25/05/2026

അനുരാഗി : ഭാഗം 03

രചന – ആയിഷ അക്ബർ

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും അവന്റെ കാര്യങ്ങളൊന്നിലേക്കും വേദ തിരിഞ്ഞിരുന്നില്ല….

പ്രസാദ് അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും അവളോട് ആവശ്യപ്പെടാനുള്ള ധൈര്യം അവനുമുണ്ടായില്ല……

ഇതൊക്കെ ചെയ്യാതെ എവിടെ പോയി കിടക്കാ അവള്……..

ഷൂ വെച്ചയിടത് നിന്നുമെടുത് അതിലെ പൊടി തട്ടി കളയുന്ന പ്രസാദിനെ നോക്കിയാണ് സുലോചന യത് ചോദിച്ചത്……

വേണ്ട അമ്മേ…..
ഇത് എനിക്ക് ചെയ്യാവുന്നതല്ലേ യുള്ളൂ….

പ്രസാദ് പെട്ടെന്നത് പറയുമ്പോൾ സുലോചന ഒന്ന് ഞെട്ടിപ്പോയിരുന്നു….

സാധാരണ അവളെടുത്തു കൊടുക്കാൻ അല്പം വൈകിയാൽ പോലും കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നവനാണ്…..

അവർ അത്ഭുതത്തോടെ അവനെ നോക്കി നിൽക്കുമ്പോഴും രാത്രിയിലെ ആ സംഭവമായിരുന്നു അവന്റെ മനസ്സിനെ ഭയപ്പെടുത്തിയിരുന്നത്……..

തന്നെ അതിശയത്തോടെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടെങ്കിലും അവനൊന്നും പറയാതെ അവിടെ നിന്നും നടന്നു പോയിരുന്നു……

പതിവില്ലാത്ത പലതും ഇവിടെ ഞാൻ കാണുന്നുണ്ട്…..
ഇവിടെ നിൽക്കുന്നിടത്തോളം ഞാൻ പറയുന്നത് അനുസരിച്ചു നിന്നോളണം…….
എന്റെ കുഞ്ഞ് വഴി തെറ്റി നടക്കുന്നതിന് അവനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല……. നീയൊരുത്തി കാരണമാ….
നിന്നേ വിളിച്ചു ഇങ്ങോട്ട് കയറിയ അന്ന് തുടങ്ങിയതാണ് അവന്റെ കഷ്ട കാലം…….

അടുപ്പിൽ അമർത്തിയൂതുന്ന വേദ കേൾക്കാനെന്ന വണ്ണം സുലോചന ഉറക്കെ യുറക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കുന്നില്ലെന്ന വണ്ണം പുകഞ്ഞു കൊണ്ടിരിക്കുന്ന വിറകിലേക്കവൾ ഊതി കൊണ്ടിരുന്നു …….

വന്നതിന്റെ നാലാം നാൾ വയറ്റിലുണ്ടാക്കി ആളുകൾക്ക് പറയാനാക്കി…..

എങ്കി പോട്ടെ എന്റെ മോന്റെ കുഞ്ഞിനെ കിട്ടുവല്ലോ എന്നോർത്തു ആശ്വസിച്ചിരിക്കുമ്പോൾ അതിന്റെ ജീവനങെടുത്തേക്കുന്നു…

സുലോചന അത് പറഞ്ഞതും വേദയുടെ ഉള്ളിലും ഒരു കനൽ കിടന്നു പുകഞ്ഞു……

അല്ലാ…. നിന്നേ പ്പോലെ യുള്ള നെറി കെട്ടൊരു സാധനം ഇനി ഇവിടേക്ക് വരാതിരിക്കുന്നത് തന്നെയാ ഒരു കണക്കിന് നല്ലത്……

സുലോചന അതും കൂടി പറഞ്ഞു ചിറി കോട്ടിയപ്പോഴേക്കും പുകഞ്ഞു കൊണ്ടിരുന്ന അടുപ്പ് ആളി കത്തി…..

ഒപ്പം അവളുടെ ഹൃദ്യത്തിലും കനലും…
അടുപ്പിൽ നിന്നൊരു വിറക് കൊള്ളി വലിച്ചെടുത്ത് കൊണ്ടവളത് സുലോചനയുടെ നേർക്കൊരൊറ്റ ചൂണ്ടലായിരുന്നു…..

ഒരു നിമിഷം സുലോചന അനങ്ങാൻ പോലും കഴിയാതെ അങ്ങനെ നിന്നു…..

തന്റെ മുഖത് നിന്ന് അല്പം മാത്രം വിട്ട് നിൽക്കുന്ന ആ തീ കൊള്ളി തന്നിലേക്ക് ചൂട് പകരുന്നുണ്ട്…..

അവർ മുഖം പരമാവധി നീക്കി പ്പിടിച്ചു….
പിറകിലാണെങ്കിൽ ചുമരാണ്

എന്നാൽ കയ്യിലുള്ളതിനേക്കാൾ ചൂടേറിയൊരു അഗ്നി അവളുടെ കണ്ണുകളിൽ ആളി കത്തുന്നുണ്ട്….

സുലോചന ശ്വാസം നേരെ എടുക്കാൻ പോലും ഭയന്നങ്ങനെ നിന്നു…

വേദ ആ കൈ ചലിപ്പിച്ചില്ല….
അറിയാതെ ആ കയ്യോന്ന് ചലിച്ചാൽ കൂടി അത് തന്റെ മുഖത്താണെന്ന് സുലോചനക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു….

അത്രയേറെ സൗമ്യയായിരുന്നവൾ ഭദ്ര കാളിയായി തന്റെ മുമ്പിൽ നിൽക്കുന്നു……

രാജേ..ട്ട….

ഉറക്കെ വിളിക്കാൻ പോലും ഭയന്നവരുടെ അക്ഷരങ്ങൾ മുറിഞ്ഞു പോയിരുന്നു…….

രാ…… ജേ…… ട്ടാ…….

സുലോചന വീണ്ടും തന്നെ കൊണ്ടാവുന്ന ശബ്ദത്തിൽ വിളിച്ചതും പതിവില്ലാത്ത ആ വിളി കേട്ട് അയാൾ ഉമ്മറത്തു നിന്നോടി വന്നു…..

അടുക്കള പടിയിലെത്തിയപ്പോഴേ കണ്ടിരുന്നു സുലോചനയുടെ മുഖത്തിന്‌ നേരെ വിറക് കൊള്ളിയും പിടിച്ചു നിൽക്കുന്ന വേദയെ…..

ഒരു നിമിഷം അയാൾക്ക് ചിരി വന്നു….
അതിലേറെ മനസ്സിലേക്ക് എന്തോ ഒരു സന്തോഷം….

ഭയന്നു പകപ്പോടെ നിൽക്കുന്ന സുലോചനയെ കണ്ടത് കൊണ്ട് തന്നെയായിരുന്നത്…..

അയാൾ അവരിലേക്കൊന്ന് കൂടി നോക്കി…..

രാജേ..ട്ടാ……
അപ്പോഴേക്കും ദയനീയത തുളുമ്പിയ മിഴികളുമായി സുലോചന അയാളിലേക്ക് നോക്കിയിരുന്നു….

ലോകം പിടിച്ചെടുത്ത സന്തോഷം തോന്നിയയാൾക്ക്….

എപ്പോഴും തന്നെ ചവിട്ടി തേക്കുന്നവൾ തന്നെ യാചനയോടെ നോക്കുന്നു….

അയാൾ അടുക്കള പടിയിലേക്ക് വേഗത്തിൽ എത്തിയിരുന്നെങ്കിലും അവിടെ നിന്ന് അവർക്കടുത്തേത്താൻ അങ്ങേയറ്റം പതിയെ യായിരുന്നു നടന്നിരുന്നത്….

അയാൾ തന്റെ അടുത്തേക്ക് വേഗമെത്താൻ സുലോചന ആഗ്രഹിക്കുന്നിടത്തോളം അയാൾ കാലടികൾ പതിയെ വെച്ചു….

വേദയുടെ കണ്ണുകളിലെ പിടപ്പറിഞ്ഞതും അയാൾ അവളുടെ കയ്യിലെ വിറക് പതിയെ പിടിച്ചു വാങ്ങി…

എന്താ മോളെയിത് …

അവളുടെ ആ മിഴികളിലേക്ക് നോക്കി അയാളെറേ നോവോടെ അത് ചോദിക്കുമ്പോൾ എന്റെ കുഞ്ഞിനെ എന്നെങ്കിലും പറയാൻ മനസ്സിൽ തോന്നിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല….

അവൾ പതിയെ അവിടെ നിന്നും നടന്നിരുന്നു…….

അവൾക്കെയ്…. അവൾക്ക് മുഴുത്ത ഭ്രാന്താണ്….

അവൾ പോയ വഴിയേ നോക്കി സുലോചന അതും പറഞ്ഞ് കൊണ്ട് മുഖം കഴുകുമ്പോൾ രാജ ഗോപാലൻ ഒന്നടക്കി ചിരിച്ചു…..

മനുഷ്യൻ ചാവാൻ കിടക്കുമ്പോൾ വിളിച്ചാലും ഇത് പോലെ തന്നെ വരണം കേട്ടോ……

രാജ ഗോപാലനെ നോക്കി അതും കൂടി പറഞ്ഞു സുലോചന പല്ല് ഞെരിച്ചു കൊണ്ട് അകത്തേക്ക് പോയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ….. ആരിത്……. ജയ ദേവനോ…കുറെ ആയല്ലോ ഈ വഴിക്ക് കണ്ടിട്ട്……

രാജ ഗോപാലാനൊപ്പം അകത്തേക്ക് കയറി വന്ന യാളോട് സുലോചന പുഞ്ചിരിയോടെ ചോദിച്ചു……

പ്രസാദ് വന്നില്ലേ…..

ജയ ദേവന്റെ തിരിച്ചുള്ള ചോദ്യം അല്പം ഗൗരവത്തിൽ തന്നെയായിരുന്നു……

ആ… വന്നിട്ടുണ്ട്…. അവൻ ചായ കുടിക്കുകയാണ്….
വിളിക്കണോ……

വേണം…. എല്ലാവരോടും എനിക്കൊന്ന് സംസാരിക്കണം…..
വേദയെയും വിളിച്ചോളൂ…..

സുലോചനയുടെ ചോദ്യത്തിന് മറുപടി യെന്നോണം ജയ ദേവന്നത് പറഞ്ഞതും അവരുടെ മുഖത്ത് ആശങ്ക നിറഞ്ഞു…….

സുലോചന പ്രസാദിനെ വിളിച്ചു വന്നതിനു പിറകെ രാജ ഗോപാലൻ വേദയെയും കൂട്ടി കൊണ്ട് വന്നിരുന്നു…….

ആ കുട്ടിക്ക് ഈ ബന്ധം ഇനിയും മുമ്പോട്ട് കൊണ്ട് പോകാൻ താല്പര്യമില്ല…..

ജയ ദേവൻ വേദയെ നോക്കി അത് പറഞ്ഞതും പ്രസാധും സുലോചനയും ഒരു പോലെ ഞെട്ടി …..

അവളുടെ മുഖത്ത് മാത്രം യാതൊരു ഭാവ വ്യത്യാസവുമില്ല……

ഞങ്ങളുടെ വീട്ടിലെ പ്രശ്നം തീർക്കാൻ ഞങ്ങള് മതി…. തൽക്കാലം വക്കീല് ചെല്ല്…..

പ്രസാദിന്റെ ശബ്ദം അല്പം ഗൗരവത്തിലായി……

ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് നിങ്ങളുടെ ഫാമിലി ഫ്രണ്ട് മാത്രമായിട്ടാണെന്ന് പ്രസാദിനു തോന്നുന്നുണ്ടോ…..

ജയ ദേവനും വിട്ട് കൊടുത്തില്ല…..

പ്രസാദ് സംശയത്തോടെ അയാളിലേക്ക് നോക്കി…..

വേദയുടെ കേസ് ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്….
അത് കൊണ്ട് എനിക്ക് സംസാരിച്ചേ മതിയാവു…..

ജയ ദേവന്നത് പറഞ്ഞതും സുലോചന രാജ ഗോപാലനെ അമർത്തിയൊന്ന് നോക്കി….

അയാളാണ് ഇതിനു പിറകില്ലെന്ന് അവർക്ക് വ്യക്തമായിരുന്നു……

നഷ്ട പരിഹാരം ഒന്നും അവളാവശ്യപ്പെടുന്നില്ല….
ഒരു മ്യുചൽ ഡിവോഴ്സ് ആണ് അവൾക്ക് വേണ്ടത്…
കേസിനു നടക്കാനുള്ള ബുദ്ധിമുട്ട് പ്രസാധിനറിയാമല്ലോ……

ജയ ദേവൻ അതും കൂടി പറഞ്ഞപ്പോഴേക്കും പ്രസാദ് വേദയിലേക്കൊന്ന് നോക്കി……

അവൾ സദാ കാണുന്ന നിർവികാരതയെ പേറി അങ്ങനെ നിൽക്കുകയാണ്….

അവൾക്ക് അങ്ങനെയൊന്നും പറയാൻ കഴിയില്ലെന്ന് അവനറിയാമയിയുന്നു….

എല്ലാം വക്കീലിന്റെ തന്ത്രങ്ങളാവും…..

വക്കീലിന് പിറകിൽ കളിക്കുന്നത് അച്ഛനും….

അവനു ദേഷ്യം വന്നിരുന്നു…..

പ്രസാദോന്നും പറഞ്ഞില്ല…..
ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ ബാക്കി ഫോർമാലിറ്റീസ് നോക്കാമായിരുന്നു…..

ജയ ദേവൻ അതും കൂടി പറഞ്ഞു കൊണ്ട് ഒരു പേപ്പർ അവനു നേരെ നീട്ടിയതും അവൻ ദേഷ്യത്തോടെ അത് വാങ്ങി ഒരൊറ്റ കീറലായിരുന്നു…..

എനിക്ക് സൗകര്യമില്ല….
നിങ്ങള് കേസിന്റെ വഴിക്ക് നോക്കിക്കോ……

പ്രസാദ് അതും കൂടി പറഞ്ഞതും ജയ ദേവൻ എഴുന്നേറ്റു…..

എങ്കി ശെരി….. നമുക്ക് ലീഗലി മൂവ് ചെയ്യാം…..

ജയ ദേവൻ അതും പറഞ്ഞു കൊണ്ടവിടെ നിന്നുമിറങ്ങുമ്പോൾ അയാൾക്ക് പിറകെ രാജ ഗോപാലനും പോയിരുന്നു…..

വേദ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്ന പോലങ്ങനെ നിന്നു….

തനിക്കീ വീട്ടിൽ നിന്നു ഒരിക്കലും മോചനമില്ലായിരിക്കാം….

അങ്ങനെ നിൽക്കുന്ന അവളിലേക്ക് പ്രസാദ് പാഞ്ഞു വന്നു കഴുത്തിൽ അമർത്തി പിടിച്ചത് പെട്ടെന്നായിരുന്നു…….

നീ എന്റെയാണ്….മറ്റൊരാൾക്കും നിന്നേ ഞാൻ വിട്ട് കൊടുക്കില്ല….
നിന്നേ സ്വന്തമാക്കാൻ ഞാനെതറ്റം വരെ പോയോ അത് പോലെ തന്നെ നിന്നേ നഷ്ടപ്പെടാതിരിക്കാനും ഞാൻ പോകും…..
നീ മറ്റൊരാളുടേതാവാൻ ഒരിക്കലും ഞാൻ സമ്മതിക്കില്ല ……

അവൾക്ക് മാത്രം കേൾക്കാൻ പാകത്തിലത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…..

വേദന കൊണ്ടവൾ പുളഞ്ഞു…..

അവളുടെ കണ്ണുകൾ തുറിച്ചു വന്നു…..

അപ്പോഴേക്കും അവൻ പതിയെ അവളിൽ നിന്ന് കൈ പിൻവലിച്ചു പുറത്തേക്കിറങ്ങി ഒരൊറ്റ പോക്കായായിരുന്നു ….

അവൾ ചുമരിനോട്‌ ചാരി താഴെക്കൂർന്നു പോയിരുന്നു……….

(തുടരും)