20/04/2026

ഈ മഴക്കാലത്ത് : ഭാഗം 02

️രചന – നിവേദ്യ ഹരിഹരൻ

“ടീ… നീ ഏത് ലോകത്താ?? പാർവ്വതി ചിന്തയിൽ നിന്നുണർന്നു.. “ഹാ ഇതാര് … ആപ്പിസർ എന്ത്യേ പതിവില്ലാതെ നേരത്തേ?? പാർവ്വതി നെറ്റിചുളിച്ചു ! ” ശ്ശെടാ …എന്റെ വീട്ടിൽ വരാൻ എനിക്ക് നിന്റെ അനുവാദം വേണോ?? അമ്മാ… ചോറെടുത്ത് വയ്ക്ക് .. രാവിലെ ഒന്നും കഴിക്കാഞ്ഞിട്ട് ഓടി പാഞ്ഞ് വന്നതാ… വിശന്നിട്ട് കണ്ണു കാണാൻ വയ്യ!! അരുണിന്റെ ഒച്ച കേട്ട് സീത നനഞ്ഞ കൈ സാരിത്തലപ്പിൽ തുടച്ചു കൊണ്ട് അകത്തേക്ക് കയറി. “നീയെന്തെ അച്ചു ഈ സമയത്ത്..? “വിശന്നിട്ടു വന്നതാമ്മേ .. ഉച്ചയ്ക്ക് ലീവാക്കി… എന്ത്യേ.. എന്റെ പങ്ക് ഇവൾക്ക് കൊടുത്തോ?? ഇവൾ നമ്മളെ മുടിപ്പിക്കും അല്ലേ അമ്മേ..? അരുൺ ചിരിയോടെ ഒളികണ്ണിട്ട് പാർവ്വതിയെ നോക്കി. “ഓ മുടിഞ്ഞെങ്കിൽ അങ്ങ്ട് സഹിച്ചോ … ഇതും പറഞ്ഞ് അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു, പാത്രം കഴുകുന്നതിന് പുറത്ത് പൈപ്പിനടുത്തേക്ക് നടന്നു. “ദേ അച്ചു ദൈവദോഷം പറയരുത് . ആരും തുണയില്ലാത്ത കുട്ടിയാ .. അതിന്റെ ശാപം കിട്ടിയാൽ 7 തലമുറ നശിക്കും ഓർത്തോ..!! ” എന്റെ പൊന്നു സീതക്കുട്ടി..

അവൾടെ ദേഷ്യം കാണാൻ വേണ്ടി പറഞ്ഞതാ … എനിക്കറിയില്ലേ അവൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണെന്ന്.. അതു പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി . ” ഞാൻ ചോറെടുക്കാം നീ കൈ കഴുക് അച്ചു… അരുൺ പുറത്തെ പൈപ്പിനരികിലേക്ക് നടന്നു. “ഹേയ് പാറുട്ടീ എന്താ ദേഷ്യത്തിലാണോ?? അരുൺ കുസൃതി ചിരിയോടെ ചോദിച്ചു… “എന്നെ അങ്ങനെ വിളിക്കണ്ട. പാർവ്വതിന്നു വിളിച്ചാ മതി. “ഓ എന്നാ പാർവ്വതി.. പുതിയ കോളേജും ക്ലാസും ഒക്കെ എങ്ങനുണ്ട് ?? ” മമ് ..വല്യകുഴപ്പൂല്യ..! “നല്ല ആങ്കുട്ട്യോൾ ഉണ്ടോ ??? “ഉണ്ടെങ്കിൽ …?? “ഉണ്ടെങ്കിൽ ഒന്നൂല്ല്യാ … പോകുന്നത് പഠിക്കാൻ ആണെന്ന് ഓർമ്മയുണ്ടായാൽ മതി.!! പൈപ്പിലെ വെള്ളത്തിൽ കാൽ കഴുകിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി.

” ആഹ്..എനിക്ക് നല്ല ഓർമ്മയുണ്ട് തൽക്കാലം അച്ചുമോൻ ഈ പാത്രം സീതമ്മയ്ക്ക് കൊടുത്തേക്ക് .. അമ്മ വിളിക്കണ്ട് ഞാൻ പോവ്വാ… അവൾ പാത്രം അവന്റെ കൈയ്യിൽ കൊടുത്തു. അവൾ പോകുന്നതും നോക്കി അരുൺ നിന്നു. “അതേയ് പിന്നെ അരുണേട്ടാ… കോളേജിൽ പോണ വഴിയിൽ ഇല്ലിക്കൽന്നു പറഞ്ഞ് വല്യൊരു വീട്ടില്ലെ… അവിടാരാ താമസം ?? നടന്നുനീങ്ങവെ പെട്ടെന്ന് തിരിഞ്ഞു നിന്നവൾ ചോദിച്ചു. “അത്… അത് രാജശേഖരൻ സാറിന്റെ വീടാ … സാർ മരിച്ചു പോയി.. എന്ത്യേ ??? “ഹേയ് ഒന്നൂല്ല്യ …. അവിട്ന്ന് രാവിലെ നല്ല കീർത്തനം കേട്ടു .. “ആഹ് …അവിടത്തെ അമ്മ സംഗീതാധ്യാപികയായിരുന്നു… സരസ്വതിയമ്മ!! മുൻപ് കൂട്ട്യോളെ സംഗിതം പഠിപ്പിച്ചിരുന്നു … ഇപ്പോ പ്രായമായതോണ്ട് ഒന്നും ഇല്ല. “അപ്പോ ഒരു ആൺ ശബ്ദോ… അതാരാ??? “അവർക്ക് 3 ആൺമക്കളാ … ഗോപീകൃഷ്ണൻ , ജയ്കൃഷ്ണൻ,ഹരികൃഷ്ണൻ … 3 പേരും പാടും ! ഹരി എന്റൊപ്പം ചെറ്യേ ക്ലാസ്സിൽ .. പഠിച്ചിട്ടുണ്ട്. ഇപ്പോ ബാംഗ്ലൂരാ ജോലി.. ഗോപിയേട്ടൻ ഫാമിലിയായി ദുബായ്ൽ ആണ് ..

പിന്നെ ജയ് അവൻ ഇപ്പോ ഇവിടുണ്ട് . അവനാവും.!! ബിസിനസ്സ് ഒക്കെ നോക്കുന്നത് അവനാ .. പുറത്തുന്നു എം ബി എ ഒക്കെ കഴിഞ്ഞതാ.. “അരുണേട്ടന് അറിയോ അവരെ …? “ഉം.. ക്ലബ്ബിന്റെ പിരിവിനൊക്കെ അവിടം വരെ പോകാറ്ണ്ട് .അതോണ്ട് അറിയാം.. “വല്യേ പണക്കാരാല്ലേ…? “പിന്നല്ലാതെ… നമ്മുടെ നാടിന്റെ പകുതിയും അവർടെ ആയിരുന്നു … പഴയ തറവാട്ടുകാരാ. ഇപ്പോഴും സമ്പത്തിനു കുറവില്ല . അതിന്റെ ഒരു ഭാവോം ആർക്കും ഇല്ലാട്ടോ… നല്ല മനസ്സുള്ളോരാ… പിന്നെ നിന്റെ പുതിയ കോളേജില്ലെ ശ്രീദീപം, അത് ഇവർടെ കീഴിലെ ട്രസ്റ്റിന്റെയാ.. “അച്ചുവേ … കറികൾ തണുക്കും വന്ന് കഴിക്ക്.. “ദാ വരണമ്മാ … അരുൺ ഇതും പറഞ്ഞ് അകത്തേക്ക് കയറി. “ജയ്കൃഷ്ണൻ” പാർവ്വതി ആ പേര് മനസ്സിൽ ഉരുവിട്ടു. രാവിലെ കേട്ട കീർത്തനത്തിലെ വരികൾ അവളുടെ ചുണ്ടിൽ തത്തിക്കളിച്ചു.. ” ഉണ്ണികൃഷ്ണാ മുകുന്ദാ ഹരേ ജയ… കണ്ണാ കാർവർണ്ണ കൃഷ്ണാ ഹരേ ജയ… ❤️❤️❤️❤️❤️ അച്ചു…ന്ന് രാമപ്പൊതുവാൾ വന്നിരുന്നു. കുറേ നല്ല ആലോചനകൾ ഉണ്ട്ത്രേ …

ജോലിയുള്ള കുട്ട്യോൾ ഒക്കെ… നീയൊന്ന് സമ്മതിക്ക് കുട്ടി! വെച്ചും വേവിച്ചും നിക്ക് വയ്യാതാവണു …. ഒരു പെങ്കുട്ടി വന്നാ നിക്കൊന്നു വിശ്രമിക്കാരുന്നു …” “അയ്യടാ.. എന്റെ പെണ്ണിനെ കൊണ്ട് പണിയെടുപ്പിച്ച് അമ്മായിയമ്മ പോരെടുക്കാനാ പ്ലാൻ … വേണ്ടാട്ടോ … അരുൺ ചിരിച്ചു. “ഉം പോരേയ് …. ഞാനവളെ എന്റെ സ്വന്തം മോളായി നോക്കിക്കോളാം … നീയൊരാളെ എനിക്ക് കൊണ്ടു വന്നു താ .. നമ്മുടെ പാറൂട്ടിയെ പോലെ ഒരു കുട്ടി മതി !! അതു കേട്ടപ്പോൾ അരുണിന്റെ കണ്ണുകൾ വികസിച്ചു .. കഴിക്കുന്നത് നിർത്തീട്ട് അവൻ പറഞ്ഞു “ന്റെ അമ്മേ … സമയം ആകുമ്പോൾ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ആളെ ഞാൻ കൊണ്ടു വന്നു തരും. സമയമാകട്ടെ …!! അവൻ കഴിച്ച് എണീറ്റു. “ഞങ്ങൾ അറിയാതെ നീയാരേലും കണ്ട് വച്ചിട്ടുണ്ടോ അച്ചു?? അവൻ ചിരിച്ചു കൊണ്ട് കൈ കഴുകാനായി ഇറങ്ങി.

റൂമിൽ വന്ന് പഴ്സിൽ നിന്നും അവൻ ഒരു ഫോട്ടോ എടുത്തു നോക്കി. ‘പാർവ്വതി’ മുൻപെപ്പോഴോ ഏതോ ആപ്ലിക്കേഷൻ അയക്കുന്നതിനായി തന്നതാ … കാണാതെ പോയെന്ന് കളവു പറഞ്ഞ് എടുത്തു വച്ചു. പഴ്സിൽ മാത്രമല്ല കൗമാരകാലം തൊട്ട് മനസ്സിൽ കയറിക്കൂടിയവളാ … പലപ്പോഴും തന്റെ പ്രണയം പറയണം എന്നാഗ്രഹിച്ചിട്ടുണ്ട് . പക്ഷേ സാധിച്ചില്ല . എന്തോ ഒരു ഭയം ആ കണ്ണുകൾ കാണുമ്പോൾ .. അവളുടെ നോട്ടം, കുറുമ്പ്, ചിരി ഒക്കെ പലപ്പോഴും ഭ്രാന്ത് പിടിപ്പിക്കാറുണ്ട് … ആ തുടുത്ത കവിളുകളും ഇളം റോസ് നിറമുള്ള ചുണ്ടുകളും കാണുമ്പോൾ അമർത്തി ചുംബിക്കാൻ തോന്നിപ്പോകും. എങ്കിലും സ്വയം നിയന്ത്രിക്കും!! അവളെ ചേർത്തണയ്ക്കണം എന്നു തോന്നിയ എത്രയോ നിമിഷങ്ങൾ..! സ്കുളിലും നാട്ടിലും ഉത്സവ പറമ്പിലും അവൾക്ക് നേരെ വരുന്ന ഒരുപാട് നോട്ടങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട് . അവൾക്കരികിലേക്ക് ഒരാളും കടന്നുവരാൻ സമ്മതിച്ചില്ല .

അവളില്ലായ്മ ഞാനില്ലായ്മ ആണെന്ന സത്യം തിരിച്ചറിഞ്ഞ ആ നിമിഷം അവൾ എന്റെ പെണ്ണെന്ന് മനസ്സിൽ ഉറപ്പിച്ചതാണ് . ഒരു പക്ഷേ താനിത് പറയുമ്പോൾ എല്ലാവരും സന്തോഷിക്കും!! അമ്മയ്ക്കും അച്ഛനും അവൾ പ്രാണനാണ്. ഒരിക്കലും തന്റെ ഇഷ്ടം അവർ എതിർക്കില്ല.. പക്ഷേ ആദ്യം അവൾ അറിയണം. അവൾടെ സമ്മതം കിട്ടിയിട്ടെ മറ്റാരും അറിയു . ഇത്രയും വർഷങ്ങൾ നെഞ്ചിൽ അടക്കി നിർത്തിയ എന്റെ ഈ ഇഷ്ടം, അതിന്റെ എല്ലാ കരുത്തോടെയും അവൾ ആദ്യം തിരിച്ചറിയണം. അവൻ ഫോട്ടൊ പഴ്സിലേക്ക് തന്നെ വച്ചു . സ്വന്തമായി സമ്പാദിക്കണം അതാണ് അവളുടെ ലക്ഷ്യം . അവളുടെ ആഗ്രഹം നടന്നിട്ടു പറയാം എന്നു വിചാരിച്ചിരിക്കുവാരുന്നു.. എക്ഷെ മനസ്സിൽ എന്തോ പെട്ടെന്ന് ഒരു ആശങ്ക.. അധികം വൈകരുത്.. ഇനി പറയണം എത്രയും വേഗം… ഒരു പ്രണയഗാനത്തിലെ വരികൾ മൂളിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി.. “നിൻ ഉയിരിനെ നിഴലു പോൽ അനുദിനം.. പിൻതുടരുവാൻ ഞാനലഞ്ഞീടവേ… .❤️❤️❤️❤️❤️

പിറ്റേന്ന് കുറച്ചു നേരത്തെ തന്നെ കോളേജിൽ പോകാനായി പാർവ്വതി ഒരുങ്ങി ഇറങ്ങി. “ഭാഗ്യം… മഴയില്ല!! പക്ഷെ കാറ് വച്ച് കയറുന്നുണ്ട്.. ആകാശം ഇരുളുന്നു… അവൾ മനസ്സിൽ പറഞ്ഞു. വേലിയ്ക്കപ്പുറത്ത് മാധവൻ ചെടി നനയ്ക്കുന്നതും അരുൺ കോലായിൽ പത്രം വായിക്കുന്നതും പാർവ്വതി കണ്ടു . “ഹേയ് … ഗുഡ് മോണിംഗ് .. ആപ്പിസർ ഇന്ന് നേരത്തേ എണീറ്റോ?? ന്ന് കാക്ക മലർന്ന് പറക്കോ..?? അവളുടെ ചോദ്യം കേട്ട് പത്രം മടക്കി വച്ച് അരുൺ പുറത്തേക്കിറങ്ങി . “ആഹാ … മാഡം ഇന്ന് നേരത്തേ ആണല്ലോ… ഇന്നെന്താ മറക്കണ്ത് ബാഗോ ബുക്കോ??? പിന്നെ നീയിങ്ങനെ എപ്പോഴും ആപ്പിസർ എന്നു വിളിച്ച് കളിയാക്കണ്ട… കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ച് വാങ്ങിച്ച ജോലിയാ… ആദ്യം ഒരു ജോലി വാങ്ങി കാണിക്ക് ഇതു പോലെ.. അവൻ കളിയാക്കി ചിരിച്ചു. “നീ അവളെ രാവിലെ തന്നെ ശുണ്ഠി പിടിപ്പിക്കല്ലേ അച്ചു … മാധവൻ ശാസനാ സ്വരത്തിൽ പറഞ്ഞു .

“ഓ കുഴപ്പൂല്യ മാധവമാമ … അവസരങ്ങൾ നിക്കും കിട്ടും ഇതു പോലെ കളിയാക്കാൻട്ടോ.. അവൾ അരുണിനെ നോക്കി പറഞ്ഞു.. “ഉം നിങ്ങൾ എന്താച്ചാ ആയിക്കോ ഞാൻ കുളിക്കാൻ പോവ്വാ … ഇതും പറഞ്ഞ് കയ്യിലിരുന്ന ഹോസ് താഴെയിട്ട് മാധവൻ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു . അരുൺ നടന്ന് പാർവ്വതിക്ക് അരികിലേക്ക് ചെന്നു. “പാറൂട്ടി ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ… ഈ കുർത്തി പുതീതാ…?? നാട്ടുകാർ മൊത്തം പിന്നാലെ വരോ പെണ്ണേ… അവൻ കണ്ണിറുക്കി “ജീവിച്ച് പൊക്കോട്ടെ അരുണേട്ടാ … അവൾ അരുണിന് നേരേ കൈകൂപ്പി!! “അമ്മാ ഞാൻ ഇറങ്ങുവാ.. പാർവ്വതി വീടിനകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു . “വൈകിട്ടു കാണാട്ടോ റ്റാറ്റ.. അവൾ അരുണിന് നേരെ കൈവീശി “ഉം നോക്കി പോ… “ഓക്കേ ബൈ… അവൾ കണ്ണിൽ നിന്നും മായും വരെ അരുൺ അവിടെത്തന്നെ നിന്നു. ഇല്ലിക്കൽ തറവാടിന്റെ മുന്നിൽ എത്തിയപ്പോൾ പാർവ്വതി നടത്തം പതുക്കെയാക്കി… ഇന്ന് പാട്ടൊന്നും കേൾക്കണില്ലല്ലോ.. അവൾ പടിപ്പുരയിൽ നിന്നും അകത്തേക്ക് എത്തിനോക്കി. ആരെയും കാണുന്നുമില്ല. പെട്ടെന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം അവളുടെ കാതുകളിൽ ഇരമ്പി…

തിരിഞ്ഞു നോക്കിയപ്പോൾ ഇന്നലെ ആ വീടിനു മുൻപിൽ കണ്ട അതേ ബുള്ളറ്റ് ..!! “ഭഗവാനെ പെട്ടു … അവൾ മനസ്സിലോർത്തു… വണ്ടി അവൾക്കു മുന്നിൽ ബ്രേക്കിട്ടു നിന്നു . ഹെൽമെറ്റ് വച്ചിരുന്നത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല . മുണ്ടും കറുത്ത ഷർട്ടുമാണ് വേഷം. അമ്പലത്തിൽ നിന്നുള്ള വരവാണെന്ന് തോന്നുന്നു . ആൾ വണ്ടി ഓഫ് ചെയ്ത് സ്റ്റാൻഡിൽ ഇട്ടു പാർവ്വതിക്ക് നേരേക്ക് നടന്നു ചെന്ന് അവൾക്ക് അഭിമുഖമായി നിന്നു. ഹെൽമെറ്റ് ഊരി… “ആരാ… എന്തിനാ അകത്തേക്ക് നോക്കിയത്..?? കുട്ടി ആരെ കാണാൻ വന്നതാ ?? എന്തെങ്കിലും പറയെടോ… ഹലോ…. ടോ…ദേ മഴ ചാറുന്നു.. അങ്ങോട്ട് നീങ്ങി നിൽക്ക്.. അയാൾ തലയിൽ കൈവച്ച് കൊണ്ട് വണ്ടിക്കടുത്തേക്ക് ഓടി… പാർവതിയുടെ ചിന്തയിൽ മുഴുവൻ മറ്റെന്തൊക്കെയോ ആയിരുന്നു.. അയാൾ പറഞ്ഞതൊന്നും അവൾ കേട്ടില്ല ..!! അയാളുടെ മുഖവും മുഖത്തെ ഭാവങ്ങളും മാത്രം അവളുടെ കണ്ണുകളിലുടക്കി.

മഴത്തുള്ളികൾ ശരീരം നനച്ചു തുടങ്ങിയിട്ടും അവൾ ആ നിൽപ്പു തുടർന്നു.. എപ്പോഴൊക്കെയോ താൻ സ്വപ്നത്തിൽ കണ്ട മുഖം…!! സ്വപ്നത്തിൽ ആണോ.. അതോ മറ്റെവിടെയെങ്കിലും..? ഈ മുഖം എനിക്ക് പരിചിതമാണ്.. ഇന്നലെ കേട്ട അതേ ശബ്ദം…! ഇയാൾ… ഇയാളാരാ…?? ഇതാണോ ജയ് കൃഷ്ണൻ? ഇയാൾ എങ്ങനെ എന്റെ സ്വപ്നത്തിൽ….. ഓർമ്മകളിൽ…?? അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞു! വണ്ടി നനയാത്ത രീതിയിൽ പടിപ്പുരയോട് ചേർത്ത് വച്ച ശേഷം അയാൾ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് പടിപ്പുരയിലേക്ക് കയറ്റി നിർത്തി.. പാർവ്വതി അപ്പോഴും നനഞ്ഞ മുടിയിഴകളിലെ വെള്ളം തട്ടിക്കളയുന്ന അയാളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു… “ടോ…..അയാൾ ഉച്ചത്തിൽ അവളെ വിളിച്ചു.. പാർവ്വതി ഞെട്ടി ചുറ്റും നോക്കി… തുടരും…