01/05/2026

ശ്രീനന്ദനം : ഭാഗം 57

രചന: കണ്ണൻ്റെ മാത്രം

കാത്തുവേച്ചിയോട് സംസാരിച്ചോ അച്ഛാ.. അവരുടെ സംസാരം കേട്ട് പുറത്തേക്ക് വന്ന പിയ ചോദിച്ചു…
മ്മ്… സംസാരിച്ചിരുന്നു… ആദ്യം കുറേ കരഞ്ഞു ആള്.. പിന്നെ സമ്മതിച്ചു… രജിസ്റ്റർ ചെയ്തിട്ട് ചെറിയ രീതിയിൽ ഒരു താലികെട്ട്.. അത്രയും മതി എന്നാണ് നവിയുടെയും കാത്തുവിന്റെയും തീരുമാനം… ഹരി പറഞ്ഞു..അതുമതി പപ്പേ… ഒരു ആഘോഷത്തിനുള്ള മൂഡിൽ ഒന്നുമല്ലല്ലോ നമ്മളാരും…. പിയ ഒരു നിശ്വാസത്തോടെ പറഞ്ഞു..മ്മ്… അതുതന്നെ ആണ് ഞങ്ങളും കരുതിയത്… പപ്പൻ പറഞ്ഞു..

എന്നത്തേക്കാ പ്ലാൻ ചെയ്തിട്ടുള്ളത്.. അഭി ചോദിച്ചു..എത്രയും പെട്ടന്ന് എന്ന് വിചാരിച്ചിട്ടുള്ളൂ.. നിങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് തീരുമാനിക്കാം എന്ന് കരുതി… ഹരി പറഞ്ഞു…
എന്നാണെങ്കിലും ഞങ്ങൾക്ക് ഓക്കേ ആണ് അല്ലേ ശ്രീ… അഭി പിയയെ നോക്കി ചോദിച്ചു…
അതേ എന്നാണെങ്കിലും കുഴപ്പമില്ല പപ്പേ.. നിങ്ങൾ ഒരു ഡേറ്റ് തീരുമാനിച്ചോളൂ.. ഞങ്ങൾ അവിടെ ഉണ്ടാകും…ആഹ്.. എങ്കിൽ ഞങ്ങൾ പണിക്കരെ കണ്ട് ഒരു മുഹൂർത്തം കുറിപ്പിച്ചിട്ട് അറിയിക്കാം നിങ്ങളെ.. താലികെട്ടി നേരെ പോയി രജിസ്റ്റർ ചെയ്യാം.. കഴിഞ്ഞ ആഴ്ച തന്നെ അതിനുള്ള അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ടെന്നാ നവി പറഞ്ഞത്.. മൂന്നാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ഡേറ്റ് എടുത്തോളനാണ് അവൻ പറഞ്ഞത്..

എങ്കിൽ അങ്ങനെ ചെയ്തോളൂ അച്ഛാ.. ഞങ്ങൾക്ക് എന്തായാലും കുഴപ്പമില്ല…മ്മ്… എന്നാൽ പിന്നെ നിങ്ങളുടെ സമയം ചുറ്റിക്കുന്നില്ല.. ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ… ഹരി പറഞ്ഞു…വരട്ടെ പപ്പേ.. ഞാൻ ചായ എടുക്കാം അത് കഴിച്ചിട്ട് പോകാം… പിയ അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു…വേണ്ട മുത്തേ… ഇപ്പൊ ചായ ഒന്നും വേണ്ട… ഞങ്ങൾ ചായ കുടിച്ചിട്ടാണ് വീട്ടിൽ നിന്ന് പോന്നത്… ഇനിയിപ്പോ വേണ്ട… ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ… പിയയെ തടഞ്ഞുകൊണ്ട് പപ്പൻ പറഞ്ഞു…ഓരോ കാലി ചായ കുടിക്കാം അച്ഛാ…

വേണ്ട മുത്തേ… ഇപ്പൊ വേണ്ടാഞ്ഞിട്ടാണ്… ഹരിയും കൂടി പറഞ്ഞതും പിയ പിന്നെ നിർബന്ധിച്ചില്ല…എങ്കിൽ പിന്നെ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ… അതും പറഞ്ഞു അവർ എഴുന്നേറ്റു ഒപ്പം അഭിയും… അവർ അങ്ങോട്ട് പോയതും അഭിയും പിയയും അവർക്ക് പോകാനുള്ള കാര്യങ്ങളിലേക്ക് കടന്നു…

……………….

ദിവസങ്ങൾ കടന്നുപോയി.. ഇതിനിടയിൽ അനുഷ്ക കേസ് വിചാരണ ഒരിക്കൽ നടന്നു.. പ്രതിയുടെ സൈഡിൽ നിന്ന് കൊടികുത്തിയ വകീൽ ഒരാളാണ് വന്നതെങ്കിലും അഭിയുടെ കണിശമായ വാദങ്ങളിൽ അയാൾക്ക് ഉത്തരം മുട്ടി.. ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ അഭിയുടെ പേര് ഉയർത്താൻ ഈ കേസ് കാരണമായി. അഭിക്ക് പക്ഷെ അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. അവന് എങ്ങനെയും ആ കുഞ്ഞിമോളോട് ഇത്രയും വലിയ അക്രമം ചെയ്തവനെ ശിക്ഷിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ..

ഇതിനിടയിൽ രുദ്രന് ഇവിടെ നിന്ന് സ്ഥലം മാറ്റം കിട്ടി.. അവൻ ആഗ്രഹിച്ചിരുന്ന പോലെ ഡൽഹിയിലേക്ക് തന്നെ ആണ് കിട്ടിയത്.. ഇനിയിപ്പം പ്രിയതമയുടെ കൂടെ നിൽക്കാമല്ലോ എന്നും പറഞ്ഞ് പിയ അവനെ കളിയാക്കി വിടുന്നുണ്ടായിരുന്നു.. അവന് പിന്നെ തൊലിക്കട്ടി ഇത്തിരി അതികം ആയതുകൊണ്ട് തന്നെ അതിനെ ഒക്കെ മൂപ്പര് പുച്ഛിച്ചു വിട്ടു.. കാത്തുവിന്റെയും നവിയുടെയും കല്യാണം കഴിയുന്നതിന്റെ പിറ്റേന്ന് അവൻ ഡൽഹിക്ക് വണ്ടി കയറും.. കാശിയോട് ഉള്ള പോലൊരു അടുപ്പം രുദ്രനോടും തോന്നിയതുകൊണ്ട് അവന്റെ സ്ഥലം മാറ്റം എല്ലാവർക്കും ഒരു വിഷമം നൽകിയെങ്കിലും അവന്റെ സന്തോഷത്തിൽ എല്ലാവരും പങ്ക് ചേർന്നു…

…………………..

നാളെയാണ് അനുഷ്കമോളുടെ കേസിന്റെ വിധി പറയുന്ന ദിവസം. ഇത്രയും കോളിളക്കം സൃഷ്ട്ടിച്ച കേസ് ആയതുകൊണ്ട് അതിവേഗ കോടതി വഴിയായിരുന്നു അതിന്റെ പ്രോസഡിങ്‌സ് മുഴുവൻ.. അതുകൊണ്ട് തന്നെ നാളെ തന്നെ വിധി വരും എന്നുറപ്പാണ്.. കേരളക്കര ഒന്നാകെ എന്തായിരിക്കും വിധി എന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്..
ശിക്ഷ കിട്ടും എന്ന് ഉറപ്പുണ്ടങ്കിലും അവൻ ആഗ്രഹിച്ച ശിക്ഷ പ്രതിക്ക് കിട്ടുമോ എന്നൊരു ചെറിയ ടെൻഷനിൽ ആണ് അഭിയും…എന്തിനാ നന്ദൻ ഈ ടെൻഷൻ… പുറത്ത് തിണ്ണയിലായി ആകാശം നോക്കി കിടക്കുന്ന അഭിയുടെ അടുത്തേക്ക് വന്ന് പിയ ചോദിച്ചു…ടെൻഷനോ.. അതൊന്നും ഇല്ലെടോ.. അഭി പറഞ്ഞു..

ചുമ്മാ പറയല്ലേ നന്ദൻ.. വിച്ചു പോയിട്ടും ഇവിടെ ഇങ്ങനെ ഉള്ള കിടപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി എന്തോ ടെൻഷനിലാണ് നന്ദനെന്ന്… എന്താ കാര്യം.. അഭി കിടക്കുന്നതിന്റെ തല ഭാഗത്തായി ഇരുന്നുകൊണ്ട് പിയ ചോദിച്ചു…അഭി അവളെ ഒന്ന് നോക്കികൊണ്ട്‌ അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നു… അഭിയുടെ ആ പ്രവർത്തിയിൽ പിയ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു ചിരിയോടെ അഭിയുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു…ഇനി പറ എന്താ കാര്യം… പിയ ചോദിച്ചു..

ഒന്നുമില്ലെടോ.. നാളത്തെ വിധി എന്താവും എന്നുള്ളൊരു ചെറിയ ടെൻഷൻ… അഭി പിയയുടെ കൈപിടിച്ച് അവളുടെ വിരലുകളിൽ കളിച്ചുകൊണ്ട് പറഞ്ഞു…അതെന്തിനാ ഇത്ര ടെൻഷൻ.. ശിക്ഷ കിട്ടും എന്നുറപ്പല്ലേ.. പിന്നെ എന്താ…ശിക്ഷ കിട്ടും.. പക്ഷേ ഞാൻ അവന് ഒരു ശിക്ഷ ആഗ്രഹിക്കുന്നുണ്ട് അത് കിട്ടുമോ എന്നേ എനിക്കറിയേണ്ടു… ഇനിയും ഇങ്ങനത്തെ തെറ്റുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഭയം വരണം ആ ശിക്ഷ കേൾക്കുമ്പോൾ.. അതാണ് ഞാൻ ആഗ്രഹിക്കുന്നത്…അതൊക്കെ കിട്ടും.. നന്ദൻ നന്ദന്റെ മാക്സിമം ട്രൈ ചെയ്തിട്ടില്ലേ അതുമതി.. ബാക്കി എല്ലാം നമ്മൾ ആഗ്രഹിക്കുന്നത് പോലെ നടക്കും എന്ന് പ്രതീക്ഷിക്കാം… ചുമ്മാ ടെൻഷൻ ആവല്ലേ…മ്മ്… അഭി അതിനൊന്ന് മൂളി… ആ നേരത്താണ് അവരെ ഭക്ഷണം കഴിക്കാനായി ആമി വന്ന് വിളിക്കുന്നത്…
അതോടെ അവർ ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ് പോയി…

………………….

ജിത്തൂ…. ഭക്ഷണം കഴിഞ്ഞ് കിടക്കാനായി റൂമിലേക്ക് പോകാനായി നിന്ന ജിത്തു ആദിയുടെ വിളികേട്ട് എന്താ എന്നതുപോലെ അവളെ നോക്കി…
ജിത്തു ഡാഡി സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് നമുക്ക് ഓഫീസ് റൂമിലേക്ക് ഇരിക്കാം… ആദി പറഞ്ഞു…ശരി… ജിത്തു അതും പറഞ്ഞുകൊണ്ട് ആദിയുടെ പിന്നിലായി ഓഫീസ് റൂമിലേക്ക് നടന്നു..
എന്താ ഡാഡി കാണണം എന്ന് പറഞ്ഞത്.. ഓഫീസ് റൂമിലെ സോഫയിലേക്ക് ഇരുന്നതും ജിത്തു അടുത്തിരിക്കുന്ന ആദിയുടെ ഡാഡിയോടായി ചോദിച്ചു. ആദിയും കാര്യം എന്താണെന്നറിയാനായി അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…അയാൾ അവരെ രണ്ടാളെയും നോക്കികൊണ്ട്‌ തന്റെ കൈയിൽ ഉള്ള ഫയൽ അവരുടെ മുന്നിലെ ടീപ്പോയിലേക്ക് ഇട്ടുകൊണ്ട് ചോദിച്ചു…

എന്താ ജിത്തു ഇതിന്റെ അർത്ഥം… നീയുണ്ടല്ലോ എന്ന സമാധാനത്തിലാണ് ഞാൻ കുറച്ചുനാൾ ബിസിനസ്സിൽ നിന്ന് വിട്ടുന്നിന്നത്.. എന്നിട്ട് നീ എന്തൊക്കെയാണ് കാട്ടിക്കൂട്ടിവച്ചിട്ടുള്ളത്… എത്രമാത്രം നഷ്ടത്തിൽ ആണ് നമ്മുടെ കമ്പനി പോയി കൊണ്ടിരിക്കുന്നത് ഏഹ്….എന്താ ഡാഡി… ആദി അയാളോട് ചോദിച്ചു….
സകല വർക്കും പെൻഡിങ് ആണ് മോളെ. സത്യം പറഞ്ഞാൽ അവിടെ ഇപ്പൊ ഒരു പ്രൊജക്റ്റും നേരെ ചൊവ്വേ പ്രവൃതിക്കുന്നില്ല… എന്നാലോ കടത്തിനു മാത്രം ഒരു കുറവും ഇല്ല.. കോടികളാണ് ബാങ്ക് ലോൺ എടുത്തുകൂട്ടിയിട്ടുള്ളത്..
ഈ നിലക്ക് പോയാൽ ഈ കയറി കിടക്കുന്ന വീടടക്കം ബാങ്കുകാർ കൊണ്ട് പോകും….

ഡാഡി… ആദി ഞെട്ടലോടെ വിളിച്ചു…സത്യമാണ് മോളെ… അത്രയും കൊണ്ടെത്തിച്ചിട്ടുണ്ട് നിന്റെ ഭർത്താവെന്ന് പറയുന്ന മഹാൻ… എനിക്ക് അറിയില്ല മോളെ ഇനിയെന്താ വേണ്ടത് എന്ന്… അയാൾ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു…ജിത്തു… എന്താ ഞാൻ ഈ കേൾക്കുന്നത്… ആദി തലയും കുമ്പിട്ടിരിക്കുന്ന ജിത്തുവിനെ നോക്കികൊണ്ട്‌ ചോദിച്ചു…ഇങ്ങനെ തലയും കുനിച്ചിരിക്കാതെ എന്തെങ്കിലും വായ തുറന്ന് പറയ്… എന്താ ഡാഡി ഈ പറഞ്ഞതിന്റെ മുഴുവൻ അർത്ഥം… ആദി ദേഷ്യത്തോടെ ചോദിച്ചു…

അതുപിന്നെ ആദി.. കമ്പനി കുറച്ചു നഷ്ടത്തിൽ… അവൻ മുഴുവനാക്കാതെ നിർത്തി…കുറച്ചോ… അപ്പൊ ബാക്കിയുള്ളതോ… ആദിയുടെ ഡാഡി ദേഷ്യത്തോടെ ചോദിച്ചു…ജിത്തു കമ്പനി നഷ്ടത്തിൽ ആണെങ്കിൽ അന്ന് അഭിയേട്ടന് കിട്ടിയപോലത്തെ കാർ വാങ്ങണം എന്നും പറഞ്ഞ് വാങ്ങിയതിന് കാശ് എവിടെ നിന്നാണ്… അന്ന് ഞാൻ ചോദിച്ചപ്പോ കമ്പനി പ്രോഫിറ്റിൽ നിന്നാണെന്നല്ലേ പറഞ്ഞത്…അത് പിന്നെ ആദി…
എന്താ.. അഭിക്ക് കിട്ടിയപോലത്തെ കാറോ… പക്ഷേ ഞാൻ കണ്ടില്ലല്ലോ… ആദിയുടെ ഡാഡി അതിശയത്തോടെ ചോദിച്ചു…

മ്മ്… അങ്ങനത്തെ ഒരെണ്ണം വാങ്ങിയിട്ടുണ്ട് ജിത്തു. ഡാഡിയും മമ്മിയും കൂടി ടൂറിൽ ആയിരുന്നില്ലേ ആ സമയത്താണ് വാങ്ങിയത്. പക്ഷേ അത് പ്രോഫിറ്റിൽ നിന്നാണ് എന്നാ എന്നോട് പറഞ്ഞത്… ആദി പറഞ്ഞു..75- 80 ലക്ഷം രൂപ വില വരുന്ന കാർ വാങ്ങാൻ മാത്രമുള്ള പ്രോഫിറ്റൊന്നും ഇപ്പൊ നമുക്കില്ല.. ഇപ്പൊ എനിക്ക് മനസിലായി ഫണ്ട്‌ ഒക്കെ എങ്ങോട്ടാ തിരിഞ്ഞു പോയത് എന്ന്… നീ എന്താ അഭിയോട് മത്സരിക്കാൻ നോക്കാണോ…
അവന്റെ ഭാര്യയുടെ അച്ഛനെ ചില്ലറക്കാരൻ അല്ല നമ്മളെക്കാൾ നൂറെരട്ടിയുടെ മേൽ സ്വത്തുണ്ട് അയാൾക്ക്. അതുമാത്രോ ആ പെണ്ണിന് അഭിയുടെ ഭാര്യക്ക് എത്രെയാ വരുമാനം എന്നറിയോ… അതൊക്കെ പോട്ടെ. അഭിയുടെ ഇപ്പോഴത്തെ നില അറിയോ നിനക്ക്…

എന്താ ഡാഡി… അഭിയേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ എന്താ…മോളെ ലക്ഷങ്ങൾ ആണ് അവന് ഓരോ കേസിനും ആൾക്കാർ വാഗ്ദാനം ചെയ്യുന്നത്… അവൻ നീതിയുടെ ഭാഗത്തേ നില്ക്കു എന്നതുകൊണ്ടാണ് അല്ലെങ്കിൽ ഉണ്ടല്ലോ അവന് ഇവൻ വണ്ടിക്ക് വേണ്ടി ചിലവാക്കിയ പൈസ നേടാൻ അവന് പുല്ലുപോലെ സാധിക്കും… എന്തിന് അധികം ഇപ്പൊ ഈ അനുഷ്ക മർഡർ കേസ് വന്നില്ലേ അതിന് അഭി വക്കാലത്തു ഏറ്റെടുക്കാതിരിക്കാൻ മാത്രം 25 ലക്ഷമാണ് ആ പ്രതിയുടെ അച്ഛൻ ഓഫർ ചെയ്തതെന്നാണ് ഞാൻ അറിഞ്ഞത്… അതായത് ആ പയ്യനെതിരെ എല്ലാ തെളിവുകളും ഉണ്ട്… എന്തായാലും ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്.. അഭി ഹാജരായാൽ അത് ചിലപ്പോ വധശിക്ഷ വരെ ആയേക്കാം എന്നാണ് പറഞ്ഞു കേൾക്കുന്നത് അപ്പൊ അതൊഴിവാക്കാൻ ആണ് ഈ കാശ് ഓഫർ ചെയ്യ്തത്.. അപ്പൊ ഊഹിച്ചൂടെ അവന്റെ ഇപ്പോഴത്തെ റേഞ്ച്… ആ അവനെ തോല്പ്പിക്കാൻ ആണോ ഒന്നിനും കൊള്ളാത്ത നീ നടക്കുന്നത്… അയാൾ ജിത്തുവിനെ നോക്കി പുച്ഛത്തോടെ ചോദിച്ചു…

ഡാഡി… ജിത്തു ദേഷ്യത്തോടെ വിളിച്ചു…എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോ… എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ… നിന്നെക്കൊണ്ട് എന്താ പറ്റുന്നത്.. ഞാനായിട്ട് ഉണ്ടാക്കിയത് മുഴുവൻ നശിപ്പിച്ചു കളയാൻ അല്ലാതെ എന്തെങ്കിലും പറ്റുന്നുണ്ടോ.. എന്ന് കമ്പനി നിന്നെ ഏൽപ്പിച്ചോ അന്ന് മുതൽ പ്രോഫിറ്റിന്റെ അളവ് കുറഞ്ഞു വരികയല്ലേ… ഇവളെ ആലോചിച്ചാണ് ഇത്രയും കാലം ഞാൻ മിണ്ടാതെ നിന്നത്. പക്ഷേ ഇനിയും ഇങ്ങനെ തുടർന്നാൽ ഞാൻ ചോരയും നീരും കൊടുത്തു വളർത്തി കൊണ്ടുവന്ന എന്റെ കമ്പനി നീ ഇല്ലാതെയാക്കും… മര്യാദക്ക് കമ്പനിയിൽ നിന്ന് എടുത്ത പണം മുഴുവൻ തിരികെ വെച്ചോണം.. ഇനി ഞാൻ തന്നെ ഭരിച്ചോളാം എന്റെ കമ്പനി.. നിന്റെ സേവനം ഇത്രയും മതി… അയാൾ അതും പറഞ്ഞു അവനെ ഒന്ന് ഇരുത്തിനോക്കികൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു…

അവൻ അഭിയോട് മത്സരിക്കാൻ നടക്കുന്നു.. അവൻ എവിടെ കിടക്കുന്നു.. ഇവൻ എവിടെ കിടക്കുന്നു… പോകുന്ന പോക്കിൽ അയാൾ പിറുപിറുത്തത് ആദിയും ജിത്തുവും ശരിക്ക് കേട്ടു… ജിത്തുവിന്റെ തല നാണക്കേടുകൊണ്ട് കുനിഞ്ഞു പോയി..ജിത്തൂ… ഡാഡി പറഞ്ഞത് കേട്ടല്ലോ… എത്രയും പെട്ടന്ന് കമ്പനി പ്രോജെക്ടിൽ നിന്നെടുത്ത കാശ് തിരികെ വച്ചോ.. ഇല്ലെങ്കിൽ ഡാഡി എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്കറിയില്ല… ആദി അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോയി.. ജിത്തൂ ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് തലയിൽ കൈത്താങ്ങി അവിടെ ഇരുന്നു..
തുടരും….

കുറിപ്പ് :-അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. കഥ നിങ്ങൾക്ക് ബോർ ആയി തുടങ്ങിയോ.. അങ്ങനെ ഒരു കമന്റ്‌ കണ്ടു..ജനുവിൻ ആയിട്ട് പറയണം ട്ടോ.. എനിക്ക് വിഷമാവും എന്നോ ഞാൻ ഇനി കഥ കംപ്ലീറ്റ് ചെയ്യാതെ പോകും എന്ന് കരുതിയോ ആരും പറയാതെ ഇരിക്കരുത്.. ഞാൻ എന്തായാലും കഥ കംപ്ലീറ്റ് ചെയ്യും…