18/04/2026

നിയതി : ഭാഗം 20

രചന – കണ്ണന്റെ മാത്രം

ഇച്ചായാ… ഉറച്ച ശബ്ദത്തോടെ ഉള്ള നിധിയുടെ വിളികേട്ടതും ജോ അവളെ തിരിഞ്ഞു നോക്കി…

എന്താ നിധി… അവന്റെ കലങ്ങിയ കണ്ണുകളും സങ്കടം നിറഞ്ഞ മുഖവും അവളെ വിഷമിപ്പിച്ചു..

ഇച്ചായന് ആഗ്രഹമില്ലേ മക്കളുടെ കൂടെ നിൽക്കണം എന്ന്… അവൾ വേദനയോടെ ചോദിച്ചു…

ഞ.. ഞാൻ.. നിങ്ങളുടെ കൂടെ നിന്നോട്ടെ… അവളുടെ ചോദ്യം കേട്ടതും ഉള്ളിൽ നിറഞ്ഞ അശ്ചര്യത്തോടെയും സന്തോഷത്തോടെയും അവൻ ചോദിച്ചു… അവൾക്ക് തന്നോട് ഇത്ര പെട്ടന്ന് ക്ഷമിക്കാൻ പറ്റുമെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല…

മ്മ്.. നിധി അതിന് ഒന്ന് മൂളിയതേ ഉള്ളൂ…

അവൾ സമ്മതം പറഞ്ഞതും അവൻ നിറഞ്ഞ കണ്ണോടെ അവൾക്ക് നേരെ കൈക്കൂപ്പി കാട്ടി…

അരുത് ഇച്ചായാ… ഇങ്ങനെയൊന്നും ചെയ്യത് എന്റെ കുറ്റബോധം കൂട്ടല്ലേ… അവൾ അവന്റെ കൂപ്പിയ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു…

ഞാനും എന്റെ വീട്ടുകാരും ചെയ്ത തെറ്റിന് നീ ഏന്തിനാണ് വിഷമിക്കുന്നത്…
ജോ അവളോട് ചോദിച്ചു…

ജോ അത് പറഞ്ഞതും നിധി സംശയത്തോടെ അവനെ നോക്കി.. അവന്റെ വീട്ടുക്കാർ ചെയ്ത കാര്യം അവൻ എങ്ങനെ അറിഞ്ഞു എന്നതാണ് അവൾക്ക് മനസിലാകാത്തത്…

നീ മീരയോട് പറഞ്ഞത് ഞാൻ ഫോണിലൂടെ കേട്ടിരുന്നു… അവൻ അത് പറഞ്ഞതും അവൾക്ക് ആകെ കൺഫ്യൂഷൻ ആയി… അവളുടെ മുഖത്തെ സംശയഭാവം കണ്ടതും അവൻ മീരയുമായിട്ട് കോൺടാക്ട് ഉള്ളതും അവൾ പറഞ്ഞ് നിധി വരുന്നത് അറിഞ്ഞതും ഗസ്റ്റ് ഹൗസിൽ വന്ന് നിന്ന് അവരെ കണ്ടതും നിധി അവരുടെ ലൈഫ് അവളോട്‌ പറയുമ്പോ അവളുടെ ഫോണിൽ നിന്ന് പോയ കാളിന്റെ മറുപുറത്തിരുന്നു എല്ലാം അവൻ കേട്ടതും തറവാട്ടിൽ അതിനെ കുറിച്ച് ഉണ്ടായ സംസാരവും അവൻ തറവാട് വിട്ടതും അങ്ങനെ എല്ലാം അവൻ അവളോട് പറഞ്ഞു…

സത്യത്തിൽ ആദ്യം മക്കളേം നിന്നേം കണ്ടപ്പോ എനിക്ക് ശരിക്ക് നിന്നോട് ദേഷ്യം ആണ് തോന്നിയത്… ഇങ്ങനെ രണ്ടു മക്കൾ ഉള്ള കാര്യം ഞാൻ അറിഞ്ഞുപോലും ഇല്ലല്ലോ.. അവരുടെ കാര്യം എന്നോട് പറയാതെ നീയെന്നെ ചതിച്ചു എന്ന് തന്നെ ആണ് എനിക്ക് തോന്നിയത്… പക്ഷേ പിന്നെ അല്ലേ സത്യങ്ങൾ അറിഞ്ഞത്… നിന്നെ ഒരു വാക്കുകൊണ്ട് പോലും കുറ്റപ്പെടുത്താനുള്ള അവകാശം എനിക്കോ എന്റെ വീട്ടുകാർക്കോ ഇല്ല എന്ന് അപ്പോഴാണ് മനസിലായത്… നീ ഇങ്ങോട്ട് മാറാൻ തീരുമാനിച്ചപ്പോൾ എന്റെ കൂടെ വരാൻ പറയാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ അതു പറയാൻ മാത്രം ഉള്ള അർഹത എനിക്കുണ്ടോ എന്നറിയില്ലായിരുന്നു.. അതാ ഞാൻ മിണ്ടാതെ നിന്നത്… അവൻ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി….

ഇതിൽ അർഹതയുടെ കാര്യം ഒന്നുമില്ല… എന്റെ ഒരു തീരുമാനം കൊണ്ട് ഇച്ചായന് മക്കളേം മക്കൾക്ക് ഇച്ചായനേം ഇത്രയും കാലം നഷ്ടമായി… അന്ന് എനിക്ക് ആ തീരുമാനം ആയിരുന്നു ശരി… ഇപ്പൊ ഞാൻ അറിയുന്നുണ്ട് എത്ര തെറ്റായിരുന്നു ആ തീരുമാനം എന്ന്… എന്റെ മക്കൾക്ക് ഇച്ചായനെ കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവർ അവരുടെ പപ്പ എന്താ നമ്മുടെ കൂടെ ഇല്ലാത്തത് എന്ന് ചോദിച്ചിട്ടില്ല.. എന്തോ എല്ലാം മനസിലാക്കിയതുപോലെ ആയിരുന്നു അവരുടെ പെരുമാറ്റം.. പക്ഷേ അവരുടെ പപ്പക്ക് വേണ്ടി ഇത്രേം ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് അവർക്ക് ഇച്ചായനോടുള്ള സ്നേഹം കണ്ടപ്പോൾ ആണ് മനസിലായത്… ഇനിയും നിങ്ങളെ ഞാൻ പിരിച്ചാൽ ദൈവം പോലും പൊറുക്കില്ല എന്നോട്….

ആ സമയത്താണ് അവൻ പോകുന്നതിന്റെ വിഷമത്തിൽ റൂമിലേക്ക് പോയ കുഞ്ഞി പുറത്തേക്ക് വന്നത്… ജോ അവിടെ നിൽക്കുന്നത് കണ്ടതും അവൾ അവനടുത്തേക്ക് ഓടി വന്നു…

പപ്പ.. പോയില്ലേ… പോകണ്ട പപ്പേ.. ഞങ്ങടെ കൂടെ നിന്നൂടെ… പ്ലീസ്… അവൾ കെഞ്ചി…

ഞാൻ പോണില്ല കുഞ്ഞി.. ഇനി എന്നും നിങ്ങളുടെ കൂടെ നിങ്ങളുടെ പപ്പ ഉണ്ടാവും.. അതോടെ കുഞ്ഞിയും ഇതു കേട്ടുകൊണ്ട് വന്ന ചിട്ടുവും അവനെ ചുറ്റിപ്പിടിച്ചു…

അവർ മൂന്നുപേരും കെട്ടിപ്പിടിച്ചു നിൽക്കുന്ന കണ്ടപ്പോൾ അവൾക്ക് ചെറുതായി കുശുമ്പ് വന്നു.. അതുപക്ഷേ സങ്കടം ആയിട്ടാണ് പുറത്തേക്ക് വന്നത്… അവൾ തിരിഞ്ഞു പോകാൻ നേരത്താണ് ചിട്ടുവിന്റെ ഒരു കൈയും ജോയുടെ ഒരു കൈയും അവളെ ആ കൂട്ടത്തിലേക്ക് പൊതിഞ്ഞു പിടിച്ചത്… അവൾക്ക് ഉള്ളിൽ സന്തോഷം തോന്നി…

കുറച്ചുനേരം അങ്ങനെ നിന്നാട്ടാണ് ജോ അവരിൽ നിന്ന് മാറിയത്…
പപ്പ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വരാം.. ഇവിടെ പപ്പക്ക് ഇടാൻ ഉടുപ്പൊന്നും ഇല്ലല്ലോ… ജോ മക്കളോട് പറഞ്ഞു…

ഞങ്ങളും വരാം പപ്പേ… കുഞ്ഞി സന്തോഷത്തോടെ പറഞ്ഞു…

കുഞ്ഞി വേണ്ടാ… ചിട്ടുവിന് വയ്യാതെ ഇരിക്കല്ലേ… നിധി പറഞ്ഞു…

മമ്മ പ്ലീസ്… കുഞ്ഞി കെഞ്ചി..

കുഞ്ഞി… നിധി ഗൗരവത്തോടെ വിളിച്ചു…

പപ്പ പോയിട്ട് പെട്ടന്ന് വരാം മക്കളെ… കുഞ്ഞിയുടെ വാടിയ മുഖം കണ്ടപ്പോൾ ജോ പറഞ്ഞു.. പിന്നെ വേഗം തന്നെ അവിടെ നിന്ന് ഇറങ്ങി… നിധി അവൻ പോകുന്നതും നോക്കി അവിടെ നിന്നു…

അവരുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മറന്ന് പണ്ടത്തെ നിധിയും ഇച്ചായനും ആയി അവർക്ക് കഴിയാൻ പറ്റുമോ എന്ന് നിധിക്ക് ഇപ്പോഴും അറിയില്ല…. പക്ഷേ ഇനിയും മക്കളുടെയും ഇച്ചായന്റെയും ദുഃഖം കാണാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്…അവൾ ദീർഘ നിശ്വാസത്തോടെ ആലോചിച്ചു….

…………….

അന്ന് രാത്രി മക്കൾ എല്ലാം ഉറങ്ങിയതിന് ശേഷം പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന നിധിയുടെ അടുത്തേക്ക് ജോ വന്നു…

നിധി….

മ്മ്… അവൾ തന്റെ ദൃഷ്ട്ടി മാറ്റാതെ തന്നെ വിളികേട്ടു…

അന്ന് നിനക്ക് എന്റെ ആക്‌സിഡന്റ് ഡീറ്റെയിൽസ് മെസ്സേജ് വന്നത് ഏത് നമ്പറിൽ നിന്നാണ്.. ആ നമ്പർ ഇപ്പോഴും നിന്റെ കൈയിൽ ഉണ്ടോ….

ഉണ്ട്… പക്ഷേ… നിധി എങ്ങനെ പറയണം എന്നറിയാതെ നിർത്തി…

എന്താ നിധി.. എന്താണെങ്കിലും പറയ്… ജോ സംശയത്തോടെ ചോദിച്ചു…

അത് ആ നമ്പർ ഇച്ചായന് വേണ്ടപ്പെട്ട ഒരാളുടെ പേരിൽ തന്നെ ആണ് ഉള്ളത്… അവൾ പറഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു.. പിന്നെ എന്തോ മനസിലായതുപോലെ അവളുടെ നേരെ തിരിഞ്ഞു….

ആരാ.. തറവാട്ടിലെ ആരെങ്കിലും ആണോ… ആ നമ്പർ എനിക്ക് കാണിച്ച് തരാമോ… അവൻ നിർവികാരനായി ചോദിച്ചു… അവന് അവന്റെ വീട്ടുകാരോടുള്ള എല്ലാ വിശ്വാസവും നഷ്ടമായിരുന്നു… മുഖത്ത് നിർവികാരത നിറഞ്ഞെങ്കിലും അവന്റെ ഉള്ള് വിങ്ങുകയായിരുന്നു.. തന്റെ പ്രിയപ്പെട്ടവർ തന്നെ തന്നെ ഇല്ലാതാക്കാൻ നോക്കിയല്ലോ എന്ന ചിന്ത അവനെ അടിമുടി തകർത്തു എന്ന് പറയാം…

മ്മ്… ദേ ഇതാണ് ആ നമ്പർ… ഞാൻ അന്വേഷിച്ചപ്പോൾ ക്രിസ്റ്റിയുടെ പേരിൽ ആണ് ഈ നമ്പർ ഉള്ളത്.. പക്ഷേ യൂസ് ചെയ്യുന്നത് അവനാണോ എന്ന് അറിയില്ല… ആ നമ്പർ കൊടുത്തുകൊണ്ട് നിധി പറഞ്ഞതും ജോ ഒന്ന് മൂളിയതേ ഉള്ളൂ…

അവൻ ആ നമ്പറിലേക്ക് തന്നെ കുറച്ചുനേരം നോക്കി നിന്നു… അതിലേക്ക് നോക്കുംതോറും അവന്റെ കണ്ണുകൾ ചുരുങ്ങി….

എന്താ ഇച്ചായാ… അവന്റെ മുഖത്തെ ഭാവം കണ്ടതും അവൾ ചോദിച്ചു…

ഏയ്യ്.. ഒന്നുമില്ല.. എന്തായാലും നീ ഈ നമ്പർ എന്റെ ഫോണിലേക്ക് ഒന്ന് അയച്ചിട്….

മ്മ്… അവൾ അതും പറഞ്ഞിട്ട് ആ നമ്പർ അവന്റെ മൊബൈലിലേക്ക് അയച്ചു…

ഇനിയെന്താ ഇച്ചായാ പ്ലാൻ.. ഇവരെ ഒക്കെ വെറുതെ വിടാൻ ആണോ… നിധി അവനോട് ചോദിച്ചു…

ഒരിക്കലുമില്ല.. എന്റെ ജീവിതം ഇങ്ങനെ ആക്കിയ ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല… പക്ഷേ കുറച്ചുകൂടി കാര്യങ്ങൾ ക്ലിയർ ആകാൻ ഉണ്ട്.. വരട്ടെ നോക്കാം… ജോ അത് പറഞ്ഞതും നിധി ഒന്ന് മൂളി…

നാട്ടിലേക്ക് പോകണ്ടേ… കുറച്ചു നേരത്തിന് ശേഷം ജോ ചോദിച്ചു…

മ്മ്… ഈ ആഴ്ച പോയാലോ എന്ന് ആലോചിക്കായിരുന്നു… ഇച്ചായനും വരില്ലേ കൂടെ… നിധി നിശ്വാസത്തോടെ പറഞ്ഞു…

മ്മ്… പിന്നെയും അവർക്കിടയിൽ നിശബ്ദത നിറഞ്ഞു..

രാത്രി മക്കൾക്ക് അപ്പുറവും ഇപ്പുറവുമായി കിടക്കുമ്പോൾ രണ്ടാളുടെയും ഉള്ളം സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു…. എന്തൊക്കെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ അറിഞ്ഞെങ്കിലും ഈ ഒരു കിടപ്പ് മാത്രം മതിയായിരുന്നു ആ ദിവസം ജോയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്നാവാൻ…

……………………

ഓഫീസിൽ രഞ്ജുവും ആയി സംസാരിക്കുമ്പോൾ ആണ് ഇന്റർകോം അടിക്കുന്നത് ജോ കണ്ടത്…

സാർ.. രണ്ടാള് കാണാൻ വന്നിട്ടുണ്ട്… അപ്പോയ്ന്റ്മെന്റ് ഇല്ല.. ബന്ധുക്കൾ ആണെന്നാണ് പറഞ്ഞത്.. എന്താ വേണ്ടത്… ജോ ഫോൺ എടുത്തതും റീസെപ്ഷനിസ്റ്റ് ചോദിച്ചു

ഒരു മീറ്റിംഗിൽ ആണെന്ന് പറയ്‌ അവരുടെ അടുത്ത്… അരമണിക്കൂർ കഴിഞ്ഞിട്ട് വിട്ടാൽ മതി ഇങ്ങോട്ട്…. ജോ അതും പറഞ്ഞ് ഫോൺ വച്ചു…

ആരാടാ വന്നത്.. ഞാൻ ഉള്ളതുകൊണ്ടാണോ നീ മീറ്റിംഗിൽ ആണെന്ന് പറഞ്ഞത്.. ഞാൻ ഇതു വഴി പോയപ്പോൾ കയറിയെന്നേ ഉള്ളൂ.. നീ അവരെ കണ്ടോ.. ഞാൻ ഇറങ്ങാണ്… രഞ്ജു അവൻ ഉള്ളത് കൊണ്ടാണ് ജോ വന്നവരെ കാണാത്തത് എന്ന് കരുതി പറഞ്ഞു…

നീ ഇല്ലെങ്കിലും അവരെ കുറച്ച് വെയിറ്റ് ചെയ്യിച്ചിട്ടേ കാണുമായിരുന്നുള്ളു… നീ അതൊന്നും നോക്കണ്ട.. ജോ അലസമായ ഭാവത്തിൽ മറുപടി പറഞ്ഞു..

അതെന്താടാ അങ്ങനെ… ആരാ വന്നിട്ടുള്ളത്….

അതൊക്കെ ഉണ്ട്… നീ പറയ്.. എന്തായി കാര്യങ്ങൾ.. വീട്ടിൽ എല്ലാം സെറ്റ് ആയോ… ജോ അവനോട് ചോദിച്ചു…

സെറ്റ് ആയി വരുന്നു.. അമ്മയ്ക്കും അച്ഛനും കുഴപ്പം ഇല്ലാ.. അവർ ഇവിടെ തന്നെ അല്ലേ ആയിരുന്നേ.. അവൾക്കും മക്കൾക്കും ആണ് അഡ്ജസ്റ്റ് ആവാൻ ബുദ്ധിമുട്ട്.. അവളും അവിടെ വളർന്നതല്ലേ.. വല്ലപ്പോഴും നാട്ടിൽ വന്നാൽ ആയി.. ഞങ്ങടെ കല്യാണം കഴിഞ്ഞിട്ടും നാട്ടിൽ നിന്നിട്ടില്ലല്ലോ… അപ്പൊ അഡ്ജസ്റ്റ് ആവാൻ ബുദ്ധിമുട്ട്.. മക്കൾക്ക് ഇവിടെ എല്ലാം ഇഷ്ടായി.. പക്ഷേ കൊതുകും ഉറുമ്പും ഒക്കെ പണി കൊടുക്കുന്നുണ്ട്.. രണ്ടിന്റേം ശരീരത്തിൽ തടിച്ചു പൊന്തിയിട്ടുണ്ട്… രഞ്ജു ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി…

എടാ.. ഞാൻ കാരണം… ജോ വിഷമത്തോടെ പറഞ്ഞു… താൻ ആണല്ലോ അവനെ ഇവിടെ പിടിച്ചു നിർത്തിയതെന്ന സങ്കടം അവന്റെ ഉള്ളിൽ നിറഞ്ഞു..

നീ കാരണം ഒന്നും അല്ലടാ.. അല്ലെങ്കിലും ഞങ്ങൾ നാട്ടിൽ വന്ന്‌ സെറ്റിൽ ആവാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു.. അച്ഛനും അമ്മക്കും മടുത്തു തുടങ്ങിയിരുന്നു അവിടെ… എത്രയെന്ന് വച്ചാ അവരെ അവിടെ അടച്ചിടുന്നത്.. ഇവിടെ ഒറ്റക്ക് നിർത്താനും പറ്റില്ല.. അവസാനം അവളാണ് ഇവിടെ വന്ന്‌ സെറ്റിൽ ആവാം എന്ന് പറഞ്ഞത്.. അങ്ങനെ അതിനെ കുറിച്ച് ആലോചിക്കുന്ന സമയത്താണ് നിന്റെ വിളി.. അതാ ഞാൻ പിന്നെ മുന്നും പിന്നും നോക്കാതെ ഇറങ്ങിയത്…

മ്മ്… ജോ ഒന്ന് മൂളി…

അവർ പിന്നെയും ഓരോന്നും സംസാരിച്ചിരുന്നു… ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞതും ഇന്റർകോം ഒന്ന് കൂടി ബെൽ അടിച്ചു…

ആ അവരോട് വന്നോളാൻ പറഞ്ഞോ.. ഫോൺ എടുത്തതും ജോ പറഞ്ഞു…

ശരി… സാർ..

ജോ എന്നാൽ ഞാൻ ഇറങ്ങാൻ നോക്കിയാലോ… രഞ്ജു ചോദിച്ചു…

നിനക്ക് തിരക്കൊന്നും ഇല്ലെങ്കിൽ ഇരിക്ക്.. ഈ വന്നിരിക്കുന്നവർക്ക് ഒരു വിരുന്ന് കൊടുക്കട്ടെ എന്നിട്ട് ഞാനും ഉണ്ട് നിന്റെ കൂടെ.. അമ്മയെയും അച്ഛനെയും ഒന്ന് കാണണം..

എനിക്ക് തിരക്കൊന്നും ഇല്ലാ… നമുക്ക് ഒരുമിച്ചിറങ്ങാം.. അച്ഛനും അമ്മയും നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു…

അപ്പോഴേക്കും കാബിൻ ഡോർ തുറന്നുക്കൊണ്ട് രണ്ടുപേർ ഉള്ളിലേക്ക് വന്നിരുന്നു.. അവരുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ടതും ജോയുടെ മുഖത്ത് ഒരു പുച്ഛച്ചിരി തെളിഞ്ഞു.. അവൻ അതേ ചിരിയോടെ ചെയറിലേൽക് ചാഞ്ഞിരുന്ന് വന്നവരെ നോക്കി….

തുടരും…