രചന :അഞ്ചു തങ്കച്ചൻ
നേരം പുലർന്നപ്പോഴേക്കും ഗുപ്തന്റെ പനി മാറിയിരുന്നു.എത്ര ശ്രമിച്ചിട്ടും കാർത്തുവിലേക്ക് തന്നെ വീണ് പോകുന്ന തന്റെ മനസ്സിനാണ് അസുഖമെന്ന് അയാൾക്ക് സ്വയമറിയാം, ചില നേരങ്ങളിൽ അത് തന്റെ ശരീരത്തെയും ബാധിക്കുന്നു.എങ്കിലും തിരക്കുകളിൽ മുങ്ങിജീവിക്കാൻ അയാൾ ശ്രദ്ദിച്ചു.കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ തന്റെ അനുജന്റെ കുഞ്ഞ് ജനിക്കും. ആ ഒരു കാത്തിരിപ്പ് അയാളുടെ മനസ്സിന് അൽപ്പം ആശ്വാസം പകരുന്നതായിരുന്നു.ഒരിക്കൽ കൈവിട്ട് പോകുമെന്ന് കരുതിയ തന്റെ പൊന്നനുജൻ ഇനി ഒരച്ഛൻ ആകാൻ പോകുന്നു.അവനെ നോക്കിയത് പോലെ തന്റെ ഇടനെഞ്ചിൽ കിടത്തി,അവന്റെ പിഞ്ചു പൈതലിനെ കൊഞ്ചിക്കാനുള്ള ത്വര അയാളിൽ നിറഞ്ഞു.
ഈ വീടകം നിറയെ ഇനിയൊരു കുഞ്ഞിക്കരച്ചിൽ നിറയും, ആ കുഞ്ഞിച്ചിരി ഈ വീട്ടിലുള്ളവരെ മുഴുവൻ സന്തോഷിപ്പിക്കും.ഗോപനും, ഗുപ്തനും, ഗൗതമും, ജനിക്കാൻ പോകുന്ന കുഞ്ഞിനായി വാങ്ങിക്കൂട്ടുന്ന സാധനങ്ങൾക്ക് കണക്കില്ല.
അതേയ്… കുഞ്ഞ് ജനിച്ചിട്ട് വാങ്ങിയാൽ മതി സാധനങ്ങൾ ഒക്കെ എന്ന് സൗദാമിനി ആകുന്ന പോലെ പറഞ്ഞാലും, അവർ ഓരോന്നും വാങ്ങിക്കൂട്ടും.ഒരിക്കലും കിട്ടിയിട്ടില്ലാത്ത സ്നേഹത്തിന്റെ മാധുര്യത്താൽ സീത സ്വയം മറന്നുപോയി.അമ്മയുടെ നെഞ്ചിലെ ചൂട്, അച്ഛന്റെ വാത്സല്യ ചുംബനം, ഏട്ടന്റെ കരുതലിന്റെ തലോടൽ, ഗൗതമിന്റെ പ്രണയകേളികൾ, അവൾ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു.
ഓരോ ദിവസങ്ങളെയും, ഓരോ നിമിഷങ്ങളെയും അവൾ സ്നേഹിച്ചു.എങ്കിലും ഏട്ടൻ ഗുപ്തന്റെ കാര്യത്തിൽ മാത്രം അവളും നോവുന്നുണ്ടായിരുന്നു.കാർത്തുവിനെ പോലെ ഒരു പെൺകുട്ടിയെ ഗുപ്തൻ കണ്ടുമുട്ടാൻ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
***********
സാന്ദ്രയുടെ മനസ്സിൽ കയറിപ്പറ്റിയ രാജു
അവളെ സ്നേഹത്തിന്റെ മായിക വലയത്തിൽ വട്ടം ചുഴറ്റി.ഒരു ദിവസം രണ്ടും കല്പ്പിച്ചവൾ, രാജുവിന്റെ അടുത്തേക്ക് ചെന്നു.രാജു… നമുക്ക് വിവാഹിതർ ആയാലോ?അല്ല…. അതിപ്പോ….ഞാൻ എന്താ പറയുക?ഒന്നും പറയണ്ട. നമ്മൾ ഒരുമിക്കുന്നു.സാന്ദ്ര ഉറപ്പിച്ചോ?ഉറപ്പിച്ചു. ഇനിയങ്ങോട്ട് രാജു എന്റെ കൂടെ വേണം.ശരി അങ്ങനെയെങ്കിൽ അങ്ങനെ. അയാൾ പുഞ്ചിരിയോടെ പറഞ്ഞു.നമുക്ക് ചെറിയ രീതിയിൽ വിവാഹം നടത്തിയാൽ മതി. അവൾ പറഞ്ഞു.
ചന്ദ്രശേഖരൻ മുതലാളിയുടെ ഏറ്റവും വലിയ മോഹമായിരുന്നു സാന്ദ്രയുടെ വിവാഹം.ശരിയാണ്… അവൾ സങ്കടത്തോടെ പറഞ്ഞു.
ഈ നാട് ഇതുവരെ കാണാത്ത വിധം ആഡംബരവിവാഹം നടത്തണം എന്ന് ഡാഡി പറയുമായിരുന്നു.
പക്ഷെ, നമുക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല സാന്ദ്ര. ചന്ദ്രശേഖരൻ എവിടെ എന്നൊരു ചോദ്യം അപ്പോൾ ഉണ്ടാകും. നമ്മൾ എന്ത് മറുപടി പറയും?ശരിയാണ്. അതുകൊണ്ട് വളരെ കുറച്ച് ആളുകൾ മാത്രം മതി വിവാഹത്തിന് അതെ, രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്യാം.ഹോസ്പിറ്റലിലെ സ്റ്റാഫിനെ ഒക്കെ വിളിച്ച് വൈകിട്ട് ഒരു ചെറിയ പാർട്ടി കൂടെ കൊടുക്കാം. അത് പോരേ?? അയാൾ ചോദിച്ചു.
മതി.അപ്പോൾ ഈ സുന്ദരി എന്റേത് ആകുകയാണ് അല്ലേ? അയാൾ അവളുടെ മുഖം കൈകളിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി.
അയാൾ തന്നെ ഒന്ന് ചുംബിച്ചിരുന്നെങ്കിൽ എന്നവൾ ആശിച്ചു.
എന്നാൽ അതുണ്ടായില്ല .സ്നേഹത്തിന്റെ അങ്ങേയറ്റം വരെ കൊണ്ട് പോയി,അവളെ മോഹിപ്പിക്കുന്നതായിരുന്നു അയാൾക്ക് ഇഷ്ട്ടം.
അയാളുടെ ചുംബനത്തിനായി അവളിലെ ഓരോ അണുവും മോഹിച്ചു.അയാൾ അവളുടേതാകുന്ന നിമിഷത്തിനായാണ് ഇപ്പോൾ അവൾ ഏറെ മോഹിക്കുന്നത്.അവളെ സ്നേഹത്തിന്റെ മായിക വലയത്തിൽ കുടിക്കിയിടാനുള്ള വിദ്യ അയാൾക്ക് നന്നായറിയാമായിരുന്നു.അതിൽ അയാൾ വിജയിക്കുകയും ചെയ്തു.നല്ലൊരു ദിവസം നോക്കി അങ്ങനെ, അയാൾ അവളെ താലി ചാർത്തി.
അയാൾക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി.സന്തോഷത്താൽ രണ്ടെണ്ണം വീശിയാലോ എന്നയാൾക്ക് തോന്നി.വേണ്ട, മദ്യപിച്ചാൽ സ്വയം നിയന്ത്രണം വിട്ട് പോകും. പിന്നെ വായിൽ വരുന്ന പൂരത്തെറിയൊക്കെ പറഞ്ഞെന്ന് വരാം. കുടിച്ചാൽ പിന്നെ ആരോടെങ്കിലും മെക്കിട്ട് കേറി വഴക്കുണ്ടാക്കി രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിക്കും.
ഓഹ് വേണ്ട… അയാൾ ആ ആഗ്രഹം ഉള്ളിലടക്കി
തല്ക്കാലം നല്ലവനായി അഭിനയിച്ചേ പറ്റൂ..വിവാഹരാത്രിയിൽ , അയാൾ നൽകിയ രതിയുടെ പ്രണയപ്പെരുമഴയിൽ നനഞ്ഞുകുതിർന്ന് സ്വയം മറന്ന അവൾ അറിഞ്ഞില്ല താൻ ചെന്ന് ചാടിയിരിക്കുന്നത് വലിയൊരു അപകടക്കുഴിയിൽ ആണെന്ന്.
************
സാന്ദ്ര രണ്ട് ദിവസത്തിന് ശേഷം വീണ്ടും കോളേജിൽ പോയിത്തുടങ്ങി.അവൾ ആകെ സന്തോഷവതിയായിരുന്നു.തന്നെ സ്നേഹിക്കാം, കരുതലോടെ ചേർത്തു പിടിക്കാൻ ഒരാണ് കൂടെ ഉണ്ടായിരിക്കുന്നു.
അയാളുടെ സ്നേഹത്തിൽ അവൾ മതിമറന്നു.അയാളുടെ കുസൃതികൾ,,, ഒരുമിച്ച് പകരുന്ന സ്വർഗ്ഗീയനുഭൂതികൾ.
അയാളെക്കുറിച്ച് ഓർക്കുമ്പോൾ അവളുടെ കവിളിൽ നാണം വിരിഞ്ഞു. കവിളുകളിലേക്ക്
രക്തം ഇരച്ചുകയറി ആ കവിളിണകൾ ചുവന്നു.
സന്തോഷം നിറഞ്ഞ ദിവസങ്ങൾ അതിവേഗം കടന്നുപോയി.ഒരു ദിവസം സാന്ദ്രയെ കോളേജിൽ നിന്നും കൂട്ടിക്കൊണ്ട് വന്ന രാജുവിന്റെ മുഖം വല്ലാതെ ഗൗരവം നിറഞ്ഞതായിരുന്നു.എന്ത് പറ്റി, ഇന്നെന്താ ഇത്ര ഗൗരവം.??അവൾ ചോദിച്ചു.ഹേയ് ഒന്നൂല്ലെടോ..
അതല്ല… എന്തോ ഉണ്ട്. എന്താ രാജു… കാര്യം പറ.അതൊന്നും പറഞ്ഞാൽ തനിക്കു മനസിലാകില്ലെടോ..എന്തായാലും പറ.എന്നാലല്ലേ എനിക്ക് മനസ്സിലാകുമോ ഇല്ലയോ എന്ന് അറിയാൻ പറ്റൂ..തനിക്കറിയാമല്ലോ സാന്ദ്ര,എനിക്ക് ആകെയുള്ളത് എന്റെ ജീവന്റെ ജീവനായ എന്റെയീ പെണ്ണും, പിന്നെ അൽപ്പം ആത്മാഭിമാനവും മാത്രമാ.
ഇപ്പോൾ എന്താ കുഴപ്പം.അത് പറ.ഹോസ്പിറ്റലിൽ ഇന്ന് ഒരാൾ എന്നോട് ചൂടായി അയാളോട് ഞാനും രണ്ടെണ്ണം തിരിച്ചു പറഞ്ഞു.ആരാ.. അത്?
ഒരു സെക്യൂരിറ്റിയാണ്, അവൻ വണ്ടി പാർക്ക് ചെയ്യുന്നതിന്റെ പേരും പറഞ്ഞ് ഒരുത്തനോട് ദേഷ്യപ്പെടുന്നു. നമ്മുടെ ഹോസ്പിറ്റലിൽ നിസ്സാരം ഒരു പാർക്കിങ്ങിന്റെ പേരിൽ അടി ഉണ്ടായാൽ അത് നമുക്ക് മോശമല്ലേ മര്യാദക്ക് സംസാരിക്കാൻ അറിയാത്ത ആ സെക്യൂരിറ്റിയോട് ഇനി നമ്മുടെ ഹോസ്പിറ്റലിലേക്ക് വരണ്ടെന്ന് ഞാൻ പറഞ്ഞു.
അതാണോ പ്രശ്നം?അല്ല സാന്ദ്ര, അവൻ എല്ലാവരുടെയും മുന്നിൽ വച്ച് പറയുകയാ ഞാൻ ഒന്നുമില്ലാത്ത തെണ്ടിയാണ്, ഭാര്യയുടെ സ്വത്ത് കണ്ട് വല്യ ആളാവാൻ നോക്കരുതെന്ന്.
അത്രയും ആളുകളുടെ മുന്നിൽ വച്ച്,എന്റെ തൊലി ഉരിഞ്ഞുപോയി.അയാളുടെ മുഖം ചുവന്നു വിങ്ങി. ഒരുകണക്കിന് നോക്കിയാൽ ആ സെക്യൂരിറ്റി പറഞ്ഞതും ശരിയാണല്ലോ.. അയാൾ മുഖം അമർത്തിത്തുടച്ചു.ഞാൻ സമ്പത്ത് മോഹിച്ചു കെട്ടിയതാണെന്ന് അവൻ പറഞ്ഞു.
നമ്മുടെ വിവാഹക്കാര്യം ഞാൻ ചിന്തിച്ചത് പോലുമല്ല.സാന്ദ്ര ഇഷ്ട്ടം പറഞ്ഞപ്പോഴും ഞാൻ പിന്തിരിപ്പിക്കാൻ അല്ലേ നോക്കിയത്
എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ…അയാളുടെ കണ്ണുകൾ നിറഞ്ഞു.അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞു. എന്റെ പൊന്നേ ഇങ്ങനെ വിഷമിക്കല്ലേ… എന്റെ സ്വത്ത് ഇപ്പോൾ എന്റെ പൊന്നിന്റെ കൂടെയല്ലേ, അവൾ അയാളുടെ മുഖം തുടച്ചു.ഇനി ഞാൻ ഹോസ്പിറ്റലിൽ പോകില്ല. സാന്ദ്ര നോക്കി നടത്തിയാൽ മതി.
അങ്ങനെ പറയരുത്. എന്റേതല്ല ഒന്നും, നമ്മുടേതാണ്..അത് ആളുകൾക്ക് അറിയില്ലല്ലോ.
ഞാൻ ഒരു കാര്യം പറയട്ടെ രാജു??എന്താ… മുത്തേ നീ പറയ്.
നമ്മുടെ ഹോസ്പിറ്റൽ രാജുവിന്റെ പേർക്ക് എഴുതാം അപ്പോൾ ആരും രാജുവിനെ രണ്ടാം തരക്കാരൻ ആയി കാണില്ല.അതൊന്നും വേണ്ട മോളേ… എനിക്കെന്റെ ഈ പെണ്ണ് എന്നും ഇങ്ങനെ അരികിൽ ഉണ്ടായാൽ മതി.അത് പോരാ… എന്റെ കെട്ടിയോൻ ഒന്നുമില്ലാത്തവൻ ആണെന്ന് ഇനി ആരും പറയരുത്.ഞാനത് തീരുമാനിച്ചു കഴിഞ്ഞു.അത് മാത്രമല്ല നമ്മൾ താമസിക്കുന്ന വീട് നമ്മൾ രണ്ടാളുടെയും പേരിൽ മാറ്റി എഴുതും.വേണ്ട ഞാൻ സമ്മതിക്കില്ല… അയാൾ പറഞ്ഞു.
പ്ലീസ്… സമ്മതിക്കൂന്നേ… അവൾ അയാളുടെ കൈകളിൽ പിടിച്ചു.ദേ… പെണ്ണേ ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുവാ, ചുമ്മാ കൊഞ്ചാതെ.
എന്നാൽ സമ്മതിക്ക്. നീയെന്തേലും ചെയ്യെന്റെ കരളേ…അപ്പോ ഞാൻ കരളാണ് അല്ലേ?
കരള് മാത്രമല്ല…. നീയെന്റെ ജീവനാ… എന്റെ പ്രാണൻ. എന്റെ എല്ലാം…അയാളുടെ മുഖത്ത് നോക്കി അവൾ മനം നിറഞ്ഞു ചിരിച്ചു.
ഹൊ..നിന്നെ ഇത്ര വേഗത്തിൽ വീഴ്ത്താൻ കഴിയുമെന്ന് കരുതിയില്ല. അയാൾ മനസ്സിൽ പറഞ്ഞു.കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവൾ പറഞ്ഞത് പോലെ തന്നെ അയാളുടെ പേർക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.അയാൾ അവളെ നിലത്തുവയ്ക്കാതെ കൊഞ്ചിച്ചും ലാളിച്ചും അവളിൽ സ്നേഹം നിറച്ചു.
പക്ഷെ അയാളിലെ ഉള്ളിൽ അടങ്ങിക്കിടക്കുന്ന മനുഷ്യമൃഗം ഇടയ്ക്കിടെ തലപൊക്കി നോക്കാൻ തുടങ്ങിയിരുന്നു.എത്ര അഭിനയിച്ചാലും ചിലനേരങ്ങളിൽ അവരവരുടെ തനിസ്വഭാവം പുറത്ത് വരിക തന്നെ ചെയ്യും. ആ നേരങ്ങളിൽ മനസ്സ് മറ്റാരോ നിയന്ത്രിക്കുന്നത് പോലെ തോന്നും.
അന്ന് അങ്ങനെ ഒരു ദിവസമായിരുന്നു.
*************
തുടരും.

by