24/04/2026

വേദലക്ഷ്മി : ഭാഗം 03

രചന – ഊർമ്മിള മിഥിലാത്മജ

ഉണ്ണ്യേട്ടാ ഒന്നിങ്ങട് വന്നേ… നമുക്കൊന്ന് ചുറ്റീട്ട് വരാം… ഈ ഓൾഡ് പീപ്പിൾസ് ഒക്കെ ഇവിടെ വർത്താനവും പറഞ്ഞിരിക്കട്ടെ… വന്നേ ഒത്തിരി കാര്യം പറയാനുണ്ട്.. അതും പറഞ്ഞു അവളവന്റെ കൈ പിടിച്ചു വലിച്ചു…അനുവാദമെന്നോണം അവൻ ആ രണ്ടച്ചന്മാരുടെ മുഖത്തേക്ക് നോക്കി.. മിഴികൾ കൊണ്ടവർ പോയി വരാൻ അനുവാദം നൽകി.. അവന്റെ കൈകളിൽ തൂങ്ങി ലച്ചു ആ പാടവരമ്പിലൂടെ ഇറങ്ങിയോടി..ചുറ്റും പച്ചവിരിച്ചു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിലൂടവർ നടന്നു. പുതിയൊരു ലോകമായിരുന്നു വേദിനത്.. അവൻ അത്ഭുതത്തോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു.. നാഗരികതയുടെ
ലാഞ്ചനപോലും ഏൽക്കാതെ മനസ്സിൽ നന്മയും ഗ്രാമീണതയുടെ നിഷ്കളങ്കതയും ഉള്ളുനിറയെ സ്നേഹവുമുള്ള ഒരുപറ്റം ആളുകളാൽ അനുഗ്രഹീതമാക്കപ്പെട്ട ഗ്രാമം..

കുടുംബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ആഴമറിയണമെങ്കിൽ ഇങ്ങനൊരു ഗ്രാമത്തിൽ ജനിക്കണം…പ്രസവിച്ചു വയറൊഴിഞ്ഞപ്പോൾ തന്നെ മകനേ ഉപേക്ഷിച്ചു കടന്നുകളഞ്ഞ തന്റെ മാതാപിതാക്കൾ ഒരിക്കലെങ്കിലും ഈ ഗ്രാമവും ഇവിടുത്തെ ജനങ്ങളെയും കാണാൻ ഇടവരട്ടെ എന്നവൻ ആഗ്രഹിച്ചു…എന്താ ഉണ്ണ്യേട്ട ഈ ആലോചിച്ചു കൂട്ടണത്… ആദ്യം കാണണപോലുണ്ടല്ലോ… നമ്മൾ നടന്നു തഴമ്പിച്ച വഴികളല്ലേ ഇതെല്ലാം ഇത്ര അത്ഭുതത്തോടെ നോക്കാനെന്താ???അത്ഭുതം തന്നെയാണ് ലക്ഷ്മി… അമ്പലവും ആൽത്തറയുമില്ലാതെ ദൈവങ്ങൾ താമസിക്കുന്ന ഇടം… അർച്ചനകളും നാമമന്ത്രങ്ങളും ഇല്ലാതെ ദൈവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്നൊരിടം. സ്നേഹമാണിവിടുത്തെ നേദ്യം.. ചിരിക്കുമ്പോളും കരയുമ്പോളും ഒരുപോലെ നിറയുന്ന കണ്ണുകൾ അനുഗ്രഹവും ..ഹലോ ഹലോ നോവലെഴുത്താൻ വല്ല പ്ലാനും ഉണ്ടോ??? അല്ലേ പട്ടാളത്തിൽ പണിയൊന്നും ഇല്ലന്ന് തോന്നുന്നു.. ഈയിടെയായി വല്ലാതങ്ങു സാഹിത്യം നിറയുന്നുണ്ട് കേട്ടോ വേണ്ട മോനെ അത് വേണ്ട… ഇന്നലെ പറഞ്ഞത് ഇപ്പോഴും ന്റെ മനസ്സിലൊണ്ട് കേട്ടോ??? എത്ര സങ്കടായി എനിക്കെന്നറിയോ??? പറയാണോർക്കെന്താ വായിൽ വരുന്നതങ്ങു വിളിച്ചു പറഞ്ഞാൽ മതിയല്ലോ?? അത് ബാക്കിയുള്ളോർക്ക് എങ്ങനെ വേദനയുണ്ടാക്കുമെന്ന് ചിന്തിക്കുന്നുണ്ടോ?? നിറമിഴികളോടെ ചോദിക്കുന്ന ലക്ഷ്മിയെ കാണെ വേദിന് സങ്കടം തോന്നി …

‌ലക്ഷ്മി ഞാനൊരു കാര്യം ചോദിക്കട്ടെ??? നീ ആലോചിച്ചു മാത്രം മറുപടി പറയണം….വൈകാരികമായി കാണരുത്..
ഉണ്ണിയേട്ടൻ കാര്യം എന്താന്ന് വച്ചാൽ പറ എങ്ങനെ പ്രതികരിക്കണം ന്ന് ഞാൻ തീരുമാനിച്ചോളാം ഇന്നലെ പറഞ്ഞത് പോലെ വല്ലതും പറഞ്ഞാൽ ന്റെ കയ്യിന്ന് വാങ്ങിക്കും പറഞ്ഞില്ല വേണ്ട കേട്ടല്ലോ…. അതല്ല ലക്ഷ്മി ഞാൻ ഒരു പട്ടാളക്കാരൻ ആണ്.. നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവൻ… എനിക്ക് നാളെയെക്കുറിച്ച് മനോഹരസ്വപനങ്ങൾ ഒന്നുമില്ല… ഇപ്പോൾ എന്താണോ മുന്നിൽ കാണുന്നത് അതാണെന്റെ സന്തോഷം… എവിടെ എങ്ങനെ ഇരിക്കുന്നോ ആ അവസ്ഥയിൽ തൃപ്തനാവുക അതാണ്‌ പ്രധാനമായുള്ളത്.എനിക്ക് മുന്നിൽ കുടുംബവും കൂട്ടുകാരും പ്രണയവും ഒന്നുംതന്നയില്ലിപ്പോൾ എന്റെ രാജ്യം എന്നെ ഒരു ദൗത്യം എല്പിച്ചിരിക്കുന്നു… ഇവിടുത്തെ കോടിക്കണക്കിനു ജീവനുകൾ എന്നെയും കൂടി വിശ്വസിക്കുന്നു.. ആ വിശ്വാസം സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്… നാളെ ഇതേ രാജ്യത്തിന് വേണ്ടി മരിക്കേണ്ടിവന്നാൽ പോലും ഭയലേശം ഇല്ലാതെ അതിനെ നേരിടാൻ പ്രാപ്തൻ ആകേണ്ടുന്നവൻ…

മതി ഉണ്ണ്യേട്ട നിർത്ത്… ഒഴിവാക്കാൻ നോക്കുവാണോ??? നാളെ എന്നൊരു ചിന്ത എനിക്കും ഇല്ല. ഒരു മനുഷ്യന് ദൈവം കല്പ്പിച്ചു തന്നിട്ടുള്ള ഒരായുസ്സുണ്ട് അത് കഴിയുമ്പോൾ നമ്മൾ പോകേണ്ടിവരും.. പക്ഷെ ഇപ്പൊ ഉണ്ണിയേട്ടൻ പറയുന്നത് വെള്ളപ്പൊക്കം ഉള്ള നാട്ടിലേക്കാണ് പോകുന്നതെന്നോർത്ത് ഇവിടുന്നെ വസ്ത്രം ഉയർത്തിപിടിച്ചു പോകുന്നപോലെയാ…
എനിക്കറിയാം ഉണ്ണിയേട്ടൻ ഒരു പട്ടാളക്കാരൻ ആണ് ജോലിയുടെ സ്വഭാവം എന്താണെന്നും അറിയാം… നാളെ ഏതൊരു സാഹചര്യം വന്നാലും അതിനെ നേരിടാൻ ഉണ്ണിയേട്ടൻ സജ്ജനായിരിക്കണം എന്നും എനിക്കറിയാം .. പക്ഷെ അതിനെല്ലാം മുൻപ് ഉണ്ണിയേട്ടന്റെ കൈകൊണ്ടൊരു താലി എന്റെ കഴുത്തിൽ വീഴണം… അതാണ്‌ എന്റെ ധൈര്യം…ഉണ്ണിയേട്ടനെ അറിഞ്ഞുതന്നെയാ ഞാൻ സ്നേഹിച്ചത്… നാളെ ഉണ്ണിയേട്ടൻ ഇല്ലാണ്ടായാൽ എന്നൊരു ചോദ്യം എനിക്ക് മുൻപിൽ വയ്ക്കരുത്.. ഉണ്ണിയേട്ടൻ എനിക്കെന്റെ പ്രണയമാണ്.. അതിനപ്പുറം ഒന്നും എനിക്ക് കേൾക്കണ്ട… നാളെ ഞാൻ ഒറ്റക്കായാലും മുന്നോട്ട് പോകാൻ ഉള്ള എന്റെ ഇന്ധനം ഉണ്ണിയേട്ടന്റെ സ്നേഹം മാത്രമാണ് .. ജീവിക്കുന്നെങ്കിൽ അത് ഉണ്ണിയേട്ടന്റെ ഭാര്യ ആയിട്ട് … മറ്റൊരാളുടെ താലി ഈ കഴുത്തിൽ വീഴുമെന്ന് കരുതി ഒരിക്കലുമെന്നേ ഒഴിവാക്കാൻ ശ്രമിക്കരുത്..അതെന്നെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുലയമായിരിക്കും …എന്നെ ഇഷ്ട്ടമല്ല എങ്കിൽ തുറന്നു പറയാം… ഞാൻ മാറിത്തരാം പക്ഷെ എന്നെ സങ്കടപ്പെടുത്താതിരിക്കാൻ ആണീ നാടകമെങ്കിൽ ഓർത്തോ.. മറ്റൊരാളുടെ താലി കഴുത്തിൽ വീഴുന്നത് തടയാൻ എനിക്ക് മുൻപിൽ ഒരുപാട് മാർഗങ്ങൾ ഉണ്ട്… പറഞ്ഞുകഴിയുമ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… അവളെ ആശ്വസിപ്പിക്കാനായി നീണ്ട വേദിന്റെ കൈകളെ തട്ടിമാറ്റിയവൾ വീട് ലക്ഷ്യമാക്കി ഓടി…

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാനീ പെണ്ണിനെ…. സ്നേഹം മാത്രമുള്ള ഒരുവൾ.. ഏത് പുരുഷനും ആഗ്രഹിക്കുന്നവൾ എന്റെ ഉണ്ണിയുടെ ഭാഗ്യമായിരുന്നവൾ.. ഇവളെക്കുറിച്ച് പറയ്യുമ്പോളത്രയും അവന്റെ കണ്ണുകളിൽ കണ്ട തിളക്കം പ്രണയത്തിന്റെ നൈർമല്യതയായിരുന്നു….ഇന്നതനുഭവിക്കാൻ നീയില്ല.. നീയില്ലാത്ത ലോകത്തിൽ നിന്നെയും പ്രതീക്ഷിച്ചിരിക്കുന്നവൾ.. എങ്ങനെയാണ് ഞാൻ അവളോട്‌ പറയേണ്ടുന്നത്.. നിന്റെ ഉണ്ണി ഇനി ഒരിക്കലും തിരിച്ചു വരില്ല അവനെയും പ്രതീക്ഷിച്ചിരിക്കുന്ന നീയൊരു വിഡ്ഢിയാണെന്ന്… മരണത്തിന്റെ കറുത്ത മൂടുപടങ്ങൾക്കുള്ളിൽ നീ കാത്തിരിക്കുന്നവൻ ആഴ്ച്ചകൾക്ക് മുൻപേ ഒളിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്…

നിന്റെ മുന്നിൽ നിന്റെ പ്രണയത്തിനു മുൻപിൽ എനിക്ക് കാലിടറുന്നു പെണ്ണെ… സ്നേഹം മൂർച്ചയുള്ളൊരു ആയുധമാണെന്ന് ഞാൻ മനസ്സിലാക്കുന്നു… മരണമുറപ്പിച്ചു ശത്രുവിനു മുൻപിൽ നിൽക്കുമ്പോളും ഒരുപക്ഷെ നാം കരുത്തുള്ള പോരാളിയാകാൻ ശ്രമം നടത്തിയിയേക്കാം പക്ഷെ.. സ്നേഹം മുൻപിൽ വച്ചു നമ്മെ കാത്തിരിക്കുന്നവർക്ക് മുൻപിൽ മാത്രമാണ് നാം അടിമയായി മാറുന്നത്.. കാലിടറി പോകുന്നത്…നിന്റെ പ്രണയം എന്റെ ഹൃദയത്തെ കുത്തിനോവിക്കുന്നു.. നിന്റെ നിഷ്കളങ്കത അതിൽ നിന്നും രക്തം ഒഴുക്കുന്നു.. നിന്റെ പൊട്ടിച്ചിരികൾ എന്റെ കർണപുടങ്ങളിൽ നൊവേറ്റുന്നു… നിന്റെ പ്രണയം എനിക്ക് വേദന സമ്മാനിക്കുന്നു.. ഇരുവഴിയേ പിരിഞ്ഞുപോകേണ്ടവരെങ്കിലും നിന്നെ ഓർത്തെന്റെ ഹൃദയം നുറുങ്ങുന്നു.. ഇനിയും വൈകിച്ചുകൂടാ നീയറിയണം സത്യങ്ങൾ … ഇന്നത്തെ വെറുമൊരു കള്ളം നാളെ നിന്നെ ഒരുപാട് മുറിവേൽപ്പിക്കാതിരിക്കാൻ ഇനി നീ സത്യമറിയണം..

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഈ കുട്ട്യോൾ പോയിട്ടിതെത്ര നേരായേട്ടാ ഇതുവരെ വന്നില്ലല്ലോ?? വല്ല കാടും പള്ളയും പറിച്ചു നടപ്പാവും … പ്രായമിത്ര ആയെന്നു പറഞ്ഞിട്ടെന്താ കാര്യം കുട്ടിക്കളി മാറിയിട്ടില്ല ഇതുവരെ രണ്ടിനും…ലച്ചുന് ഈ മേടത്തിൽ 24 തികയും.. പെണ്ണിന് വയസ്സ് കൂടി വരാണ് ഇനി വച്ചു നീട്ടിക്കണോ നമുക്കതങ്ങു നടത്താമായിരുന്നു ഏട്ടാ… പെണ്ണൊരുത്തി പ്രായം തികഞ്ഞു വീട്ടിൽ നിൽക്കുന്തോറും നെഞ്ചിൽ തീയാണ്…എന്നായാലും അവളവന് തന്നെയുള്ളതല്ലേ… ഏടത്തിയും പറഞ്ഞിരുന്നു ഉണ്ണിടെ ഈ വരവിൽ ഒരു തീരുമാനം ആക്കണമെന്ന്… വേവലാതിയോടെ പറയുന്ന രാധയെ അവർ വേദനയോടെ നോക്കി…

അവള് കുഞ്ഞല്ലേ രാധേ … ഇപ്പോളെ കല്യാണോ ?? അവളെനോക്കി വിഷയം മാറ്റാനായി വാസുദേവൻ പറഞ്ഞു.. കേട്ടോ രാമേട്ടാ… ഇവക്കിപ്പോ ഇതുതന്നെയാണ് പല്ലവി… ഏത് നേരവും ലച്ചു ന്റെ കാര്യം പറഞ്ഞു ആവലാതി പറച്ചിലാ…സമയം ആകുമ്പോൾ എല്ലാം നടക്കും രാധേ നീ വിഷമിക്കാതെ… നോവ് തിങ്ങിയ വാക്കുകൾ കൊണ്ട് അവളെ ആശ്വസിപ്പിച്ചു രാമൻ മെല്ലെ ഉമ്മറത്തേക്ക് നടന്നു… അയാളുടെ നെഞ്ചുരുക്കത്തിന്റെ ആഴം തിരിച്ചറിയുന്ന വാസുദേവൻ അയാൾക്ക് പിന്നാലേ അനുഗമിച്ചു..എന്തൊരു ശാപം കിട്ടിയ ജന്മവാ വാസുദേവാ ഞങ്ങടെത് … മരിച്ചു പോയ മകന്റെ കല്യാണക്കാര്യം കേട്ടിരിക്കേണ്ടി വരുക.. അവനെക്കുറിച്ചുള്ള ആവലാതികൾ പരാതികൾ പരിഭവങ്ങൾ.. ന്റെ ദണ്ണം വല്ലതും ന്റെ കുട്ടി അറിയുന്നുണ്ടാവോ?? എനിക്ക് കൊള്ളിവെക്കെണ്ടുന്നുവൻ എനിക്കുമുന്നേയങ്ങു പൊയ്ക്കളയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.. കർമ്മം ചെയ്യാൻ ഒരുപിടി ചാരം പോലുമെനിക്ക് കിട്ടിയില്ലല്ലോ??

എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല ന്റെ കുട്ടി മരിച്ചുപോയെന്നു.. ഇന്നല്ലെങ്കിൽ നാളെ ഒരു വെളുപ്പാൻ കാലത്ത് അന്ന് വേദ് വന്നു കയറിയപോലെ എന്റെ കുഞ്ഞും വരുമെന്ന് എന്റെ മനസ്സ് പറയുന്നു… അല്ലെങ്കിൽ തന്നെ എന്റെ ഉണ്ണി മരിച്ചിട്ടില്ലല്ലോ അവനെപ്പോലെ തന്നെ അല്ല അവൻതന്നെയല്ലേ വേദ്…പട്ടാളക്യാമ്പിൽ നിന്നു അറിയിപ്പ് വന്നപ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു… ലളിതയോട് പറയാൻ ശ്രമിച്ചപോളെല്ലാം ഉണ്ണീടെ തന്നെ കാര്യം പറഞ്ഞവൾ എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു..പിന്നീടൊരു വെളുപ്പിന് വന്ന് വാതിൽ മുട്ടിയ വേദിനെക്കണ്ടപ്പോൾ ഹൃദയം തകർന്നിരുന്നു… ഉണ്ണിയാണെന്ന് തന്നെയാ കരുതിയത്.. പക്ഷെ അല്ലെന്നവൻ തറപ്പിച്ചു പറഞ്ഞപ്പോൾ.. ഒരുമിച്ചുള്ള ഫോട്ടോ കാണിച്ചപ്പോൾ നിന്ന നിൽപ്പിൽ മരിച്ചുപോയപോലെ തോന്നി… മകൻ വന്ന സന്തോഷത്തിൽ ഓടി നടക്കുന്ന ന്റെ ലളിതയോട് ഞാൻ എങ്ങനെ പറയുമെടോ ഇക്കാര്യം… അതുകൊണ്ട ഇങ്ങനൊരു നാടകത്തിനു മുതിർന്നത്… തന്നോടും കൂടി പറയാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ ഹൃദയം പൊട്ടി മരിച്ചുപോകുമായിരുന്നു ഞാൻ.. തെക്കേതൊടിയിൽ നിന്റെ രാമേട്ടന്റെ ചിതഎരിയുമായിരുന്നു..

എല്ലാം വിധിയാണ് രാമേട്ട .. തലവര മാറ്റിക്കുറിക്കാൻ നമ്മെക്കൊണ്ടാവില്ലലോ എല്ലാം അനുഭവിച്ചു തന്നെ തീരണം… ലക്ഷ്മിടെ മുഖം കാണുമ്പോൾ ന്റെ നെഞ്ചിലും നീറ്റലാണ്.. ന്റെ കുട്ടീടെ പ്രാണന പോയത്… ഊണിലും ഉറക്കത്തിലും ഉണ്ണിയേട്ടൻ ന്നു പറഞ്ഞു നടക്കണ പെണ്ണാണ് അവൾക്കിതെങ്ങനെ അംഗീകരിക്കാൻ കഴിയും ന്നു നിക്കൊരു നിശ്ചയം ഇല്ല.. എല്ലാം വിധിപോലെ വരട്ടെ.. കാലം നമ്മുടെ കണ്ണുനീർ കാണാതിരിക്കില്ല …പരസ്പരം സങ്കടങ്ങൾ പറഞ്ഞുആശ്വസിപ്പിക്കുകയായിരുന്നവർ.അപ്പോഴാണ് അവിടേക്ക് ലക്ഷ്മി ഓടിവരുന്നത് ശ്രദ്ധിച്ചത്. കൊടുങ്കാറ്റ് പോലെ പാഞ്ഞു വരുന്ന ലക്ഷ്മിയെ അവർ ഭയത്തോടെ നോക്കി?? ഇനി അവളെന്തെങ്കിലും അറിഞ്ഞു കാണുമോ?? അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നത് അവൾ ശ്രദ്ധിച്ചു ….എന്താ മോളെ എന്തിനാ നീ കരയുന്നത്… എന്താ കാര്യം?? രാമൻ ആവലാതിയോടെ ചോദിച്ചു…നിക്ക് കുറച്ച് സംസാരിക്കാനുണ്ട് അമ്മാവാ എല്ലാവരും ഒന്ന് അകത്തേക്ക് വന്നേ.. അതും പറഞ്ഞു ലച്ചു അകത്തേക്ക് നടന്നു.. അവളെത്തന്നെ നോക്കി രാമനും വാസുദേവനും അന്തിച്ചു നിന്നു……തുടരും….