രചന – ജിഫ്ന നിസാർ
സ്വയം ജീവനൊടുക്കാൻ കൂടി കഴിയാത്ത വിധം തന്റെ അമ്മയുടെ നിസ്സഹായതയാണ് താനെന്ന് അന്നും പത്മയോർത്തു വേദനിച്ചു.
ഒരക്ഷരം മിണ്ടാതെ.. എല്ലാം മനസ്സിലായിട്ടും അതെല്ലാം മനസ്സിലൊതുക്കി തന്നെ വീൽചെയറിലേക്കിരുത്തി നിവരുമ്പോൾ ലോകത്തോട് മുഴുവനും മടുപ്പ് തോന്നുന്നൊരു ഭാവം അമ്മയുടെ മുഖത്തുണ്ടായിരുന്നുവെന്ന് പത്മ തിരിച്ചറിഞ്ഞതാണ്.
അനൂപ് അവിടെ വന്നിട്ടുണ്ടെന്നുറപ്പുണ്ടായിട്ടും അതിനെ കുറിച്ചൊന്നും മിണ്ടാതെ പതിയെ സുജ പിന്തിരിഞ്ഞു പോകുമ്പോൾ പത്മ ബാത്റൂമിന് നേരെ വീൽചെയർ ഉരുട്ടി.
ആദ്യത്തെ കപ്പ് വെള്ളം ദേഹത്തോഴിച്ചതും തണുപ്പിനൊപ്പം ശരീരം മുഴുവനും നീറ്റലും പടർത്തി കൊണ്ടത് ഒഴുകിയിറങ്ങി പോയി.
ആ വേദനയും പുതിയതല്ല.
സത്യത്തിൽ സ്വയം ജീവനൊടുക്കാൻ ശ്രമിക്കാതിരിക്കാനവും ദൈവം സ്ത്രീകൾക്ക് മക്കളോടിത്ര ആത്മബന്ധം കൊടുക്കുന്നതെന്ന് ഓർത്തു കൊണ്ടാണവൾ ദേഹം മുഴുവനും സോപ്പ് പതപ്പിച്ചത്.
അല്ലെങ്കിൽ സഹിക്കാൻ കഴിയാത്ത വേദനയും സഹിച്ചു കൊണ്ട് തന്റെ അമ്മ ഇത്രയും കാലം ജീവിച്ചിരിക്കില്ലെന്നോർത്തു കൊണ്ടവളുടെ കണ്ണുനീർ കൂടി വെള്ളത്തിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു…
❣️❣️
“നന്നായ് മാഷേ. അവൾക്കല്ലേലും ഒരെല്ല് കൂടുതലാ.. ഇന്നത്തോടെ അതിനൊരു തീരുമാനമായല്ലോ.. വീട്ടിലിരുന്നു പട്ടിണി കിടക്കുമ്പോൾ അഹങ്കാരം ഇച്ചിരി കുറഞ്ഞോളും. അല്ലപിന്നെ..”
പ്രിയയെ പറഞ്ഞു വിട്ടതിന്റെ നന്ദിയോടെയാണ് രാജീവ് മാധവൻ മാഷിന് മുന്നിലേക്ക് ചിരിച്ചു കൊണ്ടോടി വന്നത്.
ആ സംസാരം കേട്ടതും മാഷവനെ പുച്ഛത്തോടെ നോക്കി.
“താനവളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവനായിരുന്നില്ലേ രാജീവേ?”
ഒട്ടൊരു ശാന്തതയോടെ തന്നെയാണ് മാഷ് രാജീവിനെ നോക്കിയങ്ങനെ ചോദിച്ചത്.
“അതിനെ കുറിച്ചെന്നെ ഓർമ്മിപ്പിക്കല്ലേ മാഷേ. അങ്ങനൊരു അബദ്ധം ചെയ്യുന്നതിൽ നിന്നും കഷ്ടിച്ചു ഞാനും രക്ഷപെട്ടു ”
രാജീവ് മാഷിനെ നോക്കി ചിരിച്ചു.
“താനല്ലേടോ.. അവളാ.. കൃഷ്ണ പ്രിയയാണ് സത്യത്തിൽ രക്ഷപെട്ടത് ”
മാഷ് പറഞ്ഞത് കേട്ടതും രാജീവിന്റെ ചുണ്ടിലെ ചിരി മാഞ്ഞു.
അവന്റെ നെറ്റിയിൽ സംശയങ്ങളുടെ വരകൾ തെളിഞ്ഞു.
സ്റ്റാഫ് റൂമിൽ ഉള്ളവരും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട്.
അതായിരുന്നു രാജീവിന്റെ മനസ്സിലെ ഭയവും.
കുറ്റം പ്രിയയുടെതാക്കി മാറ്റാൻ കുറച്ചൊന്നുമല്ല അയാൾ വായിട്ടലച്ചത്.
മാഷാ.. കള്ളത്തിന്റ നീർകുമിളകൾ പൊട്ടിച്ചു കളയുമോ എന്നവൻ നന്നായി ഭയന്നു കൊണ്ടാണ് മാഷിന് മുന്നിൽ നിൽക്കുന്നത് .
“ഇത്രേം മനസാക്ഷിയില്ലാത്ത തനിക്കൊപ്പം ഒരു ജീവിതം പങ്കിടുന്നതിൽ നിന്നും കൃഷ്ണ പ്രിയ രക്ഷപെട്ടു പോയല്ലോ. അവൾക്ക് ഇച്ചിരി… അല്ല.. അവൾക്കൊത്തിരി ഭാഗ്യമുണ്ടടോ ”
മാഷ് ഉറക്കെ തന്നെയാണ് പറയുന്നത്.
അനീതിക്കെതിരെ ശബ്ദമുയരുമ്പോൾ അതാരെയും പേടിച്ചു വിറച്ചു കൊണ്ടാവരുത് എന്ന് നിർബന്ധമുള്ളത് പോലെ.
“ഒരു തലമുറയിലേക്ക് നന്മ പറഞ്ഞു കൊടുക്കേണ്ട ഒരു അധ്യാപകന് എങ്ങനെയാടോ ഇത്രേം അധപതിച്ചു പോകാൻ കഴിയുന്നത്? ഇത്രേം തരം താണ രീതിയിൽ ഒരു പാവം പെൺകുട്ടിയെ ക്രൂശിക്കാൻ കഴിയുന്നത്.”
മാഷയാളെ ഏതോ നികൃഷ്ട ജീവിയെ നോക്കുന്നത് പോലെ അറപ്പോടെയാണ് നോക്കിയത്.
രാജീവ് മുഖം കുനിച്ചു.
മാഷ് പറയുന്നതെല്ലാം സത്യമാണെന്നുള്ള തിരിച്ചറിവ് കൊണ്ടായിരുന്നു.. രാജീവിന് ഒന്നും പറയാനുണ്ടായിരുന്നില്ല.
പറഞ്ഞാലും അതൊന്നും മാധവൻ മാഷിന് മുന്നിൽ വില പോവില്ല. അനാവശ്യമായി വല്ലതും പറഞ്ഞാൽ മുഖം അടച്ചൊന്ന് പൊട്ടിക്കാനും ചിലപ്പോൾ മാഷ് മടിക്കില്ലെന്നും നന്നായി അറിയാം.
“കൃഷ്ണ പ്രിയ എന്താണെന്നും ആരാണെന്നും ശെരിക്കും അറിഞ്ഞിട്ട് വേണമായിരുന്നു താനാ കുട്ടിക്ക് പ്രതീക്ഷകൾ കൊടുക്കാൻ.അല്ലാതെ പെട്ടന്ന് തോന്നിയൊരു കൗതുകത്തിന് പുറമെ പ്രേമം.. മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു മോതിരം വരെയും മാറിയിട്ട്.. ഒടുവിൽ ഇല്ലാത്തൊരു കാരണത്തിന്റെ പേരിൽ താവനവളെ തഴഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് കരുതിയോ നീ?”
മാഷ് പരിഹാസത്തോടെ അവനെ നോക്കി ചിരിയോടെ ചോദിച്ചു.
മുഖം കുനിച്ചു നിൽക്കുമ്പോഴും രാജീവിന്റെ പല്ലുകൾ ഞെരിഞ്ഞമരുന്നുണ്ട്.
പക്ഷേ മുന്നിൽ നിന്ന് പറയുന്ന മാഷിനോടല്ല.. പ്രിയയോടായിരുന്നു അവനുള്ളിലെ ജ്വലിക്കുന്ന ദേഷ്യം മുഴുവനും.
കള്ളകണ്ണീർ കാണിച്ചു കൊണ്ട് അവളായിരിക്കാം മാഷിനെ പറഞ്ഞു മയക്കിയതെന്നവൻ ഊഹിച്ചു.. ഉറപ്പിച്ചു.
“കൈ കരുത്തുള്ള ആണുങ്ങൾ അവൾക്ക് ചോദിക്കാനും പറയാനും ഇല്ലെന്നുള്ള ചെറ്റത്തരമാണ് രാജീവേ നീ അവളോട് കാണിച്ചത്. അത് നിന്റെ മാന്യത.എന്നിട്ടും നിനക്ക് മുന്നിൽ കരഞ്ഞു വിളിച്ചു നിൽക്കുന്നില്ല എന്നതാണോ നീ പ്രിയയിൽ കാണുന്ന അഹങ്കാരം… കൊള്ളാം..”
രാജീവ് അയാൾക്ക് മുന്നിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു പോകുന്നുണ്ടായിരുന്നു അപ്പോഴൊക്കെയും.
“കൂടുതലൊന്നും ഇതിനെ കുറിച്ച് നിന്നോട് പറയാതെ പോകുന്ന എന്നേ ഒന്നും അറിയാത്ത ഭാവത്തിൽ വന്നിട്ട് നീ തന്നെയാണ് ഇത് ചോദിച്ചു വാങ്ങിയത്. ഇപ്പൊ നിനക്ക് തൃപ്തിയായില്ലേ.. ഇനി എനിക്ക് പോകാലോ.. ല്ലേ..?”
മാധവൻ മാഷ് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
“തന്നെ പോലൊരാൾക്കൊപ്പം കൃഷ്ണപ്രിയ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമെന്നൊരു സംതൃപ്തിയുണ്ടായിരുന്നു നീ അവളെ വിവാഹം കഴിക്കാനുറച്ചു എന്ന് കേട്ട നിമിഷം തൊട്ട്. ഹൃദയം കൊണ്ട് നിന്നോടെനിക്ക് ഒരുപാട് സ്നേഹവും തോന്നിയിരുന്നു രാജീവേ.. പക്ഷേ ഇപ്പോഴുണ്ടല്ലോ… അതിനേക്കാൾ ഒരായിരമിരട്ടി നിന്നോടെനിക്ക് വെറുപ്പാണ് തോന്നുന്നത്. നീ ചെയ്തത് അത്രയും ഹീനമായൊരു പ്രവർത്തിയായി പോയി..”
മാഷ് ഉള്ളിലുണ്ടെന്ന് പറഞ്ഞ അതേ വെറുപ്പ്.. ആ വാക്കുകളിലും ഉണ്ടായിരുന്നുവപ്പോൾ.
അത് മനസ്സിലായിട്ടും രാജീവ് ഒരക്ഷരം മിണ്ടാതെ പല്ല് കടിച്ചു പിടിച്ചു കൊണ്ട് അതേ നിൽപ്പ് തുടർന്നു.
❣️❣️
അപ്രതീക്ഷിതമായി പ്രിയയെ ആ നേരത്ത് കണ്ടതും സുജയുടെ നെഞ്ചോന്നാളി.
“തലവേദന.. ലീവെടുത്തു പോന്നതാ ”
ആ മനസ്സിന്റെ ആധി മുഖത്തു നിന്നും വായിച്ചെടുത്തു കൊണ്ട് പ്രിയ പറഞ്ഞതും അവർ ആശ്വാസത്തോടെ ശ്വാസം വിട്ടു.
പ്രിയ ബാഗ് അകത്തേക്ക് വെച്ചിട്ട് നേരെ അടുക്കളയിലേക്കാണ് ചെന്നത്.
“നിനക്ക് ചോറ് വേണ്ടേ…?”
മുഖം കഴുകി കൊണ്ട് തിരിഞ്ഞവളോട് സുജ ചോദിച്ചു.
“വേണം.. ആയില്ലേ..?”
പ്രിയ സാരി തലപ്പ് കൊണ്ട് മുഖം തുടച്ച് സുജയെ നോക്കി.
“ചോറ്.. ചോറിരിപ്പുണ്ട്.. കറി…”
അനൂപ് വടിച്ചു തിന്ന് വെച്ചു പോയ കറി പാത്രം പ്രിയ കാണാതിരിക്കാൻ മൂടി വെച്ചു കൊണ്ട് സുജ പറഞ്ഞു.
“ഞാനാ മോതിരം തിരികെ കൊടുക്കാൻ പോയിട്ട് ഇപ്പഴാ വന്നത് ”
സുജ പെട്ടന്ന് പറഞ്ഞു.
“മ്മ്.. എനിക്കൊരു ചമ്മന്തി അരച്ച് തരുവോ.. നല്ല വിശപ്പ് ”
ഒരു പാത്രത്തിലേക്ക് ചോറ് എടുത്തു കൊണ്ട് പ്രിയ സുജയെ നോക്കി.
അവടെ ചെന്നിട്ട് എന്തുണ്ടായി എന്നവൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന സുജ വേഗം തലയാട്ടി കൊണ്ട് ചമ്മന്തിയുണ്ടാക്കാൻ തുടങ്ങി.
“നിങ്ങൾ കഴിച്ചോ..?”
ചോറ് വാരി കഴിക്കുന്നതിനിടെ പ്രിയ ചോദിച്ചു.
“ഇല്ല.. ഞാനിപ്പോ വന്നോള്ളൂ ”
കല്ലിച്ച അവളുടെ മുഖത്തേക്ക് നോക്കി സുജ പറഞ്ഞു.
പിന്നെയൊന്നും പറയാതെ അവളാ വെറും വറ്റിലേക്ക് ചമ്മന്തി കൂട്ടി കുഴച്ചു കഴിക്കുന്നത് തുടർന്നു…
❣️❣️
“വല്ല്യ കഷ്ടമാണെടോ ബാല ആ കുട്ടിയുടെ കാര്യം ”
അരികിലിരിക്കുന്ന ബാലൻ മാഷിനോട് മാധവൻ മാഷ് വിഷമത്തോടെ പറയുന്നതിനിടയിലേക്കാണ് ആദിയിറങ്ങി വന്നത്.
അവന്റെ കയ്യിൽ രണ്ടു ഗ്ലാസ് ചായയും ഉണ്ടായിരുന്നു.
അതവൻ രണ്ടു പേർക്കുമായി നീട്ടി.
“നമ്മളിപ്പോ എന്താ മാധവാ ചെയ്യുന്നത്. എല്ലാം ഓരോ വിധിയല്ലേ.. അനുഭവിക്കാതെ തരമില്ലല്ലോ?”
ബാലൻ മാഷ് കൂടി ആ സങ്കടം ഏറ്റെടുത്തു.
“ആരുടെ കാര്യമാ ബാലമാമേ…?”
ആദി അവരുടെ അരുകിലേക്കിരുന്നു കൊണ്ട് ചോദിച്ചു.
“നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറായി വരുന്നൊരു കുട്ടിയുണ്ട് ആദി.. പ്രിയ.. കൃഷ്ണ പ്രിയ..”
മാഷ് ആദിയെ നോക്കി.
“കൃഷ്ണ പ്രിയ.. നൈസ് നെയിം..”
ആദി ചിരിയോടെ കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് പറഞ്ഞു.
“ആൾക്കെന്തു പറ്റി?”
അവനും അതറിയാനുള്ള ആകാംഷയോടെ അവരെ നോക്കി.
“അവൾക്കിനി പറ്റാനായിട്ട് ഒന്നും ബാക്കിയില്ല ആദി. അത്രേം അനുഭവിച്ചു അതീ ചെറിയ പ്രായം കൊണ്ട് ”
ബാലൻ മാഷാണ് പറഞ്ഞത്.
“തെളിയിച്ചു പറഞ്ഞു തരൂ.. എനിക്കൊന്നുമങ്ങോട്ട് ക്ലിയറാവുന്നില്ല..”
ആദി വീണ്ടും അവരെ നോക്കി.
മാധവൻ മാഷാണ് വളരെ ചുരുങ്ങിയ വാക്കുകളിൽ.. എന്നാൽ ആദിക്ക് വളരെ വ്യക്തമാവുന്ന രീതിയിൽ പ്രിയയുടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്.
‘ഛെ.. എന്നിട്ടും ഇത് പോലൊരു സ്റ്റുപ്പിഡിനെ അടിച്ചോടിക്കാതെ കരഞ്ഞു വിളിച്ചു നടക്കുവാണോ മുത്തച്ഛന്റെ കൃഷ്ണ പ്രിയ.. ഷെയിം ”
ആദിയൊരു പുച്ഛത്തോടെയാണ് പറഞ്ഞത്.
“കരഞ്ഞു വിളിച്ചു നടക്കുകയോ..?അതും പ്രിയയോ..? നല്ല കാര്യമായി ”
മാഷൊരു ചിരിയോടെ അവനെ നോക്കി.
“മിടുമിടുക്കിയാണവൾ. ഒരിക്കൽ കയറി പിടിക്കാൻ നോക്കിയവനെ കയ്യിൽ കിട്ടിയ കത്തി കൊണ്ട് കുത്തി മുറിവേൽപ്പിച്ചവളാണ്.. അവളെ അങ്ങനെയൊന്നും തോൽപ്പിക്കാൻ കഴിയില്ലെടാ മോനെ.. തീപ്പൊരിയാണവൾ..”
മാഷിന്റെ മുഖത്തു പറയുമ്പോൾ പോലും അഭിമാനമുണ്ടായിരുന്നു.
“ദാറ്റസ് ഗുഡ് ”
മനോഹരമായൊരു ചിരിയോടെ ആദി പറഞ്ഞു.
“പിന്നെ രാജീവ്… അവനെ പോലൊരാളല്ല അവൾക്കൊപ്പം ചെരേണ്ടതെന്ന് ദൈവം തീരുമാനിച്ചു കാണും.അവൻ അവളെ പോലൊരു നല്ല കുട്ടിയെ അർഹിക്കുന്നില്ല.. അതവന്റെ ഭാഗ്യക്കേട്..”
മാഷ് പറഞ്ഞത് ബാലൻ മാഷ് കൂടി അംഗീകരിക്കുന്നുണ്ടെന്ന പോലെ തലയാട്ടി..
“അവൾക്കുള്ള… അവൾക്കായി മാത്രം ജനിച്ച ആണൊരുത്തൻ ആ കൂടെ ചേരും വരെയും അവളിത്തിരി കൂടി വിഷമിക്കേണ്ടി വരും.. അത്രയേ ഞാനിതിനെ കാണുന്നൊള്ളു…”
മാധവൻ മാഷ് പറഞ്ഞത് കേട്ട് ചിരിയോടെ ആദി അയാളെ നോക്കിയിരിപ്പുണ്ടായിരുന്നു.. അപ്പോഴും…
തുടരും..

by