23/04/2026

നിയതി : ഭാഗം 19

രചന – കണ്ണന്റ മാത്രം

രണ്ടുദിവസങ്ങൾ കഴിഞ്ഞിട്ടുള്ള ഒരു പ്രഭാതം.. ചിട്ടുവിന് ഇന്നലെ രാത്രി തുടങ്ങിയ പനിയാണ്… കാലാവസ്ഥ വ്യത്യാസത്തിന്റെ ആകണം… നിധിക്ക് ആണെങ്കിൽ ഇന്ന് 10 മണിക്ക് മിനിസ്റ്റേഴ്സ് മീറ്റിങ്ങും ഉണ്ട്… പോകാതെ പറ്റില്ല.. എന്ത് ചെയ്യും എന്ന് ആലോചിച്ച് ആകെ വട്ടുപിടിച്ചിരിപ്പാണ് ആള്.. അവസാനം മീരയെ വിളിച്ച് നോക്കാം എന്നുള്ള പ്രതീക്ഷയിൽ ഫോൺ എടുത്ത സമയത്താണ് കുഞ്ഞി അവളേം വിളിച്ചുകൊണ്ട് അങ്ങോട്ട് വന്നത്…

എന്താ കുഞ്ഞി.. എന്തിനാ നീ വിളിച്ചത്…
നിധി മീരയുടെ നമ്പർ എടുക്കുന്നതിന് ഇടയിൽ തന്നെ കുഞ്ഞിയോട് ചോദിച്ചു…

മമ്മ… എനിക്ക്.. കുഞ്ഞി നിന്ന് വിക്കി…

കുഞ്ഞി എന്താ കാര്യം എന്ന് വച്ചാൽ പറയ്… അല്ലെങ്കിലേ ആകെ ടെൻഷനിൽ ആണ്… നിധി ഗൗരവത്തോടെ പറഞ്ഞു..

മമ്മ എനിക്ക് പപ്പയെ ഒന്ന് വിളിച്ചു തരുമോ… കുഞ്ഞി കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് പെട്ടന്ന് പറഞ്ഞു…

എന്തിന്… നിധി കൈകൾ മാറിൽ കെട്ടിനിന്നുക്കൊണ്ട് ചോദിച്ചു..

അത് മമ്മ.. പപ്പ സ്കൂളിലേക്ക് വരും.. ഇന്ന് ഞങ്ങൾ പോകുന്നില്ലല്ലോ.. അപ്പൊ വെറുതെ പപ്പ അവിടെ പോയി നിൽക്കണ്ടല്ലോ…. കുഞ്ഞി അവളോട് വിശദീകരിച്ചു…

മ്മ്.. എന്റെ കൈയിൽ ഉള്ള നമ്പർ തന്നെ ആണോ നിന്റെ പപ്പയുടെ ഇപ്പോഴത്തെ നമ്പർ എന്ന് അറിയില്ല.. എന്തായാലും വിളിച്ചു നോക്കാം… നിധി അതും പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് ജോയുടെ പഴയ നമ്പറിലേക്ക് വിളിച്ചു..

സ്കൂളിലേക്ക് മക്കളെ കാണാൻ പോകാൻ റെഡി ആകുന്നതിന് ഇടയിൽ ആണ് ജോയുടെ ഫോൺ ബെല്ലടിച്ചത്… അവൻ എടുത്ത് നോക്കിയപ്പോൾp അറിയാത്ത ഒരു നമ്പറിൽ നിന്നാണ്.. അവൻ അത് ശ്രദ്ധിക്കാതെ പിന്നെയും റെഡി ആകാൻ തുടങ്ങി…

എടുക്കുന്നില്ല കുഞ്ഞി.. ഒരു ഫുൾ റൗണ്ട് റിങ് കഴിഞ്ഞിട്ടും കാൾ എടുക്കാതെ ആയപ്പോൾ നിധി കുഞ്ഞിയോട് പറഞ്ഞു…

മമ്മ… ഒരു തവണ കൂടി ട്രൈ ചെയ്യുമോ… ഇതുകൂടി മതി ഇനി ഞാൻ പറയില്ല.. പക്കാ… നിധി കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ കുഞ്ഞി പറഞ്ഞു…

മ്മ്… ഈ ഒരൊറ്റ തവണ കൂടി കേട്ടോ.. നിധി അതും പറഞ്ഞുകൊണ്ട് പിന്നെയും വിളിച്ചു…

ഫോൺ പിന്നെയും ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ജോ അതെടുത്തു നോക്കി. നേരത്തേ വിളിച്ച അതേ നമ്പർ ആണെന്ന് കണ്ടതും എന്തെങ്കിലും അത്യാവശ്യക്കാർ ആണെങ്കിലോ എന്ന് കരുതി അവൻ ഫോൺ എടുത്തു….

കാൾ എടുക്കാൻ വൈകുന്നത് കണ്ട് കാൾ കട്ട്‌ ചെയ്യാൻ പോയ നേരത്താണ് പെട്ടന്ന് കാൾ കണക്ട് ആയി അപ്പുറത്തെ സൈഡിൽ നിന്ന് ഗാംഭീര്യം നിറഞ്ഞ ഒരു ഹലോ അവൾ കേട്ടത്… പെട്ടന്ന് അവന്റെ ശബ്ദം കേട്ടതും അവൾക്ക് ആകെ പരിഭ്രമം തോന്നി.. എന്തൊരു ഗൗരവം ആണ് ശബ്ദത്തിൽ അവൾ ആലോചിച്ചു… ഒരു തവണ കൂടി അവന്റെ ഹലോ എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.. അവൾ വേഗം ഫോൺ സ്പീക്കറിൽ ഇട്ടിട്ട് കുഞ്ഞിക്ക് കൊടുത്തു…

ഫോൺ എടുത്തിട്ടും അപ്പുറത്തെ സൈഡിൽ നിന്ന് അനക്കം ഒന്നും ഇല്ലാതെ ദേഷ്യം വന്ന് ഫോൺ വെക്കാൻ നേരത്താണ് പപ്പേ എന്ന വിളി അവന്റെ കാതിൽ പതിഞ്ഞത്.. അതോടെ അവന്റെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ ചിരി നിറഞ്ഞു…

ആരിത് പപ്പേടെ കുഞ്ഞിയോ… അവൻ വാത്സല്യത്തോടെ ചോദിച്ചു…

പപ്പ എന്താ ആദ്യം വിളിച്ചപ്പോ എടുക്കാഞ്ഞേ.. അവൾ കെറുവോടെ ചോദിച്ചു…

സോറി പൊന്നേ.. അറിയാത്ത നമ്പർ കണ്ടതുകൊണ്ട് എടുക്കാഞ്ഞതല്ലേ… സോറി…

ആണോ.. ഇത് മമ്മയുടെ നമ്പർ ആണ്.. പപ്പ സേവ് ചെയ്ത് വച്ചോ..

ആ.. അതൊക്കെ വെച്ചോളാം.. ഇപ്പൊ പപ്പയുടെ കുഞ്ഞിക്കിളി എന്തിനാ വിളിച്ചത്.. പപ്പ സ്കൂളിലേക്ക് വരാം എന്ന് പറഞ്ഞതല്ലേ…

പപ്പേ.. ഇന്ന് ഞങ്ങൾ വരുന്നില്ല.. ചിട്ടുവിന് നല്ല പനി..

പനിയോ.. എന്തേ പെട്ടന്ന്.. ഡോക്ടറെ കാട്ടിയോ.. എപ്പോഴാ തുടങ്ങിയത്… ചിട്ടുവിന് പനി എന്ന് കേട്ടതും ജോയ്ക്ക് ആകെ വെപ്രാളം തോന്നി.. അവൻ വഴിക്ക് വഴിയാലേ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു…

ജോയുടെ വെപ്രാളത്തോടെ ഉള്ള ചോദ്യങ്ങൾ കേട്ടതും കുഞ്ഞി എന്ത് പറയണം എന്നറിയാതെ നിന്നു..

ഇപ്പൊ കുഴപ്പം ഒന്നുമില്ല.. കാലാവസ്ഥയുടെ ആയിരിക്കും.. ഞാൻ മരുന്ന് കൊടുത്തിട്ടുണ്ട്.. കുറഞ്ഞില്ലെങ്കിൽ ഡോക്ടറുടെ അടുത്തേക്ക് പോകാം എന്ന് കരുതി… ജോയുടെ ചോദ്യങ്ങൾ പിന്നെയും വന്നപ്പോൾ നിധി മറുപടി പറഞ്ഞു…

നിധിയുടെ ശബ്ദം കേട്ടതും ഒരു നിമിഷം ജോ നിശബ്ദൻ ആയി…

കുഞ്ഞിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….
ഒരു നിമിഷത്തെ നിശബ്ദതക്ക്‌ ശേഷം അവൻ ചോദിച്ചു…

ഇല്ലാ.. അവൾക്ക് കുഴപ്പം ഒന്നുമില്ല..

മ്മ്… എന്റെ സഹായം എന്തേലും വേണോ…. ഡോക്ടറുടെ അടുത്ത് പോകാനോ മറ്റോ…ജോ അല്പം പ്രതീക്ഷയോടെ ആണ് അത് ചോദിച്ചത്.. അവന് ചിട്ടുവിനെ കാണണം എന്നുണ്ട്.. പക്ഷേ അങ്ങോട്ട് ചെന്നാൽ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നൊരു പേടിയും.. അവളായിട്ട് എന്തേലും ഹെല്പ് ചോദിച്ചാൽ ആ പേരിൽ മോനേ ഒന്ന് കാണാമല്ലോ എന്നാണ് അവൻ വിചാരിച്ചത്…

എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട് ഉച്ചവരെ മിനിസ്റ്റർ ഒക്കെ ഉള്ളതാണ്.. ഒഴിവാക്കാൻ പറ്റില്ല… അപ്പൊ മക്കൾ ഇവിടെ ഒറ്റക്ക് ആവും.. ഞാൻ മീരയെ വിളിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു…. അവന്റെ ചോദ്യം കേട്ടപ്പോൾ അൽപനേരം നിശബ്ദയായി നിന്നതിന് ശേഷം ആണ് അവൾ മറുപടി പറഞ്ഞത്…

മീരയെ വിളിക്കണ്ട… ഞാ.. ഞാൻ വരാം.. ഞാൻ ഇരിക്കാം മക്കളുടെ കൂടെ… വല്ലാത്ത ഒരു സന്തോഷത്തോടെ ജോ പറഞ്ഞു… ഇങ്ങനെ ഒരാവശ്യം നിധി തുറന്ന് പറയുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല… അതിന്റെ ഒരു അത്ഭുതവും സന്തോഷവും അവന്റെ ശബ്ദത്തിൽ ഉണ്ട്….

ഇച്ചാ.. ഇച്ചായന് തിരക്കൊന്നും ഇല്ലല്ലോ… നിധി ഒരു വിക്കലോടെ ചോദിച്ചു…

ഏയ്യ്.. ഇല്ലാ… എനിക്ക് തിരക്കൊന്നും ഇല്ലാ… നിനക്ക് എപ്പോഴാ പോകേണ്ടത്…
ആ ഒരു ഫ്ലോയിൽ പണ്ടത്തെ പോലെ തന്നെ അവളോട് പെരുമാറി അവൻ…

അവൾക്ക് തോന്നി അവർ പണ്ടത്തെ നിധിയും ഇച്ചായനും ആണെന്ന്… വാക്കുകൾക്ക് പഞ്ഞമില്ലാത്ത…. ഫോർമാലിറ്റീസ് ഇല്ലാത്ത.. സ്നേഹം മാത്രം ഇടയിൽ നിൽക്കുന്ന നിധിയും ഇച്ചായനും…

നിധി….. നിധിയുടെ അനക്കം ഒന്നും കാണാതെ ആയപ്പോൾ ജോ വിളിച്ചു..

ആ…. എനിക്ക് 9 മണി ഒക്കെ ആവുമ്പോൾ ഇറങ്ങിയാൽ മതിയാകും..10 മണിക്കാണ് മീറ്റിംഗ്… ഞെട്ടിയെന്നതുപോലെ നിധി വിളിക്കേട്ടുകൊണ്ട് പറഞ്ഞു…

മ്മ്… അതിന് മുൻപ് ഞാൻ എത്താം… അതും പറഞ്ഞ് ജോ ഫോൺ വച്ചു…

എന്തിന് മീറ്റിംഗിന്റെ കാര്യം അവനോട് പറഞ്ഞു എന്ന് അവൾക്കറിയില്ല… പക്ഷേ അവന്റെ ശബ്ദത്തിലെ സന്തോഷവും ആവേശവും ആ കാര്യം അവനോട് പറഞ്ഞത് നന്നായെന്ന് തോന്നിച്ചു അവൾക്ക്… അവനോട് ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഉള്ളിൽ ഇല്ലെങ്കിലും എന്താണ് അവനിൽ നിന്ന് പിൻവലിഞ്ഞു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്ന് അവൾക്കറിയില്ലായിരുന്നു.. ആളുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല എന്ന് അവൾക്കറിയാം… പക്ഷേ എന്തോ…. അവൻ ഫോൺ വച്ചതും അവൾ ആലോചനയോടെ നിന്നു….

…………………..

ഇച്ചായാ… വിൻസെന്റ് റൂമിൽ എന്തോ വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഗ്രേസിയമ്മ അയാളെ വിളിച്ചത്… അന്നത്തെ ആ ഇഷ്യൂവിന് ശേഷം മിണ്ടാട്ടം കുറവാണ് പരസ്പരം… എന്തേലും അത്യാവശ്യകാര്യങ്ങൾ സംസാരിക്കും എന്നല്ലാതെ മറ്റൊന്നും ഇല്ല…

മ്മ്… അയാൾ അവരുടെ മുഖത്ത് നോക്കാതെ തന്നെ ഒന്ന് മൂളി…

ഇച്ചായാ.. ജോ പോയിട്ട് ഒരാഴ്ചയിലും മുകളിൽ ആയില്ലേ… ഇച്.. ഇച്ചായൻ അവനെ ഒന്ന് വിളിച്ച് നോക്ക്… തിരികെ വരാതിരിക്കില്ല അവൻ… നമ്മുടെ മോൻ അല്ലേ… അവന്റെ നന്മ കരുതി ഞാൻ ചെയ്യ്തത് മുഴുവൻ തെറ്റായിപ്പോയി… എല്ലാവരും കൂടി എന്നെ ചതിച്ചു…. ആദ്യം ഒരു വിക്കലോടെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് അവരുടെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു….

അയാൾ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു… ദേഷ്യവും വാശിയും ആണാകണ്ണുകളിൽ അല്ലാതെ കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലും കാണാൻ ഇല്ല… അയാൾക്ക് അവരോട് എന്താ മറുപടി പറയേണ്ടത് എന്നതുപോലും അറിയുന്നില്ല… ചെയ്യ്തത് തെറ്റായിപ്പോയി എന്ന് കുറ്റബോധം തോന്നിയ ഒരാളാണെങ്കിൽ നമുക്ക് എന്തെങ്കിലും പറയാം… ഇതിപ്പോ ബാക്കി ഉള്ളവർ ചതിച്ചു എന്നും പറഞ്ഞ്, തന്റെ തെറ്റെന്താണെന്ന് മനസിലാക്കാതെ ദേഷ്യം പിടിച്ചു നിൽക്കുന്ന ഒരാളോട് എന്ത് പറയാൻ… അയാൾ ഒരു ദീർഘ നിശ്വാസത്തോടെ ആലോചിച്ചു…

ഞാൻ ആയിട്ട് അവനെ വിളിക്കില്ല.. അവന് തിരികെ വരാൻ തോന്നുമ്പോൾ സ്വയം വരട്ടെ…. അയാൾ അത്രമാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പോയി….

ഗ്രേസിയമ്മക്ക് ഉള്ളിൽ അയാളോടും വിദ്വേഷം തോന്നി… എന്തിനാണ് അയാൾക്ക് ഇത്ര വാശി എന്നാണ് അവർ ആലോചിച്ചത്… ചിലർ അങ്ങനെ ആണ് തന്റെ തെറ്റുകൾ അവർ ഒരിക്കലും കാണില്ല… അത് അവർ ഒരിക്കലും മനസിലാക്കുകയും ഇല്ല… അവർക്ക് എപ്പോഴും താൻ ചെയ്യുന്ന പ്രവർത്തികൾ ശരികൾ ആണ്… പക്ഷേ ആ ശരികൾ മറ്റൊരാൾക്ക്‌ തെറ്റാണെന്ന് അവർ ചിന്തിക്കില്ല….

…………………..

ജോ നിധിയുടെ കോർട്ടേഴ്സിലേക്ക് എത്തുമ്പോൾ നിധി പോകാൻ റെഡി ആയി നിൽപ്പായിരുന്നു… അവളെ അങ്ങനെ സാരീ ഒക്കെ ഉടുത്ത് ആ ഒരു ഗെറ്റപ്പിൽ കണ്ടപ്പോൾ അവൻ അവളെ നോക്കി നിന്നുപോയി.. ഇതിനും മുൻപ് അവരുടെ കെട്ടിന്റെ അന്നാണ് ഒരിക്കൽ സാരീ ഉടുത്ത് കണ്ടിട്ടുള്ളത്… അതും സെറ്റുസാരി… ഇപ്പൊ ഈ ഒരു കോലത്തിൽ അവളെ കണ്ടപ്പോൾ വായും തുറന്ന് നിന്നുപോയി നമ്മുടെ ഇച്ചായൻ….

മ്മ്ഹ്… അവന്റെ അന്തംവിട്ടുള്ള നോട്ടം കണ്ടപ്പോൾ സത്യത്തിൽ അവൾക്ക് നാണം വന്നു… അത് മറയ്ക്കാനും അവനെ ബോധത്തിലേക്ക് കൊണ്ടുവരാൻ എന്നോണം അവൾ ഒന്ന് മുരടനക്കി… അതുവരെ അവളെ വായിനോക്കി നിന്നിരുന്നവൻ അതോടെ ഡീസന്റ് ആയി…

ദാ… ഈ മരുന്ന് പനിക്കുന്നുണ്ടെങ്കിൽ കൊടുത്താൽ മതി… ഇല്ലെങ്കിൽ വേണ്ടാ….അവൾ തന്റെ കൈയിൽ ഉള്ള മരുന്ന് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു…

എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ… ഇല്ലെങ്കിൽ നേരം വൈകും.. അവൾ അവനോട് പറഞ്ഞുകൊണ്ട് വേഗം അവിടെ നിന്ന് പോയി…

പിന്നെ അങ്ങോട്ട് പപ്പയും മക്കളും കൂടി പൊളിച്ചടുക്കി അവിടെ.. ജോയെ അവരുടെ താളത്തിന് കിട്ടിയതോടെ പനിച്ചു വിറച്ച് കിടന്നിരുന്നവൻ വരെ എഴുന്നേറ്റു… ജോ ആഘോഷിക്കുകയായിരുന്നു എന്ന് വേണം പറയാൻ… ഇത്രയും കൊല്ലം മക്കളുടെ കൂടെ നഷ്ടമായ സമയം ആണ് ഇപ്പൊ ഓരോനിമിഷവും അവൻ ആസ്വദിക്കാൻ ശ്രമിക്കുന്നത്… അതാണ് ഒരു മിനിറ്റ് ഗ്യാപ് കിട്ടിയാൽ അവൻ അവരുടെ അടുത്തേക്ക് പറന്നെത്തുന്നത്…
മക്കളും അവരുടെ പപ്പയുടെ കൂടെ ഉള്ള സമയം ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്… അവർക്ക് മുഴുവൻ സമയവും പപ്പ കൂടെ വേണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവരുടെ മമ്മയോട് അത് പറയാൻ എന്തോ ഒരു മടി.. മമ്മയെ അത് വിഷമിപ്പിച്ചാലോ എന്നൊരു തോന്നൽ…

ഉച്ചക്ക് പപ്പയുടെയും മക്കളുടെയും ബഹളങ്ങൾക്ക് ഇടയിലേക്ക് ആണ് നിധി വന്നു കയറിയത്… ഫ്രന്റ്‌ വാതിൽ മലർക്കേ തുറന്നിട്ടിട്ടാണ് മൂന്നും കൂടി അവരുടെ പ്ലേ റൂമിൽ പോയി ഇരുന്ന് ഈ അലമ്പ് ഉണ്ടാക്കുന്നത്… കള്ളൻ വന്ന് വീട് പൊക്കിക്കൊണ്ടോയാൽ വരെ അറിയില്ല അവർ ഒന്നും.. അമ്മാതിരി ബോധം ഇല്ലാതെ ആണ് മൂന്നും കൂടി അലമ്പാക്കുന്നത്… ഒരുപാട് ഗൗരവക്കാരൻ അല്ലെങ്കിലും അത്യാവശ്യം ഗൗരവം ഉള്ളൊരാൾ ആണ് ജോ.. അവന്റെ കുഞ്ഞുങ്ങളെപ്പോലെ ഉള്ള പെരുമാറ്റം കണ്ടപ്പോൾ നിധിക്ക് ചിരി വന്നു.. അവൾ അവർ മൂന്നുപേരെയും നോക്കികൊണ്ടിരിക്കുമ്പോൾ ആണ് കുഞ്ഞി അവളെ കണ്ടത്…

മമ്മ വന്നല്ലോ.. എന്നും പറഞ്ഞ് ചാടി തുള്ളി അവൾ നിധിയുടെ നേരെ ഓടി.. ചിട്ടുവും പിന്നാലെ എത്തി.. ജോ ഒരു ചിരിയോടെ അവരെ നോക്കി നിന്നു…

എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ…
ജോ നിധിയോട് പറഞ്ഞു… പിന്നീട് അവിടെ മുട്ടിൽ ആയി ഇരുന്ന് മക്കളെ രണ്ടാളെയും നെഞ്ചോട് ചേർത്തു..

പപ്പ പോയിട്ട് പിന്നെ വരാം കേട്ടോ… ജോ അത് പറഞ്ഞതും അതുവരെ ചിരിയോടെ നിന്നിരുന്ന രണ്ടാളുടെയും മുഖം പോയി.. ഇപ്പൊ കരയും എന്നപോലെ ആയി…

പപ്പ പോകണ്ട.. ഞങ്ങടെ കൂടെ നിന്നൂടെ.. കുഞ്ഞി അവന്റെ കഴുത്തിലൂടെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…. ചിട്ടുവിന്റെ മുഖത്തും ഉണ്ട് അവൻ പോകുന്നത് ആലോചിച്ചുള്ള സങ്കടം…

പപ്പ പോയിട്ട് പിന്നെ വരാം ട്ടോ… കരയല്ലേ.. പപ്പയുടെ കുഞ്ഞിക്കിളി അല്ലേ… ജോ ഒരു വിധം മക്കളെ സമാധാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റു.. അവന്റെ മുഖത്തേക്ക് നോക്കിയ നിധി കണ്ടു കലങ്ങി കിടക്കുന്ന അവന്റെ കണ്ണുകൾ.. മക്കളും സങ്കടം കടിച്ചുപിടിച്ചു നിലപാണ് എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു…

നിധിയെ നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് ജോ പോകാനായി തിരിഞ്ഞു…

ഇച്ചായാ…

തുടരും…