശ്രെദ്ധിക്കാത്ത മട്ടിൽ ഇരുന്നു..
അല്പ സമയത്തിന് ശേഷം, കാർ മേലെടത്തു തറവാടിന്റെ മുന്നിൽ വന്നു നിന്നു.
ഉണ്ണിയും, നീലുവും കാറിൽ നിന്ന് ഇറങ്ങി
ഉമ്മറത്തു ഊർമിള വിളക്കുമായി നിൽക്കുന്നുണ്ടായിരുന്നു
ഊർമിള വിളക്ക് നീലുവിന്റെ കയ്യിൽ കൊടുത്തു..
അപ്പോഴേക്കും ഉണ്ണി ദേഷ്യത്തോടെ അകത്തേക്ക് പോയി
മകന്റെ പ്രവർത്തിയിൽ ഊർമിള സങ്കടപെട്ടെങ്കിലും അടുത്ത നിമിഷം… അവർ നീലുവിനെ ചേർത്ത് പിടിച്ചു..
“മോള് വാ…”അവർ അവളെയും കൊണ്ട് പൂജമുറിയിലേക്ക് പോയി
“മോള് വിളക്ക് വെച്ചിട്ട് പ്രാർത്ഥിക്കുട്ടോ…”
അവർ പറഞ്ഞത് അനുസരിച്ചു നീലു വിളക്ക് താഴെവെച്ചു, കൈകൂപ്പി നിന്നു
“മോളെ… ”
മിണ്ടാതെ കൈകൂപ്പി നിന്ന അവളെ ഊർമിള വിളിച്ചു…
“അമ്മായി… അമ്മായി… ന്നേ ഉണ്ണിയേട്ടൻ വഴക്കു പറഞ്ഞു…”
കൊച്ചു കുട്ടിയെപ്പോലെ കൊഞ്ചി പറയുന്ന അവളെ കണ്ട് ആ അമ്മയുടെ ഹൃദയം വിങ്ങി
“മോള് വിഷമിക്കണ്ടാട്ടോ…ഉണ്ണി വെറുതെ പറഞ്ഞതാ…”
“ആണോ അമ്മായി…”
“അതേലോ.. മോളിവിടെ ഇരുന്നേ അമ്മായി ഒരു കാര്യം പറയട്ടെ…??”
അടുത്തിരുന്ന കസേരയിലേക്ക് അവളെ പിടിച്ചു ഇരുത്തി അവർ
“അമ്മായി ഒരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കുവോ…??
അവളുടെ മുടിയിൽ വാത്സല്യത്തോടെ അവർ തഴുകി
“ആം… അവൾ ചിരിച്ചു കൊണ്ട് തലയാട്ടി
“ഇന്ന് മുതൽ മോള് ഇവിടെ ആണ് താമസിക്കേണ്ടത്…”
“അപ്പൊ അങ്ങ് പടിഞ്ഞാറെ വീട്ടില് അമ്മേടെ അടുത്ത് പോവുലെ…??”
അവൾ സംശയത്തോടെ ചോദിച്ചു.
“പോകാം… മോൾക്ക് ഇഷ്ടം ഉള്ളപ്പോൾ ഒക്കെ അവിടെ പോകാം… പക്ഷെ മോളിനി ഇവിടെയാ നിൽക്കണേ..”
“ഇന്ന് മുതൽ മോളുടെ വാശിയും, കുസൃതിയും ഒക്കെ മാറ്റിവെക്കണം…മോളിപ്പോ ഉണ്ണീടെ ഭാര്യ ആണ്…”
“ആണോ… അമ്മായി… ഞാൻ ഇപ്പോൾ ഉണ്ണിയേട്ടന്റെ ഭാര്യ ആണോ…”
അവൾ ആകാംഷയോടെ ചോദിച്ചു
“അതെ… മോളെ… ഇനി മുതൽ ഉണ്ണീടെ എല്ലാ കാര്യവും നോക്കേണ്ടത് മോളാണ്… ഭക്ഷണം കൊടുക്കേണ്ടതും, ഉണ്ണീടെ എല്ലാ ആവിശ്യങ്ങളും ചെയ്ത് കൊടുക്കേണ്ടതും മോളാണ്… ഇനി മുതൽ മോള് ഉണ്ണീടെ മുറിയിൽ വേണം കിടക്കാൻ…”
“ഹായ്… അപ്പോ ഇനി എപ്പോഴും എനിക്ക് ഉണ്ണിയേട്ടനെ കാണാൻ പറ്റുവോ അമ്മായി…??”
അവൾ സന്തോഷത്തോടെ ഊർമിളയോടെ ചോദിച്ചു…
“പറ്റും മോളെ…”
“ആണോ…?? അവൾ വിശ്വാസം വരാതെ അവരെ നോക്കി
“അമ്മായി പറഞ്ഞതൊക്കെ മോൾക്ക് മനസ്സിലായോ…??
“ആയി…”
അവൾ തലയാട്ടി.
“എങ്കിൽ മോള് ഉണ്ണീടെ മുറിയിലേക്ക് പൊക്കോട്ടോ…”
അത് കേട്ടതും അവൾ ചാടി എണീറ്റു… ഉണ്ണിയുടെ മുറിയിലേക്ക് ലക്ഷ്യം ആക്കി ഓടി.
ഗോവണിപടികൾ ഓടി കേറി… കിതച്ചു കൊണ്ട്… അവൾ ഉണ്ണിയുടെ മുറിയിൽ എത്തി..
“ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ… അമ്മായി പറയുവാണേ… ഞാൻ ഉണ്ണിയേട്ടന്റെ ഭാര്യ ആണെന്ന്…. ഞാൻ ഇനി മുതൽ ഇവിടെ ആണ് താമസിക്കുന്നതെന്ന്…”
അവൾ ഓടിപ്പോയി അവന്റെ കൈകളിൽ പിടിച്ചു.
“ആണോ ഉണ്ണിയേട്ടാ… ഞാൻ ഇപ്പോൾ ഉണ്ണിയേട്ടന്റെ ഭാര്യ ആണോ…??
അവളുടെ ചോദ്യം കേട്ട് അവൻ ദേഷ്യം കൊണ്ടു വിറച്ചു
“വിടടീ…”അവൻ ദേഷ്യത്തിൽ കൈതട്ടി മാറ്റി മുറിയിൽ നിന്നു ഇറങ്ങി പോയി
നീലി കരഞ്ഞുകൊണ്ട്… അവിടെ നിന്നു
അല്പസമയത്തിന് ശേഷം, അവൾ കുളപ്പടവിലേക്ക് പോയിരുന്നു.
പണ്ടുമുതലേ ഉണ്ണി വഴക്കു പറഞ്ഞാൽ അവൾ അവിടെ പോയി ഇരുന്ന് കരയും…
കുളത്തിലേക്ക് കാലു നീട്ടി വെച്ചു, അവൾ അവിടെ ഇരുന്നു
“ആഹാ.. ഏട്ടത്തി ഇവിടെ ഇരിക്കുവാണോ…??”
അമ്മു നീലു വിന്റെ അരികിൽ വന്നിരുന്നു
“ആരാ അമ്മു… ഏട്ടത്തി…?”
അവൾ സംശയത്തോടെ അമ്മുനെ നോക്കി..
“അത് കൊള്ളാം… ഏട്ടന്റെ ഭാര്യയേ ഏട്ടത്തിന്ന് അല്ലേ വിളിക്യാ…?? നീലു ഇപ്പൊ ഉണ്ണിയേട്ടന്റെ ഭാര്യ അല്ലേ…?? അപ്പൊ ഇനി നീലുനെ ഏട്ടത്തിന്ന് വേണം വിളിക്കാൻ…”
“ന്നേ ഉണ്ണിയേട്ടൻ വഴക്ക് പറഞ്ഞു അമ്മു…. ഞൻ ഇനി ഉണ്ണിയേട്ടനോട് മിണ്ടില്യ…”
അവൾ പരിഭവത്തോടെ പറഞ്ഞു
“അത് ഉണ്ണിയേട്ടൻ ഏട്ടത്തിനോടുള്ള സ്നേഹം കൊണ്ടല്ലേ…?? അതിനു വിഷമിക്കണ്ടാട്ടോ…”
“ആണോ അമ്മു… ഇഷ്ടോള്ളോണ്ടാണോ… ഉണ്ണിയേട്ടൻ വഴക്ക് പറയണേ..??”
“അതെ ഏട്ടത്തി…”
“ഏട്ടത്തി വാ… നേരം സന്ധ്യായി… അമ്മ തിരക്കണുണ്ട്…”
നീലുവിനെ കൂട്ടി അമ്മു അകത്തേക്ക് നടന്നു
രാത്രി അത്താഴത്തിനൊന്നും ഉണ്ണി താഴേക്ക് വന്നില്ല..
ഊർമിള ഒത്തിരി നിർബന്ധിച്ചിട്ടും അവൻ താഴേക്ക് വരാൻ കൂട്ടാക്കിയില്ല
അപ്പോഴേക്കും അമ്മു നീലുവിനെ കൂട്ടി ഉണ്ണിയുടെ മുറിയിലേക്ക് വന്നിരുന്നു
“ഇവൾ എന്താ ഇവിടെ…?”
ഉണ്ണി ദേഷ്യത്തോടെ ഊർമിളയോടെ ചോദിച്ചു
“അതെന്ത് ചോദ്യം ആണ് ഉണ്ണി…?? അവൾ ഇവിടെ അല്ലേ കിടക്കണ്ടേ…??
“അല്ല… പറ്റില്ല… ഇപ്പൊ ഈ നിമിഷം ഇവളെ ഇവിടുന്ന് പുറത്താക്കണം…”
ഉണ്ണി ദേഷ്യത്തോടെ സംസാരിച്ചതും… ഊർമിളയുടെ കൈ ഉണ്ണിയുടെ കവിളിൽ പതിഞ്ഞു.
“ഇതിനു മുന്നേ അവളുടെ കൂടെ കിടക്കാൻ നിനക്ക് ഒരു കുഴപ്പം ഇല്ലായിരുന്നല്ലോടാ…?? ഇപ്പൊ നിനക്ക് എന്ത് പറ്റി…??
(തുടരും )

by