ഇച്ചായന്റെപെണ്ണ്… 4
ഭാഗം നാല് 🤍
പാലാ ടൗണിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്, പച്ചപ്പു നിറഞ്ഞ കുന്നിൻചെരിവിലാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ആ വലിയ പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയങ്കണത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന മുല്ലവള്ളികളും പനിനീർ പുഷ്പ്പങ്ങളും കാറ്റിൽ ആടിയുലയുമ്പോൾ ആ പൂക്കളുടെ സുഗന്ധം അന്തരീക്ഷത്തിലാകെ പടർന്നുനിൽക്കുന്നുണ്ടായിരുന്നു.
തലേദിവസത്തെ വൈകുന്നേരത്തെ കുർബാന കഴിഞ്ഞ്, പിറ്റേന്നത്തെ കുർബാനയ്ക്കും മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്കുമുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിലാണ് പള്ളിയിൽ നടന്നുകൊണ്ടിരുന്നത്.
പള്ളിയുടെ അൾത്താരയിൽ, തിരികളുടെയും വെളുത്ത ഡാലിയ പൂക്കളുടെയും ഇടയിലൂടെ അതിരാവിലെ വരുന്ന വെയിൽനാളങ്ങൾ ജനാലകൾക്കിടയിലൂടെ വീണുടയുന്നുണ്ടായിരുന്നു.
അൾത്താരയിൽ വെളുത്ത റോസാപ്പൂക്കളും ലില്ലിപ്പൂക്കളും ഭംഗിയായി അടുക്കി വെക്കുകയായിരുന്നു ക്ലാര.
ചെറിയൊരു കാറ്റ് ജാലകപ്പടികളിലൂടെ അകത്തേക്ക് വീശിയടിച്ചപ്പോൾ അവളുടെ അരക്കെട്ട് കവിഞ്ഞൊഴുകുന്ന നീണ്ട മുടിയിഴകൾ പതുക്കെ ഇളകിമാറി.
വെണ്ണത്തോൽ തോൽക്കുന്ന അവളുടെ വെളുത്ത കവിളുകളിൽ ഇളം പിങ്ക് നിറം പടർന്നിട്ടുണ്ടായിരുന്നു. താഴെ വീണ പൂവിതളുകൾ ഒരോന്നായി പെറുക്കിയെടുക്കുമ്പോഴും അവളുടെ ചുണ്ടുകളിൽ മാതാവിന്റെ സ്തുതിഗീതങ്ങൾ താളത്തിൽ തങ്ങിനിന്നു.
“മോളേ ക്ലാരേ… ഈ പൂക്കുടകൾ അല്പം കൂടി മുന്നോട്ട് നീക്കി വെക്കണേ. അച്ഛൻ വന്ന് നോക്കുമ്പോൾ എല്ലാം കൃത്യമായിരിക്കണം… ഇന്ന് ആ മറ്റത്തിലെ ജോണിന്റെ കൊച്ചിന്റെ മാമോദീസ ഉള്ളതാ”
എൽസമ്മ സിസ്റ്റർ പുറകിൽ നിന്ന് വിളിച്ചുപറഞ്ഞപ്പോൾ ക്ലാര പുഞ്ചിരിയോടെ തലയാട്ടി.
“എല്ലാം ഞാൻ ശരിയാക്കിക്കോളാം.. മാതാവിന്റെ അൾത്താരയല്ലേ, ഒരു കുറവും വരുത്തില്ല. അച്ഛന് ഒരു കുറ്റവും പറയാൻ കിട്ടില്ല!” അവളുടെ കിളിനാദം പോലെയുള്ള ശബ്ദം അവിടെ അലയടിച്ചു.
അതേസമയം, പള്ളിയുടെ മുന്നിലെ വലിയ ഗ്രൗണ്ടിൽ ഒരു കറുത്ത ആഡംബര കാർ വന്നുനിന്നു. കാറിന്റെ മുൻവാതിൽ തുറന്ന് ഡ്രൈവർ ഇറങ്ങി പിന്നിലെ വാതിൽ തുറന്നു കൊടുത്തു. ഗാംഭീര്യമുള്ള ചുവടുകളോടെ വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് വർഗീസ് താഴേക്കിറങ്ങി.
കൈയ്യിൽ കിടക്കുന്ന സ്വർണചെയിൻ നേരെയാക്കി, കയ്യിലെ കുട നിവർത്തിക്കൊണ്ട് അയാൾ മുന്നോട്ടേക്ക് നടന്നു.
പാലായിലെ പേരുകേട്ട നസ്രാണി കുടുംബമായി തേവർമറ്റത്തിൽ കുടുംബത്തിലെ കാരണവർ. സ്വന്തം വാക്കുകൾ ആജ്ഞകളായി മാറ്റുന്ന, ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ വർഗീസ്!.
പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി വലിയൊരു തുക വികാരിയച്ചന് നൽകാം എന്ന് അയാൾ വാക്കു നൽകിയിട്ടുണ്ടായിരുന്നു. ആ തുക നേരിട്ട് കൈമാറാനാണ് അയാൾ അതിരാവിലെ പള്ളിയിലേക്ക് എത്തിയിരിക്കുന്നത്.
കാറിൽ നിന്നിറങ്ങി പള്ളിയുടെ വിശാലമായ പോർട്ടിക്കോയിലേക്ക് നടക്കുമ്പോൾ വർഗീസിന്റെ മുഖത്ത് ഗൗരവം തങ്ങിനിന്നു.
ഇടവകയിൽ അയാൾക്കുള്ള സ്ഥാനവും ആദരവും വളരെ വലുതാണ്. പക്ഷേ, മനസ്സിൽ മകൻ മാർക്കോയെക്കുറിച്ചുള്ള ചിന്തകൾ ഒരു കനൽപോലെ എരിയുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ വെച്ച് മകനുമായി ഉണ്ടായ തർക്കം അയാളുടെ മനസ്സിനെ അസ്വസ്ഥനാക്കിയിരുന്നു. അതൊന്ന് മായിക്കാനായികൂടെയാണ് അയാൾ അവിടേക്ക് വന്നത്.
‘ആ ജെന്നിഫർ… അവളുടെ പിന്നാലെ നടന്ന് കുടുംബത്തിന്റെ പേര് കളയാൻ ഇറങ്ങിയിരിക്കുന്നു. അവൻ എന്ത് വിചാരിച്ചാണ് നടക്കുന്നത്? എന്റെ വാക്കിനെതിരായി ഒരു പടി പോലും മുന്നോട്ട് വെക്കാൻ ഞാൻ അവനെ സമ്മതിക്കില്ല. എന്റെ സ്വത്ത് കണ്ടാണ് ആ പെണ്ണ് അവനെ വലയിലാക്കിയിരിക്കുന്നത്. അതിന് ഞാൻ വഴി വെച്ചുകൊടുക്കില്ല…’ വർഗീസ് മനസ്സിൽ ഉറപ്പിച്ചു.
പള്ളിയുടെ പ്രധാന കവാടത്തിലെത്തിയ വർഗീസ് കുമ്പിട്ട് കുരിശുവരച്ച് അകത്തേക്ക് കടന്നു. അച്ചന്റെ മുറിയിലേക്ക് പോകുന്നതിന് മുൻപ് മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ പ്രാർത്ഥിക്കാനായി അയാൾ അൾത്താരയുടെ ഇടത് ഭാഗത്തേക്ക് നടന്നു.
അപ്പോഴാണ് അൾത്താരയിൽ പൂക്കൾ ക്രമീകരിക്കുന്ന ക്ലാര അയാളുടെ കണ്ണിൽപെടുന്നത്.
രാവിലത്തെ ഇളംവെയിൽ ജാലകത്തിലൂടെ വന്ന് അവളുടെ മേൽ പതിക്കുമ്പോൾ, ഇളം നീല വസ്ത്രമണിഞ്ഞ അവൾ ഒരു മാലാഖയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ കുഞ്ഞുചുണ്ടിൽ തങ്ങിനിൽക്കുന്ന ചെറുപുഞ്ചിരിയും നീണ്ട മുടിയിഴകൾ കാറ്റിൽ പറക്കുന്നതും വർഗീസ് കൗതുകത്തോടെ നോക്കിനിന്നു.
അത്രമേൽ പരിശുദ്ധിയും പവിത്രതയും നിറഞ്ഞ ഒരു മുഖം അയാൾ അടുത്തകാലത്തൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. കണ്ണുകളിൽ കളങ്കമില്ലാത്ത നിഷ്കളങ്കത മാത്രം.
വർഗീസിന്റെ ഉള്ളിൽ അറിയാതെ ഒരു ആത്മഗതം ഉയർന്നു:
‘ദൈവമേ… എന്തൊരു ഐശ്വര്യമുള്ള പെൺകുട്ടി! ഈ മുഖത്ത് നോക്കുമ്പോൾ തന്നെ മനസ്സിലെ അസ്വസ്ഥതകളൊക്കെ മാറുന്നതുപോലെ. എന്റെ മകൻ മാർക്കോയ്ക്ക് ഇങ്ങനെയൊരു പെൺകുട്ടിയെ ആയിരുന്നു കിട്ടേണ്ടിയിരുന്നത്. ദൈവദൂതയെപോലിരിക്കുന്ന ഈ കൊച്ച് എന്റെ മകന്റെ മണവാട്ടിയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അഹങ്കാരവും തലക്കനവുമില്ലാത്ത, കണ്ടാൽ ദൈവഭയമുണ്ടെന്ന് തോന്നുന്ന ഒരു മാലാഖക്കുട്ടി…’
അയാൾ കുറച്ചുനേരം അവളിൽ നിന്ന് കണ്ണെടുക്കാനാവാതെ അവിടെത്തന്നെ നിന്നു. എന്നാൽ ക്ലാര താൻ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന കാര്യമറിയാതെ, അൾത്താരയിലെ ഓരോ പൂക്കളും വെക്കുന്ന തിരക്കിലായിരുന്നു.
വർഗീസ് പതിയെ മുന്നോട്ട് നടന്ന്, മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മുട്ടുകുത്തി. നെറ്റിയിൽ കുരിശടയാളം വരച്ച് കണ്ണുകളടച്ചു.
‘അമ്മേ മാതാവേ… എന്റെ കുടുംബത്തിൽ സമാധാനം തരണമേ. മാർക്കോയ്ക്ക് നല്ല ബുദ്ധി കൊടുക്കണമേ. അവന്റെ വഴികൾ തെറ്റാതിരിക്കാൻ അമ്മ തന്നെ കാത്തുരക്ഷിക്കണേ…’
അയാൾ കണ്ണുകൾ അടച്ച് ഏറെ നേരം അങ്ങനെ ഇരുന്നു. പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റ വർഗീസ്, വികാരിയച്ചന്റെ മുറി ലക്ഷ്യമാക്കി പള്ളിയുടെ ഇടതുവശത്തെ വലിയ കൽപടവുകൾ ഇറങ്ങാൻ തുടങ്ങി. പള്ളിയുടെ താഴെയായി ആണ് അച്ഛന്റെ മുറി.
ആ കൽപടവുകൾ മഴക്കാലത്ത് വഴുക്കലുള്ളതായിരുന്നു. മനസ്സിൽ മുഴുവൻ കുടുംബ കാര്യങ്ങളും മകന്റെ ഭാവി ചിന്തകളും നിറഞ്ഞതുകൊണ്ടുതന്നെ അയാൾ തന്റെ കാലടികളിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല.
രണ്ടാമത്തെ പടി ഇറങ്ങിയതും അയാളുടെ വലതുകാൽ അല്പം വഴുതി മടങ്ങി!
“ഈശോ…!”
വർഗീസിന്റെ വായിൽ നിന്ന് ഭയന്നുള്ള ഒരു നിലവിളി ഉയർന്നു. ശരീരം പെട്ടെന്ന് ബാലൻസ് തെറ്റി താഴത്തെ കൽക്കെട്ടുകളിലേക്ക് മറിയാൻ തുടങ്ങി. ആ വീഴ്ച വീണാൽ അയാളുടെ ശരീരത്തിന് വലിയ മുറിവുകൾ ഉണ്ടാക്കും; കാൽ ഒടിയാനോ അല്ലെങ്കിൽ തല കല്ലിലിടിച്ച് വലിയ അപകടം സംഭവിക്കാനോ സാധ്യതയേറെയായിരുന്നു. വർഗീസ് ഭയന്ന് കണ്ണുകളടച്ചു.
പക്ഷേ, നിമിഷങ്ങൾക്കകം, മൃദുലമായ എന്നാൽ ഉറച്ച രണ്ടു കൈകൾ അയാളെ മുറുകെ പിടിച്ചു!
ശരീരം നിലത്തുപതിക്കുന്നതിന് തൊട്ടുമുൻപ് ക്ലാര ഓടിയെത്തി അയാളെ താങ്ങിനിർത്തുകയായിരുന്നു.
അൾത്താരയിൽ നിന്ന് പൂക്കൊട്ടയുമായി താഴേക്ക് വരികയായിരുന്ന അവൾ വർഗീസ് കാലിടറി വീഴുന്നത് കണ്ട് ഒറ്റച്ചാട്ടത്തിന് പടവുകൾ ഓടിയിറങ്ങി വരുകയായിരുന്നു.
തന്റെ സർവ്വ ശക്തിയുമെടുത്ത് അവൾ അയാളുടെ വസ്ത്രത്തിലും കൈകളിലും പിടിച്ച് പിന്നിലേക്ക് വലിച്ച് നിർത്തി. ഭാരം താങ്ങാനാവാതെ ക്ലാരയുടെ കുഞ്ഞു കൈകൾ വിറച്ചെങ്കിലും അവൾ പിടിവിട്ടില്ല.
വർഗീസ് ഞെട്ടിപ്പോയി. അയാൾ കണ്ണുതുറന്നപ്പോൾ കണ്ടത് ശ്വാസമെടുക്കാൻ പാടുപെടുന്ന, ഭയന്നു വിറച്ച കണ്ണുകളോടെ തന്നെ നോക്കുന്ന ക്ലാരയെയാണ്.
“ചേട്ടാ… കുഴപ്പമൊന്നുമില്ലല്ലോ? കാൽ ഉളുക്കിയോ? വഴുക്കൾ ഉള്ളതല്ലേ നോക്കി നടക്കണ്ടേ… ആ കല്ലിൽ തട്ടി വീണിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ!”
അവളുടെ ശബ്ദത്തിൽ ആകുലതയും ഉത്കണ്ഠയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തം അപ്പനെപ്പോലെ കരുതതിയുള്ള അവളുടെ വാക്കുകൾ വർഗീസിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.
വർഗീസ് പതുക്കെ സ്വയം നിലയുറപ്പിച്ചു. അയാൾ തൻ്റെ വിറയ്ക്കുന്ന കാലുകളിലേക്ക് നോക്കി, പിന്നീട് മുന്നിലെ കൽക്കെട്ടിലേക്ക് നോക്കി. കുറച്ച് അപ്പുറമുള്ള പാറകെട്ടുകൾ പൊട്ടിച്ചപ്പോൾ കിട്ടിയ പാറകൾ അവിടെ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.ക്ലാര പിടിച്ചില്ലായിരുന്നുവെങ്കിൽ അയാൾ ആ കൽക്കെട്ടിലേക്ക് തലയിടിച്ച് വീഴുമായിരുന്നു.
“മോളേ…” വർഗീസിന്റെ ശബ്ദം ഇടറി.
“കുഴപ്പമൊന്നുമില്ലല്ലോ ചേട്ടാ? നിൽക്കാൻ പറ്റുന്നുണ്ടോ?” ക്ലാര വീണ്ടും അയാളുടെ കൈകളിൽ പിടിച്ച് ചോദിച്ചു.
“ഉവ്വ്… ഉവ്വ് മോളേ… ദൈവത്തിന് നന്ദി. നീ… നീ ഓടിയെത്തിയില്ലായിരുന്നെങ്കിൽ എന്റെ കാര്യം ഇന്നത്തോടെ തീർന്നേനെ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” വർഗീസ് അവളുടെ തലയിൽ കൈവെച്ചു.
“അയ്യോ അങ്ങനെ പറയരുത്. ഈ കൽപടവുകളിൽ എപ്പോഴും വഴുക്കലുണ്ട്. മഴ കഴിഞ്ഞതുകൊണ്ട് പായൽ കെട്ടിനിൽക്കുകയാ. അച്ചനോട് ഞാൻ പണ്ടേ പറഞ്ഞതാ ഇതൊന്ന് ചെത്തി വൃത്തിയാക്കാൻ. ഭാഗ്യം… വലിയ അപകടമൊന്നും ഉണ്ടാകാതിരുന്നത് കർത്താവിന്റെ കൃപ.” ക്ലാര ശ്വാസം നേരെ വീണ്ടെടുത്ത് പുഞ്ചിരിച്ചു.
വർഗീസ് അവളെ സൂക്ഷ്മമായി നോക്കി. അൾത്താരയിൽ വെച്ച് താൻ കണ്ട അതേ പെൺകുട്ടി. അടുത്തു കണ്ടപ്പോൾ അവളുടെ മുഖത്തെ ലാളിത്യം അയാൾക്ക് കൂടുതൽ വ്യക്തമായി.
“നിന്റെ പേരെന്താ മോളേ?” വർഗീസ് സ്നേഹത്തോടെ ചോദിച്ചു.
“എന്റെ പേര് ക്ലാര… അന്ന എന്നാണ് ചിലരൊക്കെ വിളിക്കുന്നത്.” അവൾ മൃദുലമായി പുഞ്ചിരിച്ചു.
“ക്ലാര… മനോഹരമായ പേര്. നീ ഈ ഇടവകയിലുള്ളതാണോ? പള്ളിക്ക് അടുത്താണോ വീട്?”
ആ ചോദ്യം കേട്ടതും ക്ലാരയുടെ മുഖത്തെ ആ തിളക്കം അല്പം മങ്ങി. അവളുടെ കണ്ണുകളിൽ നേരിയൊരു സങ്കടനിഴൽ പടർന്നു. പക്ഷേ അവൾ അത് മറച്ചുവെക്കാൻ ശ്രമിച്ചു.
“എനിക്ക്… എനിക്ക് സ്വന്തമായി വീടൊന്നുമില്ല, ഞാൻ ഇവിടുത്തെ അനാഥാലയത്തിലാണ് താമസിക്കുന്നത്. ജനിച്ച അന്നുമുതൽ ഇവിടെത്തന്നെയാണ്. പള്ളിയും മഠവുമാണ് എന്റെ വീട്.”
വർഗീസിന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. അനാഥ പെൺകുട്ടി! ഇത്രയും സുന്ദരിയായ, ഇത്രയും സ്വഭാവ മഹിമയുള്ള ഒരു കുട്ടി അനാഥയായി വളരുകയാണെന്ന കാര്യം അയാളെ അത്ഭുതപ്പെടുത്തി.
“അനാഥാലയത്തിലാണോ…?” വർഗീസിന് വിഷമം തോന്നി.
“അതെ, പക്ഷേ എനിക്ക് അവിടെ ഒരു കുറവുമില്ല. അച്ഛന്മാരും സിസ്റ്റർമാരും ആൻസിയമ്മയുമൊക്കെ എന്നെ സ്വന്തം മകളെപ്പോലെയാ നോക്കുന്നത്. അൾത്താര ഒരുക്കലും മെഴുകുതിരി ഉണ്ടാക്കലുമൊക്കെയായി ഞാൻ സന്തോഷത്തോടെ കഴിയുന്നു.”
അവളുടെ വാക്കുകളിലെ പക്വത വർഗീസിനെ ഏറെ ആകർഷിച്ചു. അനാഥത്വത്തിന്റെ സങ്കടം ഉള്ളിലൊതുക്കി, മറ്റുള്ളവർക്ക് സന്തോഷം നൽകുന്ന അവളുടെ മനസ്സും നന്മയും അയാൾ തിരിച്ചറിഞ്ഞു.
“നീ വളരെ നല്ലൊരു കുട്ടിയാണ് മോളേ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇന്ന് നീ എനിക്ക് ചെയ്തത് വലിയൊരു സഹായമാണ്.” വർഗീസ് അവളുടെ ചുമലിൽ തട്ടി.
“അയ്യോ, അതിനൊന്നും എന്നോട് നന്ദി പറയണ്ട ചേട്ടാ. ആരു കണ്ടാലും അങ്ങനെയേ ചെയ്യൂ. അച്ഛനെ കാണാൻ അല്ലെ, ഈ സൈഡിൽ കൂടെ സാവധാനം നടന്നോളു. വികാരിയച്ചൻ മുറിയിലുണ്ട്.” ക്ലാര അയാൾക്ക് വഴി കാണിച്ചു കൊടുത്തു.
“ശരി മോളേ… ഞാൻ അച്ചനെ കണ്ടിട്ട് വരാം.”
വർഗീസ് പതുക്കെ നടന്നുനീങ്ങി. പക്ഷേ, അയാളുടെ മനസ്സ് മുഴുവൻ ക്ലാരയായിരുന്നു. ഓരോ ചുവടുവെക്കുമ്പോഴും അയാളുടെ ഉള്ളിൽ ഒരു വലിയ ചിന്ത രൂപപ്പെടുന്നുണ്ടായിരുന്നു.
വികാരിയച്ചന്റെ മുറിയുടെ വാതിലിൽ വർഗീസ് മുട്ടി.
“വരൂ… കടന്നു വരൂ…” ജോർജ് അച്ചന്റെ ശബ്ദം കേട്ടു.
വർഗീസ് അകത്തേക്ക് കടന്നതും വികാരിയച്ചൻ സന്തോഷത്തോടെ എഴുന്നേറ്റു.
“ഓ… ഇതാരാ വർഗീസോ വരൂ… ഇരിക്കൂ. രാവിലെത്തന്നെ വരുമെന്ന് പ്രതീക്ഷിച്ചില്ല.”
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ… സൺഡേ സ്കൂളിന്റെ കാര്യം സംസാരിക്കാമെന്ന് വിചാരിച്ചു. അതാ അതിരാവിലെ പോന്നത്.” വർഗീസ് കസേരയിലേക്ക് ഇരുന്നു.
വർഗീസ് തന്റെ കയ്യിലിരുന്ന ചെക്ക് പുസ്തകമെടുത്ത്, കൊടുക്കാമെന്നു പറഞ്ഞ തുക എഴുതി അച്ചന് കൈമാറി.
“വളരെ നന്ദി വർഗീസേ… ദൈവം തന്നെയും കുടുംബത്തിനെയും ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ. ഈ തുക സൺഡേ സ്കൂളിന്റെ പുതിയ കെട്ടിടത്തിന് വലിയൊരു സഹായമാകും.” അച്ചൻ നന്ദിയോടെ പറഞ്ഞു.
വർഗീസ് കുറച്ചുനേരം മിണ്ടാതിരുന്നു. അയാളുടെ മനസ്സിൽ ക്ലാരയുടെ രൂപം മാത്രം തെളിഞ്ഞുനിൽക്കുകയായിരുന്നു.
“അച്ചോ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്നതാടോ? ചോദിക്കൂ…”
“ഇപ്പോൾ പള്ളിയുടെ അൾത്താര അലങ്കരിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിയില്ലേ ക്ലാര. അവളെക്കുറിച്ച് എനിക്കൊന്ന് അറിയണം.”
അച്ചന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
തുടരും…




