പെയ്തുതീരാത്ത അനുരാഗ
കോളേജിലെ അവസാന മണി മുഴങ്ങിയപ്പോൾ ഇടനാഴികളിലൂടെ വിദ്യാർത്ഥികൾ ആർത്തുവിളിച്ചു പുറത്തേക്ക് പാഞ്ഞു. സ്റ്റാഫ് റൂമിലെ നിശബ്ദതയിൽ അഞ്ജലി ടീച്ചർ ഒരു പുസ്തകത്തിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. എന്നാൽ അവളുടെ വായന അക്ഷരങ്ങളിലായിരുന്നില്ല, മറിച്ച് ചിന്തകൾ എവിടെയോ തങ്ങിനിൽക്കുകയായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി വിശ്വനാഥൻ എന്ന പേര് അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അവളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനി നിവേദ്യയുടെ അച്ഛൻ. ഭാര്യ മരിച്ചുപോയ, ശാന്തപ്രകൃതക്കാരനായ ഒരു മനുഷ്യൻ. എന്തിനാണ് അയാളുടെ മുഖം തന്റെ ഉള്ളിൽ ഇങ്ങനെ തെളിയുന്നത് എന്ന് അവൾ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്.
അഡ്മിഷൻ സമയത്താണ് അവൾ അയാളെ ആദ്യമായി കാണുന്നത്. അന്ന് വിനയത്തോടെ അയാൾ അഞ്ജലിയോട് പറഞ്ഞു:
“ടീച്ചർ, നിവേദ്യയ്ക്ക് അമ്മയുടെ മരണം വലിയ ആഘാതമായിരുന്നു. അവൾ ഇപ്പോൾ വല്ലാത്തൊരു മൗനത്തിലാണ്. എന്നേക്കാൾ ഏറെ അവൾക്ക് അടുപ്പം അവളുടെ അമ്മയോടായിരുന്നു.”
ആ വാക്കുകൾ കേട്ടപ്പോൾ അഞ്ജലിയുടെ നെഞ്ചിൽ ഒരു വിങ്ങലുണ്ടായി. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടവളായിരുന്നു അഞ്ജലിയും. ആ ശൂന്യത എത്ര വലുതാണെന്ന് അവൾക്ക് നന്നായി അറിയാം.
“വിഷമിക്കേണ്ട വിശ്വനാഥൻ സാർ, കോളേജിൽ ഞാൻ ഉണ്ടല്ലോ. നിവേദ്യയെ ഞാൻ നോക്കിക്കൊള്ളാം.”
മിക്കവാറും ദിവസങ്ങളിൽ വിശ്വനാഥൻ മകളെ കൊണ്ടുവിടാൻ കോളേജ് ഗേറ്റിൽ വരും. അഞ്ജലിയെ കാണുമ്പോൾ അയാൾ പതിഞ്ഞൊരു പുഞ്ചിരി നൽകും. സംസാരിക്കാൻ അധികം വിഷയങ്ങളില്ലെങ്കിലും ആ നോട്ടങ്ങളിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
അഞ്ജലി ടീച്ചറുടെ സാമീപ്യത്തിൽ നിവേദ്യ പെട്ടെന്ന് തന്നെ മാറി. അവൾ പഠനത്തിലും കലാരംഗത്തും സജീവമായി. ടീച്ചറോട് അവൾക്ക് വല്ലാത്തൊരു ഭക്തിയായിരുന്നു.
“ടീച്ചറിനെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരും,” ഒരിക്കൽ ടീച്ചറെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
ആ അച്ഛനെയും മകളെയും ഒരുമിച്ച് കാണുമ്പോൾ അഞ്ജലിയുടെ ഉള്ളിൽ അറിയാതെ ഒരു മമത തോന്നും. മൂന്നാം വർഷത്തെ കോളേജ് ടൂറിന് പോകാൻ നിവേദ്യയ്ക്ക് മടിയായിരുന്നു. അച്ഛനെ ഒറ്റയ്ക്കാക്കി പോകാൻ അവൾക്ക് മനസ്സ് വന്നില്ല.
“ഞാൻ പോയാൽ അച്ഛൻ വീട്ടിൽ തനിച്ചാകില്ലേ ടീച്ചറെ?” നിവേദ്യ കരഞ്ഞുകൊണ്ട് ചോദിച്ചു.
ഒടുവിൽ കുട്ടികൾ തന്നെ പ്രിൻസിപ്പലിന് ഒരു അപേക്ഷ നൽകി. വിശ്വനാഥനും ടൂറിൽ പങ്കെടുക്കുന്നതിൽ കുട്ടികൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ മകൾക്ക് വേണ്ടി അയാൾ ആ യാത്രയിൽ കൂടെക്കൂടി.
യാത്രയ്ക്കിടയിൽ കുട്ടികൾ ബഹളം വെച്ചു നടക്കുമ്പോൾ അഞ്ജലി പലപ്പോഴും ബസ്സിൽ തനിച്ചായി. കൂടെയുണ്ടായിരുന്ന മറ്റ് അധ്യാപകർ പുറത്തെ കാഴ്ചകളിൽ മുഴുകിയപ്പോൾ അഞ്ജലിയും വിശ്വനാഥനും മാത്രമായി. അഞ്ജലി അയാളെ രഹസ്യമായി നിരീക്ഷിച്ചു. ചീകി ഒതുക്കിയ നരച്ച മുടിയും, ഗാംഭീര്യമുള്ള കട്ടി മീശയും, സ്റ്റൈലൻ കണ്ണടയും അയാൾക്ക് ഒരു പ്രത്യേക പ്രഭ നൽകി. വ്യായാമം ശീലമാക്കിയ ഉറച്ച ശരീരം കണ്ടാൽ ഒരു കോളേജ് കുമാരിയുടെ അച്ഛനാണെന്ന് ആരും പറയില്ല. നല്ലൊരു ഗായകൻ കൂടിയായിരുന്നു അദ്ദേഹം.
“നമുക്ക് പുറത്തിറങ്ങി നിന്നാലോ?” അയാൾ ചോദിച്ചു.
“സാർ, നാട്ടുകാരെ പേടിയാണോ?”
“അല്ല ടീച്ചർ, പക്ഷേ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ മിടുക്കരല്ലേ.”
“ഈ പ്രായത്തിൽ ഇനി ആര് എന്ത് പറയാനാണ്,” അഞ്ജലി ചിരിച്ചുകൊണ്ട് മറുപടി നൽകി.
ആ യാത്രയ്ക്ക് ശേഷം അഞ്ജലിയുടെ മനസ്സിൽ അയാളോട് ഒരു ആരാധന തോന്നിത്തുടങ്ങി. അത് ഭയന്നാവണം അവൾ അയാളിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചു.
ഒരു സായാഹ്നത്തിൽ കോളേജ് വരാന്തയിൽ മഴ നോക്കി നിൽക്കുകയായിരുന്നു അഞ്ജലി. പെട്ടെന്നാണ് വിശ്വനാഥൻ അരികിൽ വന്ന് നിന്നത്. രണ്ടുപേരും കുറച്ചുനേരം നിശബ്ദരായി ആ മഴ കണ്ടുനിന്നു. പിന്നെ അയാൾ മെല്ലെ പറഞ്ഞു:
“ടീച്ചറോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സമാധാനം തോന്നാറുണ്ട്. ഏറെ പ്രിയപ്പെട്ട ആരോടോ സംസാരിക്കുന്നത് പോലെ.”
അഞ്ജലി മനഃപൂർവ്വം ഗൗരവം നടിച്ചു. “എനിക്ക് അങ്ങനെ തോന്നുന്നില്ല സാർ. നിവേദ്യയുടെ അച്ഛൻ എന്നതിലുപരി മറ്റൊന്നും എനിക്ക് നിങ്ങളോടില്ല.”
വിശ്വനാഥൻ വേദനയോടെ അവിടെ നിന്ന് നടന്നുപോയി. അത് കണ്ടപ്പോൾ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് അവൾ അവരിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു. സംസാരിക്കാൻ വന്നാലും വെറും ഔപചാരികത മാത്രം കാട്ടി.
ഒരു ദിവസം വിശ്വനാഥൻ അവളോട് നേരിട്ട് ചോദിച്ചു: “എന്റെ സാമീപ്യം ടീച്ചറെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?”
അവൾ മറുപടി നൽകിയില്ല. സത്യത്തിൽ അയാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ അവൾക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടാറുണ്ടായിരുന്നു. “ആരാണയാൾ എനിക്ക്?” അവൾ രാത്രിയിൽ തനിച്ചിരുന്ന് ആലോചിച്ചു. സ്വന്തം വിദ്യാർത്ഥിനിയുടെ അച്ഛനെ സ്നേഹിക്കുന്നത് തെറ്റാണോ? ലോകം എന്ത് കരുതും?
അവൾ മാറ്റത്തിനായി അപേക്ഷ നൽകി. പക്ഷേ തന്റെ പഴയ ഭർത്താവ് ജോലി ചെയ്യുന്ന കോളേജിലേക്കായിരുന്നു അവിടുത്തെ ഒഴിവ്. പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിയേണ്ടി വന്ന വേദനയിൽ നിന്നാണ് അവൾ ഈ ദൂരേക്ക് ഓടി വന്നത്.
ഒരു ദിവസം നിവേദ്യ സങ്കടത്തോടെ അവളുടെ അടുത്തേക്ക് വന്നു.
“ടീച്ചർ, അച്ഛനിപ്പോൾ വല്ലാതെ മാറിപ്പോയി. എപ്പോഴും സങ്കടത്തിലാണ്. രാത്രിയിൽ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്നത് ഞാൻ കാണാറുണ്ട്.”
അഞ്ജലിയുടെ ഉള്ളം തകർന്നു. ഒരു വൈകുന്നേരം കോളേജ് ഗേറ്റിന് പുറത്ത് വിശ്വനാഥൻ കാത്തുനിൽക്കുന്നത് അവൾ കണ്ടു. അവൾ കാർ നിർത്തി അയാളുടെ അരികിലേക്ക് ചെന്നു.
“എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. നിങ്ങളെ ഞാൻ കാണുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിട്ടാണ്. ഞാൻ കാരണം ടീച്ചറിന് ബുദ്ധിമുട്ടുണ്ടെങ്കിൽ… നിവേദ്യയുടെ പരീക്ഷ കഴിയുമ്പോൾ ഞാൻ ദൂരേക്ക് മാറിപ്പോകാം.”
അഞ്ജലിയുടെ മിഴികൾ പെയ്തു. “നാട്ടിൽ പോയാൽ എന്നെ മറക്കുമോ സാർ? എനിക്കും നിങ്ങളെ വിട്ടുപിരിയാൻ കഴിയില്ലെങ്കിലോ?”
വിശ്വനാഥൻ അമ്പരപ്പോടെ അവളെ നോക്കി.
“നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നത് വൈകിയാണ്. ഞാൻ എല്ലാം ആലോചിച്ചു. എന്റെ അച്ഛനും സമ്മതമാണ്. ഇനി നിവേദ്യയുടെ അഭിപ്രായം കൂടി അറിയണം.”
വിശ്വനാഥന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു. “അവൾക്ക് പണ്ടേ സമ്മതമാണ്. ഞാൻ ആദ്യം അവളോടാണ് ചോദിച്ചത്. ടീച്ചറെ അവൾക്ക് അമ്മയെപ്പോലെ ഇഷ്ടമാണ്.”
“ഇനി ടീച്ചർ എന്ന് വിളിക്കണ്ട, അഞ്ജലി എന്ന് വിളിച്ചാൽ മതി.”
“അപ്പോൾ… അഞ്ജലി എനിക്ക് വേണ്ടി കാത്തിരിക്കുമോ?”
അഞ്ജലി പുഞ്ചിരിയോടെ അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
“ഇനി എന്നാണ് പെണ്ണുകാണൽ ചടങ്ങ്?” അവൾ കുസൃതിയോടെ ചോദിച്ചു.
“അതാണല്ലോ ഇപ്പോൾ കഴിഞ്ഞത്!” അദ്ദേഹം പൊട്ടിച്ചിരിച്ചു.
“എല്ലാം നിവേദ്യയുടെ പരീക്ഷ കഴിഞ്ഞ് മതി.” അഞ്ജലി പറഞ്ഞു.
വിശ്വനാഥൻ കൈ വീശി കാണിച്ചു കൊണ്ട് യാത്രയാക്കി. ഗേറ്റിന്റെ മറവിൽ നിന്നു ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നിവേദ്യ, ആകാശത്തേക്ക് നോക്കി തന്റെ പ്രാർത്ഥന കേട്ട ദൈവത്തിന് നന്ദി പറഞ്ഞു.

by