24/04/2026

പ്രിയേ പ്രാണനേ : ഭാഗം 02

രചന – ജിഫ്ന നിസാർ

“അച്ഛൻ ഒറ്റയൊരാളാ ഇവനെയിങ്ങനെ…”

മാധവന്റെ ഒറ്റ നോട്ടം കൊണ്ട് തന്നെ മഹാദേവൻ പറയാൻ വന്നത് പാതിയിൽ നിർത്തി.

“എന്താടാ നിർത്തിയത്.നീ പറ ”

മാധവൻ ഗൗരവത്തോടെ പറഞ്ഞു.

“MBA ലണ്ടനിൽ നിന്നും പഠിച്ചിറങ്ങിയ ഇവൻ ദേ വീണ്ടും ഈ ക്യാമറയും തൂക്കി നടക്കുന്നത് അച്ഛൻ സപ്പോർട്ട് ചെയ്യാൻ പിന്നിലുണ്ടാവും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ്.ഞാനത് എവിടെയും പറയും.അതിലെവിടെയാ തെറ്റ്? ”

മാധവന്റെ അരികിൽ യാതൊരു കൂസലും കൂടാതെ… തല ഉയർത്തി നിൽക്കുന്ന അയാളുടെ കൊച്ചുമോൻ… മഹാദേവന്റെ മകൻ… ആദിത് മഹാദേവിനെ നോക്കിയാണ് അയാളത് പറഞ്ഞത്.

“ഫോട്ടോഗ്രാഫിയിൽ എനിക്ക് കൂടുതൽ സ്പെഷ്യലൈസ് ചെയ്തു പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടും അച്ഛൻ എന്നെ ലണ്ടനിൽ നിർബന്ധിച്ചു പറഞ്ഞു വിട്ടതല്ലേ.?അച്ഛൻ ആഗ്രഹിച്ചത് പോലെ.. നന്നായി പഠിച്ചിട്ട് അതിന് ഞാൻ ആ ക്യാമ്പസ് ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ടോപ് സ്കോർ നേടിയ സർട്ടിഫിക്കറ്റും കൊണ്ട് തന്നില്ലേ..? ഇനിയെങ്കിലും.. എന്നെ എന്റെ വഴിക്ക് വിട്ടൂടെ.? ”

ദേഷ്യം കൊണ്ട് ആദിത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

മഹാദേവൻ അപ്പോഴും കുറ്റപ്പെടുത്തി കൊണ്ട് സ്വന്തം അച്ഛനെയാണ് നോക്കിയത് ..

മാധവൻ നേർത്തൊരു ചിരിയോടെ കൊച്ചു മകന്റെ കയ്യിൽ പിടിച്ചു..

“നിന്നെപ്പോലെ എല്ലാവർക്കും നാടും വീടും ഉപേക്ഷിച്ച് .. കാശ് മാത്രം മോഹിച്ച് വിദേശത്തേക്ക് പോകാൻ താല്പര്യമുണ്ടാവില്ല ദേവാ..”

പതിയെയെങ്കിലും ഗാഭീര്യം നിറഞ്ഞ അയാളുടെ വാക്കുകൾ.

മഹാദേവന്റെ മുഖം ഞൊടിയിട കൊണ്ട് വിളറി.

“എന്റെയും ദേവകിയുടെയും ഒറ്റ മകനായിരുന്നു നീ. നീ ആഗ്രഹിച്ചത് പോലെ അന്നത്തെ കാലത്ത്… പഠിക്കാൻ ദൂരെ പറഞ്ഞു വിടാൻ ഒട്ടും മനസ്സില്ലാതിരുന്ന നിന്റെ അമ്മയെ പോലും പറഞ്ഞു സമ്മതിപ്പിച്ചു കൊണ്ട് .. നിന്നെ ഞാൻ ഡൽഹിയിൽ പഠിക്കാൻ പറഞ്ഞു വിട്ടു.. ശരിയല്ലേ?”
മാധവൻ നേർത്തൊരു ചിരിയോടെയാണ് സംസാരിക്കുന്നത്.

അയാൾ അല്ലെങ്കിലും അങ്ങനെയാണ്. അമിത സ്നേഹപ്രകടനങ്ങളൊന്നും തന്നെയുണ്ടാവില്ല.
പക്ഷേ.. അയാളെ സ്നേഹിക്കുന്നവർക്കും അയാൾ സ്നേഹിക്കുന്നവർക്കും ഒരു നോട്ടത്തിലൂടെ ആ സ്നേഹം പകർന്നു കൊടുക്കാൻ കഴിയും..

അത് പോലെ തന്നെ… ഒറ്റ നോട്ടത്തിലൂടെ ആ മനസ്സിലുള്ള ദേഷ്യവും ഇഷ്ടക്കേടും അതിന്റെ തീവ്രത ഒട്ടും കുറയാതെ തന്നെ മനസ്സിലാക്കി കൊടുക്കാനും കഴിയും.

അതയാളുടെ കഴിവായിരുന്നു.

“അത് പോലാണോ അച്ഛാ ഇപ്പോഴത്തെ കാര്യം? ഇവന്റെ ഫ്യുചർ എനിക്കങ്ങനെ നിസ്സാരമാക്കി കളയാൻ കഴിയുമോ.?ഇത്രേം കാശ് മുടക്കി ഞാൻ ഇവനെ പഠിപ്പിച്ചത്.. എനിക്ക് ചില സ്വപ്നങ്ങൾ ഉണ്ടായിട്ട് തന്നെയാ ..”

മഹാദേവന്റെ മുഖം ഇരുണ്ടു പോയിരുന്നു അത് പറയുമ്പോൾ..

“എനിക്ക് എന്റെ സ്വപ്നങ്ങൾക്കാണ് ഇമ്പോർടന്റ്റ്‌ ”
അയാളെ നോക്കാതെ ആദി പറഞ്ഞതും ആ മുഖം കൂടുതൽ കടുത്തു പോയി.

മാധവൻ മാഷ് അപ്പോഴും ചെറിയൊരു ചിരിയോടെ തലയാട്ടി കൊണ്ട് അവരെ നോക്കി

“മക്കളെ കുറിച്ച് എല്ലാവർക്കും ഉണ്ടാവും ദേവാ സ്വപ്നങ്ങൾ. അതെല്ലാം നടക്കണമെന്ന് മാതാപിതാക്കൾ വാശി പിടിക്കാൻ പറ്റുവോ?”

മാഷ് ശാന്തമായി മകനെ നോക്കി ചോദിച്ചു.

ആദി പിന്നൊന്നും മിണ്ടാതെ നിൽക്കുകയാണ്.

അവനറിയാം.. താൻ പ്രതികരിച്ചാലും ഇല്ലെങ്കിലും അച്ഛൻ പറയാൻ വന്നത് പറഞ്ഞിട്ട് പോകുമെന്ന്.

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും ശരി, ഇക്കാര്യം എനിക്കങ്ങനെ നിസ്സാരമാക്കി കാണാൻ കഴിയില്ല. ആദിയെ ഞാൻ പോകുമ്പോൾ ദുബായിലേക്ക് കൂടെ കൊണ്ട് പോകുകയും ചെയ്യും. ഇത് പറഞ്ഞു കൊണ്ട് ഇനി നമ്മൾ കൂടുതൽ മുഷിയേണ്ട ”

കൂടുതൽ പറയാൻ ഒന്നുമില്ലെന്നത് പോലെ ആദിയെ ഒന്ന് കൂടി നോക്കി കൊണ്ട് മഹാദേവൻ തിരിഞ്ഞു നടന്നു.

“നീ ഒന്ന് നിന്നേ ദേവാ..”
പിന്നിൽ നിന്നും മാഷിന്റെ പ്രൗഡമായ സ്വരം.
പിടിച്ചു കെട്ടിയ പോലെ.. മഹാദേവൻ നിന്ന് പോയി.

“ഇപ്പൊ.. നിന്റെ മകനെ കുറിച്ചുള്ള അതേ സ്വപ്നങ്ങൾ ഒരിക്കൽ നീയെന്ന മകനെ കുറിച്ച് എനിക്കും എന്റെ ഭാര്യക്കും ഉണ്ടായിരുന്നു .. അറിയില്ലേ നിനക്കത്?”
വല്ലാത്തൊരു മുറുക്കമുള്ള ചോദ്യം.

“അറിയില്ലേ?”
ഉത്തരം വേണമെന്ന് വാശിയുള്ളത് പോലെ മാഷ് ഒന്നൂടെ ആവർത്തിച്ചു.

‘മ്മ്.. ”
ആ ഉത്തരം പറയുമ്പോൾ മഹാദേവന്റെ മുഖം കുനിഞ്ഞിരുന്നു.

“നാട്ടിലെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറിയ നിന്നെ ഓർത്തിട്ട് ഞാനും എന്റെ ഭാര്യയും ഒരുപാട് അഭിമാനിച്ചിരുന്നു. പക്ഷേ അധികം ആയുസ്സുണ്ടായില്ല അതിന്. അതിന് നീ അവസരം തന്നില്ല എന്ന് പറയുന്നതാവും ശരി.കൂടുതൽ പണം നേടാനുള്ള ആർത്തി നിന്നെ ഭരിച്ചു തുടങ്ങിയപ്പോൾ.. നിനക്ക് വിദേശത്തേക്ക് പോകണമായിരുന്നു. നിന്റെ അമ്മ സുഖമില്ലാത്ത അവസ്ഥയിൽ ആയിരുന്നിട്ട് കൂടി നിന്നെ ഞാൻ തടഞ്ഞില്ല… എന്താ.. അങ്ങനല്ലേ?”
മാഷ് മഹാദേവന് മുന്നിൽ വന്നു നിന്നു.

ദേവന്റെ മുഖം ഉയർത്തി നോക്കിയതേ ഇല്ലായിരുന്നു.

അസഹിഷ്ണുത നിറഞ്ഞ അയാളുടെ മുഖത്തേക്ക് ആദി പുച്ഛത്തോടെ നോക്കി.
മറക്കാൻ ശ്രമിക്കുന്ന വേദനിപ്പിക്കുന്ന പഴയ ഓർമകൾ പലതും അവന് ചുറ്റും മൂളി പറന്നു തുടങ്ങി.. അച്ഛന്റെ ആ കുനിഞ്ഞു പോയ ശിരസ്സ് കണ്ടപ്പോൾ..

“നീ എന്ന മകൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ ഭാര്യക്ക് ഞാൻ ഉണ്ടാവുമായിരുന്നു തുണയായി. പക്ഷേ ദേവകി ആഗ്രഹിക്കുന്നുണ്ടായിരുന്നു നീ എന്ന ഒറ്റ മകന്റെ സാമിപ്യം. പറഞ്ഞില്ലങ്കിൽ കൂടിയും എനിക്കത് അറിയാൻ കഴിഞ്ഞിരുന്നു. അമ്മയുടെ കൂടെ നിൽക്കാനുള്ള ആഗ്രഹം നിനക്കില്ലെങ്കിൽ നീ നിന്റെ വഴിയേ പോവട്ടെ എന്നാണ് അന്ന് ഞാൻ കരുതിയത്..”
മാഷ് വീണ്ടും മകനെ നോക്കി ചിരിച്ചു.

“പോയി വർഷങ്ങൾ കഴിഞ്ഞിട്ടും നിനക്ക് ഞങ്ങളെ കാണാൻ തോന്നിയില്ല. ഒറ്റ മകനായ നിന്നെ കാണാൻ ഞാനും എന്റെ ഭാര്യയും ഒരുപാട് കൊതിയോടെ കാത്തിരിക്കുന്നുവെന്ന് നീ അറിഞ്ഞതുമില്ല ”

അത് പറയുമ്പോൾ ആ സ്വരം പതിഞ്ഞു പോകുന്നത് ആദി അറിഞ്ഞു.
അച്ഛനെ നോക്കിയ അവന്റെ കണ്ണിൽ ദേഷ്യമാളി.

“ഒരു കൊല്ലത്തോളം അസുഖം പിടിച്ചു കിടന്നിട്ടും അത് ഞാൻ പലപ്പോഴും നിന്നെ അറിയിച്ചിട്ടും, എന്റെ ഭാര്യയെ കാണാൻ നീ വന്നില്ല. നീ കാശുണ്ടാക്കുന്ന തിരക്കിലായിരുന്നു. അവസാനം… എന്നെന്നേക്കുമായി അവളുറങ്ങി പോയ അന്നും നിനക്ക് ലീവ് കിട്ടിയില്ല. അമ്മയെ അവസാനമായൊന്നു വന്നു കാണാൻ നിനക്ക് ടൈം ഇല്ലായിരുന്നു…ലക്ഷങ്ങൾ അമ്മയ്ക്ക് വേണ്ടി കളയാൻ മാത്രം വിഡ്ഢി അല്ല താനെന്ന്.. നീ സ്വയം ഊറ്റം കൊണ്ട് കാണും.. വന്നില്ല നീ..വരാൻ നിനക്ക് സൗകര്യമുണ്ടായില്ല ”
മാഷിന്റെ ശബ്ദം രൗദ്രഭാവത്തിലേക്ക് നീങ്ങുന്നത് ആദി ചങ്കിടിപ്പോടെ നോക്കി നിന്നു.
ദേവൻ അപ്പോഴും നിലത്തേക്ക് നോക്കി നിൽപ്പായിരുന്നു.

“തണുത്ത് മരവിച്ച എന്റെ ദേവകി അന്നും നിന്നെ കാത്ത് കിടന്നു . പിറ്റേന്ന് നീ വന്നിറങ്ങുമ്പോൾ നിന്റെ കൂടെ നിന്റെ ഭാര്യയെന്ന് പറഞ്ഞു നീ പരിചയപെടുത്തിയ ഒരു പെണ്ണും ഉണ്ടായിരുന്നു ”

അത് പറയുമ്പോൾ മാധവൻമാഷിന്റെ ചുണ്ടുകൾ പുച്ഛത്തോടെ കോടി പോയിരുന്നു.

ആദി നെഞ്ച് വിങ്ങിയത് പോലെ പിടഞ്ഞു പോയ്.

“മകനൊരു കുടുംബമുണ്ടായി കാണാൻ ഒരുപാട് കൊതിച്ച എന്റെ ദേവകി അതൊന്നും അറിയാതെ അന്ന് ശാന്തമായി ഉറങ്ങുമ്പോൾ.. എനിക്കിനി സ്വന്തമൊന്നു പറയാൻ ആകെയുള്ള മകൻ.. എന്നിൽ നിന്നെത്ര ദൂരെയാണെന്ന് ഞാൻ അന്ന് മനസ്സിലായി.. നീ എന്ന മകനിൽ എനിക്കിനി ആഗ്രഹങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ലാ എന്ന് മനസ്സിലായി.അതോടെ ആ വേദനയും പോയി ”

മാഷിന്റെ ചുണ്ടിൽ വീണ്ടും വേദന നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു.

ആദിക്കാണ് അത് കണ്ടപ്പോൾ ഹൃദയം പിടഞ്ഞത് .

“ഒറ്റയ്ക്ക് ഈ വലിയ വീട്ടിൽ കഴിയേണ്ടി വന്നപ്പോഴും നിന്റെ സ്വപ്നങ്ങൾക്ക് എതിര് നിന്നിട്ടില്ല ഞാൻ. നിന്നെ നിന്റെ വഴിക്ക് വിട്ട് വഴി മാറി തന്നതാണ് ഞാൻ.ആ മര്യാദ നീ നിന്റെ മകനോടും കാണിക്കണം ദേവാ ”
ആക്ഞ്ഞ നിറഞ്ഞ ആ സ്വരം.
ദേവൻ അറിയാതെ തന്നെ മുഖം ഉയർത്തി നോക്കി.

“അച്ഛൻ.. അച്ഛനെ അന്ന് വൈകുന്നേരം മടങ്ങുമ്പോൾ ഞാൻ കൂടെ വിളിച്ചില്ലേ.. വരാഞ്ഞിട്ടല്ലേ?”
നനഞ്ഞ പടക്കം പോലെ.. പതിയെ ദേവനത് പറയുമ്പോൾ പിടിച്ചു നിൽക്കാനുള്ള അയാളുടെ തത്രപാടിനെ ആദി പുച്ഛത്തോടെ നോക്കി.

“എന്റെ ഭാര്യയുടെ ചിതയാറും മുന്നേ നിനക്കൊപ്പം വന്നു നിന്റെ പരിഷ്കാരങ്ങൾക്ക് കുട പിടിക്കാൻ പോരാൻ ഞാൻ നിന്റെയാത്ര നന്ദികെട്ടവനല്ലല്ലോ മോനെ ദേവാ. മറിച്ചാലും മറക്കില്ലെന്ന് മാധവൻ അവൾക്ക് വാക്ക് കൊടുത്തതാടാ.. ഇന്നും അത് പാലിക്കുന്നുണ്ട്. വസ്ത്രം മാറുന്ന ലാഘവത്തോടെ.. കയ്യിൽ വരുന്ന കാശിനെ മാത്രം ലക്ഷ്യമിട്ട് കൊണ്ട് ബന്ധങ്ങൾ മാറുന്ന.. നിനക്കത് പറഞ്ഞാലൊട്ട് മനസ്സിലാവുകയുമില്ല.”

അങ്ങേയറ്റം പരിഹാസം നിറഞ്ഞ ആ വാക്കുകൾക്ക് മുന്നിൽ ദേവന്റെ തല താഴുന്നത് ആദി തൃപ്തിയോടെ നോക്കി.

“എന്റെ ദേവകി പോയ അന്ന് മുതൽ മാധവൻ ഒറ്റക്കാണ്. എന്നിട്ടും നിന്നെ ഞാൻ ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ലല്ലോ .ഞാൻ നിന്റെ കൂടെ വരാത്തതിന്റെ ദേഷ്യത്തിൽ ഒരു ഫോൺ കോളിൽ പോലും നീ എന്നെ അന്വേഷിച്ചു നോക്കിയിട്ടുമില്ല . ദേ.. പ്ലസ് ടൂ പഠനം കഴിഞ്ഞു ആദി ഇങ്ങോട്ട് വരും വരെയും നിനക്ക് ഇവിടെ ഇങ്ങനൊരു അച്ഛനുള്ള കാര്യം ഓർമയുണ്ടായതുമില്ല. നിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും.. ഉണ്ടായിട്ടും അതിനൊന്നും അച്ഛന്റെ ആവിശ്യം വന്നിട്ടുമില്ല ”
കടുപ്പത്തിൽ പറഞ്ഞു കൊണ്ട് മാധവൻ മാഷ് ദേവനെ നോക്കി.

പ്ലസ് ടൂ പഠനം വരെയും ദുബായ് ഇന്റർനാഷനൽ സ്കൂളിൽ പഠിച്ച ആദി.. അതിന് ശേഷം നാട്ടിൽ മുത്തച്ഛനൊപ്പം നിന്ന് പഠിക്കുമെന്ന് വാശി പിടിച്ചത് എത്രയൊക്കെ തടഞ്ഞിട്ടും മഹാദേവന് അവന്റെ വാശിക്ക് മുന്നിൽ തോറ്റു നടത്തി കൊടുക്കേണ്ടി വന്നു.

ഡിഗ്രി മുതൽ ആദിയും മുത്തച്ചനും ഒന്നിച്ചായിരുന്നു.
അന്ന് മുതൽ.. രണ്ട് മാസം കൂടുമ്പോൾ മകനെ കാണാൻ വരാനും.. രണ്ട് ദിവസം കൂടുമ്പോൾ വിളിച്ചു വിശേഷം തിരക്കാനും മഹാദേവൻ എന്ന മകനെക്കാൾ മഹാദേവൻ എന്ന അച്ഛന് സമയമുണ്ടായിരുന്നു.

മാഷിന്റെയും കൊച്ചുമകന്റെയും കൂട്ട് കെട്ട് മഹാദേവനെയാണ്കൂടുതൽ അസ്വസ്ത്ഥതപ്പെടുത്തിയത്.

മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ… ഡിഗ്രി.. ലാസ്റ്റ് ഇയർ കഴിഞ്ഞതോടെ മഹാദേവൻ അവനെ ലണ്ടനിൽ MBA പഠിക്കാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു.

ഫോട്ടോഗ്രാഫിയിൽ അവനുള്ള താല്പര്യം മനസ്സിലാക്കിയ മാഷിനെ മകന്റെ ഭാവി നശിപ്പിക്കരുത് എന്നൊരു വിലക്കോടെ മഹാദേവൻ നിശബ്‍ദനാക്കി.

ഈ പ്രായത്തിനിടക്ക് അവൻ അനുഭവിച്ചത് മുഴുവനും അവൻ പറഞ്ഞിട്ട് നന്നായി അറിയാവുന്ന മാഷ്, താൻ കാരണം അവനൊരു നല്ല ഭാവി നഷ്ടം വരരുത് എന്ന് കരുതി കൂടുതലൊന്നും പറഞ്ഞതുമില്ല.

“കുറച്ചു ദിവസം ആദി എന്റെ കൂടെ നിൽക്കട്ടെ ദേവാ.. നീ നിന്റെ ചെറുപ്പത്തിൽ ആസ്വദിച്ച ഈ നാടിന്റെ നന്മ.. നിന്റെ മകനും കൂടിയൊന്ന് അനുഭവിക്കട്ടെ..അത് കഴിഞ്ഞു മതി നിന്റെ പരിഷ്കാര നിയമങ്ങൾ അവന്റെ മേൽ അടിച്ചേല്പിക്കുന്നത്.നീ പോ.. പോയിട്ട് നിനക്ക് ചെയ്യാനുള്ളത് ചെയ്യ് ”

അവസാനവാക്കെന്നോണം മാധവൻ അത് പറയുമ്പോൾ മഹാ ദേവന്റെ മുഖം കടുത്തു..

ആദി പക്ഷേ… നേർത്തൊരു ചിരിയോടെ തല ഉയർത്തി പിടിച്ചു നിന്നു.

❣️❣️

തിരികെ നടക്കുമ്പോൾ തന്നെ ചുറ്റി വരിഞ്ഞു നിന്നിരുന്ന ഒരു മുള്ള് വേലി താനേ പൊഴിഞ്ഞു വീണത് പോലൊരു ആശ്വാസമായിരുന്നു പ്രിയക്ക് തോന്നിയത്.

ഇതിങ്ങനെ തന്നെ വരുമെന്ന് അവൾ മുന്നേ തന്നെ ഉറപ്പിച്ചു വെച്ചതായിരുന്നു.
അല്ലങ്കിലും തനിക്ക് വേണ്ടി ആയിരുന്നില്ലല്ലോ രാജീവിന്റെ ആലോചന വന്നപ്പോൾ സമ്മതിച്ചു കൊടുത്തത്.
മാധവൻ മാഷിന്റെ സ്കൂളിൽ ജോയിൻ ചെയ്തതിന്റെ പിറ്റേ ആഴ്ച മുതൽ കാണുന്നതാണ് രാജീവിന്റെ നോട്ടം.

അതിന് മുന്നേയും അയാളെ വളരെ നന്നായി അറിയാമെങ്കിലും.. നേരിട്ട് സംസാരിച്ചിട്ടൊന്നുമില്ല.

“ആ നശിച്ചവന്റെ പിടിയിൽ നിന്നും നിനക്ക് രക്ഷപെട്ടു പോകാൻ ദൈവം അറിഞ്ഞു തന്ന അവസരമാണ് മോളെ. എന്റെ മോൾ എതിര് പറയരുത്.”
സുജയുടെ അന്നത്തെ യാചന അപ്പോഴും അവളുടെ കാതിൽ കേൾക്കുന്നുണ്ടായിരുന്നു.

പത്മ ഒന്നും പറഞ്ഞില്ലെങ്കിലും രക്ഷപെട്ടു പോ എന്നൊരു ഓർമപ്പെടുത്തൽ ഓരോ നോട്ടത്തിലും ഒളിപ്പിച്ചു വെച്ചിരുന്നു.

രാജീവിന്റെ ആലോചന വന്നപ്പോഴും.. അതിന് സമ്മതിച്ചു കൊടുക്കുമ്പോഴും.. ഏറെ സന്തോഷവും ആശ്വാസവും തോന്നിയൊരു കാര്യം വളരെയേറെ പ്രിയപ്പെട്ട ഒരു മുഖം അയാളുടെ വീട്ടിൽ ഉണ്ടായിരുന്നുവന്നതാണ്.
ഹൃദയത്തോട് വളരെ അടുത്ത് ചേർത്ത് വെച്ച ഒരാൾ…

ആ ഓർമയിൽ പോലും പ്രിയ ചിരിക്കുന്നുണ്ടായിരുന്നു.വളരെ മനോഹരമായി…..

തുടരും..