25/05/2026

നിയതി : ഭാഗം 27

രചന – കണ്ണന്റെ മാത്രം

ഹോ.. എന്തൊരു അഹങ്കാരം ആണ് ആ പെണ്ണിന് അല്ലേ.. ഇവിടെ ഉണ്ടായിരുന്നപ്പോ എന്ത് പാവം പോലെ ആയിരുന്നു അഭിനയിച്ചിരുന്നത്… മാഗി ഇഷ്ടക്കേടോടെ പറഞ്ഞു… ആലുക്കലെ പെണ്ണുങ്ങൾ തെരേസ ഒഴികെ എല്ലാം കൂടി അടുക്കളയിൽ നിൽക്കുന്ന സമയത്താണ് മാഗി ഈ ഡയലോഗ് പറഞ്ഞത്…

മമ്മി ഇതാരുടെ കാര്യം ആണ് പറയുന്നത്… ക്രിസ്റ്റിയുടെ ഭാര്യ അബി ചോദിച്ചു… ഗ്രേസിയമ്മ അടക്കം എല്ലാവരും ഇവൾ ഇതാരെ കുറിച്ചാണ് പറയുന്നത് എന്നപോലെ അവരെ നോക്കി…

ആ.. നിധിയെ… ഇവിടെ ഉണ്ടായിരുന്ന സമയത്ത് എന്തൊരു പാവം പോലെ ആയിരുന്നു അഭിനയം… ഇപ്പൊ കണ്ടില്ലേ.. അവളുടെ തനി സ്വഭാവം പുറത്ത് വന്നത്… എന്തായിരുന്നു ചേട്ടത്തിയുടെ നേരെ ഉള്ള അവളുടെ പ്രസംഗം…

മാഗി പറയുന്നത് കേട്ടിട്ടും എല്ലാം സമ്മതിക്കുന്നതുപോലെ മിണ്ടാതെ നിൽക്കുന്ന ഗ്രേസിയമ്മയെ അതിഥി ഇഷ്ടക്കേടോടെ നോക്കി.. പിന്നെ മാഗിയോടായി പറഞ്ഞു…

എനിക്ക് തോന്നിയില്ല അതിന് ഒരു അഹങ്കാരവും ഉള്ളതായിട്ട്.. അങ്ങനെ അഹങ്കാരം ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞ് ഈ വീടിന്റെ പടി ചവിട്ടിയേനില്ല.. അത്രക്കും നല്ല കാര്യങ്ങൾ ആണല്ലോ ഈ വീട്ടിൽ വച്ച് അതിന്റെ ജീവിതത്തിൽ നടന്നത് മുഴുവൻ… അതിഥി എല്ലാവരെയും നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി…

ഓഹ്.. അവളുടെ പെറ്റ് അല്ലേ ആയിരുന്നേ.. അതാ ഞാൻ പറഞ്ഞത് പിടിക്കാഞ്ഞത്… അവർ അതിഥി പോയ വഴിയേ നോക്കി പിറുപിറുത്തു….

ഗ്രേസിയമ്മ ഒന്നും എതിർത്തും ഇല്ല സപ്പോർട്ടും ചെയ്തില്ല.. അവർ ഒരു നിസംഗതയോടെ എല്ലാം കേട്ടുനിന്നു… അവരുടെ ഉള്ളിൽ അപ്പോഴും ചിട്ടുവിന്റെ മുഖം ആയിരുന്നു… തന്റെ ജോയുടെ ചെറുപ്പത്തിലെ അതേ രൂപത്തിൽ ഉള്ള ചിട്ടുവിനെ കണ്ടതും അവർക്ക് ജോയോട് തോന്നിയിരുന്ന സ്വാർത്ഥത അവനോടും തോന്നുന്നുണ്ടായിരുന്നു…

………………..

ഹന്നമോളെ…. നീ അറിഞ്ഞോ… ആ നിധി തിരികെ വന്നു.. അവൾ മാത്രം അല്ല കൂടെ അവരുടെ രണ്ട് മക്കളും… ഹന്ന ഫോൺ എടുത്തതും തെരേസ പറഞ്ഞു… ഇന്ന് ഇവിടെ നടന്നത് മുഴുവൻ അവളോട് പറയാനായി വിളിച്ചതായിരുന്നു തെരേസ…

എന്താ… നിധി തിരികെ വന്നെന്നോ… ഹന്ന വെപ്രാളത്തോടെ ചോദിച്ചു…

അതേ മോളെ… അവൾ തിരികെ വന്നു.. കൂടെ അവരുടെ മക്കളും ഉണ്ട്… അവർ ഇപ്പൊ ഒരുമിച്ചാണ് താമസം…. തെരേസ പറഞ്ഞു….

മക്കളോ… എന്തൊക്കെയാ ആന്റി ഈ പറയുന്നത്.. അതിന് നിധി പോകുമ്പോൾ ഗർഭിണി ആയിരുന്നില്ലല്ലോ പിന്നെ എങ്ങനെ മക്കൾ.. ഇനി അത് ജോയുടെ തന്നെ അല്ലേ…. ഹന്ന അപ്പോഴും വിട്ടുമാറാത്ത പകപ്പോടെ ചോദിച്ചു….

അതിന് അവളുടെ പേര് ഹന്ന എന്നല്ല… തെരേസ പിറുപിറുത്തു…

എന്താ.. ആന്റി എന്താ പറഞ്ഞത്.. ഞാൻ കേട്ടില്ല.. തെരേസ എന്തോ പറഞ്ഞപോലെ തോന്നി ഹന്ന ചോദിച്ചു…

അല്ല ആ കുട്ടികൾ അവരുടെ തന്നെ ആണെന്ന് പറഞ്ഞതാ ഞാൻ… അതിലെ ആൺകുട്ടി ചെറുപ്പത്തിലെ ജോ എങ്ങനെ ഇരുന്നോ അതുപോലെ തന്നെ ഉണ്ട്.. പെൺകുട്ടിക്കും ഉണ്ട് അവന്റെ ഛായ… അവർ താൻ പറഞ്ഞത് ഹന്ന കേട്ടോ എന്ന വെപ്രാളത്തോടെ പറഞ്ഞു…

മ്മ്… അവൾ ഒന്ന് മൂളി…

അപ്പോഴാണ് തെരേസക്ക് സമാധാനം ആയത്….
ഇനിയിപ്പോ എന്ത് ചെയ്യും മോളെ.. നമ്മൾ ഈ കണ്ട കളികളിച്ചിട്ടും അവരെ പിരിച്ചിട്ടും അവർ പിന്നെയും ഒന്നിച്ചല്ലോ.. മോൾക്ക് അവനെ കിട്ടിയും ഇല്ലാ…

ആന്റി വിഷമിക്കണ്ട.. എനിക്കറിയാം എന്താ വേണ്ടത് എന്ന്… അത് പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ മുറുകിയിരുന്നു…

മോള് എന്ത് ചെയ്യാൻ ആണ്… ഇനിയിപ്പോ ഒന്നും ചെയ്തിട്ടും കാര്യമില്ലല്ലോ…

എനിക്ക് കിട്ടാത്തത് ആർക്കും കിട്ടണ്ട ആന്റി.. കൊല്ലും ഞാൻ അവനെ കൂടെ ആ പീറ പിള്ളേരെയും… ആ നിധി… അവൾ ചങ്ക് പൊട്ടികരയുന്നത് എനിക്ക് കാണണം… അവൾ പകയോടെ മുരുണ്ടു

പക്ഷേ മോളെ… കൊല്ലുക എന്നൊക്കെ പറഞ്ഞാൽ… അവർക്ക് അവൾ പറയുന്നതെന്തോ അംഗീകരിക്കാൻ പറ്റിയില്ല… എന്തൊക്കെ ആയാലും ജോ തന്റെ സഹോദരന്റെ മകൻ ആണ്.. തന്റെ രക്തം.. അവനോ അവന്റെ മക്കളോ ഇല്ലാതാവുന്നത് അവർക്ക് എന്തോ സഹിക്കാൻ പറ്റിയില്ല…

അവർ അങ്ങനെ പറഞ്ഞപ്പോൾ ആണ് താൻ ആരോടാണ് എന്താണ് പറഞ്ഞെതെന്ന ബോധം ഹന്നക്ക് വന്നത്…
ഏയ്യ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ ആന്റി.. ആന്റി പറഞ്ഞത് കേട്ടപ്പോൾ ഉള്ള ഒരു ദേഷ്യത്തിൽ പറഞ്ഞതാണ്.. അല്ലാതെ മറ്റൊന്നും ഇല്ലാ… എങ്കിൽ ശരിയാന്റി ഞാൻ പിന്നെ വിളിക്കാം… അവൾ അതും പറഞ്ഞ് ഫോൺ വച്ചു… ഹന്ന ഫോൺ വച്ച് കഴിഞ്ഞിട്ടും തെരേസ ഫോണും പിടിച്ച് ഒരേ നിൽപ് നിന്നു.. അവർക്കെന്തോ അവൾ പറഞ്ഞത് വെറും വാക്കായി തോന്നിയില്ല… ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ അവർ നിന്നു…

………………

തെരേസയുമായി സംസാരിച്ച് ഫോൺ വച്ചതും ഹന്ന നേരെ അവളുടെ ഇച്ചായന്റെ നമ്പറിലേക്ക് വിളിച്ചു…

ഹന്ന…. നിന്നോട് ഈ നമ്പറിൽ വിളിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ… ഫോൺ എടുത്തതും അയാളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദം അവൾ കേട്ടു…

ഇച്ചായാ… ഇന്ന് എന്താ അവിടെ നടന്നത്.. നിധി തിരികെ വന്നോ.. അവൾ അയാൾ പറഞ്ഞത് ശ്രദ്ധിക്കാതെ ചോദിച്ചു…

നീ കട്ട്‌ ചെയ്യ്.. ഞാൻ നിന്നെ ഇപ്പൊ വിളിക്കാം.. അയാൾ അതും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തിട്ട് കബോർഡിൽ നിന്ന് മറ്റൊരു ഫോണും എടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു….

എന്താ ഹന്ന… എന്താ നിനക്ക് അറിയേണ്ടത്… അവൾ ഫോൺ എടുത്തതും അയാൾ ചോദിച്ചു…

എനിക്ക് ഞാൻ നേരത്തേ ചോദിച്ചതിനുള്ള മറുപടി ആണ് വേണ്ടത്… അവൾ തിരികെ വന്നോ.. ആ നിധി….

ഉവ്വ്… നിയതി മാത്രം അല്ല കൂടെ അവരുടെ രണ്ട് മക്കളും ഉണ്ടായിരുന്നു…

ഇച്ചായാ… ഇനിയെന്ത് ചെയ്യും… നമ്മൾ കഷ്ടപെട്ടത് മുഴുവൻ വെറുതെ ആയില്ലേ… അവൾ സങ്കടത്തോടെ ചോദിച്ചു….

ഇല്ലാ പെണ്ണേ.. ഇപ്പോഴാ നമ്മൾ കഷ്ടപ്പെട്ടതുകൊണ്ട് ഒരുപകാരം ഉണ്ടായത്… അയാൾ ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു…

ഏഹ്…. അവൾ അയാൾ പറഞ്ഞത് മനസിലാകാതെ നിന്നു..

ജോയുടെ ആദ്യത്തെ ആക്‌സിഡന്റ് കഴിഞ്ഞിട്ട് അവനെ കൊല്ലണം എന്നരീതിയിൽ ഒരു ആക്‌സിഡന്റ് എന്തുകൊണ്ടാണ് നമ്മൾ നോക്കാഞ്ഞത്… അയാൾ ചോദിച്ചു…

അവൻ ഇല്ലാതെയായാൽ അവന്റെ സ്വത്തുക്കൾ എല്ലാം അനാഥാലയത്തിന് പോകും എന്നുള്ളതുകൊണ്ടല്ലേ… അവൾ ചോദിച്ചു…

അതേ.. അങ്ങനെ ഒന്നില്ലാതിരിക്കണമെങ്കിൽ എന്ത് വേണം എന്നായിരുന്നു അവന്റെ വില്ലിൽ എന്ന് നിനക്ക് ഓർമയില്ലേ.. അവന്റെ കല്യാണം കഴിഞ്ഞ് ഭാര്യയോ മക്കളോ ഉണ്ടെങ്കിൽ അവന് എന്തെങ്കിലും പറ്റിയാൽ സ്വത്തുക്കൾ അവർക്ക് പോകും എന്നല്ലേ… അവന് പറ്റിയ രണ്ടാമത്തെ ആക്‌സിഡന്റ് ഒരു നോർമൽ ആക്‌സിഡന്റ് ആയിരുന്നെങ്കിലും നമ്മുടെ ആൾക്കാർ അവന്റെ പിന്നാലെ ഉണ്ടായിരുന്നതുകൊണ്ട് അത് ഷൂട്ട്‌ ചെയ്ത് നമ്മൾ നടത്തിയതായിക്കാട്ടി ആ പെണ്ണിനെ പേടിപ്പിക്കാൻ പറ്റി… ആ ആക്‌സിഡന്റിൽ അവന്റെ ഓർമ പോയി നിന്നെ അവന്റെ കാമുകി ആയി കണ്ടപ്പോൾ നമ്മൾ രക്ഷപ്പെട്ടെന്ന് കരുതിയതായിരുന്നു ഞാൻ… അതാ പിന്നെ ആ ആക്‌സിഡന്റ്റുകളുടെ ഫോട്ടോയും വിഡിയോയും ഒക്കെ എടുത്ത് അയച്ചുകൊടുത്ത് ആ പെണ്ണിനെ പേടിപ്പിച്ച് ഓടിച്ചത്.. എങ്ങനെയും നീയുമായിട്ടുള്ള കല്യാണം നടത്തി അവനെ അങ്ങ് തീർക്കാൻ ആയിരുന്നു എന്റെ പ്ലാൻ… പക്ഷേ അവന് പഴയതൊക്കെ ഓർമ വന്നില്ലേ.. അവിടെയാണ് എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിയത്… അയാൾ പകയോടെ മുരണ്ടു..

അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ ഇച്ചായാ… ഇനിയും അത് ആലോചിച്ചിരിക്കാതെ ഇപ്പൊ നിധിയും കുട്ടികളും വന്നതുകൊണ്ട് നമുക്ക് എന്താ ലാഭം…

ലാഭം മാത്രം അല്ലേ ഉള്ളൂ പെണ്ണേ.. ഇത്രനാളും നമ്മൾ അവനെ ഒന്നും ചെയ്യാതെ വിട്ടതുപോലെ ഇനി വേണ്ടല്ലോ… അവനെ അങ്ങ് തീർക്കാം ഇനി.. പിന്നെ ആ പെണ്ണിനേം നരുന്ത് പിള്ളേരെയും ഇല്ലാതെയാക്കാൻ ആണോ പാട്.. അതുകഴിഞ്ഞാൽ ഈ സ്വത്തുക്കൾ മുഴുവൻ നമ്മുടെ അല്ലേ…. അയാൾ ഒരു അട്ടഹാസത്തോടെ പറഞ്ഞു…

അവൾ ആ നിധി ഭർത്താവും കുഞ്ഞുങ്ങളും നഷ്ടമായ വേദനയിൽ അലറികരയുന്നത് എനിക്ക് കാണണം… എന്നിട്ട് അവളെ അങ്ങ് അവസാനിപ്പിക്കാം… ഹന്നയും ഒരു ചിരിയോടെ പറഞ്ഞു…

ഒക്കെ നടക്കൂടി പെണ്ണേ… അതിനായിട്ടാ അവർ ഇപ്പൊ തിരികെ വന്നത്… അയാൾ ഒരു ചിരിയോടെ പറഞ്ഞു… അവർ പിന്നെയും ഓരോന്നൊക്കെ പറഞ്ഞു കഴിഞ്ഞിട്ടാണ് ഫോൺ വച്ചത്… എന്നാൽ ഇവരുടെ ഈ സംസാരം എല്ലാം മറ്റൊരാൾ കേൾക്കുന്നതും വീഡിയോ എടുക്കുന്നതും അവർ അറിഞ്ഞില്ല….

ഇനിയും വൈകിയാൽ ശരിയാവില്ല.. എല്ലാം ജോ അറിയണം…. അയാൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ദൃഢനിശ്ചയം എടുത്തു….

……………..

പിറ്റേന്ന് ഓഫീസിൽ തിരക്കിനിടയിൽ ആണ് ഇന്റർകോം ബെല്ലടിക്കുന്ന ശബ്ദം ജോ കേട്ടത്…

സാർ.. സാറിനെ കാണാൻ ഒരു ലേഡി വന്നിട്ടുണ്ട്… സാറിന്റെ ആന്റി ആണെന്നാണ് അവർ പറയുന്നത്… അവൻ ഫോൺ എടുത്തതും റിസപ്ഷനിസ്റ്റ് പറഞ്ഞു…

അത് കേട്ടതും ജോ ഒരു സംശയത്തോടെ cctv യിലേക്ക് നോക്കി.. അവിടെ ഇരിക്കുന്ന തെരെസയെ കണ്ടു… ഇവരെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നതെന്നൊരു ചോദ്യം അവന്റെ ഉള്ളിൽ തെളിഞ്ഞു…

മ്മ്… വരാൻ പറയൂ… അവൻ അത്രമാത്രം പറഞ്ഞുകൊണ്ട് ഫോൺ വച്ചു…

തെരേസ ജോയുടെ കേബിനിലേക്ക് നടക്കുമ്പോൾ അവിടെയെല്ലാം നോക്കികണ്ടു…ആദ്യമായിട്ട് അവിടെ എല്ലാം കാണുന്നതിന്റെ ഒരു അമ്പരപ്പ് അവരിൽ ഉണ്ടായിരുന്നു… ജോയുടെ കാബിന്റെ മുൻപിൽ എത്തിയപ്പോൾ അവർ ആ ഡോർ തള്ളിതുറന്ന് ഉള്ളിലേക്ക് കയറിയ തെരേസ അവിടെ ഇരിക്കുന്ന ജോയെ കണ്ടതും അവർക്ക് ആകെ ഭയം തോന്നി… താൻ പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ എങ്ങനെ ആയിരിക്കും അവന്റെ റിയാക്ഷൻ എന്ന് അവർക്ക് ഊഹിക്കാൻ പോലും പറ്റുന്നുണ്ടായില്ല….

എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്… ഇരിക്കൂ… വാതിൽക്കൽ തന്നെ എന്തോ ആലോചനയോടെ നിൽക്കുന്ന തെരെസയെ കണ്ടതും ജോ പറഞ്ഞു…

മ്മ്… അവർ ഒന്നു മൂളിയിട്ട് അവന്റെ മുന്നിലായി വന്നിരുന്നു…

എന്തിനാവോ mrs. തെരേസ ജോനാഥൻ ഈ ഉള്ളവനെ കാണാൻ വന്നത്… ഇനിയും എന്റെ ജീവിതം എങ്ങനെ നശിപ്പിക്കാം എന്ന് നോക്കാൻ ആണോ…. അവൻ അവരുടെ മുഖത്തേക്ക് നോക്കി ഒരു പുച്ഛത്തോടെ ചോദിച്ചു…

മോനേ… അവർ ദയനീയമായി വിളിച്ചു…

മോനോ ആരുടെ മകൻ.. അങ്ങനെ ഉള്ള അലങ്കാരങ്ങൾ ഒന്നും വേണ്ടാ… വന്ന കാര്യം എന്താണെങ്കിൽ പറഞ്ഞിട്ട് നിങ്ങൾക്ക് പോകാം… അവൻ ഗൗരവത്തോടെ പറഞ്ഞു…

ജോ അത് ഇന്ന്.. അവർ ആദ്യം ഒന്നു വിക്കിയെങ്കിലും പിന്നീട് ഇന്ന് ഹന്നയുമായി നടന്ന സംഭാഷണം മുഴുവൻ പറഞ്ഞു…

ഓരോന്നു കേൾക്കും തോറും വലിഞ്ഞു മുറുകുന്ന അവന്റെ മുഖം ഒരു പേടിയോടെ അവർ നോക്കിക്കണ്ടു…

തുടരും…