23/04/2026

സ്പന്ദനം : ഭാഗം 2

രചന : ഗായത്രി

അവൾ വാച്ചിലേക്കു നോക്കി ഒൻപതു മണി കഴിഞ്ഞു അഞ്ചു മിനിറ്റ് ആയതേയുള്ളൂ… രണ്ടും കൽപ്പിച്ചു അവൾ വാതിൽ പതിയെ തുറന്നു തലയിട്ടു നോക്കി…..തിരിച്ചു മുപ്പതു ജോഡി കണ്ണുകൾ അവളേയും….തന്നിലേക്കു നീണ്ടു വന്ന നോട്ടങ്ങൾക്കിടയിൽ അവൾ ഒരുനിമിഷം അന്തിച്ചു നിന്നു….ക്ലാസെടുക്കുന്ന ആ മനുഷ്യനിലേക്കു കണ്ണുകൾ തറഞ്ഞതും നെറ്റിമേൽ വീണ്ടും വിയർപ്പു കണങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങി….ചുരിദാറിന്റെ ഷാളിൽ കൈകൾ കൊണ്ടു തെരുപ്പിടിപ്പിച്ചു വിയർത്തും കിതച്ചും പരിഭ്രമത്തോടെ അവളാ ക്ലാസ് മുറിയുടെ വാതിൽക്കൽ തന്നെ നിന്നു…..

ക്ലാസെടുത്തു കൊണ്ടിരുന്ന അയാളുടെ മുഖം അവളെ കണ്ട മാത്രയിൽ ഇരുണ്ടു. ഇവയൊന്നും നന്നാവില്ലെന്ന ഭാവം ആ മുഖത്തു തെളിഞ്ഞു….
കാപ്പിക്കണ്ണുകളിൽ പുച്ഛവും ഒരു പരിഹാച്ചിരി ആ കുറ്റിത്താടിക്കും മീശയ്ക്കും ഇടയിലായും തെളിഞ്ഞു വന്നു…മൂക്കിൻ തുമ്പിലെ ആ മറുകു പോലും ചുവപ്പു രാശിയണിഞ്ഞതായ് തോന്നിച്ചു….ഒക്കെയും കണ്ട് ഒരു തരം നിസ്സഹായതയോടെ നിൽക്കാനേ ആ നിമിഷം സാധിച്ചുള്ളൂ….”എന്തിനാണിങ്ങോട്ട് കടന്നിരിക്കുന്നത് ആവോ?!!!
ഇത്ര നേരം അൽപം വെടിപ്പായി ശ്രദ്ധിച്ച ഇവരെക്കൂടെ ഉപദ്രവിക്കാനായിട്ട്….

നേരത്തെ വരാൻ കഴിയില്ലാച്ചാൽ പിന്നെ ഇങ്ങനെ ഇടയ്ക്കു വന്നു ശല്യപ്പെടുത്തണംന്നില്ല എന്ന് തന്നോട് ആദ്യമേ ഞാൻ പറഞ്ഞതല്ലേ….എന്റെ ക്ലാസ്സിൽ വേണ്ടവർ മാത്രം ഇരുന്നാൽ മതി വേണംന്നുണ്ടേൽ ക്ലാസ് തുടങ്ങും മുൻപ് എത്തണം അല്ലാതെ ഇങ്ങനെ പകുതിക്കു കയറീട്ട്….ഇത് എത്രാം വട്ടം ആണ് ഞാൻ തന്നോട് പറയുന്നത്???”എല്ലാ തെറ്റും ഏറ്റെടുക്കും മാതിരി തലകുനിച്ചു നിൽക്കേണ്ടി വന്നു. ഈ വിധം നിർത്തി ക്രൂശിക്കുന്നതിനേക്കാൾ ഭേദം ഭൂമിപിളർന്നു താഴോട്ട് പോയാൽ മതി….എല്ലാവരും നല്ല കമ്പത്തോടെ കേട്ടിരിക്കയാണ് അയാളുടെ വാചകക്കസർത്ത്.. അല്ലെങ്കിലും അത് ചാർത്തപ്പെടുന്ന ആൾക്കൊഴികെ എല്ലാവർക്കും ഒരു രസമാണ് കേട്ടിരിക്കാൻ…..

“ഇനിയിന്നെന്താണ് വേറെ കാരണങ്ങൾ വല്ലതും നിരത്താൻ ബാക്കിയുണ്ടോ???പുറത്തു നിർത്തി തലചുറ്റി വീണു എന്ന കുറ്റം എന്റെ തലയിലേക്കു വയ്ക്കണ്ട.. കയറിയിരിക്ക്….പക്ഷേ ഇത് തനിക്കുള്ള അവസാന അവസരം ആണെന്നോർത്തോളൂ…. ഇനി വൈകാനാണ് ഉദ്ദേശം എങ്കിൽ താൻ വീട്ടിലേക്കു തന്നെ തിരിച്ചു പോകേണ്ടി വരും ഓർത്തോ….”തലകുനിച്ചു കൊണ്ടു തന്നെ അകത്തേക്കു കയറി. കൂട്ടം കൂട്ടമായിരിക്കുന്നവർക്കു അലോസരം സൃഷ്ടിക്കാതെ അവസാനത്തെ നിരയിൽ ഇടം പിടിച്ചു. സ്വതവേ ഒതുങ്ങിയ ഒന്നോ രണ്ടോ പേർ മാത്രമേ ആ നിരയിലുണ്ടാകൂ….മുപ്പത്തിരണ്ടു കുട്ടികക്കും വേണ്ടതിലധികം ഇരിപ്പിടങ്ങൾ അവിടെ ഉണ്ട്. അതുകൊണ്ട് ഏകാന്തതയ്ക്കു തടസ്സമില്ല.

ക്ലാസ് മുറിയുടെ ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്നു വിയർപ്പു തുള്ളികൾ തൂവാലയാൽ ഒപ്പിയെടുക്കവേ ചുറ്റുമൊന്നു കണ്ണോടിച്ചു. ഏതെങ്കിലും കോണിൽ നിന്നും അവജ്ഞയോടെയുള്ള നോട്ടങ്ങൾ തന്നിലേക്കു എത്തിച്ചേരുന്നുണ്ടോ എന്ന വേവലാതി.ഭാഗ്യം അയാളെ പേടിയുള്ളതിനാലാകാം എല്ലാവരും ശ്രദ്ധിച്ചു ഇരിക്കുന്നു. ഇന്നു നേരത്തേ തുടങ്ങിയിരുന്നോ ക്ലാസ്…. അല്ലെങ്കിൽ പിന്നെ അഞ്ചു മിനിറ്റു വൈകിയാൽ പോലും ഈ വിധം വഴക്കു പറയാനുണ്ടോ??!!അല്ലെങ്കിലും രണ്ടു മാസങ്ങൾക്കു മുൻപു ഈ കോളേജിൽ ആദ്യമായി ക്ലാസെടുക്കാൻ വന്നതിൽ തൊട്ട് അറിഞ്ഞോ അറിയാതെയോ താൻ അയാൾക്കൊരു നോട്ടപ്പുള്ളിയായി മാറുകയായിരുന്നു…..

ക്യാമ്പസിൽ ആരാധനയോടെ അയാൾക്കു നേരെ വിടർന്ന ഓരോ കണ്ണുകൾക്കും പകരം ആ കാപ്പിക്കണ്ണുകൾ അവഗണന തിരിച്ചു നൽകി.
ആരെയും കൂസാതെ ഒറ്റയ്ക്കു ഈ മണ്ണിനു മീതെ ഉള്ളിടത്തോളം ജീവിക്കുമെന്ന തന്റേടം അയാൾക്കുണ്ടെന്നു തോന്നി. പഠനത്തിലോ കൃത്യനിഷ്ഠയിലോ എന്തെങ്കിലുമൊക്കെ കൈയ്യബദ്ധം പറ്റുന്ന താൻ ആദ്യദിനം തൊട്ടേ വഴക്കു കേട്ടു തുടങ്ങി….സ്വതവേ ഉള്ള അപകർഷതാ ബോധത്തോടൊപ്പം വഴക്കു പറച്ചിലും കൂടെ കൂടിയപ്പോൾ അപമാനിതയായ്ക്കൊണ്ടിരികയാണെന്നു തോന്നിത്തുടങ്ങി…. പഠിക്കുവാൻ പോലും വിരക്തി….

“സ്പന്ദനാ !!!!!!!!!!”ക്ലാസ് മുറിയുടെ ചുവരുകളിൽ തട്ടി പ്രതിഫലിച്ച ആ ശബ്ദം കാതുകളിലേക്കു മുഴക്കത്തോടെ എത്തി….
ചിന്തകളിലേക്കാണ്ടു പോയ മനസ്സ് സ്ഥലകാലബോധം വീണ്ടെടുത്തപ്പോഴേയ്ക്കും വീണ്ടും പ്രശ്നങ്ങളിലേക്കാണു പോക്കെന്നു മനസിലായി…..
“മനോരാജ്യം കണ്ടുകൊണ്ടിരിക്കാൻ പറ്റിയ സ്ഥലം ഇവിടെയില്ല….നേരം വൈകിയെത്തിയതും പോരാഞ്ഞ് ശ്രദ്ധിക്കകൂടിയില്ല. താനൊക്കെ എന്തിനാണ് ഈ ഒരു സീറ്റ് പാഴാക്കിക്കളയുന്നത്…
നീയില്ലെങ്കിൽ വേറെ ആഗ്രഹിച്ചു പഠിക്കാൻ വരുന്ന ഒരു കുട്ടി ഇവിടെ ഇരുന്നേനേ… നിങ്ങൾക്കൊക്കെ കിട്ടിയിരിക്കുന്നത് എത്ര നല്ല അവസരങ്ങൾ ആണ്… എന്നിട്ടും…..

താനിനി ക്ലാസിൽ ഇരിക്കണമെന്നില്ല പോകാം… വെറുതേ പോകാനല്ല ഞാനിവിടെ പഠിപ്പിച്ചു കൊണ്ടിരുന്നതിനെ റഫർ ചെയ്തു ഇന്നുച്ചയ്ക്ക് മുൻപേ ഷോർട് നോട്ട് എഴുതി കൊണ്ടു കാണിക്കണം……പോയ്ക്കോളൂ….”ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഐഡികാർഡും ബുക്കും എടുത്തു പുറത്തേക്ക് നടന്നു. പത്തു ദിവസം സമാധാനം ഉണ്ടായിരുന്നു…. ഇതാ വീണ്ടും തുടങ്ങി….കഴിഞ്ഞ വർഷം വരേയ്ക്കും ക്ലാസിന്റെ ഒരു കോണിൽ ഒതുങ്ങിക്കൂടുന്നത് കൊണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല തന്നെ…. അന്ന് ഇത്ര പ്രയാസപ്പെട്ടുമില്ല…….

ആരെങ്കിലും ഇങ്ങനെ പേടിപ്പിച്ചു പഠിപ്പിക്കുന്നത് ഒട്ടും ശരിയാകുന്നില്ല. വിഷയം കാണുമ്പോഴേക്കു സങ്കടവും ദേഷ്യവും വരും…നീളൻ വരാന്തയ്ക്കപ്പുറമുള്ള വാതിലിനെ ലക്ഷ്യമാക്കി നടന്നു. പടികളിറങ്ങി മുറ്റത്തേക്കു കടന്നു മഞ്ഞപ്പൂമരങ്ങൾക്കപ്പുറത്തേക്കു നീണ്ടു കിടക്കുന്ന മുറ്റത്തിന്റെ ഒരറ്റത്തായ് താഴോട്ടേക്കു വീണ്ടും പടികളുണ്ട്. അതു ചെന്നെത്തുന്നത് ലൈബ്രറിയിലേക്കും….രെജിസ്റ്ററിൽ പേരെഴുതിക്കഴിഞ്ഞ്നേരെബുക്ക്ഷെൽഫുകൾക്കടുത്തേക്ക് നടന്നു. അൽപ്പമൊന്ന് തപ്പിയിട്ട് ആണെങ്കിലും വേണ്ട പുസ്തകം കിട്ടി അവൾ ആശ്വസിച്ചു.മുറിയുടെ ഏറ്റവും അറ്റത്തുള്ള കോണിലെ ബെഞ്ചിലേക്ക് നടന്നു .എന്നും അതു തന്നെയാണു പ്രിയപ്പെട്ട ഇടം.

ഓരോന്നോരോന്നായി തിരഞ്ഞുപിടിച്ച് നോട്ട് ബുക്കിലേക്ക് പകർത്തി എഴുതുമ്പോൾ കണ്ണ് അങ്ങേയറ്റത്ത് ഇരിക്കുന്ന ഷെൽഫിലെ നോവലുകളിലേക്കു പോയി. അതൊന്നും വായിക്കാറില്ല ഇങ്ങോട്ട് വന്നതെന്ന് മനസ്സിനോട് ശാസിച്ചു എഴുത്ത് തുടർന്നു….വെട്ടിയും തിരുത്തിയും എഴുതിയിട്ടും തൃപ്തിയായില്ല. ഇതിലും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചാൽ പിന്നെ മനസ്സ് മടുത്തു പോകും……കഴിവിന്റെ പരമാവധി ശ്രമിച്ചു ഒരുവിധം നോട്സ് തയ്യാറാക്കി. അപ്പോഴേക്കും സമയവും കഴിഞ്ഞിരുന്നു. അടുത്തത് പ്രാക്ടിക്കൽ ആണ്. പെട്ടെന്ന് തന്നെ ലൈബ്രറിയിൽ നിന്ന് ഇറങ്ങി ഡിപ്പാർട്ട്മെന്റിലേക്ക്നടന്നു….

ഓടിയെത്തുമ്പോഴേക്കും ആളും എത്തിയിരുന്നു ഒട്ടൊരു പരിഭ്രമത്തോടെ നോട്സ് കാണിക്കുമ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് തികഞ്ഞ ഗൗരവം മാത്രമായിരുന്നു.ഒന്നും പറയാതെ തന്നെ നോട്ടുകൾ സൈൻ ചെയ്തു തിരിച്ചു തന്നു…..എന്തിനാണ് അധ്യാപനത്തെ ഇത്രയും കാഠിന്യം ഉള്ളതായി ഭാവിച്ചു മനസ്സു മടുപ്പിക്കുന്നതെന്ന്തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ ഓർത്തു….മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഒരിക്കൽ പോലും അയാൾ ചിരിച്ചു കണ്ടിട്ടില്ല. ക്ലാസ്സിനകത്തും പുറത്തും അയാൾ ഒരുപോലെയാണ്. ഗൗരവത്തിന്റെ പുറംചട്ട സദാ എടുത്തണിയുന്നയാൾ….ലാബിലെത്തിയതു തന്നെ പരവേശപ്പെട്ടാണ്. കെമിസ്ട്രി ലാബ് ആണ് തിരക്കിട്ടു ചെയ്താൽ അതു മതി തെറ്റാൻ. ഓരോന്നും ശ്രദ്ധാപൂർവ്വം ചെയ്തു. ആശ്വാസം… ഒന്നു നെടുവീർപ്പിട്ടു. ഈ ഹാളിനുള്ളിൽ പൊരിഞ്ഞ ചൂടാണ്. ഗ്യാസ് ബർണർ അണഞ്ഞു പോകുമെന്നുള്ളതിനാൽ ഫാൻ പ്രവർത്തിപ്പിക്കാനും നിവൃത്തിയില്ല. വിയർപ്പു കൊണ്ടു ആകെ വശം കെട്ടു…

എക്സ്പിരിമെന്റ് തീർത്തു റെക്കോർഡ് സൈൻ ചെയ്യിച്ചു ലാബിൽ നിന്നും ഇറങ്ങി. പടി കടന്നപാടെ മുകളിൽ ഇട്ടിരുന്ന ലാബ് യൂണിഫോം മാറ്റി മടക്കി വച്ചു നടന്നു….ഉച്ചയാവും മുന്നേ വയറു കാളാൻ തുടങ്ങി.”അതേ ഈ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് എവിടെയാണെന്നൊന്നു പറഞ്ഞു തരാമോ??”ധൃതിയിൽ ക്ലാസിലേക്കു കയറാനൊരുങ്ങവേയാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്.കോളേജിലെവിടെയും കണ്ടും പരിചയമില്ലാത്ത ഒരാൾ കണ്ണുകളിൽ പുഞ്ചിരി പടർത്തി നിൽക്കുന്നു. പിന്നീടാണ് അയാളുടെ ചോദ്യത്തെക്കുറിച്ച് ഓർത്തത്.”ഡിപ്പാർട്ട്മെന്റ് ഗ്രൗണ്ട് ഫ്ലോറിൽ ആണ്. ദാ അവിടെ പിജി ലാബ് ഇല്ലേ അതിന് എതിർവശത്തേക്കു നടന്നാൽ മതി. അതിന്റെ അറ്റത്തു ആണ്…. ”

“ഓ താങ്ക്സ്….ഇയാളേതാ ഡിപ്പാർട്ട്മെന്റ്??”അവൾ ക്ലാസിനു മുന്നിൽ വച്ചിരിക്കുന്ന ബോർഡിലേക്കു നോക്കി തേർഡ് കെമിസ്ട്രി എന്നു വെണ്ടയ്ക്കാ വലുപ്പത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നിട്ടും ഇയാളത് കണ്ടില്ലെന്നോ?!!!!അപ്പോഴാണ് അവനും തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയത്. അതിന്റെ ഫലമായി ഒരു ജാള്യത ആ മുഖത്തു തെളിഞ്ഞതു കണ്ട് അവൾക്കും ചിരി വന്നു…സോറി ഞാനത് കണ്ടില്ലാ… അതുപോട്ടേ…ഞാൻ ദ്രുപത്, ഇത്തിരി ലേറ്റ് ആയീട്ടാണ് അഡ്മിഷൻ അതാണീ പരവേശം. പിന്നെ ജൂനിയർ ഒന്നുമല്ല പിജിയാണ് കേട്ടോ…..”
അയാൾ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.”അല്ലാ താൻ കെമിസ്ട്രി അല്ലേ? അപ്പോ നമ്മുടെ ചാക്കോ മാഷെ അറിയണമല്ലോ അങ്ങേര് ഈ ഡിപ്പാർട്ട്മെന്റ് ആണല്ലോ…”

“സോറീട്ടോ അങ്ങിനെ പേരുള്ള മാഷ് ഞങ്ങടെ ഡിപ്പാർട്ട്മെന്റിൽ ഇല്ലാലോ….”അവൾ തെല്ലൊരു സംശയത്തോടെ പറഞ്ഞു.”അയ്യോ സോറി സോറി അത് പുള്ളിക്കാരനു ഞാനിട്ട വട്ടപ്പേരാ….വിശ്വനാഥ് അതാണ് പുള്ളിയുടെ പേര്. എൻറെ ചേട്ടനാ…”
അപ്പോ അയാളുടെ അനിയനാണ്. പക്ഷേ അയാളെ പോലെയല്ല. ആളുകളോട് സംസാരിക്കാൻ ഒക്കെ അറിയാം. “സ്വന്തം ചേട്ടനാണോ??” അവൾ തൻറെ സംശയം ദൂരീകരിക്കാൻ അവനോട് ചോദിച്ചു.
“അല്ല വലിയമ്മയുടെ മോനാ പക്ഷേ ഇപ്പോ പുള്ളിയുടെ വീട്ടിലാണ് എന്റെ താമസം. പുള്ളിക്കാരനെ അറിയാമോ??” “പിന്നെ അറിയാതെ?!ഞങ്ങളുടെ ട്യൂട്ടർ ആണ്…..””ആണോ അത് ശരി എന്നിട്ട് ഇതുവരെ വട്ടപ്പേര് ഒന്നും പുള്ളിക്ക് വീണില്ലേ??!!! പുള്ളിക്കാരന്റെ സ്വഭാവം വെച്ച് പിള്ളേര് പണി കൊടുക്കേണ്ട നേരം കഴിഞ്ഞു……”

അയാളുടെ സംസാരം കേട്ട് താനെ ചിരി പൊട്ടി പോയി. ആളൊരു തമാശക്കാരനാണെന്ന് തോന്നി.
വരാന്തയിൽ ഇങ്ങനെ സംസാരിക്കുന്നത് ഇടയ്ക്ക് ഏതൊക്കെയോ കണ്ണുകൾ തങ്ങളെ വീക്ഷിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി. അല്ലെങ്കിലും ഒതുങ്ങിക്കൂടി ഇരുന്ന് പെട്ടെന്നൊരു ദിവസം ഒരാളോട് സംസാരിക്കുന്നത് കണ്ടാൽ ഇങ്ങനെ ഇരിക്കും.
അതിന് വലിയ പ്രാധാന്യം കൊടുത്തില്ല ഇല്ല ആരെന്തു വിചാരിച്ചാൽ എന്ത് ആരും ചോദിക്കാൻ വരില്ല ഇല്ല തന്നോട് ചോദിക്കാൻ വേണ്ടത്ര സൗഹൃദം ഒന്നും ഇവിടെ ആർക്കും ഇല്ല.എന്നാലും അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല.

” ഓ…. ലഞ്ച് ടൈം ആവാറായി ഇപ്പോ ബ്രേക്ക് അല്ലേ? ഞാൻ കാന്റീനിലേക്ക് പോവുകയാണ് താൻ വരുന്നുണ്ടോ???””ഇല്ല ഞാൻ ഊണ് കൊണ്ടുവന്നിട്ടുണ്ട് ക്ലാസിൽ നിന്നു കഴിച്ചോളാം…..”പെട്ടെന്നുതന്നെ ക്ലാസിലേക്ക് പോയി. പഴയ ഇരിപ്പിടത്തിന് അടുത്തേക്ക് നടന്നു എല്ലാവരും അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു. പലതരം കറികൾ വിഭവങ്ങളുടെയും സമ്മിശ്ര ഗന്ധം ക്ലാസ് മുറി ആകെ പരന്നു തുടങ്ങിയിരുന്നു.ഓരോ ബഞ്ചുകളിലായി കൂട്ടം കൂടിയിരുന്നു പരസ്പരം പലരും പലതും പങ്കുവെച്ചു കഴിക്കുന്നു. കലപില കൂട്ടുന്നു. ആകെ ബഹളം.

ബഹളങ്ങളിൽ നിന്നും മാറി ഏറ്റവും അവസാനത്തെ ബെഞ്ചിലെ തന്നെ പോയിരുന്നു. ബാഗിൽ നിന്ന് കൊണ്ടുവന്ന പോതിയെടുത്തു തുറന്നു.വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്ന ചോറും മുളക് ചുട്ടരച്ച തേങ്ങാ ചമ്മന്തിയും കാരറ്റുപ്പേരിയും തക്കാളിക്കറിയും എല്ലാം കൂടി ചോറിന്റെ ഓരോ ഭാഗത്തായി കൃത്യമായി അടുക്കി വെച്ചിരിക്കുന്നു.
എന്നും ഇതേ വിഭവങ്ങൾ തന്നെയാണ് കൊണ്ടുവരാറ്. ഒരു പുതുമയും ഉണ്ടാവാറില്ല അല്ലെങ്കിലും വേറെ കറിയോ ഉപ്പേരിയോ ഒന്നും വലിയ ഇഷ്ടമല്ല. ഇതാകുമ്പോൾ രാവിലെ പെട്ടന്നു തന്നെ പണി തീർത്തു വരാം….

എല്ലാം എളുപ്പപ്പണി നോക്കിയിട്ടു പോലും ഇങ്ങനെ ആണ്. എന്തായാലും ഇനി ആറോ ഏഴോ മാസം. കോഴ്സ് കഴിയാൻ അത്രയേ ബാക്കിയുള്ളൂ…
“സ്പന്ദേ, ഇന്നു സ്പെഷ്യൽ നെയ്പ്പത്തിരിയും ചിക്കൻ കറിയും ഉണ്ട്ട്ടോ കുറച്ച് എടുത്തു കഴിക്കെടീ…”അസ്മിയാണ്. അവളെന്തു കൊണ്ടുവന്നാലും ക്ലാസിലുള്ള എല്ലാവരുടെയും കൈയ്യിലെത്തും അത്രയ്ക്കു രുചിയാണ് അവളുടെ വിഭവങ്ങൾക്ക്.മറുത്തു പറഞ്ഞില്ല അവളുടെ പാത്രത്തിൽ നിന്നും കുറച്ചെടുത്തു കഴിച്ചു. സ്വാദ് നാവിന്റെ രുചിമുകുളങ്ങളെ ഉണർത്തിയെടുത്തു….

അധികം ഇടപഴകില്ലെങ്കിലും ഇതുപോലെ ചില സന്ദർഭങ്ങളിലാണ് ഇവർക്കൊപ്പം ഇരിക്കുന്നത്. തന്റെ കുറ്റം തന്നെയാണ് ഇങ്ങനെ ഒറ്റയ്ക്കു നടപ്പ്….
തിരിച്ചു അവൾക്കു നേരെ വാഴയിലപ്പൊതി നീട്ടി നിറഞ്ഞ ചിരിയോടെ അവളതു കഴിച്ചു.
“നീയ്യെന്താ പെണ്ണേ എപ്പോഴുമിങ്ങനെ ??!!
നീ മുന്നിലേക്ക് വായോ…ഉച്ചയ്ക്കു ചോറു കഴിച്ചിട്ട് ഞങ്ങളെല്ലാരും കൂടെ കുന്നിൻ പുറത്തു പോവുന്നുണ്ട്…..രണ്ടു മൂന്നു ഫോട്ടോയെടുക്കാലോ… നീ മാത്രം ഇവിടെ ഇരിക്കേണ്ടാ…..”അവളുടെ ചോദ്യത്തിനു നേർത്ത പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് തിരിച്ചു സീറ്റിൽ തന്നെ ഇരുന്നു. എന്തോ എവിടെയും പോകാനൊരുത്സാഹമില്ല.

എന്തൊക്കെയോ നുള്ളിപ്പെറുക്കിയെടുത്തു കഴിച്ചു വേഗം മതിയാക്കി.ക്ലാസിൽ ഇരിക്കും മുൻപു ലൈബ്രറിയിൽ പോയി രണ്ടു നോവലെങ്കിലും എടുത്തിട്ടു വരാമെന്നു കരുതി അങ്ങോട്ടേക്കു നടന്നു.റാക്കുകൾക്ക് ഇടയിൽ നിന്നും രണ്ടു പുസ്തകങ്ങൾതിരഞ്ഞെടുത്തു. രെജിസ്റ്ററിൽ ഒപ്പിട്ടു വാങ്ങി. തിരികെ ക്ലാസിലേക്കു പോകാനുള്ള മടികൊണ്ട് അവിടെത്തന്നെ ഇരുന്നു പുസ്തകങ്ങൾ മറിച്ചു നോക്കിക്കൊണ്ടിരുന്നു….അൽപം മിനിട്ടുകൾ മാത്രമേ കഴിഞ്ഞുള്ളൂ ആരെയാണോ കാണരുതെന്നു കരുതി പാത്തും പതുങ്ങിയും നടക്കുന്നത് അയാളുടെ മുന്നിൽ തന്നെ പെട്ടു. വിശ്വനാഥ് സാർ.

ഇല്ല തന്നെ കണ്ടിട്ടില്ല. അല്ലെങ്കിലും താനെന്തിനാണ് ഒരു കാര്യവും കാരണവും ഇല്ലാതെ അയാളെ ഇത്രകണ്ട് ഭയപ്പെടുന്നു എന്ന് മനസിലാകുന്നേ ഇല്ല. സാമീപ്യമറിയുമ്പോഴേക്കും ഹൃദയം അകാരണമായി മിടിക്കുന്നു. വിയർപ്പു കണങ്ങൾ പൊടിയുന്നു… കൈത്തലംപോലുംതണുത്തുപോകുന്നു…..എന്തായാലും ആൾ കാണുന്നതിനും മുൻപേ എഴുന്നേറ്റു പോകാനുറച്ചു…പതിയെ എഴുന്നേറ്റു സ്വരങ്ങൾ ഇല്ലാതെ നടക്കാൻതുടങ്ങി. ആൾ ഷെൽഫിൽ നിന്നും എന്തൊക്കെയോ എടുത്തു വലിച്ചു പരതുകയാണ്….. ആ ഭാഗത്തേയ്ക്കു നോക്കാതെ പതിയെ പുറത്തേയ്ക്കു നടക്കുമ്പോഴാണ് പുറകിൽ നിന്നും സ്പന്ദനാ എന്ന വിളി ഉയർന്നത്….

……..തുടരും…………….
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)