17/04/2026

പരിണയം : ഭാഗം 38

രചന – ആയിഷ അക്ബർ

മരം മുറിക്കുന്ന ആ ശബ്ദത്തിലേക്ക് അവന്റെ കാറ് ചെന്നു നിന്നതും ദിവാകരൻ മുഖമൊന്നുയർത്തി ……

അയാളെങ്ങനെ പ്രതികരിച്ചാലും അത് നേരിടാനെന്ന വണ്ണം മനസ്സിനെ പാകപ്പെടുത്തി തന്നെയാണ് സഞ്ജു അവിടെക്ക് ചെന്നിരുന്നത്….

ദേഷ്യത്തോടെ തന്നിലേക്ക് നടന്നടുക്കുന്നവനെ കണ്ട് അയാൾ ഒന്ന് ഞെട്ടിയിരുന്നു…..

എനിക്ക്….എനിക്കെന്റെ നന്ദയെ തിരികെ വേണം…..

എഴുന്നേറ്റു നിന്ന ദിവാകരന്റെ മുന്നിലെ കസേരയിലേക്കിരുന്നു കൊണ്ട് സഞ്ജുവത് പറയുമ്പോൾ ആ വാക്കുകൾക്ക് അങ്ങേയറ്റം കനമുണ്ടായിരുന്നു……

കൊണ്ട് പൊയ്ക്കോ…..
എങ്ങോട്ടാന്ന് വെച്ചാൽ…..

ഇടർച്ചയോടെയുള്ള ആ ശബ്ദം അവനോട്ടും പ്രതീക്ഷിക്കാത്തതായിരുന്നത് കൊണ്ട് തന്നെ അവൻ മുഖമോന്നുയർത്തി……

ആ കണ്ണുകളിൽ എന്തോ ഒരു സാഗരം അലയടിക്കുന്നുണ്ട്……

വയ്യെടോ…
എന്റെ കുഞ്ഞിന്റെ സങ്കടം കണ്ട് നിൽക്കാൻ പറ്റുന്നില്ല…..

അവൾക്കെന്നോട് തീർത്താൽ തീരാത്ത ദേഷ്യമാണെങ്കിൽ കൂടി കുറ്റ ബോധം പേറി നടക്കുന്നത് ഞാനല്ലേ…..

അതും പറഞ്ഞയാൾ കസേരയിലേക്കിരുന്നു….

സഞ്ജുവിന്റെ ദേഷ്യം പാടെ അലിഞ്ഞു പോയി…..

അവനെന്തു പറയണമെന്ന് കൂടിയറിയില്ലായിരുന്നു….

നീ അവളെ വിട്ട് പോയാൽ ഒരു തവണ ചെയ്ത ആ തെറ്റ് തിരുത്താമെന്നും നല്ലൊരു ജീവിതം അവൾക്ക് കൊടുക്കാമെന്നും സ്വപ്നം കണ്ടിരുന്ന ഞാനറിഞ്ഞില്ല അത് അതിലും വലിയ തെറ്റായി മാറുമെന്ന്…..

അവളുടെ കാര്യത്തിൽ എനിക്ക് തെറ്റുകൾ പറ്റി കൊണ്ടേയിരിക്കുന്നു….

അവളൊരു വിവാഹത്തിനും സമ്മതിക്കുന്നില്ല….

അവൾ നിന്നിലാണ് ജീവിക്കുന്നതെന്ന് തോന്നി പോകുന്നു…..

എനിക്കുറപ്പുണ്ട്…. നീ വിളിച്ചാൽ അവൾ വരുമെന്ന്……
ഒരു ബ്ലോക്ക്‌ നീക്കിയിട്ടേയുള്ളു….
മരിക്കാൻ കൂടി ഭയമാണ് സഞ്ജയ്‌…..
അവളെയോർത്…..

ഞാൻ കാരണമാണല്ലോ അവളിങ്ങനെ എന്നോർത്ത്……

ദിവാകരൻ അതും കൂടി പറഞ്ഞു നിർത്തിയതും സഞ്ജു ഒന്നും മിണ്ടാതെ അങ്ങനെ യിരുന്നു……

എനിക്ക്…. എനിക്ക് തോന്നുന്നില്ല…ഞാൻ വിളിച്ചാലും അവൾ വരുമെന്ന്…..

സഞ്ജു അത് പറയുമ്പോൾ കുറച്ചു സമയം മുമ്പ് നടന്ന കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നു…..

ഞാൻ പറഞ്ഞിട്ടാണ് നീയവളെ വിട്ടിട്ട് പോയതെന്ന് ഞ്ഞാൻ പറയാം……
നീ വീട്ടിലേക്ക് വാ……
എന്നോടുള്ള ദേഷ്യം കൊണ്ടെങ്കിലും അവൾ നിന്റെ കൂടെ വന്നാലോ….

ഒരച്ഛന്റെ ആദി മുഴുവൻ കലർത്തി അയാളത് പറയുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ട ദേഷ്യത്തിന്റെ ആഴം കൊണ്ട് തന്നെ അത്ര പെട്ടന്നൊന്നും അവളൊന്നും മറക്കില്ലെന്ന് അവനറിയാമായിരുന്നു….

നിങ്ങള് പറഞ്ഞത് കൊണ്ടാണെന്ന് അവളറിഞ്ഞാൽ നിങ്ങളോടുള്ള ദേഷ്യം കൂടുമായിരിക്കാം…

പക്ഷെ….. അപ്പോഴും എന്റെ കൂടെയവൾ വരില്ല…
അത് കൊണ്ട് തൽക്കാലം അത് പറയാതിരിക്കുന്നത് തന്നെയാ നല്ലത്……

അങ്ങനെയൊരു വാക്കിനു മേലോ മറ്റെന്തിന്റെ മേലായാലും ഞാനവളെ വിട്ടിട്ട് വരാൻ പാടില്ലായിരുന്നു…..

അതിനുള്ള പ്രണയമേ തന്നോടുണ്ടായിരുന്നുള്ളു എന്നൊരു ചോദ്യമാണ് അവളുടെ കണ്ണിൽ തനിക്ക് കാണാൻ കഴിയുന്നത്……

അത്…. അതത്ര പെട്ടെന്നൊന്നും അവൾ മറക്കില്ല…….

ഞാൻ ചെയ്തതും തെറ്റ് തന്നെയാണ്…..

അവളെ കുറിച് മാത്രമേ അപ്പോ ചിന്തിച്ചതുള്ളു….

അവള് നന്നായിരിക്കണമെന്ന് മാത്രം……

അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

ഇരു കൈകൾ കൊണ്ടും അവൻ കണ്ണുകൾ തുടച്ചു…..

എന്തായാലും നീ വീട്ടിലേക്ക് വാ….. നമുക്ക് സംസാരിക്കാം അവളോട്…..

ദിവാകരൻ അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവന്റെ തൊളിലൊന്ന് കൈ വെച്ചു .

രണ്ട് പേരും തുല്യ ദുഖിതരാണെന്ന് ഇരുവർക്കും അറിയാമായിരുന്നു……

അപ്പോഴേക്കും മില്ലിലെ ജോലിക്കാരെല്ലാം അവനെ കണ്ട് ചുറ്റും കൂടിയിരുന്നു…..

സാറിന്റെ ആരാ…..

ആൾക്കൂട്ടത്തിൽ നിന്നും ചോദ്യം ഉയർന്നപ്പോൾ ദിവകാരന് എന്ത് പറയണമെന്നറിയില്ലായിരുന്നു…..

മരുമകനാ….. എന്റെ മരുമകനാ.

അയാൾ വിറക്കുന്ന വാക്കുകളോടെ അതും പറഞ്ഞു അവനെ ചേർത്ത് പിടിക്കുമ്പോൾ അവനോട്‌ ചെയ്ത തെറ്റുകൾ അയാളുടെ മനസ്സിൽ തെളിഞ്ഞിരുന്നു……

സഞ്ജുവും നോവ് നിറഞ്ഞൊരു പുഞ്ചിരി അയാൾക്ക് പകരം നൽകി…….

എല്ലാവരുടെയും കൂടെ ഫോട്ടോയെടുത്തു കഴിഞ്ഞ് അവിടെ നിന്നും മടങ്ങുമ്പോഴും രാത്രി വീട്ടിലേക്ക് വരണമെന്ന് ദിവാകരൻ അവനെ ഓർമിപ്പിച്ചിരുന്നു……

സന്ധ്യ മയങ്ങി അൽപ നേരം കൂടി കഴിഞ്ഞാണ് സഞ്ജു ആ വീട്ടിലേക്ക് കയറി ചെന്നത്…….

ഹൃദയം മുഴുവൻ ഒരു തരം നോവ് ചേക്കേറിയിട്ടുണ്ട്….

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭാരമാണ് മനസ്സിന്…..

അവൻ കയറി ചെല്ലുമ്പോഴേ കണ്ടിരുന്നു തന്നെ കാത്തെന്ന പോൽ സിറ്റ് ഔട്ടിലിരിക്കുന്ന ദിവാകരനെ…..

വാ മോനെ…. കയറു…..

സ്നേഹത്തോടെ ദിവാകരൻ അവനെ ക്ഷണിക്കുമ്പോൾ പണ്ടിവിടെ നിന്ന് ആട്ടിയിറക്കിയതാണ് അവന്റെ ഓർമയിലേക്ക് വന്നത്…….

അന്നവളുടെ കൈ പിടിചിറങ്ങുമ്പോൾ അവൾക് ഞാനുണ്ടെന്ന് പറഞ്ഞിരുന്നു…..

പക്ഷെ എപ്പോഴോ ആ വാക്ക് തെറ്റിച്ചത് താനാണ്…..

അവൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയപ്പോ ൾ താൻ മനപ്പൂർവം അവളെ വിട്ട് കളഞ്ഞു….

ചെയ്യരുതായിരുന്നു…..

കുറ്റ ബോധം കൊണ്ടവന്റെ മനസ്സ് നീറി പ്പുകഞ്ഞു……

ഞാൻ… ഞാൻ മോളെ വിളിക്കാം…..

അവൻ കയറി അകത്തെ സോഫയിലേക്കിരുന്നതും ദിവാകരൻ അതും പറഞ്ഞു കൊണ്ടകത്തേക്ക് പോയി…..

അവൻ അസ്വസ്ഥനായങ്ങനെ ഇരുന്നു……

അപ്പോഴാണ് മുടി പിറകിലേക്ക് കെട്ടി കൊണ്ട് ദീപ്തി യങ്ങോട്ട് വരുന്നത്…..

ഒരു നിമഷം സോഫയിലിരിക്കുന്ന അവനെ കണ്ട് അവളൊന്നു. നീശ്ചല യായി……

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു കോട്ടവും പറ്റാത്ത അവന്റെ സൗന്ദര്യം അവളൊന്നു നോക്കി നിന്നു പോയി…..

അതിലേറെ അവൻ നന്ദയെ കൂട്ടി ക്കൊണ്ട് പോകാനാണ് വന്നതെന്നോർക്കേ അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നിയിരുന്നു….

ദീപ്തിയെ കണ്ടതും നിലത്തു വെച്ചിരുന്ന കാലെടുത്തവൻ മറ്റേ കാലിനു മേൽ കയറ്റി വെച്ചെങ്ങനെയിരുന്നു…..

അവളുടെ കണ്ണുകളിലേക്ക് തീക്ഷണമായി നോക്കി കൊണ്ട്…..

ദീപ്തി പതിയെ മിഴികൾ താഴേക്ക് പതിപ്പിച്ചു….

എവിടെ നിന്റെ ഡോക്ടർ….

അവനതും കൂടി ചോദിച്ചതും അപമാന ഭാരത്താൽ അവളുടെ ഉള്ളം നീറി……

ആനന്ധേട്ടൻ കൂടെയുള്ള സമയത്ത് പല തവണ താനവനെ പരിഹസിച്ചിട്ടുള്ളതാണല്ലോ…..

ഇത്ര പെട്ടെന്ന് കാലം തനിക്ക് മറുപടി തരുമെന്ന് കരുതിയില്ല……..
അവളൊന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറയുമോയെന്നവൾ ഭയന്നിരുന്നു……

അപ്പോഴേക്കും ദിവാകരന് പിറകിലായി നന്ദ അങ്ങോട്ട് വന്നിരുന്നു……

സഞ്ജു കാലു പതിയെ താഴെ വെച്ചു……

കണ്ണുകൾ അവളിൽ മാത്രം കുരുങ്ങി……

അവന്റെ പെട്ടെന്നുണ്ടായ ഭാവ പ്പകർച്ചയിലേക്ക് ദീപ്തി അങ്ങനെ നോക്കി നിന്നു……..

സഞ്ജുവിനെ കാണാനെന്ന് പറഞ്ഞല്ല ദിവാകരൻ അവളെ കൂട്ടി കൊണ്ട് വന്നിട്ടുള്ളതെന്ന് അവളുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റത്തിൽ നിന്നും അവനു മനസ്സിലായിരുന്നു……

അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും ദിവാകരൻ അവളെ പിടിച്ചു നിർത്തി…..

എന്താ അവനു പറയാനുള്ളതെന്ന് കേട്ടിട്ട് പോ മോളെ…..

ദിവാകരൻ ദയനീയമായി പറഞ്ഞതും നന്ദ അവിടെ നിന്നു…….

ഒന്നേ പറയാനുള്ളൂ….
മാപ്പ്…..

നന്ദ അവനു നേരെ തിരിഞ്ഞതും സഞ്ജു കൈ കൂപ്പി കൊണ്ടത് പറഞ്ഞത് പെട്ടെന്നായിരുന്നു……

ആയിക്കോട്ടെ…. പറഞ്ഞു കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് പോകാം…….

സഞ്ജു അങ്ങേയറ്റം വികാരാദീതനായി അത് പറയുമ്പോൾ യാതൊരു ഭാവവുമില്ലാതെ നന്ദ പറഞ്ഞു നിർത്തി……

അവനെ കണ്ടിട്ടും അവൾക്ക് യാതൊരു കുലുക്കവുമില്ലെന്ന് കാൻകെ ദിവാകരനും ഒരു വല്ലായ്മ തോന്നിയിരുന്നു….

എന്തിനാ നന്ദാ ഈ വാശി…..

സഞ്ജു വീണ്ടും അത് ചോദിക്കുമ്പോൾ ഉള്ളിലെ സങ്കടവും ദേഷ്യവും എല്ലാം അതിൽ കലർന്നിരുന്നു….

എന്നെ വേണ്ടെന്ന് പറഞ്ഞു വിട്ടിട്ട് പോയ ആള് ഇപ്പോ വന്ന് വിളിക്കുമ്പോൾ നിങ്ങളുടെ പണവും പ്രശസ്തിയും കണ്ട് കൂടെ ഇറങ്ങി വരാൻ അത്ര നാണം കെട്ടവളല്ല നന്ദ….

ഞാൻ സ്നേഹിച്ചത് പോലെ നിങ്ങളെന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും അത് ചെയ്യില്ലായിരുന്നു……

അത് പറഞ്ഞപ്പോഴേക്കും അവളുടെ വാക്കുകളിൽ ഇടർച്ച കടന്നു പിടിച്ചു…..

അവളുടെ ദേഷ്യത്തിന്റെയും വാശിയുടെയും സങ്കടത്തിന്റെയും സ്നേഹത്തിന്റെയും എല്ലാം വ്യാപ്തി അവനറിയുക യായിരുന്നു…..

എന്നേ കാത്തിരിക്കുക യല്ലെങ്കിൽ പിന്നെ നീയെന്തിനാ ഇപ്പോഴും ഒറ്റക്ക് ജീവിക്കുന്നത് …..
എന്റെ സ്ഥാനത് മറ്റൊരാളെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെയാണ്…..

നന്ദ തിരിഞ് നടന്നതും അവൾക്ക് പിറകിൽ നിന്നുള്ള അവന്റെ രോഷത്തോടെയുള്ള വാക്കുകൾ അവളുടെ കാലുകളെ നിശ്ചലമാക്കി ….

അങ്ങനെ സ്വയമങ് വിചാരിച്ചാൽ മതിയോ….

അവൾ ദേഷ്യത്തോടെ അവനോടത് ചോദിക്കുമ്പോൾ അവളെ ചൊടിപ്പിക്കാൻ താൻ പറഞ്ഞത് ഏറ്റിട്ടുണ്ടെന്ന് അവനു മനസ്സിലായിരുന്നു…

അല്ലാതെ പിന്നെ എന്താ മനസ്സിലാക്കേണ്ടത്….
അങ്ങനെയല്ലെങ്കിൽ ഇത്ര വർഷമായിട്ടും നീ മറ്റൊരു വിവാഹത്തിന് സമ്മതിക്കാത്തതെന്താ…..

സഞ്ജു പുച്ഛം കലർത്തി അത് ചോദിക്കുമ്പോൾ നന്ദ ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു……

ഇത് വരെ സ്നേഹത്തോടെ സങ്കടത്തോടെ വാത്സല്യത്തോടെ അധികാരത്തോടെ പെരുമാറിയവനിൽ നിന്നുള്ള ഈ ഭാവ മാറ്റം തനിക്കുൾക്കൊള്ളാൻ കഴിയുന്നില്ല……

അച്ഛാ…….
ഇനി ഞാൻ വിവാഹത്തിന് സമ്മതിച്ചില്ലെന്ന് വേണ്ടാ….
ആരെ വേണമെങ്കിലും ഞാൻ തലയിലേറ്റി കൊള്ളാം ……..

ഞാൻ കാത്തിരിക്കുകയാണെന്ന് കരുതി ആരും സന്തോഷിക്കണ്ട……

നന്ദ ദിവാകരനോടത് പറഞ്ഞു കൊണ്ട് സഞ്ജുവിനെ ഒന്ന് നോക്കി അകത്തേക്ക് പോകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

ദീപ്തിക്കല്പം ആശ്വാസം തോന്നിയിരുന്നു….

നന്ദക്ക് നല്ല ജീവിതം കിട്ടിയാൽ താൻ മാത്രം ഇവിടെ ഒന്നുമില്ലാത്തവളായി നിൽക്കും എന്ന് അവൾക്കുറപ്പായിരുന്നു…..

സഞ്ജു തലക്ക് കൈ കൊടുത്തു കൊണ്ട് സോഫയിലേക്കിരുന്നു….

എന്ത് പറഞ്ഞു അവനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദിവാകരനും കണ്ണിൽ വെള്ളം നിറച്ചങ്ങനെ നോക്കി നിന്നു….

സഞ്ജു ആർക്കും മുഖം കൊടുക്കാതെ പെട്ടെന്നവിടെ നീന്നും നടന്നു പോകുമ്പോൾ ദീപ്തി അവനെ നോക്കി പുച്ഛത്തോടെയൊന്നു ചിരിച്ചിരുന്നു….

അത്ര മേൽ ആശ്വാസത്തോടെ……

(തുടരും)