17/04/2026

നിനക്കായ് മാത്രം : ഭാഗം 26

രചന – റോസാ തോമസ്

എബിൻ ടെൻഷനോടെ ഹോസ്പിറ്റലിൽ കയറി ഐസിയുവിലേക്ക് നടന്നു.. പുറകെ പേടിയോടെ അന്നയും… അന്ന പക്ഷേ ഐസിയുവിന് കുറച്ചു മുന്നിലായിട്ട് മാറി നിന്നതേയുള്ളൂ.. ഐസിയുവിന് മുന്നിൽ സുമിയുടെ വീട്ടുകാർ എല്ലാരും കാണുമല്ലോ എന്ന് കരുതി… സുമി കൈ മുറിച്ച് കുറച്ചു രക്തം പോയത് ഒഴിച്ച് വേറെ കുഴപ്പമൊന്നുമില്ല.. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം വന്നു.. പിറ്റേദിവസം രാവിലെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന് പറഞ്ഞു.. വിവരങ്ങൾ അറിഞ്ഞ അന്ന സുമിക്ക് കുഴപ്പമില്ലല്ലോ എന്ന ആശ്വാസത്തോടെയും എബി വീണ്ടും ടെൻഷനിലും പുറത്തേക്കു നടന്നു.. നടന്നു തുടങ്ങിയപ്പോൾ റീനയും ടോമിച്ചനും കൂടി അവനെ വിളിച്ചു നിർത്തി സംസാരിച്ചു. എബി…. നീ ഈ വിവാഹത്തിന് സമ്മതിച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും വരില്ലായിരുന്നു… എന്റെ മോൾ നിന്നെ അത്രയ്ക്ക് ആഗ്രഹിച്ചു പോയി അതുകൊണ്ടാ.. ഇനിയെങ്കിലും സമ്മതിക്കണം ഈ വിവാഹത്തിന്… റീന അപേക്ഷ പോലെ പറഞ്ഞു…

എബിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു… ടോമിച്ചനും അവന്റെ അടുത്ത് ചെന്ന് സംസാരിച്ചു.. അവന്റെ കൈകൾ എടുത്തു പിടിച്ചു കൊണ്ട് അപേക്ഷിച്ചു… എബിൻ…പ്ലീസ്… പറ്റില്ല എന്നു പറയരുത്…എന്റെ മോള്..അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.. തിരിച്ചു കിട്ടാത്ത വിധത്തിൽ നഷ്ടപ്പെട്ടു എന്ന് തോന്നിയ നിമിഷം അന്ന മുകളിലെ തന്റെ റൂമിലേക്ക് നടന്നു.. തകർന്ന ഹൃദയവുമായി.. എബിൻ മുകളിലെ ഡോക്ടർസ് സൈഡിലേക്ക് നടന്നു… അവിടെ ഹാളിൽ തന്നെ ആനിയും ജോസേട്ടനും സച്ചിയും ഒക്കേ നിൽപ്പുണ്ടായിരുന്നു.. എബിൻ എല്ലാവരെയും ഒന്ന് നോക്കി മിണ്ടാതെ നിന്നതേയുള്ളൂ.. ആനി എബിന്റെ അടുത്തേക്ക് ചെന്ന് ചേർത്തുപിടിച്ചു.. ഒരു ആശ്രയം കിട്ടിയതുപോലെ എബിൻ ആനിയുടെ തോളിലേക്ക് ചാഞ്ഞു..ആനി അവന്റെ തോളിൽ മെല്ലെ തട്ടി ആശ്വസിപ്പിച്ചു…

എന്നിട്ട് അവന്റെ മുഖത്ത് നോക്കി ദൃഢതയോടെ പറഞ്ഞു.. എബി…. നിനക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുക… ഞങ്ങളെല്ലാവരും നിന്റെ ഒപ്പം ഉണ്ട്… തീരുമാനമെടുക്കുമ്പോൾ നന്നായിട്ട് ആലോചിച്ചു എടുക്കൂ…എബി ഇപ്പൊ വീട്ടിൽ പോയി റസ്റ്റ് എടുക്ക്.. എന്നുപറഞ്ഞ് എബിനെ ജോസേട്ടന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തിട്ട് ആനി അന്നയെ അന്വേഷിച്ചു റൂമിലേക്ക് പോയി.. അന്ന തിങ്ങി വന്ന കരച്ചിൽ കടിച്ചുപിടിച്ചു നിർത്തി.. ഏത് നിമിഷവും അമ്മ കേറി വരാം എന്നറിഞ്ഞു കൊണ്ടാണ്.. കരഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാവും..എന്താണെന്ന് ചോദിക്കും….. അമ്മയെ ഓർക്കാതെ ഒരു നിമിഷം മനസ്സ് കൈവിട്ടതിന്റെ ശിക്ഷയാണ്… ഒരിക്കലും പ്രണയിക്കരുതെന്നു കരുതിയതാണ്…പ്രണയിച്ചു തുടങ്ങി എന്നു പറയാൻ പറ്റില്ല… പക്ഷേ ഒരു നിമിഷം മനസ്സ് കൈവിട്ടു പോയി…

അങ്ങനെയൊക്കെ ചിന്തിച്ചു പോയി.. തുടങ്ങിയപ്പോൾ തന്നെ കൊഴിഞ്ഞുപോയ പ്രണയം..തെറ്റാണ്.. അതിന്റെ ശിക്ഷയാണ് തനിക്ക് കിട്ടിയത്… എന്തായാലും തുടക്കത്തിൽ തന്നെ ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി… അല്ലെങ്കിൽ ഒരു പക്ഷേ ഒരുപാട് തകർന്നു പോയേനെ…അന്ന കരച്ചിൽ അടക്കിപ്പിടിച്ച് നിന്നു… അപ്പോഴേക്കും ആനി കയറി വന്നു പോവാം എന്ന് പറഞ്ഞു.. അവളുടെ മുഖം കണ്ടു എന്താണെന്ന് ചോദിച്ചെങ്കിലും പനിയുടെ ക്ഷീണമാണ് എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി… വീട്ടിൽ ചെന്ന് എത്തിയ ഉടനെ ക്ഷീണമുണ്ട്..കിടക്കണം എന്ന് പറഞ്ഞു അവൾ മുറി അടച്ച് കട്ടിലിൽ കിടന്ന കൊണ്ട് കരഞ്ഞുതീർത്തു.. രാത്രി ആയപ്പോഴേക്കും എണീറ്റെങ്കിലും ഒരുപാട് കരഞ്ഞതുകൊണ്ട് ആവും മുഖമെല്ലാം വിങ്ങിയിരിക്കുന്നു..

താഴേക്ക് പോയാൽ എല്ലാവർക്കും മനസ്സിലാകും എന്നുള്ളതുകൊണ്ട് അവൾ അകത്തുതന്നെയിരുന്നു.. വെല്ലുമ്മച്ചി കഞ്ഞി കൊണ്ടു വന്നെങ്കിലും കഴിച്ചോളാം എന്ന് പറഞ്ഞ് മുഖം കാണിക്കാതെ കിടന്നു.. വല്യമ്മച്ചി പോയ ഉടനെ കഞ്ഞി എടുത്ത് കഴിച്ച് വീണ്ടും കിടന്നു… അല്ലെങ്കിൽ അമ്മ കേറി വരും.. അവൾ ഉറങ്ങിയത് പോലെ കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വരുന്നതും തന്റെ മുഖവും പുറവും എല്ലാം തലോടി തരുന്നതും അറിഞ്ഞു.. ഉറങ്ങുന്നതുപോലെ നടിച്ചു കിടന്നെങ്കിലും.. അമ്മ തൊടുമ്പോൾ അവളുടെ ഉള്ളം കുറ്റബോധം കൊണ്ട് നീറി…. ഇനിയൊരിക്കലും താനിങ്ങനെ ഒന്നും ചെയ്യില്ല.. നാളെ എബിൻ ഡോക്ടർ സമ്മതം പറഞ്ഞാലും ഇല്ലെങ്കിലും… അവിടെ എന്ത് സംഭവിച്ചാലും..

പിറ്റേ ദിവസം രാവിലെ എണീറ്റപ്പോഴും മുഖം വീങ്ങിയിരുന്നു.. ആനി അവളുടെ അടുത്ത് ചെന്ന് ഇരുന്നു.. എന്തുപറ്റി മോളെ.. പനിയുടെ ക്ഷീണം ഉണ്ടെന്നറിയാം.. പക്ഷേ അതൊന്നും അല്ല മറ്റെന്തോ ഉണ്ട്.. അന്ന പെട്ടെന്ന് വല്ലാതായി.. ഒരു പൊട്ടി കരച്ചിലോടെ ആനിയുടെ തോളിലേക്ക് വീണു.. കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു.. പറയരുതെന്ന് വിചാരിച്ചതാ.. വെറുതെ അമ്മയെ വിഷമിപ്പിക്കാൻ… അമ്മയോട് പക്ഷെ ഒളിപ്പിച്ചു വെക്കാൻ പറ്റുന്നില്ല.. പറഞ്ഞു കഴിഞ്ഞു കുറെ നേരം കരഞ്ഞു.. കരച്ചിലൊന്നു അടങ്ങിയപ്പോൾ അന്ന സോറി പറഞ്ഞു..അമ്മയോട്… എല്ലാത്തിനും.. സാരമില്ല മോളെ.. നിന്നെ ഉപദേശിക്കേണ്ട കാര്യമൊന്നുമില്ല..മോൾക്ക് എല്ലാം അറിയാം..അതുകൊണ്ട് സാരമില്ല.. എല്ലാം മറന്നേരെ… നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല.. ചെയ്യുകയുമില്ല എന്ന് എനിക്കറിയാം.. എന്റെ മകളെ എനിക്ക് വിശ്വാസമാണ്..എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് അവൾക്കൊരു ഉമ്മ കൊടുത്തിട്ട് കണ്ണ് തുടച്ചു കൊണ്ടു ആനി ജോലിക്ക് പോയി..

അന്ന രണ്ടുദിവസം കൂടി റസ്റ്റ് എടുത്തു.. എബിൻ രാവിലെ ക്യാബിനിലേക്ക് കയറാതെ നേരെ സുമി കിടക്കുന്ന റൂമിലേക്ക് പോയി.. ജോസേട്ടനും അവന്റെ കൂടെ ഉണ്ടായിരുന്നു.. സുമിയെ റൂമിലേക്ക് ജസ്റ്റ് മാറ്റിയതേ ഉണ്ടായിരുന്നുള്ളൂ.. റൂമിൽ റീനയും ടോമിച്ചനും വല്യമ്മച്ചിയും സുമിയുടെ ആങ്ങള സുബിനും ടോമിച്ചന്റെ സുഹൃത്ത് തമ്പിയും ഉണ്ടായിരുന്നു.. എബിനെ കണ്ടയുടൻ സുമി എഴുന്നേറ്റിരുന്നു.. ഇപ്പോ എങ്ങനെയുണ്ട് സുമിക്ക്… ജോസേട്ടൻ ചോദിച്ചു.. കുഴപ്പമില്ല അങ്കിൾ… മോള് വിഷമിക്കേണ്ട.. എബിനുമായുള്ള വിവാഹം ഉടനെ നടക്കും..റീന സന്തോഷത്തോടെ പറഞ്ഞു.. എബിന് ദേഷ്യവും സങ്കടവും എല്ലാം വന്നെങ്കിലും അടക്കിപ്പിടിച്ചു.. അമ്മ എന്തൊക്കെയാ ഈ പറയുന്നത്.. സുമി വേദനയോടെ ചോദിച്ചു.. എബി നിന്നെ കൈവിടില്ല മോളെ.. നീ വിഷമിക്കേണ്ട..റീന പറഞ്ഞു.. അമ്മേ..അമ്മ വിചാരിക്കുന്നതുപോലെ ഒന്നുമല്ല..എബിൻ ഡോക്ടർ വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ടല്ല ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്..

എബിൻ ഡോക്ടർ എന്നോട് ക്ഷമിക്കണം.. കുറച്ചു നേരത്തേക്ക് ആണെങ്കിലും വിഷമിപ്പിച്ചതിന്.. മോളെ.. നീ എന്തൊക്കെയാണ് പറയുന്നത്… ടോമിച്ചൻ ചോദിച്ചു. പപ്പാ എന്നോട് ക്ഷമിക്കണം… എനിക്കൊരു അബദ്ധം പറ്റി പോയി.. എന്തബദ്ധം.. റീന പേടിയോടെ ചോദിച്ചു.. അത്… എന്നെ വഴക്ക് പറയല്ലേ.. മോളെ എന്തുണ്ടെങ്കിലും നീ പറയ്..നമുക്ക് സമാധാനം ഉണ്ടാക്കാം..തമ്പി മുന്നോട്ടു വന്നു കൊണ്ട് പറഞ്ഞു.. സത്യമാണോ.. അങ്കിൾ… അങ്കിൾ പറഞ്ഞത് സത്യമാണോ.. അങ്കിൾ എനിക്ക് വാക്ക് തരുമോ.. മോള് പേടിക്കാതെ പറ.. നമുക്ക് വഴി ഉണ്ടാക്കാം..വാക്ക്.. എങ്കിൽ അങ്കിൾ പറ.. അങ്കിളിന്റെ മകൻ എന്തിയെ.. ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണല്ലോ.. മോളെ.. നീ എന്തൊക്കെയാ പറയുന്നത്.. വല്യമ്മച്ചി ചോദിച്ചു. ഞാൻ….ഞാനും തമ്പി അങ്കിളിന്റെ മകൻ ജ്യോതിഷും തമ്മിൽ സ്നേഹത്തിലായിരുന്നു.. എന്റെ മോളെ നീ സത്യമാണോ പറയുന്നത്.. പേടിക്കാതെ തുറന്നു പറ.. പേടിച്ചിട്ട് നീ മാറ്റി പറയുമൊന്നും വേണ്ട..റീന ചോദിച്ചു..

എബിൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിപ്പോയി.. ജോസേട്ടൻ അവിടെത്തന്നെ നിന്നു.. സത്യമാണ് അമ്മേ.. പിന്നേ… ഞാൻ ഗർഭിണിയാണ്.. ഇത് ഞാൻ ജ്യോതിഷിനോട് ഫോണിൽ വിളിച്ച് പറഞ്ഞതുമാണ്.. പക്ഷേ അതിനുശേഷം അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.. അവിടെ നിന്നവർ എല്ലാം സുമി പറയുന്നത് കേട്ട് ഞെട്ടി നിന്നു. എടീ ഒരുമ്പെട്ടവളെ.. എന്നു പറഞ്ഞുകൊണ്ട് റീന അവളെ തലങ്ങും വിലങ്ങും അടിച്ചു..അവളെ ആരും തടഞ്ഞില്ല.. എല്ലാവരും ആ വാർത്ത കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു.. ജോസേട്ടൻ പതിയെ ആ മുറിയിൽ നിന്ന് പിൻവാങ്ങി. തള്ള വേലി ചാടിയാൽ മകൾ മതിൽ ചാടും … എന്നു പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ട് വലിയമ്മച്ചി സുബിനെയും കൂട്ടി പുറത്തേക്ക് പോയി.. തമ്പി പോകുന്നത് കണ്ടു ടോമിച്ചൻ പുറകെ ചെന്നു.. തമ്പി…ടോമിച്ചൻ വിളിച്ചു. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ലല്ലോ.. എന്തായാലും ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ..

രണ്ടുമൂന്നു ഫോണും സിമ്മും ഒക്കെ ഉണ്ട്.. ഇന്നലെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോവാന്നു പറഞ്ഞ് പോയതാണ്..താൻ വിഷമിക്കാതെ.. ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല..തമ്പി പറഞ്ഞു. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലല്ലോ… നമുക്ക് എത്രയും പെട്ടെന്ന് വിവാഹം നടത്താം…അവനെ എനിക്ക് ഒന്ന് കാണണം..ടോമിച്ചൻ പറഞ്ഞു. നമുക്ക് വഴിയുണ്ടാക്കാമെടോ.. എന്നു പറഞ്ഞ് തമ്പി നടന്നു.. അയാളുടെ ഉള്ളം സന്തോഷിക്കുകയായിരുന്നു..ഒരു ഉപയോഗവുമില്ല എന്ന് കരുതിയ മകനാണ്.. പക്ഷേ ഇപ്പോൾ ലോട്ടറി അല്ലേ അടിച്ചിരിക്കുന്നത്.. ഈ അവസരം എന്തായാലും നന്നായിട്ട് ഉപയോഗിക്കണം.. പിന്നീട് ഒന്നും കിട്ടിയില്ലെന്നു വരും.. എന്നാലും അവനെ ഇനി എങ്ങനെ ഒന്ന് സമ്മതിപ്പിച്ചെടുക്കും… വിവാഹത്തോട് അവനു താല്പര്യം ഇല്ല.. എന്തായാലും അവനെ സമ്മതിപ്പിക്കും എന്ന ഗൂഡ്ഢലോചനയുമായി തമ്പി നടന്നു..

ടോമിച്ചൻ തമ്പി പോയ വഴിയെ നോക്കി നിന്നു… തകർന്നു മനസ്സുമായി….. തന്റെ മകൾ തന്നെ തകർത്തു കളഞ്ഞു.. ജ്യോതിഷ ഒരു തല്ലിപ്പൊളി ആണെന്ന് നാട്ടിൽ എല്ലാവർക്കും അറിയാം.. അവനെത്തന്നെ അവൾക്ക്.. മാത്രമല്ല ഹിന്ദു കുടുംബമാണ്.. പെട്ടെന്ന് അയാൾക്ക് മറ്റൊരു രംഗം ഓർമ്മ വന്നു… ആനിയെ ഭദ്രൻ വിവാഹം കഴിച്ച ദിവസം.. ഭദ്രൻ ഹിന്ദു ആയതുകൊണ്ട് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം.. തന്റെ തിരക്കഥയിൽ നടന്ന വിവാഹം.. വിവാഹത്തിന് ആനിയെ ഒരുക്കി രജിസ്റ്റർ ഓഫീസിൽ നിർത്തിയപ്പോൾ താനൊന്ന് കാണാൻ പോയിരുന്നു.. അന്ന് ആനി കരഞ്ഞുകൊണ്ട് തന്നെ നോക്കിയ നോട്ടം ഇപ്പോഴും തന്നെ പിന്തുടരുന്നു എന്ന് തോന്നുന്നു… അന്ന് തനിക്ക് ഒരു വിജയഭാവമായിരുന്നു…വലിയ അഭിമാനിയായിരുന്ന പുത്തൻപുരയ്ക്കലെ ആനിയുടെ അപ്പനെ ആ വിവാഹത്തിന് സമ്മതിപ്പിക്കുമ്പോൾ ആനിയുടെ മുഖത്തെ സങ്കടം തനിക്ക് ലഹരിയായിരുന്നു..

ഇപ്പോൾ താനും അതേ രജിസ്റ്റർ ഓഫീസിൽ നിൽക്കേണ്ടിവരും.. തന്റെ മകളെയും ഒരു അന്യമതത്തിലുള്ള പയ്യനെ കൊണ്ട്.. ഭദ്രനെപോലെ തന്നെ സ്വഭാവമുള്ള ഒരുത്തനെ കൊണ്ട്.. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.. സുമി ഗർഭിണിയാണെന്ന വിവരം നാടു മുഴുവൻ അറിഞ്ഞു.. സുമി ഹോസ്റ്റലിൽ പോയിട്ട് കോളേജിൽ പോവാണെന്ന് പറഞ്ഞ് ചുറ്റി നടന്നതും ലോഡ്ജിൽ റൂം എടുത്തതും എല്ലാം നാട്ടുകാർ കണ്ടുപിടിച്ചു പറഞ്ഞു നടന്നു…അതുകൊണ്ടുതന്നെ ജ്യോതിഷിനെ സമ്മതിപ്പിക്കാൻ എളുപ്പമായിരുന്നു.. അവൻ നാടുവിടാൻ കുറെ ശ്രമം ഒക്കെ നടത്തിയെങ്കിലും തമ്പി സമ്മതിച്ചില്ല…. അവനെ വീട്ടിൽ നിന്ന് ഇറക്കാതെ ഇരുത്തുകയും അവന്റെ സ്വഭാവ ദോഷങ്ങൾ കൂടുതൽ ആരും അറിയാതെ വിവാഹം നടത്താൻ അയാൾ ധൃതി കാണിക്കുകയും ചെയ്തു.. അവസാനം വിവാഹം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നടത്താൻ തീരുമാനമായി..

തമ്പി അമിത വിനയം കാണിച്ച് സ്വർണ്ണവും പണവും എല്ലാം വിലപേശി.. ടോമിച്ചന് എല്ലാം മനസ്സിലായെങ്കിലും ഒന്നും തിരിച്ചു പറയാനായില്ല..അവർ ചോദിച്ചത് എല്ലാം കൊടുക്കേണ്ടി വന്നു. അങ്ങനെ ആ വിവാഹം നടന്നു..റീനയ്ക്ക് സുമിയുടെ കാര്യം വലിയ ഒരു അടിയായി പോയി..തന്റെ പ്രതീക്ഷകൾ എല്ലാം തകർന്നു.. മാത്രമല്ല ജ്യോതിഷിനെ പോലെ ഒരുത്തനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കേണ്ടി വന്നു.. റീന കുറേ ദിവസത്തേക്ക് പുറത്തേക്കിറങ്ങിയില്ല… വിവാഹത്തിന് ടോമിച്ചനും റീനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വല്യമ്മച്ചി അതിനുശേഷം റീനയോടും മകളോടും മിണ്ടിയിട്ടു പോലുമില്ല.. ഇടയ്ക്കിടയ്ക്ക് കുത്തുവാക്കുകളും പറയും.. റീനക്ക് കേട്ടുകൊണ്ട് നിൽക്കാൻ മാത്രമേ പറ്റുവൊള്ളൂ.. സുബിൻ പിന്നെ വലിയമ്മച്ചിയുടെ മാനസപുത്രനാണ്.. വിവരം അറിഞ്ഞ അന്ന് തന്നെ അവൻ പോയതാണ്.. ഇതുവരെ വന്നിട്ടില്ല..

അന്ന വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു.. പ്രശ്നങ്ങളെല്ലാം ഒഴിവായെങ്കിലും ഇനി പഴയതൊന്നും ചിന്തിക്കില്ലെന്നു അവൾ ഉറപ്പിച്ചു.. ഇനി ഒരിക്കൽ കൂടി വിഷമിക്കാൻ വയ്യ..എല്ലാം മറന്ന പഴയതുപോലെ അവൾ നടക്കാൻ തുടങ്ങി.. ഭദ്രനും അന്നയും കൂടി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒക്കെയായി നടന്നു…സന്ധ്യ വിവരം പറഞ്ഞ അറിഞ്ഞ് ജീനയും ശ്രുതിയും കളിയാക്കിക്കൊണ്ട് വിളിച്ചെങ്കിലും പിന്നീട് നടന്ന കാര്യങ്ങളെല്ലാം കേട്ട് അവർ അവളെ ആശ്വസിപ്പിച്ചു.. അന്ന് വൈകുന്നേരം ആനി അന്നയുടെ അടുത്തു ചെന്നിരുന്നു.. പിന്നെയെ..നിനക്ക് സന്തോഷം ഉള്ള രണ്ടു മൂന്നു കാര്യങ്ങൾ പറയാനാണ് ഞാൻ വന്നത് കേട്ടോ.. എന്താ അമ്മേ… അന്ന താല്പര്യത്തോടെ ചോദിച്ചു.. ഒന്നാമത്തെ കാര്യം എന്റെ മുടങ്ങിപ്പോയ കാഞ്ചിപുരം യാത്ര..ഒന്നുകൂടി പോകാൻ ഞാൻ തീരുമാനിച്ചു..

ഇപ്രാവശ്യം എന്റെ കൂടെ നിന്നെയും കൂട്ടാം.. എങ്ങനുണ്ട്.. നമ്മൾ രണ്ടുപേരും കൂടി ഒരുമിച്ചുള്ള ഒരു യാത്ര.. ഇവിടെ അമ്മച്ചി ഉണ്ടല്ലോ…ജാനമ്മ ചേച്ചിയും…. അവർ ദദ്രന്റെ കാര്യമൊക്കെ ശ്രദ്ധിച്ചോളും.. രാത്രിയിൽ റോയിയോട് വന്നു നിക്കാൻ പറയാം.. തിരിച്ചുവന്നാൽ ഉടനെ മാലിനിയുടെ വിവാഹം.. അതും അങ്ങ് അടിച്ചുപൊളിചേക്കാം.. അടിപൊളി…താങ്ക്യൂ അമ്മ.. അന്ന സന്തോഷത്തോടെ ആനിയെ കെട്ടിപ്പിടിച്ചു.. ഇനി ഒരു കാര്യം കൂടിയുണ്ട്.. അതും സർപ്രൈസ് ആണോ അമ്മേ.. അതെന്നെ.. ഭദ്രന്റെ പെങ്ങൾ ഗൗരിയും കുടുംബവും വരുന്നുണ്ട്..നിന്നെ കാണാൻ.. അവർക്ക് വെക്കേഷൻ തുടങ്ങുകയാണ്.. അപ്പോൾ അവരുടെ കൂടെ ഇപ്രാവശ്യത്തെ നമ്മുടെ ക്രിസ്മസ്.. താങ്ക്യൂ അമ്മക്കുട്ടി.. തുടരും..