രചന : ജിഫ്ന നിസാർ
സുജ നീട്ടിയ കുങ്കുമചെപ്പിൽ വിരൽ മുക്കിയെടുക്കുമ്പോൾ ആദി ചെറുതായി വിറക്കുന്നുണ്ടായിരുന്നു.ജീവിതത്തിൽ ഏറ്റവും ധന്യമാണെന്ന് താൻ വിശ്വസിക്കുന്ന മുഹൂർത്തമാണ്.
അത് പക്ഷേ ഇങ്ങനൊന്നുമായിരുന്നില്ല.ഒരുപാട് ആളുകൾ… അവരുടെ ആരവങ്ങൾ.അവർക്കു നടുവിൽ തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്ന തന്റെ പാതി..ഉള്ളിലെ പ്രണയത്തിനൊരു മുഖമില്ലായിരുന്നു.പക്ഷേ തിളക്കമുള്ള രണ്ടു കണ്ണുകൾ അന്നും ഹൃദയത്തിലുണ്ട്.
ഉടമയാരെന്നറിയില്ലെങ്കിലും ആദിത് മഹാ ദേവിനെ പ്രണയത്തോടെ നോക്കുന്ന ആ കണ്ണുകളെ അന്നും താലോലിച്ചിരുന്നു.കല്യാണമെന്ന് കേൾക്കുമ്പോൾ… ഉള്ളിലൊരു പ്രണയമഴ പെയ്യിക്കുന്ന.. തന്നെയതിൽ നനയിച്ചു നിർവൃതി കൊള്ളിക്കാൻ പ്രാപ്‌തിയുള്ള രണ്ടു കണ്ണുകൾ.ആ ഓർമയിലന്നും ആദിക്ക് വല്ലാത്തൊരു വിങ്ങല് തോന്നി.ഇത് വെറും വാശിയാണോ..?അതോ സഹതാപമോ?
അതുമല്ലെങ്കിൽ കണ്മുന്നിൽ അമ്മയോളം പോന്നൊരു സ്ത്രീ കരയുന്നത് കണ്ടു കൊണ്ടുള്ള സിമ്പതിയോ?
അവന് തന്നെ തീർച്ചയില്ലായിരുന്നു..ശ്വാസം പിടിച്ചു കൊണ്ടാണ് ആദി പ്രിയക് നേരെ തിരിഞ്ഞത്.
അവളുടെ കണ്ണുകൾ തനിക്കു നേരെയാണെന്ന് കണ്ടതും അവനിലെവിറയൽപൂർണ്ണമായി.പാതിയാക്കി പ്രതീക്ഷ കൊടുത്തു പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങി പോവേണ്ടി വരുന്നോരു പ്രഹസനമാണോ ഇതൊന്ന് ഓർക്കുമ്പോൾ ആദി തളർന്നു.കുത്തി തുളയുന്നത് പോലുള്ള പ്രിയയുടെ നോട്ടം..
അത് പരിഹാസമോ വെല്ലുവിളിയോ.?
ഇത് രണ്ടുമല്ലങ്കിലും അതൊരിക്കലും സ്നേഹമാവാൻ വഴിയില്ല.തന്നെ പോലൊരാൾ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലെന്ന് മുൻപേപ്പഴോ പ്രിയ പറഞ്ഞത് ആദിയുടെ ഓർമയിലേക്ക് വന്നതും അവൻ വിയർത്തു തുടങ്ങി.സുജയുടെ കണ്ണിലെ തിളക്കം..
ചെയ്യാൻ തുടങ്ങിയത് ഇനി പിൻവലിച്ചു പോവാനും വയ്യ.ഒടുവിൽ വരുന്നിടത്തു വെച്ച് കാണാമെന്നുള്ള തോന്നലിൽ ആദി കുറച്ചു കൂടി പ്രിയയുടെ ആരുകിലേക്ക് നീങ്ങി നിന്നു.അവളുടെ തലക്ക് നേരെ കൈകൾ ഉയർത്തി..പക്ഷേ അവനെ വല്ലാതെ ഞെട്ടിച്ചു കൊണ്ട് പ്രിയയുടെ മൃദുലമായ കൈകൾ അവന്റെ ഉയർന്ന കരുത്തുള്ള കൈകൾ പിടിച്ചു നിർത്തി…
സുജയും പത്മയും മാളുവും അവളെ പകച്ചു നോക്കി.
ആദിയുടെ പുരികം വില്ല് പോലെ വളഞ്ഞു.
അവന്റെ കണ്ണിലും മുഖത്തും ഒരായിരം ചോദ്യങ്ങൾ ചിതറി വീണു..എല്ലാം മനസ്സിലായിട്ടും പ്രിയയുടെ മുഖംഅങ്ങേയറ്റംശാന്തമായിരുന്നു.”അന്നൊരിക്കൽ… ചെയ്തു പോയ തെറ്റെന്തെന്ന് കൂടി അറിയാതെ മുത്തച്ഛന് വേണ്ടി നിങ്ങൾ.. എന്നെ നിങ്ങളുടെ പാതിയാക്കി.. നിയമത്തിനു മുന്നിൽ..”പ്രിയ ആദിയുടെ കണ്ണിലേക്കു നോക്കി.അവനും.
എന്താണ് പ്രിയക്കുള്ളിലെന്ന് അവന് മനസ്സിലായതേയില്ല.
“ഇപ്പോഴീ ചെയ്യുന്നതെന്റെ അമ്മയ്ക്ക് വേണ്ടിയും.. ഇതിനിടയിൽ എവിടെയാ നമ്മള് രണ്ടു പേരും.. നമ്മുടെ മനസും ആഗ്രഹങ്ങളും? ഇങ്ങനാണോ ഇത് നടക്കേണ്ടത്.? വാശിക്ക് വേണ്ടിയോ മറ്റൊരാളോട് തോന്നുന്ന സഹതാപത്തിന്റെ പേരിലോ ഒരാൾ മറ്റൊരാൾക്ക് കൊടുക്കേണ്ട ഒന്നാണോ താലിയും സിന്ദൂരവും..?”പ്രിയയുടെ ചോദ്യം..ആദിയുടെ മിഴികളൊന്ന് പിടഞ്ഞു.അവന്റെ കൈകൾ പതിയെ താഴ്ന്നു പോയെങ്കിലും പ്രിയ പിടി വിട്ടിരുന്നില്ല.
അവനത് വിടുവിച്ചതുമില്ല.പ്രിയേ….”സുജയുടെ ദേഷ്യം കലർന്ന വിളി.”നീ എന്തൊക്കെയാ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ ഡീ?”
സുജക്ക് ശെരിക്കും ദേഷ്യം വന്നിരുന്നു.
ആദി എല്ലാത്തിനും സമ്മതിച്ചുവെന്നുള്ള ആശ്വാസത്തിൽ നിന്ന അവർ പ്രിയ ഇങ്ങനൊന്നു ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
എനിക്കറിയാം അമ്മേ… എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനും പറയുന്നത്?”
നേർത്തൊരു ചിരിയോടെ പ്രിയ സുജയെ നോക്കി.
“വല്ല്യ പ്രതീക്ഷയൊന്നുമില്ലായിരുന്നുവെങ്കിലും കല്യാണം ന്ന് ഓർക്കുമ്പോൾ ഒരു പെൺകുട്ടി സ്വപ്നം കണ്ടിരുന്ന പലതും ഞാനും മോഹിച്ചിട്ടുണ്ടമ്മേ..”
അവളുടെ മുഖത്തു വല്ലാത്തൊരു ഭാവമാണ്.പ്രിയ വീണ്ടും ആദിക്ക് നേരെ നോക്കി.
“മുത്തച്ഛന്റെ വാക്കുകൾ അനുസരിച്ചു കൊണ്ട് നിങ്ങളെന്നെ ജീവിതത്തിലേക്ക് ചേർത്ത് വെച്ചത് മുതൽ പഴയ എന്നെയെനിക്ക് നഷ്ടമായിരിക്കുന്നു. എന്റെ മനസും പ്രവർത്തികളും എന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നൊരവസ്ഥയിലേക്ക് ഞാൻ എത്തി പെട്ടിരിക്കുന്നു…”ആദിയുടെ നോട്ടവും അവൾക്ക് നേരെയാണ്.അവന്റെ കയ്യിന്റെ ചൂട് തന്നിലേക്കും പകർന്നു കയറുന്നത് പോലൊരു ഫീലാണ് പ്രിയക്ക്.
എന്നിട്ടും അവളാ പിടി വിട്ടില്ല.”കല്യാണം എന്നൊരു പെൺകുട്ടിയെ സംബന്ധിച്ച് പ്രതീക്ഷയാണ്.. സംരക്ഷണമാണ്… പാതിയെ…. പാതിയെ പ്രണയിക്കാനുള്ള ലൈസൻസാണ്..”
അത് പറയുമ്പോൾ പിടഞ്ഞു പോയ അവളുടെ കണ്ണിലേക്കു ആദി അത്ഭുതത്തോടെയാണ് നോക്കിയത്.അവനന്നോളം കാണാത്തൊരു ഭാവം.. തിളക്കം..ആദിക്ക് ആശ്ചര്യം തോന്നി..”പക്ഷേ… എനിക്കറിയാം.. ആദിത് മഹാ ദേവന്ന നിങ്ങൾക്ക് മുന്നിൽ ഒരു പുഴുവിനോളം ചെറുതാണ് കൃഷ്ണപ്രിയയെന്ന ഞാൻ…”കുഞ്ഞൊരു ചിരിയോടെ പ്രിയ അവനെ നോക്കി.”മുത്തച്ഛന് വേണ്ടി അന്നെന്നെ കൂടെ കൂട്ടി.. ഇന്നിപ്പോ അമ്മയ്ക്ക് വേണ്ടിയും.. പക്ഷേ.. പക്ഷേ ഇതെല്ലാം എന്നിലേക്ക് വന്നു ചേരുമ്പോൾ… ഞാൻ.. ഞാനറിയാതെ നിങ്ങളെ…അത് നിങ്ങൾക്കും എനിക്കുമൊരു ബാധ്യതയാവുമോയെന്നെനിക്ക് ഭയമുണ്ട്…”
ആദിയുടെ ശ്വാസം വിലങ്ങുന്നത് പോലൊരു തോന്നൽ..അവളെന്താണ് ഉദ്ദേശിച്ചതെന്നതറിയാനൊരു കൊതി… ആകാംഷ..
അവന്റെ നോട്ടം നേരിടാൻ കഴിയാത്ത പോലെ.. പ്രിയ വേഗം മുഖം കുനിച്ചു.”നിങ്ങൾക്കൊരുപാട് സ്വപ്നങ്ങളെ നേടിയെടുക്കാനുണ്ടെന്ന് സഞ്ജുവെന്നോട് പറഞ്ഞിട്ടുണ്ട്. അതിനൊരു തടസ്സമാണ് ഞാനെങ്കിൽ…എന്റെ.. എന്റെ ഏറ്റവും വലിയൊരു സ്വപ്നമായി നിങ്ങളെ ഞാൻ മോഹിക്കും മുന്നേ.. എന്നെ… എന്നോട് സത്യംപറയണം..അത്രയെങ്കിലും കരുണ കാണിക്കാമോ എന്നോട്?”പ്രിയ വീണ്ടും ആദിയുടെ കണ്ണിലേക്കു നോക്കി.
ഇപ്രാവശ്യം ആദിക്കവളുടെ കണ്ണിലാ തിളക്കം കാണാൻ കഴിഞ്ഞില്ല.പകരം അവളോളിപ്പിച്ചു പിടിച്ച എന്തൊക്കെയോ കാര്യങ്ങളുടെ അവശേഷിക്കുന്ന നുറുങ്ങുകളങ്ങനെ ആ കണ്ണ് മുഴുവനും കലങ്ങി കിടപ്പുണ്ട്.”കൃഷ്ണ പ്രിയ… എന്താണ് ഉദ്ദേശിക്കുന്നത്.. എനിക്ക്… മനസ്സിലാവുന്നില്ല. ക്ലിയറായിട്ട് പറഞ്ഞു തരണം “ശാന്തമെങ്കിലും കടുപ്പം നിറഞ്ഞ വാക്കുകൾ.പക്ഷേ അവന്റെ കണ്ണുകൾ അവൾക്ക് നേരെയാണ്..അല്ല… അവളിൽ മാത്രമാണ്.വിടർന്നും പൊഴിഞ്ഞും നിമിഷങ്ങൾ കൊണ്ട് മാറി മറിയുന്ന പ്രിയയുടെ ഓരോ ഭാവങ്ങളിലും അവനെന്തൊക്കെയോ തിരഞ്ഞലഞ്ഞു .
“ഉപേക്ഷിച്ചു മടങ്ങാൻ മാത്രമാണ്.. എനിക്കൊരു സംരക്ഷണമെന്നുള്ള ഉദ്ദേശത്തിൽ മാത്രമാണ് അന്ന് മുത്തച്ഛന്റെ വാക്കുകൾ നിങ്ങൾ അനുസരിച്ചതെങ്കിൽ… ഇനിയും.. ഇനിയും എനിക്ക് പ്രതീക്ഷകൾ നൽക്കരുത്. മോഹിച്ചത് കിട്ടിയില്ലെങ്കിൽ സങ്കടം കൊണ്ട് മൂടുന്നൊരു മനസ്സ് എനിക്കുമുണ്ടെന്ന് ദയവായി മനസ്സിലാക്കണം. എന്നെ കൂടുതൽ മോഹിപ്പിക്കാൻ ഇങ്ങനൊരു കാര്യം കൂടി എന്നോട് ചെയ്യരുത്…”നിറഞ്ഞ കണ്ണോടെ അവളത് പറയുമ്പോഴും അവന്റെ കയിലുള്ള പിടി മുറുകി തുടങ്ങിയിരുന്നു..ഉപേക്ഷിച്ചു പോവാൻ വയ്യെന്നുള്ള വിലാപം പോലെ..
സ്നേഹിച്ചു തുടങ്ങിയെന്നുള്ള അടയാളം പോലെ..
ആ മുറുക്കം ആദിക്കും മനസ്സിലായി.”വാക്കുകളും പ്രവർത്തികളും കൊണ്ട് തെറ്റ് ധരിച്ചു പോകുന്നത്തിലും നല്ലതല്ലേ അതൊരിക്കലും നടക്കില്ലെന്നു നിങ്ങളെന്നോട് തുറന്നു സമ്മതിച്ചു തരുന്നത്. അത്രയെങ്കിലും എന്റെ ഹൃദയഭാരം കുറയുമല്ലോ.. വേറെ.. വേറൊന്നും ഞാൻ ആഗ്രഹിക്കാതിരിക്കാമല്ലോ..”കണ്ണ് നിറഞ്ഞെങ്കിലും അവളുടെ ചുണ്ടിലെ ചിരിയിലാണ് ആദിയുടെ ശ്രദ്ധ മുഴുവനും.അവനിലും കുഞ്ഞൊരു ചിരിയുണ്ടായിരുന്നു..
ദിവസങ്ങൾക്ക് മുന്നേ കളഞ്ഞു പോയൊരു കൃഷ്ണപ്രിയയെ കണ്ടെടുത്ത ഒരു വിജയത്തിന്റെ ചിരി..അവളെ കുറിച്ച് താൻ മനസ്സിലാക്കി വെച്ചത് മുഴുവനും തെറ്റായിരുന്നുവെന്ന് ബോധ്യം വന്നപ്പോഴും ഹൃദയം നിറഞ്ഞൊരു ചിരിയോടെ മറ്റെന്തൊക്കെയോ ആഗ്രഹിക്കുന്ന ചിരി…കൂടുതൽ മനസ്സിലാക്കുമ്പോൾ ഒരാൾ ആദ്യം മനസ്സിലാക്കിയതിൽ നിന്നും തികച്ചും വ്യത്യാസമുള്ളവനാവുമെന്ന് അവൾ പ്രവർത്തി കൊണ്ട് തെളിയിച്ചിരിക്കുന്നു..
“ജീവിതം മടുത്തെന്ന് തോന്നുന്ന നിരവധി അവസരങ്ങളുണ്ടായിട്ടും ഞാൻ പിടിച്ചു നിന്നിട്ടുണ്ട്. പക്ഷേ.. പക്ഷേ… വെറുമൊരു സഹതാപത്തിന്റെ പുറത്ത്.. വാശിയുടെ പുറത്താണെങ്കിൽ ഇനിയും വേദനിക്കാൻ എനിക്ക് വയ്യ… അത് കൊണ്ടാണ് ”
പ്രിയ ആദിയെ നോക്കി.”അങ്ങനൊന്നും അല്ലെങ്കിലോ…?”ആദിയുടെ ചോദ്യം…ഒട്ടും പ്രതീക്ഷിക്കാതെ കണ്ണിലേക്കു നോക്കി അവനത് ചോദിച്ചു പോയ നിമിഷം.. അവൾക്ക് മുന്നിൽ സകലതും നിശ്ചലമായൊരു തോന്നലായിരുന്നു.
“ഉത്തരം പറയണം കൃഷ്ണ പ്രിയ… മറ്റാർക്കും വേണ്ടിയല്ലാതെ.. ആരോടുമുള്ള വാശിക്ക് വേണ്ടിയല്ലാതെ.. ആരോടുമുള്ള സഹതാപം കൊണ്ടല്ലാതെ ആദിത് മഹാ ദേവ് സ്വന്തം ഇഷ്ടത്തിനാണ് ഇങ്ങനൊരു തീരുമാനമെങ്കിൽ… എന്താ നിന്റെ അഭിപ്രായം?”ഇമകളൊന്നു ചിമ്മുക കൂടി ചെയ്യാതെ ആദി പ്രിയയെ നോക്കി.
അവൾ പിടച്ചിലോടെ നോട്ടം വെട്ടിച്ചു മാറ്റി.അത് വരെയും തോന്നിയ വീര്യം ചേർന്ന് പോകുന്നതറിഞ്ഞിരുന്നു.’ഉത്തരം വേണമെനിക്ക് ”
ആദി കുറച്ചു കൂടി അവൾക്കരികിലേക്ക് നീങ്ങി നിന്നു.
“പറയ്… നീ എന്ത് തീരുമാനിക്കും..?”
അവനിലൊരു കുസൃതികാരൻ വന്നു ചേർന്നിരുന്നു. ചുണ്ടിൽ വല്ലാത്തൊരു ചിരിയും.പ്രിയ അവനെ പകച്ചു നോക്കി..”സത്യത്തിൽ നിനക്കെന്നോട് സ്നേഹമുണ്ടോ..?”ആദി വീണ്ടും ചിരിയോടെ ചോദിച്ചു.”ഉണ്ടെങ്കിൽ…?ഇപ്രാവശ്യം പ്രിയയുടെ കണ്ണുകളും അവന് നേരെ കൂർത്തു.
“എനിക്കറിയാവുന്ന കൃഷ്ണ പ്രിയ ഇത്രയും ലോലയല്ലെന്ന് ഞാൻ പറഞ്ഞാൽ?”
ആദി വെല്ലുവിളി പോലെ പുരികം പൊക്കി.
“അതിന് ഞാൻ എപ്പഴാ പറഞ്ഞത് എനിക്ക് നിങ്ങളോട് സ്നേഹമുണ്ടെന്ന്?”
അമ്മയും സഹോദരിമാരും അരികിലുള്ളത് പ്രിയ മറന്നത് പോലായിരുന്നു.ഇല്ലേ.. പിന്നിത്ര നേരം എന്തായിരുന്നു നിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം..?”ആദി വീണ്ടും അവളെ നോക്കി.”നിങ്ങൾ തെറ്റ് ധരിച്ചു പോയതെന്റെ കുറ്റമാണോ..?”പ്രിയയും വിട്ടു കൊടുത്തില്ല..
“ഓഹോ.. അങ്ങനാണോ..?”ആദി ഊറി ചിരിച്ചു..
“അതെ.. അങ്ങനെ തന്നെ.. അന്ന് നിങ്ങൾ നിങ്ങളുടെ അച്ചന്റെ മുന്നിൽ വെച്ച് ജയിക്കാൻ എന്തൊക്കെയോ പറഞ്ഞില്ലേ.. അത് പോലെ.. അത്രേ ഒള്ളു ഇതും “പ്രിയ അവനെ കൂർപ്പിച്ചു നോക്കി.
പക്ഷേ അപ്പോഴും തന്നെ നോക്കുന്ന അവളുടെ കണ്ണിൽ വെല്ലുവിളിക്കപ്പുറം മറ്റെന്തൊക്കെയോ ഭാവങ്ങൾ..ആദി ഒന്ന് ചിരിച്ചിട്ട് പ്രിയയെ നോക്കി..
“നേടിയെടുക്കാൻ ഒരുപാട് കാര്യങ്ങൾ എനിക്ക് പിന്നിലുണ്ടെന്ന് സഞ്ജു പറഞ്ഞത് നേരാണ്. പക്ഷേ… പക്ഷേ വെറുതെ പോലും ഞാനാർക്കും വാക്ക് കൊടുത്തു പറ്റിക്കാറില്ല..”ആദിയുടെ ശബ്ദത്തിൽ വല്ലാത്ത കടുപ്പമുണ്ട്.സുജ സകലപ്രതീക്ഷകളും തകർന്നത് പോലെ ചുവരിൽ ചാരി.വരാനിരിക്കുന്ന നിമിഷങ്ങളെ ഓർക്കാൻ കൂടി അവർ ഭയന്നു.
ആദിയോട് അങ്ങനൊന്ന് ആവിശ്യപ്പെടാൻ തോന്നിയ നിമിഷത്തെ അവർ അനേകം തവണ മനസ്സിൽ ശപിച്ചു..ഒന്നും വേണ്ടായിരുന്നു.. മകൾ സുരക്ഷിതമാണെന്നുള്ള സമാധാനം മാത്രം മതിയായിരുന്നുവെന്ന് ഉള്ളാലെ പരിതപിച്ചു..എന്നിട്ടും മാറാത്ത കഠിനവ്യഥയോടെ ചുവരിൽ തളർന്നു ചാരി..നീയിന്ന് പറഞ്ഞു തീർത്ത പലതും എനിക്കെന്റെ നെഞ്ചിലാണ് പതിഞ്ഞത്. അന്ന് എന്റച്ഛൻ വന്നപ്പോൾ ഞാൻ പറഞ്ഞു പോയ വാക്കുകൾ പലതും എനിക്കിപ്പോൾ നിന്റെ കണ്ണിൽ കാണാൻ കഴിയുന്നുണ്ട്.. നിന്റെ വാക്കിൽ അറിയാൻ കഴിയുന്നുണ്ട്..ഭാര്യയെന്നൊരു പദവിയിലേക്ക് എത്തി പെടുമ്പോൾ ഒരു പെൺകുട്ടിയുടെ മനസ്സാണ് നീ എനിക്ക് മുന്നിൽ തുറന്നു വെച്ചത്. എന്നിട്ടും ഞാനത് കാണാതെ പോയാൽ..”
ആദിയൊന്ന് നിർത്തിയിട്ടു പ്രിയയെ നോക്കി..
അവനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാത്തൊരു ചുളിവുണ്ട് അവളുടെ മുഖത്ത് നിറയെ..ഉള്ളിലെ ആശങ്കകൾ കൂടുന്നതിനുസരിച്ചു കൊണ്ടവളുടെ കൈ ആദിയുടെ കയ്യിൽ മുറുകി..
“ഇപ്പോഴെനിക്ക് ഒരു ഭാര്യയോട് തോന്നുന്ന യാതൊരു വികാരങ്ങളും നിന്നോടില്ല.. സത്യമാണ്. പക്ഷേ.. പക്ഷേ..ഉപേക്ഷിച്ചു കളഞ്ഞതിന് ശേഷം നീയെന്നെ സ്നേഹിച്ചിരുന്നുവെന്ന് നീ പിന്നീടൊരിക്കൽ വെളിപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന നഷ്ടബോധതേക്കാളും വേദനനേക്കാളും കഠിനമാവില്ല മറ്റൊന്നും എന്നെനിക്ക് തോന്നുന്നു.. സൊ…”
ശാന്തമായി പറഞ്ഞവസാനിപ്പിച്ചു കൊണ്ട് ആദി പ്രിയയുടെ നേരെ നോക്കി ചിരിച്ചു..അവളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു..”ഞാനിതു എനിക്ക് വേണ്ടി ചെയ്യുന്നു…”ആദി പ്രിയ പിടിച്ചു വെച്ച സ്വന്തം കയ്യിലേക്ക് നോക്കി പതിയെ പറഞ്ഞു..
ആ നിമിഷത്തെ അവളിലെ വിറയൽ അവനാ കൈകൾ കൊണ്ട് തന്നെ അറിഞ്ഞു..അടുത്ത നിമിഷം അവന്റെ കയ്യിലെ പ്രിയയുടെ പിടിയയഞ്ഞു..
അവന്റെ മുന്നിൽ തല കുനിച്ചു നിന്നു.ആദി ചിരിയോടെ സുജയെ ഒന്ന് തിരിഞ്ഞു നോക്കി.
ആ മുഖത്തേക്ക് അരിച്ചു കയറുന്ന ആശ്വാസം അവന്റെ ഉള്ള് തണുപ്പിച്ചു.യാതൊരു വിറയലുമില്ലാതെ ആദി പ്രിയയുടെ നെറുകയിൽ സിന്ദൂരം ചാർത്തി ചുവപ്പിച്ചു.
ആ നിമിഷം അവന്റെ മുഖത്തൊരു ഹൃദ്യമായ ചിരിയായിരുന്നുവെങ്കിൽ പ്രിയ തീർത്തും തളർന്നു പോകുകയാണ് ചെയ്തത്.ശേഷം ആദി അവന്റെ കഴുത്തിൽ കിടന്ന മാല ഊരിയെടുത്തു..”താലിയുടെ സംരക്ഷണം കൂടി നിനക്ക് ഞാൻ നൽകുന്നു…”
അവനത് യാതൊരു ധൃതിയുമില്ലാതെ പ്രിയയുടെ കഴുത്തിൽ ചേർത്ത് വെച്ചതും അവൾ പിടച്ചിലോടെ അവന്റെ നേരെ മുഖമുയർത്തി നോക്കി.പ്രിയയുടെ തൊട്ടടുത്ത്… അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി ആദിയാ മാല മുറുക്കി ചേർത്ത് വെച്ചു..
💞💞
തിരിച്ചുള്ള യാത്രയും മൗനമായിരുന്നു.മുള്ളിന്റെ മൂർച്ചയുള്ള മൗനമല്ലത്.അത് കൊണ്ട് തന്നെ ഹൃദയത്തിന്നത് പോറലേൽപ്പിക്കുന്നുമില്ല..പകരം ആ മൗനത്തിനു പോലും വല്ലാത്തൊരു മനോഹാരിത..
കാറിലല്ല…കാറ്റിൽ ഒഴുകി പറക്കുന്നത് പോലെ..
ചുറ്റും വിടർന്നു നിൽക്കുന്ന നിരവധി പൂക്കൾ…
വല്ലാത്തൊരു മാസ്മരിക ലോകത്തിലേക്ക് എത്തി പെട്ടത് പോലെ.അവിടത്രേം വലിയ ഡയലോഗോക്കെ പറഞ്ഞു പോന്നെങ്കിലും രണ്ടു പേർക്കും പരസ്പരം നോക്കാൻ നല്ല മടിയുണ്ടായിരുന്നു.അത് കൊണ്ട് തന്നെ പരമാവധി തിരിയാതിരിക്കാൻ ആദിയും പ്രിയയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.തമ്മിലുള്ള ദൂരത്തിലേക്ക് ആരോ ഒരു പാലം പണിത് ചേർത്ത് വെച്ചത് പോലൊരു സുഖം..
മനസ്സിലോർക്കുക കൂടി ചെയ്യാതൊരു കാര്യത്തിന്റെ ആവിഷ്കരണം..അതും വളരെ പെട്ടന്ന് നടന്നതിന്റെയൊരു അമ്പരപ്പ്..ചെന്നിറങ്ങുമ്പോൾ മുത്തച്ഛന് കൊടുക്കേണ്ട മറുപടിയെ കുറിച്ചാണ് പ്രിയ ആശങ്കപ്പെട്ടതെങ്കിൽ.. സഞ്ജുവിന് മുന്നിൽ പോയി നിൽക്കണമല്ലോ എന്നുള്ളതാണ് ആദി നേരിടുന്ന വെല്ലുവിളി..പ്രഭാതസൂര്യനെ പോലെ… താലിയിലും സിന്ദൂരത്തിലും തിളങ്ങി നിൽക്കുന്നവളെ കാണെ ആദിയുടെ ഉള്ളിലും വല്ലാത്തൊരു നിർവൃതിയുണ്ട്.
അതിനേക്കാൾ അവൾ പറഞ്ഞു പോയ വാക്കുകളുടെ കയത്തിലിറങ്ങിയപ്പോഴാണ് അവനുള്ളം കൂടുതൽ കുളിർന്നത്.. മറ്റെല്ലാതും മറന്ന് പോയത് പോലെയവൻ തരളിതയായതും.
വഴി വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
അന്ന് വരെയും തോന്നാതത്ര സൗന്ദര്യവും ആവാഹിച്ചു കൊണ്ട് അന്നത്തെ സായാഹ്നം..എല്ലാം കൂടി രണ്ട് പേരിലും പറയാനറിയാതൊരു സുഖമുണ്ടായിരുന്നു..പരസ്പരം ഓർക്കുമ്പോൾ ഒരു വിറയലുണ്ടായിരുന്നു..ടൗണിൽ… ആദി കാർ നിർത്തുമ്പോൾ പ്രിയ അവനെയൊന്നു നോക്കി.
അവനും നോക്കുന്നുണ്ടെന്ന് കണ്ടതും അവൾ കള്ളിയെ പോലെ വേഗം.. നോട്ടം മാറ്റിയതും ആദി ചിരിയൊതുക്കി പിടിച്ചു.”ഇറങ്ങിക്കോ ”
സീറ്റ് ബെൽറ്റഴിച്ചു കൊണ്ട് ആദി പറഞ്ഞു.എന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പ്രിയക്ക് പക്ഷേ അവളൊന്നും മിണ്ടാതെ ഡോർ തുറന്നിറങ്ങി.
വലിയൊരു ടെക്സ്റ്റൈൽസിന്റെ മുന്നിലാണ് നിൽക്കുന്നത്.അതോടെ അവൾക്ക് കാര്യം മനസ്സിലായി.എങ്കിലും ഒന്നും മിണ്ടാതെ അവനുപിന്നിൽ നടന്നു..”വേണ്ടതെല്ലാം നോക്കി എടുക്ക് “പിന്നിലുള്ള അവളെ തല ചെരിച്ചു നോക്കിയിട്ട് ആദി അൽപ്പം നീങ്ങി നിന്നു.”ചെല്ല്.. അവര് ഹെല്പ് ചെയ്യും “ഒറ്റക്ക് പോണമല്ലോ എന്നോർത്ത് നിന്ന പ്രിയ ആദി പറഞ്ഞത് കേട്ടതും തലയാട്ടി കൊണ്ട് മുന്നോട്ടു ചെന്നു.അവൾ പോകുന്നത് നോക്കി അവിടെയിട്ടൊരു സോഫയിലിരുന്നു കൊണ്ട് ആദി ഫോൺ കയ്യിലെടുത്തു.പക്ഷേ ഇടയ്ക്കിടെ നോട്ടം പ്രിയക്ക് നേരെ പായും.മുന്നിൽ കുന്ന് കൂട്ടി ഇട്ട വസ്ത്രങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നവളെ കണ്ട് അവന് ചിരി വരുന്നുണ്ട്.അവിടെയുള്ള ഏറ്റവും വലിയൊരു കടയാണത്.താൻ തിരയുന്ന വിലയിലുള്ള വസ്ത്രങ്ങളെ അവിടെ കാണാഞ്ഞിട്ട് പ്രിയ പ്രൈസ് ടാഗ് നോക്കി വേവലാതിപ്പെട്ടു.എല്ലാം വലിയ വിലയുള്ളതാണെന്ന് കണ്ടതും അവളതിൽ നിന്നും അത്യാവശ്യം വേണ്ടത് മാത്രം നോക്കയെടുത്തു…
അര മണിക്കൂർ കൊണ്ട് അവൾ വീണ്ടും ആദിക്ക് മുന്നിൽ ചെന്ന് നിന്നു.
“തീർന്നോ..?”അവൻമുഖമുയർത്തി..അതേയെന്നവൾ തലയാട്ടി.ഇനിയൊന്നും വേണ്ടല്ലോ..? ”
ആദി വീണ്ടും ചോദിച്ചു.അതിനും പ്രിയ തലയാട്ടി.
കഴുത്തിലൊരു താലി കയറിയതോടെ തന്റെ സംസാരശേഷി പോയോ?”ഫോൺ പോക്കലിട്ട് ചിരിയോടെ അതും ചോദിച്ചു കൊണ്ട് പോകുന്നവനെ പ്രിയ നോക്കി നിന്നു..
തുടരും…
കൊള്ളാവോ…. സ്നേഹത്തോടെ jif❤️❤️

by