രചന : ജിഫ്ന നിസാർ ❣️
കയ്യിലുള്ള തുണിയെല്ലാം അലക്കാനിട്ട് തിരികെ നടക്കുമ്പോഴും പ്രിയയുടെ ഉള്ളിൽ ആദിയുടെ നോട്ടമായിരുന്നു.താൻ നോക്കുന്നത് കണ്ടയുടൻ നോട്ടം പിൻവലിച്ചുവെങ്കിലും അത് വരെയും തന്നെയും തന്റെ പ്രവർത്തികളെയും നോക്കിയിരിക്കുകയായിരുന്നു അവനെന്നുള്ളത് അവളെ പരവേശപ്പെടുത്തി.അവന്റെ നോട്ടം.. അത് പഴയ പോലെയല്ലെന്നുള്ളത് അവൾക്കുറപ്പായി.
തനിക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നൊരു ചിരിയോടെയാണാ നോട്ടം മുഴുവനും.
അത് തന്നെയാണ് അവളെ വെപ്രാളപ്പെടുത്തിയതും.
“ഇത് ഞാൻ എനിക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കിലോ “യെന്നൊരു ചോദ്യത്തോടെ അവന്റെ മാല നൽകിയതാണ്.പക്ഷേ… പക്ഷേ..
അവൾക്കാകെയൊരു വല്ലായ്മ..താനവനെ നോക്കുന്നത് പോലല്ല ഇത്..ആദിയപ്പോഴും മുറിയിൽ തന്നെയാണ്.മുത്തച്ഛൻ ഹോസ്പിറ്റലിൽ നിന്നും വന്നയുടനെ കുളിച്ചു ഭക്ഷണം കഴിച്ചു കയറി കിടന്നതാണ്.അതിന് മുന്നേ അദ്ദേഹത്തിന്റെ മുറിയെല്ലാം പ്രിയ ഒതുക്കി കൊടുത്തിരുന്നു.
രണ്ടു ദിവസത്തെ അലച്ചിലും ഉള്ളുലയിച്ച സങ്കടവുമെല്ലാം അവളെയും തളർത്തിയിരുന്നു.
ഭക്ഷണം കഴിഞ്ഞു മേൽ കഴുകി ആദിയുടെ മുറികൂടിയൊതുക്കി ഒന്നുറങ്ങണമെന്ന് കരുതിയിരുന്നു.പക്ഷേ ഇപ്പോൾ ആ ക്ഷീണമൊന്നുമില്ലാത്ത അവസ്ഥ..മുൻവശത്തെ ചാരിയിട്ട വാതിൽ തുറന്നു കൊണ്ടവൾ പുറത്തേക്കിറങ്ങി.വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു.വലതു വശത്തേക്ക് നടന്നു…
അവിടെയുള്ള വരാന്തയിലെ ചാരുബെഞ്ചിലേക്കിരുന്നു.ആ ഭാഗം മുഴുവനും വലിയ മരങ്ങളാണ്… നാനവിധത്തിലുമുള്ള കായ്കനികളുണ്ട്..
മുത്തച്ഛൻ കുറെയൊക്കെ അതിനുള്ളിലൂടെ കൊണ്ട് നടന്നു പരിചയപ്പെടുത്തിതന്നിരുന്നു.സുഖകരമായൊരു കാറ്റിന്റെ തലോടലുണ്ട്.ചുവരിലേക്ക് ചാരി കണ്ണടച്ചിരിക്കുമ്പോൾ പ്രിയയുടെ ഉള്ളിലേക്ക് വീണ്ടും നന്ദു കടന്നു വന്നു.അന്നാദ്യമായി അവളെ കാണുകയാണ്.ലക്ഷ്മി പറഞ്ഞറിയാം ഇങ്ങനൊരാളുണ്ടെന്ന്.പക്ഷേ… തമ്മിൽ കണ്ടത് അവളത്ര മാത്രം തകർന്ന് പോയൊരവസ്ഥയിലും.
നിർജീവമായ നന്ദുവിന്റെ കണ്ണുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു.ഒട്ടും പ്രതീക്ഷിക്കാതെ അച്ഛനെ നഷ്ടം വന്നപ്പോൾ കൂറ്റാകൂരിരുട്ടിൽ ഒറ്റക്കായത് പോലെ ഭയന്ന കൃഷ്ണപ്രിയയെ ഓർമ വന്നു.
തനിക്കമ്മയുണ്ടായിരുന്നു.കൂടപ്പിറപ്പുണ്ടായിരുന്നു.
എന്നിട്ടും മുന്നിലത്രയും നിറഞ്ഞു നിന്നത് ശൂന്യത മാത്രമായിരുന്നു.പകരമിനി ഒരായിരം ആളുകൾ വന്നു നിന്നാലും നിറയാത്ത കുറവായിരുന്നു.അപ്പോൾ പിന്നെ.. അച്ഛനും അമ്മയും തൊട്ടടുത്ത് നിന്നും നഷ്ടപെട്ട നന്ദു..അവളിതെങ്ങനെ സഹിക്കും ദൈവമേ..?പ്രിയ പിടഞ്ഞു കൊണ്ട് കണ്ണ് തുറന്നു.
മനസ്സിൽ അത് വരെയും തോന്നിയ മാസ്മരിക ഭാവങ്ങളില്ല.പകരം.. നന്ദുവിനെ കുറിച്ചുള്ള ആകുലതകൾ മാത്രം.താനന്ന് അച്ഛനെ ഓർക്കുമ്പോഴൊക്കെയും അലറി കരയുമായിരുന്നു.
ആര് ആശ്വാസിപ്പിച്ചാലും ഉള്ളിലെ സങ്കടം മാറുവോളം മനസ്സ് തുറന്നു കരയുമായിരുന്നു.അത്രയേറെ വേദനകളിലും അപമാനങ്ങളിലും ഒറ്റപ്പെടലുകളിലും മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകാഞ്ഞതും ഒരുപക്ഷേ അത് കൊണ്ടായിരിക്കും.കരച്ചിൽ പലപ്പോഴും നമ്മളെ കഴുകി ശുദ്ധമാക്കും.നന്ദുവിന്റെ കാര്യത്തിൽ അത് തന്നെയാണ് ഭയവും.ചിലപ്പോൾ കരച്ചിലുമൊരു മരുന്നാണ്.ഒരുപാട് സങ്കടങ്ങളെ പൊഴിയിച്ചു കളയുന്നൊരു മഴ പോലെ..അവൾ കരയുന്നില്ല…അല്ല.. അവൾ കരഞ്ഞിട്ടേയില്ല.
ചോദിക്കുന്നതിന് ഒരു മൂളലുണ്ട്.ഭക്ഷണം കഴിക്കുന്നുണ്ട്.. മരുന്ന് കൊടുക്കുന്നതും വാങ്ങി കുടിക്കുന്നുണ്ട്.പക്ഷേ.. പക്ഷേ അതങ്ങനെയല്ല.
ഭയപ്പെടുത്തുന്ന ഒരു ശൂന്യത അവളുടെ ഹൃദയത്തെ പിടിച്ചടക്കിയത് പോലെ..അവളൊന്നു സങ്കടം പങ്ക് വെച്ചിരുന്നുവെങ്കിലെന്നു ലക്ഷ്മിചേച്ചി പ്രിയയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞിരുന്നു.
എല്ലാവരുടെയും മനസ്സിൽ അതങ്ങനെ തന്നെയായിരുന്നു.നെടുവീർപ്പോടെ പ്രിയ അതേയിരുപ്പ് തുടർന്നു.ഒടുവിൽ മാഷ് വന്നു വിളിക്കുമ്പോഴാണ് അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റത്.”ആഹാ.. ഇവിടിരിപ്പാണോ..?”അവൾക്കരികിൽ വന്നിരുന്നു കൊണ്ട് മാഷ് ചോദിച്ചുപ്രിയ ചിരിയോടെ അദ്ദേഹത്തെ നോക്കി.”ഒന്നുറങ്ങികൂടായിരുന്നോ.. ഇന്നലെ മൊത്തം ഉറക്കമിളച്ചതല്ലേ..?മാഷവളെ വാത്സല്യത്തോടെ നോക്കി.
“എനിക്കുറക്കം വന്നില്ല മുത്തച്ഛ.. അതാ ”
പ്രിയ ആ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
നന്ദുനെ കുറിച്ചോർത്തു കാണും. ല്ലേ?”
മാഷെവളുടെ തലയിൽ തലോടി.”മ്മ്..”
പ്രിയ പതിയെ മൂളി.”ഓർത്തോർത്തു സങ്കടപ്പെടാം എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ..”
മാഷൊരു നെടുവീർപ്പോടെ പറഞ്ഞു.”അവൾക്ക് ലക്ഷ്മിയും അജുവും ഉള്ളടത്തോളം ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരില്ല..ബാലന്റെ വീട്ടിലെ തന്നെ കുട്ടിയാണ് അവളും.. പക്ഷേ.. ആരുണ്ടെങ്കിലും സ്വന്തം അച്ഛനെയും അമ്മയെയും പോലാവുമോ?”
മാഷ് പതിയെ പറയുന്നുണ്ട്.
“ഇല്ല… ഇല്ല മുത്തച്ഛ…. അത് മായൂല.. മറക്കൂല..ആ വേദന നന്ദു ജീവനോടെയുള്ളടത്തോളം കാലം അവൾക്കുള്ളിലുണ്ടാവും “പ്രിയ തലയുയർത്തി മാഷിനെയൊന്നു നോക്കിയിട്ട് പറഞ്ഞു.അവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ മാഷൊന്നും മിണ്ടിയില്ല.”ചായ.. വേണ്ടേ..?”
അൽപ്പം കഴിഞ്ഞ് പ്രിയ ചോദിച്ചു.”നീ അവിരുന്നോ.. കുറച്ചു കഴിഞ്ഞു മതി..”മാഷ് ചിരിയോടെ പറഞ്ഞു.
വീണ്ടും അവരെന്തോക്കെയോ പറഞ്ഞ് കൊണ്ടിരിക്കുന്നത്തിനിടയിലേക്കാണ് ആദിയിറങ്ങി വന്നത്.
ഉറക്കം കഴിഞ്ഞുള്ള വരവാണെന്ന് അവന്റെ മുഖം കണ്ടാലേ അറിയാം.”ഞാൻ.. ഞാൻ ചായയിട്ടടെ..”
അവനെ കണ്ടതോടെ പ്രിയ വേഗം എഴുന്നേറ്റു അകത്തേക്ക് വലിഞ്ഞു.അവളുടെ വെപ്രാളം മനസ്സിലായത് പോലെ ആദി ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവൾ പോയ വഴിയേ നോക്കി…
💞💞
രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കാൻ മാഷും കൂടി പ്രിയയെ സഹായിച്ചു.അവൾ പരത്തി കൊടുക്കുന്ന ചപ്പാത്തി മുഴുവനും ചുട്ടെടുത്തത് മാഷാണ്.മിണ്ടിയും പറഞ്ഞും അവർ അവരുടെ ജോലി ചെയ്യുന്നതിനിടയിലേക്കാണ് ആദി കയറി വന്നത്വൈകുന്നേരം ഡൗണിലൊന്നു പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞു പോയവനാണ്.
അവർക്കിടയിലേക്ക് ഇറങ്ങി വന്നെങ്കിലും അതോടെ മാഷിനോട് സംസാരിച്ചു നിന്നിരുന്ന പ്രിയക്കൊരു മൗനം.അത് മനസ്സിലാക്കിയ ആദി തിരികെ കയറി പോയി..
❣️❣️
രാജീവിന് എത്ര ആലോചിച്ചു നോക്കിയിട്ടും ഒരു സ്വസ്ത്ഥത കിട്ടുന്നില്ല. ആദിയുടെ ചോദ്യവും ഭാവവും അവനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.ദേവന്റെ കൂടെ താൻ കൂടി ചേർന്നിട്ടാണോ അവനെതിരെ അങ്ങനൊരു ചതി ചെയ്തതെന്ന് അവനെന്തോ മനസ്സിലായത് പോലെ…അതിന് ബലം കൂട്ടുന്നത് പോലെ തന്റെ നഷ്ടപ്പെട്ട ബ്രെസ്ലെറ്റ്..അതെവിടെ പോയാവോ…?അന്ന് നഷ്ടപെട്ടതാണോ അതിന് മുന്നേ നഷ്ടപ്പെട്ടതാണോയെന്ന് തീർച്ചയില്ല.എല്ലാം കൂടി ഓർത്തിട്ട് രാജീവിന് ഭ്രാന്ത് പിടിക്കുന്നത് പോലാണ് തോന്നിയത്.മൂന്നു ദിവസം മാത്രം ബാക്കിയുള്ള കല്യാണത്തെ കുറിച്ചൊന്നും അവന്റെ മനസ്സിൽ പോലുമില്ലാത്ത വിധം.. ആദിയുടെ മുഖം കൊളുത്തി വലിക്കുന്നു.
ദേവനോട് ചേർന്നിട്ട് അങ്ങനൊരു കാര്യം ചെയ്യേണ്ടായിരുന്നു എന്ന് പോലും തോന്നി പോയ നിമിഷം!ഇനി നമ്മൾ തമ്മിലൊരു ഇടപാടുമില്ലെന്ന് പറഞ്ഞു കൊണ്ടിറങ്ങി പോന്നതാണ് അയാൾക് മുന്നിൽ നിന്നും. പക്ഷേ തന്നെയിപ്പോൾ ഇതിൽ നിന്ന് രക്ഷിക്കാൻ ഇനി അയാൾക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് രാജീവിന് തോന്നി തുടങ്ങി..
നീതുവിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ.. ഇന്ദുവിന്റെ കല്യാണം കൂടി നടക്കേണ്ടതുണ്ട്.
ഇത് പോലൊരു ചതിക്ക് കൂട്ട് നിന്നവനാണെന്നറിഞ്ഞാൽ…രാജീവ് ആ ഓർമയിൽ തന്നെ വിറച്ചു പോയിരുന്നു..
💞💞
കറി കൂടിയുണ്ടാക്കി അടുക്കളയൊതുക്കി പ്രിയ ഹാളിലേക്ക് ചെന്നു.മാഷ് പതിവുപോലെ ബാലൻ മാഷിനൊപ്പം പോയിരുന്നു.ആദിയെ തിരിഞ്ഞു കൊണ്ടവൾ മുറിയിലെത്തി നോക്കി.പക്ഷേ അവനവിടെയില്ലായിരുന്നു.പുറത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടതും അവളെങ്ങോട്ട് ചെന്നു.
അവിടുണ്ട്.. തൂണിൽ ചാരി കാൽ നീട്ടി വിറപ്പിച്ചു കൊണ്ട്ഫോണിൽനോക്കിയിരിക്കുന്നു.സഞ്ജുവിനെയൊന്നു വിളിച്ചു നോക്കാൻ പറയാൻ വന്നതായിരുന്നു..അവളുടെ കയ്യിൽ അവന്റെ നമ്പറില്ല.പക്ഷേ അവന്റെയിരുപ്പ് കണ്ടപ്പോൾ അവൾക്കത് പറയാൻ തോന്നിയില്ല.
മാഷ് വന്നിട്ട് വിളിച്ചു നോക്കാമെന്ന് കരുതി കൊണ്ടവൾ തിരിഞ്ഞു നടന്നു..കൃഷ്ണ…. ”
പിന്നിൽ നിന്നും പിടിച്ചു നിർത്തുന്നത് പോലെ ആദിയുടെ വിളി..സ്കൂളിൽ ഹാജറെടുക്കുന്നത് പോലെ കൃഷ്ണ പ്രിയാ ന്ന് നീട്ടി വിളിക്കുന്നവന് അന്നെന്ത് പറ്റിയെന്നുള്ള ആശ്ചര്യത്തോടെ തന്നെയാണ് പ്രിയ തിരിഞ്ഞതും.പറയാൻ വന്നത് പറഞ്ഞിട്ട് പോ..”ഫോണിൽ തന്നെയാണ് നോട്ടം.
പിന്നെങ്ങനെ താൻ വന്നു നിൽക്കുന്നതറിഞ്ഞാവോ?
“പറയെടോ..”അത് പറയുമ്പോൾ അവൾക്ക് നേരെയാണ് നോട്ടം.
“സഞ്ജു… സഞ്ജുവിനെയൊന്നു വിളിച്ചു നോക്കുവോ.. എന്റെ കയ്യിൽ നമ്പറില്ല.. അവിടെ.. അവിടെയാരും ഇല്ലല്ലോ.. അവന് കൂടിയുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട് ഞാൻ. വന്നു കഴിച്ചിട്ട് പോവാൻ പറയാൻ..”പ്രിയ അവനെ നോക്കാതെ ഒറ്റ ശ്വാസത്തിലാണ് പറയുന്നത്.ആദി ചിരി കടിച്ചു പിടിച്ചു കൊണ്ടവളെ നോക്കി.”അവൻ നിന്റെ ആരാന്നാ പറഞ്ഞേ…? ചിരിയോടെ ആദി പ്രിയയെ നോക്കി.
പ്രിയ കണ്ണ് ചുരുക്കി കൊണ്ടവളെ നോക്കി.”പറ…”
ആദിവീണ്ടുംആവിശ്യപ്പെട്ടു.”എനിക്ക്…എനിക്കില്ലാതെ പോയ എന്റെ സഹോദരൻ…”
ഉറപ്പോടെ പറയണമെന്നുണ്ടായിരുന്നു പ്രിയക്ക്. പക്ഷേ അവന്റെയാ നോട്ടം.. ചിരി..അതിന് മുന്നിൽ പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ അവൾ പതറി.”എന്നിട്ടും ആങ്ങളയുടെ നമ്പറില്ലേ.. കഷ്ടം..”ആദി മനഃപൂർവം കളിയാക്കി പറയുകയാണെന്ന് മനസ്സിലായതും അവളുടെ മുഖം കൂർത്തു.”അത്.. അതെന്റെ കയ്യിൽ ഫോണില്ലാത്തത് കൊണ്ടല്ലേ..?”പ്രിയ ചൊടിയോടെ ആദിയെ നോക്കി.”ആണോ..?”അവന് വീണ്ടും കള്ളത്തരം.ദൈവമേ.. ഇതെന്താണിപ്പോ ഇങ്ങനെ..
വിളിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞ മതി”
അവൾ അവിടെ നിന്നും രക്ഷപെട്ടു പോകാനുള്ള ധൃതിയിൽ തിരിഞ്ഞു.
“ഹാ.. പോവല്ലേ.. നിക്ക് കൃഷ്ണ .”വീണ്ടും അതേ വിളി..പ്രിയക്കെന്തോ പോലെ തോന്നി.ആദി താഴെ നിന്നും എഴുന്നേറ്റു കൊണ്ടവളുടെ അരികിലെത്തി.
“നിന്റെ ആങ്ങളയെ വിളിച്ചു തരില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ?”ആദി പ്രിയയെ സൂക്ഷിച്ചു നോക്കി.
“എന്നാ… എന്നാ പിന്നെ വിളിച്ചു തന്നാ പോരെ…”
ആദിയുടെ നേരെ നോക്കാതെ പ്രിയ പതിയെ പറഞ്ഞു.”അവനെ ഞാൻ ഇത്തിരി മുന്നേ വിളിച്ചിരുന്നു. ഫോൺ എടുക്കുന്നില്ല..”ആദി സഞ്ജുവിന്റെ ഫോണിലേക്ക് ഒന്ന് കൂടി വിളിക്കുന്നതിനിടയിൽ തന്നെ പറഞ്ഞു.
“ഇതിപ്പോ നിനക്ക് വേണ്ടി വിളിക്കുന്നതാ..”
ഫോൺ സ്പീക്കറിലിട്ട് കൊണ്ട് ആദി പ്രിയയെ നോക്കി.അവൾ പക്ഷേ നെഞ്ചിടിപ്പോടെ ആ ഫോൺ ബെല്ലടിയാണ് ശ്രദ്ധിക്കുന്നത്.ഇല്ല… മുഴുവനും അടിച്ചു തീർന്നിട്ടും മറുവശം സഞ്ജുവിന്റെ ശബ്ദം കേൾക്കുന്നില്ല.”യ്യോ.. എന്താവോ എടുക്കാഞ്ഞത്?”
പ്രിയഭയത്തോടെആദിയെനോക്കി.”എനിക്കറിയില്ലടോ.. ഞാനിപ്പോ രണ്ടു മൂന്നു തവണയായി ശ്രമിക്കുന്നു.”
ആദി നെടുവീർപ്പോടെ പറഞ്ഞു.”വീട്ടിലെത്തി കാണുവോയിനി?”പ്രിയ ആദിയെ നോക്കി.”അതുമറിയില്ല..”ആദി അവളെ നോക്കി.
“പിന്നെന്ത് കുന്തമാണ് നിങ്ങക്കറിയുന്നത്.ഒന്നും അറിയില്ല അറിയില്ലാന്നു പറഞ്ഞു കൊണ്ടിവിടെയിരുന്നത് കൊണ്ടായോ.. അവനൊറ്റക്കാ.. ആ വീട്ടിൽ പോലും ആരുമില്ല.അതും അത്രേം സങ്കടം സഹിച്ചു കൊണ്ട്.. അറിയില്ലഅറിയില്ലാന്നുംപറഞ്ഞുകൊണ്ടിവിടെയിരിക്കാണോ.. പോയെന്നു നോക്കാതെ..”പൊടുന്നനെ പ്രിയ ഒച്ചയിട്ടതും ആദി ഞെട്ടി പോയിരുന്നു.”അവൻ എന്റെയാങ്ങളയാവും മുന്നേ ആധിയേട്ടന്റെ കൂട്ടുകാരാനല്ലേ. നിങ്ങളൊരു പ്രശ്നത്തിൽ പെട്ട് നിൽക്കുമ്പോൾ അവനിങ്ങനാണോ നിങ്ങളോട് പെരുമാറുന്നത്. അല്ല.. എനിക്കറിയാം.. നിങ്ങളെന്തോരു മനുഷ്യനാ ആദിയേട്ടാ… അവനത്രേം തകർന്ന് നിൽക്കുന്നത് കണ്ടിട്ടും എവിടെ പോയെന്ന് അന്വേഷിച്ചു നോക്കാതെ..എങ്ങനെ ഇത്രേം മനസാക്ഷിയുണ്ടായി…നിങ്ങള് അവനൊപ്പം ചേർന്ന് നിൽക്കേണ്ടുന്നസമയമല്ലേയിപ്പോ..എന്നിട്ടിവിടെയിരുന്നു ഫോണിൽ കുത്തി കളിക്കുവാ ”
പകച്ചു നിൽക്കുന്ന ആദിയുടെ നേരെ അവൾ പൊട്ടിത്തെറിച്ചു..”അല്ല.. ഞാൻ.. വിളിച്ചിട്ട് കിട്ടിയില്ല.. കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാന്നു കരുതി..”ആദി പറഞ്ഞു മുഴുവനാക്കും മുന്നേ പ്രിയ അവനെ ചിറഞ്ഞു നോക്കി.”അങ്ങനിന്ന് നേരം വെളുക്കും വരെയും അവനെ വിളിച്ചു കിട്ടിയില്ലെങ്കിലോ..?”പോരിനിറങ്ങും പോലെ പ്രിയ അവനെ ചിറഞ്ഞു നോക്കി.ആദിയൊന്നും മിണ്ടാതെ അവളെ സൂക്ഷിച്ചു നോക്കി നിന്നു.”എവിടെ പോയാവോ ദൈവമേ…”പ്രിയ ആധിയോടെ പുറത്തേക്ക് നോക്കി പിറു പിറുത്തു..”ഒന്നെന്റെ കൂടെ വരാവോ?”
അൽപ്പം നേരം പുറത്തേക്ക് തുറിച്ചു നോക്കി നിന്നിട്ട് ആദിക്ക് നേരെ തിരിഞ്ഞു.അവനപ്പോഴും ഫോണിൽ സഞ്ജുവിനെവിളിച്ചുകൊണ്ടിരിപ്പാണ്.”എങ്ങോട്ടാ…?”
അവൻ ഫോൺ മാറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.
ഉഗാണ്ടയിലേക്ക്…”പ്രിയ ദേഷ്യത്തോടെ പറഞ്ഞു.
“നിന്നെയിപ്പോ ഈ കോലത്തിൽ കൊണ്ട് പൊണ്ടത് ഊളം പാറയിലേക്കാ.. നമ്മുക്കങ്ങോട്ട് വിട്ടാലോ.. വരുന്നോ?”ആദി ചിരിയോടെ ചോദിച്ചു.”അങ്ങോട്ട് ഇയാളുടെ മറ്റവളെ പോയി വിളിക്ക്..”പ്രിയ കണ്ണുരുട്ടി.”ആഹ്.. വിളിച്ചല്ലോ ഞാൻ .. വരുന്നോ..?”ആദിയൊരു കള്ളചിരിയോടെ അവളെ നോക്കി.പ്രിയക്കപ്പോഴും ദേഷ്യമാണ് വന്നത്.
സഞ്ജുവിനെ ഓർക്കുമ്പോൾ അവൾക്കുള്ളിലൊരു വിറയലാണ്.”സഞ്ജു.. വീട്ടീലുണ്ടാവും ന്ന് തോന്നുന്നു.. അങ്ങോട്ടൊന്നു പോയി നോക്കിയാലോ..?”അവൾ പിണക്കം മറന്നത് പോലെ.. ആദിയുടെ നേരെ നോക്കി.”ഇതങ് ആദ്യം പറഞ്ഞ പോരെ..”ആദിയത് പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി.”ഞാൻ.. ഞാൻ കൂടെ വരട്ടെ..?”
മടിയോടെയാണേലും പ്രിയ ചോദിച്ചു.അതെന്താ ഒറ്റക്കിരിക്കാൻ പേടിയാണോ?”ആദി തിരിഞ്ഞു നിന്നു”അതല്ല…”പ്രിയ നിന്ന് വിക്കി..”കാര്യം പറ കൃഷ്ണ…?നടുവിന് കൈ കുത്തി നിന്നിട്ട് ആദിയവളെ സൂക്ഷിച്ചു നോക്കി..
“ആദിയേട്ടൻ….”പ്രിയ മടിയോടെ പറഞ്ഞു നിർത്തി..”ആദിയേട്ടൻ.. ബാക്കി പറ…?”അവളാ വിളിച്ചത് കേട്ടതും ചിരിയോടെ ആദി തിരിച്ചു ചോദിച്ചു.”വിളിച്ചാൽ സഞ്ജു വന്നില്ലങ്കിലോ..?”
“ഹലോ.. നിന്റെ ആങ്ങളയാവും മുന്നേ അവനെന്റെ കൂട്ടുകാരനായിരുന്നു “ആദി കുറച്ചുറക്കെ പറഞ്ഞു.
“മ്മ്.. എന്നിട്ടാണ് ഫോണിലും തോണ്ടിയിരുന്നത്..”
പ്രിയ അവൻ കേൾക്കാതെ മെല്ലെ പറഞ്ഞു.”വാ ”
അമർത്തിയൊന്നു മൂളി ആദി വിളിച്ചതും പ്രിയ വേഗം മുൻവശത്തെ വാതിലടച്ചു പൂട്ടി അവനൊപ്പമിറങ്ങി ചെന്നു.മൊബൈൽ ഫ്ലാഷ് തെളിയിച്ചു കൊണ്ട് ആദിക്കൊപ്പം ധൃതിയിൽ നടക്കുമ്പോൾ അവനവിടെ ഉണ്ടാവാണേ എന്നായിരുന്നു പ്രിയ പ്രാർത്ഥിച്ചത് മുഴുവനും.
പക്ഷേ ഇരുട്ടിൽ മുങ്ങി കിടക്കുന്ന ആ വീടിന്റെ നേരെ നോക്കിയതും അവളുടെ മുഖം മങ്ങി.
“അവനെത്തിയില്ലെന്ന് തോന്നുന്നു..”ആദി പ്രിയയെ നോക്കി.”ഒന്ന് പോയി വിളിച്ചാലോ?”ഗേറ്റിൽ നിന്ന് കൊണ്ട് പറയുന്ന ആദിയെ നോക്കി പ്രിയ ചോദിച്ചു.
“നിന്റെ ആങ്ങള വവ്വാൽ ഒന്നുമല്ലല്ലോവെളിച്ചമില്ലാതെ കണ്ണ്കാണാൻ.അവനുണ്ടെങ്കിൽലൈറ്റ്കാണില്ലേ?”ആദി പരിഹസിച്ചു.”വാ..”അതും പറഞ്ഞു കൊണ്ട് ആദി തിരിഞ്ഞു നടന്നു..ഒരു നിമിഷം പ്രിയ അവനെ നോക്കിയിട്ട് വീണ്ടുമാ വീടിന്റെ നേർക്ക് നോക്കി.
എന്തോ.. അവിടൊന്നു പോയി വിളിച്ചു നോക്കണമെന്നുള്ള തോന്നൽ അവളിൽ ശക്തമായി.
“വാ..”ഒന്ന് രണ്ടടി മുന്നോട്ടു നടന്നിട്ടും പ്രിയ കൂടെയില്ലെന്ന് കണ്ടിട്ട് ആദി വിളിച്ചു.
അവൾ പക്ഷേ അവനെയൊന്ന് നോക്കിയിട്ടാ ഇരുട്ടിൽ മുങ്ങി കിടക്കുന്ന വീടിന്റെ നേരെയാണ് നടന്നത്.
കൃഷ്ണ..ആദി പിന്നിൽ നിന്നും വിളിക്കുന്നതൊന്നും ശ്രദ്ധിക്കാതെ പ്രിയ ഇരുട്ടിൽ തപ്പി തടഞ്ഞു നടന്നു.
പക്ഷേ പെട്ടന്ന് തന്നെ ആദി അവൾക്കൊപ്പം വെളിച്ചെവുമായി ഓടിയെത്തി.”അവനവിടെയില്ല കൃഷ്ണ..”അവനപ്പോഴും പറയുന്നുണ്ട്.പ്രിയ കോളിങ് ബെല്ലിന് നേരെ ധൃതിയിൽ നടന്നു ചെന്നു.കയ്യെടുക്കാതെ തുടരെ ബെൽ മുഴക്കി വാതിലിന് നേരെ നോക്കി.”കൃഷ്ണ.. നിന്നോടാ ഞാൻ പറയുന്നേ.. അവനിവിടെ ഉണ്ടാവില്ല. പിന്നെന്ത് ഭ്രാന്താ നീയീ ചെയ്യുന്നത്?”
ആദിയവളെ പിടിച്ചു തനിക്കു നേരെ നിർത്തി.
“ഒന്നൂടെ വിളിച്ചു നോക്കിയിട്ട്…”അവൾ ആദിയുടെ കലിപ്പിച്ചുള്ള നോട്ടം കണ്ടതും മടിയോടെ പറഞ്ഞു.അവന്റെ നോട്ടം കൂടുതൽ രൂക്ഷമാവുകയാണ് ചെയ്തത്.പ്രിയ പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ തുടരെ സഞ്ജുവെന്ന് വിളിച്ചു കൊണ്ട് വാതിലിൽ മുട്ടിവിളിച്ചു.നിരാശയോടെ തിരിയുന്നവളെആദിദേഷ്യത്തോടെനോക്കി.”തൃപ്തിയായില്ലേ ഇനി വാ “അവൻ പ്രിയയെ നോക്കി പറഞ്ഞു.
അവൾ നിരാശയോടെ അവനൊപ്പം തിരിഞ്ഞു നടന്നു..”ടീച്ചറ് മനുഷ്യനെ എടുത്തിട്ട് കുടയാൻ മാത്രം പഠിച്ചാൽ പോരാ.. പറയുന്നത് അനുസരിച്ചു കൂടി പഠിക്കണം “അവൾക്കൊപ്പം നടക്കുമ്പോൾ ആദി പറയുന്നുണ്ട്.പ്രിയ അതിനുത്തരമൊന്നും പറഞ്ഞില്ല.
പക്ഷേ ഒന്ന് രണ്ടടി പിന്നിട്ടതും അവരെയൊന്നാകെ പൊതിഞ്ഞു കൊണ്ടവിടെ വെളിച്ചം പടർന്നു.
പുറത്ത് മാത്രമല്ല.വീടിനകത്തുമപ്പോൾ വെളിച്ചമുണ്ട്.
ആദിയും പ്രിയയും പരസ്പരം നോക്കി..അവർക്ക് മുന്നിലേക്കാ മുൻവശത്തെ വാതിൽ തുറക്കപ്പെട്ടു.
കുനിഞ്ഞ മുഖത്തോടെ സഞ്ജു നിൽക്കുന്നു..പ്രിയ സഞ്ജുവിന് നേരെ ധൃതിയിൽ നടന്നു.അത്രയും നേരം വിളിച്ചിട്ടും മിണ്ടാതെ നിന്നതിനും വാതിൽ തുറക്കാത്തതിനും സഞ്ജുവിന് അവളുടെയൊരു അടിയാണ് ആദി പ്രതീക്ഷിച്ചിരുന്നത്.പക്ഷേ പ്രിയ അവനെ നോക്കി നിന്നതല്ലാതെ ഒന്നും പറയുന്നില്ല.
“നിന്റെ വായിലെന്താടാ പഴം തിരുകി വെച്ചിട്ടുണ്ടോ.. ഇത്രേം വിളിച്ചിട്ടും കേട്ടില്ലേ നീ…?”ആദി ഉറക്കെ പറഞ്ഞു കൊണ്ടവന്റെ നേരെ ചെന്നു..ഒന്നും പറയല്ലേ… അവനാകെ തകർന്ന് നിൽക്കുവാ..പ്ലീസ്..”നിറഞ്ഞ കണ്ണോടെ പറഞ്ഞു കൊണ്ട് പ്രിയ ആദിക്ക് മുന്നിലേക്ക് കയറി നിന്നു…..
..തുടരും..
ഒന്നും പറയാനില്ല..ഞാനാ ചെക്കനെ കെട്ടിപിടിച്ചു നിൽപ്പാ..സഞ്ജുനെ..അവനത്ര മാത്രം തളർന്നു പോയത് കാണുമ്പോൾ ആ തളർച്ച എന്നെയും പൊതിയുന്നു…വല്ലോം പറഞ്ഞിട്ട് പോണേ.. നട്ടപാതിരാക്ക് ഇരുന്നെഴുതി ഉണ്ടാക്കുന്നതാ..കൊള്ളാലോ ല്ലേ 🥰
സ്നേഹത്തോടെ jiff❣️🥰

by