ഇച്ചായന്റെപെണ്ണ്…. 14
ഭാഗം പതിനാല് 🤍
“നിന്നെ ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല. എന്റെ ഭാര്യ എന്ന അധികാരമോ അവകാശമോ കാണിച്ച് ഞാൻ നിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല. തേവർമറ്റത്തിൽ ബംഗ്ലാവിൽ നിനക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും. എന്റെ പപ്പയെയും മമ്മയെയും അനിയത്തി അലീനയെയുമൊക്കെ നിനക്ക് സ്വന്തം കുടുംബത്തെപ്പോലെ കരുതാം. അവരാരും നിന്നെ ഒരു അനാഥയായി കാണില്ല. ഞാൻ അതിന് അനുവദിക്കുകയുമില്ല.”
മാർക്കോയുടെ ശബ്ദത്തിൽ ഒരു ഉറപ്പുണ്ടായിരുന്നു.
“നീ പഠിച്ച് ഒരു ഡോക്ടറായി ഇറങ്ങുന്നത് വരെ… നീ എന്റെ പൂർണ്ണ സംരക്ഷണയിലായിരിക്കും. നിനക്ക് തണലായി ഞാൻ ഉണ്ടാകും. നിനക്ക് എന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് കാണാം, അത് കഴിഞ്ഞാൽ… നിനക്ക് സ്വതന്ത്രയായി നിന്റെ സ്വന്തം വഴിയിലേക്ക് പോകാം. നിന്റെ ഭാവിജീവിതം കെട്ടിപ്പടുക്കാം. അവിടെ നിന്നെ ഒരിക്കലും ശല്യം ചെയ്യാൻ ഞാൻ വരില്ല.”
“പക്ഷേ… ഒരു നിബന്ധനയുണ്ട്! ഞാൻ ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങളൊന്നും, നമ്മൾ തമ്മിലുള്ള ഈ ബന്ധത്തേക്കുറിച്ചും ജെന്നിഫറിനെക്കുറിച്ചും ഒന്നും തന്നെ… പപ്പയോടോ മമ്മയോടോ ഈ അനാഥാലയത്തിലുള്ളവരോടോ പറയരുത്! ഇത് നമ്മൾ രണ്ടുപേർക്കും ഇടയിൽ മാത്രം നിൽക്കുന്ന ഒരു രഹസ്യമായിരിക്കണം. ഇതിന് നീ എനിക്ക് വാക്ക് തരുമോ?” അവൻ അവളുടെ നേർക്ക് കൈനീട്ടി.
ക്ലാര കുറച്ചുനേരം നിശബ്ദയായി നിന്നു. അവൾ പള്ളിക്കുള്ളിലെ മാതാവിന്റെ സ്വരൂപത്തിലേക്ക് മനസ്സുകൊണ്ട് നോക്കി.
ഒരു വശത്ത് ദൈവത്തിന്റെ തിരുനടയിൽ വെച്ച് നടക്കുന്ന വിവാഹത്തിന്റെ വിശുദ്ധി… മറുവശത്ത് താൻ ഇത്രയും കാലം ജീവനായി കൊണ്ടുനടന്ന, എത്ര കഷ്ടപ്പെട്ടും നേടിയെടുക്കണം എന്ന് ആഗ്രഹിച്ച ‘ഡോക്ടർ’ എന്ന സ്വപ്നം!
പഠിച്ച് ഒരു ഡോക്ടറാകണം… അനാഥരായ ഒരുപാട് പേർക്ക് തണലാകണം… അത് മാത്രമായിരുന്നു അവളുടെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം. ആ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി, തന്റെ സ്വപ്നത്തിന് വേണ്ടി മാത്രം… അവൾ തന്റെ ഉള്ളിലെ സകല ആശങ്കകളെയും സങ്കടങ്ങളെയും അമർത്തിവെച്ചു.
അവൾ പതിയെ തലയുയർത്തി മാർക്കോയുടെ കണ്ണുകളിലേക്ക് നോക്കി.
“എനിക്ക്… എനിക്ക് ഡോക്ടറാകണം” അവളുടെ ശബ്ദം നേർത്തുപോയെങ്കിലും അതിൽ ഒരു ഉറപ്പുണ്ടായിരുന്നു. “എനിക്ക് പഠിച്ച് ഒരു വലിയ ഡോക്ടറാകണം… അതിന് വേണ്ടി മാത്രം ഞാൻ നിങ്ങൾ പറയുന്ന ഈ നിബന്ധനകൾക്ക് സമ്മതിക്കാം.”
അവൾ തൻ്റെ വിറയ്ക്കുന്ന വലതുകൈ പതുക്കെ ഉയർത്തി മാർക്കോയുടെ നീട്ടിപ്പിടിച്ച കയ്യിലേക്ക് വെച്ചു.
“ഞാൻ വാക്ക് തരുന്നു… ഈ കാര്യങ്ങളൊന്നും ഞാൻ ആരോടും പറയില്ല.”
അവളുടെ കൈ തന്റെ കയ്യിൽ അമർന്നപ്പോൾ മാർക്കോയുടെ ഉള്ളിലൊരു വിറയൽ പടർന്നു. ആ കൈവിരലുകൾ മുതൽ തലച്ചോർ വരെ കോരിത്തരിപ്പിക്കുന്ന ഒരു മിന്നൽ പോലെയായിരുന്നു ആ അനുഭൂതി. ആ കൈകളുടെ നൈർമ്മല്യം അവന്റെ ഉള്ളിലേക്ക് തുളച്ചുകയറി. അവന് അവളുടെ കൈ വിടാനേ തോന്നിയില്ല. ആദ്യമായി അറിഞ്ഞ അവളുടെ സ്പർശനത്തിൽ മുൻജന്മങ്ങളിൽ എപ്പോഴോ കണ്ടുമുട്ടിയ രണ്ട് ആത്മക്കൾ വീണ്ടും യോജിച്ചതുപോലെ അവന് തോന്നിപോയി. താൻ വരച്ചുവെച്ച, താൻ സ്വപ്നം കണ്ട അതേ പെൺകുട്ടിയുടെ കൈകളാണ് തന്റെ കയ്യിലിരിക്കുന്നത്! പക്ഷേ… അവൻ തന്റെ മനസ്സിനെ കല്ലാക്കി വെച്ചുകൊണ്ട് തന്നിലെ മാറ്റങ്ങളെ അടക്കി നിർത്തി….
അവൻ പതുക്കെ കൈ പിൻവലിച്ചു.
“ഹ്മ്മ്… ശരി, ഇതെല്ലാം നിന്റെ തീരുമാനങ്ങളാണ്, ഇനിയും ആലോചിക്കാൻ സമയമുണ്ട് നിന്റെ തീരുമാനം എന്ത് തന്നെയായാലും ഞാൻ അതിന് കൂട്ട് ഉണ്ടാവും. എന്നാൽ നമുക്ക് അകത്തേക്ക് പോകാം. പപ്പയും അച്ചനുമൊക്കെ നമുക്കായി കാത്തിരിക്കുകയായിരിക്കും.”
മാർക്കോ മുന്നോട്ട് നടന്നു.
അവന്റെ പുറകെ, വിധി തനിക്കായി ഒരുക്കിവെച്ച വിചിത്രമായ ഈ ജീവിതപ്പാതയിലേക്ക്, ഡോക്ടറാകുക എന്ന ഒരൊറ്റ സ്വപ്നത്തിന്റെ വെളിച്ചത്തിൽ ക്ലാരയും സാവധാനം അടിവെച്ചു നടന്നു…
കാറ്റിൽ ആടിയുലയുന്ന റോസാച്ചെടികൾക്കിടയിൽ, പരസ്പരം വാക്കുകൾ കൊണ്ട് നിബന്ധനകൾ വെച്ച്, ഒരു കരാർ വിവാഹത്തിന്റെ അതിരുകൾ വരച്ചുവെച്ചതിനു ശേഷം മാർക്കോയും ക്ലാരയും അല്പസമയം നിശബ്ദരായി നിന്നു.
ക്ലാര തൻ്റെ വിറയ്ക്കുന്ന കൈകൾ പതുക്കെ പിൻവലിച്ച്, നിലത്തേക്ക് നോക്കി നിന്നു… അവളുടെ മുഖത്തെ ആശങ്കകളും ഭയവും നേർത്ത സങ്കടവും മാർക്കോയുടെ ശ്രദ്ധയിൽ പെടാതെ പോയില്ല. താൻ ഇപ്പോൾ പറഞ്ഞ സത്യങ്ങൾ ആ പാവം പെൺകുട്ടിയുടെ കുഞ്ഞു മനസ്സിൽ വലിയൊരു ആഘാതമാണ് ഉണ്ടാക്കിയതെന്ന് അവന് മനസ്സിലായി. അവളോട് അത്രയും കണിശമായി സംസാരിക്കേണ്ടി വന്നതിൽ അവന്റെ ഉള്ളിലും നേർത്തൊരു കുറ്റബോധം നിഴലിച്ചു.
മാർക്കോ സാവധാനം ഒരു ചുവട് കൂടി അവളിലേക്ക് അടുത്തുവെച്ചു. അവന്റെ ശബ്ദത്തിലെ കടുപ്പം മാറി, അതിൽ തികച്ചും ആർദ്രവും സൗമ്യവുമായ ഒരു ഭാവം കടന്നുവന്നു.
“ക്ലാരേ…” അവൻ പതുക്കെ വിളിച്ചു.
ക്ലാര വിറയലോടെ തലയുയർത്തി അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
“ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് നീ എന്നെയൊരു ശത്രുവിനെപ്പോലെയോ കഠിനഹൃദയനായ ഒരു മനുഷ്യനായോ കാണരുത്. നമ്മൾ തമ്മിൽ ഒരു പ്രണയബന്ധമോ സാധാരണ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധമോ ഉണ്ടാകില്ലായിരിക്കാം… പക്ഷേ, ഈ നിമിഷം മുതൽ നിനക്ക് ഞാൻ നല്ലൊരു സുഹൃത്തായിരിക്കും. ഒരു നല്ല കൂട്ടുകാരനായി ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും!”
ക്ലാര അവന്റെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ അവനെ നോക്കി.
“നിനക്ക് എന്ത് വിഷമമുണ്ടെങ്കിലും, ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും, ഒരു മടിയുമില്ലാതെ നിനക്ക് എന്നോട് പറയാം. ഒരു ജ്യേഷ്ഠന്റെയോ അല്ലെങ്കിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു നല്ല സുഹൃത്തിന്റെയോ സ്ഥാനത്ത് നിന്ന് ഞാൻ നിന്നെ സഹായിക്കും. അതുപോലെ തന്നെ… എനിക്കും എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പറ്റുന്ന, എന്റെ വിഷമങ്ങൾ കേൾക്കാൻ തയ്യാറുള്ള നല്ലൊരു സുഹൃത്തായി നീയും എന്റെ ഒപ്പമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മാർക്കോ തൻ്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് അവളോട് പറഞ്ഞു.
ആ വാക്കുകൾ ക്ലാരയുടെ ഉള്ളിലേക്ക് വലിയൊരു തണലായി പെയ്തിറങ്ങി. കരിങ്കല്ലുപോലെ ഉറച്ച മനസ്സുള്ളവനെന്ന് താൻ കരുതിയ ഈ മനുഷ്യന്റെ ഉള്ളിൽ ഒരു മനോഹരമായ ഹൃദയമുണ്ടെന്ന് അവൾക്ക് തോന്നി.
“ശരി…” ക്ലാര പതിഞ്ഞ ശബ്ദത്തിൽ, ചെറിയൊരു തലയാട്ടലോടെ മറുപടി നൽകി. “എനിക്കും… എനിക്കും ഒരു നല്ല സുഹൃത്തായിരിക്കാൻ കഴിയും.”
അവളുടെ ആ നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ മാർക്കോയുടെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി.
“എന്നാൽ വാ… നമുക്ക് അകത്തേക്ക് പോകാം. പപ്പയും അച്ചനുമൊക്കെ നമ്മളെ കാണാതെ തിരക്കുന്നുണ്ടാകും.”
അവൻ മുന്നോട്ട് നടന്നു. ക്ലാരയും അവൻ്റെ ഒപ്പം പതുക്കെ ചുവടുകൾ വെച്ചു.
അവർ പള്ളിയുടെ ഇടനാഴിയിലൂടെ തിരികെ പ്രധാന കവാടത്തിലേക്ക് കടക്കുമ്പോഴാണ്, പള്ളിക്കുള്ളിലെ ഒരു വലിയ മരക്കസേരയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ആൻസിയമ്മയെ അവർ കണ്ടത്. വിറയ്ക്കുന്ന കൈകൾ കൊണ്ട് നെഞ്ചുതടവി, വിങ്ങുന്ന ശ്വാസത്തോടെ ഇരിക്കുന്ന ആ വയോധികയെ കണ്ടതും ക്ലാര ധൃതിയിൽ അവരുടെ അടുത്തേക്ക് ഓടിയെത്തി.
“ആൻസിയമ്മേമ്മേ…! എന്താ ഇത്… അൽപ്പം മുൻപല്ലേ ഞാൻ മുറിയിൽ കിടത്തിയിട്ട് പോയത്? വീണ്ടും പുറത്തിറങ്ങിയോ?” ക്ലാര വേവലാതിയോടെ അവരുടെ തോളിൽ പിടിച്ചു.
“അതൊന്നുമല്ല മോളെ… പ്രാർത്ഥിക്കാനായി വന്നതാ… പിന്നെ എന്റെ കൊച്ചിന്റെ മണവാളണേ എനിക്കൂടി ഒന്ന് കാണണ്ടായോ… എവിടെ എന്റെ മരുമകൻ” ആൻസിയമ്മ തടസ്സപ്പെടുന്ന ശബ്ദത്തിൽ പറഞ്ഞു.
ആ സമയം മാർക്കോയും അവരുടെ അരികിലേക്ക് നടന്നെത്തി. ആ നസ്രാണി ചെറുപ്പക്കാരനെ കണ്ടതും ആൻസിയമ്മയുടെ കണ്ണുകൾ സന്തോഷത്തിൽ വിടർന്നു. ഇതാണ് ക്ലാരയെ വിവാഹം കഴിക്കാൻ പോകുന്ന തേവർമറ്റത്തിൽ വർഗീസിന്റെ മകൻ മാർക്കോ എന്ന് അവർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. അവർ ക്ലാരയുടെ അടുത്ത് നിൽക്കുന്ന മാർക്കൊയെയും ക്ലാരയെയും മാറി മാറി നോക്കി.
” രണ്ടാളും കാണാൻ നല്ല ചേർച്ചയുണ്ട്, മാതാവിനെയും യൗസെപ്പിതാവിനെയും പോലെ തന്നെ ”
ആൻസിയമ്മ വലിവിനിടയിലൂടെ കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….
“അയ്യോ… എഴുന്നേൽക്കണ്ട, ഇരുന്നോളൂ…” മാർക്കോ വേഗത്തിൽ മുന്നോട്ട് വന്ന് ആൻസിയമ്മയുടെ തോളിൽ പതുക്കെ തൊട്ടു…
ആൻസിയമ്മ മാർക്കോയുടെ കൈകളിൽ വിറയ്ക്കുന്ന സ്വന്തം കൈകൾ ചേർത്തുപിടിച്ചു. അവരുടെ കണ്ണുകളിൽ നിന്നും കണ്ണീർത്തുള്ളികൾ ഇറ്റുവീണു. അവർ ക്ലാരയെ ഒരുനോക്ക് നോക്കിയ ശേഷം മാർക്കോയെ മാറ്റിനിർത്തി പതുക്കെ സംസാരിക്കാൻ തുടങ്ങി.
“മോനേ…” ആൻസിയമ്മയുടെ ശബ്ദം ഇടറി. “എനിക്ക് മോനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…”
“പറഞ്ഞോളൂ അമ്മേ…” മാർക്കോ സ്നേഹത്തോടെ കാതോർത്തു.
“ഇതാ ഈ നിൽക്കുന്ന എന്റെ ക്ലാര മോൾ… അവൾ ആരുമില്ലാത്ത ഒരു പാവം കൊച്ചാണ് മോനേ. സ്വന്തമെന്ന് പറയാൻ രക്തബന്ധത്തിൽ ഒരാൾ പോലുമില്ലാതെ, ഈ അനാഥാലയത്തിന്റെ മണ്ണിൽ വളർന്നവളാണ്. ഇത്രയും കാലം അവൾക്കൊരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും തണലും നൽകാൻ ഇവിടെയുള്ള ഞങ്ങളും ജോർജ് അച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ… ഇനി അവൾ കടന്നുചെല്ലാൻ പോകുന്നത് നിങ്ങളുടെ വലിയ തറവാട്ടിലേക്കാണ്.”
ആൻസിയമ്മ അവനെ നോക്കി കെഞ്ചി:
“ഇനിയെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കൊടുക്കണം മോനേ! അവളെ ഒരിക്കലും സങ്കടപ്പെടുത്തരുത്… ഒരു അനാഥയാണെന്ന് കരുതി അവളെ തനിച്ചാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. പൊന്നുപോലെ നോക്കണം എന്റെ മകളെ. യാതൊരു കള്ളവുമില്ലാത്ത, ദൈവഭയമുള്ള പാവം കുട്ടിയാ അവൾ. സ്നേഹിച്ചാൽ ജീവൻ വരെ തരുന്ന കൂട്ടത്തിലാ… അവളെ നന്നായി നോക്കണേ മോനേ…”
ആൻസിയമ്മയുടെ വിതുമ്പലും, ആ പാവം പെൺകുട്ടിയോടുള്ള ആത്മാർത്ഥമായ സ്നേഹവും കണ്ടപ്പോൾ മാർക്കോയുടെ നെഞ്ചിനുള്ളിൽ വല്ലാത്തൊരു വാത്സല്യവും സഹതാപവും നിറഞ്ഞുതുളുമ്പി.
താൻ ഒരു അനാഥയുടെ ജീവിത വെളിച്ചത്തെയാണ് തൻ്റെ കപട നാടകങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന ചിന്ത അവനിൽ വീണ്ടും കുറ്റബോധം ഇരട്ടിച്ചു.
അവൻ ആൻസിയമ്മയുടെ വിറയ്ക്കുന്ന കൈകൾ തൻ്റെ ബലമുള്ള കൈകൾക്കുള്ളിൽ ചേർത്തുപിടിച്ചു.
“അമ്മ പേടിക്കണ്ട…” മാർക്കോ വളരെ ആർദ്രമായി പറഞ്ഞു. “ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ക്ലാരയെ ഞാൻ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചോളാം. അവൾക്ക് യാതൊരു സങ്കടവും ഉണ്ടാകാതെ, അവളുടെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ കൂടെയുണ്ടാകും. അവളെ ഞാൻ ഒരിയ്ക്കലും തനിച്ചാക്കില്ല… ഇത് എന്റെ വാക്കാണ്!”
മാർക്കോയുടെ ആ ഉറച്ച വാക്കുകളും അവന്റെ കണ്ണുകളിലെ സത്യസന്ധതയും കണ്ടപ്പോൾ ആൻസിയമ്മയുടെ മനസ്സിലെ ഭാരമെല്ലാം ഒഴിഞ്ഞുപോയി. അവർ കണ്ണീരോടെ ദൈവത്തിന് നന്ദി പറഞ്ഞു.
“ഈ വാക്കുകൾ മതി മോനേ എനിക്ക്… മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ!” അവർ അവന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
തുടർന്ന് അവർ എല്ലാവരും ചേർന്ന് പള്ളിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് വന്നു. അവിടെ വർഗീസും ഭാര്യ ആനിയും ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
മടങ്ങാനായി തന്റെ കാറിന് അരികിലേക്ക് നടക്കുമ്പോൾ, വർഗീസ് ക്ലാരയുടെ അടുത്തേക്ക് നടന്നുചെന്നു. അയാൾ മറ്റുള്ളവരിൽ നിന്നും അവളെ അല്പം മാറ്റിനിർത്തി, വളരെ വാത്സല്യത്തോടെ സംസാരിക്കാൻ തുടങ്ങി.
“മോളേ… ക്ലാരേ…” വർഗീസ് അവളുടെ തോളിൽ കൈവെച്ചു.
ക്ലാര വിനയത്തോടെ തലയുയർത്തി നോക്കി.
“നിന്റെ മനസ്സിൽ ഇപ്പോൾ എന്തൊക്കെ ചിന്തകളുണ്ടെന്ന് എനിക്കറിയാം. എന്റെ മകൻ മാർക്കോയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്താൻ വേണ്ടി, അവന്റെ ദേഷ്യവും അഹങ്കാരവും മാറ്റി അവനെയൊരു നല്ല മനുഷ്യനാക്കാൻ വേണ്ടി… ആരോരും ഇല്ലാത്ത നിന്നെ ഞാൻ അവന്റെ തലയിൽ കെട്ടിവെക്കുകയാണെന്ന് ഒരു തോന്നൽ നിന്റെ ഉള്ളിൽ ഒരിക്കലും ഉണ്ടാകരുത്!”
വർഗീസിന്റെ വാക്കുകൾ കേട്ടതും ക്ലാര ഒന്നും മിണ്ടാതെ അയാളെ നോക്കി.
തുടരും… 🤍





