25/05/2026

പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒന്നും പറഞ്ഞ് ഉഴപ്പാൻ വരേണ്ട

രചന : സുമേഷ്

ഞായറാഴ്ച സണ്ണിച്ചായനേയും കുടുംബത്തേയും കാണുവാൻ ഞാൻ ആനിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ലൊക്കേഷൻ മാപ്പ് വാട്ട്സ് അപ്പ് ചെയ്തിരുന്നതുകൊണ്ട് വീട് തപ്പി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ആനിന്റെ വീട്ടുകാരും സണ്ണിച്ചായന്നും ഫാമിലിയും ഒക്കെ ചേർന്ന്  അത്രക്കും സ്നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. ഇത്രയും കാലത്തെ വിശേഷങ്ങളും അവരെയൊന്നും ഇത്രയും കാലം കോൺടാക്ട് ചെയ്യാതിരുന്നതിന്റെ പരാതികളും പരിഭവങ്ങളും പരസ്പരം പറഞ്ഞും കരഞ്ഞും തീർത്തു. ഡൽഹിയിലെ കസിൻ  ഷൈനിച്ചേിയും ചേട്ടനും വഴിയാണ് ഞാൻ ഇപ്പോളും  അവിവാഹിതനായി നിൽക്കുന്നു എന്ന വിവരം അവർ അറിഞ്ഞത്. അത് അവരെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. അവരുടെ മകൾ കാരണമാണ് അത് എന്ന ചിന്ത ആയിരുന്നു അതിന് കാരണം.
അതു കൊണ്ടാണ് അവരുടെ കുടുംബത്തിലേ ഒരു കുട്ടിയേ തന്നെ എന്റെ പങ്കാളിയാക്കി നൽകാൻ അവർ ആഗ്രഹിച്ചത്. പറ്റിപ്പോയ തെറ്റിന് ഒരു പ്രാശ്ചിത്തം ആയിട്ടായിരിക്കും അങ്ങിനെ ചിന്തിച്ചത്. പക്ഷേ എനിക്ക് അത് സമ്മതമായിരുന്നില്ല. പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒക്കെ പറഞ്ഞ് ഞാൻ ശക്തിയോടെ എതിർത്തു. അപ്പോൾ ആൻ പറഞ്ഞു എന്നോട് പേഴ്സണലായി സംസാരിക്കണം എന്ന്. അങ്ങിനെ ഞാനും ആനും കൂടി മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്തിന്റെ ഒരു കോണിൽ തണൽ വിരിച്ച് നിന്ന ഒരു ചെറിയ മാവിന്റെ ചുവട്ടിൽ കസേരയിട്ട് ഞങ്ങൾ ഇരുന്നു.
അവൾ ചോദിച്ചു ജീവിതത്തിൽ ഒരു പെണ്ണും വേണ്ട എന്ന തീരുമാനം വല്ലതും സാർ എടുത്തിട്ടുണ്ടോ. ഞാൻ പറഞ്ഞു അങ്ങനെയൊന്നും ഇല്ല. അവൾ ചോദിച്ചു പിന്നെ എന്താണ് പ്രശ്നം? പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒന്നും പറഞ്ഞ് ഉഴപ്പാൻ വരേണ്ട. എന്റെ പപ്പയും അമ്മയും തമ്മിൽ പന്ത്രണ്ട് വയസ് വ്യത്യാസമുണ്ട്. പിന്നെ ജോലിയുടെ കാര്യം അത് റിസൈൻ ചെയ്യാൻ ഞാൻ തയ്യാറാണ്.
ഞാൻ പറഞ്ഞു ആൻ നിനക്ക് എത്രയോ നല്ല ആലോചനകൾ വേറേ വരും പിന്നെ എന്താണ് ഇങ്ങനെ വാശി പിടിക്കുന്നത്. അവൾ പറഞ്ഞു ശരിയാണ് എനിക്ക് വേറേ നല്ല ആലോചനകൾ വന്നേക്കാം നല്ല ഭർത്താവിനേയും കിട്ടിയേക്കാം. പക്ഷേ എന്റെ പപ്പയ്ക്കും അമ്മയ്ക്കും ഒരു മരുമകൻ എന്നതിൽ ഉപരി ഒരു മകനെയാണ് അവരുടെ ഏക മകളായ എന്റെ ഭർത്താവിലൂടെ വേണ്ടത്.  വിവാഹ ശേഷം ഒരു പാട് നാൾ കാത്തിരുന്ന് അവർക്ക് കിട്ടിയ ഒരേ ഒരു കുട്ടിയാണ് ഞാൻ. അതിനു യോജിച്ച ആൾ സാറാണെന്ന് സാറിനെ പറ്റി അറിഞ്ഞതു മുതൽ എനിക്കും പപ്പയ്ക്കും അമ്മയ്ക്കും ഉറച്ച ബോധ്യമുണ്ട്. ഇനി സാറിന് തീരുമാനിക്കാം എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി.

അവൾ കണ്ണു തുടച്ച് പോകുന്നതു കണ്ട് അവളുടെ പപ്പയും സണ്ണിച്ചായനും അവിടേക്ക് വന്നു. അവളുടെ പപ്പ എന്റെ കൈ പിടിച്ച് എന്നോട് പറഞ്ഞതും അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു. വെറുമൊരു മരുമകൻ എന്നതിലുപരി അവർക്ക് വേണ്ടത് ഒരു മകനെ ആണെന്ന്. അപ്പോൾ സണ്ണിച്ചായൻ പറഞ്ഞു നിനക്ക് ഇതുവരെ ഞങ്ങളോടുള്ള ദേഷ്യം മാറിയിട്ടില്ലെങ്കിൽ ഞങ്ങൾ നിന്നെ നിർബന്ധിക്കുന്നില്ല. എന്റെ അളിയനും കുടുംബത്തിനും എന്നും നീ താങ്ങായി ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് നിന്റെ കാര്യം ഞാൻ ഇവരോട് സംസാരിച്ചത്. ഇനി എല്ലാം നിന്റെ തീരുമാനം.
**********************************************************

അതിരാവിലെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. ജോൺസന്റെ കോൾ ആയിരുന്നു. ചേട്ടായി ഇന്ന്  ഒരു ചായ കുടി ഉണ്ട്. ലീവ് കഴിഞ്ഞ് പോകുന്നതിനു മുമ്പ് അവസാനത്തെയാ. ഇത്തവണ ചേട്ടായിയും ആൻ ചേച്ചിയും കൂടെ വേണം എന്റെ കൂടെ വരാൻ. ഇത് നടക്കും എനിക്ക് ഉറപ്പാ.
അവന്റെ ആഗ്രഹം പോലെ ഇത് അവസാനത്തെ ചായ കുടി ആയിരിക്കട്ടെ എന്ന് മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ആനിനെ ഒന്നുകൂടി മുറുകെ പുണർന്നു കൊണ്ട് ഞാൻ കിടന്നു.

N. B കഥ എഴുതാൻ ഉള്ള കൊതി കൊണ്ട് എഴുതിപ്പോയതാണ്. കണ്ടം വഴി ഓടാൻ പറഞ്ഞാൽ ബുദ്ധിമുട്ടാകും. ഓടാൻ കണ്ടം ഇല്ല. പിന്നെ നിർബന്ധമാണേൽ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി ഞാൻ നന്നായിക്കൊള്ളാം.