രചന – ശ്രീതു ശ്രീ
“”അത് മോളേ… ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ…. നീ അതോർത്ത് വിഷമിക്കുകയൊന്നും വേണ്ട…. “”എന്നോടെന്തേലും ചോദിക്കുന്നതിനു ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ…?അപ്പച്ചൻ ചോദിച്ചോളൂ…. എന്തായാലും പറയുന്നതിൽ എനിക്കൊരു വിഷമവും കാണില്ല…..” പുഞ്ചിരിയോടെയുള്ള നേഹയുടെ മറുപടി കേട്ടപ്പോൾ ചെറിയൊരാശ്വാസം ആന്റണിക്ക് തോന്നി….. എങ്കിലും അവളോടത് പറയാൻ അയാൾക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു…… “”നീയെന്നെ കുറ്റപ്പെടുത്തരുത്… എന്നെപ്പോലെ ഒരു പാവം സാധാരണക്കാരായ പിതാവിന് തോന്നിയ ഒരു വക്രബുദ്ധി ആയി അതിനെ കണ്ടാൽ മതി…. തന്റെ അപ്പച്ചന്റെ ഉള്ളിൽ അടക്കിപ്പിടിച്ചിരിക്കുന്നത് തന്നെ സംബന്ധിക്കുന്ന എന്തൊ രഹസ്യ കാര്യമാണെന്ന് അവൾക്ക് തോന്നി…. “”തുറന്നു പറഞ്ഞോ എനിക്ക് സങ്കടം ഒന്നും തോന്നില്ല… എത്ര വലിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടം വരെ എത്തിയത്…. ആ ഞാനെന്തിന് സങ്കടപ്പെടണം ഇതുവരെ അനുഭവി അനുഭവിച്ചിടത്തോളം ഇനി വരാൻ ഒന്നുമില്ല… അതിലും വലുത് ഒന്നുമല്ലല്ലോ അപ്പച്ചൻ പറയാൻ പോകുന്നത്….”” അവളുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് ആദ്യം ഒരു ധൈര്യം തോന്നിയെങ്കിലും വീണ്ടും ഭയമായി..!!
താൻ പറയാൻ പോകുന്നത് ഇതുവരെ അനുഭവിച്ചതിൽ വലുതെന്നും അല്ലെന്നാണ് അവളുടെ ചിന്ത…. പക്ഷെ താൻ ആലോചിക്കുമ്പോൾ ഇത് എത്രയോ വലുതാണ്….. ഇനിയും കുറച്ചു കൂടിതാമസിച്ചാൽ പ്രശ്നങ്ങൾ ഏറി വരികയെ ഉള്ളൂ.. . എല്ലാം ഈ നിമിഷം തന്നെ തുറന്നു പറയുന്നതാണ് അതിന്റെ ശരി… “മോളെ…….”” അയാൾ പറയാൻ തുടങ്ങുമ്പോഴേക്കും ജോണി ക്യാന്റീനിൽ നിന്ന് തിരികെ എത്തിയിരുന്നു… “”അപ്പച്ചൻ എഴുന്നേറ്റാട്ടെ …ദാ.. നല്ല ചൂടുവെള്ളമാ… കുറച്ചു കുടിച്ചാട്ടെ….” “നീയവിടെ വയ്ക്ക്.. ഞാൻ വെള്ളം കുടിച്ചിട്ട് അധികം നേരം ആയില്ല….” “വെള്ളം കുടിക്കാനൊന്നും സമയം നോക്കണ്ട കാര്യമില്ല… ആവശ്യത്തിന് വെള്ളം കുടിക്കാത്തോണ്ട് ഇന്ന് എത്ര സൂക്കേടുകളാ ഉണ്ടാകുന്നെ…?” ” ‘ആവശ്യമില്ലാത്ത വെള്ളം കുടിക്കുന്നത്’ കൊണ്ടും സൂക്കേടുണ്ടാകുന്നുണ്ട്….” ഏറുകണ്ണിട്ട് ജോണിയെ നോക്കിക്കൊണ്ട് അവളത് പറയുമ്പോൾ ജോണിക്കും ആന്റണിക്കും ഒരുപോലെ ചിരി വന്നു….
“”ആ പറഞ്ഞതിൽ കാര്യമുണ്ട്… അല്ലേ ജോണീ…”യെന്ന് ആന്റണി ചോദിച്ചപ്പോൾ അവൻ നേഹയെയൊന്ന് കൂർപ്പിച്ചു നോക്കി….ഇരുവരുടെയും ദൃഷ്ടികൾ കൂട്ടിമുട്ടിയപ്പോൾ നേഹ ഉടനെ തന്നെ മറ്റെവിടേയ്ക്കോ തന്റെ നോട്ടം പായിച്ചു…. അപ്പച്ചന്റെ മുന്നിൽ വച്ച് ഇതു പറഞ്ഞതിന് ജോണിയുടെ വക ഒരു കിഴുക്ക് കിട്ടുമെന്ന് നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായിരുന്നു…. അവരങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ഒരു നഴ്സ് അവിടേക്ക് വന്നത്…..അവരൊരു മരുന്നു ചീട്ട് ജോണിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…. “” ദാ…ഈ മരുന്നുകളൊക്കെ താഴെ ഫാർമസിയിൽ കിട്ടും…. ഇതൊന്നു വാങ്ങി വെച്ചേക്കണേ……. ഇപ്പോ അത്യാവശ്യമുള്ളതല്ല… എങ്കിലും നേരത്തെ പോയി വാങ്ങിച്ചോളൂ… ഫാർമസിയിൽ എപ്പോഴും നല്ല തിരക്കാണ്….”” അവർ തിരികെ പോയപ്പോൾ നേഹ അവന്റെ കൈയിൽനിന്ന് ആ ചീട്ടു വാങ്ങിച്ചു കൊണ്ട്പറഞ്ഞു…
“” ജോണിച്ചായൻ ഇപ്പോ ഒന്ന് പോയിട്ട് വന്നതല്ലേ ഉള്ളൂ…. ഇത് ഞാൻ വാങ്ങിച്ചു കൊണ്ട് വന്നോളാം…ഇങ്ങു തന്നേ… ” “” അതിനിപ്പോ എന്താ… ഞാൻ ഒന്നുകൂടി അങ്ങോട്ട് പോയെന്ന് വച്ച് കാല് തേഞ്ഞൊന്നും പോകില്ല…. “” എന്ന് ഞാൻ പറഞ്ഞില്ലല്ലോ… എന്റെ പഴയൊരു കൂട്ടുകാരി ഇവിടെ നഴ്സാ….ഞാൻ ഇങ്ങോട്ട് വന്നപ്പോൾ കണ്ടിരുന്നല്ലോ….അവളെ കണ്ടാൽ ക്യൂവിൽ ഒന്നും നിൽക്കാതെ മരുന്ന് കിട്ടും… ഞാൻ തന്നെ പോയിട്ട് വരാം….. പിന്നെ ജോണി എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല അവൾ മേശപ്പുറത്തിരുന്ന ബാഗും എടുത്ത് താഴത്തെ നിലയിലുള്ള ഫാർമസിയിലേക്ക് പോയി…. അവൾ പോയി കഴിഞ്ഞപ്പോൾ തന്റെ ഉള്ളിൽ ഉള്ളതൊക്കെ ജോണിയോട് പറഞ്ഞാലോ എന്ന് ആന്റണി ആലോചിച്ചു.. നേഹയോട് പറയുന്നതിനേക്കാൾ നല്ലത് ജോണിയോട് തന്നെ എല്ലാം പറയുന്നതായിരിക്കും എന്നപ്പോൾ അയാൾക്ക് തോന്നി…. “” ജോണി… ഞാൻ നിന്നോട് ചില കാര്യങ്ങൾ പറയാൻ പോവുകയാണ്.. അതൊന്നും നേഹയ്ക്ക് അറിയാവുന്ന അറിയാവുന്ന കാര്യങ്ങളല്ല… ഇതൊക്കെ അവളോട് പറയണമെന്ന് ആലോചിച്ചിരുന്നതാ… പക്ഷേ എനിക്ക് അതിനുള്ള ധൈര്യം പോരാ… നീ എന്തെങ്കിലും അവളെ ഇതൊക്കെ അറിയിച്ചാൽ മതി…. ”
” അപ്പച്ചൻ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറഞ്ഞോളൂ…. ഞാൻ ആലോചിച്ചു വേണ്ടതുപോലെ ചെയ്തോളാം… നേരത്തെ കെട്ടിയ റോഷനെക്കുറിച്ചും അവൻ അവളെ ഉപേക്ഷിച്ചതും ഒക്കെ നീ അറിഞ്ഞിരിക്കുമല്ലോ….. എല്ലാ വിവാഹത്തിനുമുമ്പ് ഫാദർ പറഞ്ഞിരുന്നു… സത്യത്തിൽ റോഷൻ വരാതിരുന്നതല്ല… അവൻ അവളുടെ ജീവിതത്തിലേക്ക് വരണ്ടാന്നുള്ള എന്റെ ആഗ്രഹത്തിന്റെ ഫലമായി ഞാനവനെ അവളിൽ നിന്നും അകറ്റിയതാണ്……. സ്വന്തം കുഞ്ഞ് ജീവിച്ചിരിക്കുന്നതുപോലും അവന് അറിയില്ല… “” യഥാർത്ഥത്തിൽ റോഷന് എന്താ സംഭവിച്ചത്…? അവനവളെ ചതിച്ചിട്ട് പോയതല്ലേ….?? “” അല്ല മോനെ…ചതിയൊക്കെ കാണിച്ചത് ഞാനാണ്…. “” അപ്പച്ചനോ…? ഒന്നും മനസ്സിലാകാതെ ജോണി അയാളെ നോക്കി….. മനസ്സിലെ സംഘർഷം അയാളുടെ മുഖത്തും ദൃശ്യമായിരുന്നു….. അയാൾ അവൻറെ മുഖത്ത് നോക്കാതെ പറഞ്ഞുതുടങ്ങി…..
“” നേഹ റോഹനെ ഗർഭിണിയായിരിക്കുന്ന സമയം.. റോഷൻ എവിടെ എന്നറിയാതെ വിഷമിച്ചു കഴിഞ്ഞിരിക്കുകയായിരുന്നു അവൾ… അവൻ ചതിച്ചിട്ട് പോയതാണ് എന്ന് തന്നെയായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ…. മാസങ്ങൾ കടന്നുപോകേ ആ സംശയം ബലപ്പെട്ടുകൊണ്ടിരുന്നു…… എന്റെ മനസ്സിന്റെ കോണിൽ എവിടോ അവനോട് ഉണ്ടായിരുന്ന സ്നേഹം കൂടി വെറുപ്പിന് വഴി മാറി…. അവൻ ഇനി ഒരിക്കലും എന്റെ മകളുമായി ഒരു ബന്ധം സ്ഥാപിക്കരുതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു…. അവനവളുടെ ജീവിതത്തിലേക്ക് മടങ്ങിവരാതിരിക്കാൻ ഞാൻ ഒരുപാട് നേർച്ചകൾ നേർന്നിരുന്നു…. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ നിൽക്കുമ്പോഴാണ് എന്റെ അടുത്ത് നിന്ന ഒരു പയ്യൻ എന്നെ ആരോ വിളിക്കുന്നെന്ന് പറയുന്നത്……അവൻ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോൾ കണ്ടത് റോഷനെയാണ്…. എനിക്ക് നല്ലോണം ദേഷ്യം വന്നു…. പക്ഷേ അതൊന്നും പുറത്തു കാണിക്കാതെ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…. അവൻ ഒരിക്കലും എന്റെ മകളെക്കുറിച്ച് അറിയരുതെന്നായിരുന്നു എന്റെ ആഗ്രഹം.. അതിനുവേണ്ടി ഞാൻ ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടി കൊണ്ടാണ് അവന്റെ അടുത്തേക്ക് ചെന്നത്…… അവനെ കാണുന്നതിനും ദിവസങ്ങൾ മുന്നേ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർമ്മയിൽ കൊണ്ടുവരേണ്ട ആവശ്യമേ അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളൂ….. എന്നെ കണ്ടപാടെ സന്തോഷത്തോടെ അവൻ കാറിൽ നിന്നും ഇറങ്ങി….
“” അപ്പച്ചാ… എനിക്ക് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു അതാ ഞാൻ ഇത്രയും നാളും വരാതിരുന്നത്…. ഫോൺ വിളിക്കാനും കഴിഞ്ഞില്ല…കാരണമൊക്കെ ഞാൻ പറയാം…. പെട്ടെന്ന് അപ്പച്ചനെ കാണാൻ കഴിഞ്ഞത് വലിയ കാര്യമായി….. “” മനുഷ്യനല്ലേ കുഞ്ഞേ പലപല പ്രശ്നങ്ങളൊക്കെ ഉണ്ടാവും…. നീ ഇപ്പോ എങ്ങോട്ടാ…..?? അവന്റെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കാനായി ഞാൻ സ്നേഹത്തോടെ ചോദിച്ചു…. “” ഞാൻ വന്നത് എന്റെ പെണ്ണിനെ കാണാനും അവളെ കൂട്ടിക്കൊണ്ടു പോകാനും ആണ്…. “” വാടകയ്ക്ക് വേറെ വീട് കിട്ടിയോ..?? നിങ്ങൾ താമസിച്ചു കൊണ്ടിരുന്ന വീടിന്റെ അവസ്ഥ അറിയാമല്ലോ…. “” “” ഇനി വാടകവീട് നോക്കുന്നില്ല…. എന്റെ സ്വന്തം വീട്ടിലേക്ക് ഞാൻ അവളെ കൊണ്ടുപോവുകയാണ്…. എതിർക്കുന്നവർ അവിടെക്കിടന്ന് എതിർക്കും… എല്ലാവർക്കു മുന്നിലും അങ്ങനെ തോറ്റുകൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല…” അവൻ ഗൗരവത്തോടെ പറഞ്ഞു…
അവന്റെ സംസാരം കേട്ടപ്പോഴേ അതൊന്നും നടപ്പിലാക്കാൻ കഴിയില്ലെന്നത് എനിക്ക് ബോധ്യമായിരുന്നു… പക്ഷേ അത് ഞാൻ അവന്റെ മുന്നിൽ പ്രകടമാക്കിയില്ല…. “” നീയപ്പോ അവരോടു ഗുസ്തിക്കു പോയതായിരുന്നൊ…? ” അപ്പയോടും മമ്മയോടും ഒന്നൊടക്കുകയൊക്കെ ചെയ്തു….. ഞങ്ങടെ കമ്പനിയിലെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു…. എന്റെ ഓഫീസിൽ ഒരു ഷോട്ട് സർക്യൂട്ട് കാരണം ചെറിയൊരു തീപിടുത്തം ഉണ്ടായി… …. ഞാൻ ഓഫീസിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സംഭവം നടന്നത്…. കാലിലും കയ്യിലും ഒക്കെ ചെറുതായിട്ട് പൊള്ളലേറ്റു…. അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു…. കഷ്ടകാലത്തിന് എന്റെ ഫോണും കത്തിനശിച്ചു പൊള്ളിയതൊക്കെ ഒണങ്ങാതെ എങ്ങോട്ടും പോകാനോ വരാനോ പറ്റില്ലല്ലോ… അല്ലെങ്കിൽ ഞാൻ എന്റെ പെണ്ണിനെ കാണാൻ എന്നെ വന്നേനെ…. പിന്നെ എന്നോട് അവൾക്ക് അതിനു പരിഭവം ഒന്നും കാണത്തില്ല…. ഞാൻ വരാത്തത് വെറുതെയല്ല , അതിനു പിന്നിൽ എന്തെങ്കിലും കാരണം കാണുമെന്നും അവൾക്കറിയാം….. അവളെന്നെ അവിശ്വസിക്കില്ല എന്നെനിക്ക് നൂറുശതമാനം ഉറപ്പാണ്….. പിന്നെ ആരെയെങ്കിലും വിട്ട് ഈ വിവരങ്ങളൊക്കെ ഇവിടെ ധരിപ്പിക്കാം എന്ന് വെച്ചാൽ അവൾക്ക് സങ്കടമാകും ആ സങ്കടം എന്റെ കുഞ്ഞിനെയും ബാധിക്കും…. അതുകൊണ്ടാ ഞാൻ ഒന്നും ആരെയും അറിയിക്കാഞ്ഞത്…. “” അതൊക്കെ പോട്ടെ അവൾക്ക് നിന്നെ അവിശ്വാസമൊന്നുമില്ല…. പക്ഷേ വേറൊരു കാര്യമുണ്ട്…. “” ഒന്ന് നിർത്തിയിട്ട് ഞാനവന്റെ മുഖത്തേക്ക് നോക്കി എന്താണ് ഞാൻ പറയാൻ പോകുന്നത് എന്നറിയാൻ അവൻ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു…… ( തുടരും)

by