രചന : ജിഫ്ന നിസാർ
“ആദിയേട്ടാ…സിന്ദൂരമെടുത്ത് തന്റെ നെറുകയിലേക്ക് കൈ ഉയർത്തിയവന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ അവൾക്കൊപ്പം അവനും വിറച്ചു പോയിരുന്നു.അത്രമേൽ ആർദ്രമായിരുന്നു അവളുടെ സ്വരവും നോട്ടവും.ആദിയാ മിഴിയാഴങ്ങളിലേക്ക് നോട്ടമാഴ്ത്തി.
തിരയുന്നതെന്തോ തേടി കണ്ടു പിടിച്ചൊരു നിർവൃതിയിൽ അവന്റെ ചുണ്ടിലും മനോഹരമായൊരു ചിരിയുണ്ടായിരുന്നു.”നിനക്ക് തീരെ ബ്യുട്ടിസെൻസ് ഇല്ല കൃഷ്ണ.. ഇത്രേം നന്നായി സാരിയൊക്കെ ഉടുത്തോരുങ്ങിയിട്ട്…”ആദി അവളെ നോക്കി.
“എനിക്ക്… എനിക്കാഗ്രഹിക്കാൻ പേടിയാണ് ആദിയേട്ട…”വീണ്ടും അവളുടെ സ്വരം വിറച്ചു.ഞാൻ നിങ്ങളെ തീവ്രമായി സ്നേഹിച്ചു പോകുമോയെന്നൊരു ഭയമായിരുന്നു അവനാ മുഖം നിറയെകണ്ടതും.”കൈ വിട് കൃഷ്ണ.. നേരം പോണ്..”ഏറ്റവും മൃദുവായിട്ടാണ്ആദിആവിശ്യപ്പെട്ടത്.ഞാൻ… ഞാനിട്ട് കൊള്ളാം “അത് പറയുമ്പോഴും അവനത് ചെയ്തെങ്കിലെന്ന മോഹമാണാ മിഴികളിൽ നിറച്ചുവെച്ചത്.എങ്കിലത് അവിടെ വെച്ചായിക്കൂടായിരുന്നോ . എന്തെ ചെയ്തില്ല?”
ആദിയിൽ കുസൃതിയാണ്..”ഞാൻ.. ഞാൻ ഓർത്തില്ല.
“പ്രിയ മുഖം കുനിച്ചു.”ഇന്നത് മറക്കാനോ പാടില്ലായിരുന്നു…”അലിവോടെ ആദി പറയുമ്പോൾ അവളുടെ കൈകൾ അവന്റെ കയ്യിൽ നിന്നും വേർപ്പെടുത്തി കഴിഞ്ഞിരുന്നു.”ശത്രുക്കളോട് പോലും ചെയ്യരുതാത്തത്രേം ക്രൂരത നിന്നോട് ചെയ്തവനാണ് രാജീവ് രാധാകൃഷ്ണൻ. എല്ലാം യാതൊരു പരാതിയുമില്ലാതെ നീ സഹിച്ചു..അവനോട് നീ ക്ഷമിച്ചു..പക്ഷേ.. പക്ഷേ ഒന്നും.. ഒന്നും നീ മറക്കരുത് കൃഷ്ണ…”പ്രിയയുടെ കണ്ണിലേക്കു നോക്കിയത് പറയുമ്പോൾ നേരത്തെയുണ്ടായിരുന്ന ഭാവങ്ങളൊക്കെയും അവനിൽ നിന്നെങ്ങോ പോയ് പോയിരുന്നു.പകരമവിടെ വെറുപ്പിന്റെ ജ്വാലയാളുന്നു..കണ്ണുകൾക്ക് പോലും വല്ലാത്തൊരു വീര്യം..
“ഇന്നവന്റെ കല്യാണമാണ്. ലൈഫിൽ അവനേറ്റവും സന്തോഷമായിരിക്കുന്ന ദിവസം.. ഇന്ന് നിന്നെ കാണുമ്പോൾ.. നിന്റെ മുഖത്തുള്ള സന്തോഷം കാണുമ്പോൾ തോറ്റു പോയത് നീയല്ല.. അവനാണെന്ന് അവന് തോന്നിപ്പിച്ചു കൊടുക്കുന്നത്രം വലിയൊരു വിവാഹസമ്മാനമൊന്നും നിനക്കവന് കൊടുക്കാനില്ല… നിന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പുല്ല് വില തന്നവനോട് അത്രയെങ്കിലും നീ ചെയ്യേണ്ടേ കൃഷ്ണ…?”
ആദി ചിരിയോടെ അവളെ.പ്രിയ വേണമെന്ന് തലയാട്ടുമ്പോൾ എന്തിനോ ആ കണ്ണുകൾ കൂടി നിറഞ്ഞു.ഇത്രേം ആത്മാർത്ഥമായി അടുത്തൊന്നും ആരും അവളെ ആശ്വാസിപ്പിച്ചില്ലായിരുന്നു..
“ഇനി പറയ്യ്… നിനക്കീ സിന്ദൂരം വേണ്ടേ…?”
ആദി വീണ്ടും കൈ ഉയർത്തി.പ്രിയയവന്റെ കണ്ണിലേക്കു നോക്കി പതിയെ തലയാട്ടി
ആ നിമിഷം തന്നെ ആദിയുടെ ചുവന്ന വിരലുകൾ അവളുടെ നെറുകയിൽ പതിഞ്ഞു.”എനിക്കെന്റെ മാല തിരികെ വേണമെന്ന് പറഞ്ഞിട്ടും നീയത് തിരികെ തന്നില്ലല്ലോ കൃഷ്ണ…”കയ്യിൽ പടർന്ന സിന്ദൂരമൊരു തുണിയിൽ തുടക്കുന്നതിനിടെ വീണ്ടും ആദി ചോദിച്ചു.പ്രിയയുടെ മുഖം മങ്ങി.”ഞാൻ… അഴിച്ചെടുത്തോളാം.. ഇങ്ങ് വന്നേ “അവളുടെ വിവർണമായ മുഖം കണ്ടിട്ടും ആദിയവളെ അരികിലേക്ക് നീക്കി നിർത്തി..”അഴിച്ചെടുക്കട്ടെ..?”
അതിന്റെ കൊളുത്തിൽ പിടി മുറുക്കി കൊണ്ടവൻ ചോദിക്കുമ്പോൾ വേണ്ടന്നെങ്ങനെ പറയുമെന്നോർത്തു കൊണ്ടാണ് പ്രിയ വേദനിച്ചത്..
അവന്റെ ആവിശ്യം ന്യായമാണ്..”പറയ്യ് കൃഷ്ണ…?”ആദി വീണ്ടും അവളെ നോക്കി.
അത്രയുമരികെ… അവൻ.പ്രിയക്കൊന്ന് പിറകിലേക്ക് നീങ്ങി നിൽക്കണമെന്നുണ്ടായിരുന്നു.
പക്ഷേ കാന്തം പോലെയൊരുവൻ പിടിച്ചു നിർത്തിയത് പോലെ അവൾക്കനങ്ങാനായില്ല.
“എനിക്കൊരുപാട് സ്വപ്നങ്ങളുണ്ട് കൃഷ്ണ…”
വളരെ പതിയെ ആ കൊളുത്ത് അകത്തി കൊണ്ടവൻ പറയുമ്പോൾ പ്രിയയുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി.
വേവലാതിയോടെ അവളവനെ നോക്കി.
അവന്റെ നോട്ടം പക്ഷേ മാലയിലാണ്.”അതെല്ലാം നേടിയെടുക്കാൻ ഒരുപാട് ആഗ്രഹമുണ്ട്…”പ്രിയ അപ്പോഴും മിണ്ടിയില്ല..സാവധാനമാ കൊളുത്ത് അകത്തി ആദി പോക്കറ്റിൽ കയ്യിട്ടു കൊണ്ടൊരു കുഞ്ഞു ജ്വാല്ലറി ബോക്സ് കയ്യിലെടുത്തു.
നേർത്തൊരു ചിരിയോടെ അവൻ വാങ്ങിയ താലി ലോക്കറ്റതിൽ നിന്നുമെടുക്കുന്നതും.. ആ മലയിലേക്കവനത് കോർത്തെടുക്കുന്നതും നോക്കി നിൽക്കെ പ്രിയയുടെ കണ്ണുനീർ തുള്ളികൾ അവന്റെ കയ്യിലെക്കുറ്റി വീണു..ഇതിനെല്ലാം വേണ്ടിയെന്നെ ഉപേക്ഷിച്ചു കളയുമെങ്കിൽ.. പിന്നെയും പിന്നെയുമെനിക്കുള്ളിലേക്ക് നിങ്ങൾ പ്രതീക്ഷകൾ വച്ചു നീട്ടുന്നതെന്തിനെന്നൊരു ചോദ്യം അവളുടെ ഇടനെഞ്ചിൽ അല തല്ലി..
പക്ഷേ അവനോടതവൾ ചോദിച്ചില്ല..
അവൻ പറഞ്ഞേക്കാവുന്ന ഉത്തരമവളെ അപ്പോഴും ഭയപ്പെടുത്തി..”ഇനിയീ ലോകത്തൊന്നിനും വേണ്ടി ഉപേക്ഷിച്ചു കളയാൻ തോന്നാത്തത്രേം ആഴത്തിൽ നീയെന്റെ പ്രണയത്തിന്റെ അവകാശിയായിരിക്കുന്നുവെന്ന് അവനുമപ്പോൾ പറഞ്ഞില്ല..പക്ഷേ രണ്ട് പേർക്കുള്ളിലും തുറന്നു പറയാത്ത ആ ഇഷ്ടത്തിന്റെ ഭാരമൊരു വിങ്ങല് നിറച്ചു..കരയല്ലേ… നീയത് തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇനിയാർക്കും.. ആ മാല നിന്നിൽ നിന്നും തിരികെ വാങ്ങിക്കാനാവില്ല.. ഇതെന്റെ വാക്ക്..”പ്രിയയുടെ കവിളിൽ അവൾ പോലുമറിയാത്ത വിധം സ്പർഷിച്ചു കൊണ്ടവൻ പറയുമ്പോൾ.. പ്രിയയവനെ നോക്കി.
“രാജീവിന്റെ സന്തോഷം കാണാനല്ല കൃഷ്ണ നീ പോകുന്നത്.. നിന്റെ സന്തോഷവും നന്ദിയും അവനെ കാണിക്കാനാണ്.. അതാണ് അവനുള്ള നിന്റെ വിവാഹസമ്മാനവും. അതിന് വേണ്ടി നീ ആഗ്രഹിക്കുന്നതെന്തോ.. അത് ചെയ്ത് തരാൻ ഞാനൊരുക്കമാണ്.. സെറ്റല്ലേ..”പിന്നെയും വാടി തൂങ്ങി നിൽക്കുന്നവളുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ആദി പറയുമ്പോൾ പ്രിയ ചിരിയോടെ അതേയെന്ന് തലയാട്ടി.”എങ്കിൽ വാ.. മിഷൻ രാജീവ് രാധാ കൃഷ്ണൻ സ്റ്റാർട്ടിട്…”അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് തന്നെആദി മുറിയുടെ പുറത്തേക്കിറങ്ങിയതും മാഷങ്ങോട്ട് വന്നതും ഒരുമിച്ചാണ്.
ആദി അവളെ വിട്ട് പെട്ടന്ന് തന്നെ അകന്ന് മാറിയെങ്കിലും… അവരെ അങ്ങനെ കണ്ടതിന്റെ എല്ലാ തിളക്കവും മാഷിന്റെ മുഖത്ത് പ്രകടമായിരുന്നു.
പോയിട്ട് വാ മക്കളെ.. “നിറഞ്ഞ സന്തോഷത്തോടെ മാഷ് അനുവാദം കൊടുക്കുമ്പോൾ അത്രമാത്രം ചേർന്ന് നടന്നു വന്നത് മാഷ് കണ്ടതിന്റെ ജാള്യതയോടെ നിൽക്കുന്ന ആദിയും പ്രിയയും ആശ്വാസത്തോടെ പുറത്തേക്ക് നടന്നു.
❤️❤️
തനിക്കരികിലേക്ക് പതിയെ നടന്നു വരുന്ന നീതിവിനെ കണ്ടതും രാജീവിന് അത് വരെയും ഉള്ളിലുണ്ടായിരുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ആ അസ്വസ്ഥത അവസാനിച്ചിരുന്നു.അത്രമാത്രം മനോഹരിയായി ഒരുങ്ങി വരുന്നവൾ ഹൃദയം നിറക്കുന്നൊരു ചിരിയോടെ തന്നെ നോക്കുന്നത് കണ്ടതും അവനൊന്നു കൂടി ഉഷാറായി..സ്റ്റേജിലേക്ക് കയറി വന്നവൾക്ക് നേരെ അതേ ചിരിയോടെ തന്നെയാണ് രാജീവ് കൈ നീട്ടിയതും.പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞിട്ട് വന്ന വൈഷ്ണവിനെയും അതേ സന്തോഷത്തോടെ തന്നെ അവൻ അങ്ങോട്ട് പിടിച്ചു കയറ്റി..
ആളുകൾ തിങ്ങി നിരന്നിരിക്കുന്നു..പരിചയമുള്ള പല മുഖങ്ങളിലും നിറഞ്ഞ സന്തോഷം..പക്ഷേ… പ്രിയയെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ആ ആൾക്കൂട്ടത്തിന് നടുവിൽ കൂടി തലയുയർത്തി പിടിച്ചിട്ട് മനോഹരമായൊരു ചിരിയോടെ ആദി നടന്നു വരുന്നത് കണ്ടതും രാജീവ് അറിയാതെ തന്നെ എഴുന്നേറ്റു നിന്ന് പോയി..അവർ തമ്മിലുള്ള ഈഴടുപ്പം തന്നെ ആ വരവിൽ പ്രകടമാണ്..
രാജീവിന്റെ നോട്ടം കണ്ടതും പലരും തിരിഞ്ഞു നോക്കുന്നുണ്ട്.പ്രിയയെയും അവളെ ചേർത്ത് പിടിച്ചു വരുന്ന ആദിയെയും കാണുമ്പോൾ പലർക്കും അത്ഭുതമടക്കാൻ കഴിഞ്ഞിരുന്നില്ല.അവനരികിൽ നിന്നിരുന്ന ജയശ്രീ ആ ഒറ്റ കാഴ്ചയോടെ തകർന്ന് തരിപ്പണമായത് പോലൊരു നിൽപ്പാണ്..
പിന്നീടൊരിക്കൽ പോലും ആ ഭാഗത്തേക്ക് നോക്കി നെഞ്ച് നീറ്റില്ലെന്ന് ഉറപ്പിച്ചത് പോലെയുള്ള ആ നിൽപ്പ് കണ്ടതും പ്രിയക്ക് പോലും ചിരി വന്നു..ചിറ്റേടത്തെ ചന്ദ്രദാസിന്റെ മകളെ സ്കൂളിൽ നിന്നും മാഷിന്റെ കൊച്ചു മകനോപ്പം പിടിക്കപെട്ട കഥയറിഞ്ഞിരുന്നുവെങ്കിലും.. അവരെ ഇത്രേം സന്തോഷത്തോടെ സ്നേഹത്തോടെ ഇത്രയും വേഗം കാണാനാവുമെന്ന് അവരാരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.അതിന്റെയൊരു അമ്പരപ്പാണാ നോട്ടത്തിലൊക്കെയും.”കട്ടക്ക് പിടിച്ചു നിന്നേക്കണം കേട്ടോ.. നീ കരഞ്ഞു കാണാൻ കൊതിക്കുന്ന നിരവധി കഴുകൻ കണ്ണുകളിവിടുണ്ടാവും.. അവർക്ക് മുന്നിൽ തോറ്റു കൊടുക്കരുത്…”ചിരിയോടെ.. തുറിച്ചു നോക്കുന്നവരാരെയും ശ്രദ്ധിക്കാതെ മുന്നിലെ സ്റ്റേജിലേക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ട് നടക്കുന്നതിനിടെ പ്രണയസല്ലാപം പോലെ ആദി കാതോരം മുഖം ചേർത്ത് വെച്ചത് പറയുമ്പോൾ പ്രിയ പിടച്ചിലോടെ അവനെ നോക്കി..
“വാ.. നടക് കൃഷ്ണ..”അവനാവട്ടെ ഒന്നും സംഭവിക്കാത്തത് പോലെ മുന്നോട്ടു നടന്നു.
പക്ഷേ വിളറി വെളുത്തു കൊണ്ടാ കാഴ്ച കണ്ടു നിൽക്കുന്ന രാജീവിനെ നോക്കുമ്പോൾ അവനുള്ളിൽ വല്ലാത്തൊരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.
“ഹായ്.. രാജീവ്.. ഹായ്.. ഇന്ദു ലേഖ..”
തീർത്തും സ്വാഭാവികമായി… അവർക്ക് നേരെ നോക്കി കൈ ഉയർത്തി വിഷ് ചെയ്തു കൊണ്ടവൻ ഏറ്റവും മുൻനിരയിലെ കസേരയിൽ ഇരുന്നു കൊണ്ട് പ്രിയയെയും കൈപിടിച്ചടുത്തിരുത്തി.യാന്ത്രികമായാണ് രാജീവ് തിരികെ കൈ ഉയർത്തി കാണിച്ചതെങ്കിലും.. ഇന്ദു അവരെ അത്രേം സ്നേഹത്തോടെ ഒരുമിച്ചു കണ്ടതിന്റെ എല്ലാ സന്തോഷത്തോടെയും കൂടി ചിരിക്കുന്നുണ്ട്.
പ്രിയ നേർത്തൊരു ചിരിയോടെയാണ് ആദിക്കരികിൽ ഇരിക്കുന്നതെങ്കിലും അന്യഗ്രഹജീവികളെ പോലെ തന്നെയും ആദിയെയും നോക്കുന്നവരെ അവളും അറിയുന്നുണ്ടായിരുന്നു.അപ്പോഴും ആ നോട്ടം ആദിക്ക് നേരെയും നീളുന്നത്തിന്റെ നോവായിരുന്നു അവളെ നീറ്റിയത് മുഴുവനും..മൂന്നോ നാലോ നിമിഷങ്ങൾക്ക് ശേഷമാണ് കെട്ട് മേളം ഉയർന്നു തുടങ്ങിയത്.ഞെട്ടി പോയ പ്രിയയുടെ കൈകളെ ആദി മുറുകെ പിടിച്ചെടുത്തു..രാജീവപ്പോഴും ഇടയ്ക്കിടെ താങ്ങൾക്ക് നേരെ ഇടം കണ്ണിട്ട് നോക്കുന്നതറിഞ്ഞിട്ടും ആദി അൽപ്പം പോലും ചിരി മായാതെ അതേയിരുപ്പ് തുടർന്നു..
കെട്ടു മേളം മുറുകുന്നതും എത്ര ഒതുക്കിയിട്ടും നീതിവിന് താലി ചാർത്തുമ്പോൾ രാജീവിന്റെ കണ്ണുകൾ പ്രിയക്ക് നേരെ പാറി വീഴുന്നതുമെല്ലാം ഗൂഡമായൊരു ചിരിയോടെ… കാലിലേക്ക് കാൽ കയറ്റി വെച്ചിട്ട് പ്രൌഡമായിരുന്നു കൊണ്ടാണ് ആദി നോക്കിയിരുന്നത്.കസേരയ്ക്ക് പിറകിലൂടെ കയ്യിട്ടു കൊണ്ടവൻ പ്രിയയെ ഒന്ന് കൂടി കൈ കുള്ളിലൊതുക്കുന്നത് കണ്ട് കൊണ്ടുള്ള അസ്വസ്ഥതയോടെ തന്നെയാണ് രാജീവ് നീതുവിന്റെ ഭർത്താവായി ബാക്കിയുള്ള ചടങ്ങുകൾ ചെയ്തു തീർത്തതും.നെഞ്ചും വിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന ആദിയെ നോക്കുമ്പോൾ.. അവന്റെ കണ്ണിൽ തനിക്ക് നേരെ തൊടുക്കാൻ തയ്യാറാക്കി വെച്ചൊരു അമ്പിന്റെ കൂർത്ത മുനകളെ രാജീവ് വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു.
കെട്ട് കഴിഞ്ഞയുടൻ.. അവിടമിലാകെ പാട്ടിന്റെ അലയോളികൾ മുഴങ്ങി..പ്രശസ്തമായ ഗാനമേള ഗ്രുപ്പിന്റെ ഗംഭീരപ്രകടനമായിരുന്നു.സ്റ്റെജിൽ രാജീവിന്റെയും നീതുവിന്റെയും.. വൈഷ്ണവിന്റെയും ബന്ധുക്കൾ ഫോട്ടോ ഷൂട്ട്നുള്ള തിരക്കിലാണ്.. ഒറ്റയ്ക്കും കൂട്ടമായും അവരങ്ങനെ തകർക്കുമ്പോഴും രാജീവ് ഇടയ്ക്കിടെ ആദിയെയും പ്രിയയെയും നോക്കും.അവരപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്.. ചിരിക്കുന്നുണ്ട്.. പാട്ടുകൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്..താൻ പ്രതീക്ഷിക്കുന്ന നിരാശയൊ സങ്കടമോ ഒന്നും പ്രിയയിൽ കാണുന്നില്ല എന്നുള്ളത് കുറച്ചൊന്നുമല്ല രാജീവിനെ ഈർഷ്യപ്പെടുത്തുന്നത്.
നീതു അവളുടെ ബന്ധുക്കളുടെയും ഫ്രൻസിന്റെയും കൂടെ ഓരോ നിമിഷവും ആസ്വദിക്കുമ്പോൾ അതിനൊപ്പമെത്താൻ പലപ്പോഴും രാജീവിനായില്ല.
തിരക്കൊരിത്തിരി ഒതുങ്ങിയപ്പോൾ ആദി എഴുന്നേൽക്കുന്നതും.. പ്രിയക്ക് നേരെ കൈ നീട്ടി അവളെയും ചേർത്ത് പിടിച്ചു കൊണ്ട് തന്നെ സ്റ്റേജിലേക്ക് ഓടി കയറി വരുന്നതും കൂടി കണ്ടപ്പോൾ രാജീവിന്റെ പരവേശം കൂടുകയാണ് ചെയ്തത്.
വിളറി വെളുത്തു കൊണ്ട് നിൽക്കുന്നവനെ നോക്കുക പോലും ചെയ്യാതെ.. പ്രിയ നീതുവിന്റെ അരികിൽ ചെന്നിട്ട് കൈ കൊടുത്തു കൊണ്ട് ആശംസകൾ പറഞ്ഞു.ചിരിയോടെ തന്നെ അവളത് സ്വീകരിച്ചു..
ശേഷം ചിരിയോടെ നിൽക്കുന്ന ഇന്ദുവിനെ ഗാഡമായൊന്ന് പുണർന്നു കൊണ്ടവൾ ചിരിയോടെ അകന്ന് മാറി.കയ്യിൽ കരുതിയ ഗിഫ്റ്റ് ബോക്സ് അവൾക്ക് നേരെ നീട്ടി.ആഹ്ലാദത്തോടെയാണ് ഇന്ദു അവളുടെ സന്തോഷത്തിലേക്ക് നോക്കുന്നത്.
പുച്ഛത്തോടെ ഒരു വേള അവളുടെ നോട്ടം രാജീവിന് നേരെയും പാറി വീണു.പൊള്ളിയത് പോലെ രാജീവ് നോട്ടം വെട്ടിച്ചു മാറ്റുമ്പോൾ വല്ലാത്തൊരു സുഖം ഇന്ദുവിനെ പൊതിയുന്നുണ്ടായിരുന്നു..
“ഒരുപാട് കാലം.. സന്തോഷത്തോടെ സമാധാനത്തോടെ… സ്നേഹത്തോടെ ജീവിക്കട്ടെ ന്ന് എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയുണ്ട് കേട്ടോ.. പക്ഷേ.. നിങ്ങളൊരുപാട് സഹിക്കേണ്ടി വരും വൈഷ്ണവേട്ടാ.. കാര്യം എന്റെ കൂട്ടുകാരിയാണ്.. എന്നാലും സത്യം പറയാതെ വയ്യല്ലോ.. ചില നേരത്തെ ഇവളുടെ സ്വഭാവം കണ്ടാലുണ്ടല്ലോ..”ഇന്ദുവിനെ നോക്കി അടക്കി ചിരിച്ചു കൊണ്ടാണ് പ്രിയ വൈഷ്ണവിനോടത് പറഞ്ഞത്.ഇന്ദു അവളെ തുറിച്ചു നോക്കുന്നത് കണ്ടതും ആദിക്കൊപ്പം നീതു കൂടി ചിരിക്കുന്നുണ്ടായിരുന്നു..
ആദി വൈഷ്ണവിന് കൈ കൊടുത്തു ആശംസകൾ അറിയിച്ച ശേഷം രാജീവിനെയൊന്നു തിരിഞ്ഞ് നോക്കി.അവരിറങ്ങി പോയങ്കിൽ ശ്വാസമെടുക്കാമായിരുന്നു എന്നൊരു ഭാവത്തിലാണ് അവന്റെ നിൽപ്പ്..അതറിഞ്ഞു കൊണ്ട് തന്നെ ആദിയവനെ കെട്ടിപിടിച്ചു കൊണ്ടാണ് ആശംസകൾ പറഞ്ഞത്.അപ്പോഴും ക്രൂരത നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു ആദിയുടെ മുഖം നിറയെ.
“എനിവേ.. താങ്ക്സ് രാജീവ്..”അകന്ന് മാറിയ രാജീവിനെ നോക്കി ആദി പറയുമ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.”എനിക്കവളെ പൂർണമായും വിട്ട് തന്നതിന്…”
പ്രിയയെ കണ്ണ് കാണിച്ചു കൊണ്ടവൻ പറയുമ്പോൾ രാജീവ് വിറച്ചു പോയി.”അതിന് ഞാൻ..”നീതു കേൾക്കുന്നുണ്ടോ എന്നൊന്ന് നോക്കിയിട്ടാണ് രാജീവ് സംസാരിച്ചു തുടങ്ങിയത്.രാജീവിനെന്റെ വിവാഹസമ്മാനം…”ആദി പോക്കറ്റിൽ കയ്യിട്ടെന്തോ എടുത്തു കൊണ്ടവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
തനിക്ക് നഷ്ടപ്പെട്ട രുദ്രാക്ഷം കെട്ടിയ ആ ബ്രെസ്ലേറ്റ് രാജീവിന്റെ കയ്യിലിരുന്നു വിറച്ചു.കൃഷ്ണപ്രിയയെ അന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത് ഞാനാണ്.അന്നവളുടെ മുടിയിൽ കുരുങ്ങി കിടന്ന രാജീവ് രാധാകൃഷ്ണന്റെ ഈ സ്പെഷ്യൽ ബ്രെസ്ലേറ്റ് ഞാനാണ് വേർപ്പെടുത്തിയെടുത്തത്..”
രാജീവിനെ തുറിച്ചു നോക്കി… കണ്ണിലൊരു കനലൊളിപ്പിച്ചു കൊണ്ട് ആദി പറയുമ്പോൾ നിന്ന നിൽപ്പിൽ രാജീവെന്ന് ആടിയുലഞ്ഞു..”സത്യങ്ങൾ എനിക്കറിയാം.. പക്ഷേ അത്.. നീ പറഞ്ഞു കൊണ്ടെനിക്കൊന്നൂടെയറിയണം രാജീവേ…”ആദി കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി നിന്നു.
ഇന്നത്തെ ദിവസം നിനക്കുള്ള എന്റെ ഗിഫ്റ്റാണ് രാജീവേ ഈ വിലപ്പെട്ട ഇൻഫർമേഷൻ.. ലൈഫിൽ ഇന്നത്തെ ദിവസം നീയൊരിക്കലും മറക്കില്ല.. ഇപ്പോഴുള്ള ഈ വിറയലും വെപ്രാളവും അതിന്റെ ബോണസ്…”വല്ലാത്തൊരു ചിരിയോടെ ആദി പറയുമ്പോൾ രാജീവ് വെപ്രാളത്തോടെ ചുറ്റും നോക്കി..
ഇന്ദുവിന്റെ അരികിലേക്ക് നീങ്ങി നിന്നിട്ട് പ്രിയയോടെന്തോ ചോദിക്കുന്ന നീതു..അവരാരും ശ്രദ്ധിക്കുന്നില്ലായെങ്കിലും.. രാജീവിന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു..ഉപദ്രവിക്കരുത് ആദിത് സർ.. നമ്മൾക്ക് പിന്നീട്..സംസാരിച്ചു…”ആദിയുടെ നോട്ടം കണ്ടതും രാജീവ് പറയാൻ വന്നത് നിർത്തി കൊണ്ടവനെ ദയനീയമായൊന്ന് നോക്കി.”ഇപ്പൊ നിന്നെ ഞാനും ഉപദ്രവിക്കുന്നില്ല രാജീവ്. അത് പക്ഷേ നിന്നോടുള്ള സ്നേഹമാണെന്ന് തെറ്റ് ധരിക്കരുത്… നീ കളിച്ച നാറിയ കളിയിലൂടെ അവളെ.. എന്റെ കൃഷ്ണയെ നീയാണെന്നിലേക്ക് ചേർത്ത് വെച്ചത്.. അതിന്റെയൊരു ചെറിയ നന്ദിയാണെന്ന് കൂട്ടിക്കോ…”പ്രിയയെ നോക്കുന്നവന്റെ കണ്ണിലേക്കു ഞൊടിയിടകൊണ്ട് സ്നേഹം നിറയുന്നത് കണ്ടതും.. രാജീവ് മിഴിച്ചു നോക്കി.
“പക്ഷേ…”കടുപ്പമേറിയ ആ പക്ഷേയിൽ വീണ്ടും രാജീവ് വിറച്ചു പോയി..”ഞാൻ വിളിക്കും നിന്നെ.. അതെവിടെക്കായാലും എന്നായാലും നീ വന്നിരിക്കണം. എനിക്കറിയണം.. നീ പറഞ്ഞിട്ട് തന്നെയറിയണം അന്നത്തെ ആ നാടകത്തിന് പിന്നിലെ കഥകൾ.. അത്.. അത് ഞാനെന്റെ പെണ്ണിന് വാക്ക് കൊടുത്തതാണ്.. അതിന് പിന്നിലെ ആളെ ഞാൻ കണ്ടു പിടിക്കുമെന്നുള്ളത്.. അതെനിക്ക് പാലിക്കണം രാജീവ് രാധാകൃഷ്ണാ….”
ആദി അൽപ്പം അമർത്തി കൊണ്ട് രാജീവിന്റെ ചുമലിൽ തട്ടി..”ഞാൻ… ഞാൻ വരാം.. വിളിക്കുന്നിടത്തേക്ക് വരാം സർ..”രാജീവ് പരവേശത്തോടെ പറഞ്ഞു.
“നീ വരുമെന്നെനിക്കറിയാം രാജീവ്.. കാരണം നിന്നെ വരുത്താനുള്ള തെളിവുകൾ ഇനിയും എന്റെ കയ്യിൽ ഭദ്രമാണ്…”പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് ആദി പറയുമ്പോൾ ആ ബഹളങ്ങൾക്കിടയിലും അവന്റെ സ്വരത്തിന്റെ മൂർച്ചയിൽ രാജീവ് വല്ലാതെ ഭയപെട്ടിരുന്നു..”നിന്റെയീ വൃത്തികെട്ട സ്വഭാവം നിന്റെ ഭാര്യയറിഞ്ഞാലോ രാജീവേ…?”
ആദി അവനരികിലേക്ക് നീങ്ങി നിന്നിട്ട് സ്വകാര്യം പറയുന്നത് പോലെ ചോദിച്ചു.”നോ.. വേണ്ട… പ്ലീസ്.. ചെയ്യരുത് “രാജീവ് വിയർത്തു കുളിച്ചു..
കയിലുള്ള കർച്ചീഫിൽ അവൻ മുഖം അമർത്തി തുടച്ചു കൊണ്ട് പരവേശം മറച്ചു..
ആദി ക്രൂരമായി ചിരിച്ചു കൊണ്ടവനെ നോക്കി തലയാട്ടി..അവന്റെ കണ്ണുകൾ വീണ്ടും നീതുവിന് നേരെ തിരിഞ്ഞു.പ്രിയയപ്പോൾ ഇന്ദുവിനോടും നീതുവിനോടും യാത്ര പറഞ്ഞു തിരിയുകയാണ്.. ആദിയപ്പോഴും വല്ലാത്തൊരു ചിരിയോടെ രാജീവിനെ നോക്കി നിൽക്കുകയാണ്.”പ്രിയേ….”ഇന്ദു അൽപ്പം ഉറക്കെ വിളിക്കുമ്പോൾ തിരിഞ്ഞു നടന്നിരുന്ന പ്രിയ തിരിഞ്ഞ് നോക്കി..എനിക്കൊരാഗ്രഹമുണ്ട്…”
ഇന്ദു അവളുടെ അരികിലേക്ക് വന്നിട്ടൊരു ചിരിയോടെ പറഞ്ഞു..”മ്മ്.. പറഞ്ഞോ.. ഇന്ന് നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ.. ഞാനെന്തും ചെയ്യും “പ്രിയ സ്നേഹത്തോടെ തന്നെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“ഉറപ്പാണല്ലോ…?”ഇന്ദു കുറുമ്പോടെ ചോദിക്കുന്നത് കേട്ടതും പ്രിയയുടെ നെറ്റി ചുളിഞ്ഞു..”മ്മ്.. ഉറപ്പാണ്. എന്നെ ബുദ്ധിമുട്ടിക്കുന്ന ഒന്നും നീ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്..പ്രിയ ചിരിയോടെ പറഞ്ഞു കേട്ടതും ഇന്ദുവിന്റെ മിഴികൾ തിളങ്ങി..
“എങ്കിൽ.. നിന്റെ കൃഷ്ണ സ്തുതി കേട്ട് കൊണ്ടെനിക്കെന്റെ ജീവിതത്തിലെ ഈ മനോഹരനിമിഷം ധന്യമാക്കണമെന്നൊരാഗ്രഹം….”
ഇന്ദു പറഞ്ഞു കേട്ടതും പ്രിയയുടെ കണ്ണുകൾ മിഴിഞ്ഞു..താഴെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ജനകൂട്ടത്തെ അവൾ ഭയത്തോടെ നോക്കി..”അയ്യോ.. ഇപ്പഴോ..?”
പ്രിയ വേവലാതിയൊടെ ഇന്ദുവിനെ നോക്കി.”ഇപ്പൊ തന്നെ..”ഇന്ദു ഉറപ്പോടെ പറഞ്ഞു”ഇന്ദു.. നീയെന്നെ ബുദ്ധിമുട്ടിക്കല്ലെടി.. പ്ലീസ്.. ഇത്രയും ആളുകൾ…”
പ്രിയ ദയനീയമായി പറഞ്ഞു.
“സാക്ഷാൽ ഭഗവാന്റെ സന്നിധിയിൽ… ആ ഭക്തിയോടെ പാടി തൃപ്തിപ്പെടുത്തുന്ന നിനക്കാണോ കൃഷ്ണ പ്രിയ ഈ ആൾക്കൂട്ടത്തിനെ ഭയം…”
ഇന്ദുവിന്റെ വാക്കുകൾ..പ്രിയ ശ്വാസമെടുത്തു.
അവൾ ആദിയെ നോക്കി.എന്തെന്ന് അവൻ പുരികം പൊക്കി ചോദിക്കുന്നുണ്ട്…ഒന്നുമില്ലെന്ന് അവൾ തലയാട്ടി..എന്റെ.. എന്റെ വളരെ കാലത്തെ ആഗ്രഹമാണ് പ്രിയേ ഞാനിപ്പോ നിന്നോട് പറഞ്ഞത്. സാധിപ്പിച്ചു തരുമെങ്കിൽ എന്റെ ജീവിതത്തിൽ ഇനിയങ്ങോട്ട് അതൊരു ഐശ്വര്യം തന്നെയാവും.. നിന്റെ വരികൾ കൊണ്ടത് നൽകി നീ എന്നെ അനുഗ്രഹിക്കില്ലേ..”
അപേക്ഷപോലെയാണ് ഇന്ദുവത് ചോദിക്കുന്നത്.. പ്രിയ ധർമ്മസങ്കടത്തിൽ പെട്ടു പോയി..ഒടുവിൽ ചെയ്യാമെന്ന് വാക്ക് പറയുമ്പോൾ ഇന്ദുവിന്റെ മുഖം പൂനിലാവ് പോലെ തിളങ്ങി.ആഹ്ലാദത്തോടെ അവൾ പ്രിയയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് നേരെ അവിടെ പാടാൻ വന്നവരുടെ അരികിലേക്ക് ചെല്ലുന്നതും എന്തോ പറയുന്നതുമെല്ലാം ആദിക്കൊപ്പം രാജീവും നോക്കി നോക്കുന്നുണ്ട്.എന്താണെന്ന് അവർക്കാർക്കും മനസ്സിലായിലെങ്കിലും… അടിപൊളി പാട്ടുകളുടെ ആരവം നിൽക്കുന്നതും പകരമാവിടെ അതി മനോഹരമായൊരു ശ്രുതി നിറയുന്നതും ആളുകളെല്ലാം ആകാംഷയോടെ സ്റ്റേജിലേക്ക് നോക്കി നിൽക്കെ.. ഇന്ദു പ്രിയയുടെ കയിലെക്കൊരു മൈക് വെച്ച് കൊടുത്തു..
ആദിയുടെ ഹൃദയമിടിപ്പാ താളത്തിനൊപ്പം വല്ലാതെ പിടയുന്നുണ്ടായുന്നു.അവന്റെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു തുടങ്ങി…കൃഷ്ണ.. കൃഷ്ണ മുകുന്ദ ജനാർദ്ധനനാ…കൃഷ്ണ ഗോവിന്ദ നാരായണ ഹരേ..അച്യുതാനന്ത.. ഗോവിന്ദ മാർഗവേ…
സച്ചിധാനന്ദ…. നാരായണ ഹരേ….”അവനെ ഒന്ന് കൂടി നോക്കി അതിമനോഹരമായി അന്നത്തെ അതേ ഗാനം.. പ്രിയ ആലപിക്കുമ്പോൾ അവനൊപ്പം ആ വലിയ സദസ്സ് കൂടി ശ്വാസം പിടിച്ചു നിന്നിരുന്നു…
തുടരും….
ഓടി പിടച്ചു കൊണ്ടെഴുതിയതാണ്.. എനിക്കറിയില്ല എത്രത്തോളം നന്നായിട്ടുണ്ടെന്ന്….നിങ്ങളൊരുപാട് കാത്തിരുന്ന നിമിഷമാണെന്നറിയാം ഇത്..
അത്രത്തോളം എത്തിയോ?കൃഷ്ണ സ്തുതി പാടിക്കെന്ന് പലപ്പോഴും നിങ്ങൾ പറഞ്ഞപ്പോഴും അതിനായി.. ഇത് പോലൊരവസരം കാത്ത് വെച്ചിട്ടായിരുന്നു ഞാൻ കാത്തിരിക്കാൻ പറഞ്ഞത്…
ഹാപ്പിയല്ലേ..?എങ്ങിലാ സന്തോഷം.. വരികളായി എഴുതു… ഞാനിവിടെ കാത്തിരിപ്പാണ്..
കഥ കാത്തിരുന്നു മുഷിഞ്ഞു എന്ന് നിങ്ങൾ പറയാറില്ലേ… ഇന്നത്തെ എന്റെ കാത്തിരിപ്പിന് നിങ്ങളുടെ മനസ്സാണ്…
സ്നേഹത്തോടെ jiff

by