22/04/2026

സ്പന്ദനം : ഭാഗം15

രചന : ഗായത്രി സുരേന്ദ്രൻ

അന്നു സാറും കടുംപിടുത്തം പിടിച്ചത് അതിനു വേണ്ടി ആയിരുന്നില്ലേ…..എന്നിട്ടു താനോ….മനസ്സിൽ അതു ഓർമ്മകളായ് നിറഞ്ഞു മായാത്ത മുറിവുകൾ സൃഷ്ടിക്കുന്നതിൽ അവൾ അസ്വസ്ഥയായി…..
ഋതുക്കൾ മാറിമറയവേ താൻ പുതിയ വാതായനങ്ങൾക്കു നേരെ തുഴഞ്ഞടുക്കുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല….അവൾ ആ നൗകയിലെ വൈഭവമൊന്നും അവകാശപ്പെടാനില്ലാത്ത ഉടമസ്ഥയായിരുന്നു. അവൾ സ്വസ്ഥമായിരുന്നു.
ചുഴികളും തിരമാലകളും കാറ്റും കോളും നിറഞ്ഞ സമുദ്രത്തിലേയ്ക്ക് ജീവിതനൗക പതിക്കുന്നതറിയാതെ….

ഓരോ സെമസ്റ്ററുകളായി കടന്നുപോയ്ക്കൊണ്ടിരുന്നു.
ആദ്യത്തെ വർഷം കഴിഞ്ഞു രണ്ടാമത്തെ വർഷത്തിലേക്ക് കടക്കുമ്പോഴേക്കും ക്ലാസിലെ എല്ലാവരുമായും സൗഹൃദം അവൾ ഉണ്ടാക്കിയെടുത്തു.പാറുവിനു അച്ഛൻ വീണ്ടും കല്യാണ ആലോചനകൾ നോക്കിത്തുടങ്ങി.
ഒരു വർഷം കൂടെ കഴിഞ്ഞെങ്കിലേ സമയം ശരിയാകൂ എങ്കിലും അച്ഛനിപ്പോൾ വെപ്രാളം കൂടുതലാണ്…..ബി എഡ് കഴിഞ്ഞു നാട്ടിലെ തന്നെ ഏതെങ്കിലും സ്കൂളിലേക്ക് പറഞ്ഞുവയ്ക്കാം എന്നാണ് അച്ഛന്റെ പക്ഷം. അല്ലെങ്കിലും ഇനി അച്ഛനേയും പാറുവിനെയും വിട്ടു എങ്ങോട്ടും പോകില്ല .

അവർക്കൊപ്പം അവിടെ ആ കുഞ്ഞു സ്വർഗ്ഗത്തിൽ ജീവിച്ചു മരിച്ചാൽ മതി ഇനി.ആദ്യവർഷത്തേക്കാൾ പഠനം കൂടാതെ പ്രാക്ടീസും ഉണ്ടായിരുന്നു. കോളേജിനടുത്തുള്ള സ്കൂൾ തന്നെയാണ് കിട്ടിയത്.
എട്ടാം ക്ലാസിനായിരുന്നു ക്ലാസെടുക്കേണ്ടിയിരുന്നത്. കോളേജിലെ ഒന്നു രണ്ടു പേരും ഉണ്ടായിരുന്നു കൂടെ.
ആ ദിവസം സാരി ഒക്കെ ഉടുത്ത് ഇറങ്ങിയപ്പോൾ താനല്ല ഇത് മറ്റൊരാളാണെന്ന ഒരു തോന്നൽ…..
എന്തുകൊണ്ടോ ക്ലാസിൽ ആദ്യമായി കുട്ടികൾക്ക് മുമ്പിൽ അഭിമുഖീകരിച്ചു പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ വിശ്വനാഥ് സാറിനെ ഓർമ വന്നു…

ഓർമ്മകളുടെ നഖക്ഷതങ്ങൾ മുറിവേൽപ്പിക്കാൻ തുടങ്ങും മുന്നേ അവൾ അവൾ പാഠഭാഗങ്ങൾ എടുക്കുവാൻ തുടങ്ങി.രസകരമായിരുന്നു അധ്യയനകാലഘട്ടം കളിയും ചിരിയും കുസൃതിയും കുറുമ്പും എല്ലാം ആസ്വദിക്കാൻ പാകത്തിനുള്ളവ. തിരക്കിട്ടുള്ള ഓട്ടമായിരുന്നു ക്ലാസുകളിലേക്കും കോളേജിലേക്കും ആയി.പക്ഷേ അവൾ അത് ആസ്വദിച്ചു. വീട്ടിലേക്ക് പോകുവാൻ ഇടയ്ക്കിടെ അവധി കിട്ടാത്തതിനാൽ മാസത്തിൽ ഒരു തവണ ആയിരുന്നു പോയി വന്നത്.ഓരോതവണ ചെല്ലുമ്പോഴും അച്ഛനു പതിവിലും പ്രായാധിക്യം അനുഭവപ്പെടുന്നുണ്ടായിരുന്നു.പഴയ ഊർജ്ജസ്വലത പതിയെ പതിയെ മാഞ്ഞു പോകും പോലെ…

അച്ഛനു താങ്ങാവണം എന്നു തോന്നി.
അതിനു വേണ്ടി മനസ്സിനു കുറച്ചു കട്ടി വരുത്താൻ ശ്രമിച്ചു തുടങ്ങി.ഒന്നിനു രണ്ടായി കരയുന്ന പഴയ സ്പന്ദയായി ഇരുന്നാൽ വീണു പോകുകയേ ഉള്ളൂ.
വാ തുറന്നു കാര്യങ്ങൾ പറയാനുള്ള കരുത്ത് എങ്കിലും വേണം.ഇത്രയും ധൈര്യം പണ്ട് ആർജ്ജിച്ചിരുന്നുവെങ്കിൽ, ആൾക്ക് ഇഷ്ടമല്ലെങ്കിൽ പോലും തനിക്ക് ആളെ ഇഷ്ടമായിരുന്നു എന്നും അതു വെറും മരീചികയല്ലായെന്നും ഒന്നു ഉറപ്പിച്ചു പറഞ്ഞു പോന്നിരുന്നെങ്കിൽ മനസ്സമാധാനം എങ്കിലും കിട്ടിയേനെ…..കഴിഞ്ഞതു കാലചക്രം തിരിച്ചു മുന്നോട്ടു കൊണ്ടുവരാൻ കഴിയില്ലല്ലോ…..

അവസാനം പരീക്ഷകൾക്ക് സമയം ആടുത്തു വന്നു. ഇതും നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും എന്ന് അവൾക്കു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു….പരീക്ഷകൾക്കു മുന്നോടിയായി കുറച്ചധികം സ്റ്റഡി ലീവ് ഉണ്ട് അച്ഛൻ വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞതാണ്.എന്തോ അച്ഛനു താനും പാറുവും കൺവെട്ടത്തു നിൽക്കുമ്പോൾ ആണ് സമാധാനം എന്ന്….ഒരു കണക്കിനു അതാണ് നല്ലത്. ഒരുപാട് ദിവസങ്ങൾ ഉള്ളതാണ്.
വെറുതേ ഹോസ്റ്റലിൽ നിന്നാൽ മുഷിപ്പാണ്…

പഠിക്കുവാനും സ്വസ്ഥമായ അന്തരീക്ഷം വീട്ടിൽ തന്നെ ആണ്.നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഒരുക്കങ്ങൾ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു മൂന്നാം നാൾ കാലത്ത് ആണ് ട്രെയിൻ. പുസ്തകങ്ങൾ എല്ലാം അടുക്കിയെടുത്ത് ബാഗിലേയ്ക്ക് കുത്തിനിറച്ചു തുടങ്ങി.ഇനി ഏതായാലും പരീക്ഷയ്ക്കു വന്നാൽ മതിയല്ലോ അതു കൊണ്ട് വസ്ത്രങ്ങളും ഏറെക്കുറെ എടുത്തു മടക്കി വച്ചു…ഒരുക്കങ്ങൾ നേരത്തെ കഴിഞ്ഞു. രാത്രി ഭക്ഷണത്തിനായി മെസ്സിൽ പോയി തിരിച്ചു വന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അച്ഛന്റെ മൂന്നുനാലു മിസ്ഡ് കോൾ…

വേഗം തന്നെ തിരിച്ചു വിളിച്ചു. രണ്ടു റിംഗ് പൂർത്തിയായില്ല അപ്പോഴേക്കും മറുതലയ്ക്കൽ നിന്ന് അച്ഛന്റെ ശബ്ദം കേട്ടു.”കുഞ്ഞോളേ…….”ആ ശബ്ദം പതിവിലേറെ നേർത്തതായ് തോന്നി. ക്ഷീണിച്ച സ്വരം.വാത്സല്യവും പ്രതീക്ഷയും അടങ്ങാത്ത കരുതലും നിറച്ച ശബ്ദം കേട്ട മാത്ര ഓടിപ്പോയി ആ മടിയിൽ തല ചായ്ച്ചു ഇരിക്കുവാൻ തോന്നി….”അച്ഛേ… ഞാൻ മെസ്സീ പോയിരിക്കാർന്നേ..അത്താഴം അവിടെ നേരത്തിനു കഴിച്ചില്ലേ പിന്നെ ണ്ടാവില്യഅതാട്ടോ ഫോൺ വിളിച്ചതു കേൾക്കാഞ്ഞേ””അതു സാരല്യാ…
ന്നിട്ടു നിറയെ കഴിച്ചുവോ നീയ്യ്?മര്യാദയ്ക്കു നല്ലോണം അത്താഴം കഴിക്കണം . ഇങ്ങടു വരുമ്പളേയ്ക്ക് വൈക്കോലു പോലെ ഉണങ്ങിയിരിക്കരുത്..”

നറു തലയ്ക്കൽ നിന്നു സ്നേഹം നിറഞ്ഞ ശാസനയെത്തി.”നിറയെ കഴിച്ചിട്ടുണ്ടെന്നേ..
മറ്റന്നാൾ ഞാൻ അങ്ങടു വരില്യേ…
പാറു എന്ത്യേ അടുക്കളേലാവും ല്ലേ…
അച്ഛ സാധാരണ വൈകീട്ടാലോ വിളിക്കാ..
ന്നെന്തേ നാറ്റം?””അതങ്ങനെ പ്രത്യേകിച്ചൊന്നൂല്ലാ കുട്ട്യേ…നെന്നെ വിളിക്കണം തോന്നി. കയ്യെത്തണ ദൂരത്തല്ലാലോ നീയ്…..നിനക്കു ഇന്നന്നെ ഇങ്ങടു പോരാർന്നേ…അച്ഛനെന്തോ നിങ്ങളെ രണ്ടാളേം ഒപ്പം കാണാഞ്ഞിട്ട്….ന്റെ ഹൃദയത്തിന്റെ രണ്ടു പാതിയാ നീയ്യും പാറൂട്ടിയും അതൊപ്പം ണ്ടെങ്കിലേ പൂർണ്ണാവൂ…ഹാ… അതൊക്കെ പോട്ടെ…
ന്റെ കുട്ടി പെട്ടെന്ന് ങ്ങടു വരൂ…
യാത്രയ്ക്ക് എല്ലാം എടുത്തു വച്ചതല്ലേ??”

“ആഹ്… എല്ലാം ശരിയാക്കീട്ടുണ്ട്…
അച്ഛൻ കഴിച്ചുവോ?”ഇല്ല. കഴിക്കാൻ പോണേ ഉള്ളൂ…നെന്നെ വിളിക്കണം തോന്നി അങ്ങനെ ഇരുന്നു. ശ്രീദേവി ഉള്ളപ്പോ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. നിങ്ങടേം എന്റേം ഒക്കെ കാര്യങ്ങളു പറയാണ്ടു തന്നെ ചെയ്യും അവള്.
അന്നൊക്കെ ചിന്തിക്കാൻ ഒന്നും ഇല്ലാർന്നു എനിക്ക്.
ഉത്തരവാദിത്തം തീരെയില്ല.അവളു പോയതിൽ പിന്നെ ശൂന്യതയായിരുന്നു ആദ്യമാദ്യം.
പതിയെ പതിയെ ഒക്കെ പഠിച്ചു. ലക്ഷ്യബോധം ഉണ്ടായി. നിങ്ങളു രണ്ടാളിൽ ആയിരുന്നു അത്. ലോകം നിങ്ങളിലേക്കങ്ങടായി.എത്രയൊക്കെ ശ്രമിച്ചാലും അവളില്ലാത്തയിടം വല്ലാത്ത വിങ്ങലാണ്.
ഒന്നു ആശ്വസിപ്പിക്കുവാൻ എങ്കിലും അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്ര വ്യഥയില്ല….

ന്റെ രണ്ടു കുഞ്ഞുങ്ങളും സന്തോഷായിട്ട് ഇരിക്കണതു കൂടിയേ എനിക്കു വേണ്ടൂ….
പാറൂന്റെ കൂടെ നിന്റേതും ഞാൻ നോക്കാൻ പോവ്വാ മംഗല്യം…എത്രനാൾ ഞാനുണ്ടാവുംന്നു നിശ്ചയില്ല. പ്രായത്തിന്റെ മേലായ്ക കൂടും മുന്നേയ്ക്ക് ന്റെ മക്കൾ ഒരു കരയ്ക്കെത്തിക്കാണണം. അതിനു സുരക്ഷിതമായ കൈയ്യിലു നിങ്ങളെ ഏൽപ്പിക്കണം….”ദീർഘമായ സംഭാഷണത്തിനൊടുവിൽ നറു വശത്തു നിന്നും ക്ഷീണിച്ച നെടുവീർപ്പു വീണതറിഞ്ഞു. എന്തു പറയണം എന്നറിയാതെ എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞൊഴുകി.ചെറു തുള്ളികളായവ ഇറ്റു വീണു ഇട്ടിരുന്ന ചുരിദാറിൽ പുതിയ കളങ്ങൾ തീർത്തു.
ദുപ്പട്ട കൊണ്ടു കണ്ണുനീരൊപ്പി മുഖത്തു പടരുന്ന വ്യഥയെ മാറ്റാൻ ശ്രമിച്ചു.

“ന്താ ഇങ്ങനെ ഒക്കെ ഇപ്പോ എനിക്കു തോന്നണത് എന്നു ചോദിച്ചാൽ നിശ്ചയം ല്ല്യ കുട്ട്യേ…എന്റെ ഒരു സമാധാനത്തിന്…ന്തായാലും നീയ്യ് വേഗത്തിലു ഇത്രടം വരെ വാ… നിന്റെ പരീക്ഷ കഴിഞ്ഞു അടുത്ത സ്കൂളു തുറക്കലിന് കുന്നത്തെ സ്കൂളിലു പഠിപ്പിക്കാൻ പോകാലോ..അവിടത്തെ ഹെഡ്മാഷ് വിളിക്ക ണ്ടായീ ഉറപ്പു ചോദിച്ചിട്ട്…ഇവിടുന്നു ഒരു ബസ്സിലു പോകാലോ…”ഇപ്പോ ന്തിനാ അച്ഛാ ഇതൊക്കെ പറയണേ??!മറ്റന്നാളു ഞാൻ അങ്ങട് തന്നെ അല്ലേ വരണേ.അച്ഛേടെ അടുത്തിരുന്നു ഒത്തിരി പറയാനുണ്ട് നിക്ക്.ഇപ്പം ഇതൊന്നും ആലോചിക്കാതെ സ്വസ്ഥായിട്ടിരിക്കൂട്ടോ.””ഏയ് അതല്ല കുഞ്ഞോളേ എനിക്കിപ്പഴ് എന്തോ നെന്നെ വിളിക്കണം ഇതൊക്കെ പറയണംന്നു തോന്നി അതോണ്ടാ….ഞാൻ പാറൂന്റേൽ ഫോൺ കൊടുക്കാം.പ്രയാസങ്ങൾ ഒന്നുമില്ലാണ്ട് ന്റെ കുട്ടി ങ്ങോട്ടുവാ…”

അച്ഛൻ ഫോൺ പാറുവിനു കൈമാറി അവളുമായി ഓരോന്നും പറഞ്ഞു ചിരിച്ചു അങ്ങനെ നേരം പോയി.
ഫോൺ വെച്ചിട്ടും എന്തോ വീട്ടിൽ നിന്ന് മനസ്സ് തിരിച്ചു വരാത്തത് പോലെ..നാളെ കഴിഞ്ഞാൽ അങ്ങോട്ട് തന്നെ ആണല്ലോ പോകുന്നത് എന്നോർത്തു സമാധാനിച്ചു കിടന്നു…
രാത്രി എന്തോ വയ്യായ്ക പോലെ തോന്നി നല്ല തണുപ്പാണ് പുറത്ത് പക്ഷേ വിയർക്കുന്നു…
മേശമേൽ കൊണ്ട് വച്ചിരുന്ന ജഗ്ഗിൽ വെള്ളം മുഴുവൻ കുടിച്ചു തീർത്തു പരവേശം പോകുന്നില്ല.
അല്പസമയം തലയിണ കട്ടിലിനോട് ചാരിവെച്ച് ഇരുന്നു…ഇരുട്ടിലേയ്ക്ക് അങ്ങിനെ നോക്കി നോക്കി എപ്പോഴാണ് ഇമകൾ നിദ്രയുടെ കയങ്ങളിൽ ആഴ്ന്നതെന്നറിഞ്ഞില്ല. കിടക്കയിൽ ചാരിയിരുന്നു ഉറങ്ങി.രാവിലെ എഴുന്നേറ്റപ്പോൾ അൽപം വൈകിയിരുന്നു എങ്കിലും പതിയെ കോളേജിൽ പോയാൽ മതിയായിരുന്നു.

കുറച്ച് സർട്ടിഫിക്കറ്റുകളും ഹാൾടിക്കറ്റും മേടിക്കാൻ ഉണ്ട്.അത് മേടിച്ചതിനു ശേഷം പെട്ടന്നു തന്നെ തിരികേ പോരാം. മറ്റു കാര്യങ്ങളില്ല.
കോളേജിലേക്ക് നടക്കാൻ ഇറങ്ങി. ഓഫീസിൽ അൽപം തിരക്ക് ഉണ്ടായിരുന്നതു കൊണ്ട് കാത്തിരിയ്ക്കേണ്ടി വന്നു. വിശാലമായ ഹാളിൽ ഇരുന്നു കോളേജ് മാഗസിൻ മറിച്ചിട്ടു കൊണ്ടിരുന്നു.
ഒരു വല്ലാത്ത വെപ്രാളം….ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കാത്തതു പോലെ.എങ്ങനെയൊക്കെയോ ഫോമുകൾ എല്ലാം പൂരിപ്പിച്ചു ഹാൾടിക്കറ്റും മറ്റും വാങ്ങി പുറത്തിറങ്ങി.പെട്ടന്നു ഹോസ്റ്റലിലേക്ക് പോരാൻ തുടങ്ങിയെങ്കിലും കൂടെയുള്ള കൂട്ടുകാരോട് അൽപ്പം സംസാരിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു…

ഉച്ചയായിരുന്നു തിരിച്ചു ഹോസ്റ്റലിൽ എത്തുമ്പോൾ….മെയിൻ ഹാളിലേയ്ക്ക് കയറുമ്പോൾ തന്നെ കണ്ടു ശ്രീധരൻ വല്യച്ഛനെ.
അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടനാണ്.
അതല്ലാതെ പറയത്തക്ക ആത്മബന്ധങ്ങൾ ഒന്നും അച്ഛന് ഇല്ല.ഇപ്പോഴെന്താണാവോ ഇങ്ങടു വരാൻ കാരണം എന്നു ആലോചിച്ചു പിടികിട്ടിയില്ല. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾക്കു മാത്രമാണ് ആൾ വീട്ടിൽക്ക് ഒക്കെ വരാറ്.ഇതിപ്പോ ഇവിടെ അടുത്തെങ്ങാനും വരുന്നതു കൊണ്ട് അച്ഛൻ ഇത്രടം വരെ കയറിയിട്ട് എന്നെ കണ്ടു വരാൻ പറഞ്ഞതാവോ?അല്ലെങ്കിൽ അതെന്തിനാണ് നാളെ അങ്ങടു തന്നെ അല്ലേ പോകുന്നത്?!!പലവിധ ചിന്തകൾ മനസ്സിൽ തലങ്ങും വിലങ്ങും കോർത്തിടുന്നതിനിടെ അവൾ മുന്നോട്ടു നടന്നു.”ആ മോളേ സ്പന്ദനേ..നീയെവിടെ പോയതാണ്? നിന്നെ അന്വേഷിച്ചു കോളേജിൽ വരാനിറങ്ങുകയായിരുന്നു ഞാൻ…

കുട്ടി തിടുക്കം പോയിട്ടു ബാഗും കാര്യങ്ങളും ഒക്കെ എടുത്തു വരൂ…നമ്മളിപ്പോ തന്നെ നാട്ടിലിയ്ക്ക് തിരിക്കയാണ്.ട്രെയിൻ വേണ്ട കാറു കൊണ്ടന്നിട്ടുണ്ട്..വേഗം പോയിട്ടു എടുത്തിട്ടു വരൂ ഞാൻ പുറത്തുണ്ടേ…”തിരിച്ചെന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുന്നേ വല്യമ്മാവൻ പുറത്തേയ്ക്കു നടന്നു. ചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാൻ വേണ്ടി തിടുക്കത്തിൽ പോയതായി അവൾക്കു സംശയം തോന്നി….പിന്നീടു ചോദ്യങ്ങൾ ചോദിച്ചു ചിക്കിച്ചികയാൻ നിന്നില്ല ഉടനേ പുറപ്പെട്ടു. ഓരോന്നും എടുത്തു വെളിയിൽ ഇറങ്ങുമ്പോൾ കൈയ്യും കാലും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കാറിൽ കയറി നിശബ്ദരായി ഇരുന്നു ചോദ്യങ്ങൾ എല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ആരും പറയാതെ തന്നെ ഒരു വിപത്ത് അത് കണ്ണിൽ മുന്നിൽ തെളിഞ്ഞു…..ഇടയ്ക്ക് മുന്നിലിരുന്ന് വല്യച്ഛൻ മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണു തുടയ്ക്കുന്നത് കണ്ടു. ഒന്നും തോന്നിയില്ല കനത്ത മൂകത….

ഒന്നും മനസിൽ തെളിയുന്നില്ല ചിന്തകളെ ഇരുട്ടു വന്നു പൊതിഞ്ഞിരിക്കുന്നു. യാത്രയിലുടനീളം കണ്ണു ചിമ്മാതെ ഇരുന്നു. വെള്ളമോ ഭക്ഷണമോ ഓർമ പോലും വന്നില്ല. സന്ധ്യയ്ക്കു മുന്നേ വീടിലേക്കുള്ള ഇടവഴിക്കടുത്തു കാർ നിർത്തി….ആരൊക്കെയോ വീടു ലക്ഷ്യമാക്കി നടന്നു പോകുന്നതു നേരത്തെ കണ്ടിരുന്നു. വഴിവക്കിൽ അവിടവിടെയായി കുറച്ചു ബൈക്കുകൾ മറ്റു വണ്ടികൾ….കാർ നിർത്തിയ നിമിഷം ദേഹത്തു നിന്നും എന്തോ ഒന്ന് പുകഞ്ഞു തലച്ചോറിൽ കയറിയതു പോലെ… ആകെ പുകയുന്നു.ഒരു വിധം ഡോർ തുറന്നു ഭ്രാന്തു പിടിച്ചതു പോലെ മുന്നോട്ടോടി.എവിടെയോ തട്ടി വീണു. ശ്രദ്ധിച്ചില്ല വീണ്ടും ഓടി. വീട്ടിലേയ്ക്ക് ആളുകളെ പകയോടെ തള്ളിമാറ്റി ഉമ്മറത്തേയ്ക്ക് കയറി.

ആദ്യം കണ്ടത് കത്തിച്ചു വച്ച നിലവിളക്കിന്റെ പ്രഭയാണ്. അതിനു മുന്നിൽ ഒരു രൂപം വെള്ളപുതച്ചു കിടക്കുന്നു. ശാന്തമായ് ചെറുപുഞ്ചിരി പാതിയിൽ നിർത്തി മടങ്ങിയതു പോലെ കിടക്കുന്ന ആ മുഖം തന്റെ അച്ഛന്റേതാണോ???ഓടിച്ചെന്നു ആ തണുത്ത ശരീരത്തിനടുത്തു പടിഞ്ഞിരുന്നു. കൈക്കുമ്പിളിൽ മുഖം എടുത്തു അതിലേയ്ക്കു തുറിച്ചു നോക്കിക്കൊണ്ട് അൽപനിമിഷം പകച്ചിരുന്നു….ഏതോ ഒരു ഗുഹയ്ക്കുള്ളിൽ നിന്നെന്നപോലെ തൊണ്ടക്കുഴിയിൽ നിന്ന് ദയനീയമാം വിധം അത്രമേൽ നോവോടെ പിടഞ്ഞ സ്വരത്തോടെ അടക്കാനാവാത്ത വേപഥുവോടെ “അച്ഛാ……” എന്നൊരു ദുർബലമായ ആർത്തനാദത്തോടെ അവളാ സ്പന്ദനം നിലച്ച നെഞ്ചിലേയ്ക്ക് ഊർന്നു വീണു……..

…………….തുടരും…………

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)