രചന – മഴ
“പാറൂട്ടാ..” മീരയുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ പാറുവിന്റെ പിന്നാലെ ചെന്ന് ദേവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു. ” നിനക്ക് ഇപ്പോഴും ദേഷ്യം തന്നെയാണോ…? ക്ഷമിക്കടാ… സാഹചര്യം കൊണ്ട് ചെയ്തു പോയതല്ലേ…” അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവൾ തിരിഞ്ഞു നിന്നു അവളുടെ കൈയിലെ പിടി വിടുവിച്ചുകൊണ്ട് അവന്റെ മുഖത്തു പോലും നോക്കാതെ തിരിഞ്ഞുനടന്നു. ദേവന്റെ കണ്ണുകൾ നിറഞ്ഞു. “അവളുടെ ദേഷ്യം ന്യായമാണ്.. നീ അവൾക്ക് ഇത്തിരി സമയം കൊടുക്ക്…” ജോഷി മഹിയുടെ ചുമലിൽ കൈവെച്ചു കൊണ്ട് പറഞ്ഞതും അവനെ ദേഷ്യത്തോടെ നോക്കി കൈ തട്ടിയെറിഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. രാത്രി ഏറെ വൈകിയപ്പോൾ ദേവൻ ശബ്ദമുണ്ടാക്കാതെ പാറുവിന്റെ റൂമിൽ കയറി വാതിൽ അടച്ചു ബെഡ് ലാംബ് ഓൺ ചെയ്തു വെച്ചു.
ശാന്തമായി ഉറങ്ങുന്ന പാറുവിനെ നോക്കി അവൻ അവളുടെ അരികിലേക്ക് കിടന്നു. അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ ചെവിക്കു പിന്നിലായി ഒതുക്കി വെച്ചു. അവർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പ്രണയ നിമിഷങ്ങളും ഒക്കെ അവന്റെ മനസ്സിലൂടെ കടന്നു പോയി. ഒടുവിൽ തന്റെ കൈകളിൽ പിടിച്ചു കൊണ്ട് കണ്ണുനീരിൽ ചാലിച്ച വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി. “അവ.. അവരോട് പോവാൻ പറ.. ദേവേട്ടൻ… ന്റെയാ…” ദേവന്റെ കണ്ണുകൾ നിറഞ്ഞു. “എന്റെ ജീവനാടാ പാറൂട്ടാ നീ.. ഒരിക്കലും ഞാൻ നിന്നെ വിട്ടു പോകില്ല…” അവളുടെ മുഖത്തേക്ക് നോക്കി അവൻ പ്രണയാർദ്രമായി പറഞ്ഞു. ഒപ്പം നനുത്തൊരു ചുംബനവും അവളുടെ നെറ്റിയിൽ ചാർത്തി. പാറു ഒന്ന് കുറുകി കിടന്നു. ദേവൻ പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. കവിളിൽ ഒരു മുത്തം കൂടി നൽകിയപ്പോൾ അവൾ തിരിഞ്ഞു കിടന്നു അവനെ ചുറ്റിപ്പിടിച്ചിരുന്നു.
ഒരു നിമിഷം അവൻ ഒന്ന് ഞെട്ടി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഉറക്കത്തിൽ ആണെന്ന് തോന്നി. അവൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. പുലർച്ചെ എപ്പോഴോ കണ്ണുകൾ തുറന്നപ്പോൾ പാറുവിനെ ഇടംകയ്യിൽ തലവെച്ചു കിടക്കുകയാണ് ദേവൻ. മറു കൈ കൊണ്ട് അവൾ അവനെ ചുറ്റി പിടിച്ചിട്ടുണ്ട്. അമ്മ കുഞ്ഞിനെ ചേർത്തുപിടിച്ചു ഉറങ്ങും പോലെ.. അവൻ പതിയെ അവളുടെ കൈ അടർത്തിമാറ്റി എഴുന്നേറ്റു നെറ്റിയിൽ ഒരു മുത്തം നൽകി അവന്റെ റൂമിലേക്ക് പോയി. പിന്നീട് രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ദേവൻ പാറുവിനെ കാണുന്നത്. ഒരു നോട്ടം കൊണ്ടുപോലും അവനെ കടാക്ഷിക്കാൻ അവൾ തയ്യാറായില്ല.
പഴയ കളിയും ചിരിയും കുസൃതിയും ഒന്നും അവളുടെ മുഖത്തില്ല. ആരെങ്കിലും ചോദിക്കുന്നതിനു മാത്രം മറുപടി പറയും അതും ഒന്നോ രണ്ടോ വാക്കിൽ. ” മഹി…. ” ജോഷിയുടെ ശബ്ദമാണ് അവന്റെ ചിന്തകൾക്ക് വിരാമമിട്ടത്. ചുറ്റും നോക്കിയപ്പോൾ ജോഷി ഒഴികെ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. അവൻ ജോഷിയെ നോക്കി. “അക്കു വിളിച്ചിരുന്നു.. ജോസിന് കൊട്ടേഷൻ കൊടുത്ത ആൾ ഇപ്പോൾ എവിടെയുണ്ടെന്ന വിവരം കിട്ടി. നമ്മൾ സംശയിച്ചത് പോലെ തന്നെ കക്ഷി ഒളിവിലായിരുന്നു.. ബാംഗ്ലൂരിൽ…. ഇപ്പോൾ എവിടെയാണെന്ന് വിവരം കിട്ടിയിട്ടുണ്ട്..” ജോഷി പറഞ്ഞു. മഹിയുടെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു. “ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ..?” അവൻ ചോദിച്ചു. “മ്മ്മ്…രാവിലെ 11 മണിക്കാണ് ഫ്ലൈറ്റ്…” “നമുക്ക് വേഗം ഇറങ്ങണം.. അവി നമ്മളെ എയർപോർട്ടിൽ ആക്കും..” “വേണ്ട.. നീ ഇവിടെ കാണണം.. ഞാൻ പൊയ്ക്കോളാം…” അല്പസമയം കഴിഞ്ഞതും മഹി റെഡിയായി വന്നു.
ജോഷി അവനെ എയർപോർട്ടിൽ ആക്കി. ബാംഗ്ലൂർ നഗരത്തിൽ നിന്നും കുറച്ചു മാറി ആഡംബരത്തിന്റെയും തിരക്കുകളുടെയും മേമ്പൊടി ഏശാത്ത പ്രദേശത്തിലെ ഒരു ചെറിയ ഫ്ലാറ്റ് സമുച്ചയം. ലിഫ്റ്റ് വർക്ക് ചെയ്യാത്തതിനാൽ പടിക്കെട്ടുകൾ കയറി വരുന്ന ആ രൂപം മൂന്നാം നിലയിലെ രണ്ടാമത്തെ വാതിലിനു മുന്നിൽ എത്തി. തലയിൽ നിന്നും ക്യാപ്പ് ഊരി അകത്തേക്ക് പ്രവേശിച്ചതും കാലുകൾ ആരോ പിടിച്ചു കെട്ടിയിട്ടതുപോലെ അവിടെനിന്നു. ബാൽക്കണിയിൽ നിന്നും കയ്യിൽ ഒരു കപ്പ് കാപ്പിയുമായി മഹി ആ രൂപത്തിനു മുന്നിലേക്ക് കടന്നു വന്നു. ബ്ലാക്ക് ടീ ഷർട്ടും ബ്ലാക്ക് ജീൻസും ജാക്കറ്റും ആണ് മഹിയുടെ വേഷം. ഭയം തന്നെ കാർന്നു തിന്നുന്നതായി ആ രൂപം അറിയുന്നുണ്ടായിരുന്നു. പുറത്തേക്കുള്ള വാതിലിലേക്ക് കണ്ണുകൾ പാഞ്ഞതും… ” രക്ഷപെടാം എന്ന് ഉറപ്പുണ്ടെങ്കിൽ നീ പൊയ്ക്കോ…. ” “മഹി… ഞാൻ..” “അതല്ല എങ്കിൽ… ദാ ഈ ബാഗുമെടുത്ത് എന്റെ ഒപ്പം നാട്ടിലേക്ക് പോന്നോളൂ….” അല്പസമയം കഴിഞ്ഞതും വിറയ്ക്കുന്ന കാലടികളോടെ മഹി ക്കൊപ്പം ആ രൂപം നടന്നു.
രാത്രി ഏറെ വൈകിയാണ് അവൻ മാധവശ്ശേരിയിൽ എത്തിയത്. ഫ്രഷ് ആയതിനുശേഷം പാറുവിന്റെ റൂമിലേക്ക് ചെന്നു. അവൾക്കൊരു ചുംബനവും നൽകി അരികിലായി കിടന്നു. പിന്നീടുള്ള ദിവസങ്ങൾ അവൻ അത് പതിവാക്കിയിരുന്നു. എന്നാൽ പാറൂ കഴിവതും റൂമിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു കാരണം ചോദിച്ചപ്പോൾ ഒക്കെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കി. കഴിവതും ദേവനു മുന്നിൽ ചെന്നു പെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് ദേവനെ ഒരുപാട് വേദനിപ്പിച്ചിരുന്നു എങ്കിലും അർഹിക്കുന്നതാണ് എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു. ഒരു വൈകുന്നേരം ഗാർഡനിൽ ഇരുന്ന് ജോഷിയും മഹിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അക്കുവും ദേവിയും വന്നത്. അവർക്കരികിലേക്ക് ഇരുവരും ചെന്നു. മഹി ദേവിയിലെ മാറ്റങ്ങൾ വീക്ഷിക്കുകയായിരുന്നു. മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട് നെറുകയിൽ സിന്ദൂരം കൊണ്ട് ചുവപ്പിച്ചിരിക്കുന്നു.
അക്കുവിനെ അവൾ അംഗീകരിച്ചത് മഹിക്ക് സന്തോഷം തോന്നി. ” ഡാ രണ്ടെണ്ണം കൂടി ഇങ്ങനെ കറങ്ങി നടന്നാൽ ജോസിന്റെ അടുത്ത് ആരുണ്ട്…? ” ജോഷി ചോദിച്ചു. “അവിടെ കുട്ടനും പാഞ്ചിയും ഉണ്ടല്ലോ.. അതാ ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയത്..” പറഞ്ഞു. “ജോഷിച്ചായാ മീര എവിടെ..?” ദേവി ചോദിച്ചു. “റൂമിലുണ്ട്..” “ഞാൻ പോയി കണ്ടിട്ട് വരാം..” അവൾ അവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി. മഹിയും ജോഷിയും പുഞ്ചിരിയോടെ അക്കുവിനെ നോക്കി. അതിന്റെ അർത്ഥം അവനു മനസ്സിലായി. “അന്ന് കുട്ടൻ അത് പറഞ്ഞതിൽ പിന്നെ രണ്ടുമൂന്ന് ദിവസം എന്നോട് മിണ്ടിയില്ല. പെട്ടെന്ന് ഒരു ദിവസം വീട്ടിൽ പോകണം എന്ന് പറഞ്ഞു ഞാൻ കരുതി എല്ലാം അവസാനിപ്പിച്ച് പോകാൻ ആണെന്ന്. പോകുന്ന വഴിക്കും ഒന്നും മിണ്ടുന്നില്ല. എന്റെ വീട്ടിൽ ചെന്നു എന്റെ ഡയറികളും പിന്നെ എന്തൊക്കെയോ തപ്പി പെറുക്കി ബാഗിലാക്കി വൈകുന്നേരത്തോടെ വീട്ടിലെത്തി.
അപ്പോൾ റൂമിൽ കയറി വാതിൽ അടച്ചതാണ്.. പിറ്റേന്ന് വൈകുന്നേരം ഞാൻ വന്നപ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന ദേവിയാണ് കണ്ടത്. എന്നെ ചുറ്റിപ്പിടിച്ച് ഒരുപാട് കരഞ്ഞു. കുറച്ചുകൂടി സമയം നൽകുമോ എന്ന് ചോദിച്ചു. അവൾ മനസ്സുകൊണ്ട് എന്ന് അംഗീകരിക്കുന്നുവോ അന്ന് ഒരുമിച്ച് ജീവിച്ചാൽ മതി എന്ന് ഞാനും പറഞ്ഞു…” അക്കുവിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു. മഹിയും ജോഷിയും അവനെ പുണർന്നു “ഞങ്ങൾ വന്നത് മറ്റൊരു കാര്യം കൂടി സംസാരിക്കാനാണ്. ദേവിക്ക് ചുറ്റും ഇരുന്നുകൊണ്ട് കാത്തിരുന്നിട്ട് ഒരു കാര്യവുമില്ല. ദേവി ഒറ്റയ്ക്കാണെന്ന് അറിഞ്ഞാലേ ശത്രു ഇര തേടി വരു.. സഹായിക്കാൻ ആരും ഇല്ലാത്തത് അല്ലേ…? അവസാന വാചകത്തിൽ പുച്ഛം കലർത്തി അക്കു പറഞ്ഞു. “എന്താ പ്ലാൻ…? ജോഷി ചോദിച്ചു. ഇതേസമയം മീരയെ കണ്ടശേഷം ദേവി പാറുവിന്റെ റൂമിലേക്ക് ചെന്നു. വായിച്ചുകൊണ്ടിരുന്ന അവൾ ദേവിയെ കണ്ടു പുഞ്ചിരിയോടെ എഴുന്നേറ്റു.
കുറേനേരം അവർ തമ്മിൽ സംസാരിച്ചു. ശേഷം രണ്ടുപേരും പുറത്തേക്കിറങ്ങി. അക്കുവും ജോഷിയും മഹിയും മീരയും അവിടെ ഉണ്ടായിരുന്നു. ദേവനെ കണ്ടപ്പോൾ പാറു മുഖം വെട്ടിച്ചു. അവൻ അത് കാണുകയും ചെയ്തു. ദേവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി. അക്കുവും ദേവിയും ഉടൻതന്നെ തിരിച്ചുപോവുകയും ചെയ്തു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞതും മഹി തിരികെ ചെട്ടികുളങ്ങരയിലേക്ക് പോവാൻ തയ്യാറായി മീരയുടെ റൂമിലേക്ക് എത്തി. പാറുവും ഉണ്ടായിരുന്നു അവിടെ. ദേവനെ കണ്ടതും അവൾ പുറത്തേക്ക് നടന്നു. ദേവൻ മീരയെ നോക്കി. അവൾ അവനോട് പാറുവിന്റെ അരികിലേക്ക് പോകാൻ പറഞ്ഞു. “പാറൂട്ടാ…” ദേവൻ വിളിച്ചതും അവളുടെ കാലുകൾ നിശ്ചലമായെങ്കിലും തിരിഞ്ഞുനോക്കിയില്ല.
“നിനക്ക് എന്നോടുള്ള ദേഷ്യം ഇതുവരെ മാറിയില്ലേ…? ചെയ്തത് തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ല.. പക്ഷേ ഇത്ര അടുത്തുണ്ടായിട്ടും…….. നിന്നെ ഒന്ന് കാണാൻ കൂടി കിട്ടാറില്ല…….”ദേവൻ മുഴുവിപ്പിച്ചില്ല. “അപ്പൊ ഇന്നും രാത്രി പമ്മിപ്പമ്മി എന്റെ റൂമിൽ വന്ന്… എന്റെ ബെഡിൽ കിടന്ന്… എന്റെ മുഖത്തേക്ക് ഒന്നരമണിക്കൂർ നോക്കിയിരിക്കുന്നതോ….? മുഖം കൂർപ്പിച്ച് ഇരുകൈകളും ഇടുപ്പിൽ കുത്തി തിരിഞ്ഞുനിന്ന് അവൾ ഒരു താളത്തിൽ ചോദിച്ചതും ദേവൻ ഒന്ന് പതറി. “അത് നീ ഉറങ്ങുമ്പോ…..” പിടിക്കപ്പെട്ട കള്ളനെപ്പോലെ പതർച്ചയോടെ എവിടെയോ നോക്കി പറഞ്ഞു ഒപ്പിക്കാനുള്ള ശ്രമത്തെ അവൻ പകുതിയിൽ നിർത്തി അവളെ നോക്കി. കള്ളച്ചിരിയോടെ കണ്ണിൽ കുസൃതി നിറച്ചു കൊണ്ട് അവൾ അവനെയും നോക്കി. ദേവന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. “വാ ഇവിടെ…” ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റികൊണ്ട് അവൻ വിളിച്ചു. “ഇല്ല…” ചിരിയോടെ ഇരുവശങ്ങളിലേക്കും തലയാട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ഇവിടെ വരാനാ പറഞ്ഞത്….” അവൻ മീശപിരിച്ചു കൊണ്ട് അവളെ നോക്കി വീണ്ടും വിളിച്ചു. “ഇല്ലാ….” അവൾ പറഞ്ഞതും അവൻ അവളെ പിടിക്കാൻ ആഞ്ഞു. അവൾ ഓടി കോണിപ്പടികൾ കയറി. പിന്നാലെ അവനും. വരാന്തയുടെ അങ്ങേയറ്റത്ത് ഉള്ള അവളുടെ മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിക്കുമ്പോഴേക്കും അവനും അകത്തേക്ക് കയറിയിരുന്നു. വാതിലടച്ചു ലോക്ക് ചെയ്തു കൊണ്ട് അവൻ ചാരിനിന്ന് കിതപ്പടക്കി. അവളും കിതച്ചുകൊണ്ട് അവനെ നോക്കി. കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവൾ ഓടിവന്ന് ദേവനെ ഇറുകെ പുണർന്നു കൊണ്ട് അവന്റെ അധരങ്ങൾ സ്വന്തമാക്കി. ഒന്ന് പതറിയെങ്കിലും അവനും അവളെ സ്വീകരിച്ചു. ഏറെ നേരത്തിനു ശേഷം അധരങ്ങൾ വേർപെടുത്തി അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു. ‘ഉറക്കം വരാതെ കിടന്നപ്പോൾ ആണ് റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് എന്തുകൊണ്ടോ ദേവൻ ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒരുപക്ഷേ അത് അത്യധികം ആഗ്രഹിക്കുന്നത് കൊണ്ടാവാം. ബെഡ് ലാംബ് ഓൺ ചെയ്ത് പതിയെ തന്റെ അരികിൽ കിടക്കുന്നത് അറിയുന്നുണ്ടായിരുന്നു
. ” എന്റെ ജീവനാണ് പാറൂട്ടാ നീയ്.. ഒരിക്കലും ഞാൻ നിന്നെ വിട്ട് പോവില്ല.. ” പ്രണയാതുരമായ അവന്റെ വാക്കുകളും നെറ്റിയിൽ നൽകിയ നനുത്ത ചുംബനവും അറിഞ്ഞിട്ടും അവൾക്ക് കണ്ണുകൾ തുറക്കാൻ തോന്നിയില്ല. വീണ്ടും ഒരു മുത്തം കൂടി കിട്ടിയപ്പോൾ ഉള്ളിലെ സ്നേഹത്തെ പിടിച്ചുനിർത്താൻ ആയില്ല. തിരികെ അവനെ പുണർന്നു കിടന്നു. ദേവൻ ഉറങ്ങി എന്ന് തോന്നിയപ്പോൾ പതിയെ എഴുന്നേറ്റു അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. പതിയെ ദേവന്റെ തല അവളുടെ ഇടതുകൈയുടെ മേൽ വച്ചു. വാത്സല്യത്തോടെ… കുഞ്ഞിനെപ്പോലെ… അവനെ ചേർത്തു പിടിച്ച് അവളും ഉറക്കത്തിലേക്ക് വീണു. പിന്നീടുള്ള ദിവസങ്ങളിലും അവനായി അവൾ കാത്തിരുന്നു… ” പാറൂട്ടാ.. ” ദേവന്റെ വിളിയാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. “അറിയുന്നുണ്ടായിരുന്നു അല്ലേ…..? ” മ്മ്മ്.. ” “എന്നിട്ടാ ഇത്രയും ദിവസം എന്നെ തിരിഞ്ഞു നോക്കാതെ ഇരുന്നത്…”
“നന്നായി പോയി.. അമ്മാതിരി ഷോ ആയിരുന്നില്ലേ ഇവിടെ കാട്ടി കൂട്ടിയത്… ‘താലികെട്ടിയ പെണ്ണല്ലേ.. അവളോട് എങ്ങനെയാ പോവാൻ പറയുന്നേ…?’ എന്തൊക്കെ ഡയലോഗ് ആണ്… അതും പോരാഞ്ഞിട്ട് ഒരുമിച്ച് വരുന്നു.. ഒരുമിച്ച് നടക്കുന്നു.. അടുത്തടുത്തിരിക്കുന്നു…. തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു…. ഭക്ഷണം കഴിപ്പിക്കുന്നു…. ഹും..” അവനെ തള്ളി മാറ്റി ഇരുകൈകളും ഇടുപ്പിൽ കുത്തി മുഖം കോടി കൊണ്ട് അവൾ പറഞ്ഞു. കുശുമ്പ് നിറഞ്ഞ അവളുടെ സംസാരം കേട്ട് ദേവൻ ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചോട് ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം നൽകി. അവളുടെ കൈകൾ പുഞ്ചിരിയോടെ അവനെ വലയം ചെയ്തു. “എല്ലാം തുറന്നു പറയും മുൻപ് തന്നെ നിനക്ക് അറിയുമായിരുന്നോ…? ദേവന്റെ ചോദ്യത്തിന് അവൾ ഒന്നു മൂളി. “എങ്ങനെ…?” അവൻ വീണ്ടും ചോദിച്ചു. “അന്ന് കൈലാസത്തിൽ വന്ന അവരെ കണ്ടപ്പോൾ ഒന്നും തോന്നിയിരുന്നില്ല. അങ്ങനെ ഒരു സിറ്റുവേഷൻ ഞാനും പ്രതീക്ഷിച്ചിരുന്നു. കഥകളൊക്കെ അറിഞ്ഞപ്പോൾ സങ്കടം തോന്നിയെങ്കിലും ദേവേട്ടന്റെ മൗനമാണ് എന്നെ വേദനിപ്പിച്ചത്.
അതുകൊണ്ടാണ് അവരോട് പോവാൻ പറയാൻ പറഞ്ഞത്. പക്ഷേ ദേവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം തകർന്നുപോയി. അപ്പോൾ ഞാൻ ദേവേട്ടനിൽ നിന്നും എന്റെ കൈകൾ അയച്ചപ്പോൾ എന്റെ കയ്യിൽ തിരികെ പിടിച്ചില്ലേ..? അപ്പോൾ നോക്കിയ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.. എന്നോടുള്ള പ്രണയം.. ഞാൻ പോകുമോ എന്ന ഭയം… അങ്ങനെ എന്തൊക്കെയോ എന്നോട് പറയുന്നതുപോലെ തോന്നി… പക്ഷേ അതൊന്നും ആർക്ക് വേണ്ടി പറഞ്ഞതാണ് എന്നോ എന്തിനുവേണ്ടി പറഞ്ഞതാണെന്നോ എനിക്കറിയില്ലായിരുന്നു… ഓരോ തവണ എന്റെ കൈകളിൽ പിടിമുറുക്കുമ്പോഴും ഈ നെഞ്ചിലെ സ്നേഹം എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു… ആ സാഹചര്യത്തിൽ എന്താ ചെയ്യേണ്ടത് എന്ന് അറിയാൻ പാടില്ലാത്തത് കൊണ്ടാണ് ജോഷിച്ചായനോട് എന്നെ കൊണ്ടുപോകാൻ പറഞ്ഞത്…” നിറകണ്ണുകളോടെ അവൾ പറഞ്ഞതും ദേവൻ ഇറുകെ പുണർന്നു.
അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. മുഖമുയർത്തി ദേവനെ നോക്കി അവന്റെ മുഖം കോരിയെടുത്തു. “ഈ പാർവ്വതി അല്ലാതെ മറ്റൊരു ജീവിതം മഹാദേവൻ ആഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമാകുന്ന ദിവസം ഞാൻ ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവും ദേവേട്ടാ….” എന്നു പറഞ്ഞുകൊണ്ട് അവൾ അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു. മനം നിറയെ അസ്വസ്ഥതകളുമായി അക്കു അങ്ങോട്ടുമിങ്ങോട്ടും നടന്നു. ദേവി ചെറുചിരിയോടെ അവന്റെ ഡ്രസ്സുകൾ പാക്ക് ചെയ്യുകയാണ്. ദേവിയെ തനിച്ചാക്കി പോകാൻ അവന് ഭയമാണ്. ഓപ്പോസിറ്റ് ഫ്ലാറ്റിൽ കുട്ടനും പാഞ്ചിയും ഉണ്ടെങ്കിൽ പോലും. പായ്ക്കിംഗ് കഴിഞ്ഞ് ദേവി അക്കുവിനു അരികിലേക്ക് നടന്നു. “സൂക്ഷിക്കണം….” അക്കു പറഞ്ഞു. അവന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
പുഞ്ചിരിയോടെ ഇരു കൈകളാൽ അവന്റെ മുഖം കോരിയെടുത്തു അധരങ്ങൾ സ്വന്തമാക്കി. പതിയെ അവന്റെ കൈകളും അവളെ വലയം ചെയ്തു. ദീർഘ നേരത്തിനു ശേഷം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “ടെൻഷൻ ആവണ്ട.. പോയിട്ട് വാ.. ഒക്കെ കഴിഞ്ഞിട്ട് വേണം നമുക്ക് ഒരുമിച്ചു ജീവിച്ചു തുടങ്ങാൻ…” അവളുടെ വാക്കുകൾ അവന്റെ ഉള്ളിൽ തണുപ്പ് പടർത്തി. ഇറുകെ പുണർന്നു അവളുടെ നെറുകയിൽ ചുംബിച്ചു. പുഞ്ചിരിയോടെ അവനെ യാത്രയാക്കുമ്പോൾ എല്ലാം മറന്ന് പുതിയൊരു ജീവിതം അവളും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.. കറുത്ത വസ്ത്രധാരിയായ ഒരാൾ ബാൽക്കണി വഴി ദേവിയുടെ റൂമിലേക്ക് നടന്നു. അവൾക്ക് അരികിലെത്തി കയ്യിൽ കരുതിയിരുന്ന നീളമുള്ള കത്തി പുറത്തേക്കെടുത്തു. അരണ്ടവെളിച്ചത്തിൽ കത്തി വെട്ടിത്തിളങ്ങി. പെട്ടെന്ന് കണ്ണുതുറന്ന അവൾ കാണുന്നത് തന്നെ നേരെ പാഞ്ഞടുക്കുന്ന കത്തിയാണ്. ഒരു നിമിഷത്തിൽ ഭയം ഉടലാകെ മൂടിയ അവൾ കണ്ണുകൾ ഇറുക്കിയടച്ചു ചലനമില്ലാതെ കിടന്നു. തുടരും

by