18/04/2026

ഈ മഴക്കാലത്ത് : ഭാഗം 11

രചന – നിവേദ്യ ഹരിഹരൻ

ഹലോ… എന്താ പാറുകുട്ട്യേ ഇങ്ങനെ കറന്റ് അടിച്ച പോലെ നിൽക്കണത്.. ഇനി ശരിയ്ക്ക് ഹൈ വോൾട്ടേജിൽ കറന്റ് വല്ലതും അടിച്ചോ…?? ഹരിയാണ്. പാർവതി ഉണർന്നു … അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു. “ഹാ … ഈ നാണം കണ്ടിട്ട് ആ വേൾട്ടേജ് കൂടിയ കറന്റ് എന്റട്ടനാണെന്ന് തോന്നുന്നു. ഹരി കുസ്യതി ചിരിയോടെ പറഞ്ഞു. “അതു പോട്ടെ ഏട്ടനെന്താ പറഞ്ഞേ…?? പാർവ്വതിയുടെ മുഖം ചുവന്നു തുടുത്തു. “അത്… സർന് എന്നെ… പാർവ്വതി മുഴുമിപ്പിക്കാതെ നിർത്തി ആ സമയം പ്രിയ അങ്ങോട്ട് കയറി വന്നു. “എല്ലാം സെറ്റ് ആയോ ഹരീ..?? അവൾ ചോദിച്ചു. “സെറ്റ് ആയി വരുന്നെടി.. “ടോ പാർവ്വതി തനിക്കെന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ …. ഈ കശ്മലൻ പറഞ്ഞിട്ടാ ഞാൻ ഈ പണിയ്ക്ക് നിന്നത്.. അവൾ ഹരിയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..

” ആഹ് നീ വന്ന കാരണം ഓരോരുത്തരുടെ ശരിയ്ക്കുള്ള മുഖം പുറത്തു വന്നു. ഹരി പാർവ്വതിയെ ഒളികണ്ണിട്ടു നോക്കി.. പാർവ്വതി പുഞ്ചിരിച്ചു. ” പിന്നെ പാർവ്വതി ശരിയ്ക്കും പറഞ്ഞാൽ ഇവന്റേട്ടനോട് എനിയ്ക്കൊരിഷ്ടം ഒക്കെ തോന്ന്ണ്ട്. എന്തൊരു വോയ്സാ അങ്ങേർടെ.. ഞാനങ്ങ് മെൽറ്റ് ആയിപ്പോയി പ്രിയ കണ്ണിറുക്കി. പാർവ്വതിയുടെ നെറ്റി ചുളിഞ്ഞു ” ഡീ പ്രിയേ നീ വാങ്ങിക്കോട്ടോ എന്റേന്ന്.. നിനക്ക് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നാളെ പൊക്കോണം ഇവ്ട്ന്ന്.. ഹരി അവളോടായി പറഞ്ഞു. “നിനക്ക് ഒരാവശ്യം വന്നപ്പോ ഞാൻ വേണായിരുന്നു. ഇപ്പോ എന്നെ പറഞ്ഞ് വിടാനാ ധ്യതി.. എനിയ്ക്കിത് വേണം.. ജോലീം കളഞ്ഞ് വന്നിട്ട് കാര്യം കഴിഞ്ഞപ്പോ ഇവൻ പറയണത് കേട്ടോ പാർവ്വതി.. അവൾ ദേഷ്യം അഭിനയിച്ചു. ” പിന്നല്ലാതെ.. ഏട്ടൻ ഇതറിഞ്ഞാൽ എന്നെ വെട്ടി നുറുക്കും..!! ഇതിനൊക്കെ കാരണക്കാരി പാർവ്വതിയാ.. അവൻ പാർവ്വതിയെ കൂർപ്പിച്ചു നോക്കി.

” ഞാൻ … ഞാനെന്തു ചെയ്തു ?? അവൾ ഉദ്വേഗത്തോടെ ഹരിനെ നോക്കി “ഒന്നും ചെയ്തില്ലേ.. ഏട്ടനെ മൈൻഡ് ചെയ്യാതെ നടന്നില്ലേ.. അങ്ങേര് ഉറങ്ങീട്ടു കൂടി ഉണ്ടായില്ല കുറേ ദിവസം.. പ്രാന്ത് പിടിച്ച് നടക്കേരുന്നു. സമനില തെറ്റാഞ്ഞത് ഭാഗ്യം !! പാർവ്വതിയ്ക്ക് കുറ്റബോധം തോന്നി. ” അത്… ഞങ്ങൾ സാധരണക്കാരല്ലേ സർ.. ജയ്സർ നെ പോലൊരാളെ ഞാൻ …ഞാനാഗ്രഹിക്കുന്നത് തെറ്റാണെന്ന് തോന്നീട്ടാ.. പാർവ്വതി തലതാഴ്ത്തി നിന്നു. “എന്റെ പാർവ്വതി.. തനിയ്ക്ക് ശ്രീജേട്ത്തിയെ കുറിച്ചറിയോ.. ഏട്ത്തിക്ക് അച്ഛനും അമ്മയും ഇല്ലാരുന്നു.. ഞങ്ങളുടെ ട്രസ്റ്റിന്റെ കീഴിലിരുന്നു പഠനമൊക്കെ.. ആ ഏടത്തിയെയാ എന്റെ ഗോപിയേട്ടൻ കല്യാണം കഴിച്ചത്.. ഇവിടെ അങ്ങനൊരു വലിപ്പചെറുപ്പവും ഇല്ല ടോ… ” ആണോ.. പാർവ്വതിയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. ” അതേടോ… പിന്നെ താൻ അകലം കാണിച്ചപ്പോൾ ഏട്ടൻ വല്ലാതെ സങ്കടത്തിലായി .

അതോണ്ട് ദേ ഇവളിലൂടെ തിരിച്ചൊരു പണി അതേ ഞാൻ ഉദ്ദേശിച്ചൊള്ളു. അല്ലാതെ ഇതു പോലെ ഒരു സാധനത്തിനെ എന്റെ തങ്കം പോലത്തെ ഏട്ടനു വേണ്ടി ഞാൻ ആലോചിക്കോ.. അല്ലാ അതോണ്ട് കാര്യങ്ങൾ ക്ലിയർ ആയല്ലോ … ഹരിയുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ” ഇനി ഈ കുരിശിനെ കൂടെ ഓടിച്ചാൽ ഓൾ സെറ്റ് !! അവൻ പ്രിയയെ നോക്കി പറഞ്ഞു.. ” ടാ.. ഹരി..നിന്നെ ഞാനിന്നു കൊല്ലോടാ… പ്രിയ ഹരിയെ തല്ലാനാഞ്ഞു. ഹരി പുറത്തേക്ക് ഓടി പിന്നാലെ പ്രിയയും.. അവർക്കിടയിലെ സ്നേഹം കണ്ട് പാർവ്വതിയുടെ മനസ്സു നിറഞ്ഞു . ഹരിയുടെ സംസാരം കൂടി കേട്ടു കഴിഞ്ഞപ്പോൾ അവളുടെ മനസ്സ് തുള്ളിച്ചാടുയായിരുന്നു. ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ച നിമിഷം വേറെയുണ്ടോ എന്നു വരെ അവൾ ഓർത്തു പോയി. ജയ് സാർ ഇഷ്ടാന്നു പറഞ്ഞപ്പോൾ.. ആ നിമിഷം അവളുടെ ഉള്ളിലേക്ക് വീണ്ടും ഓടിയെത്തി. അവളിൽ ഒരു കോരിത്തരിപ്പുണ്ടായി. ഷോൾ വിടർത്തി പിടിച്ചു കൊണ്ട് അവൾ റൂമിനകത്ത് വട്ടം ചുറ്റിക്കൊണ്ട് പാർവ്വതി സന്തോഷം പ്രകടിച്ചു..

വൈകിട്ട് ജോലി കഴിഞ്ഞ് ബാഗെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ജയ്കൃഷ്ണനെ അവിടെങ്ങും കാണരുതേ എന്നായിരുന്നു പാർവ്വതിയുടെ പ്രാർത്ഥന.. എന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ പോലെ.. അവളിൽ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു. പുറത്തേക്കിറങ്ങി കഴിഞ് മുകളിലേക്ക് തിരിഞ്ഞു നോക്കണം എന്ന് മനസ്സു പറയുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ ഒരു ബുദ്ധിമുട്ട് പോലെ.. സർ അവിടെ ഉണ്ടാവോ..?? പതിയെ പതിയെ അവൾ തലതിരിച്ച് മുകളിലത്തെ നിലയിലേക്ക് നോക്കി.. പാർവ്വതി നോക്കുമ്പോൾ ജയ്കൃഷ്ണൻ അവിടെ അവളെ കാത്തിട്ടെന്ന പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. അവൾ നോക്കിയപ്പോൾ അവൻ കൈ വീശി കാണിച്ചു. പാർവ്വതി സുസ്മേരവദനയായ് നിന്നു ❤️❤️❤️❤️ വൈകിട്ട് ക്ലബിൽ പോയി വരുന്ന അരുണിനെ അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു പാർവ്വതി പാർവ്വതിയെ വഴിയിൽ കണ്ടപ്പോൾ അരുൺ ബൈക്ക് അവൾക്കരികിലേക്ക് ചേർത്ത് നിർത്തി.

” ന്താടി ഈ ഇരുട്ടത്തു വന്നു നിൽക്കുന്നേ..?? ” അത് … അത് അരുണേട്ടാ ഒരു കാര്യം പറയാൻ.. ” എന്താ കാര്യം പറഞ്ഞോ.. ” ഇന്ന് …ജയ് സാർ.. പാർവ്വതിയുടെ മുഖം ചുവന്നു.. ” ജയ്സാർ .. കാര്യം പറ പാറൂട്ടി.. ” അത് …അരുണേട്ടാ ജയസാർ ഇന്നെന്നോട് ഇഷ്ടാന്നു പറഞ്ഞു.. പാർവ്വതി കൈവിരലുകൾ തമ്മിൽ വലിച്ചു ക്കൊണ്ടു പറഞ്ഞു. അരുൺ നിശബ്ദനായി.. അരുണിന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാതായപ്പോൾ പാർവ്വതി അവനെ തലയുയർത്തി നോക്കി.. “അരുണേട്ടാ ഞാൻ പറഞ്ഞത് കേട്ടോ..?? അവൾ സംശയത്തോടെ ചോദിച്ചു. ” മമ് കേട്ടു പാറു.. ന്നിട്ട് നീയെന്തു പറഞ്ഞു..?? ” ഞാനെന്തു പറയാൻ.. സാർന് മനസ്സിലായിട്ണ്ട് ന്റെയിഷ്ടം.. ” ആഹ് …. നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടാണെങ്കിൽ പിന്നെയാർക്കാ എതിർപ്പ്… ഇനിയുള്ള കാര്യങ്ങൾ അവന്റെ വീട്ടുകാർ തീരുമാനിക്കട്ടെ.. ഹൃദയം ഉരുക്കുന്ന വേദനയിൽ അവൻ പറഞ്ഞൊപ്പിച്ചു. “ഇരുട്ടായി .. നീ വീട്ടിലേക്ക് പൊക്കൊ പാറു.. ” മമ്… പാർവ്വതി വീട്ടിലേക്ക് തിരിച്ചു നടന്നു.. അരുൺ നെഞ്ചിൽ കത്തുന്ന നെരിപ്പോടുമായി അവളെത്തന്നെ നോക്കി നിന്നു.

” ആഹ് പാറൂ… ഹാപ്പി ബർത്ത് ഡേ ഇൻ അഡ്വാൻസ് … അവൻ വിളിച്ചു പറഞ്ഞു. പാർവ്വതി തിരിഞ്ഞു നോക്കി.. “ആഹ് നാളെയാണല്ലേ ആ ദിവസം… ഞാൻ മറന്നിരിക്കേരുന്നു അരുണേട്ടാ.. പ്പോഴും ഞാൻ മറന്നാലും അരുണേട്ടൻ ഓർത്തിരിക്കുല്ലോ.. താങ്ക്സ് … അവൾ പുഞ്ചിരിയോടെ പറഞ്ഞു. ” ഓകെ ഗുഡ് നൈറ്റ് പാറു.. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു പിറ്റേന്ന് നിറഞ്ഞ സന്തോഷത്തോടെയാണ് പാർവ്വതി ഇല്ലിക്കൽ എത്തിയത്.. പിറന്നാൾ പ്രമാണിച്ച് അമ്പലത്തിൽ പോയതിന്റെ ചന്ദനക്കുറി അവളുടെ നെറ്റിത്തടത്തിൽ ഉണ്ടായിരുന്നു. പാർവ്വതി അകത്തേക്ക് കയറി.. അകത്തെങ്ങും ആരുമില്ലാരുന്നു.. അവൾ ഓഫിസ് റൂമിനടുത്തേക്ക് ചെന്നപ്പോൾ അത് ലോക്കാണ് . തുറക്കാൻ പറ്റുന്നുണ്ടായില്ല. അവൾ തള്ളാൻ ശ്രമിച്ചപ്പോൾ വാതിൽ അകത്തു നിന്നു പെട്ടന്നു തുറന്നു.. ” ഹാപ്പി ബർത്ത് ഡേ പാർവ്വതി.. എല്ലാവരും ഒരുമിച്ചു പറഞ്ഞു.. പാർവ്വതി സ്തംഭിച്ചു പോയി. റൂമിനകം മനോഹരമായി അലങ്കരിച്ചിരുന്നു.. രാമേട്ടനും ഗീതേട്ത്തിയും അടക്കം ആ വീട്ടിലെ എല്ലാവരും ആ മുറിയിലുണ്ടായിരുന്നു.

ദേവൂട്ടി പാർവതിക്ക് വർണ്ണ കാലാസിൽ പൊതിഞ്ഞ ഒരു പാക്കറ്റ് നൽകി.. ” ഹാപ്പി ബർത്ത് ഡേ ആന്റി.. ” താങ്ക്യൂ ദേവൂട്ടി.. അവൾ ദേവൂട്ടിയുടെ കവിളിൽ ചുംബിച്ചു. ന്നാലും എന്റെ പിറന്നാൾ എങ്ങനെ അറിഞ്ഞു. പാർവ്വതി ഹരിയോട് ചോദിച്ചു. ” ഓഹ് അതൊക്കെ അറിയാനോ പാട്… തന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയൊക്കെ ഇവിടെ ഉണ്ടെന്ന് മറന്നോ.. ” ഓഹ്…. ” എന്നാലിനി കേക്ക് മുറിക്കലിലേക്ക് കടക്കാം.. ഹരിയാണ്. പാർവ്വതിയുടെ കണ്ണ് ജയ്കൃഷ്ണനെ തിരഞ്ഞു. എല്ലാവർക്കും പുറകിലായി ചെറുചിരിയോടെ അവളെ ത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.. പാർവ്വതി തിരിച്ചും പുഞ്ചിരിച്ചു.. ശേഷം കേക്ക് മുറിച്ചു.. എല്ലാവരും അവൾക്കു ചുറ്റും നിന്ന് ഹാപ്പി ബർത്ത് ഡേ പാടി.. കേക്ക് എല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരും പിരിഞ് കഴിഞ്ഞ് റൂമിൽ ഒറ്റയ്ക്കായപ്പോൾ പാർവ്വതി ഓർത്തു..

” ഇത്ര മനോഹരമായ ഒരു ജന്മദിനം ജീവിതത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല.. അരുണേട്ടന്റെ വക മുടങ്ങാതെ കിട്ടുന്ന വിഷ്, കൂടെയൊരു ചെറിയ സമ്മാനപ്പൊതി.. കഴിഞ്ഞ വർഷം വരെ അതായിരുന്നു തന്റെ പിറന്നാൾ .. ഇന്നിപ്പോ.. അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു. ” എന്റെ വക സമ്മാനമൊന്നും വേണ്ടേ പാറു.. ജയ് ആണ്.. ചിന്തയിൽ നിന്നുണർന്ന് പാർവ്വതി കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു. ” മമ് വേണം… അവൾ പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ജയ് പുറകിൽ മറച്ചു പിടിച്ചിരുന്ന ചെപ്പ് അവൾക്കു മുന്നിൽ വച്ചു തുറന്നു. “കല്ലുകൾ പതിച്ചൊരു റിംഗ് !! ” കൈനീട്ട് പാറു… അവൾ വലതുകൈത്തലം അവനു നേരേ നീട്ടീ… ” അവനാ മോതിരം അവളുടെ വിരലിൽ അണിയിച്ചു. ശേഷം നെഞ്ചോരം ചേർത്തു നിർത്തിക്കൊണ്ട് നെറുകയിൽ ചുംബിച്ചു. “പിറന്നാൾ ആശംസകൾ പാർവ്വതി… ” താങ്ക്യുസാർ … അവൾ മോതിരത്തിലേക്ക് വിരലുകളോടിച്ചു ക്കൊണ്ടു പറഞ്ഞു.

” നീ എന്റേതാണെന്നതിനുള്ള അടയാളം കൂടിയാണ് പാറു ഈ മോതിരം.. നിന്നെ ഞാൻ എന്റേതാക്കിയതിന്റെ അടയാളം..!! അവളുടെ കണ്ണുകളിലെ ആഴത്തിലേക്ക് നോക്കി ജയ് പറഞ്ഞു.. പാർവ്വതിയുടെ കൺകോണിൽ നീർമണികൾ ഉരുണ്ടു കൂടി… അവൾ നിർന്നിമേഷയായി അവനെത്തനെ നോക്കി നിന്നു.. ” ഞാൻ നിന്റെ കാര്യം അമ്മയോട് സംസാരിക്കാൻ പോവ്വാ.. എത്രയും വേഗം എനിയ്ക്ക് നിന്നെ എന്റേതാക്കണം..! അവന്റെ കണ്ണുകളിൽ ജ്വലിക്കുന്ന പ്രണയാഗ്നി പാർവ്വതിയുടെ സിരകളിലേക്കും പടർന്നു. ” ഇവരുടെ സമ്മതം കിട്ടിയിട്ട് എത്രയും വേഗം ഞാൻ നിന്റെ വീട്ടിലേക്ക് വരും.. നിന്റെ അമ്മയോട് സംസാരിക്കാൻ… ” ഇപ്പോ ഞാൻ പോട്ടെ.. നിന്റെയടുത്ത് നിൽക്കുന്തോറും എന്റെ കണ്ട്രോള് പോകുന്നു പെണ്ണെ.. അവന്റെ കണ്ണിൽ കുസ്യതി നിറഞ്ഞു. ജയ് തിരിച്ചു നടന്നു. പാർവ്വതി ഓടി പുറകിലൂടെ ചെന്ന് അവനെ അമർത്തി പുണർന്നു. ജയ് അനങ്ങാതെ നിന്നു.

” സാർനെ നിക്ക് നഷ്ടപ്പെടേണ്ടി വന്നാൽ .. നിയ്ക്കത് അതിജീവിക്കാൻ സാധിക്കില്ല .. ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..!! എന്റെ ശ്വാസവും പ്രാണനും എല്ലാം ഇപ്പോ സർ മാത്രമാണ്..!! കണ്ണുനീർ ചാലുകളായി അവളിൽ നിന്നും ഒഴുകിയിറങ്ങി. ജയ് പാർവ്വതിയ്ക്ക് നേരേ തിരിഞ്ഞു.. അവളുടെ കൈകൾ അയഞ്ഞു.. അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് ജയ് പറഞ്ഞു “നിന്നെ ഞാൻ നഷ്ടപ്പെടുത്തണമെങ്കിൽ ഞാൻ മരിക്കണം പാറൂ.. ഒരിയ്ക്കൽ കൂടി അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ട് ജയ് പുറത്തേക്കിറങ്ങി. പാർവ്വതി വൈകിട്ട് പോയ ശേഷം ജയ്കൃഷ്ണനും ഹരികൃഷ്ണനും ചേർന്ന് പാർവ്വതിയുടെ കാര്യം ഇല്ലിക്കൽ അവതരിപ്പിച്ചു.. സരസ്വതിയമ്മയ്ക്കും ഗോപിയ്ക്കും ശ്രീജയ്ക്കും പൂർണ സമ്മതം..!! അടുത്ത ദിവസങ്ങളിൽ പാർവ്വതിയുടെ വീട്ടിലേക്ക് പോകാൻ അവർ തീരുമാനിച്ചു.. രാത്രിയിൽ അത്താഴം കഴിയ്ക്കാൻ ഹരിയോടൊപ്പം ഗോവണിയിറങ്ങുമ്പോൾ പെട്ടെന്ന് ഹരികൃഷ്ണന് കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി.. വല്ലാത്ത ശ്വാസതടസ്സവും.!! മുൻപും വന്നിട്ടുള്ള പോലെ.. ഹരീ.. എന്ന് വിളിച്ചു കൊണ്ട് ജയ് ഹരിയുടെ തോളിലേക്ക് വീണു… തുടരും…