രചന – കാർത്തിക ശ്രീ
റൂമിൽ എത്തിയ ഋതു തനുവിനെ കെട്ടിപ്പിടിച്ചു… അവളുടെ കണ്ണുനീർ തനുവിന്റെ ഷോൾഡർ നനച്ചു… അവളുടെ പുറത്തു മെല്ലെ തട്ടി ആശ്വസിപ്പിച്ചു തനു…
“ഇങ്ങനെയാണല്ലേ സഹോദരസ്നേഹം… ഞാൻ… എനിക്ക് മാത്രമെന്താ തനു ഇങ്ങനെയൊക്കെ??? നിന്റെയും ഇവിടെയും ഞാൻ കുടുംബം കണ്ടു… സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന ആളുകൾ ഉള്ള കുടുംബം… പക്ഷേ എനിക്കോ??? മനസിലാക്കാൻ ആരും ഇല്ലാത്തവർ മറ്റുള്ളവർക്ക് ഭാരം മാത്രമാകുന്ന ഒരു അവസ്ഥ ഉണ്ടല്ലോ അത് വളരെ വേദന നിറഞ്ഞതാണ്… സ്വന്തം കൂടപ്പിറപ്പ് പോലും…”
അവളുടെ വാക്കുകൾ ഇടറി..
“കഴിഞ്ഞ ജന്മത്തിൽ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടാകും ഞാൻ അതാ ഈ ജന്മം ഇങ്ങനെ അനുഭവിക്കുന്നത്…അല്ലേ തനു…”
“മതി… നിന്റെ കൂടെ ഞാനുണ്ട്… ഞങ്ങൾ എല്ലാരും ഉണ്ട്.. പഴയതോർത്തു സങ്കടപ്പെടല്ലേ…”
ഒരു ചെറു ചിരി മുഖത്തണിഞ്ഞ ഋതുവിന്റെ മനസിലെ വേദന കണ്ട് തനുവിന്റെ കണ്ണ് നിറഞ്ഞു…
“ഋതു, തനു … ഭക്ഷണം കഴിക്കാം വാ..”
“വിശപ്പില്ല റിച്ചു.. നീ കഴിച്ചോ… തനുനെ കൂട്ടിക്കോ..”
“അതെന്താ നിനക്ക് വിശപ്പില്ലത്തെ?? ”
“ഒന്നും ഇല്ലടാ… വിശക്കാഞ്ഞിട്ടാ..”
റിച്ചുവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ തനിക്കാകില്ലെന്ന അറിവിൽ അവൾ തല താഴ്ത്തിയാണ് അത്രയും പറഞ്ഞത്…
അവളുടെ മുന്നിലായ് വന്നു നിന്നു റിച്ചു..
“ഇങ്ങോട്ട് നോക്ക് ഋതു.. എന്നെ നോക്ക്…”
ഇല്ലെന്നു വിലങ്ങനെ തല ചലിപ്പിച്ചു ഋതു..
“നീയും മാളൂട്ടിയും എനിക്ക് ഒരുപോലെ ആണ്.. നിനക്ക് സങ്കടം വന്നാലും ഈ എനിക്ക് വേദനിക്കും.. വെറുതെ പറഞ്ഞതല്ല നീ എനിക്ക് അനിയത്തി ആണെന്ന്… നിന്റെ ഓരോ മാറ്റവും എനിക്കറിയാം… നിന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്നും…. എന്റെ ഋതു വേദനിക്കുന്നത് ഞാൻ കണ്ടില്ല എന്ന് വിചാരിച്ചോ??.”
അവളുടെ കൈയിൽ പിടിച്ചു പറഞ്ഞപ്പോൾ ഒരു തേങ്ങലോടെ ഋതു അവന്റെ നെഞ്ചിലേക്ക് തല വെച്ചു..റിച്ചു അവളുടെ മുടിയിലൂടെ പതുക്കെ തലോടികൊണ്ടിരുന്നു.. തനുവിനെ നോക്കിയ റിച്ചുവിന് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് നന്ദിയായിരുന്നു തനുവിനെ ചേർത്തുപിടിക്കുന്നതിനു.. അവൾക്ക് താങ്ങായി നിൽക്കുന്നതിനു..
ഇതേ സമയം ചുമരിന് അപ്പുറം അവൻ ഉണ്ടായിരുന്നു… അവളെ ഒന്ന് ചേർത്ത് നിർത്താൻ കഴിയാത്ത സങ്കടത്തിൽ… എങ്കിലും അവന് ആശ്വാസമായിരുന്നു റിച്ചു കൂടെ ഉള്ളതോർത്ത്.. എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൻ അവന്റെ റൂമിലേക്ക് നടന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഇന്നാണ് അവർ ഔട്ടിങ് പോകുന്നത്… തനുവും ഋതുവും ഒരുങ്ങി താഴേക്ക് വരുമ്പോഴാണ് ലിനു അവരെ കണ്ടത്… അവൻ അവളെ ഒന്ന് നോക്കി മുഖത്ത് ഒരു ചെറിയ ചിരി ഉണ്ട്.. ആള് സന്തോഷത്തിലാണെന്ന് കണ്ടപ്പോൾ അവനു സമാധാനമായി… അപ്പോഴേക്കും എല്ലാരും ഹാളിലേക്ക് വന്നു..
“അധികം താമസിക്കണ്ട എല്ലാരും പോയിട്ട് വാ.. ലിനു കുട്ടികളെ ശ്രദ്ധിക്കണേ…”
” ഹാ മമ്മ…ശ്രദ്ധിച്ചോളാം… എന്നാ പോയി വരാം.. പപ്പ എഴുന്നേറ്റില്ലേ?? ”
“പപ്പ രാവിലെ പോയല്ലോ… മീറ്റിങ്ങ് ആണെന്ന് തോന്നുന്നു… നിന്നോട് പറഞ്ഞില്ലേ???”
“ഓ.. ഞാൻ അത് മറന്നു… പറഞ്ഞിരുന്നു..”
“അതേ സമയം പോകുന്നു… ഒന്ന് വരുമോ വല്യേട്ടാ..”
“വരുന്നെന്റെ മാളുട്ടി.. എല്ലാരും കയറിക്കോ… അല്ല വിക്കി എത്തിയില്ലേ??”
“അവൻ ടൗണിന്റെ അടുത്ത് നിൽക്കാം എന്നാ പറഞ്ഞേ ഏട്ടാ ”
“മ്മ്.. എന്നാ ഇറങ്ങുകയാണെന്നു അവനോട് നീ വിളിച്ചു പറഞ്ഞേക്ക് കുഞ്ഞോനേ..”
“ശരി ഏട്ടാ..”
എല്ലാരും താറിലേക്ക് കയറി.. മുന്നിലായി ലിനുവും റിച്ചുവും മറ്റു മൂന്നുപേരും പുറകിലും.. അൽപ്പസമയത്തിന് ശേഷം വിക്കിയും കൂടെ കൂടി..
ആദ്യം അവർ പോയത് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കായിരുന്നു… അത് ലിനുവിന്റെ പ്ലാൻ ആയിരുന്നു…ഋതുവിന്റെ സന്തോഷത്തിനായി..
വണ്ടി അവിടെ നിർത്തിയപ്പോൾ ഋതുവിന്റെ കണ്ണിൽ അത്ഭുതമായിരുന്നു ഒപ്പം ഒരുപാട് സന്തോഷവും… ആരോടും അവൾ പറഞ്ഞില്ലെങ്കിലും ഒത്തിരി ആഗ്രഹിച്ചിരുന്നു ഒന്ന് തൊഴാൻ…
“ഋതു പോയി വാ… വിക്കി കൂടെ വരും… നിന്റെ ആഗ്രഹമല്ലേ… ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും..”
റിച്ചുവിന്റെ വാക്കുകൾക്ക് തല ഒന്നനക്കി മനസ്സ് നിറഞ്ഞ ചിരിയോടെ കണ്ണാടിയിൽ നോക്കിയ അവൾ കണ്ടത് തന്നെ നോക്കുന്ന ലിനുവിന്റെ കണ്ണുകളായിരുന്നു.. പെട്ടെന്ന് തന്നെ തലതാഴ്ത്തി ഇറങ്ങി വിക്കിയുടെ കൂടെ അവൾ നടന്നു…
അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി ലിനു…
“പറയട്ടെ ഇച്ചായ ഞാൻ അവളോട് ഇത് ഇച്ചായന്റെ പ്ലാൻ ആയിരുന്നെന്നു???
ലിനു ഒന്ന് ഞെട്ടി ചുറ്റും നോക്കി…
“ആരും കേട്ടില്ല… അവർ രണ്ടുപേരും സെൽഫി എടുക്കുന്ന തിരക്കിലാണ്…”
“വേണ്ട കുഞ്ഞോനേ… സമയം ആയില്ല.. അവൾ എന്നെ മനസിലാക്കട്ടെ.. അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉണ്ടാകട്ടെ..”
“എന്നാലും…”
“ഒരു എന്നാലും ഇല്ല.. അങ്ങനെ മതി… പിന്നെ ഒരു കാര്യം ”
“എന്താ ഇച്ചായ??”
“എടാ നീ ഒന്നുകിൽ ഏട്ടാ എന്ന് വിളിക്ക് അല്ലെങ്കിൽ ഇച്ചായ എന്ന്”
“അതേ എന്റെ ഇഷ്ടം… ഇച്ചായൻ കാര്യം പറ…
“ചേതനു എതിരെ ഉള്ള നിങ്ങളുടെ കളികൾ നിർത്തിയേക്ക്..അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.. തനുവിനെ വെച്ചുള്ള കളി വേണ്ടാ…പറഞ്ഞത് മനസ്സിലായോ??”
“ഇച്ചായൻ ഒറ്റക്ക് വേണ്ടാ.. ഞങ്ങളും കൂടെ കൂടും…ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് അവനെ നശിപ്പിക്കുമെന്ന്…”
“അങ്ങനെ ആണെങ്കിൽ എന്നോട് പറയാതെ മൂന്നുപേരും ഒന്നും ചെയ്യരുത്..”
“മ്മ്.. ”
“കുഞ്ഞേട്ടാ, വല്യേട്ടാ വാ നമുക്ക് സെൽഫി എടുക്കാം.. ”
“അല്ല അവർ വരണ്ടേ??”
“അവർ വന്നിട്ട് ഒന്നുകൂടി എടുക്കാം കുഞ്ഞേട്ടാ..ഇപ്പോൾ നമ്മൾ നാലുപേര്.. വാ..”
ഋതുവും വിക്കിയും വരുന്നത് വരെ രണ്ടുപേരുടെയും സെൽഫി പരിപാടി നീണ്ടു നിൽക്കും എന്ന് തോന്നിയ റിച്ചു ലിനുവിനെ കൂട്ടി മെല്ലെ അടുത്തുള്ള ചായ കടയിലേക്ക് നടന്നു…
തുടരും..

by