19/04/2026

മീരാമാധവം : ഭാഗം 07

രചന – വൈദേഹി വൈഗ

തിരിഞ്ഞു നോക്കിയപ്പോൾ സ്നേഹ… “നി എന്തിനാ മീരാ ഇവിടെ ഇങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ… ” “ഒന്നുല്ലടാ… ഞാൻ വെറുതെ ഇവിടെ ഒക്കെ ഒന്ന് കാണാൻ.. ” “ഇതെന്താ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ… താൻ കരയുവാണോ… ” “ഏയ്യ്.. അത്‌ കണ്ണിൽ കരട് പോയതാ… ” ഞാൻ കണ്ണുതുടച്ചു അവിടെ ഇന്നും എഴുനേറ്റു.. “മ്മ്… നേരം സന്ധ്യ ആയില്ലേ.. നി റൂമിലേക്ക്‌ വാ.. ” ഞാൻ സ്നേഹയുടെ പിറകെ റൂമിലേക്ക്‌ നടന്നു… അകെ മൊത്തം വല്ലാത്തൊരു മൂഡ് ഓഫ്‌… റൂമിൽ ചെന്നു കുളിച്ചു ഫ്രഷായി. കോളേജിലെ ഓരോ കാര്യങ്ങൾ എന്നോട് പറയുകയായിരുന്നു സ്നേഹ.. അതിനിടയിൽ ഞാൻ അറിയാത്ത പോലെ ചോദിച്ചു… “ഇന്നൊരു പുതിയ സർ വന്നില്ലേ.. അതാരാ . ” “പുതിയത് ഒന്നും അല്ല.. നി ജോയിൻ ചെയ്ത അന്ന് പുള്ളിക്കാരൻ ലീവ് ആയിരുന്നു ല്ലോ .. ആൾടെ പേര് മാധവ്… ആൾ വേറെ ലെവൽ ആണ്.. ക്ലാസും സൂപ്പർ… പിള്ളേർ പറഞ്ഞു കേട്ടതാ… ” “മ്മ്…. ” പുറമെ എല്ലാരോടും മാന്യൻ… ചെകുത്താൻ ആണെന്ന് എനിക്കല്ലേ അറിയു.. “ഇവിടുന്നു ഇനി സ്ഥലം മാറ്റം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ സ്നേഹ.. ”

“സ്ഥലം മറ്റോ… നി എന്താ ഈ പറയണേ… ഇന്നലെ ജോയിൻ ചെയാത്തതല്ലേ ഉള്ളു.. അപ്പോഴേക്കും പോകേണ്ട കാര്യം ആയോ ചിന്ത .. ” “ഏയ്‌ ഞാൻ വെറുതെ ചോദിച്ചതാ… ” സംസാരം അവസാനിപ്പിച്ചു ഞങ്ങള് ഉറങ്ങാൻ കിടന്നു. നാളെ കോളേജിൽ പോകേണ്ടത് ഓർക്കുമ്പോൾ ഇപ്പഴേ ദേഷ്യം വരുന്നു … അയാള് കരണം ഞാൻ എത്ര കാലം ഇങ്ങനെ ഓടും.. ഈ ഓട്ടം എവിടെ ചെന്നു അവസാനിപ്പിക്കും എന്റെ കണ്ണാ… ഇന്ന് സ്നേഹക്ക് രാവിലെ സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് എട്ടരയ്ക്ക് തന്നെ കോളേജിൽ എത്തി … സ്റ്റാഫ്‌ റൂമിലേക്ക്‌ കയറാൻ തുടങ്ങുമ്പോൾ തന്നെ അകത്തു നിൽക്കുന്ന ആളെ കണ്ട് എനിക്ക് ദേഷ്യം വന്നു…. “നി എന്താ മീര വരാന്തയിൽ തന്നെ നിന്നു കളഞ്ഞത്… ” ഞാൻ അകത്തു കയറി എന്റെ ടേബിളിൽ ചെന്നിരുന്നു…. തല കുത്തപിടിച്ചു ബുക്സ് വായിച്ചു ഒരുവിധം ഞാൻ അവിടെ ഇരുന്നു.. എങ്കിലും അയാള് മുന്നിൽ ഉണ്ടാവുമ്പോൾ എന്തോ ഒരു അസ്വസ്ഥത.. മാധവന്റെ നോട്ടം എന്നിലേക്ക് തന്നെ ആണെന് എനിക്ക് മനസിലായി…

ഇനിയും ഞാൻ അവിടെ ഇരുന്നാൽ ചിലപ്പോൾ ഞാൻ പരിസരം മറന്നു പോകും… അവിടെ നിന്ന് എണീറ്റു പുറത്തേക്കു നടന്നു…. ഗാർഡനിൽ ചെന്നിരുന്നു… കുട്ടികളൊക്കെ എത്താൻ തുടങ്ങുന്നതേ ഉള്ളു… അതോണ്ട് തന്നെ ഗാർഡനിലെ ഇരിപ്പിടം മുഴുവൻ ഒഴിഞ്ഞു കിടക്കുവാണ്…. ഒരു കൈ എന്റെ ചുമലിൽ വന്നു പതിഞ്ഞു.. “മീരാ.. ” ഒപ്പം ഒരു പുരുഷ ശബ്ദവും… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മാധവ്… “ച്ചി കയ്യെടുക്കെടോ … തൊട്ടു പോകരുതെന്നെ…” “മീര ഇത് കോളേജ് ആണ്.. പിള്ളേർ ശ്രദ്ധിക്കും… ” “എങ്കിൽ ഇവിടുന്ന് പൊ…” “പോകാം.. പക്ഷെ അതിനു മുന്നെ എനിക്ക് പറയാനുള്ളത് താൻ കേൾക്കണം… ” “നോ… നാണം ഇല്ലേ തനിക്കു വീണ്ടും വീണ്ടും എന്റെ മുന്നിൽ വരാൻ… ഇവിടുന്നു ഒന്ന് പോയിതരുവോ…” “മീരാ.. ഞാൻ.. ” “പ്ലീസ് ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌..” പിന്നെ ഒന്നും പറയാതെ അയാള് അവിടെ നിന്ന് പോയി… ദേഷ്യത്തോടെ ഞാൻ അവിടെ ഇരുന്നു… ഇത്രയൊക്കെ ചെയ്തിട്ടും ഇയാൾക്ക് എങ്ങനെ വീണ്ടും വീണ്ടും എന്റെ മുന്നിൽ വരാൻ തോന്നുന്നു… തൊലി കട്ടി അപാരം തന്നെ…. പിന്നീട് എത്ര സമയം അവിടെ അങ്ങനെ ഇരുന്നു എന്ന് അറിയില്ല.. ബെൽ അടിച്ചപ്പോൾ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെന്നു…

അടുത്ത ഹവർ എന്റേതാണ്… ബുക്കും എടുത്തു ക്ലാസ്സിലേക്ക് നടന്നു… ഒരു വിധം എങ്ങനെയോ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ക്ലാസ്സിൽ നിന്നു ഇറങ്ങി .. ഉച്ചക്ക് ശേഷം യൂണിയന്റെ എന്തോ പ്രോഗ്രാം ആയതിനാൽ ക്ലാസ്സ്‌ ഉണ്ടാവില്ല എന്ന് പറയുന്നത് കേട്ടു.. അതേതായാലും ഒരാശ്വാസം ആയി… നാളെയും മറ്റന്നാളും ശനിയും ഞായറും ആയതിനാൽ കോളേജില്ല… “സ്നേഹാ… നി ഹോസ്റ്റലിലേക്ക് വരുന്നുണ്ടോ.. അതോ പ്രോഗ്രാം കഴിഞ്ഞേ ഉള്ളോ.. ” “അവിടെ പോയിട്ട് എന്താക്കാനാ മീര… ഏതായാലും പ്രോഗ്രാം കഴിഞ്ഞു ഈവനിംഗ് പോകാം.. ” “എങ്കിൽ നി മെല്ലെ വാ… ഞാൻ ഇറങ്ങുവാ…” “ഒക്കെ എന്നാൽ… ” വണ്ടി എടുക്കാൻ പാർക്കിങ് ഏരിയയുടെ അടുത്തേക്ക് നടക്കുമ്പോൾ ആരോടോ സംസാരിച്ചു നിൽക്കുന്ന മാധവിനെ കണ്ടു… അയാള് എന്നെ നോക്കുന്നത് കണ്ടപ്പോ ഞാൻ മുഖം തിരിച്ചു … ഹോസ്റ്റലിൽ എത്തി കട്ടിലിലേക്ക് വീണതും അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീർ അണപൊട്ടി ഒഴുകി ..

തലയിണയും കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു… എല്ലാം ഒന്ന് പറയാൻ പോലും എനിക്ക് സ്വന്തം ആയി ആരും ഇല്ലലോ… എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ.. എന്തിനാ അച്ഛാ.. അമ്മേ.. എന്നെ തനിച്ചാക്കി നിങ്ങള് പോയത് . എന്നേം കൂടെ കോട്ടായിരുന്നില്ലേ… എത്ര കാലം ഞാൻ ഇങ്ങനെ ഒറ്റക്ക്… ഞാൻ സ്നേഹിച്ചവരൊക്കെയും എന്നെ വിട്ടു പോവുവാണല്ലോ.. ന്തിനാ എന്റെ കണ്ണാ എന്നോടീ പരീക്ഷണം… എത്രയൊക്കെ ഞാൻ മാറി ന്ന് പറഞ്ഞാലും ചില കാര്യങ്ങളിൽ ഇപ്പോഴും പണ്ടത്തെ ആ പൊട്ടി പെണ്ണ് തന്നെയാ ഞാൻ.. ഇനിയെങ്കിലും എന്നെ വേദനിപ്പിക്കാതെ ഇരുന്നൂടെ… അയാളെ എന്റെ കണ്മുന്നിൽ നിന്നും എവിടേക്കെങ്കിലും പറഞ്ഞയച്ചൂടെ.. ആശ്രമവും സ്വാമിയും യമുനമ്മയും ഒക്കെ മനസിലേക്ക് കടന്നു വരുന്നു… ഫോൺ എടുത്തു യമുനമ്മയെ ഒന്ന് വിളിച്ചു ..

“മോളേ മീരേ… എത്ര കാലം ആയി നിന്റെ ശബ്ദം ഒന്ന് കേട്ടിട്ട്…. നി എന്താ കുട്ടി യമുനമ്മയെ കാണാൻ വരത്തെ … ” “വരാം യമുനമ്മേ… പക്ഷെ… ” “എന്താ മോളേ.. എന്തിനാ നി കരയുന്നെ… ” “അയാള് എന്നെ ജീവിക്കാൻ സമ്മതിക്കില്ല യമുനമ്മേ.. അയാള് ഇവിടേം വന്നു… ” “ആര്… ആരുടെ കാര്യാ മോളേ നി ഈ പറയണേ…” “മാധവ്… ഇവിടെ ഞാൻ ഉള്ള കോളേജിൽ ആയാളും ഉണ്ട്… മുന്നെ അറിഞ്ഞിരുനെങ്കിൽ ഞാൻ വരില്ലാരുന്നു… ” “എന്നാ മോള് ഇങ്ങോട്ട് വാ.. നിന്റെ വരവിനു വേണ്ടി കാത്തിരിക്കുവല്ലേ ഇവിടെ ഉള്ളോരെല്ലാം… ” യമുനമ്മയോട് സംസാരിച്ചപ്പോ എന്തോ ഒരു ധൈര്യം വന്നത് പോലെ.. വല്ലാത്തൊരു ആശ്വാസം…. “മോളേ.. ന്താ ഒന്നും മിണ്ടാത്തെ… ” “ഇല്ല യമുനമ്മേ… ഞാൻ തളരില്ല…. എനിക്ക് ജയിക്കണം… അയാളുടെ മുന്നിൽ ജയിച്ചു കാണിക്കണം… ഇനി കരഞ്ഞോണ്ടിരിക്കാൻ വയ്യ… തല ഉയർത്തിപ്പിടിച്ചു തന്നെ ഞാൻ അയാളുടെ കൺ മുന്നിൽ ജീവിക്കും… ”

“നല്ലത്… ദൈവം ഉണ്ടാവും എന്റെ മോൾടെ കൂടെ… ” “എന്നാ ശരി യമുനമ്മേ.. ഞാൻ പിന്നെ വിളിക്കാം…” ഫോൺ കട്ട്‌ ചെയ്തു അവിടെ ഇരിക്കുമ്പോൾ മുന്നത്തെക്കാളും മനസ് ശാന്തം ആയിരുന്നു.. ഞാൻ ഇതിനു അയാളുടെ മുന്നിൽ നിന്ന് ഓടി ഒളിക്കണം… ഇല്ല.. മുന്നിൽ തന്നെ ജീവിക്കും ഞാൻ…. ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കി.. പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ… എടുക്കണോ… ആദ്യം എടുത്തില്ല.. രണ്ടാമതും അടിച്ചപ്പോൾ എടുത്തു… “ഹലോ.. ” “ഹലോ ഇത് മീര അല്ലേ…” “അതേ.. ഇതാരാണ്… ” “അതൊക്കെ പറയാം.. ഇനി ഇയാളെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്… ആത്യാവശം ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… പറ്റുമെങ്കിൽ വൈകീട്ട് ഒരു അഞ്ചു മണിക്ക് ഫോർട്ടിൽ വാ… അവിടുന്ന് സംസാരിക്കാം… ” “നിങ്ങളാരാ.. ഹലോ ഹലോ… ” കാൾ കട്ടായി… ഇതാരാ ഇപ്പൊ ഇങ്ങനെ പറയാൻ.. ഇവിടെ എനിക്ക് മുൻപ് പരിചയം ഉള്ള ആരും തന്നെ ഇല്ല… മാധവ് ഒഴികെ.. വിളിച്ചത് അയാള് അല്ല എന്ന് ഉറപ്പാണ്..

ആ ശബ്ദം ഇതല്ല… ഒരുപാട് ആലോചിച്ചു.. പോകണോ വേണ്ടയോ.. അവസാനം പോകാൻ തന്നെ തീരുമാനിച്ചു.. ഇവിടെ ഇതിനുള്ളിൽ വെറുതെ ഇരിക്കുക അല്ലേ.. പുറത്തേക്കു ഇറങ്ങിയിട്ടു വരാം… റെഡി ആയി ഡോർ ലോക്ക് ചെയ്തു താഴേക്കു ഇറങ്ങി… കാറിനറിൽ ചെന്നപ്പോഴായിരുന്നു സ്നേഹ വരുന്നത് കണ്ടത്… “സ്നേഹ.. ഞാനൊന്നു പുറത്തു പോയിട്ട് വരാം… റൂമിന്റെ താക്കോൽ വാർഡന്റെ കൈയിൽ ഉണ്ട്.. ” “ആ പെട്ടന്ന് വരിലേ നി.. ” “ഉവ്വ്.. വരും.. ” നേരെ പാലക്കാട്‌ ഫോർട്ടിലേക്ക്.. സമയം അഞ്ചു മണി കഴിഞ്ഞു… അഞ്ചര ആയി .. ആളെ കാണുന്നില്ല… ഇനി എന്നെ പറ്റിച്ചത് ആവുമോ… ഏതായാലും കുറച്ചു നേരം കൂടെ നോക്കാം… ഫോൺ വീണ്ടും റിങ് ചെയ്തു.. ആ നമ്പർ തന്നെ.. “ഹലോ.. നിങ്ങളെന്താ ആളെ കളിയാക്കുവാണോ..” “ചൂടാവാണ്ട മാഡം.. ട്രാഫിക് കരണം അൽപ്പം ലേറ്റ് ആയി… ഒന്ന് തിരിഞ്ഞാൽ എന്നെ കാണാം.. ” ഞാൻ തിരിഞ്ഞു നോക്കിയതും ഒന്ന് ഞെട്ടി.. ഫോൺ ചെവിയിൽ ചേർത്ത് സംസാരിക്കുന്ന ആളുടെ ഒപ്പം മാധവും… തുടരും.