ഇച്ചായന്റെപെണ്ണ്… 15

ഭാഗം പതിനഞ്ച്🤍

“നിന്നെപ്പോലെ ഐശ്വര്യമുള്ള, പരിശുദ്ധയായ ഒരു പെൺകുട്ടിയെയാണ് ഞാൻ എന്റെ കുടുംബത്തിലെ മരുമകളായി ആഗ്രഹിച്ചത്. നീ എന്റെ മകൻ മാർക്കോയ്ക്ക് ഏറ്റവും അനുയോജ്യയായവൾ തന്നെയാണ്! നിന്റെ ഈ ദിവ്യമായ സാന്നിധ്യവും സ്നേഹവും കൊണ്ട് അവൻ്റെ ഉള്ളിലെ സകല ദേഷ്യവും അലിഞ്ഞുപോകും. നിന്റെ വരവോടുകൂടി അവൻ പഴയതിനേക്കാൾ നല്ലൊരു മനുഷ്യനായി മാറും… അത് എനിക്ക് ഉറപ്പുണ്ട്!”
വർഗീസ് അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

അപ്പോഴും ക്ലാരയുടെ ഉള്ളിൽ വലിയൊരു അത്ഭുതമായിരുന്നു. വർഗീസ് സാർ എത്രയോ വലിയ പ്രതീക്ഷകളോടെയാണ് തങ്ങളെ കാണുന്നത്! പക്ഷേ, യാഥാർത്ഥ്യം മറ്റൊന്നാണല്ലോ എന്നോർത്തപ്പോൾ അവളുടെ മനസ്സ് വിങ്ങി.

അതിനിടയിൽ, കാറിന്റെ വാതിൽ തുറന്ന് കയറാൻ ആഞ്ഞ മാർക്കോ, ഒരു നിമിഷം തിരിഞ്ഞുനിന്ന് ക്ലാരയെ നോക്കി.
അവൻ കൺമുമ്പിൽ നിന്നും മറയുന്നതിന് തൊട്ടുമുൻപ്… അവൾ മാത്രം കാണുന്ന രീതിയിൽ, തൻ്റെ കടുപ്പമുള്ള മുഖഭാവമെല്ലാം മാറ്റി, ഹൃദ്യമായി, അതീവ സുന്ദരമായി ഒന്ന് പുഞ്ചിരിച്ചു!

ആ പുഞ്ചിരിയിൽ തിരിച്ചറിയാൻ കഴിയാത്ത ഏതോ ഒരു മനോഹരമായ വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ക്ലാര ആ കാഴ്ചയിൽ ഒരു നിമിഷം തരിച്ചുനിന്നുപോയി. അവൻ്റെ ആ ചിരി കണ്ടതും അവളുടെ കവിളുകളിൽ അറിയാതെ ചുവപ്പുപടർന്നു. അവൾ തിരികെ വളരെ നേർത്തൊരു പുഞ്ചിരി അവന് സമ്മാനിച്ചു.

സത്യത്തിൽ… അന്ന് വൈകുന്നേരം പള്ളിയിൽ വെച്ച് ആദ്യമായി കണ്ട ആ നിമിഷം മുതൽ തന്നെ മാർക്കോയോട് ക്ലാരയുടെ ഉള്ളിൽ ചെറിയൊരു ഇഷ്ടവും ആകർഷണവും തോന്നിയിരുന്നു! അവന്റെ  ആ സുന്ദരമായ രൂപം അവളുടെ മനസ്സിൽ അറിയാതെ കോറിയിടപ്പെട്ടിരുന്നു.

പക്ഷേ… അടുത്ത നിമിഷം തന്നെ അവളുടെ ചിന്തകൾ കഠിനമായ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി!
‘ഇല്ല ക്ലാര… നീ അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല! മറ്റൊരു പെണ്ണിന് തൻ്റെ മനസ്സും ശരീരവും കൊടുത്ത ഒരാളെ, വേറൊരു പെണ്ണിനെ പ്രണയിക്കുന്ന ഒരു പുരുഷനെ… നീ ഒരുനാളും ആഗ്രഹിക്കാൻ പാടില്ല. അത് തെറ്റാണ്, വലിയൊരു പാപമാണ്!’

അവളുടെ ഉള്ളിലെ സത്യസന്ധമായ മനസ്സ് അവളോട് വിളിച്ച് കൂവി. തൻ്റെ ഉള്ളിൽ പൂവിട്ടു തുടങ്ങിയ ആ കൊച്ചു പ്രണയത്തെയും ഇഷ്ടത്തെയും അവൾ ആ നിമിഷം തന്നെ സ്വന്തം മനസ്സിൽ ആഴത്തിൽ കുഴിച്ചുമൂടി! ഒരു കരാർ വിവാഹത്തിന്റെ അതിരുകൾ ലംഘിക്കില്ല എന്ന് അവൾ സ്വയം പ്രതിജ്ഞയെടുത്തു.

കാർ ഒരു ഇരമ്പലോടെ അനാഥാലയത്തിന്റെ പടിയിറങ്ങിപ്പോയി.
അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ, ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും ക്ലാരയെ സ്വീകരണമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

“മോളേ ക്ലാരേ…” അച്ചൻ സ്നേഹത്തോടെയും ആകുലതയോടെയും ചോദിച്ചു. “മാർക്കോ നിന്നോട് തനിച്ചു സംസാരിച്ചല്ലോ… അവൻ എന്തൊക്കെയാ നിന്നോട് പറഞ്ഞത്? നിനക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണോ മോളെ?”
എൽസമ്മ സിസ്റ്ററും അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.

ക്ലാരയുടെ നെഞ്ചിൽ ഭയം വന്നു നിറഞ്ഞു. സത്യങ്ങളെല്ലാം തുറന്നുപറയാൻ അവളുടെ മനസ്സ് തുടിച്ചെങ്കിലും, മാർക്കോയ്ക്ക് കൊടുത്ത വാക്ക് അവളുടെ മുന്നിൽ തടസ്സമായി നിന്നു. മാത്രമല്ല, സത്യങ്ങൾ പറഞ്ഞാൽ തന്റെ ഡോക്ടറാകാനുള്ള സ്വപ്നവും, അച്ചന്റെയും സിസ്റ്ററുടെയും പ്രതീക്ഷകളും തകർന്നടിയും.
അവൾ കണ്ണ് ചിമ്മാതെ അച്ചനോട് കള്ളം പറഞ്ഞു: “അത് അച്ഛാ… ആൾക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു. പിന്നെ… എന്റെ പഠന കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഞാൻ ഡോക്ടറാകാൻ പഠിക്കുന്നതിന് എല്ലാവിധ സഹായങ്ങളും ചെയ്തു തരാമെന്നും, എന്റെ പഠനം മുടങ്ങാതെ നോക്കിക്കൊള്ളാമെന്നും ആള് ഉറപ്പുതന്നു. അത്രയൊക്കെത്തന്നെയാ അച്ഛാ സംസാരിച്ചത്…” അവരുടെ മുഖത്ത് നോക്കാതെ ആദ്യമായി അവൾ അവരോട് കള്ളം പറഞ്ഞു.

“ദൈവത്തിന് നന്ദി!” ജോർജ് അച്ചൻ കൈകൾ കൂപ്പി. “എനിക്ക് അത് മാത്രം അറിഞ്ഞാൽ മതിയായിരുന്നു മോളെ. നിന്റെ പഠനം മുടങ്ങില്ലെന്ന് അവൻ വാക്ക് തന്നല്ലോ, അതുമതി. വലിയൊരു ദൈവകൃപയാണിത്.”
എൽസമ്മ സിസ്റ്ററും സന്തോഷത്തോടെ അവളെ ചേർത്തുപിടിച്ചു.

എന്നാൽ, തനിക്ക് ജീവനായ അച്ചനോടും സിസ്റ്ററോടും കള്ളം പറയേണ്ടി വന്നതിൽ ക്ലാരയുടെ മനസ്സ് നൊമ്പരത്താൽ വിങ്ങിപ്പൊട്ടി. അവൾക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. അവൾ വേഗത്തിൽ മുറിയിലേക്ക് ഓടിപ്പോയി.
മുറിയിലെത്തിയ അവൾ മാതാവിന്റെ ചെറിയ ചിത്രത്തിന് മുന്നിൽ മുട്ടുകുത്തിനിന്ന്, കൈകൾ കൂപ്പി നെഞ്ചുപൊട്ടി കരഞ്ഞു.

‘കർത്താവേ… മാതാവേ… എന്നോട് ക്ഷമിക്കണമേ! ജീവിധത്തിൽ  ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കള്ളം പറയുന്നത്. എന്റെ മുന്നിൽ വേറെ വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് ഞാൻ സത്യങ്ങൾ മറച്ചുവെച്ചത്. എന്നോട് ക്ഷമിക്കണേ ദൈവമേ…’ അവൾ മനസ്സിൽ ആയിരം വട്ടം മാതാവിനോട് ക്ഷമ ചോദിച്ചു.

….. 🤍

അതേസമയം… മടക്കയാത്രയിൽ തേവർമറ്റത്തിൽ കുടുംബം സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ തികഞ്ഞ നിശബ്ദതയായിരുന്നു. ഡ്രൈവിംഗ് സീറ്റിന് പുറകിലെ സീറ്റിൽ വർഗീസും ആനിയും ഇരുന്നപ്പോൾ, മുൻവശത്തെ സീറ്റിൽ റോഡിലേക്ക് നോക്കി മാർക്കോ ഇരുന്നു.
വർഗീസിന്റെ സംസാരം മുഴുവൻ ക്ലാരയെക്കുറിച്ചായിരുന്നു!

“ആനീ…” വർഗീസ് ഭാര്യയുടെ തോളിൽ തട്ടി ആവേശത്തോടെ പറഞ്ഞു. “ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമായ ഒരു കുട്ടിയാണ് ക്ലാര! അവളിൽ കണ്ട ആ ഭക്തിയും വിനയവും ഐശ്വര്യവും… എന്റെ ദൈവമേ! നമ്മുടെ വീടിന്റെ പടിവാതിൽ കടന്നു വരുന്നതോടെ നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യം ഇരട്ടിയാകും.”

ആനി ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

“അതെ വർഗീസിച്ചായ … എനിക്കും അവളോട് വലിയൊരു മതിപ്പ് തോന്നുന്നുണ്ട്. കാണാനും നല്ല ഭംഗിയുള്ള കുട്ടി. ഒരു അനാഥാലയത്തിൽ വളർന്നതാണെന്ന് പറയില്ല, അത്രയും അടക്കവും ഒതുക്കവുമുണ്ട്. പക്ഷേ…”
ആനി നിർത്തി.

“പക്ഷേ എന്താ ആനീ?” വർഗീസ് ചോദിച്ചു.

“നമ്മുടെ മാർക്കോയുടെ കാര്യമാർക്കുമ്പോൾ എനിക്ക് പൂർണ്ണമായി സന്തോഷിക്കാൻ കഴിയുന്നില്ല. ഇവനാണേൽ പണ്ടുമുതലേ എടുത്തുചാട്ടക്കാരനാണ്. ഇവൻ ആഗ്രഹിക്കുന്ന പെണ്ണല്ല ക്ലാര. അവളോട് ഇവൻ എങ്ങനെയായിരിക്കും പെരുമാറുക എന്നോർക്കുമ്പോൾ എനിക്കൊരു ഭയമുണ്ട്. എങ്കിലും… എന്റെ മനസ്സിലും ഞാൻ ആഗ്രഹിച്ച ഒരു മരുമകളുടെ സകല ലക്ഷണങ്ങളും ആ കുട്ടിക്കുണ്ട്.”
ആനിയുടെ ആ വാക്കുകൾ കേട്ടപ്പോൾ മുൻസീറ്റിലിരുന്ന മാർക്കോയുടെ ചുണ്ടുകളിൽ നേർത്തൊരു ചിരി വിരിഞ്ഞു. പപ്പയും മമ്മിയും ക്ലാരയെ ഇത്രയധികം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അവന് സന്തോഷം തോന്നി.
പക്ഷേ… ആ ചിരിക്കു പിന്നിൽ അവന്റെ ഉള്ളിൽ വലിയൊരു യാഥാർത്ഥ്യം വിങ്ങിനിൽപ്പുണ്ടായിരുന്നു. ‘പപ്പയും മമ്മിയും എത്രയൊക്കെ ആഗ്രഹിച്ചാലും, ക്ലാരയെ എനിക്ക് പൂർണ്ണമായി സ്വന്തമാക്കാൻ പറ്റില്ലല്ലോ…’ താൻ ജെന്നിഫറിന് കൊടുത്ത വാക്കും, ക്ലാരയുമായുള്ള കരാർ ബന്ധവും അവന്റെ സന്തോഷത്തിന്മേൽ നിഴൽ വീഴ്ത്തി.

വർഗീസ് വീണ്ടും സംസാരിച്ചു:
“സത്യം ഞാനും ഇതുപോലെ ഒരു മോളെ ആണ് ആഗ്രഹിച്ചത്…. ഇവൻ്റെ കൂടെ നടന്ന ആ ജെന്നിഫർ എന്ന പെണ്ണിനെ നോക്കിക്കേ! കാണാൻ ലുക്കുണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? യാതൊരു സംസ്കാരവുമില്ല, മൂത്തവരോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല, എപ്പോഴും പാർട്ടിയും കുടിയും പിന്നെ ബാക്കി ഞാൻ പറയുന്നില്ല,
അങ്ങനെയൊരുത്തിയെ എന്റെ കുടുംബത്തിലേക്ക് കയറ്റാൻ ഞാൻ ഒരു കാലത്തും സമ്മതിക്കില്ലായിരുന്നു. ക്ലാരയെപ്പോലൊരു പരിശുദ്ധയായ പെൺകുട്ടിയുടെ മുന്നിൽ ആ ജെന്നിഫറൊക്കെ വെറുമൊരു മണ്ണാങ്കട്ടയാണ്!” പപ്പ ജെന്നിഫറിനെ കുറ്റം പറയുന്നതും കുറച്ചിലാക്കി സംസാരിക്കുന്നതും കേട്ടപ്പോൾ മാർക്കോയുടെ ഉള്ളിൽ വല്ലാത്തൊരു ദേഷ്യവും അസ്വസ്ഥതയും ഇരച്ചുകയറി!

തന്റെ കാമുകിയെ അത്രത്തോളം അപമാനിക്കുന്നത് അവന് സഹിച്ചില്ല. എങ്കിലും… പപ്പയോട് എതിർത്തു സംസാരിച്ചാൽ കാര്യങ്ങൾ വീണ്ടും വഷളാകുമെന്നും, തങ്ങൾ പ്ലാൻ ചെയ്ത നാടകം പൊളിഞ്ഞുപോകുമെന്നും അറിയാമായിരുന്നതുകൊണ്ട് അവൻ സകല ദേഷ്യവും ഉള്ളിലൊതുക്കി. അവൻ കടുപ്പത്തിൽ ചുണ്ടുകൾ അമർത്തിപ്പിടിച്ച്, ദേഷ്യത്തോടെ ജനലിലൂടെ ദൂരേക്ക് നോക്കിയിരുന്നു.

“ശരി… ബാക്കി വിവാഹത്തിന്റെ തീയതിയും ഒരുക്കങ്ങളുമൊക്കെ അച്ചനുമായി സംസാരിച്ച് പിന്നീട് തീരുമാനിക്കാം,” വർഗീസ് പറഞ്ഞു നിർത്തി.

കാർ തേവർമറ്റത്തിൽ ബംഗ്ലാവിന്റെ വലിയ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.
കാർ മുറ്റത്ത് വന്നു നിന്നതും, ബംഗ്ലാവിന്റെ പൂമുഖത്തെ തിണ്ണയിൽ ഇരുന്നിരുന്ന ഒരു പെൺകുട്ടി ചാടിയെഴുന്നേറ്റു!

അലീന! മാർക്കോയുടെ അനിയത്തി!
ബാംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുന്ന അലീന, വീട്ടുകാരെ ആരെയും അറിയിക്കാതെ, ഒരു സർപ്രൈസ് നൽകാനായി രാവിലെ വീട്ടിലെത്തിയതായിരുന്നു.

അവൾ ബാഗ് നിലത്തുവെച്ച് ആവേശത്തോടെ ഓടി കാറിന്റെ അടുത്തേക്ക് വന്നു.
മാർക്കോ കാറിൽ നിന്നിറങ്ങിയതും അലീന ഓടിവന്ന് അവനെ കെട്ടിപ്പുണർന്നു!

“അച്ചായാ…!” അവൾ സന്തോഷത്തോടെ ആർത്തുവിളിച്ചു.

“എടീ… നീയെപ്പോഴാ വന്നത്? പറയാതെയാണോ പോന്നത്?” മാർക്കോയുടെ മുഖത്ത് അനുജത്തിയോടുള്ള വാത്സല്യം നിറഞ്ഞു.
പിന്നാലെ കാറിൽ നിന്നിറങ്ങിയ വർഗീസും ആനിയും മകളെ കണ്ട സന്തോഷത്തിൽ അടുത്തേക്ക് വന്നു.

“മോളെ അല്ലു… നീയിതെപ്പോ വന്നു? ഞങ്ങളെയൊന്നും അറിയിച്ചില്ലല്ലോ?” ആനി മകളുടെ നെറ്റിയിൽ ഉമ്മ വെച്ചു.

“നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് തരാൻ വേണ്ടി വന്നതാ മമ്മീ… പക്ഷേ ഞാൻ വീട്ടിൽ വന്നപ്പോൾ സർപ്രൈസ് എനിക്കാണ് കിട്ടിയത്! ഇവിടെ ആകെ ആൾതാമസം ഇല്ലാത്തത് പോലെ കിടക്കുന്നു, നിങ്ങളെല്ലാവരും കൂടി എവിടെ പോയതായിരുന്നു രാവിലെ തന്നെ?” അലീന സംശയത്തോടെ ചോദിച്ചു.

വർഗീസിന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിരിഞ്ഞു.
“നീ കാര്യമറിഞ്ഞില്ലേ മോളെ… നമ്മൾ നമ്മുടെ കുടുംബത്തിലെ പുതിയൊരു അംഗത്തെ കാണാൻ പോയതാണ്! നിന്റെ അച്ചായന് പെണ്ണുകാണാൻ പോയതായിരുന്നു ഞങ്ങൾ!”

“വാട്ട്?!” അലീന കണ്ണുകൾ തള്ളി അച്ചായനെ നോക്കി. “പെണ്ണുകാണലോ?! സത്യമാണോ പപ്പാ ഈ പറയുന്നത്? അച്ചായൻ കല്യാണത്തിന് സമ്മതിച്ചോ?”

“അതെടി… നിന്റെ അച്ചായനും ആ കുട്ടിക്കും പരസ്പരം ഇഷ്ടമായി. നമ്മുടെ പള്ളിയുടെ അനാഥാലയത്തിൽ നിൽക്കുന്ന ക്ലാര എന്ന് പറയുന്ന മോൾ. കാണാൻ മാലാഖയെപ്പോലെയുണ്ട്!” വർഗീസ് പറഞ്ഞു.
ആ വാക്കുകൾ കേട്ടതും അലീന തുള്ളിച്ചാടി!

“അയ്യോ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല! ഈ കടുവ അച്ചായനെ ഏതെങ്കിലും ഒരു പെണ്ണ് കെട്ടാമെന്ന് സമ്മതിച്ചല്ലോ, അത് തന്നെ വലിയ കാര്യം!” അവൾ മാർക്കോയെ കളിയാക്കി.

മാർക്കോ അവളുടെ തലയിൽ ചെറുതായി ഒന്നു തട്ടി. ” ഓ അവള്ടെ ഒരു തമാശ, തമാശക്കാരിയെ അടുത്ത വണ്ടിക്ക് കേറ്റി വിടട്ടെ ” അവളുടെ തലയിൽ കൊട്ടിക്കൊണ്ട് മാർക്കോ പറഞ്ഞു.

“ഒന്ന് പോ അച്ചായാ… എനിക്ക് ആ ക്ലാരച്ചേച്ചിയെ ഇപ്പോൾ തന്നെ കാണണം! പപ്പയും മമ്മിയും പറയുന്ന കേട്ടിട്ട് എനിക്ക് കൊതിയാകുന്നു. പ്ലീസ് അച്ചായാ… എന്നെയും കൂടി ഒന്ന് കൊണ്ടുപോകാമോ?” അലീന വാശിപിടിച്ചു.

“അതിന് അവൾ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ലല്ലോടി. കല്യാണം അടുത്തെങ്ങാനും കാണും, അപ്പോൾ കാണാം…” മാർക്കോ മുന്നോട്ട് നടക്കാൻ ആഞ്ഞു.

“അതൊന്നും പറ്റില്ല അച്ചായാ! എനിക്ക് നാളെ രാവിലെ തന്നെ ചേച്ചിയെ കാണണം. എനിക്ക് കാത്തിരിക്കാൻ വയ്യ.” അലീന ചിന്തിച്ചു. പെട്ടെന്ന് അവളുടെ മനസ്സിലൊരു ബുദ്ധി വിരിഞ്ഞു.

“അച്ചായാ… നാളെ വെള്ളിയാഴ്ചയല്ലേ? ക്ലാരച്ചേച്ചി രാവിലെ പള്ളിയിലെ കുർബാനയ്ക്ക് കാണും ഉറപ്പാണ്. നാളെ രാവിലെ നമ്മൾ രണ്ടുപേരും കൂടി വെളുപ്പിനെ പള്ളിയിലെ കുർബാനയ്ക്ക് പോകുന്നു! അവിടെവെച്ച് എനിക്ക് ചേച്ചിയെ കാണിച്ചു തരണം. ഇതിൽ ഒരു മാറ്റവുമില്ല!” അലീന ഉറപ്പിച്ചു പറഞ്ഞു.

അനിയത്തിയുടെ ആ നിർബന്ധത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ മാർക്കോ നിന്നു. നാളെ രാവിലെ വീണ്ടും ക്ലാരയെ കാണാൻ പോകുക എന്ന ചിന്ത അവന്റെ ഉള്ളിലും വിചിത്രമായൊരു നെഞ്ചിടിപ്പ് ഉണ്ടാക്കി. താൻ മനസ്സിൽ നിന്നും മായ്ച്ചുകളയാൻ ശ്രമിക്കുന്ന ആ മനോഹര രൂപം വീണ്ടും തന്റെ മുന്നിലേക്ക് വരാൻ പോകുന്നു!

“ഓഹ് എന്റെ പൊന്നു കൊച്ചേ… നാളെ രാവിലെ കുർബാനയ്ക്ക് പോകാം എന്നിട്ട് അവളെ പോയി പരിചയപ്പെടാം” മാർക്കോ അവളോട് സമ്മതം മൂളി.

തൻ്റെ പുതിയ ചേച്ചിയെ കാണാനുള്ള ആവേശത്തിൽ അലീന വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ, നാളത്തെ പ്രഭാതത്തിൽ ആ പള്ളിയിൽ വെച്ച് ക്ലാരയെ വീണ്ടും കാണുന്നതും ഓർത്ത്, വീണ്ടും കലുഷിതമായ മനസ്സോടെ മാർക്കോ തൻ്റെ മുറിയിലേക്ക് നടന്നു.

തുടരും… 🤍

Similar Posts

Leave a Reply