23/04/2026

ശ്രീനന്ദനം: ഭാഗം 60

രചന : കണ്ണൻ്റെമാത്രം

അഭി ഫോണിൽ തെളിഞ്ഞുകാണുന്ന അറിയാത്ത ആ നമ്പറിലേക്ക് നോക്കികൊണ്ട്‌ ഫോൺ എടുത്തു…
എന്താ അഡ്വക്കേറ്റ് അഭിനന്ദിന് ഫോൺ എടുക്കാൻ ഒരു താമസം… ഫോൺ എടുത്തതും മറുസൈഡിൽ നിന്ന് കേട്ട സംസാരത്തിൽ അഭിയുടെ കണ്ണുകൾ ചുരുങ്ങി….എന്താടാ… നിനക്ക് മനസിലായില്ലേ ഞാൻ ആരാണെന്ന്… എന്റെ മകന് വധശിക്ഷ വാങ്ങി കൊടുത്തപ്പോൾ നീ ആലോചിച്ചില്ലേ ഇതുപോലൊരു അപ്പൻ അവന് ഉള്ളത്…വർഗീസ് പഞ്ഞിക്കാരൻ… അഭിയുടെ വായിൽ നിന്നും അയാളുടെ പേര് പുറത്തേക്ക് വന്നു…ആഹാ… അപ്പൊ നീ എന്റെ പേര് മറന്നിട്ടില്ല അല്ലേ… നന്നായി… നിനക്ക് അറിയണ്ടേ നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുമ്പോൾ നമുക്ക് ഉണ്ടാകുന്ന വിഷമം… നിന്റെ മുന്നിൽ നിന്റെ അമ്മയും പെങ്ങളും ഭാര്യയും ഒക്കെ ജീവന് വേണ്ടി പിടയുന്നതിനും വലിയ ശിക്ഷ നിനക്ക് ഇല്ലടാ… നീ വിഷമിക്കേണ്ട.. അവസാനം നിന്നെയും കൂടി അവരുടെ കൂടെ പറഞ്ഞയക്കും എന്റെ പിള്ളേര്… ഇനിയിപ്പോ ഇതിന്റെ പേരിൽ ഞാൻ ജയിലിൽ പോയാലും എനിക്ക് ഒന്നും ഇല്ലെടാ… എന്റെ മകൻ എനിക്ക് നഷ്ടമായി അതിലും വലുത് ഒന്നും അല്ലല്ലോ മറ്റൊന്നും… അയാൾ ഒരു മുരൾച്ചയോടെ പറഞ്ഞു നിർത്തി…

ഓഹ്… അപ്പൊ വർഗീസ് പഞ്ഞിക്കാരൻ പ്രതികാരം ചെയ്യാൻ ഇറങ്ങിയതാണോ… അഭി ആദ്യം അയാളുടെ സംസാരം കേട്ടപ്പോൾ ഒന്ന് പകച്ചെങ്കിലും പിന്നെ ഒരു പുച്ഛത്തോടെ പറഞ്ഞു…അതേടാ.. നിന്റെ കുടുംബം തന്നെ ഇല്ലാതാവണം… അത് നീ കണ്മുന്നിൽ കാണണം.. എന്നാലേ എനിക്ക് സമാധാനം കിട്ടൂ…എങ്കിൽ പിന്നെ താങ്കളുടെ ആഗ്രഹം പോലെ നടക്കട്ടെ….. അഭി ഒരു കൂസലും ഇല്ലാതെ പറഞ്ഞുകൊണ്ട് ഫോൺ വച്ചു…എന്താ നന്ദൻ ഇതിന്റെ ഒക്കെ അർത്ഥം… അഭി ഫോൺ വച്ചതും പിയ ചോദിച്ചു…ഇത് ആ അനുഷ്ക മോളുടെ കേസിലെ പ്രതി ഇല്ലേ അവന്റെ അപ്പൻ ഒരുക്കിയിട്ടുള്ള വിരുന്നാണ് പിയ… അയാൾക്ക് അയാൾ അനുഭവിച്ച വേദന ഞാനും അറിയണം പോലും.. എന്റെ മുന്നിൽ വച്ച് എനിക്ക് വേണ്ടപ്പെട്ടവർ ഇല്ലാതെ ആകുന്ന വേദന… അഭി ഒരു പുച്ഛത്തോടെ പറഞ്ഞു…

മോനേ… സാവിത്രിയമ്മ പേടിയോടെ വിളിച്ചു…
ഹേയ്… പേടിക്കേണ്ട അമ്മ.. ഞാൻ പോയി അവർക്ക് എന്താ വേണ്ടത് എങ്കിൽ കൊടുത്തിട്ട് വരാം… അല്ലെങ്കിൽ ഈ ശല്യം തുടർന്നുകൊണ്ടിരിക്കും… ഇന്ന് വിച്ചു എന്നെ കാണാൻ വന്നതും ഇത് പറയാൻ ആയിരുന്നു.. ഏതോ അറിയാത്ത കുറച്ചുപേർ നമ്മളെക്കുറിച്ചൊക്കെ അന്വേഷിച്ചിരുന്നു എന്ന് പറയാൻ.. അഭി ആ ഗുണ്ടകളെ നോക്കികൊണ്ട്‌ പറഞ്ഞു…നന്ദൻ ഒറ്റക്ക് പോകേണ്ട… ഞാനും വരാം… പിയ പറഞ്ഞു..വേണ്ടടോ.. ഇത് എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ.. ഇനി എനിക്ക് പറ്റുന്നില്ല എന്ന് തോന്നിയാൽ താൻ വന്നാൽ മതി… അഭി അതും പറഞ്ഞുകൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…

അഭി പുറത്തേക്ക് ഇറങ്ങിയത് കണ്ടതും ആ ഗുണ്ടകളും അഭിയുടെ നേരെ നടന്നടുത്തു.. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതിൽ ഒരുവൻ അഭിയുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി അടിച്ചു.. അടികൊണ്ടു ഒന്ന് വേച്ചുപോയെങ്കിലും അഭി വീഴാതെ പിടിച്ചു നിന്നു.. പിന്നെ വലിയ ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ നല്ല അടിപൊടി പൂരം ആയിരുന്നു.. കൊണ്ടും കൊടുത്തും അഭി മുന്നേറി.. പെട്ടന്നാണ് പിയ അതിൽ ഒരുവൻ ഒരു ഇരുമ്പ് ദണ്ടും കൊണ്ട് പിന്നിലൂടെ അഭിയുടെ തല ലക്ഷ്യം വച്ച് വരുന്നത് കണ്ടത്… അതോടെ പിയയും കാറിൽ നിന്ന് ചാടിയിറങ്ങി അഭിയുടെ പേരും വിളിച്ചു അങ്ങോട്ട് ഓടി.. പിയയുടെ അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ അഭി കാണുന്നത് തന്റെ നേരെ വരുന്ന ഇരുമ്പ് ദണ്ടാണ്.. ഒഴിഞ്ഞു മാറിയെങ്കിലും അത് അഭിയുടെ തലയുടെ ഒരു സൈഡിൽ കൊണ്ട് തല ചെറുതായി പൊട്ടി.. ഒന്ന് വേച്ചുപോയ അഭിയെ പിയ വന്ന് താങ്ങി..നന്ദൻ ഓക്കേ അല്ലേ…. പിയ ചോദിച്ചു..

ഞാൻ ഓക്കേ ആണ് ശ്രീ.. അഭി നേരെ നിന്ന് തല ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു… അഭി ഒന്ന് തളർന്നു എന്നുകണ്ട കണ്ട ഗുണ്ടകൾ അപ്പോഴേക്കും അവർക്ക് ചുറ്റും നിരന്നിരുന്നു… പിയയെ കണ്ട അവരുടെ കണ്ണുകൾ ആസക്തിയോടെ അവളെ മൊത്തമായി ഒന്ന് ഉഴിഞ്ഞു നോക്കി.. അവരുടെ നോട്ടം കണ്ട പിയ കലിയോടെ മുഷ്ടിച്ചുരുട്ടി പിടിച്ചു…ആമിയും സാവിത്രിയമ്മയും ആകെ പേടിച്ചിരുന്നു… ഇതുപോലെ ഒന്ന് ആദ്യത്തെ അനുഭവം ആയതുകൊണ്ട് തന്നെ അവർക്ക് പേടികൊണ്ട് കൈകാലുകൾ മരവിച്ച പോലെ തോന്നി… അവർ പേടിയോടെ ആണെങ്കിലും കാറിൽ നിന്ന് ഇറങ്ങാൻ നോക്കി.. അപ്പോഴാണ് തങ്ങളെ ലോക്ക് ആക്കിയിട്ടാണ് പിയ കാറിൽ നിന്ന് ഇറങ്ങിയത് എന്ന് അവർക്ക് മനസിലായത്.. അവർ പേടിയോടെ മുന്നിലേക്ക് നോക്കി ഇരുന്നു… അടുത്തനിമിഷം അവിടെ നടന്നത് കണ്ട അവരുടെ കണ്ണുകൾ മിഴിഞ്ഞു.. അവർ പകച്ച മുഖത്തോടെ പരസ്പരം ഒന്ന് നോക്കികൊണ്ട്‌ മുന്നിൽ അരങ്ങേറുന്ന ദൃശ്യങ്ങളിലേക്ക് നോക്കി ഇരുന്നു…

അവിടെ അസാധ്യ മെയ്‌വഴക്കത്തോടെ ഗുണ്ടകളെ നേരിടുന്ന പിയയെ ആണ് അവർ കണ്ടത്.. അഭിയെ പോലെ അല്ല ഇവിടെ കൊടുക്കൽ മാത്രേ ഉള്ളൂ അറിയാതെ പോലും ഒരടി അവളുടെ ദേഹത്തിൽ കൊള്ളുന്നുണ്ടായിരുന്നില്ല… പത്തുമിനിറ്റിനുള്ളിൽ ആ വന്നവരെ എല്ലാം അവർ വന്ന വണ്ടിയിലേക്ക് തന്നെ എടുത്തിട്ടിരുന്നു അഭി…രണ്ടുസെക്കന്റിനുള്ളിൽ നിന്നെയും നിന്റെ കൂട്ടരെയും ഈ വണ്ടിയും എനിക്ക് ഇവിടെ കാണണ്ട.. ഇല്ലെങ്കിൽ ബാക്കി വച്ചിട്ടുള്ള നിന്റെ ഒക്കെ ജീവൻകൂടി ഞാൻ എടുക്കും… പിയ അതിൽ ഇത്തിരിയെങ്കിലും ബോധം ഉള്ള ഒരുത്തനോട് പറഞ്ഞു… അവൻ പേടിയോടെ തലയാട്ടിക്കൊണ്ട് എങ്ങനെയൊക്കെയോ ഡ്രൈവർ സീറ്റിലേക്ക് വലിഞ്ഞുകയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു… പിയ പറഞ്ഞതുപോലെ രണ്ടുസെക്കന്റിനുള്ളിൽ തന്നെ ആ വണ്ടി അവിടം വിട്ടിരുന്നു…

അവർ തിരികെ കാറിനടുത്തേക്ക് വന്ന് അതിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എടുത്ത് കയ്യും മുഖവും കഴുകി.. കാറിലേക്ക് കയറി…മോനേ ഒരുപാട് മുറിഞ്ഞിട്ടുണ്ടോ… അവർ കാറിലേക്ക് കയറിയതും അഭിയുടെ ചെവിയുടെ പിന്നിലായി കാണുന്ന ചോരപ്പാടിലേക്ക് നോക്കി സാവിത്രിയമ്മ നിറഞ്ഞ കണ്ണോടെ ചോദിച്ചു….ഏയ്യ് ഇല്ല അമ്മേ… ഇത് ഒന്ന് ഐസ് വെച്ചാൽ മാറുന്നതേ ഉള്ളൂ.. നിങ്ങൾ വിഷമിക്കല്ലേ… അഭി വിഷമിച്ചിരിക്കുന്ന അമ്മയെയും ആമിയെയും നോക്കിയിട്ട് പറഞ്ഞു…മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ… അവർ പിയയോട് ചോദിച്ചു…ഇല്ല അമ്മേ… I’m ok.. പിയ പറഞ്ഞു…

എന്നാലും ഏട്ടത്തി… എന്തായിരുന്നു അത്.. എന്ത് കൂൾ ആയിട്ടാണ് ഏട്ടത്തി അവരെ നേരിട്ടത്… സത്യം പറയാലോ.. എന്റെ കിളിപോയി കണ്ടിട്ട്… ആമി അതിശയത്തോടെ പറഞ്ഞു…ആ.. ഇങ്ങനെ ഒരു ബോഡി ഗാർഡ് കൂടെ ഉള്ളതുകൊണ്ടല്ലേ നിങ്ങൾ കൂടെ ഉണ്ടായിട്ടും ആ വന്നവന്മാരെ കണ്ടിട്ട് എനിക്ക് പേടിയൊന്നും തോന്നാതെ ഇരുന്നത്…. അഭി കളിയായും കാര്യമായും പറഞ്ഞു…പിയ അഭി പറയുന്നത് കേട്ടപ്പോൾ അവനെ നോക്കി കണ്ണുരുട്ടിയിട്ട് സാവിത്രിയമ്മയെയും ആമിയെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…
അതുപിന്നെ ഞാൻ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്…ആഹാ… എന്തായാലും ഏട്ടത്തി കലക്കി… അല്ല ഏട്ടന് നേരത്തെ അറിയാമായിരുന്നോ ഇത്… ആമി പിയയെ ആരാധനയോടെ നോക്കികൊണ്ട്‌ പറഞ്ഞു…

പിന്നില്ലാതെ.. ഞാൻ ഇയാളെ ആദ്യമായി കാണുന്നത് തന്നെ ഇയാള് നാലഞ്ചു പയ്യന്മാരെ അടിച്ചൊതെക്കുന്നത് ആണ്… അന്ന് ഞാൻ വായും തുറന്ന് നിന്നുപോയില്ലേ ഇയാളുടെ അടികണ്ടിട്ട്… അല്ലെടോ… അഭി അത് പറഞ്ഞതും പിയയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു… അത് കണ്ടതും അഭിയും ആമിയും ചിരിച്ചു… സാവിത്രിയമ്മയുടെ മുഖത്തും ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… ഇത്തിരി നേരത്തെ കടന്നുപോയ ഭീതി നിറഞ്ഞ നിമിഷങ്ങളിൽ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറ്റാൻ ആമിയുടെ ആ സംസാരത്തിന് കഴിഞ്ഞു… പിന്നെ അധികം വൈകാതെ തന്നെ അവർ പിയയുടെ വീട്ടിലേക്ക് തിരിച്ചു…

……………………

അഭി……. ഭക്ഷണം എല്ലാം കഴിഞ്ഞ് പുറത്ത് ഗാർഡനിലായി നിൽപ്പായിരുന്നു അഭിയും പിയയും രുദ്രനും .. നവിയും കാത്തുവും ആമിയും ഉണ്ടായിരുന്നു ഇത്രനേരം അവർ കിടക്കാനായി പോയപ്പോൾ ആണ് അഭിയെ രുദ്രൻ വിളിച്ചത്.. അവർ വരുമ്പോൾ നടന്ന കാര്യങ്ങൾ കേട്ട പപ്പൻ വർഗീസിന്റെ കാര്യം അയാൾ നോക്കിക്കോളാം എന്ന് പറഞ്ഞു… ഇനി അയാളുടെ ഭാഗത്ത്‌ നിന്ന് ഒരു ശല്യം ഇല്ലാതെ ഇരിക്കാനുള്ള വഴികൾ എന്റെ കൈയിൽ ഉണ്ടെന്നാണ് പപ്പൻ പറഞ്ഞത്.. അത് എന്താണ് എന്ന് പറഞ്ഞില്ലെങ്കിലും അയാളുടെ വലിഞ്ഞു മുറുകിയ മുഖം പറയുന്നുണ്ടായിരുന്നു പപ്പൻ വെറുതെ ഇരിക്കില്ല എന്ന്…എന്താ രുദ്രേട്ടാ…. അഭി അവന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു… പിയയും അവരുടെ സംസാരം ശ്രദ്ധിച്ചു…

നിങ്ങളുടെ രണ്ടാളുടെയും പ്രൊഫഷൻ വച്ചിട്ട് ശത്രുക്കൾക്ക് ഒരു പഞ്ഞവും ഉണ്ടാകില്ല.. ഞാൻ നിങ്ങൾക്ക് നമ്മുടെ ci അഷ്‌റഫിന്റെ നമ്പർ തരാം… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അയാളെ വിളിച്ചാൽ മതി.. അയാൾ എന്ത് സഹായങ്ങളും ചെയ്യ്തു തരും.. ഞാൻ പറഞ്ഞോളാം അയാളോട്…അഷ്‌റഫ്‌ സാറിന്റെ നമ്പർ എന്റെ കൈയിൽ ഉണ്ട് രുദ്രേട്ടാ… അങ്ങനെ വല്ല പ്രോബ്ലെവും ഉണ്ടായാൽ ഞാൻ വിളിച്ചോളാം…മ്മ്… സൂക്ഷിക്കണം.. ഇനിയൊരു നഷ്ടം ആർക്കും താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല…അറിയാം രുദ്രേട്ടാ… ഞങ്ങൾ ശ്രദ്ധിച്ചോളാം… പിയ പറഞ്ഞു..എങ്കിൽ ഞാൻ ഇറങ്ങട്ടെ.. ഇനി കല്യാണത്തിന്റെ അന്ന് കാണാം..അതും പറഞ്ഞ് രുദ്രൻ പോയി… അഭിയും പിയയും അവൻ പോകുന്നത് വരെ അവിടെ നിന്നു. പിന്നീട് അവരും റൂമിലേക്ക് പോയി…

…………………

രണ്ടു ദിവസങ്ങൾ പെട്ടന്ന് കടന്നുപോയി.. ഇന്നാണ് കാത്തുവിന്റെയും നവിയുടെയും കല്യാണം.. വിച്ചു രാവിലെ തന്നെ അവിടെ ഹാജർ വച്ചിട്ടുണ്ടായിരുന്നു… വന്നപ്പോൾ മുതൽ വിച്ചുവിന്റെ കണ്ണുകൾ ആമിയെ വട്ടമിട്ടായിരുന്നു.. ആമിയും ആരും കാണുന്നില്ല എന്ന് കാണുമ്പോൾ അവനെ ശ്രദ്ധിച്ചിരുന്നു.. ഏതോ ഒരു നിമിഷത്തിൽ സാവിത്രിയമ്മയുടെ കണ്ണുകൾ രണ്ടാളുടെയും ഈ ഒളിച്ചുകളി കണ്ടെത്തി… അവരുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. പിന്നെ തിരക്കെല്ലാം കഴിഞ്ഞാൽ അഭിയോട് സംസാരിക്കണം എന്ന് ഉറപ്പിച്ചു..

രാവിലെ എഴുന്നേറ്റതുമുതൽ കാത്തുവിന്റെ കണ്ണുകൾ കാശിയുടെയും മിത്രയുടെയും ഓർമയിൽ നിറഞ്ഞു തന്നെ ഇരുന്നു.. അഭിയും രുദ്രനും ഒരുപോലെ സമാധാനിപ്പിച്ചിട്ടാണ് അവൾ ഒന്ന് ഓക്കേ ആയത്… നഷ്ടമായ ഒരു ചേട്ടന് പകരം ഇടവും വലവും നിൽക്കാൻ അവൾക്ക് രണ്ടുപേർ ഉണ്ടായിരുന്നു. അഭിയും രുദ്രനും… അവർ തന്നെ ആണ് അവൾക്ക് ഇന്ന് ഇടാൻ ഉള്ള ആഭരണങ്ങൾ വാങ്ങിയത്… അവൾ ആദ്യം അത് വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും ഞങ്ങളെ സ്വന്തമായി കരുതുന്നുണ്ടെങ്കിൽ മോള് ഇത് വാങ്ങണം എന്ന അവരുടെ ഒറ്റ ഡയലോഗിൽ അവൾ വീണു.. ഒരുങ്ങി ഇറങ്ങിയ കാത്തുവിനെ കണ്ട എല്ലാവരുടെയും കണ്ണുകൾ വിടർന്നു.. അത്രയും ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ…

എല്ലാവരും തയ്യാറായതും മുതിർന്നവർക്ക് ദക്ഷിണ നൽകി നവിയും കാത്തുവും ഇറങ്ങി… നേരെ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് ആണ് അവർ പോയത്.. അവിടെയാണ് താലികെട്ടിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തിരുന്നത്..എല്ലാവരുടെയും അനുഗ്രഹത്തോടെ നവി കാത്തുവിനെ ഒരു താലി ചരടാൽ സ്വന്തമാക്കി… പപ്പൻ നിറഞ്ഞമനസ്സോടെ അവളെ നവിക്ക് കൈപ്പിടിച്ചു നൽകി..
താലികെട്ടും കാര്യങ്ങളും കഴിഞ്ഞതും മുതിർന്നവർ നേരെ വീട്ടിലേക്ക് പോയപ്പോൾ പിള്ളേര് അവരെയും കൊണ്ട് നേരെ രജിസ്റ്റർ ഓഫീസിലേക്ക് പോയി..അഭിയും രുദ്രനും വിച്ചുവും ആണ് സാക്ഷികളായി ഒപ്പിട്ടത്… രജിസ്റ്റർ ഓഫീസിലെ പ്രൊസീജിയർ കഴിഞ്ഞതും അവർ നേരെ നവിയുടെ വീട്ടിലേക്ക് തിരിച്ചു..പാറു കൊടുത്ത ഏഴുതിരിയിട്ട നിലവിളക്കുമായി കാത്തു ആ വീടിന്റെ മരുമകളായി വലംകാൽ വച്ച് കയറി…

……തുടരും…