22/04/2026

നിൻ നിഴൽ വീഥിയിൽ : ഭാഗം  : 07

രചന – കാർത്തിക ശ്രീ

“ഡാ റാം നാളെ വാമിയുടെ പിറന്നാൾ ആണ്…”

“അതുകൊള്ളല്ലോ.. നാളെ പൈസയില്ലാതെ കഴിക്കാനുള്ള വകയായി..കാന്റീനിൽ പോയി അവളുടെ ചെലവിൽ ബിരിയാണി കഴിക്കണം.”

“എന്തുപറഞ്ഞാലും ഭക്ഷണം എന്ന ചിന്തയെ നിനക്ക് ഉള്ളോ??? അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണ്ടേ???”

“വേണമല്ലോ.. ഈ പവി എവിടെപ്പോയി?? അവളും കൂടെ വരട്ടെ എന്നിട്ട് തീരുമാനിക്കാം ”

” അവളു വാമിയുടെ കൂടെ ലൈബ്രറിയിൽ പോയതാണ്.. പവിയുടെ കൂടെ വാമിയും ഉണ്ടാകും.. പിന്നെ എങ്ങനെ തീരുമാനിക്കാനാണ്?? ”

“എന്ന നിന്റെ പ്ലാൻ പറഞ്ഞോ..”

പിന്നീട് അഖി പറയുന്നത് കേട്ട റാം ആ പ്ലാൻ അങ്ങ് നടപ്പിലാക്കാൻ തീരുമാനിച്ചു.. പവിയെ ഫോണിൽ വിളിച്ചു പറയാം എന്നും പറഞ്ഞു..കോളേജ് വിട്ടു വൈകുന്നേരം പോകുമ്പോൾ ക്യാന്റീനിൽ പോയി ചായയും കുടിച്ചാണ് നാലുപേരും പിരിഞ്ഞത്..

🍁🍁🍁🍁🍁🍁

രാത്രി എന്തോ ശബ്ദം കേട്ടാണ് വാമി ഉറക്കം അറിഞ്ഞത്… താഴെ നിന്നാണ് ശബ്ദം എന്നറിഞ്ഞു റൂമിൽ ലൈറ്റ് ഇട്ടിട്ട് അവൾ താഴേക്ക് നടന്നു.. ഹാളിൽ ലൈറ്റ് ഇട്ടപ്പോൾ അവൾ ഞെട്ടിപ്പോയി… ടേബിളിൽ തന്റെ ഇഷ്ടപ്പെട്ട redvelvet കേക്ക്… തന്റെ ചുറ്റും റാം, പവി, അഖി, അച്ഛൻ, അമ്മ എല്ലാരും നിൽക്കുന്നു…

“ഇങ്ങനെ ഞെട്ടി നിൽക്കാതെ കേക്ക് മുറിക്ക് പെണ്ണെ…”കൈയിൽ കത്തി വെച്ചുകൊടുത്തിട്ട് അവളെ പിടിച്ചു ടേബിളിന്റെ അടുത്ത നിർത്തിട്ടു റാം പറഞ്ഞു..

നിറഞ്ഞ സന്തോഷത്തോടെ വാമി കേക്ക് കട്ട്‌ ചെയുമ്പോൾ ചുറ്റിൽ നിന്നും
“Happy Birthday വാമി ” എന്ന് എല്ലാരും വിഷ് ചെയ്യുന്നുണ്ടായിരുന്നു… കേക്ക് കഷ്ണം അച്ഛനും അമ്മയ്ക്കും കൊടുത്തിട്ട് അവളുടെ പ്രീയപ്പെട്ട കൂട്ടുകാർക്കും കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.. സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം..

“ഞങ്ങളുടെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ “എന്ന് പറഞ്ഞു അച്ഛനും അമ്മയും വാമിയെ കെട്ടിപിടിച്ചു ഇരു കവിളിലും ഉമ്മ കൊടുത്തു..

അപ്പുവേട്ടനെ വിളിക്കുമ്പോൾ സന്തോഷം കൊണ്ട് അവൾക്ക് ഒന്നും പറയാൻ കിട്ടുന്നില്ലായിരുന്നു..

📞”ഏട്ടന്റെ വാമികുട്ടിക്ക് പിറന്നാൾ ആശംസകൾ 😘.. മോൾക്കുള്ള ഏട്ടന്റെ പിറന്നാൾ സമ്മാനം പുറത്തുണ്ട്.. പോയി നോക്കിട്ട് വാ..”

വീടിന്റെ പുറത്ത് അവൾ ആഗ്രഹിച്ച പുതിയ മോഡൽ സ്കൂട്ടി ഉണ്ടായിരുന്നു..

📞”Thank u ഏട്ടാ… Love u..”

📞”Love u too വാവേ.. രാവിലെ വിളിക്കാട്ടോ ”

📞”ശരിയേട്ടാ.. ”

“ഞങ്ങളുടെ സർപ്രൈസ് എങ്ങനുണ്ട്??”

“മൂന്നും ഒന്നിച്ചു ചോദിക്കണ്ട.. ഒത്തിരി ഇഷ്ടായി എനിക്ക്.. എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു birthday സെലിബ്രേഷൻ…”
വാമി പറയുമ്പോഴേക്കും അഖി അവളുടെ കൈയിൽ നിറയെ നക്ഷത്രങ്ങൾ ഉള്ള ഒരു കൈ ചെയിൻ ഇട്ടുകൊടുത്തു..
” ഇതു ഞങ്ങളുടെ വാമിക്ക്…”

🍁🍁🍁🍁🍁🍁

കൈയിലുള്ള ഫോൺ അടിക്കുന്നത് കെട്ടിട്ടാണ് വാമി ഓർമകളിലെ നിന്നും തിരിച്ചു വന്നത്..

📞”ഹലോ.. വാവേ നേരത്തെ എത്തിയോ???”

📞”ആ ഏട്ടാ നേരത്തെ എത്തി.. എല്ലാരേയും കണ്ടു സംസാരിച്ചപ്പോൾ വിളിക്കാൻ വിട്ടുപോയതാ..”

📞”ശരി മോളെ.. നീ പരിപാടിയൊക്കെ കഴിഞ്ഞു വിളിക്ക്..ശ്രദ്ധിക്കണട്ടോ..”

📞”മ്മ്മ്…ലേറ്റ് ആകുമോ എന്നറിയില്ല.. നോക്കിട്ട് വിളിക്കാം.”

കാൾ കട്ട്‌ ആയിട്ടും വാമി ആലോചനയിൽ തന്നെ ആയിരുന്നു… ഒടുവിൽ എന്തോ ഉറപ്പിച്ചശേഷം ഓഡിറ്റോറിയത്തിലേക്ക് നടന്നു…പരിപാടി തുടങ്ങീട്ടുണ്ട്… എന്റെ വിഷമം കണ്ടിട്ടായിരിക്കാം രണ്ടുപേരും എന്നെ വിളിക്കാഞ്ഞത്..

” അടുത്തതായി ഈ പരിപാടിയുടെ ഉദ്ഘാടനത്തിനായി കോളേജിലെ പൂർവ്വവിദ്യാർഥിയും ഇന്ന് ഈ ജില്ല ഭരിക്കുന്ന എല്ലാരുടെയും പ്രിയപ്പെട്ട കളക്ടറുമായ അർജുൻ രാഘവിനെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ വേദിയിലേക്ക് ക്ഷണിക്കുന്നു.. ”

ഒരു നിമിഷം വാമിയുടെ കാലുകൾ ആ വാതിലിനു മുന്നിൽ നിശ്ചലമായി.. ഹൃദയമിടിപ്പ് വേഗത്തിലായി… മുന്നിലേക്ക് നോക്കിയ അവൾ കാണുന്നത് മൈക്ക് പോയിന്റിനടുത്തേക്ക് നടക്കുന്ന അർജുനെ ആണ്…ഇന്നും താൻ പഴയ വാമി ആയി മാറുന്നു… പാടില്ല… പെട്ടെന്ന് നോട്ടം മാറ്റി അവൾ അഖിയുടെ അടുത്തുവന്നിരുന്നു… ഒന്നും പറയാതെ അഖി അവളുടെ കൈ വാമിയുടെ ഒരു കൈയുടെ മുകളിൽ വെച്ചപ്പോൾ തൊട്ടപ്പുറത്തു റാം അവളുടെ മറുകൈയിലും പിടിത്തമിട്ടിരുന്നു… കൂടെ ഞങ്ങളുണ്ടെന്ന് പറയാതെ പറഞ്ഞുകൊണ്ട്…

“വീണ്ടും ഒരിക്കൽ കൂടി എന്റെ കോളേജിലേക്ക് വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം…ഒത്തിരി പറയണം എന്നുണ്ടെങ്കിലും ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് പഴയ കാര്യങ്ങളെ നിശബ്ദമായി ഓർത്തെടുക്കുവാനാണ് .. … ഒരു പ്രസംഗത്തെക്കാൾ ഇവിടെ ഇന്ന് എത്തിച്ചേർന്ന എല്ലാരും ആഗ്രഹിക്കുന്നതും ഇതൊക്കെതന്നെയാണ് … കളക്ടർ എന്ന പദവിയെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് കോളേജിലെ എല്ലാരുടെയും അജുവാകാനാണ് അല്ലെങ്കിൽ അജുവേട്ടനാകാനാണ്.. അങ്ങനെ എന്നെ അറിയുന്നവരെ ഇവിടെയുള്ളൂ എന്നാണ് എന്റെ വിശ്വാസവും.”.

അപൂർവം മാത്രം ആ മുഖത്ത് വിരിയാറുള്ള ചിരിയും..വാക്കുകളും പഴയ കണ്ണേട്ടനെ ഓർമ്മിപ്പിക്കുന്നത് തന്നെ ആയിരുന്നു..തന്റെ പദവിയും തിരക്കുകളോമൊന്നും കണ്ണേട്ടനെ മാറ്റിയിട്ടില്ല….

എല്ലാരോടും സംസാരിച്ചു തന്റെ അടുത്തേക്ക് വരുന്ന അർജുനെ ഒന്നു നോക്കി വാമി… പേടി നിറയുന്നു ഉള്ളിൽ..താൻ മനസിലൊളിപ്പിച്ച കാര്യങ്ങൾ അറിയാതെയെങ്കിലും അവനുമുന്നിൽ തുറക്കപ്പെടുമോ എന്നോർത്തു…

അർജുൻ വാമിയുടെ അടുത്തേക്കാണെന്ന് മനസിലാക്കിയ അഖിയും റാമും കുറച്ച് മാറിനിന്നു…

“വാമിക… സുഖമല്ലേ.. എപ്പോഴാ ജോയിൻ ചെയ്യുന്നേ???”

“അത് ഞാൻ അടുത്ത തിങ്കളാഴ്ച… എങ്ങനെ അറിഞ്ഞു???”

” തന്റെ പേടി ഇനിയും മാറിയില്ലെടോ??? ഒന്നുമില്ലെങ്കിലും ഒരു റവന്യൂ ഓഫീസറായി ജോയിൻ ചെയ്യാൻ പോകുവല്ലേ…പിന്നെ ഞാൻ അറിഞ്ഞത് റാം പറഞ്ഞിരുന്നു… ”

“മ്മ്… അജുവേട്ടന് സുഖമല്ലേ??? വീട്ടിൽ എല്ലാരും സുഖമായിരിക്കുന്നോ???

കൂടുതൽ അറിയാൻ എന്നപോലെ വാമി അർജുനോട് ചോദിച്ചു… കോളേജ് വിട്ടു പോയതിൽ പിന്നെ ഒരിക്കലും അഖിയോടോ റാമിനോടോ താൻ അർജുൻ ചേട്ടനെകുറിച്ച് ചോദിക്കാറില്ല… ചോദിച്ചാൽ അറിയാൻപോകുന്ന കാര്യങ്ങൾ ചിലപ്പോൾ എനിക്ക് വേദന മാത്രമാണെങ്കിലോ നൽകുന്നത്…

” അച്ഛനും അമ്മക്കും സുഖം… പിന്നെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല… ഉടൻ ഉണ്ടാകും….തന്റെ വിശേഷങ്ങൾ എന്തൊക്കെയാ??? ”

പറഞ്ഞ ഉത്തരം വാമിയിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്… അത് മറച്ചുവെച്ചു കൊണ്ട് വാമി സംസാരിക്കാൻ തുടങ്ങി… വാക്കുകൾ ഇടറാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…

“സുഖമാണ്…ഇപ്പോൾ ഏട്ടന്റെ കൂടെയാണ് താമസം ബാംഗ്ലൂരിൽ… അച്ഛനും അമ്മയും രണ്ടുവർഷം മുന്നേ ഒരു ആക്‌സിഡന്റിൽ ഞങ്ങളെ തനിച്ചാക്കി പോയി… ”

“അറിഞ്ഞിരുന്നു… വരാൻ പറ്റിയില്ല… ട്രെയിനിങ് ആയിരുന്നു… ”

അത് വാമിക്ക് ഒരു പുതിയ അറിവായിരുന്നു… തന്റെ കാര്യങ്ങൾ കണ്ണേട്ടൻ അറിയുന്നുണ്ടായിരുന്നു എന്നത്…

“വാമി…”
അർജുനും വാമിയും തിരിഞ്ഞു നോക്കി…

“ആകാശേട്ടൻ.. ” അർജുൻ സംശയഭാവത്തിൽ വാമിയെ നോക്കി…

“അഖിലയുടെ ഭർത്താവാണ്.. ”

അപ്പോഴേക്കും ആകാശ് നടന്നു അടുത്തെത്തിയിരുന്നു..

“അർജുൻ സാർ…”

“ആകാശിനെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ലട്ടോ… ”

“അഖില ഭാര്യ ആണ്… ഒഫീഷ്യൽ കാര്യങ്ങൾ അല്ലെ നമ്മൾ സംസാരിക്കാറുള്ളു.. അതാണ് പറയാതിരുന്നത് ”

വാമിക്ക് ഒറ്റക്കിരുന്നു പൊട്ടിക്കരയണം എന്നുണ്ട്… പക്ഷേ ഇവർക്കിടയിൽ നിന്നും എങ്ങനെ പോകും എന്നതായിരുന്നു ചിന്ത.. അപ്പോഴേക്കും അഖിയും റാമും അവിടേക്ക് വന്നു…

“ഏട്ടൻ നേരത്തെ എത്തിയോ??”

“ഇല്ല..വന്നതേ ഉള്ളൂ.. അർജുൻ സാറേ കണ്ട് സംസാരിച്ചു എന്ന് മാത്രം..”

“അല്ല റാം നീ എന്താ ഒന്നും മിണ്ടാത്തത്??? ”

“ഒന്നുല്ല അജുവേട്ട…ഏട്ടന് ആകാശേട്ടനെ എങ്ങനെയാ പരിജയം??”

“രണ്ടുപേരുടെയും ജോലിയുടെ ഭാഗമായി പരിചയപ്പെട്ടതാണ്..
നിങ്ങൾ സംസാരിക്ക്.. എനിക്ക് ഒരു വീഡിയോ കോൺഫറൻസ് ഉണ്ട്.. ഒഴിവാക്കാൻ കഴിയില്ല.. കുറച്ചു കഴിഞ്ഞു കാണാം.”

ഇത്രയും പറഞ്ഞു നടന്നകലുന്ന അർജുനിൽ മാത്രമായിരുന്നു വാമിയുടെ കണ്ണുകൾ…
നിറഞ്ഞു വന്ന കണ്ണുകൾ എല്ലാവരിൽ നിന്നും മറച്ചുപിടിക്കാൻ അവൾ ശ്രമിച്ചു…

🍁🍁🍁🍁🍁🍁🍁

കാത്തിരിക്കാം….