രചന – ജിഫ്ന നിസാർ
പ്രിയ കവലയിൽ വന്നിറങ്ങുമ്പോൾ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു.
വീട്ടിൽ വിളിച്ചിട്ട് ഇച്ചിരി വൈകുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ അവരുടെ കാര്യമോർത്തവൾക്ക് പേടിയെന്നുമില്ല.
പക്ഷേ പ്രതീക്ഷിച്ചത് പോലെ തന്നെ തുറിച്ചു നോട്ടങ്ങളും അടക്കം പറച്ചിലുകളും മുറക്ക് നടക്കുന്നു, അവളവിടെ ബസ്സിറങ്ങിയത് മുതൽ.
താനെവിടെ ചെന്നാലും നിഴൽ പോലെ അവയെല്ലാം ആരുടെയെങ്കിലും നാവിൽ തുമ്പിലായി അളവൊട്ടും കുറയാതെ തന്നെ കൂടെയുണ്ടാവുമെന്നതിനാൽ ആ കാര്യത്തിലും പ്രിയക്ക് വേവലാതിയൊന്നും തോന്നിയില്ല.
വൈകുമെന്ന് പറയാൻ വിളിച്ചപ്പോൾ സുജ പറഞ്ഞേൽപ്പിച്ച സാധനങ്ങൾ വാങ്ങിക്കുന്നവാൻ കവലയിലെ കടയിലേക്ക് കയറിയവളെ അന്യഗ്രഹജീവിയെ പോലെ അവിടെ കൂടിയവർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
“സ്കൂളിലിപ്പോ ഇന്നേരം വരെയും പഠിപ്പുണ്ടോ ടോ ..?”
ഒരു വഷളൻ ചിരിയോടെയുള്ള ആ ചോദ്യം പ്രിയയുടെ തൊട്ടടുത്തുള്ള വീട്ടിലെ സുലൈമാന്റെയാണ്.
“ഈ പണിക്കൊക്കെ അങ്ങനെ നേരോം കാലോം ണ്ടൊ ന്റെ സുലൈമാനെ..?”
അയാൾക് അടുത്തിരിക്കുന്നയാൾക്കും അതേ ഭാവവും ചിരിയും.
പ്രിയ പുച്ഛത്തോടെ അവരെയൊന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ആ കൂടി നിൽക്കുന്നവർക്കെല്ലാം കഴുകന്റെ നോട്ടവും മനസ്സുമാണെന്ന് അവൾക്കറിയാം.
അച്ഛൻ മരിച്ചതിനു ശേഷം പ്രിയയത് വളരെ വ്യക്തമായി മനസ്സിലായതുമാണ്.
ജീവനോടെ കൊത്തി പറിക്കാൻ യാതൊരു മടിയുമിലാതെ ഊഴം കാത്തിരിക്കുന്നവരെ പാടെ അവഗണിക്കുക എന്ന സൂത്രവാക്യം പ്രിയ പഠിച്ചത് ഇത് പോലുള്ള അവസരങ്ങളിലാണ് ഏറ്റവും പ്രയോജനപ്പെടുന്നത്.അവിടെയുംഅത് തന്നെയവൾ പയറ്റി വിജയിച്ചു.
💞💞
“നിന്റെയൊറ്റയാളുടെ നിർബന്ധം കൊണ്ടാ ഇന്നാ ഡോക്ടർ ഡിസ്ചാർജ് ചീട്ടെഴുതി തന്നത്?”
അകത്തേക്ക് കയറി ഉമ്മറത്തു നിന്നും സ്വന്തം മുറിയിലേക്ക് നടക്കുന്ന മാധവൻ മാഷിന് പിറകെ നടക്കുന്നതിനിടെ ബാലൻ മാഷ് അസംതൃപ്തിയോടെ പറയുന്നുണ്ട്.
വീട്ടിൽ പോവണമെന്ന് മാധവൻ മാഷ് നിർബന്ധിച്ചു പറഞ്ഞത് അവർക്കാർക്കും എതിർക്കാൻ കഴിഞ്ഞില്ല.
“എനിക്കിപ്പോ യാതൊരു കുഴപ്പവുമില്ലല്ലോ?ഇനിയുള്ള ചികിത്സ ഞാനെന്റെ വീട്ടിൽ പോയിട്ട് ചെയ്തു കൊള്ളാം. എനിക്കിവിടെ ശ്വാസം മുട്ടുന്നുണ്ട്. ദയവായി ഞാൻ പറയുന്നതൊന്നു മനസ്സിലാക്കണം നിങ്ങൾ ”
അങ്ങേയറ്റം മാന്യതയോടെ ഡോക്ടർക്ക് മുന്നിൽ മാധവൻ മാഷ് അങ്ങനെയൊന്ന് അഭ്യർത്ഥിച്ചപ്പോൾ അതിനെതിരെ അയാൾക്കും പിന്നെയൊന്നും പറയാനില്ലായിരുന്നു.
മാത്രമല്ല.. മാഷിന്റെ പനിയും വിട്ടോഴിഞ്ഞു പോയത് കൊണ്ട് അവിടെ പറയാനൊരു ന്യായവും ബാക്കിയുണ്ടായിരുന്നില്ല.
“പറഞ്ഞത് കേൾക്കുന്നില്ലേ മാധവാ നീ?”
ഒന്നും മിണ്ടാതെ നടക്കുന്ന മാഷിനോട് ബാലൻ മാഷ് വീണ്ടും ചോദിച്ചു.
“എനിക്കറിയാടോ ബാല. ഞാൻ കരുതികൊള്ളാം ന്ന് എത്ര പ്രാവശ്യം പറഞ്ഞു. അതെന്തേ നീ കേട്ടില്ലേ..?”
കിടക്കയിലെക്കിരുന്നു കൊണ്ട് മാധവൻ മാഷ് തിരിച്ചു ചോദിച്ചു.
“നിന്നെയെനിക്ക് നന്നായി അറിയാലോ. അതോണ്ടാ ഇത് തന്നെ വീണ്ടും വീണ്ടും പറയുന്നത്. ആദി പറഞ്ഞാലൊന്നും നീ കേൾക്കളുണ്ടാവില്ല..”
ബാലൻ മാഷ് ചങ്ങാതിയെ ചെറുതായിയൊന്ന് കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചു.
“ഒന്നുമില്ല.ഞാൻ ദേ ഇവിടെയിങ്ങനെ കിടക്കും. പനി മാറും വരെയും.”
കിടക്കയിലേക്ക് കിടന്നു കൊണ്ട് മാധവൻ മാഷ് ആശ്വാസത്തോടെ പറഞ്ഞു.
സ്വന്തം മുറിയിലെത്തിയ ഒരു സന്തോഷവും സമാധാനവും അയാളുടെ മുഖം നിറച്ചും കാണുന്നുണ്ടായിരുന്നു.
“മ്മ്.. ഞാനെന്ന പോയിട്ട് രാത്രിയിൽ കഴിക്കാനുള്ള വല്ലതും എടുത്തോണ്ട് വരാം..”
ബാലൻ മാഷ് പോവാനായി തിരിഞ്ഞു.
“അതൊന്നും വേണ്ട മാഷേ.. മുത്തച്ഛനും എനിക്കും കഞ്ഞിയാണ് രാത്രിയിൽ. അത് ഞാനുണ്ടാക്കി കൊള്ളാം ”
അങ്ങോട്ട് വന്ന ആദി പെട്ടന്ന് പറഞ്ഞു.
“ഇന്നിനി നീ കഷ്ടപ്പെടേണ്ടടാ മോനെ..നീയും മുഷിഞ്ഞു വന്നതല്ലേ ആദി? ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു, നമ്മൾ ഹോസ്പിറ്റലിൽ നിന്നും പോരും മുന്നേ തന്നെ. വീട്ടിൽ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും ഭക്ഷണം. ഞാൻ പോയി അതെടുത്തോണ്ട് വരാം.. അത് കഴിച്ചിട്ട് രണ്ടാളും നല്ലത് പോലൊന്നുറങ്ങിയേക്ക്.”
ബാലൻ മാഷ് അതും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി പോയി.
“മുത്തച്ഛന് മേല് കഴുക്കണ്ടേ..?”
ആദിമാഷിന്റെ അടുത്തെത്തി കൊണ്ട് ചോദിച്ചു.
‘വേണം.. ആദ്യം ഇച്ചിരിയൊന്ന് കിടക്കട്ടെ ഞാൻ. നീ പോയി കുളിച്ചു മാറ്റി വാ.. ”
മാഷ് അവനെ നോക്കി കൊണ്ട് പറഞ്ഞു.
“ക്ഷീണം തോന്നുന്നുണ്ട്. അല്ലേ? ആ ഡോക്ടർ പറഞ്ഞതല്ലേ രണ്ടു ഡ്രിപ്പ് കൂടി ഇട്ടാ ഉഷാറാവും, അതൂടെ തീർന്നിട്ട് പോയ പോരെ ന്ന്. അത് കേൾക്കാഞ്ഞിട്ടല്ലേ?”
ആദി അയാളെ നോക്കി.
മാധവൻ മാഷ് ഒന്നും പറയാതെ കണ്ണടച്ച് കിടന്നു.
ആദി അയാളെ ശല്യപ്പെടുത്തണ്ടെന്ന് കരുതി പിന്നെയൊന്നും പറയാതെ സ്വന്തം മുറിയിലേക്ക് ചെന്നു.
💞💞
“മാഷിന് എങ്ങനെയുണ്ട് മോളെ..?”
സുജ പ്രിയയെ നോക്കി ചോദിച്ചു.
“ആൾക്ക് വയ്യെന്ന് തോന്നുന്നു. നല്ല പനിയായിരുന്നു ന്നാ ബാലൻ മാഷ് പറഞ്ഞത്. അതിന്റെ ക്ഷീണം മാഷിന്റെ മുഖത്തും നല്ലത് പോലെയുണ്ട്.”
പ്രിയ പറഞ്ഞു.
“പാവം..വയസ്സായി തുടങ്ങിയില്ലേ..? എന്ന് തുടങ്ങിയ ഓട്ടമാ. ഒറ്റയ്ക്ക് പൊരുതി ശരീരം ക്ഷീണിച്ചു കാണും..”
മാധവൻ മാഷ് പലപ്പോഴും സഹായിച്ച നന്ദി വാക്കുകൾ കൊണ്ട് പ്രകടമാക്കി കൊണ്ട് സുജ നെടുവീർപ്പോടെ പറഞ്ഞു.
വയസ്സായി പോവുകയോ?
അതും മാഷിനോ?
പ്രിയക്കതു കേട്ടപ്പോൾ അതിശയമാണ് തോന്നിയത്.
അന്ന് വരെയും അവൾക്കങ്ങനെയൊരു ചിന്ത തോന്നിയിട്ടില്ല. അറുപതു വയസ്സിൽ ഓടി നടക്കുന്നൊരു ചെറുപ്പക്കാരനായിരുന്നു അവൾക്ക് മുന്നിലെ മാധവൻ മാഷ്.
പ്രിയ ആ വയസ്സന്റെ അവശതയേ വെറുതെയൊന്ന് ഓർമയിലിട്ട് ചികഞ്ഞു.
എവിടുന്ന്..കിട്ടാൻ?
അയാൾക്കിപ്പോഴും ഇരുപത്തിയഞ്ചിന്റെ ചുറുചുറുക്കാണെന്ന് ഓർമകൾ അവൾക്ക് മുന്നിൽ സാക്ഷി പറഞ്ഞു.
നടത്തത്തിന്റെ വേഗത കുറയുന്നതോ മുടിയിഴകളിൽ വെളുപ്പ് പടരുന്നതോ ഒന്നുമല്ല ഒരാളുടെ യൗവനത്തെ കൊന്ന് കളയുന്നത്..
അത് മനസ്സിൽ വയസ്സായെന്നുള്ള അനാവശ്യ ചിന്തകളും.. ഇനിയെന്നും തനിക്ക് ചെയ്യാനാവില്ലെന്നുള്ള ആശങ്കയും കൂടി ചേർന്നുണ്ടാവുന്ന അവസ്ഥയാണ്.
മാധവൻ മാഷിന്റെ ചിന്തകളിൽ ഇനിയുമൊരു വിപ്ലവം സൃഷ്ടിക്കാനുള്ള വീര്യം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഓർത്തു കൊണ്ടാണ് അവൾ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റത്.
മാഷ് തിരികെ വരുന്നത് വരെയും സ്കൂളിൽ തന്റെ കാര്യം അങ്ങേയറ്റം അവതാളതിലാവുമെന്ന് അവൾ മുഷിച്ചിലോടെ ഓർത്തു.
പക്ഷേ കൃഷ്ണപ്രിയയങ്ങനെ തോറ്റു പിന്മാറി പോകാൻ തത്കാലം ഉദ്ദേശിചിട്ടിട്ടില്ലല്ലോ?
പിന്നെയെങ്ങനെ തന്നെ തോൽപ്പിക്കാനാവും?
അങ്ങനെ ചിന്തിക്കുമ്പോൾ പോലും അവൾക്ക് വല്ലാത്തൊരാശ്വാസം കിട്ടുന്നുണ്ടായിരുന്നു.
ആ ആശ്വാസത്തിന്റെ തണുപ്പോടെയാണ് അന്നുറങ്ങാൻ കിടന്നതും.
❣️❣️
തലേന്നുള്ള ഉറക്കത്തിന്റെ കടവും അന്നത്തെ പകലിന്റെ അവശതയും എല്ലാം കൂടി കയറി കിടന്നതും ആദിയുടെ കണ്ണുകളിൽ ഉറക്കം തലോടി.
അന്ന് ഫോൺ പോലും മാറ്റി വെച്ചിട്ട് ഉറങ്ങാൻ കിടന്നത് നല്ല ക്ഷീണമുള്ളത് കൊണ്ടായിരുന്നു.
ബാലൻ മാഷ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും നല്ല ചൂട് കഞ്ഞിയും ചമ്മന്തിയും കൊണ്ട് വന്നിരുന്നു.
ആദി ഫ്രെഷായി ചെല്ലുമ്പോഴേക്കും മാഷും എഴുന്നേറ്റ് മേല് കഴുകി കഴിഞ്ഞിരുന്നു.
രണ്ടു പേരും ഒരുമിച്ചിരുന്നു കൊണ്ടാണ് കഞ്ഞി കുടിച്ചത്.
മാഷിനുള്ള മരുന്ന് കൂടി എടുത്തു കൊടുത്തിട്ടാണ് ബാലൻ മാഷ് യാത്ര പറഞ്ഞു പോയതും.
അന്ന് മാഷിനൊപ്പം കിടക്കാൻ തുനിഞ്ഞ ആദിയെ അദ്ദേഹം തന്നെയാണ് നിർബന്ധിച്ചു മുറിയിലേക്ക് വിട്ടത്.
അവനത്ര മേൽ ക്ഷീണിച്ചു പോയിട്ടുണ്ടെന്നു അദ്ദേഹത്തിന് മനസ്സിലായിരുന്നു.
കണ്ണിലുറക്കം പിടിച്ചു തുടങ്ങിയ അതേ സമയം തന്നെ അലോസരം പോലെ ആദിയുടെ ഫോൺ ബെല്ലടിച്ചു.
അവൻ അനങ്ങാതെ കിടന്നു.
അത്യാവശ്യകാരനാണെങ്കിൽ ഒന്നൂടെ വിളിക്കുമെന്ന് എല്ലാവരെയും പോലെ അവനും സ്വയം ആശ്വാസിക്കുന്നുണ്ടായിരുന്നുവപ്പോഴും.
പക്ഷേ പിന്നെയും രണ്ടാം പ്രാവിശ്യവും ഫോൺ വിടാനുള്ള ഭാവമില്ലാത്ത പോലെ വീണ്ടും ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റ് അതെടുക്കാനുള്ള മടി നല്ലത് പോലെയുണ്ടായിട്ടും ഒരു ആലസ്യത്തോടെ അവനത് പോയെടുത്തു.
ഫോണിന്റെ ഇത്തിരി വെട്ടം മാത്രമേ അപ്പോഴാ മുറിയിലോള്ളൂ..
“ആദി… അച്ഛനാടാ”
ഹലോയെന്ന് പറയും മുന്നേ കാതിലെത്തിയ ആ വാക്കുകൾ.
അവന്റെ ഉറക്കമെല്ലാം നാല് വഴിക്കും ചിതറി പാഞ്ഞോളിച്ചു കഴിഞ്ഞിരുന്നു.. ആ സമയം കൊണ്ട് തന്നെ.
“ആഹ്…”
തിരിച്ചങ്ങോട്ട് എന്ത് പറയണമെന്നുള്ള ഒരു ആശങ്കയുണ്ടായിരുന്നു.. അവനപ്പോഴും.
“ഉറങ്ങിയായിരുന്നോ.. ശബ്ദമെന്തായിങ്ങനെ?”
ദേവൻ നല്ല സന്തോഷത്തിലാണെന്ന് ആ വാക്കുകൾ കേട്ടപ്പോൾ തന്നെ ആദിക്ക് മനസ്സിലായിരുന്നു.
അതാണവന്റെ ഹൃദയമിടിപ്പ് കൂട്ടിയതും.
തനിക്കിഷ്ടമില്ലാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അവന്റെ ഉള്ളം വിളിച്ചു പറയുന്നുണ്ടായിരുന്നു.
“നീയെന്താ ആദി ഒന്നും മിണ്ടാതെ..?”
അവന്റെ മൗനം മനസ്സിലായത് പോലെ ദേവൻ കുറച്ചു കൂടി സൗമ്യമായി ചോദിച്ചു.
“ഞാൻ.. ഞാനെന്ത് പറയാൻ?”
മനസ്സിലുള്ള അതേ ചോദ്യം ആദിയുടെ നാവിൻ തുമ്പിലുമെത്തി.
ദേവന്റെ പൊട്ടിച്ചിരിയാണ് ഉത്തരമായി കേട്ടതും.
ആദിയുടെ ചങ്കിടിപ്പ് വീണ്ടുമുയർന്നു.
“സുഖമാണോ നിനക്ക്?”
തീരെ പരിചിതമല്ലാത്തൊരു ചോദ്യം?
അവനൊന്നു പകച്ചുപോയി..
അപ്പുറത്തെ മുറിയിൽ തളർച്ചയോടെ കിടക്കുന്ന മാധവൻമാഷിനെയാണ് അവനോർമ വന്നത് ആ ചോദ്യം കേട്ടപ്പോൾ.
“മുത്തച്ഛന് വയ്യ. പനിയാണ് ”
ആദി പുച്ഛത്തോടെയാണ് പറഞ്ഞത്.
“ഓ.. അതെന്തു പറ്റി?”
വലിയ മാറ്റങ്ങളൊന്നും ശബ്ദത്തിനു പോലുമില്ലാതെ ദേവൻ ചോദിച്ചു.
അവനത് വളരെ വ്യക്തമായും മനസ്സിലായി.ആദിക്ക് പിന്നെയൊന്നും അയാളോട് പറയാൻ തോന്നിയില്ല.
വഴിപാട് പോലൊരു ചോദ്യത്തിനുത്തരമായയിരുന്നില്ലല്ലോ അവനാ മനുഷ്യൻ.
“എന്താ വിളിച്ചത്…?”
ദേവനോട് ആ ചോദ്യം ചോദിക്കുമ്പോൾ അവന്റെ സ്വരവും അങ്ങേയറ്റം പരുഷമായിരുന്നു..
അവൻ പോലുമറിയാതെ…
തുടരും..

by