22/04/2026

നീയറിയാതെ : ഭാഗം 12

രചന – അയിഷ അക്ബർ

അമ്മയും അച്ഛനും കഴിക്കുമ്പോഴവളെ വിളിച്ചെങ്കിലും അവൾ സിദ്ദുവിനായി കാത്തിരുന്നു… എല്ലാവരും കിടന്നു കഴിഞ്ഞാണവൻ വീട്ടിലേക്ക് കയറി വന്നത്… അവൻ കുളിച്ചു വസ്ത്രം മാറ്റി വന്നപ്പോഴേക്കും അവൾ ഭക്ഷണം വിളമ്പി വെച്ചിരുന്നു…. എന്നാൽ അവനാ ഭക്ഷണം കണ്ട ഭാവം പോലും നടിക്കാതെ മറ്റൊരു പാത്രത്തിൽ സ്വന്തമായി ഭക്ഷണമെടുത്തു കഴിച്ചു കൊണ്ടിരുന്നു…. അടുത്തൊരാൾ നിൽക്കുന്നത് അവൻ കണ്ടിട്ട് പോലുമില്ലെന്ന ഭാവത്തിൽ അവൻ കഴിച്ചെഴുന്നേറ്റു…. അവളപ്പോഴും അതേ നിൽപ്പ് തുടർന്നിരുന്നു…. താൻ ഭക്ഷണം കഴിച്ചില്ലെങ്കിൽ അത്രയേറെ അസ്വസ്ഥത നിറഞ്ഞിരുന്ന അവന്റെ മനസ്സിലിന്ന് തന്നോടുള്ള വെറുപ്പ് മാത്രമാണെന്നവൾ വേദനയോടെ ഓർത്തു…. അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല… വിശപ്പ് മരിച്ചു കഴിഞ്ഞിരുന്നു…..

അവൾ മുറിയിലേക്ക് കയറുമ്പോൾ അവൻ പുറത്തെ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു…. ചുണ്ടിൽ കത്തിയെരിയുന്ന സിഗറേറ്റിന്റെ വെളിച്ചം ഇരുട്ടിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു… മനസ്സിലെ ഭാരത്താൽ പതിയെ കാട്ടിലിലേക്ക് ചാഞ്ഞു…. എന്നാൽ അവൻ മുറിയിലേക്ക് വന്നാൽ ഇനിയും തറയിൽ കിടക്കുമെന്ന ചിന്തയിൽ അവൾ വേഗം എഴുന്നേറ്റു… അലമാരക്ക് മുകളിലായി വച്ചിരുന്ന പായെടുത്തു തറയിൽ വിരിച്ചവൾ കിടന്നു…. അവന്റെ കാൽപാടുകളുടെ ശബ്ദം തിരിഞ്ഞു കിടകുകയായിരുന്നെങ്കിലും അവൾ കേട്ടിരുന്നു… അവളുടെ മിഴിനീരപ്പോഴും തലയിണയെ തലോടുന്നുണ്ടായിരുന്നു… എന്താ മോൾടെ കണ്ണുകൾക്ക് വല്ലാത്തൊരു വീക്കം…. ഉറങ്ങിയെഴുന്നേറ്റ് വരുന്ന അന്നയോടായി സീതയത് ചോദിക്കുമ്പോൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…

ഉറക്ക കുറവോണ്ടാവും സീതേച്ചിയെ….. ബിന്ദു ചേച്ചി വഷളൻ ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ പിന്നീടൊരു ചോദ്യത്തിനിടം കൊടുക്കാതെ സീത ദോശയിലേക്ക് തിരിഞ്ഞു… ആ മുഖത്തും ഒരു പുഞ്ചിരി പടർന്നതായി അവൾ കണ്ടിരുന്നു….. എന്നാൽ അവളിലൊരു പുഞ്ചിരി വിരിയിക്കാൻ കഴിവുള്ള ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല…. മാത്രവുമല്ല..രാത്രിയിലെ ഓർമകളോരൊന്നും തികട്ടി വന്നപ്പോഴാവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…. അമ്മേ…. ഞാൻ ഇനി കോളേജിൽ പോയിക്കോട്ടെ….. ദോശ ചുടുകയായിരുന്ന സീത അവളെ നോക്കി…. കല്യാണം കഴിഞ്ഞിത്രയല്ലേ ആയുള്ളൂ… കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോവാം… അതിനിവൾ മാത്രം ലീവെടുത്തോണ്ട് കാര്യമില്ലല്ലോ സീതേച്ചിയെ… സിദ്ധു സ്റ്റേഷനിൽ പോകുകയാണല്ലോ…. അമ്മ പറഞ്ഞു നിർത്തുന്നതിനു മുന്പേ ബിന്ദു ചേച്ചി ഇടയ്ക്കു കയറി പറഞ്ഞു….

ഇന്നലെയവന് എന്തോ പോകേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞിട്ടാ ബിന്ദു… ഇന്നവൻ പോകില്ല….. ആര് പറഞ്ഞു പോണില്ലാന്ന്…. സിദ്ധു യൂണിഫോം തേച്ചു മിനുക്കുന്നത് ഞാൻ കണ്ടല്ലോ….. ബിന്ദു പറയുമ്പോൾ വിശ്വാസമില്ലാത്ത പോൽ സീത നിന്നെങ്കിലും അന്നക്കത് അറിയാവുന്ന കാര്യമായിരുന്നു…. അവൾ വസ്ത്രം മാറി വന്നപ്പോൾ സിദ്ധു പോവാനൊരുങ്ങുകയായിരുന്നു….. സിദ്ധൂ…. ഇവളേം കൊണ്ട് പോടാ…. അവനൊറ്റക്ക് ബൈക്കിൽ കയറി പോകാനൊരുങ്ങുമ്പോഴാണ് മാധവൻ പറഞ്ഞത്….. അവൾ തനിയെ പൊയ്ക്കോട്ടേ….. പറയുമ്പോൾ അവനാർക്കും മുഖം കൊടുത്തിരുന്നില്ല…. അത് പറഞ്ഞാലെങ്ങനാ… നീയാ വഴിയല്ലേ പോവുക… പിന്നെന്താ….. സീത കൂടി ഇടപെട്ടത്തോടെ നിവൃത്തിയില്ലാത്ത പോൽ സിദ്ധു അവിടെ നിന്നു….

അവൾ അവന് പുറകിലായിരിക്കുമ്പോഴും അവന്റെ മുഖത്തെ ദേഷ്യം അവൾക്കളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു…. ഒരൊറ്റ കുതിപ്പിൽ വണ്ടി ചെന്നു നിന്നത് വീട്ടിൽ നിന്നും നോക്കിയാൽ കാണാത്ത ആ മണ് പാതയിലായിരുന്നു…. എന്നാൽ അവിടെ നിന്ന് നോക്കിയാൽ വീട് വ്യക്തമായി കാണാമായിരുന്നു… ബസ്സ് സ്റ്റോപ്പിലക്കെങ്കിലും ആക്കി തരാമോ സിദ്ദുവേട്ടാ….. ഇറക്കി വിടുമെന്നുറപ്പായിരുന്നെങ്കിലും ഇത്ര അടുത്ത് നിന്ന് തന്നെ ഇറക്കുമെന്ന് കരുതിയിരുന്നില്ല….. വണ്ടിയിൽ കയറ്റുന്നത് പോയിട്ട് നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാ….. പറയുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം അവൾക്ക് കേൾക്കുന്നുണ്ടായിരുന്നു… അവൾ നിറഞ്ഞ മിഴികൾ താഴേക്ക് നോക്കി നടന്നു തുടങ്ങി….. അമ്മേ….. എന്റെ ഷർട്ടെവിടെ മുറിയിൽ നിന്നും അവൻ വിളിച് ചോദിക്കുകയായിരുന്നു…

മോളേ അന്നാ…. ഇതൊന്നവന് കൊടുത്തേ കുളി കഴിഞ്ഞ് മുറിയിലേക്ക് പോവാനൊരുങ്ങുമ്പോഴാണ് സീത ഷർട്ടവൾക്ക് നേരെ നീട്ടിയത് പറഞ്ഞത്… വാങ്ങാൻ മടിച്ചളവല്പ നേരം നിന്നു…. കൊടുക്ക് മോളേ… അമ്മക്ക് ഇച്ചിരി പണിയുണ്ട്…. അവൾ പതിയെ വാങ്ങി അതുമായി മുറിയിലേക്ക് നടക്കുമ്പോഴും ആ ഷർട്ടിനെ അവൾ ചേർത്ത് പിടിച്ചിരുന്നു…. അതിലാകെ അവന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്നതായി തോന്നിയവൾക്ക്…. എത്രയൊക്കെ ആട്ടിയകറ്റിയാലും അവനോടുള്ള സ്നേഹത്തിനല്പം പോലും കുറവ് വരുന്നില്ലായെന്നവൾ നോവോടെ ഓർത്തിരുന്നു… മുറിയിലെത്തുമ്പോൾ അവൻ മുടി ചീകുകയായിരുന്നു….

ദാ ഷർട്….. ഷർട്ടാവ നു നേരെ നീട്ടിയപ്പോഴേക്കും അവന്റെ കണ്ണുകൾ ചുവന്നിരുന്നു…. എന്റെ സാധനങ്ങൾ തൊടാൻ മാത്രം ആരാടീ നീയെന്റെ…. അവന്റെ ശബ്ദം പതിഞ്ഞതായിരുന്നെങ്കിലും അതിൽ നിറഞ്ഞു നിന്നതത്രയും ദേഷ്യമോ വെറുപ്പോയെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വികാരമായിരുന്നു…. അവൾ നിറഞ്ഞ മിഴികളോട് അവനെ നോക്കി നിന്നു…. പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ ഒന്നിലും നീയിടപെടരുതെന്ന്….. നീയെനിക്കാരുമല്ല…. പറയുമ്പോൾ അവന്റെ മുഖം അവളോട് ചേർന്ന് വന്നിരുന്നു….. മറ്റാരും കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി തന്നെയാണത് പറഞ്ഞിരുന്നതും…. എടുക്കാനുള്ള കൊതി കൊണ്ടെടുത്തതല്ലാ…നിങ്ങളുടെ അമ്മ തന്നിട്ടാ…. നിറഞ്ഞ മിഴികൾ തുടച് കൊണ്ടവൾ പറഞ്ഞത് അവന്റെ കണ്ണിൽ നോക്കി തന്നെയായിരുന്നു….

ആ വാക്കുകളിൽ ഇത് വരെയില്ലാത്തൊരു ധൈര്യം അവനറിഞ്ഞിരുന്നു…. അതവനെ കൂടുതൽ ചൊടിപ്പിച്ചു…. അപ്പൊ എന്റെ കൂടെ കയറി കിടന്നതും എന്റെ അമ്മ പറഞ്ഞിട്ടായിരിക്കുമല്ലേ… അവളെ തളർത്താനുള്ള അവന്റെ വഴികൾ ഫലം കണ്ടിരുന്നു.. അവളുടെ മിഴികളിൽ കത്തി നിന്ന ആ ധൈര്യം പാടേ ചോർന്നു പോകുന്നതവനറിഞ്ഞിരുന്നു…. ആ മിഴികൾ നിറഞ്ഞു തൂവി…. തിരിച്ചു പറയാൻ മറുപടിയില്ലാത്ത പോൽ അവൾ നിശബ്ദത്തയായി.. അവൻ ഷർട്ടുമെടുത്താ മുറിയിൽ നിന്നും പുറത്തേക്ക് പോയി…. അവൾ പതിയെ നിലത്തേക്കൂർന്നിരുന്നു…. കാലുകൾക്ക് മേൽ കൈകൾ കൂട്ടി പ്പിടിച്ചവൾ സങ്കടങ്ങളോഴുക്കി കൊണ്ടിരുന്നു….. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്നറിയാതിടത്തോളം ഞാൻ തെറ്റുകാരി തന്നെയാ…. ആ രാത്രി എന്ത് സംഭവിച്ചുവെന്ന് കണ്ടു പിടിക്കണം…. അവൾ ഹൃദയത്തിൽ കുറിച്ചിട്ടു….

എന്നാൽ ആലോചിക്കും തോറും വ്യക്തതയില്ലാത്തൊരു ചിത്രമായിരുന്നവൾക്കാ രാത്രി…. മോളേ…. അമ്മേടെ വകയിലൊരു അമ്മാവൻ മരിച്ചുത്രെ….വയ്യാണ്ട് കിടക്കായിരുന്നു… ഞങ്ങൾ അത്രടം വരെയൊന്ന് പോയേച്ചും വരാ…. നേരം സന്ധ്യയോടടുക്കുമ്പോഴാണ് അമ്മയെന്നോടത് പറഞ്ഞത്….. സിദ്ദുവിനെ ഞാൻ വിളിച്ചിട്ടുണ്ട്…. അവനിപ്പോ വരും നിനക്ക് കൂട്ടിന്… പറഞ്ഞു തീരും മുന്പേ സിദ്ധു വന്നിരുന്നു…. അമ്മ കാര്യങ്ങളൊക്കെ സിദ്ദുവിനോടും പറയുന്നത് കേട്ട് കൊണ്ടവൾ നിന്നിരുന്നു…. അവന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല…. അവർ പോയി കഴിഞ്ഞതും സിദ്ദു മുറിയിൽ കയറി കതകടച്ചിരുന്നു… കുറച്ചു നേരം അവൾ ഉമ്മറത്തിരുന്നെങ്കിലും പിന്നെ എന്തോ ഭയം അവളെ വന്ന് പൊതിഞ്ഞിരുന്നു…..

പതിയെ ഇരുട്ടിൽ നിന്നും വെള്ള പുതച്ചൊരു ശരീരം അവളിലേക്ക് നീങ്ങി വരുന്നതായി തോന്നി… അവൾ വേഗം നടക്കാൻ തുടങ്ങിയെങ്കിലും അതവളെ പിന്തുടർന്ന് കൊണ്ടിരുന്നു….. അവൾ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും സിദ്ദു വാതിൽ തുറന്നില്ല…. വീണ്ടും വീണ്ടും ശക്തിയായി മുട്ടിയപ്പോഴും സ്വസ്ഥത നശിച്ചെന്ന വണ്ണം സിദ്ധു ദേഷ്യത്തോടെ വാതിൽ തുറന്നു…. എന്താ….. അവൻ അലറു കയായിരുന്നു….. അവിടെ…. അവിടെ…. പറയുമ്പോഴും ആ രൂപത്തിലേക്കവൾ ചൂണ്ടിയിരുന്നു….. എന്നാൽ അവനൊന്നും കാണാത്തത് കൊണ്ട് തന്നെ അവനിൽ ദേഷ്യം നിറച്ചു…. നിന്റെ അഭിനയം സിദ്ധു കുറെ കണ്ടതാ… ഇനിയതെന്റെ മുമ്പിൽ വിലപ്പോകില്ല….. പൊയ്ക്കോ എന്റെ കണ്മുന്നിൽ നിന്ന്…. പറയുമ്പോഴേക്കും അവൾക്ക് മുമ്പിലാ വാതിലുകൾ അടഞ്ഞു കഴിഞ്ഞിരുന്നു….. അവൾ അവിടെ ഇരുന്നു പോയി…. ആ രൂപം അവളിലെക്കടുത് വരുമ്പോഴേക്കും ഭയം കൊണ്ടവൾ തല താഴ്ത്തി കണ്ണുകൾ പൂട്ടിയിരുന്നു…. അപ്പോഴേക്കും മുറ്റത്തൊരു വണ്ടിയുടെ ശബ്ദം കേട്ടിരുന്നു…. അവർ വന്നെന്ന അവൾ ആശ്വാസത്തോടെ അവൾ തലയുയർത്തിയപ്പോൾ ആ രൂപം അപ്രത്യക്ഷമായിരുന്നു….. ഹൃദയത്തിലൂടെ ഒരു തണുപ്പിറങ്ങുന്നതവളറിഞ്ഞിരുന്നു…… (തുടരും )