രചന : ജിഫ്ന നിസാർ ❣️
കൃഷ്ണ പ്രിയ ന്നുള്ള പേരെന്താ ബോംബ് വന്നതുമാണോ? “അന്നത്തെ രാത്രി ഉറങ്ങാൻ കിടക്കുവോളം പ്രിയ ഓർത്തത് അത് തന്നെയായിരുന്നു.കൃഷ്ണപ്രിയ എന്ന് താൻ പേര് പറഞ്ഞു കൊടുത്തപ്പോൾ തന്റെ നേർക്ക് തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ആദിയുടെ മുഖത്തെ പതർച്ചയും ഭാവമാറ്റങ്ങളുമാണ് അന്നേരം വരെയും അവൾ മനസ്സിലിട്ട് ചികഞ്ഞു കൊണ്ടിരുന്നത്.
എന്തായിരിക്കും അതിന് കാരണം?എന്തിനായിരിക്കും അവൻ തന്നോട് പേര് ചോദിച്ചത്?ആ പേര് കേട്ട് മാത്രയിൽ തന്നെയവൻ ഞെട്ടി തരിച്ചു പോയത് എന്തുകൊണ്ടായിരിക്കാം?ആദിയുടെ മുറിയിൽ നിന്നും ഇറങ്ങിവന്ന നിമിഷം മുതൽ അവളെ ഒരുപാട് ചോദ്യങ്ങൾ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.
ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരങ്ങൾ ഇല്ലായിരുന്നുവെങ്കിലും ആദിയുടെ മുഖത്ത് കണ്ട പതർച്ച അവളുടെ മനസ്സിലപ്പോഴും കല്ലിച്ചു കിടന്നു അന്നത്തെ ദിവസം മുഴുവനും.ഇനി ഇത് പുതിയ അടിക്കുള്ളൊരു വകുപ്പാകുമോ ദൈവമേ?
ആ മത്തങ്ങാമോറന്റെ കാര്യമായതുകൊണ്ട് അത്രയ്ക്കങ്ങോട്ട് ഉറപ്പിച്ചു പറയാനും വയ്യ.
അടിയുണ്ടാക്കാനായി ഒരു കാരണം തിരഞ്ഞു നടക്കുന്നവന് വീണു കിട്ടിയ ഒരു അവസരമായിരിക്കുമോ ഇനി ഇതും?മാധവൻ മാഷ് തന്നെയങ്ങോട്ട് വന്നാൽ മതിയായിരുന്നു.
എപ്പോഴത്തെയും പോലെ അവൾക്ക് അത് തന്നെയാണ് മനസ്സിലേക്ക് വന്നതും അവളേറെ കൊതിച്ചതും.
❣️❣️
അന്നായിരുന്നു രാജീവിന്റെ വീട് കാണാൻ നീതുവിന്റെ വീട്ടുകാർ വരുന്നുണ്ടെന്ന് അറിയിച്ച ദിവസം.
ചാരുവിനെയും പിള്ളേരെയും വൈകുന്നേരം തന്നെ കൊണ്ടുവന്നു വിട്ടിട്ട് അഭിലാഷ് രാവിലെയാണ് അങ്ങോട്ട് എത്തിയത്.അവരെത്തിയതോടെ വീടിനൊരു അനക്കം വെച്ച് തുടങ്ങിയിരുന്നു.
രാജീവന്നും ലീവെടുത്തു.ഇന്ദു ഓഫീസിൽ പോകുമോയെന്ന് ജയശ്രീയും രാജീവും ഏറെ ആശങ്കയോടെയാണ് നോക്കിയിരുന്നത്.
കടുപ്പിച്ചു കൊണ്ടവളോട് പോകേണ്ടെന്ന് പറഞ്ഞാൽ, വരുന്നവരോട് അവളെങ്ങനെ പെരുമാറുമെന്നും അവർക്കുള്ളിൽ നല്ല ഭയമുണ്ടായിരുന്നു.പക്ഷേ അവളന്ന് ലീവാണെന്നറിഞ്ഞതും അമ്മയ്ക്കും മോനും അൽപ്പം ആശ്വാസം തോന്നി.എന്നാലും അവളെങ്ങനെ അവരെ സ്വീകരിക്കുമെന്നുള്ള ആശങ്കയപ്പോഴും അവർക്കുള്ളിൽ മറഞ്ഞിരുന്നു പേടിപ്പിച്ചു.
നീതുവിന്റെ വീട്ടുകാർ ഇങ്ങോട്ടുള്ള ആദ്യത്തെ വരവാണ്.പരമാവധിയത് നല്ല രീതിയിൽ ആയിരിക്കണമെന്ന് രാജീവിനെക്കാൾ നിർബന്ധം ജയശ്രീക്കായിരുന്നു.നീതുവിന്റെ വീട്ടുകാരെക്കാൾ ഒന്നിനും വേണ്ടി താഴ്ന്നു നിൽക്കുന്നില്ലെന്ന് ജയശ്രീ മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു.എല്ലാ തീരുമാനങ്ങളും അവർ അമ്മയും മകനും മാത്രമാണെടുത്തത്.
ഒരു അഭിപ്രായം പോലും രാധാകൃഷ്ണനോട് ചോദിക്കുകയോ അയാൾ എന്തെങ്കിലും പറയുകയോ ചെയ്തതില്ല.മൂകസാക്ഷിയായി നിന്നിരുന്ന രാധാകൃഷ്ണന്റെ ഉള്ളിലെ വേദനയെ ഇന്ദു മാത്രമാണ് തിരിച്ചറിഞ്ഞത്.
നീതുവിന്റെ വീട്ടിൽനിന്ന് മൂന്നു വണ്ടിയിൽ ആളുകളുണ്ടായിരുന്നു. പക്ഷേ അവരോടൊപ്പം നീതു കൂടി ഉണ്ടായിരിക്കുമെന്ന് അവരമ്മയും മകനും ചിന്തിച്ചത് പോലുമില്ല.കെട്ടിക്കയറി വരുന്ന അവൾക്കാണ് ആരെങ്കിലും വന്ന് വീടുകണ്ട് പോകുന്നതിനേക്കാൾ ആ വീട് കാണാനും പരിസരം അറിയാനുമുള്ള ഏറ്റവും വലിയ യോഗ്യത എന്നറിഞ്ഞിട്ടും ജയശ്രീ അവളുടെ പ്രവർത്തിയിലെ കുറ്റം മാത്രമാണ് കണ്ടത്.അവർക്കത് ഒരിക്കലും അംഗീകരിച്ച കഴിഞ്ഞതുമില്ല.രാജീവിനും അമ്മയുടെ മുഖത്തുള്ള കല്ലിപ്പ് മനസ്സിലാവുന്നുണ്ടായിരുന്നു.
പക്ഷേ അവനൊന്നും പറഞ്ഞില്ല.
സത്യത്തിൽ അങ്ങനൊരു പ്രവർത്തനം അംഗീകരിക്കാനുള്ള ഹൃദയവിശാലതയൊന്നും അവനുമില്ല.കല്യാണം ദിവസം മാത്രം മതി പെണ്ണ് വീട് കാണുന്നതും വീട്ടുകാരെ കുറിച്ചറിയുന്നതുമെല്ലാമെന്നുള്ള പഴഞ്ചൻ സിദ്ധാന്തമായിരുന്നു അമ്മയുടെയും മകന്റെയും ഇടുങ്ങിയ ചിന്തയപ്പോഴും.നീതുവിന്റെ അച്ഛനും അമ്മയും എല്ലാ കാര്യത്തിലും അവളോട് അഭിപ്രായം ചോദിക്കുന്നതും.. അവൾക്കുള്ളിൽ തോന്നിയത് അത്രയും പേരുടെ മുന്നിൽ വെച്ചവൾ യാതൊരു സങ്കോചവും കൂടാതെ ചിരിയോടെ പറയുന്നതുമെല്ലാം ജയശ്രീ അൽപ്പം വീർത്തു കെട്ടിയ മുഖത്തോടെയാണ് വീക്ഷീക്കുന്നത്.”മോള് ചെന്ന് വീടിന്റെ അകത്തെല്ലാം കണ്ടിട്ട് വരൂ.. രാജീവ് ഒന്ന് കൂടെ ചെന്നിട്ട് മോൾക്ക് കാണിച്ചു കൊടുക്കൂ ”
സൗമ്യമായിട്ടാണ് നീതുവിന്റെ അച്ഛൻ രാജശേഖർ പറഞ്ഞതെങ്കിലും അതൊരു ആക്ഞ്ഞ പോലെയാണ് ജയശ്രീക്ക് തോന്നിയത്.പക്ഷേ നിറഞ്ഞ ചിരിയോടെ നീതുവിനോപ്പം അകത്തേക്ക് നടക്കുന്ന രാജീവിന് നേരെയൊന്ന് നോക്കിയതല്ലാതെ ജയശ്രീ ഒന്നും പറഞ്ഞതുമില്ല.
❣️❣️
വളരെ പതിയെയാണ് ആദി ഓടുന്നത്. തലേന്നുറങ്ങാൻ കിടന്ന നിമിഷം തന്നെ അവനുറപ്പിച്ചു വെച്ചതാണ്.മുടങ്ങി കിടന്നിരുന്ന ജോഗിംഗ് വീണ്ടും തുടരണമെന്നുള്ളത്.ശീലങ്ങളെല്ലാം താളം പിഴച്ചു പോയിരിക്കുന്നു.തന്റെ മനസ്സ് പോലെ. സഞ്ജുവെപ്പോഴും പറയുന്നത് പോലെ ശീലങ്ങളിലല്ല, സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറഞ്ഞിട്ട് ഒടുവിൽ അതിനെ കുറിച്ചോർത്തു വേദനിക്കുന്ന നിമിഷങ്ങളിലെല്ലാം തോന്നാറുള്ളതാണ്, ഇനി ദേഷ്യം വരുമ്പോൾ ക്ഷമയോടെ കാര്യങ്ങളെ ഡീൽ ചെയ്യുമെന്നുള്ളത്.ഇന്നലെ വരെയും പാലിക്കാൻ കഴിഞ്ഞിട്ടില്ല.പക്ഷേ ഇനിയങ്ങോട്ട് അതിനായി താൻ ശ്രമിച്ചേ പറ്റൂ.
മുത്തച്ഛൻ പറഞ്ഞു തരാറുള്ളത് പോലെ.. വിദ്യ പറഞ്ഞു കൊടുന്നയിടം പവിത്രമാണ്
നമ്മളൊരിക്കലും അത് മലിനമാക്കരുതെന്ന്. അവിടെയിരിക്കുന്നിടത്തോളം തനിക്കുമത് ബാധകമാണ്.വെയിൽ നാളങ്ങളെ സ്വീകരിക്കാൻ തിളങ്ങി നിൽക്കുന്ന വെളുപ്പാൻ കാലത്തിന്റെ മുഴുവൻ ഭംഗിയും പൂത്തുലഞ്ഞു നിൽക്കുന്ന വഴികളിലൂടെ അതിനേക്കാൾ തെളിഞ്ഞ മനസോടെയാണ് ആദി ഓരോ ചുവടും മുന്നോട്ട് നീങ്ങിയത്.തിരികെ വീട്ടിലെത്തുമ്പോൾ മാധവൻ മാഷ് ഉമ്മറത്തു തന്നെ പത്രം വായിച്ചിരിപ്പുണ്ട്.
“ഗുഡ്മോർണിംഗ് മുത്തച്ചാ..”
പടിപ്പുര കടന്നതും ആദി കൈ ഉയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു.”ഗുഡ്മോർണിംഗ്…”
കയ്യിലുള്ള പത്രം മടക്കി മടിയിലേക്ക് വെച്ച് കൊണ്ട് മാഷും അവനെ നോക്കി ചിരിച്ചു.ഹാഫ് കയ്യുള്ള ഒരു വെളുത്ത ബനിയനും തുടയോളം മാത്രം വലുപ്പമുള്ള ബെർമുഡയുമാണ് അവന്റെ വേഷം.കഴുത്തിലെ കട്ടിയുള്ള മാലക്കൊപ്പം വിയർപ്പ് തുള്ളികളും തിളങ്ങുന്നു.”എന്താണ്… ശീലങ്ങളിലൊക്കെ ഒരു പുതുമ? “മാഷ് മുന്നിലേക്കാഞ്ഞിരുന്നു കൊണ്ടവനെ നോക്കി.”ചുമ്മാ… എല്ലാത്തിനും ഒരു അച്ചടക്കം വേണമെന്ന് തോന്നി.. മാധവൻ മാഷിരുന്ന കസേരയിൽ ചെന്നിരിക്കുമ്പോൾ അതിന്റെതായ മാറ്റങ്ങളും വേണമല്ലോ “കണ്ണിറുക്കി ചിരിച്ചു കൊണ്ടവൻ വെറും നിലത്തെക്കിരുന്നിട്ട് തൂണിലേക്ക് ചാരി.
മാഷവൻ പറയുന്നത് കേട്ടതും ഉറക്കെ ചിരിച്ചു.
ആദിയും ഏറെ സന്തോഷത്തോടെയാണാ മുഖത്തേക്ക് നോക്കിയത്.”അത് നന്നായി.. മാധവൻ മാഷിന്റെ പിൻഗാമിയാവാൻ ഇപ്പഴേ ഒരുങ്ങി തുടങ്ങിക്കോ.. നീ വിജയിക്കും ആദി. എനിക്കുറപ്പുണ്ട് മോനെ”മാഷിന്റെ സന്തോഷം നിറഞ്ഞ മുഖത്തേക്ക് നോക്കി ഒരു നിമിഷമിരുന്നു പോയി.”പക്ഷേ മുത്തച്ഛ…എന്റെ കോഴ്സ്.. എന്റെ സ്വപ്നം.. ഇതൊന്നുമല്ലെന്റെ സ്വപ്നം. മറ്റാർക്കുമാറിയില്ലേലും മുത്തച്ഛനറിയാമല്ലോ അത്?”
മാഷിന്റെ സന്തോഷം നിലച്ചു പോകുമെന്നുറപ്പുണ്ടായിട്ടും ആദിക്കതു ചോദിക്കാതിരിക്കാനായില്ല.
കാരണം മാഷിന്റെ ആഗ്രഹം പോലെ തനിക്കൊരിക്കലും തന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും വിട്ടെറിഞ്ഞു കൊണ്ടാ സ്കൂളിൽ തുടരാൻ കഴിയില്ലെന്ന് അവനുറപ്പുണ്ടായിരുന്നു.
മാഷിനോടത് സൂചിപ്പിക്കാതിരിക്കുന്ന ഓരോ നിമിഷവും അദ്ദേഹം കൂടുതൽ സ്വപ്നം കാണും..
ഇനിയും ഒരുപാടൊരുപാട് ആഗ്രഹങ്ങളെ ഇതിന്റെ പേരിൽ വളർത്തി വലുതാക്കുകയും ചെയ്യും.
പിന്നീട് പെട്ടന്നൊരു ദിവസം താൻ തന്റെ സ്വപ്നങ്ങൾക്ക് പിറകെയിറങ്ങി പോകുമ്പോൾ ആ മനസ്സൊരുപ്പാട് വേദനിക്കും.ഇപ്പോഴുള്ള ഈ വെളിപ്പെടുത്തൽ ആഗ്രഹിക്കുന്നതിന്റെ തീവ്രത കുറക്കാണ്ടങ്കിലും ഉപകരിച്ചേക്കും.
താനിറങ്ങി പോകുന്നവണെന്ന് മാഷ് അംഗീകരിക്കേണ്ടിയും വരും.
“അതപ്പോഴല്ലേ ആദി…”തീർത്തും നിസ്സാരമായിട്ടാണ് മാഷ് ആദിയുടെ ഓർമപ്പെടുത്തലിനെ ചിരിച്ചു തള്ളി കളഞ്ഞത്.”നിന്റെ സ്വപ്നങ്ങളെല്ലാം നടക്കുമെടാ മോനെ..”മാഷവനെ നോക്കി ചിരിയോടെ തന്നെ പറഞ്ഞു.ആദിക്ക് പിന്നെന്തു പറയണമെന്നും അറിയില്ലായിരുന്നു.”മുത്തച്ഛണെന്ന് മുതലാ അങ്ങോട്ട് പോരുന്നത്?”മാഷിന്റെ മടിയിൽ നിന്നും പത്രമെടുത്ത് നിവർത്തി കൊണ്ട് ആദി ചോദിച്ചു.സത്യത്തിൽ രണ്ടുദ്ദേശമുണ്ടായിരുന്നു അവനാ ചോദ്യത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചത്.ഇന്നോ നാളെയൊ മാഷ് സ്കൂളിലെത്തിയാൽ പ്രിയയെല്ലാം അദ്ദേഹത്തോട് പറയാനുള്ള സാധ്യതയേറെയാണ്.
പിന്നൊന്ന്, മാഷിന്റെ തണുപ്പൻ ഭാവം കാണുമ്പോൾ ഇനി അങ്ങോട്ട് വരുന്നില്ലേയെന്ന് പോലും തോന്നും.
അതിലൊരു തീർച്ച വരുത്തണമായിരുന്നു.”ഈ ആഴ്ച ഏതായാലും കഴിയട്ടെ മോനെ.. അടുത്താഴ്ച മുതൽ നോക്കാം “അപ്പോഴും വലിയൊരു താല്പര്യമൊന്നുമില്ലാതെയാണ് ആളത് പറയുന്നതെന്ന് ആദിക്ക് തോന്നി.പക്ഷേ അവനൊന്നും പറയാതെ വീണ്ടും പത്ര താളുകളിലേക്ക് നോട്ടം മാറ്റി.”ആദി..”
മാഷ് വീണ്ടും വിളിക്കുമ്പോൾ അവൻ അയാളെ നോക്കാതെ തന്നെയൊന്ന് മൂളി..”നീയിന്നലെ പ്രിയയെ കണ്ടായിരുന്നോ?”
ഒറ്റ ചോദ്യം.
ഞൊടിയിട കൊണ്ടവന്റെ കൈകൾ വിറച്ചു.
മാഷിനെ നോക്കി.”ഇന്നലെ നീ പുറത്ത് പോയി വന്നയുടൻ കേറി കിടന്നുറങ്ങിയല്ലോ. അത് കൊണ്ടത് ചോദിക്കാനും പറ്റിയില്ല.”മാഷ് ചിരിയോടെ അവനെ നോക്കി.ആദിയുടെ നെഞ്ചിടിപ്പ് വളരെ കൂടിയിരുന്നു.
“കണ്ടായിരുന്നോടാ. അവളെന്നെ അന്വേഷിച്ചോ..?”
ഉത്തരം പ്രതീക്ഷിക്കുന്നത് പോലൊരു ചോദ്യം..
ആദി കൂടുതൽ വിയർത്തു..വിറച്ചു..
……തുടരും…….
ചിറ്റേടത്തെ ചന്ദ്രദാസിന്റെ മൂന്ന് പെണ്മക്കൾ.
പത്മജ.. മാളവിക.. കൃഷ്ണ പ്രിയ.ഫസ്റ്റ് പാർട്ടിൽ ഞാനും പറഞ്ഞായിരുന്നു.മറന്നുവോ നിങ്ങളിൽ പലരും.കല്യാണത്തിന്റന്ന് ഈ പ്രസ്തുത മാളവിക അവളുടെ കാമുകൻ ദീപുവിന്റെ കൂടെ ഒളിച്ചോടി പോയതോടെയാണ് നമ്മുടെ കഥ പറഞ്ഞു തുടങ്ങുന്നത്.ഇപ്പൊ പുരിഞ്ചിത.ഇനി മലന്നുന്ന് പറഞ്ഞ അടി മേടിക്കുവേ..
സ്നേഹത്തോടെ.. Jiff💞💞

by