രചന : ഗായത്രി സുരേന്ദ്രൻ
എങ്ങോട്ടോ നോക്കി ഇരിക്കുന്ന അതിന് രാവേത് പകലേതെന്ന് നിശ്ചയം ഇല്ല എന്ന് തോന്നി….
എന്തിനോഹൃദയംനോവുന്നൂ…അറിയില്ല….പിന്നീടൊന്നും ചിന്തിച്ചില്ല ബലമായ് കൈ പിടിച്ചു അവിടെ നിന്നും ഇറക്കിക്കൊണ്ടു വന്നു…
അവളുടെ കൈ വിട്ടതേയില്ല. എപ്പോഴാണ് കുതറി മാറി അങ്ങോട്ടേക്കെങ്കിലും ഓടാനൊരുങ്ങുക എന്ന് അറിയില്ല.ആ വീടു സാക്ഷയിട്ടു പൂട്ടി…ഇരുൾ പരന്ന വഴിയിലൂടെ അവളുടെ കൈയ്യും പിടിച്ചു കാറിനരികിലേക്കു നടന്നു…
ആജ്ഞയോടെ അതിനുള്ളിലിരുത്തിച്ചു…
ഏതോ ഒരു സമ്മോഹനത്തിലെന്ന പോലെ ആയിരുന്നു അവൾ ഒപ്പം വന്നത്…അധികം ഒന്നും ചിന്തിക്കാൻ നിന്നില്ല. കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ചു കാർ വെളിച്ചം തൂകി. പാതകൾ കണ്ടെത്തി സഞ്ചരിച്ചു തുടങ്ങി……..കാറിൽ ഇരുന്നതേ ഓർമ്മയുള്ളൂ ആകെ തളർന്നു പോയിരുന്നു മയക്കത്തിലേക്കു വീണു പോയിരുന്നു…കാറിന്റെ ഗ്ലാസിൽ തട്ടുന്ന ശബ്ദം ആണ് വീണ്ടും ഞെട്ടി ഉണർത്തിയത്.ചുറ്റിനും ഇരുട്ടാണ്, ഡൈവിംഗ് സീറ്റിൽ ആരേയും കാണുന്നും ഇല്ല. തെല്ലൊന്നു പരിഭ്രമിച്ചു പോയി….
അപ്പോഴാണ് പുറത്തു നിന്നു ഗ്ലാസിൽ തട്ടിയ വിശ്വനാഥിനെ കണ്ടത്…പുറത്തേക്കു ഇറങ്ങുവാൻ ആംഗ്യം കാണിക്കുന്നതായ് തോന്നി.ഈ ഇരുട്ടിൽ ഇവിടെ….ആദ്യമൊന്നും മനസിലായില്ല.
വരുന്നതു വരട്ടെ എന്ന മട്ടിൽ ആണ് ഇറങ്ങിയത്…
എല്ലാം നഷ്ടപ്പെട്ടവൾക്ക് ഇനിയെന്തു ഭയക്കാൻ?!!
പതിയെ പുറത്തേക്കു ഇറങ്ങി. ചുറ്റിനും കണ്ണോടിച്ചപ്പോൾ മനസിലായി. റോഡരികിലുള്ള തട്ടുകടയ്ക്ക് മുന്നിലാണ് ഉള്ളതെന്ന്.പാതിരാത്രി വളരെ കുറച്ചു ഭക്ഷണശാലകളേ തുറന്നിരിക്കൂ.. അതിലൊന്നാവണം…
കുറച്ചു പേർ അവിടവിടയായ് ഇട്ടിരിക്കുന്ന കസേരകളിൽ ഇടം പിടിച്ചു ആവി പറക്കുന്ന ഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കുന്നുണ്ട്.ഈ രാവും തണുപ്പും റേഡിയോയിൽ നിന്നും ഒഴുകി പരക്കുന്ന ശാന്തതയാർന്ന സംഗീതവും ഇടയ്ക്കൊന്നോടി വരുന്ന തണുപ്പു ചേർത്ത രാക്കാറ്റും നിശബ്ദതയിൽ കുളിച്ചു നിൽക്കുന്ന പ്രകൃതിയുടെ മനോഹാരിതയും നുകർന്നു, അവരവരുടെ ഇഷ്ടഭക്ഷണം രുചിയോടെ ആസ്വദിക്കുന്നവർ…..
ജീവിതത്തിന്റെ ഈ ഒരു വശത്തെ കാഴ്ചയിൽ അവൾ സ്വയം മറന്നു നിന്നു.ആധിയും അല്ലല്ലും മാത്രമല്ലാതെ ഈ ഒരു നിമിഷം, ജീവിച്ചിരിക്കുന്ന ഈ ഒരേയൊരു നിമിഷത്തെ മാത്രം ചിന്തിച്ചു അത് ഏറ്റവും ആസ്വദിക്കുന്ന മനുഷ്യർ…ചിന്തകളിൽ വീണ്ടും ആഴ്ന്നു പോകവേ ആണ് വിശ്വനാഥ് അവളുടെ കൈ പിടിച്ചു ഒരു ഇരിപ്പിടത്തിനടുത്തേക്ക് കൊണ്ടു പോയത്.കണ്ണുകൾ കൊണ്ടു മൗനമായി അവിടെ ഇരിക്കുവാൻ പറയുകയായിരുന്നു അവൻ.
അവളും നിശബ്ദമായി അതു അനുസരിച്ചു….
അവളുടെ മനസ്സു മുഴുവൻ ആ രാത്രിയുടെ ആകർഷണീയമായ മനോഹാരിതയിൽ തങ്ങി നിന്നിരുന്നു….അവളെ അവിടെ ഇരുത്തി അവൻ കടയിലേക്കു നടന്നു. അൽപസമയത്തിനകം രണ്ടു പ്ലേറ്റുകളുമായി തിരിച്ചു വന്നു.ആ രണ്ടു പ്ലേറ്റിൽ നിന്നും ആവി പറക്കുന്നതു കാണാനായിരുന്നു….
ഒരു പ്ലേറ്റ് അവളുടെ മടിയിൽ വച്ചു കൊടുത്തു. അവന് അവന്റെ പ്ലേറ്റിലെ ഭക്ഷണം രുചിച്ചു തുടങ്ങി.
ദോശയും മുളകു ചട്നിയും ഉരുളക്കിഴങ്ങു മസാലയും….വെള്ളയും ചുവപ്പും മഞ്ഞയും നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രുചികരമായ ഭക്ഷണക്കൂട്ടിൽ നിന്നും കൊതിപ്പിക്കുന്ന ഗന്ധം വമിക്കുന്നുയിരുന്നു.
അവളത് നോക്കി ഇരുന്നതേയുള്ളൂ…”അതിന്റെ ഭംഗി കണ്ടുകൊണ്ട് ഇരിക്കുവാൻ അത് കാഴ്ച വസ്തുവല്ല ഭക്ഷണം ആണേ…അത് ചൂടോടെ കഴിച്ചില്ലെങ്കിലും ഈ തണുപ്പത്ത് പിന്നെ രുചി ഇല്ലാതെ ആവും….
രാവിലെ കഴിച്ചതേ തന്റെ ശരീരത്തിൽ നിന്നും ആവിയായി പോയിട്ട് സമയം കടന്നു..ഇനിയും ഉപവാസം ഇരിക്കുവാൻ ആണെങ്കിൽ നാളെ താൻ ഉണരുകയുണ്ടാവില്ല.തളർന്നു പോകും…വാശിയും ദേഷ്യവും മാറ്റി വച്ച് ഭക്ഷണം കഴിക്ക്…
പിന്നെ എന്നെ ചോദ്യം ചെയ്യാൻ ആണ് ഭാവം എങ്കിൽ ഞാൻ ആദ്യമേ പറഞ്ഞേക്കാം നടക്കില്ല…
എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്.നീയെനിക്ക് പണം തിരിച്ചു തന്നു ഒതുക്കാമെന്ന് കരുതണ്ട….
എന്റെ ജീവൻ നിന്നിൽ തുടിച്ചു തുടങ്ങിയ നിമിഷം തൊട്ടു അത് ഒരു ജീവൻ ആണ് അതിനെ ഇല്ലാതാക്കാൻ നിനക്കെന്താ അധികാരം…എനിക്കു നിന്റെ നഷ്ടപരിഹാരം വേണ്ട. എനിക്കെന്റെ കുഞ്ഞിനെ മതി.അതുകൊണ്ട് വാശി പിടിക്കാതെ ഇരുന്നു കഴിച്ചേ……’അവനതു പറയുന്നത് ഒരു നിസ്സഹായതയോടെ അവൾ കേട്ടു നിന്നു.
അവന്റെ കണ്ണുകളിൽ പതിയിരുന്ന കുസൃതിയും വാത്സല്യവും അവന്റെ ആഞ്ജാസ്വരം അവളിൽ നിന്നും മറച്ചു കളഞ്ഞു…വേറെ വഴിയില്ലാതെ കുറേശ്ശെ കുറേശ്ശെ അതു പിച്ചിപ്പറിച്ചവൾ വായിൽ വച്ചു തുടങ്ങി….
ആർക്കോ വേണ്ടി എന്നപോലെ ആണെങ്കിലും അതു അവൾ കഴിക്കുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ സന്തോഷം തോന്നി…അൽപ സമയത്തിനകം അവിടെ നിന്നും തിരിച്ചു കാറിൽ കയറി യാത്ര തുടർന്നു.കുറച്ചു ദൂരം സഞ്ചരിച്ചു കാർ ഒരു വീടിനു മുന്നിൽ ചെന്നു നിന്നു…ഇരുട്ടിൽ അവിടെ ഗേറ്റിനു ഇരു വശത്തുമായ് നീവല വെളിച്ചം പൊഴിച്ചു കൊണ്ടു രണ്ടു ലൈറ്റുകൾ കാണുന്നുണ്ട്.വിശ്വനാഥ് ഇറങ്ങി ഗേറ്റ് തുറന്നിട്ടു കാർ അകത്തേക്കു കയറ്റി.
അവളതിനുള്ളിൽ ഇനിയെന്താണ് നടക്കുന്നതെന്ന അങ്കലാപ്പിൽ തന്നെ ആയിരുന്നു.
മനസ്സ് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് പോലും അറിയാനാവാത്ത അവസ്ഥ.വിശ്വനാഥ് അപ്പോഴേക്കും കോളിങ് ബെൽ അടിച്ചിരുന്നു. അൽപ സമയത്തിനകം മുണ്ടും നേര്യതും ഉടുത്ത ഒരു സ്ത്രീ ഉറക്കച്ചടവോടെ പുറത്തു വരുന്നത് കണ്ടു.
അയാളെന്തൊക്കെയോ അവരോട് സംസാരിക്കുകയാണ്. അരണ്ട വെളിച്ചത്തിൽ യാതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല.കുറച്ചു നിമിഷങ്ങൾക്കു ശേഷം അവർ തനിക്കടുത്തേക്കു വന്നു കാറിന്റെ ഡോർ തുറന്നു തന്റെ കൈ പിടിച്ചു…അവൾ ആകെ അമ്പരന്നു നിൽക്കുക മാത്രം ചെയ്തു.
“മോൾക്ക് ന്നെ മനസിലായില്ല്യാന്നുണ്ടോ…
ഞാനിവന്റെ അമ്മ ല്ലേ…നീയ്യ് ആശൂത്രീല് വച്ച് ന്നെ കണ്ടതല്ലേ കുട്ട്യേ….ഞാനന്നേ ഇവനോട് പറഞ്ഞീർന്നു. മോളെ ആ ആശൂത്രീല് നിൽപ്പിക്കണ്ടാന്ന്…അവിടത്തെ ഗന്ധോം പരിസരോം…സ്വസ്ഥത ണ്ടാവില്യാ കുട്ട്യേ..ന്റെ മോൾ ഒട്ടും വിഷമിക്കണ്ട സ്വന്തം വീടാന്നു നിരീച്ചാ മതി…
നെന്റെ സ്വന്തം അമ്മേപ്പോലെ ആണ് വിളിക്കണേ, ഇറങ്ങി വാ മോളേ…”അവരുടെ സ്നേഹ സമൃണമായ സ്വരം അവളെ ഒട്ടൊന്നു ആശ്വസിപ്പിച്ചു.
അമ്മയുടെ അതേ ഭാവം നിറഞ്ഞു നിൽക്കുന്നു ഓരോ വാക്കുകളിലും…അത് അവളെ അവർ പറഞ്ഞതു അനുസരിക്കാൻ പ്രേരിപ്പിച്ചു.
മറുത്തൊന്നും പറയാതെ നിശബ്ദയായി അവളിറങ്ങി അവരെ അനുഗമിച്ചു വീടിനകത്തേക്കു നടന്നു.
ഒരിക്കൽ പോലും അവൻ അവന്റെ മുഖത്തേയ്ക്ക് നോക്കുകയുണ്ടായില്ല…ആ സമയം അവനെ അഭിമുഖീകരിക്കുവാൻ അവൾക്ക് ആവതുണ്ടായിരുന്നില്ല.നേരം ഒത്തിരി കടന്നിരുന്നു എങ്കിലും ആ അമ്മ അവൾക്ക് വേണ്ടതെല്ലാം ഉത്സാഹപൂർവ്വം ഒരുക്കി.കുറേ സമയം തണുത്ത വെള്ളത്തിൽ തന്നെ നിന്നു…എത്ര തണുത്തിട്ടും മനസ്സ് ചുട്ടു പൊള്ളുകയാണ്….എങ്കിലും കുളിച്ചിറങ്ങി.ഭക്ഷണം കഴിക്കാൻ അമ്മ നിർബന്ധിച്ചു. കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ ശാന്തമായ് കിടന്നു ഉറങ്ങാൻ പറഞ്ഞു….കിടന്നിട്ടും അവൾക്ക് ഉറങ്ങുവാൻ തോന്നിയില്ല എന്തോ വേദന…അനാഥത്വം ഇത്രമേൽ ഭീകരമായ അവസ്ഥ ആണെന്നത് ഇപ്പോൾ മനസിലാക്കുന്നു.അവളുടെ കണ്ണീർമുത്തുകൾ തലയിണയെ നനച്ചു.
എപ്പൊഴോ നിദ്രാദേവി കനിഞ്ഞു…..ഉറക്കത്തിലേക്ക് പ്രവേശിച്ചത് അവൾ അറിഞ്ഞിരുന്നില്ല.രാവിലെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത് ഉണർന്നിട്ടും അങ്ങനെ ഇരുന്നു. ഇനിയെന്താണ് എന്ന് നിശ്ചയം ഉണ്ടായിരുന്നില്ല.പ്രാതൽ കഴിച്ചു അടുക്കളയിലേക്ക് നടക്കവേ വീട്ടിലേക്കു തന്നെ തിരിച്ചു പോകണം എന്ന കാര്യം അവൾ ആ അമ്മയോടു പറഞ്ഞു….
എന്തായാലും ഇപ്പോൾ പോകണ്ട അവനോടു ചോദിച്ചിട്ടു പോയാൽ മതിയെന്ന് പറഞ്ഞു.അവസാനം ഗത്യന്തരമില്ലാതെ ആളുടെ അടുത്തേയ്ക്ക് തന്നെ ചെന്നു.ആൾ പുസ്തക വായനയിൽ മുഴുകി ഇരിക്കുന്നു.അത് കണ്ടപ്പോൾ എന്തോ സങ്കടം തോന്നി…ഇപ്പോഴും സ്റ്റെല്ലയ്ക്കു വേണ്ടി ആണോ….അതോ അവളുടെ ഓർമ്മകൾക്കോ??
“സർ,”പതിയെ മുരടനക്കി ഒന്നു വിളിച്ചു.
പുസ്തകത്തിൽ നിന്ന് തലയുയർത്തിയതേയില്ല ആൾ.വീണ്ടും ഒന്നു കൂടി വിളിക്കാൻ തോന്നി…
“സർ…..,””ന്റെ പേര് സാർന്നല്ല…”കണ്ണുകൾ പുസ്തകത്തിൽ തന്നെ പ്രതിഷ്ഠിച്ചു ഒരു കുനിഷ്ടു പിടിച്ച ഉത്തരം കിട്ടി….”പ്രായത്തിനു മൂത്തോരെ ഞാൻ എടാ പോടാ എന്നു വിളിക്കാറില്യ..
നന്നെ പഠിപ്പിച്ചിട്ടുണ്ട് കുറേ നാൾ അതാണ് അങ്ങനെ വിളിച്ചത്…””അപ്പോ വായ്ക്കകത്തു വിരലിട്ടു കുത്തിയാൽ നാവു പുറത്തു വരും അല്ലേ…
അതാണ് വേണ്ടത്…അല്ലാതെ ചടഞ്ഞു കൂടി നനഞ്ഞ കോഴിയെപ്പോലെ സംസാരിക്കുന്നതു കാണുന്നത് എനിക്ക് ഇഷ്ടം അല്ല.”
“ഞാനാരുടേം ഇഷ്ടങ്ങൾക്ക് അനുസരിച്ചു അല്ല സംസാരിക്കണേ…എനിക്കങ്ങനെ ആർടേം ഇഷ്ടാനിഷ്ടങ്ങൾ നോക്കാൻ മാത്രം ഒരു ബന്ധവുമില്ല.”അവളുടെ സംസാരത്തിൽ സങ്കടവും പരിഭവവും ദേഷ്യവും കലർന്നിരുന്നു.”ആയിക്കോട്ടെ ഇയാൾടെ ഇഷ്ടം പോലെ ആയിക്കോട്ടെ…
അല്ലാ ഇത് പറയാൻ ആണോ ഇപ്പോ വന്നത്?”
“അല്ല.എനിക്ക്…..എനിക്കെന്റെ വീട്ടിൽ തന്നെ പോണം. അതാണ് ന്റെ വീട്. ഞാനവിടെ ആണ് നിക്കണ്ടേ…അല്ലാതെ….ഇന്നലെ എനിക്ക് ഒന്നും അറിയില്ലായിരുന്നു അതുകൊണ്ട് എന്തോ കൂടെ വന്നു പോയി…ഞാൻ…ഞാനിപ്പോതന്നെപുറപ്പെടാണ്….”
“ആഹാ അത് താൻ ഒറ്റയ്ക്ക് അങ്ങു തീരുമാനിച്ചാൽ മതിയോ?തന്നെ ഇവിടെ കൊണ്ടുവന്നത് ഞാനാണ്. അപ്പോൾ ഞാൻ തീരുമാനിക്കും താൻ എപ്പോ പോകണം എന്ന്…പിന്നെ എന്നെ ധിക്കരിച്ചു പോകാനാണ് ഭാവമെങ്കിൽ എന്റേതൊക്കെ എനിക്ക് തിരിച്ചു തന്നേക്കണം….”കുസൃതിയോടെ മനസ്സിലാവാത്ത ഒരുതരം പുഞ്ചിരിയോടെ നിർത്തുമ്പോൾ അവൾ സംശയത്തോടെ അന്ധാളിച്ചു നിന്നു…. തന്നിരുന്ന പണത്തിന്റെ കാര്യമാണോ പറയുന്നത് എന്ന് ഒരുവേള അവൾ സംശയിച്ചു.”അതെ താൻ ആലോചിച്ച് തല പുണ്ണാക്കേണ്ട ഞാൻ കാര്യമൊന്നുമല്ല പറഞ്ഞത്.
തന്റെ കൂടെ വളരുന്ന ആ കുഞ്ഞില്ലേ അതേ അതെന്റെ ആണ്..
ആ കാര്യം മറന്നു പോകണ്ട..അതിന് എനിക്ക് തന്നെ തന്നേച്ചു പൊയ്ക്കോ…”കുറുമ്പോടെ അവനതു പറഞ്ഞു നിർത്തുമ്പോൾ തിരിച്ചു പറയാൻ അവൾക്ക് വാക്കുകൾ കിട്ടിയിരുന്നില്ല.എന്താണ് പറയേണ്ടത് എന്നറിയാതെ അവളവിടെ കുഴങ്ങി നിന്നു.”അപ്പോഴേ ഇവിടെ വന്ന് കാല് കഴയ്ക്കേണ്ട. തനിക്ക് കഴിയ്ക്കാനുള്ള ആഹാരവും ഗുളികയും എല്ലാം സമയാസമയം കഴിച്ചോ…അതൊക്കെ ഓർമ്മിപ്പിക്കാൻ ഞാൻ അമ്മയോട് പറയാം.
പിന്നെ ബോറടിക്കും ആണെങ്കിൽ ആ പുസ്തകഷെൽഫിലേക്ക് കൂടെ കണ്ണുകൾ കൊണ്ടു പോകാം….തനിക്ക് ദോഷമുണ്ടാക്കുന്ന കാര്യം ഒന്നും അല്ലാട്ടോ വായന…
പിന്നെ സംസാരിക്കണം എന്നുണ്ടെങ്കിൽ അടുക്കളയിൽ പോവാം അമ്മയോടൊപ്പം കൂടാം…
പ്രസവം എളുപ്പം ആക്കും കുറച്ചു വ്യായാമം ഒക്കെ….”ഒരു കൂസലുമില്ലാതെ അവൻ പറയുന്നത് കേട്ടു നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ…
രണ്ടാമതൊന്ന് കണ്ണുരുട്ടിയതോടെ അവൾ അകത്തേക്കു തന്നെ കയറിപ്പോയി..പതിയെ അവന്റെ അധരങ്ങളിൽ വർഷങ്ങൾക്കു മൂൻപ് അവൾ കണ്ടു ഭ്രമിച്ച ആ മനോഹരമായ മന്ദസ്മിതം മൊട്ടിട്ടു…..ദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു…സ്പന്ദനയ്ക്ക് വിശ്വനാഥ് പറയുന്നത് അനുസരിക്കാതെ വേറെ വഴി ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ അവൾ തുടർന്നു…
എത്രയും പെട്ടെന്ന് കുഞ്ഞിനെ കൈമാറി ജീവിതം അവസാനിപ്പിക്കണം എന്ന് തന്നെ അവൾ അപ്പോഴും നിനച്ചു.അതുകൊണ്ടുതന്നെ അവൻറെ കുസൃതിയോടെയുള്ള സംസാരവും കുറുമ്പും ഒക്കെ അവൾ അവഗണിച്ചു…അവളെ പഴയപടി പ്രസരിപ്പുള്ളവളാക്കാൻ അവൻ ആഗ്രഹിച്ചു….
പ്രണയം അല്ലെങ്കിലും അവളോട് ഒരു വാത്സല്യം മനസ്സിൽ നിറയുന്നതായ് അവനെപ്പോഴൊക്കെയോ തോന്നിയിരുന്നു….ഇടയ്ക്കൊന്നു ശാസിക്കാൻ…
ചേർത്തു പിടിക്കാൻ…മുന്നോട്ട് തളരാതെ നയിക്കാൻ….പേരറിയാത്തൊരു വികാരം…..
നാളുകൾ ഓരോന്നായി കൊഴിയവേ സ്പന്ദനയുടെ ശാരീരക പ്രയാസങ്ങൾ ഏറി…രൂപത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി…
അവളോട് പ്രസവം അടുക്കും വരെ തുടർന്നു സ്കൂളിൽ പോകാൻ വിശ്വനാഥ് പറഞ്ഞു.അവന്റെ വാക്കുകൾ അവൾ അനുസരിക്കുവാൻ മടി കാണിച്ചുവെങ്കിലും അവസാനം അവന്റെ കർശനമായ ആഞ്ജയിൽ അവൾ തോൽവി സമ്മതിച്ചു.അവൾ വീണ്ടും സ്കൂളിൽ പോയി തുടങ്ങി.രാവിലെയും വൈകിട്ടും വിശ്വനാഥ് അവളെ സ്കൂളിൽ എത്തിക്കുന്നത് അവൾ പലവട്ടം എതിർത്തിട്ടും അവനതു കാര്യമാക്കാറില്ല.അവളുടെ കൂർത്ത നോട്ടങ്ങൾക്കു അവനിൽ നിന്നും മറുപടി ഒരു നേർത്ത പുഞ്ചിരിയോ ഗൗവരവമാർന്ന നോട്ടമോ മാത്രം ആയിരുന്നു.
അതൊക്കെ കാണുമ്പോൾ ഇടക്കു മനസ്സൊന്നു പതറുമെങ്കിലും അവന്റെ മനസ്സിന്നും മറ്റൊരുവളിൽ തടഞ്ഞു നിൽക്കയാണ് എന്ന ബോധം അവളുടെ ഉള്ളിൽ മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കും…..
മുൻപ് ഒരു വട്ടം ആഗ്രഹിച്ചു വേദനിച്ചതാണ്….
ഇനിയും അതു വയ്യ……അവളുറച്ചു തീരുമാനിച്ചു….
…………തുടരും……….
(ഞാൻ പറഞ്ഞിരുന്നു ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ചുരുങ്ങിയ സമയം ആണ് എഴുതാൻ കിട്ടുന്നത്. വളരെ ആലോചിച്ചു എഴുതേണ്ട ഒന്നാണ് ഈ ഭാഗങ്ങൾ എല്ലാം. അല്ലെങ്കിൽ പടിക്കൽ കൊണ്ട് കലമുടച്ച മാതിരി ആകും. അതാണ് വൈകുന്നത്.
സ്പന്ദനം അടുത്ത ഭാഗത്തോടെ കൂടിയാൽ രണ്ടു ഭാഗങ്ങളോടെ അവസാനിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഇനിയും നീട്ടിയാൽ കഥയുടെ ഇടവേളകൾ നിങ്ങൾക്ക് അരോചകമാവും. ഈ ഭാഗം തിരക്കിട്ട് എഴുതിയതാണ്. അറിയില്ല ശരിയായോ എന്ന്.
തെറ്റുകൾ ദയവായി ക്ഷമിക്കുമല്ലോ❤️❤️❤️
രണ്ടു വരി എനിക്കായി കുറിക്കൂട്ടോ….🙏
ഗായത്രി ❤️)
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by