രചന – കണ്ണന്റെ മാത്രം
പിയ നിരാശയോടെ കൈ പിൻവലിക്കാൻ തുടങ്ങിയ നേരത്താണ് അവളുടെ കൈയിൽ എന്തോ തടഞ്ഞത്. അവൾ മേശയുടെ അടിയിലേക്ക് ഇരുന്നിട്ട് നോക്കിയപ്പോൾ ഒരു ചെറിയ പേപ്പർ പീസ് മടക്കിയത് അതിന്റെ സെല്ലോ ടേപ്പിന്റെ സഹായത്തോടെ ഒട്ടിച്ചു വച്ചിട്ടുള്ളതാണ് കണ്ടത്. അവൾ വേഗം അത് ഇളക്കി എടുത്തിട്ട് നോക്കിയപ്പോൾ അതിനുള്ളിൽ ഒരു മെമ്മറി കാർഡ് ഉണ്ടായിരുന്നു. അവൾ അത് പേപ്പർ അടക്കം മടക്കി നേരെ പോക്കറ്റിലേക്ക് വച്ചു..
അഭി അവൾ ചെയ്യുന്നത് ഓരോന്നും നോക്കി നിന്നു…
പോകാം നന്ദൻ…
മ്മ്… അതും പറഞ്ഞുകൊണ്ട് അഭി പതിയെ ഡോർ തുറന്ന് നോക്കി. അപ്പോഴും അവിടെ രോഗികളുടെ തിരക്ക് ആയതുകൊണ്ട് അവർക്ക് ആരുടേയും ശ്രദ്ധയിൽ പെടാതെ പുറത്ത് കടക്കാൻ പറ്റി… അവർ നേരെ കാത്തുവിന്റെ അടുത്തേക്ക് ആണ് പോയത്. അവർ അങ്ങോട്ട് ചെല്ലുമ്പോൾ കാത്തുവിന് ബോധം വന്നിട്ടുണ്ട്. പാറുവിനെ കെട്ടിപിടിച്ച് കരച്ചിൽ തന്നെ ആണ് ആള്.. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് ആർക്കും തന്നെ അറിയില്ല എന്നതാണ് സത്യം. ഭൂമിയിൽ അവൾക്ക് ആകെ സ്വന്തം എന്ന് പറഞ്ഞ് ചേർത്തുപിടിക്കാൻ ഉള്ള രണ്ടുപേരാണ് ഇപ്പൊ ജീവനറ്റ് കിടക്കുന്നത്. അങ്ങനെ ഉള്ളപ്പോൾ എന്തു പറഞ്ഞാലും അതൊരു ഭംഗി വാക്ക് മാത്രം ആയി മാറും എന്ന് എല്ലാവർക്കും അറിയാം..അതുകൊണ്ട് തന്നെ ആരും അവളോട് ഒന്നും പറഞ്ഞില്ല. അവളുടെ ഉള്ള് തണുക്കുന്നതുവരെ അവൾ കരഞ്ഞു തീർക്കട്ടെ എന്നാണ് എല്ലാവരും കരുതിയത്…
…………………
ഹോസ്പിറ്റൽ പ്രൊസീജിയർ കഴിഞ്ഞ് കാശിയുടെയും മിത്രയുടെയും ഭൗതികശരീരം വിട്ടു കിട്ടാൻ അല്പം സമയം എടുക്കും എന്നുള്ളത് കൊണ്ട് അഭിയും നവിയും പിയയും കൂടി കാശിയുടെ വീട്ടിലേക്ക് പോകാനും അവിടെ ഒക്കെ ഒന്ന് ഒതുക്കി ഇടാനും തീരുമാനിച്ചു. കാത്തുവിന്റെ ഡ്രിപ് തീരാത്തതുകൊണ്ട് പാറുവിനോടും കാത്തുവിനോടും അവരുടെ ഒപ്പം വന്നാൽ മതി എന്നും പറഞ്ഞുകൊണ്ട് അവർ താക്കോലും വാങ്ങി കാശിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..
അവിടെ എത്തി ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും പുരികം ചുളിഞ്ഞു. പിന്നെ പോകാനുള്ള ധൃതിയിൽ പൂട്ടാൻ മറന്നതാവും എന്ന് കരുതി അവർ ഗേറ്റിനു ഉള്ളിലേക്ക് കടന്നു.. ഫ്രണ്ട് ഡോർ തുറക്കാനായി ഡോറിൽ തൊട്ടതും അത് താനേ തുറന്നുപോയി. വീടിനുള്ളിലേക്ക് കടന്ന പിയയും അഭിയും നവിയും ഞെട്ടിപ്പോയി. ആകെ വലിച്ചുവാരി അലങ്കോലമായി കിടക്കുന്നുണ്ട് അവിടം. അവർ പതുക്കെ റൂമികളിലേക്ക് കടന്നതും അതിന്റെ അവസ്ഥ ഇതിലും കഷ്ടമാണ് ആകെ നശിപ്പിച്ച് ഇട്ടിട്ടുണ്ട്. നവി പിയയുടെയും അഭിയുടെയും മുഖത്തേക്ക് നോക്കിയപ്പോൾ ഞെട്ടൽ ഉണ്ടെങ്കിലും അവരുടെ മുഖത്ത് ഒരു പ്രതീക്ഷിച്ച ഭാവം ആയിരുന്നു..
എന്താ ഇതിന്റെ ഒക്കെ അർത്ഥം അഭി.. നിങ്ങളുടെ മുഖത്ത് എന്താ ഇങ്ങനെ ഒരു ഭാവം..
അത് പറയാം.. നവി ആദ്യം അച്ഛനെ വിളിച്ച് അവരെ ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് പറയ്… ഞാൻ ആ CI സാറിനെ ഒന്ന് വിളിക്കട്ടെ…
അഭി….
നവി പറയുന്നത് ചെയ്യ്.. എനിക്കും കാര്യമായി ഒന്നും അറിയില്ല. നമുക്ക് സംസാരിക്കാം. ആദ്യം നമുക്ക് അവർക്ക് അർഹപ്പെട്ട യാത്രയയപ്പ് കൊടുക്കേണ്ടേ. അത് കഴിഞ്ഞിട്ട് സംസാരിക്കാം… അഭി ഗൗരവത്തോടെ പറഞ്ഞതും നവി വേഗം പപ്പനെ വിളിച്ചു. അപ്പോഴേക്കും അഭി CI യെ വിളിച്ചിരുന്നു. ഹോസ്പിറ്റലിൽ വച്ച് നമ്പർ വാങ്ങിയിരുന്നതുകൊണ്ട് അത് എളുപ്പം ആയി. ഒരു വസ്തുവിലും തൊടാതെ അവരോട് പുറത്തേക്ക് നിൽക്കാൻ ആണ് CI അവരോട് പറഞ്ഞത്. അവർ ഇപ്പൊ എത്താം എന്ന്..
അവർ CI പറഞ്ഞതുപോലെ ഒന്നിലും തൊടാതെ പുറത്തേക്കിറങ്ങി പോലീസ് എത്തുന്നത് വരെ കാത്തുനിന്നു. പറഞ്ഞതുപോലെ തന്നെ പത്തുമിനിട്ടിൽ പോലീസ് അവിടെ എത്തിയിരുന്നു. അവർ ഉള്ളിലേക്ക് നോക്കിയതും ആകെ അലങ്കോലമായി കിടക്കുന്ന വീടാണ് കണ്ടത്. എന്തോ തിരഞ്ഞത് പോലെ ഉള്ള ഒരു അവസ്ഥ.
നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് ഇപ്പൊ വന്നത്… CI അവരോട് ചോദിച്ചു..
സാർ അവരുടെ ബോഡി കൊണ്ട് വരുന്നതിന് മുൻപ് ഇവിടെ ഒക്കെ ഒന്ന് ഒതുക്കി ഇടാം എന്ന് കരുതി വന്നതാണ്. പക്ഷേ വന്നപ്പോൾ…
അവർ സംസാരിച്ച് നിൽക്കുമ്പോൾ ആണ് അവിടേക്ക് SP യും IG യും എത്തിയത്..
അഷ്റഫ് അറ്റെൻഷൻ ആയി നിന്നു…
എന്തായി ഡോ.. SP ചോദിച്ചു..
സാർ എന്തോ തിരഞ്ഞിട്ടുള്ളത് പോലെ ആണ് വീടിനുൾവശം ആകെ വലിച്ചു വാരി ഇട്ടിട്ടുണ്ട്.
മ്മ്.. ഫിംഗർ പ്രിന്റ് എക്സ്പോർട്ട്സിനെ വിളിച്ചിട്ടില്ലേ..
ഉവ്വ് സാർ.. അവർ ഇപ്പൊ എത്തും..
മ്മ്.. ഹോസ്പിറ്റലിലെ അവസ്ഥ എന്താ..
സാർ.. പ്രേതപരിശോധന സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഞാൻ പോരുമ്പോൾ അവിടെ പോലീസ് ഫോറെൻസിക് സർജൻ എത്തിയിട്ടുണ്ട്..
മ്മ്.. കശ്യപിനെ ഹോസ്പിറ്റലിൽ എത്തിച്ച ആളോട് സംസാരിച്ചോ… IG ചോദിച്ചു
മ്മ്.. ദേ ഇതാണ് ആള്. നമ്മുടെ കോവിലകം ഗ്രൂപ്പിന്റെ ഓണർ പത്മനാഭൻ സാറിന്റെ മരുമകൻ ആണ്. അതുമാത്രം അല്ല ഇവർ ഫാമിലി ഫ്രണ്ട്സും ആണ്..CI അഭിയെ കാട്ടികൊടുത്തു കൊണ്ട് പറഞ്ഞു.
അഭിനന്ദ്.. അഭി അവരെ വിഷ് ചെയ്തുകൊണ്ട് പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി..
മ്മ്.. അഭിനന്ദ് എന്തിനാണ് ആ ഭാഗത്തേക്ക് ആ നേരത്ത് പോയത്..
അഭി CIയോട് പറഞ്ഞതൊക്കെ തന്നെ അവരോടും പറഞ്ഞു. അവന്റെ സംശയം അടക്കം..
മ്മ്.. ഇതും കൂടി കാണുമ്പോൾ ഇതൊരു കൊലപാതകം ആവാൻ എല്ലാ സാധ്യതയും കാണുന്നുണ്ട്. എന്തായാലും ഒട്ടോപ്സി റിപ്പോർട്ട് കിട്ടട്ടെ… അതും പറഞ്ഞ് ആള് ഫോണും എടുത്ത് മാറി നിന്നു.
നവി എല്ലാം കണ്ട് പകച്ചു നിൽപ്പാണ്. അവിടെ എത്തുന്നതുവരെ അവന്റെ വിദൂരചിന്തയിൽ പോലും ഇതൊരു കൊലപാതകം ആണെന്ന് ഒരു സൂചന ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ.. അവന് ഒന്നും മനസിലാകുന്നുണ്ടായില്ല. അവന്റെ ഫോണിന്റെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് പുറത്തുകൊണ്ട് വന്നത്. അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഹരി ആണ്.. അവൻ ഫോണും കൊണ്ട് അവിടെ നിന്ന് മാറിനിന്ന്
സംസാരിച്ചു. അവൻ അവിടെ നടക്കുന്നത് മുഴുവൻ അയാളോട് പറഞ്ഞു…
അയാളും ഒന്നും വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു… ഒരു ക്രിമിനൽ ലോയർ എന്ന നിലയിൽ കൊല്ലും കൊലയും ഒന്നും ഹരിക്ക് വലിയ ഒരു സംഭവം ഒന്നുമല്ലെങ്കിലും സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ആൾക്ക് ആ ഷോക്കിൽ നിന്ന് പുറത്തുവരാൻ കഴിയുന്നുണ്ടായില്ല.. ഹരി ആകെ ഷോക്ക് ആയി നിൽക്കുന്നത് കണ്ടിട്ടാണ് പപ്പൻ അയാളോട് കാര്യം ചോദിച്ചത്.. അയാൾ പറയുന്നത് കേട്ട പപ്പനും ആകെ സ്റ്റക്ക് ആയി. അതുകഴിഞ്ഞ് അയാൾ ചിന്തിച്ചത് ഇതെങ്ങനെ കാത്തുവിനോട് പറയും എന്നാണ്..
……………….
കാശിയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നോക്കി നിൽക്കുമ്പോൾ ആണ് അഭിയുടെ ഫോൺ ബെല്ലടിച്ചത്. പപ്പൻ വന്ന് പിയയെ കൊണ്ടുപോയിരുന്നു. ഇന്ന് ഇനി എന്തായാലും സംസ്ക്കാരം നടക്കില്ല. ഇപ്പോഴേ സന്ധ്യ കഴിഞ്ഞു. ഒട്ടോപ്സി ഇതുവരെ കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞ് ബോഡി കിട്ടാൻ എന്തായാലും രാത്രി ആവും. അതുകൊണ്ട് നാളെ രാവിലെ ആണ് സംസ്ക്കാരം വച്ചിട്ടുള്ളത്..
അഭി വേഗം ഫോൺ എടുത്ത് നോക്കി.. വിച്ചു ആണ്..
എന്തായി അഭി കാര്യങ്ങൾ…
അഭി ഇതുവരെ ഉണ്ടായ കാര്യങ്ങൾ അവനോട് പറഞ്ഞു.
അപ്പൊ ഇതൊരു മർഡർ ആവും അല്ലേ അഭി..
മ്മ്.. സാധ്യത ഉണ്ട്. ഞാൻ എന്തായാലും നിന്നെ വിളിക്കാൻ ഇരിക്കായിരുന്നു. നീ ഇപ്പൊ വീട്ടിൽ ഉണ്ടോ. അതോ ഷോപ്പിൽ ആണോ..
വീട്ടിൽ ആണെടാ.. ഇന്ന് ഞാൻ ഡ്രസ്സ് എടുക്കാൻ പോയില്ല.. എന്തോ നീ ആക്സിഡന്റിന്റെ കാര്യം പറഞ്ഞ് വിളിച്ചപ്പോൾ പിന്നെ അതിന് പോകാൻ തോന്നിയില്ല. അച്ഛനും അമ്മയും പോയിട്ടുണ്ട്…
ആണോ.. എങ്കിൽ നീ വീട്ടിൽ നിന്ന് ആമിയെയും അമ്മയെയും കൂട്ടിയിട്ട് പിയയുടെ വീട്ടിലേക്ക് വരുമോ. അവരോട് രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുക്കാൻ പറയ് കേട്ടോ..
മ്മ്.. ശരിടാ.. ഞാൻ നിന്റെ അടുത്തേക്ക് വരാൻ നീ എവിടെ ആണെന്ന് അറിയാൻ വിളിച്ചതാ. അപ്പൊ ഞാൻ അവരേം കൂട്ടി അങ്ങോട്ട് വരാം..
ഓക്കേ..ടാ… വിച്ചു ഫോൺ വച്ചതും അഭി പിന്നെയും അവർ ചെയ്യുന്ന കാര്യങ്ങൾ നോക്കി നിന്നു..
വിചാരിച്ച പോലെ തന്നെ അന്ന് രാത്രി 11 മണി കഴിഞ്ഞു ബോഡി വിട്ടുകിട്ടാൻ… നാളെ 9 മണിക്ക് എല്ലാ ഔദ്യോഗിക ബഹുമതിയോടും കൂടി സംസ്ക്കാരം പറഞ്ഞിട്ടുണ്ട്. കാശിയുടെ വീട് പോലീസ് സീൽ ചെയ്യ്തു.
കാത്തുവിന്റെ കാര്യം ആണ് കഷ്ടം. കാശിയുടെയും മിത്രയുടെയും കൊലപാതകം ആവാൻ ചാൻസ് ഉണ്ടന്ന കാര്യം അവരായിട്ട് അവളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. കൺഫേം ആയിട്ട് പറയാം എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഡ്രിപ്പ് ഒക്കെ കഴിഞ്ഞ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയ കാത്തു രണ്ടുപൊലീസുക്കാർ സംസാരിക്കുന്നത് കേട്ടു. അതോടെ അവൾ ഒന്നുകൂടി തളർന്നു. അവരെ ആരോ മനപ്പൂർവം ഇല്ലാതാക്കിയത് ആണെന്ന് അവൾക്ക് സഹിക്കാൻ പറ്റിയില്ല…
…………….
പിറ്റേന്നത്തെ വാർത്തകൾ മുഴുവൻ കമ്മീഷണർ കശ്യപിന്റെയും ഭാര്യയുടെയും മരണവാർത്ത ആയിരുന്നു. ഒട്ടോപ്സി റിപ്പോർട്ട് കിട്ടാത്തതുകൊണ്ട് ആക്സിഡന്റ് എന്ന രീതിയിൽ തന്നെ ആണ് ന്യൂസ് വന്നിട്ടുള്ളത് മുഴുവൻ. അന്ന് 11 മണി കഴിഞ്ഞാൽ റിപ്പോർട്ട് കിട്ടും. ഒരു 75% കൊലപാതകം ആണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ഒരു ന്യൂസ് പുറത്തുവിട്ടിട്ടില്ല അവർ.
രാവിലെ തന്നെ കോവിലകം വീട്ടിൽ ജനത്തിരക്ക് ആയിരുന്നു. ഇവിടെ വന്നിട്ട് അധികം ആയിട്ടില്ലെങ്കിലും ഈ കുറഞ്ഞ ദിവസംകൊണ്ട് തന്നെ ഒരു ജനസമ്മതി ഉണ്ടാക്കി എടുക്കാൻ കാശിക്ക് കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാ ഔദ്യോഗിക ബഹുമതിയോടെ കാശിയുടെയും മിത്രയുടെയും സംസ്ക്കാരം കഴിഞ്ഞു..
അച്ഛാ… എല്ലാം കഴിഞ്ഞ് അവരുടെ വേർപാട് തീർത്ത ശൂന്യതയിൽ ഒന്നും മിണ്ടാനും പറയാനും ഇല്ലാതെ ഹരിയും പപ്പനും ഇരിക്കുമ്പോൾ ആണ് പിയ അയാളെ വിളിക്കുന്നത്.
പപ്പൻ തിരിഞ്ഞു നോക്കിയപ്പോൾ പിയയും അഭിയും ഉണ്ട്..
എന്താ മക്കളെ…
അച്ഛന് ഡിജിപി ദേവൻസാറുമായി നല്ല പരിചയം അല്ലേ.
അതേ.. എന്തേ…
അച്ഛൻ സാറിനെ വിളിച്ച് ആ ഒട്ടോപ്സി റിപ്പോർട്ടിന്റെ ഡീറ്റെയിൽസ് ഒന്ന് ചോദിക്കുമോ..
ഇപ്പൊ ഉച്ച ആയില്ലേ. 11 മണിക്ക് റിപ്പോർട്ട് എന്നാണ് ഇന്നലെ പറഞ്ഞത്..
മ്മ്.. ഞാൻ അവനെ ഒന്ന് വിളിച്ച് നോക്കട്ടെ….
പപ്പൻ ഫോൺ എടുത്ത് ഡിജിപിയെ വിളിക്കുന്നതും നോക്കി അവർ അവിടെ നിന്നു.. പപ്പന്റെ സംസാരം ശ്രദ്ധിച്ച് നിന്നിരുന്ന അഭിയും പിയയും ഹരിയും പപ്പന്റെ നിറഞ്ഞു വരുന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു എന്തായിരിക്കും മറുപടി എന്ന്..
കൊലപാതകം ആണല്ലേ അച്ഛാ… പപ്പൻ ഫോൺ വച്ചതും പിയ ചോദിച്ചു…
മ്മ്… മിത്രയുടെ മരണകാരണം അവളുടെ തലയിൽ ആഴത്തിൽ ഏറ്റ മുറിവാണ്. അതൊരിക്കലും ഒരു ആക്സിഡന്റിൽ നിന്ന് വരുന്നതല്ലത്രേ. പിന്നെ കാശിയുടെ തലയിലും ഉണ്ട് സമാനമായ മുറിവ്. അതിനുശേഷം ആണ് ആ ആക്സിഡന്റ്…
മ്മ്… പിയ അതിനൊന്ന് മൂളി ഉള്ളിലേക്ക് തന്നെ തിരിച്ചുപോയി..
പിയ അഭി എനിക്ക് സംസാരിക്കാൻ ഉണ്ട് നിങ്ങളോട്… അവർ തിരികെ ഉള്ളിലേക്ക് കടക്കുമ്പോൾ നവി അവരോട് പറഞ്ഞു..
എനിക്കും അഭിയും പിയയെ നോക്കികൊണ്ട് പറഞ്ഞു…
മ്മ്.. നമുക്ക് റൂമിലേക്ക് ഇരിക്കാം. പിന്നെ നവിയേട്ടാ എനിക്ക് ലാപ് ഒന്ന് വേണം. എന്റെ വീട്ടിൽ ആണ്..
ഒക്കെ ഞാൻ എടുത്തിട്ട് വരാം.. അതും പറഞ്ഞ് നവി അവന്റെ റൂമിലേക്ക് പോയി. അഭിയും പിയയും അവരുടെ റൂമിലേക്കും…
തുടരും…

by