24/04/2026

സ്പന്ദനം : ഭാഗം 22

രചന : ഗായത്രി സുരേന്ദ്രൻ

തനിക്കും ഏറെക്കുറെ എനിക്കും ഇപ്പോൾ സംസാരിക്കുക എന്നത് വളരെ വലിയ ആശ്വാസം ആയിരിക്കും.ചെറിയ ജീവിതം അല്ലേ….
തിരുത്തേണ്ടത് അപ്പപ്പോൾ തിരുത്തണം വൈകാൻ മാത്രം സമയം കിട്ടിയെന്ന് വരില്ല.സംസാരിക്കണം പക്ഷേ ഇനിയും ഈ ഭക്ഷണത്തിന്റെ മുന്നിൽ നിന്നു വെറുതെ സംസാരിച്ചാൽ അതു വല്ലാതെ തണുത്തു പോകും….എനിക്കു വിശപ്പുണ്ടേ…..”അവളുടെ ചുണ്ടുകൾ വിടർന്നു. കണ്ണുകളിൽ പ്രകാശം നിറഞ്ഞു.ഏറെ നാളുകൾക്കു ശേഷം അവൾ മറ്റൊന്നും ആലോചിക്കാതെ സമാധാനമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു…..
അവളുടെ മനസ്സും അതിനകം നിറഞ്ഞിരുന്നു…..

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്കൊന്നു പുറത്തേയ്ക്കു പോകണം എന്നുണ്ടായിരുന്നു….
ഒത്തിരി നാളുകളായി ഒരു മുറിക്കുള്ളിൽ കഴിയുന്നതിന്റെ അസ്വസ്ഥത അവളിൽ നിറഞ്ഞിരുന്നു.പുറത്തു ഇറങ്ങുക കുറച്ചൊന്നു നടന്നു വരിക. അത്രമാത്രം.മടിച്ചു മടിച്ചാണെങ്കിലും ആളോട് പോയി ചോദിച്ചു.ചോദിക്കുവാൻ മറ്റാരും ഇല്ല എന്നതാണ് സത്യം.തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ തന്നെ കൂടെ അടുത്തുള്ള സ്റ്റോപ്പിൽ ഇറക്കാമോ എന്നാണ് ചോദിച്ചത്.വീട്ടിൽ പോകാൻ ആയിരിക്കും എന്നാകണം ആൾ കരുതിയത് അതുകൊണ്ട് വീട്ടിൽ കൊണ്ടു ചെന്നു തിരിച്ചു ആക്കാം എന്ന് പറഞ്ഞു.

ഏറെനാൾ കൂടി പോകാൻ ഒരു അവസരം കിട്ടിയതിന്റെ പേരിൽ നിരസിച്ചില്ല.ഇവിടെ അഭിമാനപ്രശ്നം ഒന്നും ഇല്ലെന്ന്തോന്നി.അതുകൊണ്ട് ആൾക്കൊപ്പം മുറി പൂട്ടിപുറത്തിറങ്ങി.കാറെടുത്താണ് വന്നത്. മുന്നിൽ ഒപ്പം ഇരിക്കുവാൻ മനസ്സ് അനുവദിച്ചില്ല അതുകൊണ്ട് പിറകിലേയ്ക്ക് കയറി.ഒപ്പം ഇരിക്കുവാൻ വിശ്വനാഥ് പറഞ്ഞതും ഇല്ല.ഒത്തിരി നാൾ കൂടി പുറത്തേയ്ക്കു ഇറങ്ങുന്നതിന്റെ സന്തോഷം അവളിൽ നിറഞ്ഞിരുന്നു.കാറിനു പുറത്തേയ്ക്കു കണ്ണുകൾ വിടർത്തി കാഴ്ചകൾ ഓരോന്നായി പുതമയെന്ന പോലെ അവൾ ആസ്വദിച്ചു….നഗരത്തിന്റെ തിരക്കുകളിൽ നിന്നും പരിചിതമായ പാതകളിലേക്ക് കാറിന്റെ ഗതി മാറിത്തുടങ്ങിയപ്പോൾ എവിടുന്നോ നേർത്ത ഗദ്ഗദം ചുണ്ടുകൾക്കിടയിൽ തങ്ങി നിന്നു.

ഗ്രാമപാതയിലൂടെ സഞ്ചരിക്കവേ പഴയ സ്പന്ദ അവിടെ എവിടെയോ ഇപ്പോഴും കളി പറഞ്ഞു ചിരിച്ചു നടക്കുകയാണെന്ന് തോന്നി…ശരീരം മാത്രമേ തന്റെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നുള്ളൂ…പകുതി മനസ്സ് ഇവിടെയും പകുതി പാർവ്വതിക്കും അടുത്തു ആയിരുന്നു.നെൽപ്പാടങ്ങളിൽ രണ്ടാമതു കൃഷി തുടങ്ങിയിരുന്നു.എല്ലാം പഴയതു പടി ആയിരുന്നെങ്കിൽ ഇന്നു വീട്ടിൽ നല്ല മേളം ആയിരുന്നേനെ….കണ്ണുനീർത്തുള്ളികൾ അവളോട് വീണ്ടും അനുസരണക്കേടു കാട്ടിത്തുടങ്ങിയിരുന്നു….
കാർ നിർത്തി വിശ്വനാഥ് അവളെ പേരെടുത്തു വിളിച്ചപ്പോഴാണ് വീടിനു അടുത്തുവരെ ഉള്ള റോഡിൽ വണ്ടി നിർത്തിയിരിക്കുന്നത് അവളറിഞ്ഞത്….
വീട്ടിലേയ്ക്ക് ഒപ്പം ആളും അനുഗമിച്ചു. അവിടം വരെ കൊണ്ടു വിട്ടു.തിരികെ പോരുമ്പോൾ വിളിക്കാൻ പറഞ്ഞു ആൾ തിരിച്ചു നടന്നു.

മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. വീടു കുറേ ദിവസങ്ങളായി അടച്ചിരുന്നത് കാരണം പൊടിയും മാറാലയും പിടിച്ചു കിടന്നിരുന്നു.മുറ്റവും മുറികളും ഒക്കെ ആകെ ഒന്നു തൂത്തു തുടച്ചു വൃത്തിയാക്കി മാറാലകൾ ഒക്കെ തട്ടി.അടുക്കള വൃത്തിയാക്കി അല്പം പൊടിയരിക്കഞ്ഞി ഉണ്ടാക്കായെടുത്തു. കുറച്ചു ചമ്മന്തിപ്പൊടിയും.തിരിച്ചു പോകുമ്പോൾ കൂടെ കൊണ്ടു പോകാമല്ലോ. സ്വയം ഉണ്ടാക്കി ഭക്ഷണം കഴിച്ചു കാലങ്ങൾ ആയതുപോലെ. വീട്ടിലുണ്ടാക്കുന്ന എന്തെങ്കിലും കഴിക്കാൻ അത്രത്തോളം കൊതിയുണ്ട്…..കുറച്ചുനേരം അച്ഛനുറങ്ങൂന്നിടത്തു പോയി നിന്നു .അധികസമയം നിൽക്കാൻ മനസ്സ് അനുവദിച്ചില്ല.

ഒരുപക്ഷേ തളർന്നു പോയാലോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു…..തിരിച്ചിറങ്ങുമ്പോൾ താഴത്തേക്ക് വൈകുന്നേരമായി കഴിഞ്ഞിരുന്നു.
സാറിനെ വിളിച്ചു.വണ്ടി പാർക്ക് ചെയ്തിട്ട ഇടത്തേക്ക് വന്നോളാൻ പറഞ്ഞു.കുറച്ചു വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ഉണ്ടാക്കിയ ഭക്ഷണവും ഒക്കെ എടുത്തു.റോഡിലേക്ക് എത്തുമ്പോഴേക്ക് കാർ സ്ഥലത്തുതന്നെ ഉണ്ടായിരുന്നു.ഇത്രനേരവും ആൾ കാത്തിരിക്കുകയായിരുന്നോ എന്ന് മനസ് തന്നോടു തന്നെ ചോദിച്ചു.കാറിൽ കയറി സാധനങ്ങളൊക്കെ ഭദ്രമായി അടച്ചതിനുശേഷം പോകാമോ എന്ന് ആൾ ചോദിച്ചു.ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടി.
അപ്പോഴവൾക്ക് അച്ഛനൊപ്പം പുറത്തു കറങ്ങാൻ പോയി മനസ്സു നിറഞ്ഞു തിരിച്ചു വീട്ടിലേക്കു പോകുന്ന കുട്ടിയുടെ പുഞ്ചിരി ആയിരുന്നു.

ഹോസ്പിറ്റലിൽ തിരിച്ചു എത്തി. റൂമിൽ സാധനങ്ങളൊക്കെ എടുത്തു വയ്ക്കാൻ ആളും സഹായിച്ചിരുന്നു. എല്ലാം കഴിഞ്ഞു ആൾ തിരിച്ചു പോകാൻ ഉള്ള ഒരുക്കം ആണ്..മനസ്സിലെ ചില ചോദ്യങ്ങൾ ചോദിക്കാൻ ഇതിലും നല്ല സമയം മറ്റൊന്നില്ല എന്ന് അവൾക്ക് തോന്നി.
കാരണം ആളിപ്പോൾ ശാന്തമായ ഒരു അവസ്ഥയിലാണ്….പലതും അറിയാൻ ഉള്ളിൽ ഇപ്പോഴും ഒത്തിരി ആഗ്രഹം ഉണ്ട്.സ്പന്ദനാ, ഞാൻ ഇറങ്ങുവാണ്.നാളെ മുതൽ കോളേജിൽ പോകണം.
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം രാവിലെപോകുംമുന്നേവരാം….””സർ,………”അവൾ രണ്ടും കൽപ്പിച്ചു ചോദിക്കുവാൻ തന്നെ തീരുമാനിച്ചു.

“എന്താടോ…. എന്തേലും പറയാൻ ഉണ്ടോ…..”
“അത്………സർ ഇപ്പോ പോയിട്ട് അത്യാവശ്യം ഉണ്ടായിരുന്നോ….എനിക്ക് അൽപം സംസാരിക്കാൻ ഉണ്ടായിരുന്നു….തിരക്കില്ല എങ്കിൽ……..”
എന്താടോ….താൻ പറഞ്ഞോളൂ….എനിക്ക് കുഴപ്പമൊന്നുമില്ല.””ബാൽക്കണിയിൽ ഇരിക്കാം സർ…..”അവൾ ഒരു മറുപടിയ്ക്കു കാത്തുനിൽക്കാതെ ബാൽക്കണിയിലേക്ക് നടന്നു.
സന്ധ്യാസമയത്തിന്റെ എല്ലാ ഭംഗിയോടു കൂടിയും അന്തരീക്ഷം മനോഹരമായിരുന്നു.കിളികളുടെ ചെറിയ ശബ്ദങ്ങളും ദൂരെ ഏതോ ക്ഷേത്രാങ്കണത്തിൽ നിന്നും ഒഴുകിയെത്തുന്ന അവ്യക്തമായ ഏതോ ഭക്തി ഗാനവും ഒക്കെയും അതിനു ചേർന്നു നിന്നതായ് തോന്നി.”സ്പന്ദന…..”പിറകിൽ നിന്നും ആളുടെ വിളി വന്നു.

“സർ ഞാൻ ചോദിക്കുന്നത് അരുതാത്തത് ആണെങ്കിൽ എന്നോട് നീരസം തോന്നരുത്….
കുറച്ചു സംശയങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. അത് ചോദിക്കാതെ വിടാൻ മനസ്സ് അനുവദിക്കുന്നില്ല.
സർ തന്ന സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്യുന്നതായ് തോന്നരുത്,അന്നു വിവാഹം ഉറപ്പിച്ചതായിട്ട് ഞാൻ അറിഞ്ഞിരുന്നു
പക്ഷേ പിന്നീടൊന്നും അറിഞ്ഞിരുന്നില്ല അറിയണം എന്നു തോന്നിയും ഇല്ല. അതൊന്നും ആലോചിക്കാനുള്ള മനസ്ഥിതിയിൽ ആയിരുന്നില്ല.
സർ അന്ന് പറഞ്ഞത് അക്ഷരം പ്രതി ഞാൻ അനുസരിച്ചിരുന്നു.പഠനം കൂടുതലായി ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.

അന്നും ഇന്നും എനിക്ക് നിങ്ങളുടെ സമാധാനമോ സന്തോഷമോ കെടുത്തിക്കൊണ്ട് ഒന്നും വേണ്ട. പക്ഷേ ചിലതൊക്കെ അറിയണം എന്ന്…..
ഇത് എന്റെ ജീവിതം അല്ല എങ്കിലും എന്തോ…..”
കുറച്ചു സംശയിച്ചു സംശയിച്ചു ആണെങ്കിലും ഒരു നിമിഷം അവൾ മൗനം കൈവരിച്ചു.”അന്നാ വിവാഹം……..ഞാൻ അന്നൊരിക്കൽ കണ്ടിരുന്നു ഇയാളെകാണാൻവന്നആപെൺകുട്ടിയെ..അതല്ലായിരുന്നോ പ്രണയിച്ച ആൾ???എന്നിട്ടും എന്തുകൊണ്ട്??………”എങ്ങനെയൊക്കെയോ അവളതു ചോദിക്കുക തന്നെ ചെയ്തു.

“ഈ ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു സ്പന്ദന…..
എനിക്കറിയാമായിരുന്നു നീയിത് അറിയാൻ ആഗ്രഹിക്കുന്നുവെന്ന്..പറയാൻ എനിക്കൊട്ടും ആഗ്രഹം ഉണ്ടായിട്ടില്ല. പക്ഷേ എന്തോ പറയുന്നത് കൊണ്ട് ഞാനും ഒരു ആശ്വാസം തേടുന്നുണ്ട്….
ഭാരം ഒരു നിമിഷം മനസ്സിൽ നിന്നും ഇറക്കി വയ്ക്കാൻ…നീ പറഞ്ഞതൊക്കെയും ശരിയാണ്…
പ്രണയമായിരുന്നു…അല്ല, ജീവിതം ആയിരുന്നു എനിക്ക്…..അവൾ ഉള്ളിൽ ഉള്ളതുകൊണ്ട് മറ്റൊന്നും എന്നെ സ്പർശിച്ചതേയില്ല. ഇന്നും…..
തന്നെപ്പോലും ഞാൻ അങ്ങനെയേ കരുതിയുള്ളൂ…
ദേഷ്യം തോന്നിയിരുന്നു ഒത്തിരി. പിന്നീട് അതൊക്കെ പക്വതക്കുറവായ് കണ്ടു വിട്ടു.

അവൾ…….സ്റ്റെല്ല, അക്ഷരങ്ങളെയും പുസ്തകങ്ങളെയും കൂടപ്പിറപ്പായി കരുതിയവൾ….
എന്നെ അവളിലേയ്ക്ക് അടുപ്പിച്ചതും അവളുടെ പുസ്തകങ്ങളോടും കഥകളോടുമുള്ള ഭ്രാന്തമായ അഭിനിവേശമായിരുന്നു.ഞാൻ പിജി അവസാനവർഷം ചെയ്യുകയായിരുന്നു. അതേ സമയം തന്നെ അദ്ധ്യാപനത്തിനു വേണ്ടിയുള്ള യോഗ്യതാ പരീക്ഷയ്ക്കും തയ്യാറെടുത്തു കൊണ്ടിരുന്നു.എത്രയും പെട്ടെന്ന് ഒരു ജോലി അതെന്റെ സ്വപ്നം തന്നെ ആയിരുന്നു.പരിശീലനത്തിനു വേണ്ടി ലൈബ്രറിയിൽ നിന്നു പഠനത്തിനു വേണ്ടിയുള്ള പുസ്തകങ്ങൾ നിത്യവും എടുക്കുവാൻ പോകുമായിരുന്നു.

അപ്പോഴൊക്കെയും അവിടെ എന്നും ഒരു മാറ്റവും ഇല്ലാതെ കണ്ടിരുന്നത് അവളെ ആയിരുന്നു.
വേഷങ്ങൾ മാറുന്നതല്ലാതെ ലൈബ്രറിയിലെ ഒരേ ഇരിപ്പിടത്തിൽ ഒരേ ഭാവത്തോടെ എന്നും കാണാറുണ്ടായതിനാൽ ആകണം അവളോട് ചെറുതായ കൗതുകം തോന്നി തുടങ്ങി.അവളീ ലോകത്ത് ഒന്നും ആയിരുന്നില്ല അവൾക്ക് ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കുമായിരുന്നില്ല.
അക്ഷരങ്ങൾക്കു നടുവിൽ അവൾ അവളെത്തന്നെ മറന്നു.എല്ലാം ഒഴിവ് നേരങ്ങളിലും അവളവിടെ വന്നു.
കൗതുകത്തിന് ആണെങ്കിലും അവളെ കാണാനായി ഞാനും.ചെറുതായി എന്തൊക്കെ കുത്തിക്കുറിക്കുമായിന്നത് കൊണ്ട് അവൾക്കു വേണ്ടി എന്നതു പോലെ ആ വർഷത്തെ കൈയ്യെഴുത്തു മാസികയിൽ ഞാനൊരു പ്രണയംനിറഞ്ഞ കവിത എഴുതി….

സത്യം പറഞ്ഞാൽ അതൊക്കെ എനിക്ക് ഇപ്പോൾ അത്ഭുതമാണ്….ഞാൻ ആഗ്രഹിച്ചത് പോലെ അവളതു വായിച്ചു.ഒത്തിരി ഇഷ്ടപ്പെട്ടു, എഴുതിയ എന്നെ തേടി അവൾ വന്നു.അഭിനന്ദനങ്ങൾ പകർന്നു നൽകി.അവളുമായി ചെറിയൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ എനിക്ക് ആയി….അവിടെ ഡിഗ്രി ആദ്യ വർഷം ആയിരുന്നു അവൾ….
മലയാളം തന്നെ ആയിരുന്നു…അവളും എഴുതുമായിരുന്നു നുറുങ്ങു കവിതകൾ.
എന്തെങ്കിലും ഒന്നു വായിച്ചു തുടങ്ങിയാൽ പിന്നെ ഭക്ഷണമോവെള്ളമോപോലുംവേണമെന്നുണ്ടാകില്ല…അങ്ങനെയൊരു പെണ്ണ്…..”അയാൾ ഒന്നു ചിരിച്ചു…. അപ്പോൾ അതേ സമയം കണ്ണുകൾ സജലങ്ങളായിരുന്നു…എങ്കിൽപോലും ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ ഇരുന്നു. സ്പന്ദനയ്ക്ക് ഹൃദയം നീറും പോലെ തോന്നി… അയാളുടെ വേദനകളിൽ അവളും നോവും പോലെ.

“പിറ്റേന്ന് ഞാൻ അവൾക്കു ലൈബ്രറിയിൽ വച്ച് ഒരു കവിതയെഴുതി സമ്മാനിച്ചു…..അതിനടുത്ത ദിവസം മറുപടിയെന്നോണം അവൾ എനിക്കും ഒരു നാല് വരി കവിത എഴുതി നൽകി….മനോഹരമായിരുന്നു അവളുടെ ഓരോ വാക്കുകളും വരികളും….
അവളും അതെ….കൊലുന്നനെ ചിരിച്ചു കൊണ്ടല്ലാതെ കാണുകയില്ല.ഇടയ്ക്കു കുഞ്ഞു കുട്ടികളുടെ മാതിരി ചിണുങ്ങും….അതിലേറെ ചിരിക്കും….അതൊക്കെ അവൾ അവളുടെ ദുഃഖങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്ന വിദ്യ ആണെന്ന് പിന്നീട് എനിക്കു മനസിലായി……പിന്നീട് എല്ലാ ദിവസവും ലൈബ്രറിയിൽ വെച്ച് അവളെ കാണാൻ തുടങ്ങി… ചെറു കവിതകളിലൂടെ ഞങ്ങൾ സൗഹൃദം കൈമാറി. ഒരുപാട് അടുത്തറിഞ്ഞു….

എല്ലായ്പ്പോഴും അവൾ വായിച്ച് ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അവൾ എനിക്കായി സമ്മാനിക്കുകയായിരുന്നു. അതെന്നും അങ്ങനെ ആയിരുന്നു…അവൾ എന്നിൽ നിന്ന് മായും വരേയ്ക്കും…..ഒരിക്കൽ അവൾ എനിക്ക് അവളുടെ വീടും ലോകവും കാട്ടിത്തരാം എന്നു പറഞ്ഞു. ഒരു ദിവസം ഞാനവിടെ അവൾക്കൊപ്പം ചെന്നു…തണൽ…..അതായിരുന്നു അതിന്റെ പേര്….ചെറുതോ വലുതോ വ്യത്യാസമില്ലാതെ ഒത്തിരി പേർ ….ആരോരുമില്ലാത്ത ആശ്രയമില്ലാത്ത മേൽവിലാസങ്ങൾ ഒന്നുമില്ലാത്ത മനുഷ്യർ….അനാഥത്വം കവർന്നെടുത്ത ബാല്യങ്ങൾ.
അവളും അവരിൽ ഒന്നായിരുന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ പൊള്ളിച്ചു….പക്ഷേ അവളുടെ ചുണ്ടിൽ അപ്പോഴും മായാത്ത പുഞ്ചിരി തങ്ങി നിൽപ്പുണ്ടായിരുന്നു ഉത്സാഹപൂർവ്വം അവരെ എല്ലാവരെയും എന്നെ പരിചയപ്പെടുത്തി.

അവളെ ഒത്തിരി സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
അതുവരെ തോന്നിയ വേദനകളെല്ലാം മാഞ്ഞു സന്തോഷം തോന്നി. അവൾക്ക് ഒരുപാടുപേർ ഉണ്ടല്ലോ…..പിന്നെയും ഞങ്ങൾ ഒത്തിരി ദിനങ്ങളിൽ കണ്ടു മുട്ടി…എല്ലാ കൂടിക്കാഴ്ചയും ഒരേ സ്ഥലത്തായിരുന്നു കുറെയേറെ പുസ്തകങ്ങൾക്ക് നടുവിൽ….അവളുടെ ലോകം തന്നെ അതായിരുന്നല്ലോ….അവസാനം ഞാൻ അവിടുന്ന് പോകും മുൻപ് എന്റെ പഠനം പൂർത്തിയായന്ന്…
യാത്ര ചോദിക്കാൻ വീണ്ടും അവിടേക്ക് ചെല്ലുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പിയിരുന്നു.യാത്രാനുവാദം എന്നോണം ഞാനവൾക്ക് വീണ്ടുമൊരു കവിത നൽകി…അന്നാദ്യമായി അവൾക്കായി കൈയെഴുത്തു മാസികയിൽ ഞാൻ എഴുതിയ അതേ കവിത….

പ്രണയം നിറച്ച അതേ കവിത…..അതിനു താഴെ കുറച്ചു വരികൾ കൂടെ കൂടുതലായി ഞാൻ ചേർത്തിരുന്നു….ഞാനാകുന്ന വരികളിൽ നിറഞ്ഞതിനെ ഞാൻ തേടിയെത്തി…ഈ വരികളിൽ മഷിയാറും മുൻപേ….ഈ കവിത തീരും മുൻപേ എന്റെ ഈണമാകാൻ നീ ചേരുക…..”
അതായിരുന്നു ഒന്നു പ്രണയം പകുത്തുനൽകിയ നിമിഷം…..അതിനു മുന്നേ എപ്പോഴൊക്കെയോ ഞാൻ പ്രണയം അവൾക്കായി സമ്മാനിച്ചിരുന്നു അവളറിയാതെ……അവളുടെ മൗനത്തിൽ വിരിഞ്ഞ ഞങ്ങളുടെ പ്രണയം…..പിന്നീടങ്ങോട്ട് ഒരു ശാന്തമായ പുഴ പോലെ…..പറയാനേറെയുണ്ട്. അവളുടെഓർമ്മകൾഎന്നെവാചാലനാക്കുകയാണ്….

വീണ്ടും നാലു വർഷങ്ങൾ……അതിൻറെ ഓരോനിമിഷവും അത്രമേൽ മനോഹരമായിരുന്നു….
പെട്ടന്നു തീർന്നു പോകും പോലെ….എല്ലാം ഞങ്ങളുടെ സന്തോഷം പോലെ തന്നെ ആയിരുന്നു.
അമ്മയുടെ സമ്മതത്തോടു കൂടി അവളുടെ അധികാരപ്പെട്ടവരിൽ നിന്ന് അനുവാദം മേടിച്ചു വിവാഹം ഉറപ്പിച്ചു…അവൾക്കു എന്റെ പ്രണയത്തിന്റെ മുദ്രണം എന്നപോലെ പൊന്നിൻ നൂലു അണിയിക്കുവാൻ വേണ്ടി ഒരുമിച്ചു അത് തിരഞ്ഞെടുക്കുവാൻ പോയി….ഇഷ്ടമുള്ളത് അവൾ തന്നെ ചൂണ്ടിക്കാട്ടി തന്നിരുന്നു….നിറഞ്ഞ മനസ്സോടെ തിരികെ വരുമ്പോൾ എന്റെ പിറകിൽ എന്നോടൊപ്പം ഉണ്ടായിരുന്നു….

എന്നെ അവൾ കൈകൾ കൊണ്ടു മുറുകെ പിടിച്ചു വച്ചിട്ടുണ്ടായിരുന്നു. ഇനിയൊന്നിനും വിട്ടു കൊടുക്കില്ലെന്ന പോലെ….നിയന്ത്രണം വിട്ടു വന്ന ഒരു ചരക്കുലോറി അത് എന്നിൽ നിന്നും അവളെ പറിച്ചെടുത്തു എന്നെ വിഢിയാക്കി…..അവളുടെ ഹൃദയം നിലച്ച നിമിഷം ഞാനടുത്തുണ്ടായിരുന്നു….
അവളുടെ രക്തത്തുള്ളികൾ എന്റെ ചോരയിൽ ലയിച്ചു മണ്ണിൽഇഴുകിച്ചേർന്നിരുന്നു….അവളോടൊപ്പം ചേരാൻ പക്ഷേ എന്നെ അനുവദിച്ചില്ല….
ഞാൻ നിസ്സഹായതയുടെ അവസാനത്തെ പടിയിൽ തളർന്നു പോയിരുന്നു…..എന്റെ പ്രണയത്തെ ജീവിതത്തെ എല്ലാം ആ ഒരു നിമിഷം വിധി കാൽക്കീഴിലിട്ടു ചതച്ചരച്ചു എന്നെ നിലയില്ലാക്കയത്തിലേക്കു തള്ളിയിട്ടു…………….”

……തുടരും……………

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)