25/05/2026

പരിണയം : ഭാഗം 31

രചന – ആയിഷ അക്ബർ

അമ്പല മുറ്റതെത്തിയതും അവന്റെ കണ്ണുകൾ ആ ആൽമരത്തെ ചുറ്റി നിന്നു…..

അതിനെതിർ വശത്തായുള്ള ആ കുളത്തിലേക്ക് നോക്കിയതും അവന്റെ
ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു…..

അവനാ അമ്പല പ്പടികൾ കയറി തുടങ്ങിയിരുന്നു……

കണ്ണുകളടച്ചു തന്നെ പ്രാർത്ഥിച്ചു…..

എത്രയും പെട്ടെന്ന് അവളെ തന്റെ കൺ മുമ്പിലെത്തിക്കാൻ……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അതേയ്…..സിനിമാ നടൻ സഞ്ജയ്‌ ദേവ തൊഴാൻ വന്നിട്ടുണ്ടത്രേ……

കൂമ്പിയടഞ്ഞിരുന്ന ആ നീളൻ മിഴികൾ നന്ദ വലിച്ചു തുറന്നത് ആരുടെയൊക്കെ യോ സംസാരം കേട്ട് കൊണ്ട് തന്നെയായിരുന്നു…..

എന്തോ ഒരു പിടപ്പ് മനസ്സിനെ കൂട്ടി പിടിക്കുന്നത് അവളറിഞ്ഞു….

തന്റെ മനസ്സറിയുന്ന അതേ ദൈവങ്ങൾ എന്തിനവനെ തന്റെ കൺ മുന്നിലേക്ക് കൊണ്ട് വരുന്നു എന്നവൾ ഏറെ ആശങ്കയോടെ ഓർത്തു…….

ആളുകളെല്ലാം ഒത്തു കൂടുന്നിടത്തു നിന്നും അവളൊഴിഞ്ഞു മാറി നിന്നു

അതേ….. അമ്പല പടികളിറങ്ങുന്നിടത്താണ് ആൾക്കൂട്ടം……

അതിനു നടുവിലാവും അവൻ……

മിഴികൾ അവനിലേക്ക് പതിയരുതെന്ന് ശാഢ്യം പിടിക്കുമ്പോഴും മനസ്സിന്നതിനു കഴിയാത്തത് കൊണ്ടാവും അവിടെ നിന്നനങ്ങാൻ കഴിയാതിരുന്നത്…..

ആളുകൾ പൊതിഞ്ഞു നിൽക്കുന്ന അവന്റെ മുഖം തനിക്ക് വ്യക്തമല്ലെങ്കിലും മെറൂൺ കളർ ഷർട്ടിന്റെ തിളക്കം അവളുടെ കണ്ണുകൾ തിരിച്ചറിഞ്ഞിരുന്നു….

അതേ….. അവനെ തിരിച്ചറിയാൻ തനിക്ക് പ്രകാശം പോലും ആവശ്യമില്ല….

ഒരു നിമിഷം അവളങ്ങനെ നിന്നു….

അവനെ കാണാൻ കണ്ണുകൾ തുടിച്ചു…..

പെട്ടെന്ന് ആ ആശുപത്രി വരാന്തയിലെ ഈറൻ പാതിരാ കാറ്റ് അവൾക്കുള്ളിൽ വീശിയടിച്ചു….

കണ്ണുകൾ എന്തിനോ നിറഞ്ഞു…..

അവൾ സാരി തലപ്പ് വലിച്ചു കൊണ്ട് തല താഴ്ത്തി അവിടെ നിന്നും നടക്കുമ്പോൾ അവനിലേക്ക് തിരിഞ്ഞു നോക്കിയത് പോലുമില്ല…..

ആ രാത്രി തൊട്ട് ഇക്കഴിഞ്ഞ ഈ നാല് വർഷം താനുരുകുകയാണ്….

അവനെ സ്നേഹിച്ചു എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ….

മറ്റൊരാൾക്ക് പകരം വെക്കാൻ കഴിയാവാനവാത്ത വിധം മനസ് അവനെ ഭ്രാന്തമായി പുൽകി…..

എന്നാൽ അവനു താനാരുമല്ലെന്നത് തിരിച്ചറിയാൻ അല്പം വൈകി പ്പോയി…….

അവൾ വേഗം ആ അമ്പല പ്പടികൾ പിറകിലാക്കി നടന്നു നീങ്ങി…..

സഞ്ജു പെട്ടെന്നൊന്നു തിരിഞ്ഞു…..

തന്നെ തഴുകിയകലുന്ന ആ കാറ്റിനു തന്നോടെന്തോ പറയാനുള്ളത് പോലെ…

ആരുടെയോ സാമീപ്യം തന്നെ ആകർഷിക്കുന്നത് പോലെ……

അവൻ ആളുകൾക്കിടയിൽ അവളെ തിരഞ്ഞു……

ഇല്ലാ….. അവളെവിടെയുമില്ല…..

അതെല്ലാം തന്റെ തോന്നൽ മാത്രമാണ്…..

മനസ്സ് അവളിൽ തന്നെ കുരുങ്ങി കിടക്കുന്നത് കൊണ്ടായിരിക്കും……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നന്ദ വീട്ടിലേക്ക് നടക്കും വഴി കണ്ണ് നീർ കാഴ്ചയെ മറച്ചു പിടിച്ചിരുന്നു…..

അവനു വേണ്ടി കരയില്ലെന്ന് പലപ്പോഴും മനസ്സിൽ അടി വരയിട്ടതാണ്…..

എന്നാൽ…..

പ്രണയത്തിന്റെ മാന്ത്രികതയിൽ അതെല്ലാം താൻ മറന്നു പോകുന്നു എന്നതാണ് സത്യം…

വേണ്ടാത്ത ഒരു സാധനം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് അവൻ തന്നെ അവിടെ വിട്ടിട്ട് പോയത്…..

പോരാത്തതിന് ഡിവോഴ്സ് പേപ്പർ കൂടി സൈൻ ചെയ്ത് അച്ഛനെ ഏൽപ്പിച്ചിരിക്കുന്നു……

അത്ര മാത്രം ബന്ധമേ തങ്ങൾ തമ്മിലുണ്ടായിരുന്നുള്ളോ….

അവളുടെ തൊണ്ടയിൽ നിന്നൊരു ഗദ് ഗദം ഉയർന്നു……..

അല്ലെങ്കിലും അവനാദ്യമേ പറഞ്ഞതാണ് തന്നോട്…..

ഒരിക്കലും അവന്റെ ഭാര്യയാവാൻ ശ്രമിക്കരുതെന്ന്….

അത് താൻ മറന്ന് പോയത് തന്റെ തെറ്റാണ്….

അവനൊരിക്കലും ആഗ്രഹിച്ചു വിവാഹം ചെയ്തതല്ലല്ലോ തന്നെ…..

ചിന്തകൾ വീർപ്പു മുട്ടിച്ചപ്പോഴേക്കും വീടെത്തിയതിൽ അവൾക്കാശ്വാസം തോന്നിയിരുന്നു……

ഇതിനകത്ത് കയറിയാൽ പിന്നെ മറ്റു ചിന്തകൾക്കൊന്നും സമയം കാണില്ലല്ലോ…..

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…..

ആ….. മോള് തൊഴുത് വന്നോ….

സിറ്റ് ഔട്ടിൽ തന്നെയിരിക്കുന്ന ദിവാകരൻ അത് ചോദിക്കുമ്പോൾ നന്ദ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല….

അവൾ പിറക് വശത്തു കൂടി അകത്തേക്ക് കയറി..

ദിവാകരന്റെ ഹൃദയം വല്ലാതെ നൊന്തു….

അവളിപ്പോ ഇങ്ങനെയാണ്….

തന്നോട് ഒന്നും മിണ്ടില്ല….

അത്രയും അത്യാവശ്യ കാര്യങ്ങൾ പറഞ്ഞാൽ മാത്രം മറുപടി ഒന്നോ രണ്ടോ വാക്കിലൊതുക്കി തരും……

അവളെ പറഞ്ഞിട്ട് കാര്യമില്ല……

മറ്റുള്ളവരുടെ വാക്ക് കേട്ട് അവളെ തള്ളി കളഞ്ഞതാണല്ലോ താൻ…..

പോകാൻ മറ്റൊരിടവുമില്ലാത്തത് കൊണ്ട് ഇവിടെ നിൽക്കുന്നു എന്നേയുള്ളു വെന്ന് എനിക്ക് നന്നായറിയാം….

അവൻ പോയതിൽ പിന്നെ വല്ലാത്തൊരു നിർവികാരതയാണവൾക്ക്….

അവൻ പോയി കഴിഞ്ഞാൽ അവളെ ഏറ്റവും സന്തോഷവതിയായി കാണാമെന്നൊരു സ്വാർത്ഥ മോഹം എന്നിൽ വന്നിരുന്നു…..

എന്നാൽ അവൻ അവളുടെ സന്തോഷം കൊണ്ടാണ് പോകുന്നതെന്ന് അന്നു ഞാൻ മനസിലാക്കിയില്ല…..

അവളെ കേൾക്കാതെ പോയതിലുള്ള ദേഷ്യം മാത്രമേ അവൾക്ക് ഇപ്പോൾ തന്നോടുള്ള…..

അവനവളെ വിട്ടിട്ട് പോയതിനു പിന്നിൽ താനാണെന്ന് അവൾക്കിപ്പോഴും അറിയില്ല…..

അത് കൂടി അറിഞ്ഞാൽ അവൾ തന്നെ അത്രയേറെ വെറുക്കുമെന്ന കാര്യം ഉറപ്പാണ്……

അവളുടെ കാര്യത്തിൽ താൻ വീണ്ടും വീണ്ടും തെറ്റ് ചെയ്യുകയാണ്…..

ഇന്നവൻ കയ്യെത്തി പിടിക്കാൻ പോലും എത്താത്ത ഉയരത്തിലിരിക്കുമ്പോൾ മനസ്സിൽ കുറ്റബോധമാണ്….

എന്റെ മോളനുഭവിക്കേണ്ട സൗഭാഗ്യം നഷ്ടപ്പെടുത്തിയത് താനാണെന്നോർക്കേ നെഞ്ചിലൊരു പിടച്ചിലാണ്…….

അയാൾ കസേരയിലേക്ക് ഒന്ന് കൂടി ചാഞ്ഞിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നന്ദ പിറക് വശത്തു കൂടി അടുക്കളയിലേക്ക് കയറുമ്പോൾ അവിടെ ദീപ്തിയുണ്ട്……

ആ… വന്നോ……
നിന്റെ മുൻ ഭർത്താവിനെ എങ്ങനെയെങ്കിലും കാണാനാവും കെട്ടിയൊരുങ്ങി അമ്പലത്തിൽ കയറിയിറങ്ങുന്നത് അല്ലെ……

ദീപ്തി അവളെ പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ നന്ദ ഒന്നും മിണ്ടിയില്ല..

നിനക്ക് കുറ്റ ബോധത്തിന്റെ യൊന്നും ആവശ്യമില്ല കേട്ടോ….
കാരണം നീയവന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അവനിതൊന്നും കിട്ടില്ലായിരുന്നു…..

ദീപ്തി അതും കൂടി പറഞ്ഞു ചിരിക്കുമ്പോൾ ഇട്ടിരുന്ന ചെരുപ്പ് തിട്ടിന് മേൽ കയറ്റി വെച് നന്ദ അവൾക്ക് നേരെ തിരിഞ്ഞു……

നിന്നോട് പാത്രം കഴുകി തീർക്കാൻ പറഞ്ഞതല്ലേ….അത് വേഗം ചെയ്തോ….
നീ വന്നതിൽ പിന്നേ ജാനു ചേച്ചിയുടെ പണി കുറഞ്ഞു……

നന്ദ അത് പറഞ്ഞതും ദീപ്തിക്ക് ദേഷ്യം വന്നിരുന്നു……

നിന്നേ പോലെ എന്നെ വലിച്ചെറിഞ്ഞു പോയതല്ല എന്റെ ആനന്ധേട്ടൻ…..
ഞാനായി അവിടെ നിന്ന് ഇറങ്ങിയതാണ്……

ദീപ്തി നന്ദക്ക് നേരെ നിന്ന് ദേഷ്യത്തോടെ അത് പറയുമ്പോൾ നന്ദയോന്ന് പുഞ്ചിരിച്ചു…..

എന്നെ ഇട്ടിട്ട് പോയത് സിനിമയുടെ പിറകെയായിരുന്നു…..
എന്നാൽ നീ യിരിക്കെ അവൻ പോയത് മറ്റൊരു പെണ്ണിന്റെ കൂടെയുണ്ടായിരുന്നു…..

നന്ദ അത് പറഞ്ഞതും ദീപ്തിയുടെ മുഖം മാറിയിരുന്നു…..

എന്നെ അടുക്കളക്കാരിയായി കൂടുതലൊന്നും കിട്ടുമെന്ന് ആരും കരുതണ്ട….
എന്റെ ആനന്ധേട്ടൻ എന്നേ കൊണ്ട് പോകാൻ തീർച്ചയായും വരും……

പക്ഷെ…. നിന്നേ കൂടെ കൂട്ടാൻ അവൻ ഈ ജന്മം വരില്ല…..
അതിനു നീ കാത്തിരിക്കുകയും വേണ്ടെടി…..

അത് പറഞ്ഞപ്പോഴേക്കും ദീപ്തി യുടെ ശബ്ദം ഉച്ചതിലായിരുന്നു…..

എന്താ ഇവിടെ…..

അപ്പോഴേക്കും അമ്മയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു …….

രണ്ടെണ്ണം കാരണം ആ മനുഷ്യന്റെ ഉള്ള സ്വസ്ഥത മുഴുവൻ പോയിരിക്കുവാ….

അമ്മ ദേഷ്യത്തോടെ അത് പറഞ്ഞതും നന്ദ കേൾക്കുന്നില്ലെന്ന മട്ടിൽ അകത്തേക്ക് പോയിരുന്നു……

അവളെ ആരും ഒന്നും പറയില്ല ….
എന്നെ കൊണ്ട് മാത്രം ജോലിയൊക്കെ ചെയ്യിപ്പിക്കും…..

ദീപ്തി സിന്ധുവിനു നേരെ നിന്ന് ദേഷ്യത്തോടെ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

അതേയ്……എന്നെ കൊണ്ട് കൂടുതൽ
പറയിക്കണ്ട നീ….
നിന്റെ തോന്നിവാസം കൊണ്ടാണ് അവളുടെ ജീവിതം കൂടി ഇങ്ങനെയായത്….

പിന്നെ നിനക്ക് ഞങ്ങൾ കണ്ട് പിടിച്ച ബന്ധമായത് കൊണ്ടാണ് നീയിവിടെ ഇപ്പോഴും നില്കുന്നത് തന്നെ….
പിന്നെ ജന്മം തന്ന് പോയില്ലേ….
ഇനി ചുമക്കുക തന്നെ…..

സിന്ധു അമർഷത്തോടെ അതും കൂടി പറഞ്ഞ് നിർത്തി അവിടെ നിന്നും നടക്കുമ്പോൾ രണ്ട് പെണ്മക്കളുടെയും ജീവിതം ഇങ്ങനെയായതിന്റെ എല്ലാ നോവും ചൂടും അതിലുണ്ടായിരുന്നു…..

ദീപ്തി നിറ കണ്ണുകളോടെ പാത്രങ്ങൾ കഴുകിയെടുത്തു …..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആ….. നീ വന്നോ…..

മുത്തശ്ശിയത് ചോദിച്ചതും
നന്ദ കട്ടിലിലിരിക്കുന്ന മുത്തശ്ശിയുടെ കാലിന് മേൽ തല വെച്ച് പെട്ടെന്നങ് കയറി കിടന്നു……

മുത്തശ്ശി പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു……

അവൻ…… വന്നിട്ടുണ്ട്..അല്ലെ……

മുത്തശ്ശിയത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….

പകരം കൺ കോണിൽ നിന്നടർന്നു വീണ ഒരു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി……

ജാനു പറഞ്ഞറിഞ്ഞിരുന്നു ഞാൻ…….
നീ കണ്ടോ അവനെ…..

മുത്തശ്ശി വീണ്ടും അത് ചോദിക്കുമ്പോൾ അവൾ കിടന്നിടത് നിന്നും എഴുന്നേറ്റു….

ഞാനെന്തിന് കാണണം….
കാണാൻ അവന് ഞാൻ ആരാണ്…….

അവൾ ഉള്ളിൽ നിന്നുയർന്നു വന്നൊരു വിതുമ്പലോടെ അത് ചോദിച്ചു കൊണ്ടവിടെ നിന്നും പോകുമ്പോൾ കണ്ണുകളെന്തിനോ അനുസരണയില്ലാതെ നിറഞ്ഞിരുന്നു……

അതേ..അവനു താൻ ആരുമല്ലാതിരിക്കാം….
പക്ഷെ…. തനിക്കവനിപ്പോഴും എല്ലാമാണ്..

മറ്റൊരാളിലേക്ക് കവിഞ്ഞൊഴുകാത്ത വിധം അവൻ തന്നിൽ നിറഞ്ഞു നിൽക്കുകയാണ്….

അവൾ കണ്ണുകൾ അമർത്തി തുടച്ചു……

അവളുടെ മനസ്സറിയുന്നെന്ന വണ്ണം മുറിയിലിരുന്നു മുത്തശ്ശയും കണ്ണുകളോപ്പിയിരുന്നു….

(തുടരും)
Aysha Akbar