22/04/2026

താലി : ഭാഗം 20

രചന :ആയിഷ അക്ബർ

ഞാൻ ശെരിക്കും പേടിച്ചു ചന്ദ്രേ……
അയാൾ കൃഷ്ണയെ കൂട്ടി കൊണ്ട് പോകുമോയെന്ന്…ഞാൻ കണ്ട സ്വപ്‌നങ്ങൾ ഫലിക്കുമോയെന്ന്…..കൃത്യ സമയത്ത് അവൻ വന്നത് നന്നായി…….നന്ദിനി നിറഞ്ഞു വന്ന ആശ്വാസത്തോടെയാണത് പറഞ്ഞത്……അവൻ വന്നതല്ല…. ഞാൻ അവനെ വിളിച്ചു വരുത്തിയതാണ് ഏട്ടത്തി….അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്…..
ചന്ദ്ര അത് പറയുമ്പോൾ നന്ദിനി നന്ദിയോടെ യാണ് അവരെ നോക്കിയത്.. .

അതേതായാലും നന്നായി…. എനിക്കപ്പൊ അങ്ങനെയൊന്നും തോന്നിയില്ല……നന്ദിനി സ്വായം പഴിച്ചു മാറി നിന്നു…..എന്തായാലും ഇവിടം വരെ കാര്യങ്ങളെത്തിയ സ്ഥിതിക്ക് ഇനി പാതിക്ക് വെച്ച് മുറിയാതിരിക്കാൻ ശ്രമിക്കേണ്ടത് നമ്മൾ തന്നെയാണ്…….ഇന്ന് തന്നെ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങണം……നന്ദിനി അതും കൂടെ പറഞ്ഞതും ചന്ദ്ര യുടെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചേച്ചി വാ…… അവിടെ ഉമ്മറത്തേക്ക് വിളിക്കുന്നുണ്ട്……കൃഷ്ണ പുറത്തേക്കിറങ്ങാതെ ആ മുറിയിൽ തന്നെയിരുന്നപ്പോഴാണ് സ്വാതി വന്നവളെ വിളിച്ചത്….ആരുടേയും മുഖത്ത് നോക്കാൻ വയ്യ……നേരത്തെ നടന്ന സംഭവം എല്ലാവരിലും ഒരു പ്രയാസം ഉണ്ടാക്കിയിട്ടുണ്ടാവില്ലേ…..അതും പോരാന്നിട്ട് താനെങ്ങനെ അവന്റെ മുഖത്ത് നോക്കുമെന്നത് അവളെ ആശങ്കയിലാഴ്ത്തി…….ഞാൻ….ഞൻ വരണമെന്ന് നിർബന്ധമുണ്ടോ…..കൃഷ്ണ പതിയെ അത് ചോദിച്ചപ്പോഴേക്കും സ്വാതി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നിരുന്നു…….

കൃഷ്ണ യാന്ത്രികമായി അവൾക്ക് പിറകെ നടന്നു ……ആ നീളൻ കോലായിലെത്തിയപ്പോഴേ വിരിച്ചിട്ട തുണികൾക്കിടയിലിരിക്കുന്ന നന്ദിനിയെയും ചന്ദ്ര യെയും കണ്ടതും അവളൊന്നു നിന്നു…….
നിറമുള്ള പല തുണിത്തരങ്ങൾ അവർക്ക് ചുറ്റിലുമുണ്ട്……മോളെന്താ മാറി നിന്ന് കളഞ്ഞത്…..എല്ലാം നിനക്ക് വേണ്ടി യാണ്…..
ഇഷ്ടമുള്ളതേതെന്ന് വെച്ചാലെടുത്തോ……ഒരു മൂലയിലേക്കൊതുങ്ങി നിന്ന കൃഷ്ണയെ നോക്കി ചന്ദ്ര സ്നേഹത്തോടെ അത് പറഞ്ഞതും അവൾക്ക് നെഞ്ചിനുള്ളിൽ വല്ലാത്തൊരു പിടപ്പ് തോന്നി…….

ഈ വസ്ത്രണങ്ങളെല്ലാം നിരന്നിരിക്കുന്നത് തനിക്ക് വേണ്ടിയാണെന്നല്ലേ അവര് പറഞ്ഞത്……അവൾ ഇട്ടിരുന്ന ആ പഴയ ശാളിന്റെ അറ്റം കൈ കൊണ്ടൊന്നു കൂട്ടി പിടിച്ചു……അമ്മയും അച്ഛനും ഉള്ള സമയത്തായിരുന്നു പുതിയ ഡ്രസ്സുകളോടും ആഭരണങ്ങളോടുമൊക്കെ ആഗ്രഹമുണ്ടായായിരുന്നത്….ഓരോ കുട്ടികളുടെ അടുത്ത് കാണുമ്പോൾ അത് പോലത്തെ വേണമെന്ന് പറയുമായിരുന്നു…..അച്ഛന്റെ കയ്യിലുള്ളതിനനുസരിച്ചു അച്ഛൻ വാങ്ങി തരുന്നതിനു തന്റെയുള്ളിൽ അടങ്ങാത്ത മൂല്യ മുണ്ടായിരുന്നു….എന്നാൽ അച്ഛനും അമ്മയും പോയ അന്ന് മുതൽ തന്റെ കണ്ണുകളിലെ നിറം മങ്ങി…….പകരം നിറഞ്ഞൊരിരുട്ടാണ്….

ഒന്നിനോടും ആഗ്രഹം തോന്നാത്ത വിധം ജീവിതം തന്നെയങ്ങനെആക്കിപിടിച്ചു…..സ്വസ്ഥമായൊന്നുറങ്ങാൻ മാത്രം ആഗ്രഹിച്ചിരുന്നുള്ളു….ആ ആഗ്രഹത്തിന്റെ പുറത്താണ് താനിന്നിവിടെ നിൽക്കുന്നതും…..ഈ വിവാഹത്തോടെ നിന്റെ ജീവിതം തന്നെ മാറുമെന്ന് അമ്മായി ശരണ്യേചിയോട് പറഞ്ഞു കേട്ടിട്ടുണ്ട്….ഇതൊക്കെ തന്നെയാവും അവര് സ്വപ്നം കണ്ടത്….എന്നാൽ അവരുടെയെല്ലാം സ്വപ്നങ്ങളിൽ കുരുങ്ങി പോയത് താനും…..ഒരിക്കലും പ്രതീക്ഷിക്കാതെ….
ഒട്ടും ആഗ്രഹിക്കാതെ……

അവളുടെ മനസ്സിൽ ഒരു തരം നിർവികാരത തളം കെട്ടി നിന്നു……മോൾക്കീ ചുരിദാറിഷ്ടപ്പെട്ടോ….
ചന്ദ്ര അവൾക്ക് നേരെ ഒരു ചുരിദാറുയർത്തി പിടിച്ചു കൊണ്ട് ചോദിക്കുമ്പോഴും അപ്പുറത് ഗൗരവത്തോടെ തുണികളെല്ലാം എടുത്ത് നോക്കുന്ന നന്ദിനി അവളിലൊരു പ്രയാസമുണ്ടാക്കി…….തന്റെ മുഖത്തേക്കവർ നോക്കുന്നില്ലെന്ന പോലിരിക്കുകയാണ്……കളറോ ചുരിദാറോ ഒന്നും നോക്കിയില്ലെങ്കിൽ കൂടി ഇഷ്ടപ്പെട്ടെന്ന മട്ടിൽ കൃഷ്ണ ചന്ദ്രക്ക് നേരെ പതിയെ യൊന്നു തല കുലുക്കി…….എങ്കി മോളിങ് വാ..

ചന്ദ്ര അവളുടെ കൈ പിടിച്ചു അവർക്കടുതിരുത്തി ഓരോന്നും അവളുടെ മുമ്പിലേക്കിട്ട് കൊടുത്തു….
ചേച്ചി… ഇത് നോക്കിയേ….ഇത് കൊള്ളാം….
ശ്വേതയും സ്വാതിയും ചുറ്റുമിരുന്നു പറയുന്നുണ്ടെങ്കിലും ഒന്നിലേക്കും അവളുടെ മനസ്സ് നീങ്ങിയില്ല…..
അവൾക്കൊരു സൗര്യം കൊടുക്ക് നിങ്ങൾ….
മോളെ….. കൃഷ്ണാ…. നിനക്കേതാണ് ഇഷ്ടമെങ്കിൽ അത് നീയെടുത്തോ…..
ഒട്ടും മടിക്കേണ്ട…..അപ്പുറത്തായുള്ള ചാരു കസേരയിലേക്ക് വന്നിരുന്നു കൊണ്ട് മുത്തശ്ശി അത് പറയുമ്പോൾ അവൾ അവർക്ക് നേരെയൊന്ന് പുഞ്ചിരിച്ചു…….

തന്നെ സംബന്ധിച്ച് നിറമുള്ള വസ്ത്രങ്ങളെക്കാൾ സ്നേഹം ചാലിച്ച വാക്കുകളാണ് സന്തോഷം നൽകുന്നത്……ഒരു പേര കുട്ടിയോടുള്ള വാത്സല്യം ആ കണ്ണുകളിൽ തെളിയുമ്പോഴും താനല്ല അതിന്റെ യഥാർത്ഥ അവകാശിയെന്ന് അറിവുള്ളത് കൊണ്ട് തന്നെ അവൾ മുഖം കുനിച്ചു……ഇതിലേതാ ഏട്ടത്തി നാളെ ഉടുക്കാനുള്ള സാരി……അതിടുന്ന ആള് തന്നെ പറഞ്ഞോട്ടെ…..ചന്ദ്ര നന്ദിനിയോടത് ചോദിച്ചതും നന്ദിനി ഗൗരവത്തിൽ തന്നെയത് പറഞ്ഞു നിർത്തിയെങ്കിലും അതിൽ തന്നെ ഒന്ന് പരിഗണിച്ചു എന്നത് കൃഷ്ണക്ക് ഒരാശ്വാസം നൽകിയിരുന്നു…

എങ്കിലും തിരഞ്ഞെടുക്കാൻ തന്നോട് പറഞ്ഞത് കല്യാണ പുടവയാണ്…..തന്റെ മനസ് നിറഞ്ഞ സന്തോഷത്തോടെ തിരഞെടുക്കേണ്ട ഒന്ന്….
പക്ഷേ….. അത് തനിക്ക് വെറുമൊരു കാഴ്ച വസ്തു മാത്രമല്ലേ…..മനസ്സ് വല്ലാത്തൊരു പ്രയാസത്തെ പേറി….നോക്ക് മോളെ…..ഇതിൽ ഏതാ ഇഷ്ടമായെന്ന് വെച്ചാൽ പറഞ്ഞോ…..
ചന്ദ്ര മൂന്ന് സാരികൾ അവൾക്ക് മുമ്പിൽ വെച്ചു….
ഒരു ഓറഞ്ച് കളർ സാരിയും പിന്നേ കടും റോസ് നിറത്തിലുള്ള ഒന്നും ചുവപ്പ് നിറത്തിലുള്ള ഒന്നും…..മൂന്നും ഒന്നിനൊന്നു ഭംഗിയിൽ തെളിഞ്ഞു കാണുന്നുണ്ടയായിരുന്നു….

മൂന്നിലും ഗോൾഡൻ സ്റ്റോൺ വർക്കുകളും ത്രെഡ് വർക്കുകളും അതിന്റെ മൂല്യത്തേ എടുത്ത് കാണിക്കും പോലെ…. അവൾക്കെന്ത് പറയണമെന്നറിയാതെ അങ്ങനെ നിന്നു…..ഇത്രയും ഭംഗിയുള്ളതോ വില കൂടിയതൊ ഒന്നും തന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാത്തത് കൊണ്ട് തന്നെ പെട്ടെന്നേത് വേണമെന്ന് ചോദിക്കുമ്പോൾ ഉത്തരം പറയാൻ ഏറെ കഷ്ടമായിരുന്നവൾക്ക് ….അവളൊന്നും മിണ്ടാതെ അങ്ങനെ നിൽക്കുമ്പോഴാണ് കാർത്തി യങ്ങോട്ട് വരുന്നത് …. ഏട്ടാ നോക്കിയേ….. ഇതിലേതാ ഞാൻ നാളെ ഇടുക ……ഒരു മസ്റ്റാർഡ് കളറും ഡാർക്ക്‌ റെഡും നിറത്തിലുള്ള രണ്ട് ചുരിദാറുകൾ അവനു നേരെ ഉയർത്തി പ്പിടിച് ശ്വേത അത് ചോദിച്ചതും കാർതിയൊന്ന് നിന്നു……

ലെഫ്റ്റ് വൺ…..അവനത് പറഞ്ഞതും ഇടത്തെ കയ്യിലുള്ള മസ്റ്റാർഡ് കളറിലേക്ക് ശ്വേതയോന്ന് നോക്കി….അതെന്താ ഏട്ടാ…. നിനക്കെപ്പോഴും റെഡ് ആണല്ലോ ഇഷ്ടം…..അവളത് ചോദിക്കുന്നത് കേൾക്കാത്ത വിധം അപ്പോഴാണ് അവന്റെ കണ്ണുകളിൽ കൃഷ്ണ പതിഞ്ഞത്……നാല് പാടും വിരിച്ചിട്ട തുണികൾക്ക് നടുവിൽ പഴകിയ ചുരിദാറിട്ടിരിക്കുന്ന അവളെ കാൺകെ അവനു വല്ലാത്ത അലിവ് തോന്നിയിരുന്നു……അവന്റെ നോട്ടം അറിഞ്ഞെന്ന വണ്ണം അവളും ഒന്ന് മിഴികളുയർത്തി…..അവർക്കിടയിലിരിക്കുന്നതിന്റെ എല്ലാ ആശങ്കകളും ആ കണ്ണുകളിൽ തെളിഞ്ഞു കണ്ടത് കൊണ്ട് തന്നെ അവൻ അവിടെയുള്ള ആ തൂണിലേക്ക് ചാരി നിന്നു……

പറ മോളെ…. ഇതിലേതാ നിനക്കിഷ്ടമായത്……
ചന്ദ്ര വീണ്ടും അത് ചോദിച്ചപ്പോഴാണ് അവൾക്ക് മുമ്പിൽ നിരത്തിയ ആ സാരികളിലേക്കവന്റെ മിഴികൾ നീങ്ങിയത്……ഒരു പെണ്ണിന് അത്രയേറെ സന്തോഷം നൽകുന്ന ഒന്നാണ് ആ സാരി എന്നത് അറിയുന്നത് കൊണ്ട് തന്നെയാവും അവളോട് തിരഞ്ഞെടുക്കാൻ പറഞ്ഞത്…..പക്ഷെ…… അതിന്റെ യഥാർത്ഥ മൂല്യം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലല്ലേ അവൾ…..താൻ മനസിൽ വിചാരിച്ചത് പോലെ വിവാഹമെന്ന ബാധ്യത തീരാൻ പേരിനൊരു ഭാര്യ യേ കിട്ടി….അതാണല്ലോ ആദ്യമായി അവളെ കണ്ടപ്പോൾ താൻ പറഞ്ഞതും..
പക്ഷെ…. അവളങ്ങനെയല്ലല്ലോ…. നിവൃത്തി കേട് ഒന്ന് കൊണ്ട് മാത്രമല്ലെ നിശബ്ദയായിരിക്കുന്നത്..

അവനു വല്ലാത്ത കുറ്റ ബോധം തോന്നിയിരുന്നു….
അവനവളുടെ മുഖത്തേക്കൊന്ന് കൂടി നോക്കി…..
വിടർന്നു നിൽക്കുന്ന ആ കണ്ണുകളിൽ മറച്ചു വെച്ചൊരു സാഗരമുണ്ടെന്ന് അവനറിയാമായിരുന്നു …പക്ഷെ…… ഒരു കാര്യമുണ്ട്…..ഇന്ന് അവളുടെ കഴുത്തിൽ താൻ താലി കെട്ടുന്നത് അവൾക്ക് വേണ്ടി മാത്രമാണ്….അവളുടെ സുരക്ഷ മുമ്പിൽ വെച്ചു കൊണ്ട് മാത്രമാണ്……തന്നെ കുറിച് താനോർക്കുന്നത് പോലുമില്ല……
അവളെന്നതാണ് ഇപ്പോഴത്തെ തന്റെ ആദ്യത്തെ കാര്യം…..മനസ്സാക്ഷി അതും പറഞ്ഞവനെ സമാധാനിപ്പിക്കുമ്പോൾ അവനൊന്നു നെടു വീർപ്പിട്ടു…..

പറ മോളെ….. ഇതിലേതാ മോൾക്കിഷ്ടപ്പെട്ടത്….
ദേ…. ആ ചുവപ്പ് മതി ചെറിയമ്മേ….ചന്ദ്ര വീണ്ടുമവളോടത് ചോദിക്കുമ്പോഴും അവളതേ പ്രയാസത്തോടെ ഇരിക്കുന്നത് കണ്ടപ്പോഴാണ് കാർത്തി പെട്ടെന്ന് അവർക്കിടയിൽ കയറിയത് പറഞ്ഞത്…..തല കുനിച്ചിരിക്കുന്ന നന്ദിനിയടക്കം എല്ലാവരും ഒരു നിമിഷം അവനെ നോക്കി……
നാളെയിടാനല്ലേ….ആ ചുവപ്പ് മതി……..
അവൻ എല്ലാവരുടെയും അത്ഭുതത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് വളരെ ലാഖവത്തോടെ വീണ്ടും പറഞ്ഞു……ഓഹ്…. നിന്റെ പെണ്ണിന് നീ നിന്റെ ഫേവറൈറ്റ് കളറെടുത് എനിക്ക് മസ്റ്റാർഡ് കളർ സജ്ജെസ്റ് ചെയ്തു അല്ലെ……..യു ചേഞ്ജ്ഡ് എലോട് ഏട്ടാ…..

ശ്വേത അവനു നേരെ മുഖം കൂർപ്പിച്ചു കൊണ്ടത് പറഞ്ഞതും അവന്റെ അദരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..അത് കൊണ്ടല്ലെടി….. എന്റെ ഫേവറൈറ്റ് അല്ല ഞാൻ നിനക്ക് സജ്ജസ്റ്റ് ചെയ്തത്. …. നിനക്ക് ചേരുന്നതാണ്…….
അവൾക്കങ്ങനെയല്ലല്ലോ…അവള് സുന്ദരിയല്ലേ….. ഏത് കളറും ചേരും……അവൻ ശ്വേതയെ ചൊടിപ്പിക്കാണെന്ന വണ്ണം ഒരു ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ കാലിന്റെ പെരു വിരലിൽ നിന്നെന്തോ ഒന്ന് മുകളിലേക്ക് കയറിയത് പോലെ തോന്നി കൃഷ്ണക്ക്……അവൾ അവനു നേരെ മുഖമുയർത്തിയില്ല……നാണം കൊണ്ട് പൂത്തുലഞ്ഞത് പോലെ….

അവന്റെ വാക്കുകൾ കേട്ടിരുന്ന ചന്ദ്ര യിലും മുത്തശ്ശിയിലുമെല്ലാം ഒരു ചിരി പടർത്തി….നിറഞ്ഞു വന്നൊരു ചിരി അടക്കാൻ നന്ദിനിയും പാട് പെട്ടു……അപ്പോഴേക്കും ശ്വേത വന്നവന്റെ മുതുകിൽ കുത്തിയതും ചിരിയോടെ അവനൊന്നു നിലത്തേക്ക് താഴ്ന്നപ്പോഴാണ് കൃഷ്ണയുടെ ദേഹത്തൊന്നു തട്ടിയത്……പെട്ടെന്നു അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയതുംതല കുനിച്ചിരിക്കുന്ന അവൾ പതിയെ അവനിലേക്ക് മിഴികളൊന്നുയർത്തി….വിടർന്ന ആ പീലികൾ തന്റെ നേർക്ക് വന്നതും ഒരു നിമിഷം ആ മിഴികളിൽ അവൻ കുരുങ്ങി പോയത് പോലെ തോന്നിയിരുന്നവന്……

ശ്വേത നിലത്തായിരിക്കുന്ന അവന്റെ ദേഹത്തേക്ക് തല്ലുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നത് അവനൊരു കൈ കൊണ്ട് തടുക്കുമ്പോഴും മിഴികളെന്തോ അവളിൽ തന്നെ തറഞ്ഞു നിന്നത് പോലെ…….അവളുടെ മിഴികൾ ഒരു പിടപ്പോടെ അവനിൽ നിന്ന് തെന്നി നീങ്ങി……അപ്പോഴാണ് അവനും അവളിൽ നിന്ന് പുറത്ത് വന്നത്……..
അവനും ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് പോലെ……നിമിഷങ്ങൾ തങ്ങൾക്കിടയിൽ എന്തോ ഒരു വികാരത്തേ കൊണ്ട് വന്നു എന്ന് മനസ്സിലായതും അവനു വല്ലാത്തൊരു പ്രയാസം തോന്നി യിരുന്നു…..

അവൻ ഇരുന്നിടത് മുട്ട് കുത്തി നിന്നു….
കൂട്ടിയിട്ട വാസ്ത്രങ്ങളിൽ നിന്നും പല നിറത്തിലുള്ള ചുരിദാറുകൾ അവൻ തിരഞ്ഞെടുത്തു…….
ഇപ്പൊ തൽക്കാലം അവൾക്ക് ഇത്രയും മതി ചെറിയമ്മേ…..ഇനി വേണമെങ്കിൽ അപ്പൊ പിന്നേ വാങ്ങാം….അവനതും കൂടി പറയുമ്പോൾ പഴകിയ ആ തുണികളിൽ നിന്ന് അവളെ മോചിപ്പിക്കണമെന്ന അലിവ് മാത്രമേ ഉണ്ടാകാവു എന്ന താക്കീത് മനസ്സിന് നൽകുകയായിരുന്നു……അതേ….. തനിക്കവളോടുള്ളത് സഹതാപം മാത്രമാണ്….അവൻ മനസ്സിനെ വീണ്ടും ഓർമിപ്പിക്കുമ്പോഴും അവളിൽ താൻ ആഴ്ന്നിറങ്ങുമോയെന്ന ഭയം അവന്റെ ഹൃദയത്തെ പിടി കൂടിയിരുന്നു…..

അവൻ പതിയെ എഴുന്നേൽക്കുമ്പോഴാണ് ഫോണിന്റെ ഡിസ്പ്ലേ യിലെ വാൾപേപ്പർ ഒന്ന് തെളിഞ്ഞത് കൃഷ്ണ കണ്ടത്……അതിൽ രണ്ട് കൈകളാണ്….ഒരു കൈ തനിക്കേറെ പരിചയമുള്ളവന്റേതാണെങ്കിൽ മറ്റൊന്ന് ഒരു പെൺകുട്ടിയുടെ താണ്…..മേറിന്റേത് തന്നെയാവും….അവൾക്ക് നെഞ്ചിനുള്ളിൽ എന്തോ ഒന്ന് അടയുന്നത് പോലെ……നാളെ അവൻ തന്റെ ഭർത്താവാണെ ന്നോർക്കേ മനസ്സ് എന്തിനോ പിടക്കുന്നു…….അവന്റെ ഗന്ധം തന്നിൽ നിന്നകന്നു പോകും തോറും ഉള്ളിലെന്തോ ഒരു വിങ്ങൽ തോന്നി തുടങ്ങിയിരുന്നവൾക്ക്….ഇത് വരെയില്ലാത്ത എന്തോ ഒന്ന്…..

(തുടരും)