19/04/2026

ഈ മഴക്കാലത്ത് : ഭാഗം 01

രചന – നിവേദ്യ

ഹരിഹരൻ ‘ശ്ശോ… എന്തൊരു മഴയാ… പാർവ്വതി മാനത്തേക്ക് നോക്കി… ‘ഇരുണ്ടു പിടിച്ചേക്കുവാണല്ലോ കണ്ണാ … അവൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് അടുത്തു കണ്ട വീടിന്റെ പടിപ്പുരയിലേക്ക് കയറി നിന്നു.. ‘ബാഗും ഡ്രസ്സും ഒക്കെ നനഞ്ഞു .. അവൾ ദാവണി കൊട്ടിക്കുടഞ്ഞു.. വെള്ളത്തുള്ളികൾ അവിടമാകെ ചിതറി.. ‘കുട അമ്മ കോലായിലേക്ക് എടുത്തു വച്ചതാ .. താനാ മറന്നത് ..!! വൈകിട്ട് വീട്ടിലേക്ക് ചെല്ലുമ്പോ അമ്മേടെ നാവിലെ സരസ്വതി വിളയാട്ടം കേൾക്കേണ്ടി വരോല്ലോ ഭഗവാനേ… അവൾ കണ്ണുകൾ ഇറുക്കി അടച്ചു!! ആരെയാണോ ഇന്ന് കണി കണ്ടത്? മനസ്സിൽ ശപിച്ചുക്കൊണ്ടവൾ പറഞ്ഞു.. ‘ഈ വഴി ഇതാദ്യമാണ്.. പരിചയമുള്ള ആരെയും കാണുന്നുമില്ലല്ലോ.. ആദ്യ ദിവസം തന്നെ കോളേജിലെത്താൻ വൈകും !! എന്തു കഷ്ടമാന്നു നോക്കിയേ..!! അവൾ ചിറി കോട്ടി.. ആകെ ഉച്ചവരെയേ ക്ലാസ്സ് ഉള്ളു.. പാർട്ട് ടൈം ജോലി ചെയ്യാല്ലോ എന്നു വിചാരിച്ചാ നല്ല കോളേജിൽ അഡ്മിഷൻ കിട്ടുമായിരുന്നിട്ടും പ്രൈവറ്റ് കോളേജിൽ പിജിയ്ക്ക് ചേർന്നത്.. എന്നാലും അവിടേം കാണില്ലേ റൂൾസ് … ഇനി ഇന്നു ചീത്ത കേട്ടത് തന്നെ..!! പടിപ്പുരയുടെ മതിലിൽ അവൾ കൈ കൊണ്ട് പതുക്കെ ഇടിച്ചു..

പടിപ്പുരയിലെ എഴുത്തിലേക്ക് അപ്പോഴാണ് പാർവ്വതിയുടെ ശ്രദ്ധപതിച്ചത്. ‘ഇല്ലിക്കൽ ‘ എന്ന് ഭംഗിയായി മരത്തിൽ കൊത്തി വച്ചിരുന്നു. അവളുടെ കണ്ണുകൾ പടിപ്പുരയുടെ അക കാഴ്ചകളിലേക്ക് പതിഞ്ഞു.. പാരമ്പര്യം വിളിച്ചോതുന്ന തറവാട് വീട്. മുറ്റും മുഴുവൻ ചെടികളും മരങ്ങളും!! തണലിൽ കിടക്കുന്ന പഴയ അംബാസഡർ കാറും പുതിയ ഏതോ ഒരു വില കൂടിയ കാറും ! കുറച്ചു നീങ്ങി ഒരു ബുള്ളറ്റ് . ‘ ഏതോ വല്ല്യേ ആൾക്കാർ ആണെന്ന് തോന്നുന്നു.. പാർവ്വതി ഉള്ളിൽ പറഞ്ഞു. ‘ഹേയ് .. പാറൂട്ട്യേ.. ഇവിടെ നിൽക്കാ…?? പാർവ്വതി ശബ്ദം കേട്ട് റോഡിലേക്ക് തിരിഞ്ഞു നോക്കി. ‘ദാ … കുട! ശ്രീദേവി തന്നുവിട്ടതാ..’ മാധവൻമാമയാണ് .. അയൽവക്കം ആണെങ്കിലും ബന്ധുക്കളെ പോലാ മാധവൻ മാമയും സീതമ്മയും. ഒരു മകൻ മാത്രം കൃഷി ഓഫിസർ ആയ അരുൺ. ശ്രീദേവിക്കും മകൾ പാർവ്വതിക്കും എന്നും സഹായമായി നിൽക്കുന്ന കുടുംബം.

മാധവനും പാർവ്വതിയുടെ അച്ഛൻ , മരിച്ചു പോയ ശേഖരനും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. ശേഖരൻ ഇല്ലാതായപ്പോൾ അച്ഛന്റെ സ്നേഹം പാർവ്വതി അറിഞ്ഞത് മാധവനിൽ നിന്നുമാണ്. ‘കുട ഞാൻ മറന്നു മാധവമാമ.. ഇനീപ്പോ എങ്ങനാ പോവ്വാന്നു ചിന്തിച്ചു നിൽക്കാരുന്നു.. ‘താങ്ക്യു ഡിയർ.. അവൾ മാധവന്റെ കവിളിൽ നുള്ളിക്കൊണ്ട് കുട വാങ്ങി. ‘കോളേജ് കുട്ടിയായി.. ന്നിട്ടും കുറുമ്പ് മാറീട്ടില്ല.. മാധവൻ ചിരിച്ചു. ‘ന്റെ മാമേടെ അടുത്തല്ലെ എനിക്കിങ്ങനെ കുറുമ്പ് കാട്ടാൻ പറ്റു .. ‘ഉം അതേയതേ വേഗം പോവ്വാൻ നോക്കു പാറൂട്ട്യേ.. ‘അരുണേട്ടൻ ഇറങ്ങ്യോ മാമേ?? ‘ഉം ..അവിടെ കുളീം തേവാരോം നടക്കണുണ്ട് .. ശ്രീദേവി അവനെ അന്വേഷിച്ചാ വന്നേ.. നിനക്ക് കുട വന്നു തരാൻ! അവൻ എണീറ്റിട്ടേ ഉണ്ടായൊള്ളു. അതാ ഞാൻ പാറൂട്ടിക്ക് കുടയായി ഇറങ്ങ്യേ … ഈ വഴി എവിടേലും കാണുമെന്ന് നിരീച്ചാ പോന്നേ..

അവൻ ഇന്നും വൈകും ആപ്പീസിലേക്ക് !! രാത്രി ക്ലബ്ബും കൂട്ടവും കഴിഞ്ഞ് പാതിരാവ് അടുക്കും വരുമ്പോ.. പിന്നെങ്ങനാ നേരത്തിന് ഇറങ്ങണത് ?? ‘ആഹാ .. അപ്പോ ഇന്നും സാർ വൈകുംല്ലേ ‘ പാർവ്വതി ചിരിച്ചു .. എന്നാ ശരി മാമേ … ഞാൻ പോവ്വാ .. ഇനീം നിന്നാൽ വൈകും !! മാമ പൊക്കോളു. ‘സൂക്ഷിച്ചു പോണേ മോളേ..’ ‘ശരി മാമാ .. വൈകിട്ടു കാണാം’ മാധവൻ പോകുന്നത് പാർവ്വതി നോക്കി നിന്നു. തിരിച്ച് നടക്കാൻ ഒരുങ്ങുമ്പോഴാണ് മതിൽക്കെട്ടിൽ നിന്നും മധുര സംഗീതം ഒഴുകിയെത്തിയത് … ആ ശബ്ദം അവളെ അവിടെ പിടിച്ചു നിർത്തി !! ഗാംഭീര്യമുള്ള ആ പുരുഷശബ്ദം ആരെയും ആകർഷിക്കുന്നതായിരുന്നു. ഏതോ കീർത്തനമാണെന്നു തോന്നുന്നു .. ആരായിരിക്കും പാടുന്നത് ..? മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ ജിജ്ഞാസയോടെ അകത്തേക്ക് നോക്കി.. ആരെയും കാണുന്നില്ല.. ശേഷം പ്രായമുള്ള ഒരു സ്ത്രീശബ്ദത്തിലും അതേ കീർത്തനം കേട്ടു.. തുടർന്ന് രണ്ടു പേരും ഒരുമിച്ചും !! അമ്മയും മകനും ആവും ചിലപ്പോൾ അവൾ മനസ്സിലോർത്തു .! സംഗീതത്തിൽ ലയിച്ചു കൊണ്ട് , ഒരിക്കൽ കൂടി മതിൽക്കെട്ടിന് അകത്തേക്ക് നോക്കി കുടയും നിവർത്തി പാർവ്വതി മുന്നോട്ട് നടന്നു നീങ്ങി..

എന്തോ ഭാഗ്യത്തിന് കൃത്യസമയത്ത് കോളേജിൽ എത്തിച്ചേരാൻ സാധിച്ചു.. ‘ശ്രീദീപം ആർട്ട്സ് ആന്റ് സയൻസ് കോളേജ് ‘ എന്ന് വലിയ ബോർഡിൽ എഴുതി വച്ചിരുന്നു. ക്ലാസ്സ് കണ്ടു പിടിച്ച് അകത്തേക്ക് കയറിയിരുന്നു. പൂജ ,ലക്ഷ്മി എന്നീ രണ്ടു പുതിയ കൂട്ടുകാരെയും കിട്ടി. വല്ല്യ കുഴപ്പമില്ലാതെ ആദ്യ ദിനം കടന്നു പോയി.. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ പാർവ്വതി പ്രതീക്ഷിച്ചതു പോലെ കുട മറന്നതിന് ശ്രീദേവിയുടെ വായിൽ നിന്നും ശരിക്ക് കേൾക്കേണ്ടി വന്നു.. ‘ നിന്റെ മറവി കാരണം മറ്റുള്ളവർക്കും ബുദ്ധിമുട്ടായില്ലേ പാറൂട്ടി.. പെണ്ണിന് ഒക്കെ കളിയാ… ആരും ഇല്ലാത്തവരാണെന്ന ചിന്ത ലവലേശം ഇല്ല !! മാധവേട്ടൻ ആയോണ്ട് ഒന്നും പറയണില്ല. ന്നാലും ..ഇത്തിരി ഉത്തരവാദിത്വം വേണ്ടേ കുട്ടി…?? ശ്രീദേവി നിർത്തുന്ന മട്ടില്ലെന്നു കണ്ടപ്പോ പാർവ്വതി ചെവി പൊത്തിക്കൊണ്ട് അടുക്കള ഭാഗത്തു നിന്നും ഇറങ്ങി..

” ന്താ.. അമ്മേം മോളും കശപിശ..?? സീതയാണ് “ന്റെ സീതമ്മോ .. കുട മറന്നതിന് പറയാൻ ഇനി ബാക്കീല്ലാ.. മനുഷ്യനല്ലേ മറവിയൊക്കെ സ്വാഭാവികോല്ലേ..?? പാർവ്വതി ചിണുങ്ങി “നീയെന്തിനാ ശ്രീദേവി അവളെയിങ്ങനെ കുറ്റപ്പെടുത്തണേ.. അവൾക്കൊരബദ്ധം പറ്റി.. ന്ന് വിചാരിച്ച് ഇത്ര വേണ്ടട്ടോ… “ഞാനിനി ഒന്നും പറയണില്ല സീതേച്ചി… ന്നാലും ഇപ്പോഴും ഇവൾക്ക് എല്ലാം കുട്ടിക്കളിയാണെന്നേ…’ ഇതും പറഞ്ഞ് ശ്രീദേവി അകത്തേക്ക് പോയി.. അതുപോട്ടെ നമ്മുടെ ആപ്പിസർ ഇന്നും വൈകിയാ പോയെ ..? പാർവ്വതി സീതക്കൊപ്പം അവരുടെ അടുക്കളയിലേക്ക് കയറി.. “ആന്നേ.. ഓടിപ്പിടിച്ച് പോണ കണ്ടു. ഇഡ്ഡലി ഉണ്ടാക്കീട്ട് ഒന്നു തൊട്ടു പോലുമില്ല.. പാറൂട്ടിക്ക് എടുക്കട്ടെ ഇഡ്ഡലീം ചട്ട്ണീം..?? അതോ സാമ്പാർ കൂട്ടി നല്ല ചോറ് വേണോ? “സാമ്പാറാണോ …. എന്നാ ഊണ് ഇവിടന്നു മതി.

സീത ഒരു പ്ലേറ്റിൽ കുറച്ച് ചോറും സാമ്പാറും തോരനും ഇട്ട് അവൾടെ കയ്യിൽ കൊടുത്തു. ഇവിടെല്ലാരും കഴിച്ചോ ?? “ഉം ഞാനും മാധവേട്ടനും ഒരു മണി ആയപ്പോഴേ കഴിച്ചു.. നീയിനി ഈ നേരത്താ വരാ??? “ആ ക്ലാസ്സ് കഴിഞ്ഞ് ബസ്സ് പിടിച്ചു വരുമ്പോ ഈ സമയം ആവും. “എന്നാ നീ കഴിക്ക് ഞാൻ അച്ചുന്റെ ഡ്രസ്സ് നനച്ചിട്ടിട്ടു വരാം… “ശരി.. സീതമ്മ പൊക്കോ.. പർവ്വതി അടുക്കളയോട് ചേർത്ത് കെട്ടിയ അരഭിത്തിയിൽ ഇരുന്നു. ചോറെടുത്ത് ഓരോ ഉരുള കഴിക്കുമ്പോഴും അവളുടെയുള്ളിൽ രാവിലെ കേട്ട കീർത്തനം മുഴങ്ങിക്കൊണ്ടിരുന്നു. എത്ര നല്ല ശബ്ദമായിരുന്നു. പാടിയവരെ ഒന്നു കണ്ടിരുന്നെങ്കിൽ.. നാളെ പോകുമ്പോൾ നോക്കാം . അവൾ മനസ്സിലുറപ്പിച്ചു!! പാറൂട്ട്യേ…. ശ്രീദേവിയുടെ നീട്ടിയുള്ള വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി. തുടരും… ✍️ നിവേദ്യ ഹരിഹരൻ