22/04/2026

മൗനം : ഭാഗം 02

രചന – റോസാ തോമസ്

അങ്ങനെ പപ്പയുടെ ഭാഗത്തുനിന്നും അനുകൂലമല്ലാത്ത മറുപടി കിട്ടി. അല്ലെങ്കിലും പപ്പാ വിശ്വസിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ പപ്പയുടെ സ്വഭാവമനുസരിച്ച് എപ്പോഴും ഫോൺ വിളിക്കുന്ന ഒന്നും പപ്പയ്ക്ക് ഇഷ്ടമല്ല. ആ വഴിക്ക് ഒരു പ്രതീക്ഷ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അത് നഷ്ടപ്പെട്ടു. ഇനി മമ്മി യോടും നിയ യോടു പോലും ഇക്കാര്യം പറയുന്നില്ലെന്ന് തീരുമാനിച്ചു. ഇനിയും ഇത് പറഞ്ഞുകൊണ്ടിരുന്നാൽ അവർക്ക് വിഷമം ആവുകയുള്ളൂ. എന്തിനാ അവർക്ക് ആവശ്യമില്ലാത്ത തലവേദന ഉണ്ടാക്കുന്നത്.രാത്രിയിൽ ഉറക്കമിളച്ച് ഇരിക്കുന്നത് എനിക്കൊരു പ്രശ്നമായിരുന്നു.. ഇപ്പോൾ ഒന്നും തലവേദനയാ.. പഠനം ഒന്നും ശരിയാകുന്നില്ല… ആലോചിച്ച് ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. പഠനം നഷ്ടപ്പെടുത്താൻ പറ്റില്ല. ആറുമാസം കൂടി ഉള്ളു പഠനം.. എന്തായാലും പരീക്ഷയ്ക്ക് നല്ല മാർക്ക് വേണം.. അതുകൊണ്ട് പഠനത്തെ ബാധിക്കുന്ന കാര്യങ്ങൾ രണ്ടാം സ്ഥാനത്ത് നിർത്തിയാൽ മതി.

ഇതിനെക്കുറിച്ച് ജിത്തുവിനോട് പറഞ്ഞപ്പോൾ നിനക്ക് പഠിച്ചു കൂടേ.. ഞാൻ തടസ്സം നിൽക്കില്ല എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.. പക്ഷേ വിളിയിൽ ഒരു മാറ്റവുമില്ല.. പിന്നെ ഞാൻ എപ്പോഴാണ് പഠിക്കുന്നത്.. വൈകിട്ട് കോളേജിൽ നിന്നും വന്നിട്ട് ഒരു നൂറ് കോളുകളും മെസ്സേജുകളും വിടും.. പിന്നെ ജിത്തുവിന് ഡ്യൂട്ടിയുടെ തിരക്കുള്ള സമയത്ത് ഞാൻ മെസ്സേജുകൾ വിട്ടു കൊണ്ടേയിരിക്കണം. അതിനിടയിൽ ആണ് ആണ് ഞാൻ ഫ്രഷ് ആവുന്നതും കാപ്പി കുടിക്കുന്നതും എന്റെ കാര്യങ്ങൾ നടത്തുന്നതും എല്ലാം.. പിന്നെ പഠിക്കാൻ തുടങ്ങുമ്പോഴേക്കും ജിത്തു ഫ്രീ ആയിട്ട് വന്നു വിളി തുടങ്ങും.. പിന്നെ വിളിയോട് വിളി.. പഠിക്കാൻ പറ്റുന്നില്ല എന്ന് ഞാൻ ജിത്തുവിനോട് പരാതി പറഞ്ഞു.. അതേ ചൊല്ലി വഴക്കായി.. ഞാൻ കോൾ കട്ട് ചെയ്തു.. കുറച്ചു കഴിഞ്ഞിട്ട് വീണ്ടും ജിത്തു വിളിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ ഫോൺ എടുത്തില്ല.. ഇനി കുറച്ചു നേരം ഫോൺ എടുക്കുന്നില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചു. എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവട്ടെ… രാത്രിയായപ്പോൾ മമ്മി എന്റെ അടുത്ത് വന്നു.. എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു… കുടുംബജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം എന്നും മറ്റും.. കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക് കത്തിയത്. ജിത്തു വിളിച്ചായിരുന്നോ എന്ന് ഞാൻ മമ്മിയോട് ചോദിച്ചു. ജിത്തു മോൻ വിളിച്ചായിരുന്നു.. നീ വഴക്കാണ് എന്ന് അവൻ പറഞ്ഞു.. അവന് ഭയങ്കര വിഷമമാണ്.. സങ്കടപ്പെട്ടിരിക്കയാണ് എന്നൊക്കെ പറഞ്ഞു.അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.. ജിത്തു നിന്റെ പ്ലാൻ കൊള്ളാം… എനിക്ക് അടക്കാനാവാത്ത ദേഷ്യം വന്നു… അവൻ പറഞ്ഞത് കേട്ടുകൊണ്ട് മമ്മി വന്നിരിക്കുന്നു. ഞാൻ വായിൽ വന്നതെല്ലാം വിളിച്ച് മമ്മിയോട് പറഞ്ഞു. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.. മമ്മി എന്തൊക്കെയോ പറഞ്ഞു എന്നെ ആശ്വസിപ്പിക്കാനും നന്നാക്കാനും ശ്രമിച്ചു. ഞാനൊന്നും മിണ്ടിയില്ല.

പിറ്റേന്ന് കോളേജിൽ നിന്നും ഞാൻ നേരെ പള്ളിയിലേക്ക് ആണ് പോയത്.. മമ്മിയോട് പറഞ്ഞിട്ടുണ്ട്.. താമസിച്ചു വന്നാൽ ജിത്തു എന്തായാലും പ്രശ്നമുണ്ടാക്കും.. എന്തായാലും സാരമില്ല.. പള്ളിയിൽ പോകുന്ന കാര്യം മുടക്കണ്ട എന്ന് തന്നെ വിചാരിച്ചു.കോളേജിൽ നിന്നും വരുന്ന വഴിക്കാണ് ഇടവകപ്പള്ളി.. അവിടെ കയറിയിരുന്ന് പ്രാർത്ഥിച്ചു.. ഒരു വഴി കണ്ടുപിടിച്ചു തരണം എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അങ്ങനെ ഒരുപാട് സമയം അവിടെ ഇരുന്നു.. എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ മുഴുവൻ ഞാൻ ദൈവത്തിനു സമർപ്പിച്ചു.. കുറച്ചു കഴിഞ്ഞ് അവിടെ നിന്നിറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ഉണ്ടായിരുന്നു. ഒരു ഉറച്ച തീരുമാനം എടുത്തിട്ട് ആയിരുന്നു ഞാൻ അവിടെ നിന്നും ഇറങ്ങിയത്.വീട്ടിൽ വന്ന് ഫോൺ നോക്കിയപ്പോൾ ജിത്തു വിന്റെ ഒരുപാട് മിസ്സ് കോൾ കിടപ്പുണ്ട്. അത് നോക്കി നിന്നപ്പോൾ തന്നെ അടുത്ത കോൾ വന്നു. അത് ഞാൻ എടുത്തു സംസാരിച്ചു.. കുറെ ചീത്ത വിളിച്ചു..ഞാൻ സംയമനം പാലിച്ചു. ചീത്ത വിളി എല്ലാം കഴിഞ്ഞപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.. ഇന്നലത്തെ പിണക്കം തൊട്ട് ഇന്ന് താമസിച്ച വന്നത് വരെ വിഷയങ്ങളുണ്ട്. പഴയതുപോലെ പെരുമാറാൻ തന്നെ ഞാൻ തീരുമാനിച്ചു.. പിണക്കം തീർക്കാൻ പറ്റിയില്ലെങ്കിലും ഞാൻ ക്ഷമ ചോദിച്ചു.

ഇങ്ങനെ തന്നെ തുടർന്നു പോട്ടെ.. ജിത്തു വരുന്ന ദിവസം വരെ. സ്വന്തം ജീവിതം ആണ് അടിമത്തത്തിലേക്ക് വലിച്ചെറിയാൻ പറ്റില്ല.. എരിഞ്ഞ് എരിഞ്ഞ് ജീവിതം നശിപ്പിക്കാൻ എനിക്ക് വയ്യ.. ഇതിന് ഒരു അവസാനം വേണം. ഈ ബന്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.നീലു മോളേ… ജിത്തു മോൻ വന്നു കേട്ടോ താഴേക്കിറങ്ങി വാ.. മമ്മിയുടെ ശബ്ദമാണ് ഓർമകളിൽ നിന്നും എന്നെ ഉണർത്തിയത്.. അങ്ങനെ അവൻ ഇന്ന് വരികയാണ്.. ഇന്നലെ രാത്രി യാത്രയിൽ ആയതുകൊണ്ട് എനിക്ക് കുറച്ച് സ്വസ്ഥത ഉണ്ടായിരുന്നു.. അങ്ങനെ ഉറച്ച തീരുമാനത്തോടെ ഞാൻ താഴേക്കു നടന്നു..ജിത്തു വിന്റെ കാറിന്റെ സൗണ്ട് കേട്ടപ്പോൾ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും പറയാനുള്ളതെല്ലാം പറയണം. ധൈര്യം സംഭരിച്ച് പൊരുതാൻ തന്നെ ഉറച്ച ഞാൻ നടന്നു. വേഗത്തിൽ നടക്കാൻ പോലും പറ്റുന്നില്ല..പപ്പയും മമ്മിയും കൂടി മരുമോന് വലിയ സ്വീകരണം ആണെന്ന് തോന്നുന്നു.” നീലു എന്താ വരാത്ത മമ്മി.”.. ജിത്തു ചോദിക്കുന്ന കേട്ടു.. എന്റെ ചോദ്യംകേട്ട് മമ്മി എന്നെ ദേഷ്യത്തിൽ ഒന്നുകൂടി വിളിച്ചു.

” ഞാൻ ദാ വരുന്ന മമ്മി” എന്നുപറഞ്ഞുകൊണ്ട് അവിടേക്ക് ചെന്നു. ഞാൻ ജിത്തുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. മനസ്സുതുറന്ന് പുഞ്ചിരിക്കാൻ പറ്റുന്നില്ല. “എന്താ നീലു താമസിച്ചത്? “മമ്മി ചോദിച്ചു.. ഞാനിങ്ങു വരുവായിരുന്നു മമ്മി.. ഫോൺ എടുക്കാൻ പോലും താമസിക്കുന്നതിന് വഴക്ക് പറയുന്ന ജിത്തു രണ്ടുമിനിറ്റ് താമസിച്ചാൽ ഇഷ്ടപ്പെടുമോ? ഉള്ളിലുള്ള പരിഭ്രമം പുറത്തുകാണിക്കാതെ ഞാൻ ശ്രമിച്ചു. ജിത്തു പുഞ്ചിരിയോടു കൂടി നിൽക്കുന്നു.. കണ്ടിട്ട് കുഴപ്പമില്ലെന്ന് തോന്നുന്നു.. ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി.. സംശയിച്ചത് പോലെ തന്നെ.. കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. കൈ മുഷ്ടി ചുരുട്ടി നിൽക്കുന്നു. പക്ഷേ മുഖത്ത് പുഞ്ചിരി വെച്ചു പിടിപ്പിച്ചിരിക്കുന്നു. പപ്പയുടെ മുമ്പിൽ അഭിനയിക്കണം അല്ലോ… അവൻ എന്റെ അടുത്തേക്ക് വന്നു തോളിൽ പിടിച്ചു.. “എന്താ നീലു എന്തുപറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു..തോളിൽ ഉള്ള പിടുത്തം മുറുക്കുന്നത് ഞാൻ അറിഞ്ഞു.. ഞാൻ പതിയെ കൈ വിടുവിക്കാൻ നോക്കി.. പറ്റുന്നില്ല. പതിയെ രംഗം ശാന്തമാക്കി സമാധാനത്തിൽ പറയണം.. പക്ഷേ നടക്കുന്നില്ല.. എന്റെ കണ്ട്രോൾ പോവാൻ തുടങ്ങി. അവസാനം ഞാൻ ആ കൈകൾ ശക്തിയിൽ വലിച്ചെറിഞ്ഞു.
” എനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്.”. ഞാൻ പറഞ്ഞു.
അപ്പോഴേക്കും കൈകൾ വിറക്കാൻ തുടങ്ങി.. സംസാരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ട്വാക്കുകൾ വരുന്നില്ല.. ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.. സർവ്വ ധൈര്യവും സംഭരിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. എല്ലാവരും എന്നോട് ക്ഷമിക്കണം..എനിക്ക് ഈ വിവാഹത്തിൽ താൽപര്യമില്ല. ഞാൻ ഇതിൽ നിന്ന് പിന്മാറുകയാണ്..

അത്രയേ പറഞ്ഞുള്ളൂ പപ്പാ ഓടിവന്ന് മുഖത്തടിച്ചു.. പിന്നീട് എന്തൊക്കെയോ ശബ്ദങ്ങൾ….ശകാരങ്ങൾ….വഴക്കുകൾ….ചോദ്യം ചെയ്യലുകൾ… എല്ലാത്തിനും നിന്നുകൊടുത്തു. ജിത്തുവിനെ മുഖത്തെ ഭാവം എന്താന്നറിയില്ല. ഞാൻ മുഖം താഴ്ത്തി നിൽക്കുകയാണ്… തല ഉയർത്താൻ പറ്റുന്നില്ല..മുന്നിൽ പപ്പാ ഉണ്ട്..പിന്നീട് മനസ്സിലായി ജിത്തു മാറി ഒരു സെറ്റിൽ ഇരിക്കുകയാണ് കുറച്ചു മിനിട്ടുകൾ കഴിഞ്ഞപ്പോൾ ആ ശബ്ദം കേൾക്കാൻ തുടങ്ങി. സാരമില്ല പപ്പാ.. നീലുവിന് എന്തെങ്കിലും കൺഫ്യൂഷൻ ആയിരിക്കും…. സാരമില്ല…നമുക്ക് പതിയെ സംസാരിക്കാം. ” ഇല്ല എനിക്ക് ഒരു കൺഫ്യൂഷൻസും ഇല്ല… ദയവുചെയ്ത് എന്നെ വെറുതെ വിടണം..
നിങ്ങളെപ്പോലെ ഒരു വൃത്തി കെട്ടവനെ സഹിക്കാൻ എനിക്ക് കഴിയില്ല.. ഡീ നീ എന്താ പറഞ്ഞത് എന്ന് ചോദിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്ന പപ്പയെ മമ്മി തടഞ്ഞുവച്ചു.. എന്നെ അടിക്കുമോ എന്ന് പേടിച്ച്.. “ഇയാളെ പോലെ ഒരു സൈക്കോ യെ സഹിക്കാൻ എനിക്ക് പറ്റില്ല എന്ന് ഞാൻ അലറി… “ജിത്തു പാഞ്ഞ് വാതിൽക്കലേക്ക് പോയി.. കാർ സ്റ്റാർട്ട് ചെയ്യുന്നത് കേട്ടു ഒരു കുതിപ്പായിരുന്നു കാർ……തുടരും…തു