22/04/2026

പ്രണയാർദ്രം – ഭാഗം 23

രചന: അഞ്ചു തങ്കച്ചൻ

കാർത്തുവിന്റെയും കറുപ്പന്റെയും പിന്നാലെ പോകാനൊന്നും എനിക്ക് നേരമില്ല പെണ്ണേ…
പൊന്ന് മോളേ സാന്ദ്രേ..നീ നോക്കിക്കോ, നീ എന്നെ അനുസരിച്ച്‌ ജീവിക്കും. നിന്റെ സമ്പത്ത് ദാ.. ഞാൻ എന്റെ കൈവെള്ളയിൽ ഇട്ട് അമ്മനമാടും. ഇനി വേണം ഒന്ന് സുഖിക്കാൻ.തല്ക്കാലം എവിടെയെങ്കിലും പോയി ഒന്ന് കറങ്ങിയടിച്ചു വരാം.പിന്നെ ഈ കോലം ഒക്കെ ഒന്ന് മാറ്റണം. കുറച്ച് നല്ല ഡ്രസ്സ്‌ ഒക്കെ എടുക്കണം, ഈ താടിയും മുടിയും ഒക്കെ വെട്ടി ഒന്ന് മെനക്ക് നടക്കണം. എങ്കിലേ സാന്ദ്രയെ പതിയെ പതിയെ തന്റെ വരുതിയിൽ ആക്കാൻ പറ്റൂ.

ആദ്യം അവളിൽ വിശ്വാസം നിറയ്ക്കണം. എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് അവൾ വിശ്വസിക്കണം. നുണ പറഞ്ഞു ഭലിപ്പിക്കാനുള്ള കഴിവ് പിന്നെ പണ്ടേ തനിക്കുണ്ട്.രാജു മനസ്സിൽ കുറേ പദ്ധതികൾ തീരുമാനിച്ചുറപ്പിച്ചു.തല്ക്കാലം കാർത്തുവും കറുപ്പനും മരിച്ചു പോയെന്നു നുണ പറയാം. സ്വാഭാവികമായും അവളുടെ ശത്രുത മുഴുവനും ഗുപ്തന്റെ നേർക്ക് മാത്രമാകും. ഗുപ്തനിട്ട് ആരെയെങ്കിലും വിട്ട് നാലെണ്ണം കൊടുപ്പിച്ചാൽ സാന്ദ്ര തത്കാലം അടങ്ങും.പിന്നെ എത്രയും പെട്ടന്ന് അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കാൻ നോക്കണം. അതിന് പറ്റിയില്ലെങ്കിൽ അവളെ അങ്ങ് പറഞ്ഞു വിടണം അവളുടെ ഡാഡിയുടെ അടുത്തേക്ക്.
അയാൾ പലതും ചിന്തിച്ചുകൊണ്ട് വണ്ടി മുന്നോട്ട് ഓടിച്ചു.

************

ഗുപ്തൻ വീട്ടിൽ എത്തി. നേരെ സോഫയിൽ ചെന്നിരുന്നു. കണ്ണുകൾ മുറുക്കെ അടച്ചു.മോനേ.. അവരെ കണ്ടോ?സൗദാമിനി ചോദിച്ചു.അയാൾ ഒന്നും മിണ്ടിയില്ല.എടാ… പോയിട്ട് അവരെ കാണാൻ സാധിച്ചോ?ഗോപനും അവന്റെ അരികിൽ വന്ന് ചോദിച്ചു.അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല.
എന്താടാ ഒന്നും പറയാത്തത്?ഗുപ്തന്റെ ഇരു കവിളിലൂടെയും കണ്ണുനീർ കുതിച്ച്‌ ഒഴുകി
അത് കണ്ടതും ഗോപനും സൗദാമിനിയും പരസ്പരം നോക്കി.അവർക്ക് മനസിലായി എന്തോ മോശം വാർത്തയാണ് അവന് പറയാനുള്ളത് എന്ന്.
അവരെ കണ്ടില്ലേടാ?? സൗദാമിനി വീണ്ടും ചോദിച്ചു.
ഗുപ്തൻ കണ്ണുകൾ തുറന്നു. അയാളുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു…

ഇല്ലമ്മേ…. ഇനി ഒരിക്കലും അവരെ കാണാൻ പറ്റില്ല.മറ്റൊരു ലോകത്തിലേക്ക് ഒരു പരിഭവവും ഇല്ലാതെ അവർ പൊയ്ക്കഴിഞ്ഞു.എന്റെ ദൈവമേ…. സൗദാമിനി നെഞ്ചത്ത് കൈ വച്ചു.
ഞാൻ എന്തുമാത്രം ആഗ്രഹിച്ചതാ എന്റെ ഗൗതമിന്റെ പെണ്ണായി കാർത്തു വരണമെന്ന്.അമ്മ എണ്ണിപ്പെറുക്കി പറഞ്ഞു.അരുതമ്മേ… ഇനിയിങ്ങനെ പറയരുത്. എനിക്കതു സഹിക്കില്ല. ഗൗതം അല്ല ഈ ഗുപ്തനാണ് അവളെ മോഹിച്ചത്, ഒരു ജന്മം മുഴുവൻ കൂടെയിരിക്കാൻ മോഹിച്ചത് ഈ ഞാനാണ്.മോനേ…. അവർ ഞെട്ടലോടെ വിളിച്ചു.എന്റെ സ്നേഹം മുഴുവൻ ഞാൻ ഉള്ളിൽ അടക്കുകയായിരുന്നു. സാന്ദ്രയെ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിനു നിന്ന് തന്നത് കൊണ്ട് മാത്രമാണ്. വിവാഹനിശ്ചയം വരെ എത്തിയത്.
അല്ലായിരുന്നെങ്കിൽ എന്റെ കാർത്തു ഇപ്പോൾ ഇവിടെ കണ്ടേനെ… എന്റേത് മാത്രമായിട്ട്…. അയാൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ പൊട്ടിപ്പൊട്ടി കരഞ്ഞു.

ഗോപനും, സൗദാമിനിയും എന്ത് പറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്നു.സൗദാമിനി പതിയെ അവന്റെ അരികിൽ ഇരുന്നു. ആ നിറുകയിൽ തലോടി, അയാളുടെ മുഖത്തു പടർന്ന കണ്ണുനീർ തുടച്ചു കൊണ്ട്, എന്റെ മോൻ വിഷമിക്കരുത് എന്ന് മാത്രം പറഞ്ഞു.അയാൾ അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്തുവച്ചു.
അയാളുടെ കണ്ണുനീർ വീണ് മാറിടം കുതിരുന്നത് അവർ അറിഞ്ഞു.ആ അമ്മയുടെ കൈകൾ അയാളെ പതിയെ ആശ്വസിപ്പിക്കാനെന്നവണ്ണം പതിയെ അയാളുടെ നിറുകിൽ തഴുകുന്നുണ്ടായിരുന്നു.എല്ലാം കേട്ട് കൊണ്ട് നിന്ന ഗൗതമിന്, ഗുപ്തന്റെ സങ്കടത്തിന്റെ ആഴം അറിയാമായിരുന്നു.

പ്രണയവേദനയുടെ ആഴം തനിക്കും അറിവുള്ളതാണല്ലോ, സീതയെ അയാൾക്ക്‌ ഓർമ്മ വന്നു.പുരുഷന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ ഒരു പെണ്ണിനും കഴിയില്ല…പാവം കാർത്തു. ഒരുകണക്കിന് അവരുടെ മരണത്തിന് താനും ഉത്തരവാദിയാണ്. തന്റെ ജീവൻ രക്ഷിക്കാനാണ് ആ കുട്ടി കരൾ പകുത്തുതന്നത്. എന്നിട്ട്…. എന്നിട്ടിപ്പോൾ അവർക്ക് ഈ ലോകത്തുനിന്നും പോകേണ്ടി വന്നു.എന്തൊരു വിധിയാണ് ഇത്.അയാൾ ദുഃഖത്തോടെ തന്റെ മുറിയിലേക്ക് പോയി.

*************

വൈകുന്നേരത്തോടെ രാജു തിരിച്ച്‌ സാന്ദ്രയുടെ അടുത്ത് ചെന്നു.എന്തായി അവരെ കണ്ടോ??ഇല്ല. ആ കറുപ്പനും കാർത്തുവും മരിച്ചു പോയി.മരിച്ചോ??
ഉവ്വ്…അങ്ങനെയാ അവിടെ ഉള്ളവർ പറഞ്ഞത്.
ശ്ശൊ… എന്തൊരു കഷ്ട്ടമാണിത്. എനിക്കവളുടെ ജീവനറ്റ ശരീരം കാണാൻ പറ്റിയില്ല. ആ യക്ഷിപ്പെണ്ണിന്നിട്ട് രണ്ടെണ്ണം കൊടുക്കാൻ എന്റെ കൈ തരിക്കുവായിരുന്നു.അവൾ ദേഷ്യത്തോടെ പറഞ്ഞു.ആഹ് ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം എല്ലാം കഴിഞ്ഞില്ലേ.എന്നാലും ഒരാൾ കൂടെ ബാക്കിയുണ്ട് രാജു. ഗുപ്തൻ.എന്റെ ഡാഡിയെ കൊന്ന അവനെ ഞാൻ വെറുതെ വിടില്ല.പെട്ടന്ന് എടുത്ത് ചാടി ഒന്നും ചെയ്യുന്നത് ശരിയല്ല. വ്യക്തമായ ഒരു പ്ലാനിങ് നമുക്ക് വേണം.രാജു പറഞ്ഞു.ശരിയാണ്.അവനെ തീർക്കാൻ നമുക്ക് ഇനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ വേണ്ടത് ചന്ദ്രശേഖരൻ മുതലാളിയുടെ ഹോസ്പിറ്റൽ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകുക എന്നതാണ്.

ഉം… സാന്ദ്ര ആലോചനയോടെ മൂളി.
പിറ്റേന്ന് മുതൽ സാന്ദ്ര ഹോസ്പിറ്റലിലേക്ക് പോയി.
എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്നും കൃത്യമായ ഒരു ധാരണയൊന്നും അവൾക്കില്ലായിരുന്നു. ഒന്ന് മാത്രം അവൾ നിശ്ചയിച്ചു.. തന്റെ പഠനം മുടങ്ങാനും പാടില്ല. ഈ ഹോസ്പിറ്റൽ ഇപ്പൊൾ ഉള്ളതുപോലെ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകുകയും വേണം.അതിന് എന്ത് ചെയ്യണം എന്നവൾ ആലോചിച്ചു.

***********
ദിവസങ്ങൾ പിന്നിട്ടു. സാന്ദ്ര ഒരുദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ രാജുവും കൂടെ പോയി.
അവളെ എന്തിനും സഹായിക്കാൻ അയാൾ കൂടെ ഉണ്ടായിരുന്നു.അയാൾ പറയുന്നത് പോലെ അവൾ മുന്നോട്ട് പോയി.രാജു നല്ല വിദ്യാഭ്യാസം ഉള്ള ആൾ ആണല്ലേ? സാന്ദ്ര ചോദിച്ചു.അതെ, പഠിത്തം കഴിഞ്ഞിട്ടും ജോലി ഒന്നും കിട്ടാത്തതുകൊണ്ടാണ് ചന്ദ്രശേഖരൻ മുതലാളിയുടെ എസ്റ്റേറ്റിൽ പണിക്ക് വന്നത്.രാജുവിന് എത്ര വയസ്സുണ്ട്. ഇരുപത്തിയെട്ട്.

രാജുവിന് എന്നെ സഹായിക്കാൻ പറ്റില്ലേ, ഈ ഹോസ്പിറ്റലിന്റെ മുന്നോട്ടുള്ള വളർച്ചയിൽ എനിക്ക് രാജുവിന്റെ സേവനം ആവശ്യമുണ്ട് അതുകൊണ്ട്. ഇനി മുതൽ ഇവിടെ ജോലി നോക്കിക്കൊള്ളൂ.ശരി.. അയാൾ സമ്മതിച്ചു.സാന്ദ്ര കരുതിയതിനേക്കാൾ മിടുക്കനായിരുന്നു അയാൾ.ചുറുചുറുക്കോടെ എല്ലാകാര്യങ്ങളും നോക്കി നടത്തി അയാൾ സാന്ദ്രയുടെ വിശ്വസ്ഥൻ ആയി മാറി.സാന്ദ്ര വീണ്ടും പഠനത്തിൽ ശ്രദ്ദിച്ചു തുടങ്ങി.രാജു സാന്ദ്രയുടെ ഔട്ട്‌ ഹൌസിൽ ആയിരുന്നു താമസം.വിലകൂടിയ വസ്ത്രങ്ങളും, മുന്തിയ പെർഫ്യൂമും,ഒക്കെയായി അയാൾ ആകെ മാറിയിരുന്നു.ചന്ദ്രശേഖരന്റെ കാറുകളിൽ ഒന്ന് അയാളാണ് ഉപയോഗിക്കുന്നത്.

ഇടയ്ക്കിടെ ഗുപ്തനെ തീർക്കുന്ന കാര്യo അവൾ പറയുബോഴൊക്കെ,രാജു അതിനെ എതിർത്തിരുന്നു.
പഠനം കഴിഞ്ഞിട്ട് മതി, ബാക്കി ഒക്കെ. ഹോസ്പിറ്റൽ ചുമതല പൂർണ്ണമായും ഏറ്റെടുത്ത്,സ്വന്തം ഹോസ്പിറ്റലിൽ ഡോക്ടർ ആയി വന്നതിനു ശേഷംമാത്രം,
ഇരു ചെവി അറിയാതെ ഗുപ്തനെ അവസാനിപ്പിക്കാം എന്നയാൾ അവളെ പറഞ്ഞു മനസിലാക്കി.
ആലോചിച്ചപ്പോൾ അതാണ് ശരിയെന്ന് സാന്ദ്രക്കും തോന്നി.എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന് കരുതി ഗുപ്തൻ സമാധാനത്തോടെ ഇരിക്കട്ടെ,അപ്പോൾ വേണം അവനെ തീർക്കാൻ.സാന്ദ്രയുടെ അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു.

**********

ദിവസങ്ങൾ കഴിഞ്ഞിട്ടും ഗുപ്തൻ വീടിന് പുറത്തിറങ്ങുകയോ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്തില്ല.കണ്ണടച്ചാൽ അവളാണ് മുന്നിൽ തന്റെ കാർത്തു.ആ വിടർന്ന മിഴികൾ ആദ്യം മുന്നിൽ തെളിയും. പിന്നെ ചിരി… സംസാരം… അങ്ങനെയങ്ങനെ അവൾ തന്റെ അടുത്ത് ഉണ്ടെന്ന് അയാൾക്ക്‌ തോന്നും.അവളെ മാറിലേക്ക് വരിഞ്ഞു ചേർത്ത് പിടിക്കണമെന്നും, ഒരിക്കലും വിടാതെ ആ കൈകളിൽ കൈ കോർത്ത് പിടിക്കണമെന്നും അയാൾക്ക്‌ തോന്നും.ഏട്ടൻ ആകെ തകർന്നിരിക്കുകയാണെന്ന് ഗൗതമിന് മനസിലായി.
അങ്ങനെ തകർന്നു പോകേണ്ട ആളല്ല തന്റെ ഏട്ടൻ.
ഗൗതം ഗുപ്തന്റെ മുറിയിലേക്ക് ചെന്നു.ഏട്ടാ…
എന്താടാ…?ഏട്ടൻ എന്നോട് പലപ്പോഴും പറയാറില്ലേ കഴിഞ്ഞുപോയതിനെക്കുറിച്ച് ഓർത്ത് വിഷമിക്കരുതെന്ന്.ഉം…ഇപ്പോൾ ഏട്ടൻ അതല്ലേ ചെയ്യുന്നത്?എനിക്കറിയാം മോനേ…പക്ഷെ ഒരു തെറ്റും ചെയ്യാത്ത രണ്ടുപേർ നമ്മൾ കാരണം ഇല്ലാതായില്ലേ അതോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.

ഏട്ടാ… അതൊക്കെ മറന്നേ പറ്റൂ..
ഒരു ഹോസ്പിറ്റൽ തുടങ്ങാൻ ഏട്ടൻ പ്ലാൻ ഇട്ടതല്ലേ അതിന്റെ രജിസ്ട്രേഷനും മറ്റുകാര്യങ്ങളും ഒക്കെ തുടങ്ങി വച്ചതും അല്ലായിരുന്നോ.ഉം..അത് എത്രയും വേഗം നടപ്പിലാക്കണം. കാർത്തുവിനെ ഓർത്ത് കരയാതെ, കാർത്തുവിനെ പോലെ അനേകം ആളുകൾക്ക് ചികിത്സ ലഭ്യമാകുന്ന നല്ലൊരു ഹോസ്പിറ്റൽ ഇവിടെ വേണം. നമ്മുടെ കാർത്തു അത് കാണുമ്പോൾ മറ്റൊരു ലോകത്തിരുന്നു സന്തോഷിക്കും..ഉം….കുറച്ച് ദിവസങ്ങൾ കൊണ്ട് ഗൗതം ഗുപ്തനെ തന്റെ പഴയ ഏട്ടനാക്കി.

ഗുപ്തൻ ഹോസ്പിറ്റൽ തുടങ്ങാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയി.ഇടക്കൊക്കെ ഓർമ്മയിലേക്ക് കാർത്തു നിറഞ്ഞു വരുമെങ്കിലും അയാൾ അവളെ തന്റെ മനസിന്റെ കോണിൽ ഒതുക്കി വച്ചു.
തന്റേത് മാത്രമായുള്ള രാത്രിയുടെ ഏകാന്തതയിൽ അയാൾ അവളെ പുന്നാരിക്കും തന്റെ നെഞ്ചിൽ അവൾ ഉണ്ടെന്ന് കരുതും.അവളുടെ ഓർമ്മകൾ ഇല്ലാതെ ഗുപ്തന് ജീവിക്കാൻ കഴിയുമായിരുന്നില്ല.

**************

അന്നൊരു വൈകുന്നേരം ആയിരുന്നു.
രാജു സാന്ദ്രയെ കോളേജിൽ നിന്നും വിളിക്കാൻ പോയതായിരുന്നു.വീട്ടിൽ എത്തി അവളെ ഇറക്കി വിട്ടിട്ട് അയാൾ ഔട്ട്‌ ഹൗസിലേക്ക് പോയി.
എന്തോ കാര്യത്തിന് അവൾ ഔട്ട്‌ ഹൗസിലേക്ക് വരുന്നത് കണ്ടപ്പോൾ അയാൾ
ഷർട്ട് അഴിച്ചു മാറ്റി തന്റെ മസിൽസ് ഒക്കെ കാണും വിധം, നിന്നു.അവൾ കയറി വന്നപ്പോൾ, പെട്ടന്ന് അവളെ കണ്ടത് പോലെ വേഗത്തിൽ ഷർട്ട് എടുത്ത് തോളിൽ ഇട്ടു.ഞാൻ വന്നത് രാജുവിനോട് ഒരു കാര്യം പറയാനാണ്.പഠിത്തത്തിൽ കുറച്ചൂടെ ശ്രെദ്ദിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തല്ക്കാലം ഹോസ്റ്റലിലേക്ക് മാറിയാലോ എന്നാണ് ആലോചിക്കുന്നത്. അതാകുമ്പോൾ പോക്കിനും വരവിനും ആയി മണിക്കൂറുകൾ വെറുതെ വേസ്റ്റ് ആകില്ലല്ലോ.

അതുനല്ലതാ.. അയാൾ പറഞ്ഞു.രാജു ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ നോക്കണം.
അയ്യോ അതെങ്ങനെ ശരിയാകും?അതൊന്നും കുഴപ്പമില്ല.അതല്ല…. ഹോസ്പിറ്റലിൽ ഇപ്പോൾ പലരും പലതും പറയുന്നുണ്ട്.എന്ത്??അതല്ല… ഞാനും സാന്ദ്രയുമായി മറ്റെന്തോ ബന്ധമാണ് എന്നൊക്കെയാ സംസാരം.അവൾ ഒരുനിമിഷം എന്തോ എന്തോ ആലോചിച്ചിട്ട് പുറത്തേക്ക് പോയി.
അവളുടെ മനസ്സിൽ ഒരു കനൽ വീണിട്ടുണ്ടെന്ന് അയാൾക്ക്‌ മനസ്സിലായി.ഇനി താനാ കനൽ ഊതിപ്പിടിപ്പിക്കും.അതൊരു അഗ്നിയായി അവളുടെ മനസ്സിൽ പടരണം.നിന്റെ പഠിപ്പ് ഞാൻ നിർത്തും മോളേ… നീ എന്റെ ഭാര്യ ആകും. അടങ്ങി ഒതുങ്ങി ഞാൻ പറയുന്നത് പോലെ നീ ജീവിക്കും. ഇല്ലെങ്കിൽ ഒരീച്ച പോലും അറിയാതെ കൊന്ന് തള്ളും ഞാൻ.
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.

**************
തുടരും.