18/04/2026

അപൂർവരാഗം : ഭാഗം 37

രചന – മിനിമോൾ രാജീവ്

അപ്പു അവന്റെ കണ്ണുകൾക്ക് മുകളിലൂടെ വിരൽ ഓടിച്ചു… “എന്തിനാ ഈ മറ ഇനിയും….” അപ്പു പരിഭവത്തോടെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…. ദേവ് കുസൃതിയോടെ സ്വന്തം കവിളിൽ തലോടി കൊണ്ട് അവളെ നോക്കി… പിന്നെ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു അവനോടു ചേർത്തു… അവന്റെ കണ്ണുകളിലെ കുസൃതിയും പ്രണയവും നേരിടാൻ ആവാതെ അപ്പു തല കുനിച്ചു… ദേവ് അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. നാണം കൊണ്ടും സന്തോഷം കൊണ്ടും അപ്പുവിന്റെ മുഖം ചുവന്നു തുടുത്തു… അവന്റെ കണ്ണുകളിലെ നീലിമയിൽ അവളലിഞ്ഞു ചേർന്നു… **** കുഞ്ഞു പാറു കണ്ണിലും കവിളിലും ഉമ്മ വച്ചതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവ്… “എന്താ ഇപ്പൊ സംഭവിച്ചത്….” അവൻ കവിള് തടവി കൊണ്ട് സ്വയം ചോദിച്ചു…

സന്തോഷത്തോടെ കൈ കൊട്ടി കളിക്കുന്ന പാറുവിനെ അവൻ അൽഭുതത്തോടെ നോക്കി… ശത്രുവായി പ്രഖ്യാപിച്ചവൾ ഒറ്റ നിമിഷം കൊണ്ട് ആ കുഞ്ഞു ഹൃദയത്തിൽ വേരൂന്നിയിരുന്നു….. അവളുടെ കുസൃതി നിറഞ്ഞ മുഖം കൺക്കുളിരെ കാണുകയായിരുന്നു ദേവ്… “പാറു എന്താ ഏട്ടാ എന്റെ കണ്ണ് കാണാതിരുന്നേ…..” തൊട്ടു അടുത്ത് നിന്ന് ഒരു സങ്കടം കലർന്ന പരാതി ഉയർന്നപ്പോൾ ആണ് ദേവ് പിന്നിലേക്ക് നോക്കിയത്… മുഖം വീർപ്പിച്ച് ചുണ്ട് പുറത്തേക്ക് തള്ളി പിടിച്ചു നിൽക്കുന്ന അഭിയെ കണ്ട് അവന് ചിരി വന്നു… എങ്കിലും അവൻ അത് കഷ്ടപ്പെട്ട് അടക്കി നിർത്തി… പാറുവിനെ വീണ്ടും കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു അവന്റെ കുഞ്ഞ് മനസ്സിൽ മുഴുവൻ… അപ്പോഴേക്കും ഗൗരിയും ഗോപിയും ഉമ്മറത്ത് എത്തിയിരുന്നു… ഭദ്രൻ അവർക്കു പിന്നിലേക്ക് നീങ്ങി നിന്നു… ഇതേ സമയം പാറുവിനെ താലോലിക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാരും…. അവള് ആകട്ടെ കുഞ്ഞി കണ്ണുകൾ വിടർത്തി എല്ലാരേയും അൽഭുതത്തോടെ നോക്കി…

ഗൗരിക്ക് ശേഷം തറവാട്ടിൽ ആദ്യമായി ജനിച്ച പെൺകുട്ടി എന്നൊരു പ്രത്യേകതയും അവൾക്കു ഉണ്ടായിരുന്നു… ഉമ്മറത്തേക്ക് കയറി വന്ന ഗൗരിയും ഗോപിയും നിറഞ്ഞ മനസ്സോടെ ആ കാഴ്‌ച കണ്ടു… കണ്ണീരോടെ ഗോപി മേനോന്റെ കാലിൽ വീണു… നിറഞ്ഞ കണ്ണുകളോടെ അയാൾ ഗോപിയെ എഴുന്നേൽപ്പിച്ചു….. പിന്നെ പരാതി പറച്ചിലും പരിഭവവും ഒക്കെയായി സമയം കടന്നു പോയി… ആ നേരം ഒക്കെ പാറു ഓരോരുത്തരുടെയും കൈകളിൽ ആയിരുന്നു… ആ കുസൃതി കുടുക്കയെ താഴെ നിർത്താൻ ആർക്കും മനസ്സു വന്നില്ല… നിറഞ്ഞ മനസ്സോടെ തന്നെ മംഗലത്ത് ഉള്ളവർ ഗൗരിയെയും ഗോപിയെയും സ്വീകരിച്ചു…. അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു ഗൗരി ക്ഷമ ചോദിച്ചു… മഹേശ്വരിയുടെയും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല… ഇനി ഒരിക്കലും നേരിൽ കാണാൻ സാധിക്കില്ല എന്ന് കരുതിയ ഏട്ടനെ അവള് കണ്ണ് നിറച്ചു കണ്ടു….

അപ്പോഴാണ് അത്രയും നേരം അവർക്കു പിന്നിൽ മറഞ്ഞു നിന്ന ഭദ്രനെ മേനോൻ കണ്ടത്… തന്റെ മൂത്ത പേരക്കുട്ടികളിൽ ഒരാൾ… മേനോന്റെ നെഞ്ചിൽ വാത്സല്യം നിറഞ്ഞു… അയാൾ അവനെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു… ഭദ്രൻ ഒന്ന് മടിച്ചു നിന്നു… ശേഷം ഗൗരിയെ നോക്കി… അടുത്തേക്ക് പൊയ്ക്കോളാൻ ഗൗരി കണ്ണുകൾ കൊണ്ട് അനുവാദം നൽകി…. മടിച്ചു മടിച്ചു ഭദ്രൻ മേനോന്റെ അടുത്തേക്ക് നടന്നു…. “എന്താ മോന്റെ പേര്…” അവനെ കൈ നീട്ടി അടുത്തേക്ക് ചേർത്തു നിർത്തി കൊണ്ട് മേനോൻ ചോദിച്ചു… “ഏത്തന്റെ… ഏത്തന്റെ പേര് ഭദിരൻ…..” ബാലന്റെ കൈയിൽ ഇരുന്ന പാറു പെട്ടെന്ന് ഇടയ്ക്കു കേറി പറഞ്ഞു… അത് കേട്ടതും എല്ലാവർക്കും ചിരി അടക്കാനായില്ല…. “ന്റെ പാറു ഭദിരൻ അല്ല… ഭദ്രൻ….. ” അവളെ തിരുത്തി കൊണ്ട് ഗോപി പറഞ്ഞു… ഭദ്രൻ അതേ എന്ന ഭാവത്തിൽ മേനോനെ നോക്കി… “അതല്ലേ അച്ഛേ നാന് പരന്നത്…. ഭദിരൻ..” പാറു പരിഭവത്തോടെ പറഞ്ഞു…

പിന്നെ അവിടെ കൂട്ടച്ചിരി ആയിരുന്നു…. “ന്റെ പാറു.. എന്റെ മോള് നാക്ക് വടിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ… ഇപ്പൊ നോക്കിയേ.. വാക്കുകൾ ഒന്നും ശരിക്ക് വരുന്നില്ല…” അവളുടെ ചെവി പിടിച്ചു തിരുമ്മുന്നതായി ഭാവിച്ചു കൊണ്ട് ഗൗരി പറഞ്ഞു… പാറുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അവള് ചുണ്ട് മലർത്തി കരയാൻ ആരംഭിച്ചു… പെട്ടെന്ന് ആണ് ഭദ്രൻ അവൾക്കു അരികിലേക്ക് ഓടി വന്നത്‌…. അവളെ ബാലന്റെ കൈയിൽ നിന്നും എടുത്തു അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു… “ഏട്ടൻ്റെ നല്ല പാറു അല്ലെ.. കരയല്ലാട്ടോ…. മോള് ഇഷ്ടമുള്ളത് പോലെ വിളിച്ചോ…” അവളുടെ കവിളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു… പതിയെ പാറുവിന്റെ മുഖം തെളിഞ്ഞു… ദേവ് ഒക്കെയും അൽഭുതത്തോടെ നോക്കുകയായിരുന്നു…. ശത്രുവായി കണ്ടവളെ ഒരു നിമിഷം കൊണ്ട് അവൻ ഹൃദയത്തിൽ ഏറ്റിയിരുന്നു…. അവന്റെ കുഞ്ഞ് മനസ്സിൽ പാറു എന്ന ചിത്രം വരച്ചിടപ്പെടുകയായിരുന്നു…. എല്ലാവരും കൂടെ ഒരുമിച്ച് വിഷു ആഘോഷിച്ചു…

പത്ത് വർഷങ്ങൾക്ക് ശേഷം മംഗലത്ത് വീട്ടിൽ സന്തോഷത്തിന്റെ തിരി നാളങ്ങൾ തെളിഞ്ഞു… പിന്നെ അങ്ങോട്ട് ദേവ് പാറുവിന്റെ പിന്നാലെ തന്നെയായിരുന്നു… തക്കം കിട്ടുമ്പോ ഒക്കെ പാറു അവന്റെ കണ്ണുകളിൽ ഉമ്മ കൊടുത്തിട്ട് ഓടും… ആ നീലക്കണ്ണുകൾ അവൾക്കു ഒരുപാട് പ്രിയപ്പെട്ടത് ആയിരുന്നു… എന്നാൽ അവള് ഒരിക്കൽ പോലും അഭിയുടെ കണ്ണുകളെ ശ്രദ്ധിച്ചതും ഇല്ല… ദേവിന് അഭിയുടെ മുന്നിൽ ആൾ ആകാൻ അത് മതിയായിരുന്നു… എങ്കിലും അവളെ തനിച്ചു ആക്കാതെ അവളുടെ കൂടെ എന്നും ഭദ്രൻ ഉണ്ടായിരുന്നു…. പതിയെ പതിയെ ദേവിന് പാറുവിന്റെ കുറുമ്പുകൾ ഇല്ലാതെ പറ്റില്ല എന്നായി…. ഒരു ദിവസം സ്ത്രീകൾ എല്ലാവരും അടുക്കളയിൽ ആയിരുന്നു… അഭിയും ഭദ്രനും പറമ്പിൽ മാങ്ങ പെറുക്കുന്ന തിരക്കിൽ ആയിരുന്നു…

അനിയും കൈലാസും ഉമ്മറത്ത് കളിക്കുന്ന തിരക്കിലും… കുഞ്ഞു പാറു മാത്രം അതിൽ ഒന്നും പെടാതെ അവിടെയും ഇവിടെയും ആയി നടക്കുക ആയിരുന്നു… അപ്പോഴാണ് പാറുവിന്റെ നോട്ടം അക്വേറിയത്തിൽ എത്തിയത്… കുഞ്ഞ് മീനുകളും വലിയ മീനുകളും ഒക്കെ ഉള്ള ഒരു അക്വേറിയം ആയിരുന്നു അത്… അതിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്നതിന് ഇടയിൽ ആണ് ദേവ് അതുവഴി വന്നത്… “കിത്തേട്ടാ….. നിച്ചു ആ മീനിനെ പിച്ച് തരോ….” പാറു നിഷ്കളങ്കമായി ചോദിച്ചു… ദേവിന് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്… അവനെ എല്ലാരും കിച്ചു എന്ന് വിളിച്ചപ്പോൾ കുഞ്ഞ് പാറുവും അതുപോലെ വിളിക്കാൻ തുടങ്ങിയതാണ്… പക്ഷേ നാവ് വഴങ്ങാത്തത് കാരണം അവൾക്കു അത് കിത്താ എന്നെ വരൂ… ” കിത്തേട്ടാ… നിച്ചു ആ മീന് വേണം…” പാറു വാശി പിടിച്ചു.. അപ്പോഴാണ് ദേവ് ചിന്തയിൽ നിന്നും ഉണരുന്നത്… “ന്റെ പാറു… അത് ആ വലിയ മീനിന്റെ കുട്ടി ആണ്.. അതിനെ പാറുന് തരാൻ അതിന്റെ അച്ഛനും അമ്മയും സമ്മതിക്കില്ല…” ദേവ് ചുമ്മാ തട്ടി വിട്ടു….

“നിച്ച് വേണം അത്…. ” പാറു നിലവിളിയായി… “പാറു.. അത് ആ മീനിന്റെ വാവ അല്ലെ… അതെങ്ങനെയാ പാറുന് തരിക…” ദേവ് അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.. ” ന്നാ നിച്ചു എന്ത വാവേന വേണം… എന്ത വാവ വേണം…. ” പാറു കരച്ചിലിന്റെ വോള്യം കൂട്ടി… “ന്റെ പാറു അതിനു ആദ്യം കല്യാണം കഴിക്കണം…. എന്നാലേ വാവ ഉണ്ടാവു… ” ദേവ് പറഞ്ഞു… ” ന്നാ വാ… നാന് കിത്തേട്ടനെ കലിയാണം കയ്ച്ചാം…. അപ്പൊ കുഞ്ഞ് വാവ ആവൂല്ലോ….. ” പാറു അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു… “അയ്യേ.. അതിനു നമ്മള് വല്യ കുട്ടികൾ ആകണം പാറു… എന്നാല് അല്ലെ കല്യാണം കഴിക്കാൻ പറ്റു… ” ദേവ് കളിയാക്കി കൊണ്ട് പറഞ്ഞു… ” ആണോ… ന്നാ നാന് അമ്മയോട് തോതിച്ച് വരാ…. ” അതും പറഞ്ഞു പാറു അടുക്കളയിലേക്ക് ഓടി… അടുക്കളയിൽ ഗൗരിയും സാവിത്രിയും മഹേശ്വരിയും പാചകത്തിന്റെ തിരക്കിൽ ആയിരുന്നു.. സീത അവിടെ തന്നെ ഒരു സ്റ്റൂളിൽ ഇരിക്കുകയായിരുന്നു…

അവൾക്ക് ഇത് എട്ടാം മാസം ആണ്.. സ്വന്തം വീട്ടിലേക്ക് അവളെ വിടാൻ ആർക്കും താൽപര്യം ഇല്ലായിരുന്നു.. അവൾക്കും അത് തന്നെ ആയിരുന്നു ഇഷ്ടം… “മടങ്ങി പോകണം മഹി… വന്നിട്ട് ഇപ്പൊ ഒരു മാസമായി… അവിടെ ഗോപിയേട്ടനും അധികം ലീവ് ഇല്ലല്ലോ…” ഗൗരി സങ്കടത്തോടെ പറഞ്ഞു… മഹേശ്വരി വിഷമത്തോടെ അവളെ നോക്കി.. അതിനിടയിൽ ആണ് പാറു ഓടി വന്നത്…. വന്നപാടെ അവള് ഓടി സീതയ്ക്ക് അരികിലേക്ക് പോയി… അവളുടെ വീർത്ത വയറിൽ പാറു കൗതുകത്തോടെ നോക്കി നിന്നു… ” എന്താ പാറു… എന്തിനാ ഓടി വന്നത്… ” അവളുടെ കവിളിൽ പിടിച്ചു ഓമനിച്ച് കൊണ്ട് സീത ചോദിച്ചു… അപ്പോഴും അവളുടെ നോട്ടം സീതയുടെ വയറിൽ ആയിരുന്നു… അപ്പോഴാണ് ബാക്കി ഉള്ളവരും അവളെ കണ്ടത്… “അമ്മേടെ കുഞ്ഞ് പാറു എന്തിനാ ഓടിയത്..” ഗൗരി കൊഞ്ചിക്കൊണ്ട് അവളോട് ചോദിച്ചു… ” അമ്മേ.. നിച്ച് കിത്തേട്ടനെ കലിയാണം കയിക്കണം…” പാറു ആവേശത്തോടെ പറഞ്ഞു… “കല്യാണം കഴിക്കാനോ…നിനക്കോ….” ഗൗരി അമ്പരപ്പിൽ വായ പൊത്തി കൊണ്ട് ചോദിച്ചു…

“ആന്… കലിയാണം വേണം…. ” പാറു കൈകൊട്ടി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു… “കല്യാണം കഴിച്ചിട്ട് എന്തിനാ പാറു…. ” സാവിത്രി അതിശയത്തോടെ ചോദിച്ചു… “നിച്ചും കിത്തേട്ടനും കുഞ്ഞ് വാവയെ കിട്ടൂലോ…. ” പാറു നിഷ്കളങ്കമായി പറഞ്ഞു… ഒരു നിമിഷം എല്ലാരും ഒന്നു അമ്പരന്നു. പിന്നെ കൂട്ടച്ചിരി ആയി… മഹേശ്വരി അവളെ വാരി എടുത്തു… ഉമ്മറത്തേക്ക് നടന്നു… “കേട്ടോ ഏട്ടാ….. ഇവിടെ ഒരാൾക്ക് കല്യാണം വേണം എന്ന്… ” മഹേശ്വരി ചിരിയോടെ പറഞ്ഞു… ” അതിനു ഇവിടെ ആരാ ഇനി കെട്ടാൻ ബാക്കി ..” ഗോപി അതിശയത്തോടെ ചോദിച്ചു… “വേറെ ആർക്കും അല്ല.. നമ്മടെ പുന്നാര മോൾക്ക് തന്നെ….അവൾക്കു അവളുടെ കിച്ചേട്ടനെ കെട്ടണം എന്ന്… ” ഗൗരി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു… ” ആണോ പാറു… അച്ഛന്റെ മോള് അങ്ങനെ പറഞ്ഞോ…. ” ഗോപി ചിരിയോടെ അവളോട് ചോദിച്ചു.. “അത്.. നാന് അച്ഛേ.. കലിയാണം കയിഞ്ഞാല് കുഞ്ഞ് വാവെന്നെ കിത്തും… അപ്പൊ നാന് വാവേൻ്റെ കൂടെ കളിച്ചൂലോ…. ” അവള് കൊഞ്ചി കൊണ്ട് പറഞ്ഞു…

“ആരാ മോളോട് അങ്ങനെ പറഞ്ഞത്…” മേനോൻ ചോദിച്ചു… ” കിത്തേട്ടൻ പരഞ്ഞല്ലോ… ” പാറുവിന്റെ പറച്ചിൽ കേട്ടതും ഉമ്മറത്തെക്ക് വന്ന ദേവിന്റെ കിളി പാറി… ” ആണോ ദേവാ… ” ബാലൻ അവനോടു ചോദിച്ചു… ” അത്‌ അച്ഛാ.. പാറു മീനിനെ വേണം എന്ന് പറഞ്ഞപ്പോ…” വിക്കി വിക്കി കൊണ്ട് ഉണ്ടായത് മുഴുവൻ അവൻ പറഞ്ഞു… പിന്നെ കൂട്ടച്ചിരി ഉയർന്നു… “എന്തായാലും ഇവര് അങ്ങ് തീരുമാനിച്ച സ്ഥിതിക്ക് നമുക്ക് ഇവരുടെ കല്യാണം അങ്ങ് നടത്താം അല്ലെ ഗോപി…” ബാലൻ ചിരിയോടെ ചോദിച്ചു… ” പിന്നെന്താ… ആവാം… ” ഗോപിയും ചിരിയോടെ പറഞ്ഞു… എല്ലാരും ആ ചിരിയിൽ മുഴുകി…കാര്യത്തിന്റെ ഗൗരവം അറിയില്ലെങ്കിലും ദേവിന്റെയും പാറുവിന്റെയും മനസിൽ സന്തോഷം നിറഞ്ഞു… ഒരാഴ്ച കൂടി കഴിഞ്ഞാൽ പാറു തിരിച്ചു പോകും.. അത് അറിഞ്ഞത് മുതൽ ദേവിന് ആകെ വെപ്രാളം ആയിരുന്നു… ” അമ്മേ… അപ്പച്ചിയോട് ഇനി തിരിച്ചു പോകണ്ട എന്ന് പറയുവോ…” രാത്രി ബാലനും മഹേശ്വരിക്കും ഇടയിൽ ഉറങ്ങാൻ കിടന്ന കുഞ്ഞു ദേവൻ ചോദിച്ചു..

“അതെന്താ ദേവാ…” കാര്യം മനസ്സിലായെങ്കിലും മഹേശ്വരി ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു… “അത്.. അത് അപ്പച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാ… ” ദേവൻ നിഷ്കളങ്കമായി പറഞ്ഞു… “അതെന്താ ദേവാ.. നിനക്ക് അമ്മയെക്കാളും ഇഷ്ടമാണോ അപ്പച്ചിയെ….” മഹേശ്വരി സങ്കടം ഭാവിച്ചു കൊണ്ട് പറഞ്ഞു.. പിന്നെ ഇടം കണ്ണിട്ട് ദേവിനെ നോക്കി… ദേവിന്റെ മുഖം മാറി… “ഹാ ഹാ… ന്റെ പൊന്നു മഹി.. ഇവന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് നിനക്ക് മനസിലായില്ലേ… ഇവന് അപ്പച്ചിയെ അല്ല.. അപ്പച്ചിയുടെ മോളേയാണ് കൂടുതൽ ഇഷ്ടം അല്ലെ ഡാ കള്ള ദേവാ….” ബാലൻ അവനെ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു… ദേവിന്റെ മുഖം തെളിഞ്ഞു… “പറയാവോ അച്ഛേ.. പോകണ്ടന്ന്… ” ദേവ് വീണ്ടും ചോദിച്ചു… ” അവര് പോയിട്ട് വേഗം വരും ദേവാ.. അവര് ഇടയ്ക്കു ഇടയ്ക്കു വരും.. ഗോപി മാമന് ജോലി അവിടെ അല്ലെ.. നാട്ടിലേക്ക് വരാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്… നമുക്ക് നോക്കാം ഡാ കള്ളാ…” അവനെ സമാധാനിപ്പിച്ചു കൊണ്ട് ബാലൻ പറഞ്ഞു…

ആ സമാധാനത്തിൽ ദേവ് ഉറങ്ങി… പതിയെ പതിയെ അവന്റെ മനസ്സിൽ പാറു ആഴത്തിൽ വേരൂന്നാൻ തുടങ്ങിയിരുന്നു…. ” എന്തിനാ ബാലേട്ട.. അവനോടു കള്ളം പറയണ്ടായിരുന്നു…. ഗോപിയേട്ടന്റെ അവിടുത്തെ കോൺട്രാക്ട് കഴിയാൻ ഇനിയും 2 വർഷം കൂടി ഉണ്ടെന്ന് അല്ലെ പറഞ്ഞത്…” മഹേശ്വരി വിഷമത്തോടെ ചോദിച്ചു.. “സാരമില്ലടോ… അവൻ അത് അഡ്ജസ്റ്റ് ചെയ്തോളും…. രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഗോപി തിരിച്ചു വരുമല്ലോ… അത് മതി…. ” ബാലൻ ഒന്ന് നെടുവീർപ്പിട്ടു… ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചു പോകാൻ ഒരുങ്ങി… മേനോൻ സ്റ്റുഡിയോയിൽ നിന്നും ആളെ വരുത്തിയിട്ടുണ്ടായിരുന്നു… പോകുന്നതിനു മുന്നേ എല്ലാവരുടെയും ഫോട്ടോ എടുത്തു ആൽബം ഉണ്ടാക്കി വെക്കാൻ ആയിരുന്നു അയാളുടെ തീരുമാനം… സീതയുടെ നിറ വയറിൽ ചെവിയോർത്ത് കൊണ്ടും ചുംബിച്ചു കൊണ്ടും ഒക്കെ ഉള്ള പാറുവിന്റെ ഫോട്ടോയും എടുത്തു… കുഞ്ഞ് ദേവന്റെയും പാറുവിന്റെയും ഒറ്റയ്ക്കുള്ള സ്റ്റില്ലും അയാൾ എടുത്തു കൊടുത്തു….

സീതയുടെ ഡെലിവറി ഡേറ്റ് അടുത്ത സമയത്ത് തന്നെ ഇങ്ങനെയൊരു മടക്കം ആയതിൽ എല്ലാർക്കും സങ്കടം ഉണ്ടായിരുന്നു.. എങ്കിലും ഗോപിക്ക് അധികം ലീവ് എടുക്കാൻ പറ്റാത്തതിനാൽ മടക്കം അല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു… അങ്ങനെ അവര് തിരിച്ച് പോകുന്ന ദിവസം വന്നു… മങ്ങിയ മുഖത്തോടെ ആണ് ദേവ് അന്ന് നടന്നത്… പാറുവും സങ്കടത്തിൽ ആയിരുന്നു… “അയ്യേ.. കിത്തേട്ടൻ കരയണ്ടാട്ടോ…. പാറു വേം പോയി വരൂലോ…” തന്റെ കുഞ്ഞ് കൈകൾ കൊണ്ട് അവന്റെ കണ്ണ് നീര് തുടച്ച് കൊണ്ട് പാറു പറഞ്ഞു… അവന്റെ കണ്ണിൽ അവള് ഒരു ഉമ്മ കൂടി കൊടുത്തു… “നി പാറു വര്മ്പ നമ്മട കലിയാണം കയിക്കാട്ടാ…” അവള് പുഞ്ചിരിയോടെ നിഷ്കളങ്കമായി പറഞ്ഞു… ദേവിന്റെ നീലക്കണ്ണുകൾ തിളങ്ങി… ഭദ്രനും ദേവിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു… കണ്ണീരോടെ ആണ് ദേവ് അവരെ യാത്രയാക്കിയത്…. കാറ് കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അത് നോക്കി നിന്നു.. അവളും കണ്ണിൽ നിന്നും മറയുന്നത് വരെ അവനെ തന്നെ നോക്കി… പിന്നെ കാത്തിരിപ്പ് ആയിരുന്നു.. ഒരു മടങ്ങി വരവിന് വേണ്ടിയുള്ള കാത്തിരിപ്പ്….. *****ദേവിന്റെ കണ്ണുകൾ നിറഞ്ഞു…

അപ്പു അത് കണ്ടു പുഞ്ചിരിച്ചു… “ശരിക്കും ഞാൻ അത്രേം കുസൃതി ആയിരുന്നോ ദേവേട്ടാ…” അവള് അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു… “വല്ലാതെ…. പക്ഷേ നിന്റെ ആ കുസൃതി ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്… ഒന്നും അറിയാത്ത പ്രായത്തിൽ ആണെങ്കിൽ പോലും പാറു എന്ന പേര് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു….. ” അവളുടെ പുഞ്ചിരിയിൽ ഒത്തു ചേർന്നു കൊണ്ട് അവൻ പറഞ്ഞു… “ദേവ്…. ” വാതിൽക്കൽ ഒരു ശബ്ദം കേട്ടപ്പോൾ ആണ് രണ്ടു പേരും ചിന്തയിൽ നിന്നും ഉണരുന്നത്… ” അദിധി… ” ദേവ് പിറുപിറുത്തു… ദേവും അപ്പുവും ചേർന്നു ഇരിക്കുന്നത് കണ്ടു ഒട്ടൊരു ദേഷ്യത്തോടെ ആണ് അദിധി ഉള്ളിലേക്ക് വന്നത്… “എന്താ ഇവിടെ…” അവള് കിതച്ചു കൊണ്ട് ചോദിച്ചു… “നിനക്ക് കണ്ണില്ലേ… കണ്ടാൽ അറിയില്ലേ… ഭർത്താവും ഭാര്യയും ആണ് ഞങ്ങൾ.. ” ദേവ് അനിഷ്ടത്തോടെ പറഞ്ഞു… അദിധിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… “ഒരു മിനിറ്റ് ദേവേട്ടാ….” അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു… ദേവ് അവളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പു അദിധിക്ക് അഭിമുഖമായി നിന്നു… പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു… സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി… ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ ആ പുഞ്ചിരി ദേവിലേക്കും പരന്നു… (തുടരും)