25/05/2026

അവിരതം : ഭാഗം 01

രചന – അഗ്നിമിത്ര

കോരിച്ചൊരിയുന്ന മഴയാണ്. ഇന്നലെ രാവിലെ മുതൽ അതിങ്ങനെ വിശ്രമമില്ലാതെ പെയ്തുകൊണ്ടിരിക്കുവാണ്. അന്തരീക്ഷത്തിന് പോലും കുത്തികൊള്ളുന്ന പോലെ തണുപ്പ് നിറഞ്ഞിരിക്കുന്നു. ചിലയിടതൊക്കെ വെള്ളം പൊങ്ങിയത് കാരണം സ്കൂളിന് ഇന്നവധിയാണ്.

അടുപ്പിലെ തീ ഒന്ന് കൂടെ കൂട്ടി തിരിയുമ്പോഴാണ് ഉമ്മറത്ത് ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നത്.

“ഈ മഴയത്ത് ഇതാരാണാവോ ”

പറഞ്ഞുകൊണ്ടവൾ ഉമ്മറവാതിൽ തുറന്നു. ഫ്ളിപ് കാർട്ടിൽ നിന്നാണെന്ന് മനസിലായി. ആ പയ്യന്റെ കൈയിൽ നിന്ന് കൊറിയർ വാങ്ങി അവൾ വീണ്ടും അകത്തേയ്ക്ക് കയറി. ഹാളിൽ ഇരുന്ന് സൂക്ഷ്മതയോടെ ആ കൊറിയർ പൊട്ടിച്ചു. കുറച്ച് നാളായുള്ള ആഗ്രഹമാണ് ഒരു ഡയറി. മനോഹരമായ പുറം ചട്ടയുള്ള ഒരു ഹാൻഡ് മേഡ് ഡയറിയാണ് ഓർഡർ ചെയ്തത്. ഫോണിൽ കണ്ടത് പോലെ… അല്ലെങ്കിൽ അതിലും മനോഹരമായത്. ഒറ്റനോട്ടത്തിൽ അവളുടെ മനസ്സ് നിറഞ്ഞു.

രണ്ട് ദിവസം ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ കയറി ഇറങ്ങി തപ്പിയെടുത്ത ഒന്നാണ് കൈയിൽ ഇരിക്കുന്നത്. അവളതിന്റെ പുതുഗന്ധം നുകർന്ന ശേഷം ടീപോയിലേയ്ക്ക് വെച്ചു.

ഇതും നോക്കിയിരുന്നാൽ അവിടെ ഇരിക്കുമെന്ന് അവൾക്കറിയാം. ഫോൺ കൈയിലെടുത്ത് പാട്ട് വെയ്ക്കാൻ നോക്കിയപ്പോൾ 30% ആണ് ചാർജ്.

കറന്റ്‌ പോയാൽ തീർന്നു.

ഫോൺ കുത്തിയിട്ട് അവൾ അടുക്കളയിലേയ്ക്ക് നടന്നു. അന്നത്തെ പണിയെല്ലാം കഴിഞ്ഞ് വന്നപ്പോൾ സമയം രണ്ട് കഴിഞ്ഞിരുന്നു. അമ്മയും അച്ഛനും കൂടി അപ്പച്ചിയെ മെഡിക്കൽ കോളേജിൽ പോയതാണ്. വൈകിട്ട് നോക്കിയാൽ മതി. പോരാത്തതിന് ഈ മഴയും.

ആരും കഴിക്കാൻ ഇല്ലാത്തത് കൊണ്ട് കുത്തരിയുടെ കഞ്ഞിയായിരുന്നു. കൂടെ നാരങ്ങ അച്ചാറും കട്ട തൈരും. പ്രദക്ഷിണയുടെ ഇഷ്ടപ്പെട്ട കൊമ്പിനേഷനിൽ ഒന്നാണന്നത്. ആഹാരവും കഴിച് പാത്രവും കഴുകി മുറിയിലേയ്ക്ക് നടന്നു. ടേബിളിൽ ഇരിക്കുന്ന ഒരു പേനയുമായി ഹാളിൽ ചെന്ന് ഡയറിയുമായി പുറത്തേക്കിറങ്ങി.

പ്രണയം നിറഞ്ഞു കവിയുന്ന ഹൃദയത്തിന്റെ ഭാവങ്ങൾ പകർന്നെഴുതാൻ ആവതില്ലാതെ… ആരോടും പറയാനാവാതെ അവൾ ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയാണ്. ഒരു വശത്ത് ഫോണിലെ സ്പോട്ടിഫൈയിൽ നിന്ന് മധുരകരമായ ഒരു പ്രണയഗാനം ഭൂമിയെ കുളിരണിയിക്കുന്ന മഴത്തുള്ളികൾ പോലെ അവളെ നനയ്ക്കുന്നുണ്ട്.

തന്നിൽ നിറയുന്ന ഭാവങ്ങൾക്ക് പ്രണയത്തിന്റെ ശ്ചായ ഉണ്ടായിരുന്നുവോ?. തന്റെ വാക്കുകളിൽ… പ്രവർത്തിയിൽ… ഭാവുകങ്ങളിൽ നിറഞ്ഞതൊക്കെ പ്രണയമായിരുന്നുവോ?

അവളിൽ ഒരു വിറയൽ പടർന്നു. എന്നാണ്… എന്നായിരുന്നു ആദ്യ കൂടിക്കാഴ്ച. ദിവസമോ സമയമോ ഓർമയില്ല. പക്ഷെ ആ സ്കൂളിന്റെ ഇടനാഴിയിൽ എവിടെയോ ആയിരുന്നു. ആദ്യകൂടിക്കാഴ്ചയിലോ സംസാരങ്ങളിലൊ ഒന്നും തോന്നിയിട്ടില്ല. ഇടയ്ക്കെപ്പോഴോ ആ പേരിനോട് ഒരിഷ്ടം തോന്നി തുടങ്ങി. സൗഹൃദം പോലെ മനസ്സിൽ സ്ഥാനം പിടിച്ചു.

സഹ അധ്യാപകരോട് ആരുമായും അത്ര അധികമായി സൗഹൃദങ്ങൾ ഇല്ല. സ്നേഹമാണോ ആണ്. പക്ഷെ ഒരു അകലത്തിന് ദൂരമിട്ടാണ് അവയെ തന്നോട് ചേർത്തു വെച്ചിരിക്കുന്നത്. കാണുമ്പോഴൊക്കെ ഒരു പുഞ്ചിരി. മിതമായ സംസാരങ്ങൾ. അതിനപ്പുറം ആരോടും സംസാരങ്ങൾ ഒന്നുമില്ല. പിന്നെ ആകെ കുറച്ചധികം അടുപ്പമുള്ളത് അശ്വന്തിനോടാണ്. അതും ഒന്നിച് പഠിച്ചതിൽ നിന്ന് ഉടലെടുത്ത കറകളഞ്ഞ സൗഹൃദം. പഠിക്കുമ്പോൾ ഒരു ചിരിയ്ക്കപ്പുറം ഒന്നും ഒരു സംസാരം പോലും ഉണ്ടായിട്ടില്ല. പെൺകുട്ടികൾക്കിടയിൽ വായാടി ആയിരുന്നെങ്കിലും ആൺകുട്ടികൾക്ക് ഇടയിൽ നിശബ്ദയായിരുന്നു. പഠിപ്പിസ്റ്റ് എന്നവർ വിചാരിച്ചിരുന്ന ഒരുവൾ. B. Ed പഠിക്കുമ്പോഴാണ് പിന്നെ അശ്വന്തിനെ കാണുന്നത്. അന്ന് അവനായാണ് സംസാരം തുടങ്ങിയത്. അതൊരു സൗഹൃദമായി മാറി.

പഠനം കഴിഞ്ഞ് രണ്ട് സ്കൂളിൽ ഗസ്റ്റ്‌ അധ്യാപികയായിരുന്നു. അതും വീടിന് ഒരുപാടകലെ. പിന്നീടാണ് വീടിന് അടുത്തൊരു സ്കൂളിൽ സാമൂഹിക പാഠം അധ്യാപിക ആവുന്നത്. അവിടെ വെച്ചായിരുന്നു അശ്വന്തുമായി വീണ്ടും കാണുന്നത്. ആ പഴയ സൗഹൃദം വീണ്ടും പൊടിതട്ടിയെടുത്തു. പഴയതിലും തീവ്രമായി അത് വളർന്നു. എന്തും തുറന്നു പറയുന്ന… ഏത് രാത്രിയിലും എന്തിനും വിളിക്കാവുന്ന നല്ലൊരു സൗഹൃദമായി ഇന്നവൻ കൂടെയുണ്ട്.

“ശ്ചെ!!! എന്തൊക്കെയാ ഈ ചിന്തിക്കുന്നത്. നിഹിതിനെ കുറിച് ആലോചിക്കുമ്പോൾ അശ്വന്ത് ”

അവൾ തലയിൽ കൊട്ടി. വീണ്ടും നിഹിതിനെ ഓർത്തു. അല്ല… ഓർക്കാൻ മറന്നിട്ടില്ലല്ലോ!!!

ഒതുക്കി വെട്ടിയ നീളൻ മുടിയും തന്നെക്കാൾ അല്പം പൊക്കവും ആ പൊക്കത്തിന് ഒത്ത വണ്ണവുമുള്ള… ചെറു ചുളിവുള്ള ഷർട്ടും ജീൻസും ധരിച്… നിശബ്ദമായി നടക്കുന്നൊരുവൻ. എപ്പോഴും സന്തോഷം നിറഞ്ഞു നിൽക്കുന്ന കണ്ണുകളെ ഒരു കണ്ണടയ്ക്കുള്ളിൽ ഒതുക്കി തന്നിലേയ്ക്ക് കടന്നുവന്നവൻ. നിഹിത്.

ആദ്യം ശ്രദ്ധിച്ചുതുടങ്ങിയത് ആ കൈകളെ ആയിരുന്നു. നീണ്ട വിരലുകളെ. നിഹിത്, കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കുമ്പോഴൊക്കെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആ വിരലുകളുടെ ചലനത്തെ ഉള്ളിൽ പതിപ്പിച്ചിരുന്നു. അത്രമേൽ ഭംഗിയായിരുന്നു… ആ ചലനങ്ങൾക്ക്.

പിന്നെയാണ് സംസാരം ശ്രദ്ധിച്ചു തുടങ്ങിയത്. വലിച്ചുനീട്ടലോ അനാവശ്യ വാക്കുകളൊ കടന്നു വരാത്ത സംഭാഷണങ്ങൾ. സൗമ്യമായ ഭാവത്തോടെ എല്ലാവരോടും പെരുമാറുന്ന ഒരു അധ്യാപകന്റെ എല്ലാ ഭാവവും നിറഞ്ഞു നിൽക്കുന്ന… ഉത്തരവാദിത്വത്തോടെ വിദ്യാർത്ഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന… ശിഷ്യരുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ. ഒരുപക്ഷെ തന്നേക്കാളും കുട്ടികൾക്ക് നിഹിതിനെയാവും ഇഷ്ടം..

അവൾ ചിരിച്ചു. പ്രണയം നിറഞ്ഞ ചിരി. അവൾ ഡയറി തുറന്നു. തൂലിക മഷിയുമായി കലഹം തുടർന്നു.

അവളുടെ പ്രണയത്തെ അടയാളപ്പെടുത്തുവാൻ വാക്കുകളില്ലെന്ന് തൂലികയും… ആ പ്രണയത്തെ പകർത്തി എഴുതണമെന്ന് മഷിതുള്ളിയും.

ഒടുവിൽ മഷിതുള്ളി ആ ഡയറിയുടെ ആദ്യപേജിൽ വിജയം കൈവരിച്ച ഗർവോടെ പതിഞ്ഞു തുടങ്ങി…

പ്രദക്ഷിണ എഴുതി… അവളുടെ നിഹിതിനെ പറ്റി… അവളുടെ പ്രണയത്തെ ആദ്യമായി അക്ഷരങ്ങളിൽ അടയാളപ്പെടുത്തി…

“ഒറ്റപ്പെടലിന്റെ തുരുത്തുകളിൽ പ്രണയത്തിന്റെ അരുണോദയവുമായി കടന്നുവന്നവനെ,
നിന്നെ ഞാനെങ്ങനെ എഴുതിവെയ്ക്കും.
നീയെന്നൊരാ ഒറ്റവാക്കിൽ വിങ്ങിപടരുന്ന പ്രണയത്തിൻ ലഹരിയിതാദ്യം!!!
സിരകളിൽ പടർന്നുകയറി ഹൃദയത്തിൻ തന്ത്രികളിൽ അനുരാഗരാഗം മീട്ടി നീയെൻ ആത്മാവിനെ തൊട്ടുണർത്തുമ്പോൾ…
പുനർജനിക്കുകയാണെന്നിലെ പ്രണയിനിയും.”

(തുടരും )