23/04/2026

പ്രിയേ പ്രാണനേ : ഭാഗം 03

രചന – ജിഫ്ന നിസാർ

ബുള്ളറ്റ് നിർത്തി ആദി ഒരു നിമിഷം അതിന് മുകളിൽ തന്നെയിരുന്നു.

പ്രശുബ്ദമായ കടൽ പോലെ അലറി വിളിക്കുന്നുണ്ട് ഉള്ളം.. മുഴുവനും.

വീട്ടിൽ തന്നെയിരുന്നാൽ അൽപ്പം പോലും ആശ്വാസം കിട്ടില്ലെന്നുറപ്പായത് കൊണ്ടാണ് വണ്ടിയുമെടുത്തു പോന്നത്.

ഇവിടെത്തിയത് മുതൽ സ്ഥിരമായി വരാറുള്ള സ്ഥലം.
അവൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് കൊണ്ട് ഇറങ്ങി.

എങ്ങും പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ..മനസ്സിൽ അസ്വസ്ത്ഥത തോന്നുമ്പോൾ സ്വയമറിയാതെ ഇവിടെത്തി പെടും.
ആ കാഴ്ചകൾ തന്നെ അവനുള്ളം തണുപ്പിക്കാൻ ധാരാളമായിരുന്നു.

ബുള്ളറ്റിൽ നിന്നും നിധി പോലെ കൊണ്ട് നടക്കുന്ന ക്യാമറയെടുത്ത് കഴുത്തിൽ തൂക്കി കൊണ്ട് അവൻ നടന്നു കയറി തുടങ്ങി.

ഒരു വശം മുഴുവനും പാടമാണ്.
അതങ്ങനെ അറ്റമില്ലാതെ നീണ്ടു കിടപ്പുണ്ട്.

അതിന്റെ മറുവശം വലിയൊരു പാറകൂട്ടമാണ് .പാടവും..പാറകൂട്ടങ്ങളും.അതിനിടയിൽ കൂടിയാണ് കറുത്തൊരു ഷീറ്റ് നീളത്തിൽ വരിച്ചത് പോലെ നീണ്ടു പോകുന്ന റോഡ്.

ഒന്നൊന്നായി അടുക്കിയ പോലുള്ള പാറയുടെ മുകളിൽ കയറി പറ്റാൻ ഇത്തിരി റിസ്ക്കാണെങ്കിലും.. കയറി ചെന്നാൽ കാണുന്ന കാഴ്ചകൾ.. അതോർക്കുമ്പോൾ കാലുകൾക്ക് ഇരട്ടി വേഗമായിരുന്നു.

ഇവിടെത്തി കുറച്ചു നാൾ കഴിഞ്ഞ് കണ്ടെത്തിയ ആ സ്ഥലം അന്നും ഇന്നും അവനേറെ ഇഷ്ടമാണ്.

ആദ്യമായി കാണാൻ പോകുന്നതിന്റെ അതേ ത്രില്ലോടെ തന്നെ ആദി അതിന് മുകളിലേക്ക് കയറി തുടങ്ങി.

മുകളിലെത്തിയതും കിതച്ചു പോയിരുന്നു.
എങ്കിലും ചിരിയോടെ കണ്ണുകൾ നാല് പാടും ചിതറി.

അങ്ങങ്ങായി കുറ്റി പുല്ലുകൾ നിറഞ്ഞ ആ പാറ പുറത്ത് ഇരിക്കുമ്പോൾ അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന സംഘർഷങ്ങളൊക്കെയും കയറി വരുന്ന വഴി ഊർന്ന് പോയത് പോലെ ആദി ഉന്മേഷവാനായിരുന്നു.

മറ്റെല്ലാം മറക്കാൻ അവൻ മനഃപൂർവം ശ്രമിച്ചു.

ഒരുപാട് കാലം ഒറ്റപ്പെട്ടു ജീവിച്ചത് കൊണ്ടായിരിക്കും.. ഏകന്തതയാണ് അവനിൽ ഏറ്റവും മുഴച്ചു നിൽക്കുന്ന ഭാവം.വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ശീലവും.
മുത്തച്ചന്റെ അരികിലെത്തും വരെയും.. വല്ലാത്തൊരു വാശിക്കാരാനും ദേഷ്യക്കാരനുമായൊരു ആദിത് മഹാ ദേവനുണ്ടായിരുന്നു.

അതിൽ നിന്നൊരു മാറ്റം വേണമെന്ന് സ്വയം തോന്നി തുടങ്ങിയതിന്റെ ആദ്യ പടിയായിരുന്നു അച്ഛനിൽ നിന്നൊന്ന് അകന്ന് നിൽക്കുകയെന്നുള്ള തീരുമാനം.പക്ഷേ എങ്ങോട്ട് പോകുമെന്നുള്ള ചോദ്യം വെല്ലുവിളി പോലെ മുന്നിലുണ്ടായിരുന്നു.

അത്യാഡബരം നിറഞ്ഞൊരു ഫ്ലാറ്റ്. അതിനുള്ളിലെ യന്ത്രങ്ങളെ പോലുള്ള കുറച്ചു മനുഷ്യർ.
അച്ഛനും അമ്മയും കൂടെ തന്നെ ഉണ്ടായിരുന്നുവെങ്കിലും വല്ലാത്തൊരു അകലം.. എല്ലാവരും തമ്മിൽ.
വല്ലപ്പോഴും വരുന്ന അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കൾ മാത്രം.

പൊള്ളയായ ബന്ധങ്ങൾ കണ്ട് കണ്ട് പൊള്ളി പിടഞ്ഞു പോയ ബാല്യം..ആരോടും കൂട്ടില്ല. ആരും കൂട്ടുമില്ല.

രാവിലെ കീ കൊടുത്ത പോലെ ദുബായിലെ ഏറ്റവും വലിയ സ്കൂളിൽ പോകും.
തിരിച്ചും അങ്ങനെ തന്നെ.

വഴക്കിടാൻ മാത്രം തമ്മിൽ സംസാരിക്കാൻ ശ്രമിക്കുന്ന അച്ഛനും അമ്മയും.

ആകെയറിയാവുന്ന ബന്ധം.. അച്ഛനൊരു അച്ഛൻ ഉണ്ടെന്നും.. നാട്ടിൽ ഒരു വീട്ടിൽ ഇപ്പോഴും ഉണ്ടെന്നുമാണ്.

കുഞ്ഞിലേപ്പഴോ അമ്മയുടെ വായിൽ നിന്നും കേട്ടതല്ലാതെ അങ്ങനൊരു അച്ഛനെ കുറിച്ചോ നാടിനെ കുറിച്ചോ അച്ഛൻ വെറുതെ പോലും പറഞ്ഞു കേട്ടിട്ടില്ല.
അച്ഛനെപ്പോഴും പറയാനിഷ്ടം കിട്ടാവുന്ന ലാഭകണക്കുകളെ കുറിച്ചാണ്.
അത് തന്നെ ആയിരുന്നു അമ്മയുടെ ഏറ്റവും വലിയൊരു പരാതിയും.

അവർക്കിടയിൽ.. മരവിച്ചത് പോലെ താനും.

ഇനിയും അവിടെ തന്നെ തുടർന്നാൽ.. അച്ഛൻ കീ കൊടുക്കുന്ന ഒരു യന്ത്രം പോലെ..താനൊരു വല്ലാത്ത അവസ്ഥയിലേക്ക് എത്തി ചേരുമെന്ന് ഉറപ്പുണ്ടായിരുന്നു.

മുത്തച്ഛന്റെ അരികിലേക്ക് പോകുകയാണ് എന്ന് പറഞ്ഞത് മുതൽ അച്ഛൻ എതിർത്തു തുടങ്ങിയതാണ്.
അതില്ലാതാക്കാൻ എത്രയൊക്കെ അച്ഛൻ ശ്രമിച്ചിട്ടും അണുവിടെ പോലും വിട്ട് കൊടുക്കാതെ ഈ നാട്ടിലേക്ക് എത്തിയത് അരികിലേക്ക് എത്തിയത് വ്യക്തമായൊരു പ്ലാനോടെയാണ്.

നാട്ടിലെ സ്കൂളിൽ പ്ലസ് വണിനു അഡ്മിഷൻ എടുത്തത് മുതൽ തീർത്തും പുതിയ ഒരാളായിരിക്കാൻ ശ്രമിച്ചു.

ദുബായിലെ ഒരു ഫ്ലാറ്റ് മുറിയിൽ.. ഏകാന്തത മാത്രം കൂട്ട് പിടിച്ചു ജീവിച്ചവൻ… അവനത് വലിയൊരു ടാസ്ക് തന്നെയായിരുന്നു ആദ്യം.

ഒരാളോട് എങ്ങനെ സൗഹൃദമുണ്ടക്കണമെന്ന് പോലും അറിയാത്ത തന്നിലേക്ക് ആദ്യം ആരും എത്തി നോക്കിയില്ല.

തന്റെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയതാണ്..നിസ്സാരമായൊരു പ്രശ്നം ഊതി വളർത്തി.. അതിന്റെ പേരിൽ.. തന്നെ പോലും മറന്ന് കൊണ്ട് അമ്മയിറങ്ങി പോയത്.
അതിനിടയിൽ അമ്മയും അച്ഛനും പറയുന്നതിൽ നിന്നാണ്… ഇങ്ങനൊരു നാടുണ്ടെന്നും.. ഇവിടെ ഇപ്പോഴും തന്റെ മുത്തച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നും അറിയുന്നത്.

അച്ചന്റെ പേർസണൽ ഫോണിൽ നിന്നും.. ഉപയോഗശൂന്യമായി പോയ നാട്ടിലെ നമ്പർ തേടി പിടിച്ചു വിളിക്കുമ്പോൾ.. സ്വന്തം മുത്തച്ഛന്റെ ആദ്യമായി പരിചയപ്പെടേണ്ടി വന്നു.

അതൊരു തുടക്കം മാത്രമായിരുന്നു.

അച്ഛൻ അറിയാതെ.. പിന്നെയാ വിളികൾ ശീലമായി.

നോട്ടുകെട്ടുകൾ കൊണ്ട് അച്ഛൻ ജീവിതം അളന്നു പഠിക്കുമ്പോൾ.. അച്ഛൻ അറിയാതെ താൻ മുത്തച്ഛനുമായി സ്നേഹം പങ്കിടുന്ന തിരിക്കിലായിരുന്നു.
കലഹിച്ചു പിരിഞ്ഞു പോയ അമ്മ പിന്നെ ഒരിക്കലും അങ്ങോട്ട് വന്നില്ല.
എന്തിനും ഏതിനും ജോലിക്കാർ സദാസമയം വിളിപ്പുറത്തു തന്നെ ഉണ്ടായിരുന്നത് കൊണ്ട്.. കാര്യങ്ങളൊന്നും മുടക്കമില്ലാതെ കഴിഞ്ഞു പോയിരുന്നു.

ആ ഓർമ തന്നെ പൊള്ളലാണ്. തനിക്കു മാത്രം..
മൂന്നോ നാലോ മാസങ്ങൾ കൊണ്ട് തന്നെ അമ്മ ഒഴിച്ചിട്ടു പോയ ആ സ്ഥാനത്തേക്ക് പുതിയ ആളെത്തിയിട്ടും തന്റെ മനസ്സിൽ ആ ശൂന്യത അത് പോലെ തന്നെ ഒഴിഞ്ഞു കിടന്നു.

എല്ലാം പണം കൊണ്ട് മാത്രം അളക്കുന്ന അച്ഛന് ജീവിതം പോലും കയ്യിലേക്ക് വന്നു ചേരുന്ന ലക്ഷങ്ങളെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്… മാസങ്ങളുടെ ഇടവേളയിൽ ആ ബന്ധവും.. അച്ഛൻ പൊട്ടിച്ചെറിഞ്ഞു കളഞ്ഞപ്പോഴായിരുന്നു.

അപ്പോഴൊക്കെയും പകരകാർ വന്നു ആ ഒഴിഞ്ഞു കിടന്ന കോളം ഫിൽ ചെയ്യുന്നുണ്ട്..എന്നത് വെറുപ്പോടെയാണ് അറിഞ്ഞത്.

മനസ്സ് മടുത്തു പോയിരുന്നു എന്നതാണ് ശരി.

കലാഹിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.

ഫോൺ വിളിക്കുമ്പോൾ മുത്തച്ഛൻ സ്നേഹത്തോടെ പറയുന്ന വാക്കുകളുടെ ബലത്തിലാണ് ഓരോ ദിവസവും കഴിഞ്ഞു പോയിരുന്നത്.

ജീവിക്കാൻ ഉണ്ടായിരുന്ന ഒരേയൊരു കാരണം പോലുള്ള ആ വിളികളാണ് ഈ നാട്ടിലേക്ക് വിളിച്ചു വരുത്തിയതും..

ഡാ…

തോളിൽ ഒരടിയും തൊട്ട് പിന്നിൽ നിന്നും കലിപ്പോടെ ഒരു വിളിയും.

ആദി ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കി.

❣️❣️

“കുളിച്ചാലോ മോളെ.. ”

കൈ തോളിൽ തൂക്കിയ തോർത്തിൽ തുടച്ചു കൊണ്ട് സുജ ധൃതിയിൽ പത്മജയുടെ മുറിയിലേക്ക് കയറി ചെന്നു.

“മ്മ്..”
നേർത്തൊരു മൂലളോടെ ചുവരിൽ ചാരി ഇരുന്നവൾ തലയാട്ടി.

അതെന്നുമുള്ള പതിവാണ്.

രാവിലെയുള്ള തിരക്കുകൾക്കിടയില് സുജ മകളുടെ അരികിലേക്ക് ഓടി വരും.

വീൽചെയറിലേക്ക് പിടിച്ചിരുത്തി.. അകത്തു തന്നെയുള്ള ചെറിയൊരു ബാത്ത്റൂമുണ്ട്.അതിലേക്ക് ആക്കി കൊടുത്താൽ കുളി അടക്കമുള്ള പ്രാഥമിക കാര്യങ്ങൾ പത്മ തന്നെ സ്വയം ചെയ്യും.

അവൾക്കെടുക്കാൻ പാകത്തിനാണ് അതിനുള്ളിലെ കാര്യങ്ങൾ സെറ്റ് ചെയ്തിരുന്നത്.

പുറത്തെ കുളിമുറിയിൽ അവളെ കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ടാണ്.. തലക്ക് മുകളിൽ പെരുകി വളർന്നു വലുതായി പോയ കടങ്ങൾ വീർപ്പു മുട്ടിച്ചപ്പോഴും പ്രിയ അകത്തു തന്നെ മുറിയിൽ നിന്നും ഇറങ്ങാവുന്ന ഒരു ബാത്റൂം പണിയിച്ചത്.

രാവിലെ അവൾ ജോലിക്ക് പോയി കഴിഞ്ഞാൽ.. പത്മയെ പുറത്തെ കുളിമുറിയിൽ എത്തിക്കുകയെന്നത് സുജക്ക് മുന്നിലെ വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

അയൽക്കാർക്കെല്ലാം എന്നും വിളിക്കുമ്പോൾ ഒരു ബുദ്ധിമുട്ടായി തോന്നുന്നുവെന്ന് അവൾക്കറിയാം.

വളരെ ബുദ്ധിമുട്ടി സുജ പത്മയെ താങ്ങി പിടിച്ചു കൊണ്ട് വീൽചെയറിൽ ഇരുത്തി.

അത് കഴിഞ്ഞു നടുവിനു കൈ കുത്തി നിന്ന് കിതക്കുന്ന അമ്മയെ പത്മ വേദനയോടെ നോക്കി.
മറ്റൊന്നും ചെയ്യാൻ അവൾക്കും ആ അവസ്ഥയിൽ കഴിയില്ലായിരുന്നു.

മകളുടെ മുഖത്തെ വിഷമം മനസിലായതും സുജ ചിരിയോടെ അവളെ നോക്കി.

രണ്ടാളും ഒന്നും പറഞില്ലങ്കിൽ കൂടിയും ആ മനസ്സിൽ നിറഞ്ഞു നിന്നതത്രയും വേദനയായിരുന്നു.

നെഞ്ച് വിങ്ങുന്ന വേദന..

❣️❣️

പ്രിയേ… ”

പിന്നിൽ നിന്നുമുള്ള വിളി കേട്ടിട്ടാണ് ഞെട്ടി തിരിഞ്ഞു നോക്കിയത്.

നോക്കിയ നിമിഷം തന്നെ സന്തോഷം കൊണ്ട് കണ്ണുകൾ വിടർന്നു.

ഇന്ദുവാണ്.

പ്രിയപ്പെട്ട കൂട്ടുകാരി. ഇന്ദുലേഖ.

മറ്റൊരു ബന്ധം കൂടിയുണ്ട്.

അല്ല.. ഉണ്ടായിരുന്നുവെന്ന് വേണം പറയാൻ.

രാജീവിന്റെ അനിയത്തി കൂടിയാണ് ഇന്ദു.
ആ വിവാഹത്തിനു സമ്മതിച്ചു കൊടുക്കുമ്പോൾ ഒരേയൊരു ആശ്വാസം അവൾ ആ വീട്ടിൽ ഉണ്ടല്ലോ എന്നതായിരുന്നു.

“എന്നോടും പിണക്കമാണോ ഡീ?”
ചോദ്യത്തിനൊപ്പം അവളുടെ കണ്ണും നിറഞ്ഞു പോയപ്പോൾ പ്രിയ ഒന്നു പകച്ചുപോയി.

“ഏട്ടൻ.. ഏട്ടൻ കാണിച്ചത് ചെറ്റത്തരം തന്നെയാണ്. പക്ഷേ.. അതിലെനിക്ക് യാതൊരു പങ്കുമില്ല പ്രിയേ.. ”

അത് പറഞ്ഞു കൊണ്ടവൾ പ്രിയയുടെ കയ്യിൽ പിടിച്ചു.

“രാജീവ് ചെയ്തത് അയാളുടെ മാന്യത. അതിനെന്തിനാ പെണ്ണേ ഞാൻ നിന്നോട് ദേഷ്യപ്പെടുന്നത്?”

ചിരിയോടെ തന്നെ പ്രിയ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“പിന്നെന്താ നീ എന്നെ കണ്ടിട്ടും മിണ്ടാതെ പോയത്?”
ചുണ്ട് ചുളുക്കി കൊണ്ടുള്ള ആ ചോദ്യം കേട്ടതും പ്രിയക്ക് ചിരി വന്നു.

ഓരോന്നോർത്ത് കൊണ്ട് നടക്കുന്നതിനിടെ നേരെ മുന്നിൽ നിന്നിട്ടും അവളെ കണ്ടില്ല.

അതിനുള്ള പരിഭവമാണ് പെണ്ണിന്.

“സത്യമായിട്ടും ഞാൻ കാണാഞ്ഞിട്ടാ ഇന്ദു. എന്തൊക്കെയോ ഓർത്തോണ്ട് നടപ്പായിരുന്നു ”
പ്രിയ അവളെ നോക്കി പറഞ്ഞു.

എന്നിട്ടും തെളിയാത്ത ആ മുഖം.

“സത്യം..”
പ്രിയ വീണ്ടും പറഞ്ഞു.

“ഏട്ടൻ.. ഏട്ടൻ കാണാൻ വന്നിരുന്നു ഇന്ന്. ല്ലേ?”
കുറ്റബോധം നിറഞ്ഞ അവളുടെ ചോദ്യം.

ഒരു നിമിഷം കഴിഞ്ഞിട്ടാണ് പ്രിയ മൂളിയത്.

“നിന്നോട് അങ്ങേർക്കുള്ള ദിവ്യ പ്രണയത്തിന്റെ വിധി തീർപ്പാക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. എന്റെ വീട്ടിൽ ”

പ്രിയക്കൊപ്പം നടക്കുന്നതിനിടെ പുച്ഛത്തോടെ ഇന്ദു പറഞ്ഞു.

“ദേ പെണ്ണേ.. വെറുതെ എനിക്ക് വേണ്ടിയിട്ട് നീ അവരോട് വഴക്കിനൊന്നും നിക്കരുത് കേട്ടോ. എത്രയായാലും നിന്റെ അമ്മയും ഏട്ടനുമാണ്. എന്നേക്കാൾ നിനക്ക് ആവിശ്യമുള്ളവർ.. അത് മറക്കരുത് നീ ”
പ്രിയ ഇന്ദുവിനെ ഓർമിപ്പിക്കുന്നത് പോലെ പറഞ്ഞു.

“ചെറ്റത്തരം കാണിക്കാൻ കൂട്ട് നിന്നിട്ട് കിട്ടുന്ന ആ ബന്ധുബലം തത്കാലം ഇന്ദുലേഖക്ക് വേണ്ട ”
അത് പറയുമ്പോഴും അവളുടെ മുഖം അൽപ്പം പോലും അയഞ്ഞില്ല.

“കല്യാണം ഉറപ്പിക്കുന്ന സമയത്ത് ഏട്ടന് കുറച്ചൊക്കെ അറിയാമായിരുന്നു നിന്റെ കാര്യങ്ങൾ. കൂടുതൽ എന്തേലും അറിയണമെങ്കിൽ എന്നോട് ചോദിക്കാനും ഞാൻ പറഞ്ഞതാ.അന്നൊന്നും അവനൊന്നും അറിയണ്ട.ദിവ്യ പ്രേമം ന്നും പറഞ്ഞു നടന്നിട്ട് ഒടുവിൽ.. ആ വീട് ബാങ്കിൽ ജപ്തി നോട്ടീസ് വന്നതിന്റെ നാണക്കേട് എന്നൊരു പേരും പറഞ്ഞിട്ട് .. നാണം കെട്ടവൻ ”
അത് പറയുമ്പോൾ ഇന്ദുവിന്റെ പല്ലുകൾ ഞെരിഞ്ഞു.

അന്നത്തെ ആ അപമാനം ഓർത്തു കൊണ്ടാണ് പ്രിയ മൗനം പാലിച്ചത്.
“അല്ലെങ്കിലും ന്തിന് ഏട്ടനെ മാത്രം പറയുന്നു. തുടക്കത്തിൽ തന്നെ ഒരു കാരണം കാത്ത് നിൽക്കുന്ന എന്റെ അമ്മയെന്ന ഒരാളുണ്ടല്ലോ.സ്വന്തമായിട്ടൊരു മകൾ ഉണ്ടെന്ന് പോലും ഓർക്കാതെ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെ.. ഇല്ലാതാക്കാൻ ഏട്ടനൊപ്പം ചേർന്നിട്ട് ”
ഇന്ദു കിതപ്പോടെ പ്രിയയെ നോക്കി.

“പോട്ടെടി പെണ്ണേ.. സാരമില്ല..”
നേർത്തൊരു ചിരിയോടെ പ്രിയ ഇന്ദുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു..

തുടരും..