രചന : ജിഫ്ന നിസാർ ❤️
ഒരു സൂചി വീണാൽ പോലും കേൾക്കാവുന്നത്രേം നിശബ്ദത..ആകെയുള്ള ശബ്ദം നന്ദുവിന്റെ നേർത്ത തേങ്ങലാണ്.ലക്ഷ്മിയെ ചുറ്റിപിടിച്ചു കൊണ്ടവളപ്പോഴും കരച്ചിലാണ്.അത്രയും വലിയൊരു സമ്മാനം തനിക്കൊരുക്കി വെച്ചിട്ടും ആ സന്തോഷം നേരിട്ട് കാണാൻ നിൽകാതെ മരണത്തിനൊപ്പമിറങ്ങി നടന്ന അച്ഛന്റെയും അമ്മയുടെയും വിയോഗം ആ നിമിഷം അവളെ അത്ര മാത്രം തകർത്തു കളഞ്ഞിരുന്നു.സന്ദീപിനൊപ്പമൊരു ജീവിതം..
അത് വിദൂരസ്വപ്നങ്ങളിൽ പോലുമില്ലെന്നിരിക്കെ.. മരണത്തിലേക്ക് നടന്നടുക്കാനുള്ളൊരു മാർഗം മാത്രമായിരുന്നു തനിക്കാ ബന്ധം.
ഇത്രയും സ്വാർത്ഥരായ അച്ഛന്റെ സുഹൃത്തിനോടും മകനോടും താനും ആത്മാർത്ഥത കാണിക്കേണ്ടതില്ലെന്നൊരു തോന്നൽ തന്നിൽ ശക്തമായിരുന്നു.അവിടെയും പപ്പാ തന്നെ തോൽപ്പിച്ചിരിക്കുന്നു..ഓർക്കുമ്പോൾ വീണ്ടും വീണ്ടും അവൾക്ക് കരച്ചിൽവന്നു..തനിക്കിഷ്ടമെന്താണെന്നും തനിക്ക് വേണ്ടതെന്താണെന്നും തന്നെക്കാൾ നന്നായി പപ്പക്കറിയാമായിരുന്നു.എന്നിട്ടും പക്ഷേ തനിക്കാ മനസ്സ് മനസ്സിലായില്ല..സന്ദീപിന് മുന്നിലൊരു പെണ്ണ് കാണലെന്നത് പോലെ പോയി നിന്ന അന്നും തന്നെ ചേർത്ത് പിടിച്ചു കൊണ്ട് പപ്പാ പറഞ്ഞത്..’എന്റെ നന്ദുന് ഇഷ്ടമില്ലാത്തതൊന്നും ഇന്നോളം പപ്പാ ചെയ്തിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നാണ്.
അതേ..നന്ദുവിന്റെ ഏറ്റവും വലിയൊരിഷ്ടത്തിലേക്ക് പപ്പാ തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.സഞ്ജുവിനെ ഞാൻ സ്നേഹിക്കുന്നു പപ്പായെന്ന് ഒരിക്കലും ആ മുന്നിൽ പോയി നിന്ന് പറഞ്ഞിട്ടില്ല.ഇങ്ങനൊരു കല്യാണാലോചനയുടെ ശേഷം മാത്രം അങ്ങനെ പോയെന്നു പറയണമെന്നാഗ്രഹിച്ചിരുന്നു.
പക്ഷേ അതിന് മുന്നേ.മാലയിട്ട് തിരി കൊളുത്തി വെച്ച പ്രകാശിന്റെയും ഭാര്യയുടെയും നിറഞ്ഞ ചിരിയോടെയുള്ള ഫോട്ടോക്ക് നേരെ കൈ കൂപ്പി നിൽക്കുന്നവന്റെ മനസ്സിലും ക്ഷമാപണമായിരുന്നു.
ആ മകളെ അവഗണിച്ചപ്പോൾ വേദനിച്ച പ്രകാശിലെ അച്ഛൻ മനസ്സിനോട് എത്ര മാപ്പ് പറഞ്ഞിട്ടും അവനുള്ളിലെ കനൽ കെടാതങ്ങനെ ജ്വലിക്കുന്നുണ്ടായിരുന്നു..
“എന്തായാലും കാര്യങ്ങളെല്ലാം നമ്മൾ കൊതിച്ചത് പോലെ തന്നെ നടന്നുവല്ലോ.. അത് കാണാൻ പ്രകാശ് ജീവനോടെ ബാക്കിയുണ്ടായില്ല എന്നൊരു വലിയ സങ്കടം നമുക്കെല്ലാമുള്ളിലുണ്ട്. എന്നാലും അവനാഗ്രഹിച്ച പോലെ അവന്റെ മകളോടുള്ള മനസ്സ് നിറഞ്ഞു കവിയുന്ന ഇഷ്ടത്തോടെ സഞ്ജയ് ബാലകൃഷ്ണനുള്ളപ്പോൾ ഇനിയവളെ കുറിച്ചോർത്തു കൊണ്ടവനുംസങ്കടമുണ്ടാവുകയില്ല…ദൈവത്തിനടുത്തിരുന്നു കൊണ്ടവനും സന്തോഷിക്കയാവും.”
സഞ്ജുവിനരികിൽ പോയി അവന്റെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് സോമ ദാസ് പ്രകാശിന്റെ ഫോട്ടോയിലേക്ക് നോക്കി പറയുമ്പോൾ അയാളുടെ കണ്ണുകളും ചുവന്നു കലങ്ങിയിരുന്നു.
സഞ്ജു അയാളെ ഒന്ന് നോക്കിയിട്ട് മുഖം കുനിച്ചു.
“നിനക്കവന്റെ മകളെ ഇഷ്ടമാണ് എന്നതിൽ കവിഞ്ഞൊന്നും ആ അച്ഛൻ നിന്നെ അളന്നിട്ടില്ല.. ആഗ്രഹിച്ചിട്ടില്ല.ആ വിശ്വാസം നീ തകർക്കരുത്. നന്ദു മോളുടെ കണ്ണുകൾ നീ കാരണം സന്തോഷം കൊണ്ടല്ലാതെ.. പരിഭവം കൊണ്ടല്ലാതെ… നിങ്ങൾക്കിടയിലെ കുഞ്ഞു പിണക്കങ്ങൾ കൊണ്ടല്ലാതെ ഇനിയൊരിക്കലും നിറയരുത്.. ആ അച്ഛന്റെ വിശ്വാസത്തിനു നേരെ നീ ഹൃദയം തുറന്നു പിടിക്കണം.. കാരണം സ്വന്തം മകളെ ഏല്പിക്കാൻ പ്രിയപെട്ട മനുഷ്യരുണ്ടായിട്ടും അവൻ നിന്നെയാണ് തിരഞ്ഞെടുത്തത്.. മകളോടുള്ള അതേ ഇഷ്ടം നിന്നോടുമുണ്ടായിരിക്കാം അവന്റെയാ തീരുമാനത്തിന് മുന്നിൽ..നന്ദനയുടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നീ സംരക്ഷിച്ചു കൊള്ളുമെന്ന ഉറപ്പുണ്ടായിരിക്കും..”സോമദാസ് അവനെയും ചേർത്ത് പിടിച്ചു കൊണ്ട് നന്ദുവിന്റെ അരികിലെത്തി.
സോഫയിൽ ഇരുന്നു കൊണ്ട് ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്ന നന്ദുവിന്റെ അരികിലേക്ക് സഞ്ജുവിനെയും പിടിച്ചു കൊണ്ടാണ് അയാളിരുന്നത്.സോമദാസ് അവിടിരുന്നത്തോടെ ലക്ഷ്മി എഴുന്നേറ്റു മാറി..”നിന്നെ നീയറിയാതെ മനസ്സിലാക്കിയ പപ്പയോടുള്ള സ്നേഹവും കടപ്പാടും നീയും ചെയ്തു കഴിഞ്ഞു മോളെ.. ഇനിയും കരയല്ലേ.. ചിലപ്പോഴൊക്കെയും വിധിയെന്ന മൂന്നക്ഷരങ്ങളെ നമ്മളും ഭയക്കേണ്ട നിരവധി അവസരങ്ങൾ ഇനിയുമുണ്ടായേക്കും.. പതറാതെ.. ഇവന്റെ തണലിൽ നിനക്കത് അതിജീവിക്കാൻ കഴിയട്ടെ.. നിനക്ക്… നിനക്കതിന് കഴിയും…നന്ദു.. കാരണം ദൈവത്തിനടുത്തിരുന്നു കൊണ്ടും നിന്റെ പപ്പാ ആവിശ്യപെടുന്നതത്രയും നിനക്ക് വേണ്ടിയാവും.. “സോമദാസിന്റെ കൈകൾ അവളെയും വലയം തീർത്തു.
“സന്ദീപ്…”അയാൾ വിളിക്കുമ്പോൾ സന്ദീപ് രെജിസ്റ്റർ ബുക്ക് കൊണ്ട് അവരുടെ അരികിലെത്തി.
നിവർത്തി പിടിച്ച ബുക്ക് മുന്നിലെ ഒരു സ്റ്റൂളിലേക്ക് വെച്ച് കൊടുത്തിട്ട് നിറഞ്ഞ ചിരിയോടെ അവൻ അവരെ നോക്കി.”എന്തായാലും നമ്മളിത്രേം വരെയും എത്തിയില്ലേ.. ഇനി രണ്ടു പേരെയും ചേർത്ത് വെച്ചിട്ട് പോവാം. അല്ലേ..?”അവരോടെല്ലാമായിട്ടാണ് സോമദാസ് ആചോദ്യംചോദിച്ചത്.കല്യാണമായിട്ടൊന്നും കാണേണ്ട.. നന്ദുവിന്റെ അവസ്ഥ നിങ്ങൾ പറയാതെ തന്നെ ഞങ്ങൾക്കറിയാം. പിന്നെ ധൃതിയുണ്ടെന്ന് പറഞ്ഞത് സത്യമായിരുന്നു.. മത്സരയുഗത്തിൽ സാമാന്യം ഭേദപ്പെട്ടൊരു നിലയിൽ ബിസിനസ് കൊണ്ട് പോകുന്നവരാണ് ഞാനും എന്റെ മകനും. ഇപ്പൊ തന്നെ ഒരാഴ്ചയോളമായി അവിടെ നിന്നും പോന്നിട്ട്.. ഇനിയും അത് നീട്ടി കൊണ്ട് പോയാൽ… അറിയാലോ.. നമ്മളൊന്ന് അലസത കാണിച്ചാൽ ആ സ്ഥാനം കയ്യടക്കാൻ അവസരം കാത്ത് നിൽക്കുന്നവരാണ് നമുക്ക് ചുറ്റും.. ”
സോമദാസ് ചിരിയോടെ പറഞ്ഞു.
“പക്ഷേ… ഇവളെ ഇങ്ങനെ ഇവിടെയിട്ട് പോവാനും തോന്നിയില്ല.. അത് കൊണ്ടാണ് നിങ്ങളുടെ അഭ്യർത്ഥനകളെല്ലാം മനഃപൂർവം അവഗണിച്ചത്.. ഈ വേദനയിൽ നിന്നും ഇവളെ രക്ഷിക്കാൻ എത്രയും പെട്ടന്ന് സഞ്ജുവിനെ ഏല്പിക്കണമെന്നായിരുന്നു ഉള്ള് മുഴുവനും.. അത്.. അത് ഞാൻ പ്രകാശിന് കൊടുത്ത വാക്കാണ്..”അയാളുടെ കണ്ണുകൾ വീണ്ടും ആ ഫോട്ടോയിലേക്ക് നീണ്ടു.നന്ദുമോൾ ഒക്കെയായിട്ട് നമ്മുക്കിവരുടെ കല്യാണം ഗ്രാൻഡായിട്ട് തന്നെ നടത്താം.. രണ്ടൊപ്പിൽ… വലിയൊരു ആഘോഷത്തെ ഒതുക്കിയിട്ടു എന്നൊരു തോന്നലും ആർക്കും വേണ്ട… അങ്ങനെയല്ലേ..?”നേർത്ത ചിരിയോടെയുള്ള അയാളുടെ ചോദ്യംഅംഗീകരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവരുടെയെല്ലാം മുഖത്ത് തെളിഞ്ഞു കണ്ട തിളക്കം.
“ഒപ്പിട് മോളെ…”ആ സമ്മതം അറിഞ്ഞത് പോലെ സോമദാസ് രെജിസ്റ്റർ ബുക്ക് അവളുടെ മടിയിലേക്ക് എടുത്തു വെച്ച് കൊടുത്തിട്ട് പേനയും കയ്യിലെടുത്തു കൊടുത്തു..വിറയലോടെ പേന വാങ്ങിയിട്ട് അവളെല്ലാവരെയുമൊന്ന് നോക്കി.ശേഷം ആ നോട്ടം സഞ്ജുവിൽ തങ്ങി.ആ കണ്ണിലപ്പോൾ തിളങ്ങുന്നത് അവളേറെകൊതിച്ചസ്നേഹമായിരുന്നു.അവനെയൊന്നു നോക്കിയിട്ട് വീണ്ടും ആ രെജിസ്റ്റർ ബുക്കിലേക്ക് കുനിയുമ്പോഴും കണ്ണുനീർ അടർന്നു വീഴുന്നുണ്ട്.
സഞ്ജു എഴുന്നേറ്റു കൊണ്ടവളുടെ അരികിലേക്കിരുന്നു തോളിൽ ചുറ്റി പിടിച്ചു.
അവളൊപ്പിട്ട് കഴിഞ്ഞ ശേഷം ആ പേന കൈ നീട്ടി വാങ്ങുമ്പോഴും അവളെറെ മോഹിപ്പിച്ച ആ നോട്ടം അവനിലുണ്ടായിരുന്നു.നന്ദുവിനെ ചേർത്ത് പിടിച്ചിരുന്നു കൊണ്ട് തന്നെ അവനവളെ സ്വന്തമാക്കി.”ഇനി രണ്ടു സാക്ഷികൾ കൂടി ഒപ്പിട്ടോളൂ..”രെജിസ്റ്റാർ വിളിച്ചു പറയുമ്പോൾ അവിടെയുള്ളവരെല്ലാം അതിനു വേണ്ടി സജ്ജമായി.
“ഞാൻ ചെയ്യട്ടെ… എന്റെ.. എന്റെയൊരു ആഗ്രഹമാണ്.എന്റെ പ്രിയപ്പെട്ട ചങ്ങാതിക്ക് വേണ്ടി ഇനിയിതല്ലേ എനിക്ക് ചെയ്യാനാവൂ..”
സോമദാസിന്റെ ചോദ്യം..ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ട് നിവരുമ്പോൾ അയാളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.
ഇനിയൊരാൾ കൂടി… വേണം.എല്ലാവരുടെയും നോട്ടം ആദിയിലേക്കാണ് നീണ്ടത്.”അജുവേട്ടൻ ചെയ്യൂ “എന്ന് പറഞ്ഞിട്ടൊഴിഞ്ഞു നിന്നവനെ അജു തന്നെയാണ് സൈൻ ചെയ്യാൻ പറഞ്ഞു നിർബന്ധിച്ചത്.സന്തോഷമല്ല.. ആ അകത്തളങ്ങളിൽ അലയടിക്കുന്നതൊരു ആശ്വാസത്തിന്റെ ഈണമാണ്.
പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച വിടവുകൾ അവിടെ വളരെ വ്യക്തമായി കാണാമായിരുന്നു.
മകളുടെ വിവാഹംപ്രാകാശങ്കിൾഇങ്ങനൊന്നുമാവില്ല.. പ്ലാൻ ചെയ്തിട്ടുണ്ടാവുക.. അങ്കിൾ ആഗ്രഹിച്ചത് പോലെ തന്നെ നമ്മൾക്കത് ചെയ്യണം. പക്ഷേ ഇപ്പൊ അതിന് പറ്റിയൊരു സാഹചര്യമല്ലല്ലോ.. തീർച്ചയായും നമ്മൾക്കെല്ലാം സാവകാശം വേണം..”
സന്ദീപ് നേർത്തൊരു ചിരിയോടെ അവരെ നോക്കി..
“ഇന്ന് ഈവനിംഗ് ഞങ്ങൾ തിരികെ പോകും. പക്ഷേ ആരെയും ഉപേക്ഷിച്ചു പോകുകയല്ല. തിരികെ വരും. അവിടൊന്നു സെറ്റിൽ ചെയ്യാൻ ഞങ്ങളിപ്പോ പോകാതെ വയ്യ..എന്താവിശ്വാമുണ്ടെങ്കിലും അറിയിച്ചാൽ മതി.. നന്ദന എനിക്കെന്റെ സിസ്റ്റർതന്നെയാണ്..”സന്ദീപ് അവളെ നോക്കി പറഞ്ഞു.അവൾ പക്ഷേ ആരെയും നോക്കുന്നില്ല. തല കുനിച്ചിരിപ്പാണ്. അപ്പോഴും സഞ്ജുവിന്റെ കൈകൾ അവൾക്കൊരു താങ്ങു പോലെ ചുറ്റി പിടിച്ചിട്ടുണ്ട്.സദ്യയൊന്നുമില്ല..ചെറിയൊരു ചായ സൽക്കാരം..
“തന്റെയീ സൗഹൃദത്തെ എന്തിന്റെ പേരിലും നീ നഷ്ടപ്പെടുത്തി കളയരുത് സഞ്ജു.. നിനക്ക് വേണ്ടി അവൻ ഞങ്ങളോട് സംസാരിച്ചത് മുഴുവനും ഹൃദയം കൊണ്ടാണ്. നിന്നിലുള്ള അതേ വേദന.. ഇവന്റെ കണ്ണിലും ഞങ്ങൾ കണ്ടിരുന്നു.. ഇന്നത്തെ കാലത്ത് ഇതെല്ലാം അത്ര ഈസിയല്ല കേട്ടോ..”
പോവാനിറങ്ങും മുന്നേ… ആദിയെ ചേർത്ത് പിടിച്ചു കൊണ്ട് സോമദാസ് പറഞ്ഞത് കേട്ട് സഞ്ജു ആദിയെ ഒന്ന് നോക്കി.തലേന്ന് സഞ്ജുവിന്റെ ഓഫീസ് ടൈം കഴിയും മുന്നേ ഏറെ വേദനയോടെ വെപ്രാളത്തോടെ തനിക്ക് മുന്നിൽ വന്നിട്ടന്റെ ചെങ്ങാതിയുടെ പ്രാണൻ അവന് തിരികെ നൽകാൻ നിങ്ങൾക്ക് ഞാനെന്താണ് നൽകേണ്ടതെന്നുള്ള ചോദ്യമായി വന്ന ആദി ആ അച്ഛന്റെയും മകന്റെയും ഉള്ളിൽ നിറഞ്ഞു..
“ഞാനവന്റെ കൂട്ടുകാരനാണ്..അവൻ.. അവൻ പിടയുന്നത് കണ്ട് നിൽക്കാൻ എനിക്ക് വയ്യ.. അത് കൊണ്ട് പറയുകയാണ്.. എനിക്കുള്ള സംബാധ്യമെല്ലാം ഞാൻ നിങ്ങൾക്ക് നൽകാം. അത് പോരായ്യെങ്കിൽ നിങ്ങൾ പറയുന്നതെത്രയോ അത് ഞാൻ നൽകാം. പകരം.. അവന്റെ സന്തോഷം എനിക്ക് തിരികെ താ.. മനസ്സ് നീറി അവൻ ജീവിതം തീർക്കാൻ നിങ്ങളൊരു കാരണമാവരുത്.. അപേക്ഷിക്കുകയാണ് ഞാൻ… പ്ലീസ്..”
താഴാവുന്നതിന്റെ പരമാവധി അത് ചെയ്യുന്ന അവന്റെ ആത്മാർത്ഥതയെ പരീക്ഷിക്കാൻ വീണ്ടും പലതും പറഞ്ഞു.. ഭീക്ഷണിപ്പെടുത്തി.
പക്ഷേ അൽപ്പം പോലും പതറാതെ കൂട്ടുകാരന്റെ തിരികെ പോകൂ എന്നൊരു വാശിക്കാരനായിരുന്നു അവനപ്പോഴും.
ഒടുവിൽ അവന് മുന്നിൽ തോറ്റു…
സന്തോഷത്തോടെ തന്നെ സത്യങ്ങൾ അവനോട് പറയുമ്പോൾ ഒരു കാര്യം മാത്രം ഓർമ്മിപ്പിച്ചു.
ഇതൊന്നും നാളെ വരെയും ആരെയും അറിയിക്കരുതെന്ന്..അതവൻ ഈ നിമിഷം വരെയും പാലിച്ചു..നന്ദിയോ സ്നേഹമോ.. കടപ്പാടോ.. ഒന്നുമറിയില്ല.. ഒരു നോട്ടം കൊണ്ട് പോലും അവനെല്ലാം അറിയാം എന്നാർക്കും തോന്നാത്ത വിധം അവനത് ഭംഗിയായി ചെയ്തു അതോടൊപ്പം തന്നെ സഞ്ജുവിന്റെ നിഴലായി ചേർന്ന് നിൽക്കാനും മറന്നില്ല..
“എനിക്കിത് പോലൊരു പ്രശ്നം വന്നാൽ… അവനും ഇങ്ങനെയെ ചെയ്യൂ അങ്കിൾ.. സത്യത്തിൽ ഹൃദയം കൊണ്ടെന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് തന്നെ സഞ്ജുവാണ്.. ഇവന് വേണ്ടി ഞാനും.. എനിക്ക് വേണ്ടി ഇവനും എന്തും ചെയ്യും…”നേർത്തൊരു ചിരിയോടെ ആദി പറയുമ്പോൾ ചങ്കുലയുന്നൊരു കരച്ചിലൊതുക്കി നിൽക്കുന്ന സഞ്ജുവിനെ അവരെല്ലാം നോക്കി നിന്നു..പ്രിയക്ക് ആദിയെ നോക്കുമ്പോൾ ഉള്ളിലെ പ്രണയം തുടിച്ചിട്ട് ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്.സഞ്ജുവിനെ വേണ്ട വിധം ശ്രദ്ധിചില്ല എന്ന് പറഞ്ഞിട്ട് ആദിയോട് മുന്നേ വഴക്ക് കൂടിയതൊക്കെയും അവൾക്കോർമ്മ വന്നു.
“സങ്കടപെടരുത് എന്നല്ല.. സങ്കടപ്പെട്ടു മാത്രമിരിക്കരുത്.. മുന്നോട്ടു ജീവിച്ചേ പറ്റൂ.. നീ സന്തോഷമായിരിക്കണേ എന്ന് തന്നെയാവും നിന്റെ പപ്പയും അമ്മയും ആഗ്രഹിക്കുന്നത്.. ഇത്രേം പേര് നിന്റെ കൂടെയുണ്ട്. നിന്നെ മാത്രം ഹൃദയത്തിൽ നിറച്ചു വെച്ച നിന്റെ ചെക്കനുണ്ട്.. മോൾക്ക് നഷ്ടപ്പെട്ടതിന് ഇതൊന്നും പകരമാവില്ലന്നറിയാം.. പക്ഷേ മുന്നോട്ട് ജീവിക്കാൻ നിനക്കിതൊക്കെയും കാരണങ്ങളാണ്… സന്തോഷമായിരിക്ക് ട്ടോ ”
നന്ദുവിനെ ഹൃദ്യമായൊന്ന് പുണർന്നു കൊണ്ടാണ് സോമാദാസ് പറയുന്നത്.അവളൊന്നും മിണ്ടാതെ ഒന്ന് തലയാട്ടി കാണിച്ചു.”പോയിട്ട് വരാം.. മിടുക്കിയായിട്ടിരിക്ക് ട്ടോ..”സന്ദീപും അവളുടെ കവിളിൽ തട്ടി യാത്ര ചോദിച്ചു..ഹൃദയഭേദകമായ ആ നിമിഷങ്ങളിൽ നിന്നും പുനർജ്ജന്മം കിട്ടിയത് പോലൊരു ആശ്വാസത്തോടെയാണ് അവരെല്ലാം ആ അച്ഛനെയും മകനെയും യാത്രയാക്കിയതും ആ അച്ഛനും മകനും അവരോട് യാത്ര പറഞ്ഞതും…
💞💞
മാളവികയെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് തന്നെയാണ് ഷമീർ അവളുടെ വീട്ടിലേക്ക് പോവാനുറച്ചത്.പക്ഷേ അപ്പോഴും ചെയ്യുന്നതിലെ പാകപ്പിഴ അവനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
വേണമോ വേണ്ടയോ എന്നുള്ളത് അനേകം പ്രാവശ്യം ഉള്ളിലിട്ട് നീറ്റിയ ചോദ്യമാണ്.പക്ഷേ പോകാതെ വയ്യെന്നുള്ളത് അവന്റെ അവസ്ഥയാണ്.ദുഹാ മോളുടെ പനിയെല്ലാം കുറഞ്ഞു.. ഹോസ്പിറ്റലിൽ നിന്നും തിരികെ ഫ്ലാറ്റിലെത്തി.പക്ഷേ പിന്നെയും അവരുടെ കാര്യത്തിലെ പ്രതിസന്ധികൾ അത് പോലെ തന്നെ തുടർന്നു.മകളെ ഇനിയും ഏറ്റെടുക്കാൻ വയ്യെന്ന് അവളെ മുൻപ് ആക്കിയിരുന്ന ഡേയ് കെയറിൽ നിന്നും കർശനമായി പറഞ്ഞതോടെ അവന് മുന്നിൽ മറ്റു മാർഗങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.ഓഫീസിൽ നിന്നും അധികം ലീവെടുക്കാനും മോളെ കൊണ്ട് അങ്ങോട്ട് പോവാനും കഴിയില്ല.ഒന്ന് രണ്ട് ഡേയ് കെയറുകൾ പിന്നെയുള്ളത് ഒരുപാട് ദൂരെയാണ്.എല്ലാം കൂടി അവന്റെ പിടി വിട്ട്പോകുന്നത് പോലൊരു അവസ്ഥ.അപ്പോഴാണ് മാളവിക മുന്നേ പറഞ്ഞൊരു കാര്യം ഓർമയിലേക്ക് വന്നത്.അതിനെ കുറിച്ചൊന്നു പറയാൻ അവളെ വിളിച്ചേങ്കിലും ഫോണിൽ കിട്ടിയില്ല.ഒടുവിൽ അവളുടെ വീടറിയാമല്ലോ.. നേരിട്ടു പോയിട്ട് കാര്യങ്ങൾ സംസാരിച്ചു കൊണ്ടൊരു തീരുമാനമെടുക്കാമല്ലോ എന്നോർത്ത് കൊണ്ടാണ് അവനിറങ്ങിയത്..അവിടെ കാത്തിരിക്കുന്നതൊന്നുമറിയാതെ മകളെയും കൊണ്ട് ഷമീർ മാളവികയുടെ വീടിനു മുന്നിൽ ചെന്നിറങ്ങി..
…തുടരും..
എന്താകുമോ ന്തോ..അനൂപ് അവിടുണ്ടങ്കിൽ പണി പാളുമല്ലോ കർത്താവെ… റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെjiff

by