അലൈപ്പായുതേ…. 15

ഭാഗം പതിനഞ്ച്

“രണ്ടാമതായി… വിക്രം വർമ്മ ഇപ്പോഴും തന്റെ പുറകെയുണ്ട്. അതുകൊണ്ട് ഇനിമേലിൽ താൻ തനിച്ചു യാത്ര ചെയ്യരുത്. എന്റെ ഡ്രൈവറും ബോഡിഗാർഡും തനിക്കൊപ്പം ഉണ്ടായിരിക്കും. തനിക്ക് എവിടെപ്പോകണമെങ്കിലും എന്റെ അനുവാദം വേണം. ഇത് തടവിൽ ഇടുന്നതായി തോന്നേണ്ട, തന്റെ സംരക്ഷണം ഇപ്പോൾ എന്റെ ഉത്തരവാദിത്വമാണ് കാരണം എന്റെ ശത്രു ആണ് തന്നെ ഉപദ്രവിക്കാൻ നോക്കുന്നത്”

” ശരി സാർ.”

“മൂന്നാമതായി…” ധ്രുവ് ഒന്നു നിർത്തി. അവൻറെ കണ്ണുകൾ അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നീണ്ടു.

“ഓഫീസിൽ വെച്ച് താൻ എന്നെ ‘സാർ’ എന്ന് വിളിച്ചോളൂ. പക്ഷേ വീട്ടിൽ വെച്ച് താൻ എന്നെ പേര് വിളിക്കണം. ഇനി അത് ബുദ്ധിമുട്ട് ആണേൽ ഏട്ടാ എന്ന് വിളിച്ചോളൂ. ആളുകളുടെ മുന്നിൽ വെച്ച് സാർ എന്ന് വിളിച്ചാൽ നാടകം പൊളിഞ്ഞുപോകും.”
അവന്റെ ആ വാക്ക് കേൾക്കെ നക്ഷത്രയുടെ കവിളുകൾ പെട്ടെന്ന് ചുവന്നു. അവൾ മനസ്സിൽ വെറുതെ അത് ഉച്ചരിച്ചു നോക്കി..

‘ ഏട്ടാ ‘….

പക്ഷെ അവൾക്ക് അവനെ പേര് എടുത്ത് വിളിക്കാൻ തോന്നിയില്ല.

“ധ്രുവ് സാർ… പേരോ? അത് എനിക്ക് എങ്ങനെ…”

“സാറിനെ ഒഴിവാക്കൂ. ധ്രുവ് എന്ന് മാത്രം വിളിച്ചാൽ മതി.” ധ്രുവ് തറപ്പിച്ചു പറഞ്ഞു.

“അത് എഗ്രിമെന്റിന്റെ ഭാഗമാണ്.”

നക്ഷത്ര തലയാട്ടി. “ഹ്മ്മ്മ്…”

ധ്രുവ് മേശപ്പുറത്തിരുന്ന പേന എടുത്ത് ആ ഡോക്യുമെന്റിൽ ഒപ്പുവെച്ചു. അവൻ അത് നക്ഷത്രയുടെ മുന്നിലേക്ക് നീക്കി.
“ഇതാണ് നമ്മുടെ കരാർ. ഇതിൽ ഇരുവരുടെയും കണ്ടീഷൻ കൃത്യമായി എഴുതിയിട്ടുണ്ട്. എല്ലാം ആലോചിച്ചിട്ട് സമ്മതമാണെങ്കിൽ ഇതിൽ ഒപ്പുവെക്കൂ.”

നക്ഷത്ര വിറയ്ക്കുന്ന കൈകളോടെ ആ പേന വാങ്ങി. അവളുടെ വിരലുകൾ പേനയിൽ അമർന്നു. ഒരു നിമിഷം അവൾ കണ്ണുകളടച്ച് തൻറെ അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ചു.
സാവധാനം അവൾ തൻറെ പേര് എഴുതി അതിൽ ഒപ്പുവെച്ചു ‘നക്ഷത്ര ശിവദാസ്’.
ഒപ്പുവെച്ച പേപ്പർ ധ്രുവ് തിരികെ വാങ്ങി. അവൻ അവളുടെ ഒപ്പിൽ സൂക്ഷിച്ചു നോക്കി. അവളെ പോലെ തന്നെ ആ ഒപ്പിനും ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.

“കൺഗ്രാജുലേഷൻസ് നക്ഷത്ര… ഇനിമുതൽ താൻ വെറുമൊരു പി.എ മാത്രമല്ല, ധ്രുവ് കാർത്തിക്കിന്റെ ഫ്യൂച്ചർ വൈഫ് കൂടിയാണ്.”
ധ്രുവ് എഴുന്നേറ്റുനിന്ന് തൻറെ കൈ അവൾക്ക് നേരെ നീട്ടി.

നക്ഷത്ര ഒന്നു മടിച്ച്, പതുക്കെ തൻറെ ചെറിയ മൃതുലമാർന്ന കൈ അവന്റെ വലിയ കൈക്കുള്ളിലേക്ക് വെച്ചു.

ധ്രുവിന്റെ തണുത്ത വിരലുകൾ അവളുടെ ചൂടുള്ള കൈകളിൽ അമർന്നു. രണ്ടുപേരുടെയും ഹൃദയമിടിപ്പുകൾ ആ നിമിഷത്തിൽ ഒന്നു തറഞ്ഞുനിന്നു!

ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.
പെട്ടെന്ന് നക്ഷത്ര തൻറെ കൈ പിൻവലിച്ചു.

“ഞാൻ… ഞാൻ പോയി ജോലി ചെയ്യട്ടെ സാർ?”

“ഹ്മം… പൊക്കോളൂ,” ധ്രുവ് സ്വരം നേരെയാക്കി പറഞ്ഞു.
നക്ഷത്ര കേബിനിൽ നിന്നും വേഗത്തിൽ പുറത്തേക്കിറങ്ങി.

അവൾ ഡെസ്കിലിരുന്ന് നെഞ്ചിൽ കൈവെച്ചു. താൻ ഇനി ധ്രുവ് കാർത്തിക്കിന്റെ ഭാര്യയാകാൻ പോകുന്നു! വിശ്വസിക്കാൻ കഴിയാത്ത ഒരു അത്ഭുതം പോലെ തോന്നി അവൾക്ക്.

എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറിയുന്നത്, എവിടേക്കാണ് ഇത് പൊയ്ക്കൊണ്ടിരിക്കുന്നത്? താൻ ഈ ചെയ്യുന്നതൊക്കെ ശെരിയാണോ? അതോ തനിക്ക് തെറ്റ് പറ്റുന്നുണ്ടോ? എന്തിലാണ് ഇപ്പോൾ വിശ്വസിക്കുക.

ധ്രുവ് സാർ ആള് നല്ലവൻ ആണെന്ന് തോന്നുന്നു. സാറിന്റെ അമ്മ ഇവിടെ വന്ന് ഉണ്ടാക്കിയ പുകില് താനും കണ്ടതാണ് അവർ കാരണമാണ് സാർ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് പോലും, അപരിചിതരായ ഏതെങ്കിലും ഒരു പെണ്ണിനെ ഇതിനായി തിരഞ്ഞെടുക്കാൻ മടി ഉള്ളതുകൊണ്ടാവും സാർ എന്നെ ഇതിനായി തിരഞ്ഞെടുത്തത്. അല്ലാതെ മറ്റ് ദുരുദ്ദേശം ഒന്നും കാണില്ല.

അവളുടെ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു…

ശോ എന്നാലും ഇനി സാറിനെ സാർ എന്ന് വിളിക്കാൻ പാടില്ലല്ലോ. എനിക്കാണേൽ ആ മുഖത്തു നോക്കി വേറൊന്നും വിളിക്കാനും തോന്നുന്നില്ല, ധ്രുവ് എന്നൊക്കെ എങ്ങനെയാ വിളിക്കാ? അതും സാറിന് എന്നേക്കാൾ അഞ്ചു വയസിനു കൂടുതൽ ഇണ്ടാവും ഇനി മുപ്പതാം പിറന്നാൾ ആണെന്നല്ലേ പറഞ്ഞത് അപ്പൊ ആറ് വയസ്സിന്റെ വ്യത്യാസം ഉണ്ട്. ശേ അപ്പൊ എന്തായാലും പേര് വിളിക്കാൻ പറ്റില്ല. പിന്നെന്താ വിളിക്കുവാ? അവൾ തല പുകഞ്ഞു ആലോചിച്ചു.

ധ്രുവേട്ടാ… അയ്യേ അതൊരു സുഖമില്ല. വിളിച്ചു വരുമ്പോളേക്കും നാവ് ഉളുക്കും. എന്തൊരു ഗാഭീര്യം ഉള്ള പേരാ, ധ്രുവ് കാർത്തിക്ക്! എന്റമ്മോ.

പിന്നെന്താ വിളിക്കുവാ…? കാർത്തിക്ക്… കാർത്തിക്കേട്ടാ… ശേ അതും രെസൂല… കാർത്തിയേട്ടാ… ആ ഇത് കൊള്ളാം… എന്നാൽ ഇങ്ങനെ വിളിക്കാം… ചെന്നിട്ട് കുറച്ചു നേരം വിളിച്ചു പഠിക്കണം അല്ലങ്കിൽ ആദ്യം തന്നെ ഞാൻ കുളമാകും. എന്റെ കൃഷ്ണ നീ എനിക്കിട്ട് തന്നെ ഇങ്ങനത്തെ പണി തന്നല്ലോ. മര്യാദക്ക് ജോലി ചെയ്ത് രക്ഷപെടാൻ വന്ന എന്നെ നീ ദാ ഇപ്പൊ ഒരു കരാർ ഭാര്യ ആക്കിയിരിക്കുന്നു. എന്താപ്പോ ഈ കഥ!

അച്ഛനും അമ്മയും ഇപ്പോൾ എന്നെ നോക്കി കളിയാക്കുന്നുണ്ടാവും അവരുടെ അമ്മുക്കുട്ടി ദാ ഒരു ഭാര്യ ആവാൻ പോവുന്നു, അതും അവർക്കൊന്നും കേട്ടു കേൾവി പോലുമില്ലാത്ത നാടക ഭാര്യ. ഹയ്യയൊ! മനസ്സിൽ ചിരിച്ചുകൊണ്ട് അവൾ തന്റെ ജോലി തുടർന്നു.

….

മണിക്കൂറുകൾ വേഗത്തിൽ കടന്നുപോയി.
ഉച്ചകഴിഞ്ഞതോടെ കൈലാസ് ഗ്രൂപ്പിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തിച്ചേർന്നു.

ധ്രുവിന്റെ അനിയത്തി വൈഗ!
പ്ലസ് ടു പഠിക്കുന്ന പതിനേഴു വയസ്സുകാരിയായ വൈഗ, തൻറെ സ്കൂൾ യൂണിഫോമിൽ തന്നെയാണ് ഓഫീസിലേക്ക് വന്നത്.

ലിഫ്റ്റിന്റെ വാതിൽ തുറന്ന് വൈഗ 28-ാം നിലയിലേക്ക് പ്രവേശിച്ചു.
ഡെസ്കിലിരിക്കുന്ന നക്ഷത്രയെ കണ്ടതും വൈഗയുടെ കണ്ണുകൾ വിടർന്നു!

മഞ്ഞ കുർത്തിയിൽ തെളിഞ്ഞ മുഖത്തോടെ ഇരിക്കുന്ന നക്ഷത്രയെ വൈഗയ്ക്ക് ഒറ്റനോട്ടത്തിൽത്തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു. അഹങ്കാരിയായ ആരതിയെ കണ്ട് മടുത്ത വൈഗയ്ക്ക് നക്ഷത്രയുടെ മുഖത്തെ നിഷ്കളങ്കത വലിയൊരു ആശ്വാസമായിരുന്നു.

വൈഗ നേരെ നക്ഷത്രയുടെ ഡെസ്കിന് മുന്നിലേക്ക് നടന്നു വന്നു.

“ഹായ്…” വൈഗ മനോഹരമായി പുഞ്ചിരിച്ചു.

നക്ഷത്ര എഴുന്നേറ്റു. “ഹലോ മാം… ആരെയാണ് കാണേണ്ടത്?”

“ഞാൻ വൈഗ,” അവൾ സ്വയം പരിചയപ്പെടുത്തി. “ധ്രുവ് കാർത്തിക്കിന്റെ അനിയത്തിയാണ്!”
നക്ഷത്ര ഞെട്ടിപ്പോയി! സാറിന്റെ അനിയത്തി!

“അയ്യോ… സോറി മേഡം,” നക്ഷത്ര ബഹുമാനത്തോടെ നിന്നു. ” എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഇവിടുത്തെ പുതിയ ആളാ…”

“ഏയ് അതൊന്നും കുഴപ്പമില്ല, പിന്നെ മേടം എന്നൊന്നും വിളിക്കണ്ടാട്ടോ, ഞാൻ വൈഗ ” വൈഗ ചിരിച്ചുകൊണ്ട് നക്ഷത്രയുടെ കൈകളിൽ പിടിച്ചു.

” ചേച്ചിയാണോ ഏട്ടന്റെ പുതിയ പി.എ? പേരെന്താ?”

“നക്ഷത്ര…”

“നക്ഷത്ര… വാവൂ! പേര് പോലെത്തന്നെ കാണാനും ഒരു നക്ഷത്രം പോലെയുണ്ട്,” വൈഗ അവളുടെ കവിളിൽ പതുക്കെ തട്ടി. നക്ഷത്രയുടെ ചുണ്ടുകൾ വിടർന്നു. ചിരിക്കുമ്പോൾ അവളുടെ കവിളുകൾ ആപ്പിൽ പോലെ ചുവക്കുന്നത് കൗതുകത്തോടെ വൈഗ നോക്കി നിന്നു.

“ഞാൻ ഈ ഓഫീസിൽ വരുമ്പോൾ എല്ലാവരും പേടിയോടെയാണ് എന്നെ നോക്കുന്നത്. കാരണം ധ്രുവിന്റെ അനിയത്തിയും ആളെ പോലെ കണ്ടാമൃഗം ആണെന്ന് ആയിരിക്കും എല്ലാവരും വിചാരിച്ചിട്ടുണ്ടാവുക. എനിക്ക് അത് ഒട്ടും ഇഷ്ടമല്ല. പക്ഷേ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി.”
നക്ഷത്രയുടെ ഉള്ളിലെ ഭയമെല്ലാം മാഞ്ഞുപോയി. വൈഗയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളുടെ ഉള്ളിൽ തണുപ്പു പകർന്നു. ധ്രുവിന്റെ അമ്മയെപ്പോലെ അല്ല അനിയത്തി.

“ചേട്ടൻ കേബിനിൽ ഉണ്ടോ നക്ഷത്ര ചേച്ചി?” വൈഗ ചോദിച്ചു.

“ഉണ്ട്… സാർ അകത്തുണ്ട്. ഇങ്ങോട്ട് വിളിക്കണോ?.”

“വേണ്ട വേണ്ട… ഞാൻ നേരിട്ട് പൊക്കോളാം, എന്നാൽ ഞാൻ കണ്ടിട്ട് വരട്ടെ ” വൈഗ മുന്നോട്ട് നടന്നു കേബിനിന്റെ വാതിൽ തുറന്നു.

“ഏട്ടാ…!”
ധ്രുവ് ലാപ്ടോപ്പിൽ നിന്നും തലയുയർത്തി നോക്കി. തൻറെ അനിയത്തിയെ കണ്ടതും അവൻറെ മുഖത്ത് സുന്ദരമായൊരു പുഞ്ചിരി വിരിഞ്ഞു.

“അമ്മൂട്ടീ! നീ എന്താ ഈ സമയത്ത്?” ധ്രുവ് എഴുന്നേറ്റു വന്നു അവളെ ചേർത്തുപിടിച്ചു.

“എനിക്ക് എന്റെ ഏട്ടനെ കാണാൻ തോന്നിയപ്പോൾ വന്നതാ,” വൈഗ കൊഞ്ചലോടെ പറഞ്ഞു.
“പിന്നെ… ഏട്ടന്റെ പുതിയ പി.എയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എന്ത് പാവമാ ആ ചേച്ചി!”
ധ്രുവ് അല്പം ഞെട്ടലോടെ അനിയത്തിയെ നോക്കി. പിന്നീട് അവൻ പുറത്തെ ഡെസ്കിലിരിക്കുന്ന നക്ഷത്രയെ ഒന്നു നോക്കി.

“അവൾ നല്ല പെൺകുട്ടിയാണ് മോളേ,” ധ്രുവ് പതുക്കെ പറഞ്ഞു.
വൈഗ ഏട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഏട്ടാ… അമ്മയും ആരതിയും ചേർന്ന് ഏട്ടനെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് അറിയാം. പക്ഷേ ഏട്ടൻ വിഷമിക്കണ്ട. ഏട്ടന് ചേരുന്ന ഒരു നല്ല പെൺകുട്ടി ഏട്ടന്റെ ജീവിതത്തിലേക്ക് വരും. അതോടെ ആ ആരതിയുടെ ശല്യം കുറയും”

അവളുടെ വാക്ക് കേൾക്കെ ധ്രുവ് അനിയത്തിയുടെ തലയിൽ തലോടി. ‘അവൾ വന്നു കഴിഞ്ഞു മോളേ…’ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും പുറത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല.

തുടരും…

Similar Posts

Leave a Reply