17/04/2026

അന്നൊരിക്കൽ : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ

സൗമിനിയുടെ വീടിന് മുന്നിൽ എത്തി വണ്ടി നിർത്തിയതും ഗിരി ചാടി ഇറങ്ങി.

നേരം രാത്രി ഒൻപത് മണി ആയിരുന്നു.

വാഹനത്തിന്റെ ശബ്‌ദം കേട്ട് സൗമിനി മുറിയിൽ നിന്നും ഹാളിലേക്ക് ഇറങ്ങി വന്നതും, ഗിരി ഓടി അവർക്കരികിൽ എത്തി.

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
കവിളുകൾ ചുവന്ന് ചുവന്ന്, ഉടൽ വിറക്കുന്നുണ്ട്..

ഒറ്റ നിമിഷം, അയാൾ അവളെ കെട്ടിപ്പിടിച്ചു.അയാളുടെ മിഴിനീർ തന്റെ തോളിൽ പടരുന്നത് സൗമിനി അറിഞ്ഞു.

ചോദ്യങ്ങളില്ല,പറച്ചിലുകളില്ല… നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ മുഖമുയർത്തി

അവളെ ഒന്ന് നോക്കിയിട്ട്,അയാൾ പുറത്ത് കിടന്ന കാറിൽ കയറി ഇരുന്നു.

മധു അകത്തേക്ക് വന്നു.

എന്താ മധുവേട്ടാ.. പ്രശ്നം.

ഹരിയേട്ടനെ ഇന്ന് കണ്ടു. എല്ലാം ഹരിയേട്ടൻ പറഞ്ഞപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്.

ഉം… ഞാൻ ഊഹിച്ചു.

നിനക്ക് ഒരിക്കൽ എങ്കിലും ഇതൊക്കെ തുറന്ന് പറയാമായിരുന്നില്ലേ സൗമിനി.
മധു ചോദിച്ചു.

എന്തിന്??

നിങ്ങൾ പൊയ്ക്കോളൂ…
എനിക്ക് പരിഭവമോ പരാതിയോ ഒന്നുമില്ല.

സൗമിനി പുഞ്ചിരിച്ചു.

@@@@@@@

മധുവും, ഗിരിയും വീട്ടിൽ എത്തുമ്പോൾ കീർത്തിയും ദേവദത്തും മുറ്റത്തെ പുല്പടർപ്പിൽ ഇട്ട കസേരയിൽ ഇരിക്കുകയായിരുന്നു.

അവിടെങ്ങും നിലാവ് പരന്നിരുന്നു

നീല നിലാവിന് കീഴിൽ രണ്ട് ശലഭങ്ങളെ പോലെ അവർ പ്രണയത്തിന്റെ പൂന്തേൻ നുകരുകയായിരുന്നു…

ഒരുമിച്ചിരുന്ന് മനസ്സ് തുറന്നു സംസാരിക്കുമ്പോൾ മനസ് വെണ്ണ പോലെ അലിയും. ഈ ലോകം എത്ര സുന്ദരമാണെന്നും, ഒരു നിമിഷം പോലും അകലാതെ ഒരുമിച്ച് ചേർന്നിരുന്നാൽ മാത്രം മതിയെന്നും തോന്നും.

അല്ലെങ്കിലും പ്രണയത്തിന് മധുരമാണ്… മടുപ്പിക്കാത്ത ഇളം മധുരം…

വണ്ടി വരുന്ന ശബ്ദം കേട്ടതും അവർ എഴുന്നേറ്റു.

പോർച്ചിൽ കാർ വന്ന് നിന്നതും,
ഗിരി ഇറങ്ങി.

കീർത്തിയും ദേവദത്തുംഅടുത്തേക്ക് ചെന്നു.

അവർക്ക് മുഖം കൊടുക്കാതെ ഗിരി അകത്തേക്ക് കയറി പോയി.

എന്ത് പറ്റി മധു അങ്കിളെ… അച്ഛൻ എന്താ വല്ലാതെ ഇരിക്കുന്നത്?

മധു നടന്നതെല്ലാം പറഞ്ഞു..

എല്ലാം കേട്ടതും അവർക്ക് വിഷമം ആയി.

കീർത്തിയുടെ കണ്ണുകൾ നിറഞ്ഞു..
എന്തൊക്കെയാണ് താൻ അമ്മയോട് പറഞ്ഞത്… ഈശ്വരാ… അമ്മ എത്രമാത്രം വേദനിച്ച് കാണും.
നാളെത്തന്നെ അമ്മയെ പോയി കാണണം.

@@@@@@

നാല് ദിവസങ്ങൾ കടന്ന് പോയി.

ദേവാ… അച്ഛൻ വലിയ വിഷമത്തിലാണ് കേട്ടോ, ഭക്ഷണം പോലും നേരാംവണ്ണം കഴിക്കുന്നില്ല. എപ്പോഴും ഓരോന്ന് ആലോചിച്ച്‌ ഇരിക്കും. ഇങ്ങനെ പോയാൽ ശരിയാകില്ല. കീർത്തി പറഞ്ഞു

ഇപ്പതന്നെ നോക്കിക്കേ മൂന്നാലുദിവസം കൊണ്ട് അച്ഛൻ അങ്ങ് കോലം കെട്ടു.
ഇനിയച്ചനെ വിദേശത്തേക്കൊന്നും വിടണ്ട ദേവാ…

ഞാൻ ഒരുപാട് പറഞ്ഞതാ അച്ഛനോട് ഇനി പോകണ്ടെന്ന്, പക്ഷെ… അച്ഛൻ ചില കാര്യങ്ങളിൽ വല്ലാത്ത വാശി കാണിക്കും.

സത്യത്തിൽ അച്ഛനെക്കുറിച്ചോർത്ത് എനിക്കൊരു സമാധാനവും ഇല്ല കീർത്തി.
ഓരോന്നും ആലോചിച്ചു വിഷമിച്ചിരിക്കുന്ന അച്ഛനെ കാണുമ്പോൾ എന്റെ ചങ്ക് തകരുവാ.

ദേവാ ഞാൻ ഒരു കാര്യം പറയട്ടെ

എന്താ?

അവൾ ദേവദത്തിന്റെ അരികിൽ ചേർന്നിരുന്നു.

ഒരുപാട് സ്നേഹിച്ചിട്ടും ഒരുമിക്കാൻ കഴിയാതെ പോയ നമ്മുടെ അച്ഛനെയും അച്ഛന്റെ മിനിക്കുട്ടിയേയും നമുക്കങ്ങ് ഒരുമിപ്പിച്ചാലോ?

എടോ… ഞാനും ഇത് ആലോചിച്ചതാ..
അയാൾ ഒരുപാട് സന്തോഷത്തോടെ പറഞ്ഞു.

നമുക്കിപ്പോൾ തന്നെ അച്ഛനോട് ചോദിച്ചാലോ, കീർത്തി തിടുക്കത്തോടെ ചോദിച്ചു.

വേണ്ടാ, നമ്മൾ പറയുമ്പോൾ അച്ഛന് ഒരു ചമ്മലൊക്കെ തോന്നിയാലോ, നമുക്ക് മധു അങ്കിളിനോട് പറയാം.

ശരിയാ അങ്കിൾ പറഞ്ഞാൽ അച്ഛൻ അനുസരിക്കും.

അമ്മയോടും അങ്കിൾ തന്നെ സംസാരിക്കട്ടെ അല്ലേ?

അതെ, അത് മതി.

@@@@@@@

മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും തോന്നുന്നില്ല.

ഗിരി കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനാലയുടെ അരികിൽ പോയി നിന്നു.
ഇക്കാലമത്രയും വെറും തെറ്റിദ്ധാരണകളുടെ പേരിൽ, ജീവനേക്കാൾ സ്നേഹിച്ചവളെ താൻ വെറുത്തു. ഒരു നീചസ്ത്രീയെ കാണും പോലെ വെറുപ്പോടെ നോക്കി, ആക്ഷേപിച്ചു. അവളുടെ മകളെ പോലും താൻ ഏറെ കരയിപ്പിച്ചില്ലേ..

ഈ പാപഭാരം സഹിക്കാൻ എനിക്ക് കഴിയുന്നില്ല.

ഉറങ്ങാൻ പറ്റുന്നില്ല. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല, എന്തിനേറെ പുറത്തേക്കൊന്നു പോകാൻ പോലും തോന്നാറില്ല.

പെട്ടന്ന് ഗിരിയുടെ ഫോൺ ബെല്ലടിച്ചു.

മധുവാണ്.

എന്താടാ വിളിച്ചത്??

നീ പിള്ളേരേം കൂട്ടി സൗമിനിയുടെ വീട്ടിലേക്ക് ഒന്ന് വാ…

എന്താടാ എന്താ കാര്യം?
അയാൾ വെപ്രാളത്തോടെ ചോദിച്ചു.

ഹേയ് പ്രേത്യേകിച്ച്‌ ഒന്നും ഉണ്ടായിട്ടല്ല.നീ അവരേം കൂട്ടി ഇങ്ങ് വാ, ബാക്കി അപ്പോൾ പറയാം.

ഗിരി കീർത്തിയെയും ദേവദത്തിനെയും കൂട്ടി, സൗമിനിയുടെ വീട്ടിൽ എത്തി.

മധു അവിടെ ഉണ്ടായിരുന്നു.

കീർത്തി അമ്മയുടെ അരികിലേക്ക് ചെന്ന് ആ തോളിലേക്ക് മുഖം അമർത്തി നിന്നു. സൗമിനി അവളുടെ തലയിൽ തഴുകി.

സൗമിനി എല്ലാവർക്കും ഓരോ ഗ്ലാസ്സ് ചായ നൽകി.കൂടെ കഴിക്കാൻ കുറച്ച് സ്നാക്സും എടുത്തു വച്ചു.

എല്ലാവരും കേൾക്കാൻ വേണ്ടി, വളച്ചു കെട്ടില്ലാതെ ഒരു കാര്യം പറയാം. മധു ഉറക്കെ പറഞ്ഞു

എനിക്ക് കുട്ടിക്കാലം മുതൽ സൗമിനിയെയും അറിയാം ഗിരിയെയും അറിയാം. നമ്മൾ ഒരുമിച്ച് ഒരുനാട്ടിൽ കളിച്ചു വളർന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം പറയാനുള്ള അധികാരം എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്.

ഈ വൈകിയ വേളയിൽ എങ്കിലും, നിങ്ങൾ രണ്ടാളും ഒരുമിക്കണം എന്നാണ് എന്റെ ആശ, കീർത്തിക്കും ദേവദത്തിനും അങ്ങനെ ഒരു മോഹമുണ്ട്.
എന്താ രണ്ടാളുടെയും അഭിപ്രായം?

മധു ഗിരിയുടെ മുഖത്തേക്ക് നോക്കി.

അയാൾ ഒന്നും പറയുന്നില്ല, അയാൾ എന്തോ കടുത്ത ചിന്തയിലാണ്.

അല്ല സൗമിനി ഒന്നും പറഞ്ഞില്ല.. മധു സൗമിനിയെ നോക്കി.

എനിക്ക് സമ്മതമല്ല മധുവേട്ട….

ഒന്നുകൂടെ ആലോചിച്ചിട്ട് പോരേ സൗമിനി??

എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ല.

എന്നാലും….

വേണ്ടെടാ.. ഇനിയൊന്നും പറയണ്ട. ഗിരി മധുവിന്റെ കൈയിൽ പിടിച്ചു.

അമ്മാ… ഒന്നും കൂടെ ആലോചിച്ചിട്ട് പോരേ?
കീർത്തി അമ്മയോട് ചോദിച്ചു.

ഇല്ല എനിക്കൊന്നും ആലോചിക്കാൻ ഇല്ല.

അവിടെങ്ങും മൗനം നിറഞ്ഞു. ആർക്കും ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് പോലെ…

സൗമിനി… നീയിവന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ..
സ്നേഹത്തിന്റെ പേരിൽ ഒരുപാട് തവണ തോറ്റുപോയവനാ, അവൻ അറിഞ്ഞുകൊണ്ട് തോറ്റു തരുന്നതാ… മറ്റുള്ളവർക്ക് വേണ്ടി കൂടെ ജീവിക്കാനെ അവനറിയൂ…

ഈ ഒരൊറ്റ തവണ എങ്കിലും അവനെ ഒന്ന് ജയിക്കാൻ അനുവദിച്ചൂടെ നിനക്ക്?
മധു ഇടർച്ചയോടെ ചോദിച്ചു.

മധുവേട്ട… മധുവേട്ടൻ പട്ടിണി കിടന്നിട്ടുണ്ടോ, ഇല്ല അല്ലേ? പക്ഷെ ഞാൻ കിടന്നിട്ടുണ്ട്..
എന്റെ കാൽ ഒടിഞ്ഞതിന്റെ ചിക്കത്സക്കായി ഒരു രൂപ പോലും കൈയിൽ ഇല്ലാതെ എന്റെ അമ്മ ഭിക്ഷ ഇരുന്നിട്ടുണ്ട്.
അന്നാണ് ഞാൻ മനസിലാക്കിയത് എനിക്ക് അമ്മയും അമ്മക്ക് ഞാനുമേ ഉള്ളൂ എന്ന സത്യം.

ചികിത്സ കഴിഞ്ഞ് പോകാൻ ഇടമില്ലാതെ വഴിയിൽ നിന്ന ഞങ്ങളെ സഹായിച്ചത് അതിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പാവം മനുഷ്യനാണ്.
അദ്ദേഹം എടുത്ത് തന്ന ഒറ്റ മുറി വീട്ടിൽ നിന്ന്, ഞാൻ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു.

കിട്ടിയ എല്ലാ ജോലിയും ചെയ്തു. എന്റെ കഷ്ടപ്പാടിന്റെ വിലയായിരിക്കാം എനിക്ക് നല്ലൊരു ജോലി കിട്ടി, ഉയർന്ന ശമ്പളം, നല്ലൊരു വീട് ഒക്കെ ഞാൻ നേടി..
പക്ഷെ…. എന്നെ വിശ്വാസമില്ലാതെ എന്നെ ഉപേക്ഷിച്ചു പോയ ഗിരിയേട്ടനെക്കുറിച്ച് ആലോചിക്കുമ്പോൾ മാത്രം ഞാൻ ജീവനില്ലാത്ത എന്നോ മരണപ്പെട്ടു പോയ ഒരുവൾ ആണെന്ന് സ്വയം തോന്നും.

ഒരിക്കൽ ഞാൻ അറിഞ്ഞു ഗിരിയേട്ടൻ വിദേശത്താണ് എന്ന്.

അമ്മയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ, ഒടുവിൽ അമ്മയുടെ ആത്മഹത്യ ഭീഷണിക്കുമുൻപിൽ,ഞാൻ വിവാഹത്തിന് നിർബന്ധിതയായി. മനോഹരൻ എന്നായിരുന്നു അദേഹത്തിന്റെ പേര്.

വിവാഹത്തിന് മുൻപ് ഞാൻ എല്ലാം അദ്ദേഹത്തോട് തുറന്ന് പറഞ്ഞു, അതൊന്നും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അദേഹത്തിന്റെ ഭാര്യ ആയിട്ടും എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാൻ മാത്രം കഴിഞ്ഞില്ല.

പക്ഷെ, അദ്ദേഹം ഒരു പരാതിയും പറഞ്ഞില്ല ക്ഷമയോടെ കാത്തിരുന്നു.
ഒടുവിൽ എപ്പോഴോ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങി.
ഞങ്ങൾക്കിടയിലേക്ക് കീർത്തിമോൾ വന്നു.

പക്ഷെ… പക്ഷെ… എന്റെ മനസ്സ് എപ്പോഴോ എന്റെ കൈവിട്ട് പോയി. വിഷാദം എന്നെ വന്ന് മൂടി.
എന്തായിരുന്നു അതിന്റെ കാരണം എന്ന് എനിക്കിന്നും അറിയില്ല. മനസിന്റെ കാര്യമല്ലേ

മധുവേട്ടന് അറിയുമോ ഉറക്കഗുളിക ഇല്ലാതെ എനിക്കൊരു ദിവസം പോലും ഉറങ്ങാൻ കഴിയാറില്ല.
ഇപ്പോഴും ഡിപ്രെഷന്റെ മരുന്ന് കഴിക്കാറുണ്ട് ഞാൻ.
നിങ്ങളൊന്നും വിചാരിക്കുന്നത് പോലെ അല്ല ഒരു പെണ്ണിന്റെ മനസ്സ്.

ഇപ്പോൾ പറഞ്ഞില്ലേ ഇനിയുള്ള കാലം ഗിരിയേട്ടനുംഞാനും ഒരുമിച്ചു ജീവിക്കണം എന്ന്.
എനിക്കതിനു സാധിക്കില്ല. എന്നെ വിശ്വസിക്കാൻ കൂട്ടാക്കാത്ത ഗിരിയേട്ടനേക്കാൾ, എനിക്കായി ക്ഷമയോടെ കാത്തിരുന്ന എന്റെ കുഞ്ഞിന്റെ അച്ഛന്റെ ഓർമ്മകളുമായി ഇനിയുള്ള കാലമെങ്കിലും ഞാൻ ജീവിച്ചോട്ടെ…
എന്നെ ഒന്ന് വെറുതെ വിട്ട് കൂടെ….

സൗമിനി മുഖം പൊത്തി.ആ വിരലുകൾക്കിടയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

നമുക്ക് പോകാം.. ഗിരി എഴുന്നേറ്റു .

@@@@@@@@@

കീർത്തി അച്ചാറും മറ്റ് കഴിക്കാനുള്ള സാധനങ്ങളും ഒക്കെ പാക്ക് ചെയ്തു വയ്ക്കുകയാണ്. അച്ഛൻ ഇന്ന് പോകുകയാണ്.ബാക്കിയുള്ള സാധങ്ങൾ ഒക്കെ ഇന്നലെത്തന്നെ ഒരുക്കി വച്ചു.

ഇനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിട്ടും അച്ഛന് പോകണമെന്ന് ഒരേ വാശി.
അടുത്ത കൊല്ലം ജോലി മതിയാക്കി പോരാമെന്നാണ് പറയുന്നത്.

കീർത്തിക്ക് വല്ലാത്ത സങ്കടം വന്നു.

എത്ര പറഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ അച്ഛൻ പോകണമെന്ന് വാശി പിടിക്കുന്നത്.
അച്ഛന് മനസിലാകുന്നില്ലേ എന്റെ വിഷമം??

മോളെ എല്ലാം എടുത്തുവച്ചോ?
ഗിരി അവളുടെ അടുത്തേക്ക് വന്നു..

ഉവ്വച്ഛാ…

മോളെന്താ… കരഞ്ഞോ? മുഖമൊക്കെ വാടി ഇരിക്കുന്നു.

അച്ഛന് പോകാതിരുന്നൂടെ…. ഇനി എന്തിനാ അച്ഛാ പോകുന്നത്?ആവശ്യത്തിന് സമ്പാദിച്ചില്ലേ, അച്ഛന് ഞങ്ങളെ കാണാതെ ഇരിക്കാൻ പറ്റുമോ?? പോകണ്ട അച്ഛാ..

പോണം മോളെ, പോയേ പറ്റൂ…

ദേവദത്ത് കാറിലേക്ക് സാധനങ്ങൾ ഒക്കെ എടുത്ത് വച്ചു.

ദേവദത്ത് അച്ഛനെ കെട്ടിപ്പിടിച്ചു…
അയാൾ അവനെ തന്റെ നെഞ്ചിലേക്ക് ഇടത് കൈകൊണ്ട് ചേർത്തുപിടിച്ചു.

ഗിരി തന്റെ വലത് കൈ നീട്ടി, അയാൾ നീട്ടിയ കൈകളിലേക്ക് കീർത്തി ഓടി വന്നു ചേർന്ന് നിന്നു.

മക്കൾ വിഷമിക്കണ്ട, ഇനിയത്തെ വരവിന് അച്ഛൻ പിന്നെ തിരിച്ചു പോകില്ല.
അപ്പോൾ അച്ഛന് കൂട്ടായിട്ട് ഒരു കുറുമ്പനെയോ, ഒരു കുറുമ്പിയേയോ കൂട്ടായിട്ട് തന്നാൽ മതി.

ഇപ്പോൾ അച്ഛൻ പോട്ടെ, അയാൾ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ മുറ്റത്തേക്ക് മധുവിന്റെ കാർ വന്ന് നിന്നു.

നീ വന്നോ? ഞാൻ കരുതി എന്നോട് കൊതികുത്തി ഇരിക്കുവായിരിക്കും എന്ന്. ഗിരി പറഞ്ഞു.

അതെ… അല്ലെന്ന് ആര് പറഞ്ഞു.
മധു ദേഷ്യത്തിലാണ്.

ഞാനിപ്പോൾ നിന്നോട് വേറൊരു കാര്യം പറയാനാ വന്നത്.

എന്താടാ…?

നിന്നോട് പോകണ്ടെന്ന് പറയാൻ പറഞ്ഞു..

ആര്..?

ദേ… അയാൾ പുറകിലേക്ക് വിരൽ ചൂണ്ടി.
മധുവിന്റെ കാറിന്റെ ബാക് സീറ്റിൽ നിന്നും സൗമിനി പുറത്തിറങ്ങി..

ചെല്ലെടാ… നിന്റെ മിനിക്കുട്ടിയുടെ അടുത്തേക്ക്. ആ പഴയ ഗിരിയാകാൻ നിനക്കും പഴയ മിനിക്കുട്ടിയാകാൻ അവൾക്കും കഴിയും.
ചെല്ലടാ… ഇനി കൈവിട്ട് കളഞ്ഞേക്കരുത് അതിനെ..

ഗിരിയുടെ കണ്ണുകൾ നിറഞ്ഞു.

അയാൾ മിനിക്കുട്ടിയുടെ അരികിലേക്ക് നടന്നു…

പണ്ട് ഇഷ്ട്ടം പറയാൻ പോയപ്പോഴുള്ള അതെ പരിഭ്രമം അയാളുടെ മുഖത്തുണ്ടായിരുന്നു….
അവളുടെ മുഖത്തെ ആ നാണം ഇപ്പോഴും അങ്ങനെതന്നെ ഉണ്ട്.

അല്ലെങ്കിലും സ്നേഹം എക്കാലവും ജയിക്കാറേ ഉളളൂ…

ഇനിയുള്ള കാലമെങ്കിലും കൊതി തീരെ അവർ സ്നേഹിക്കട്ടെ…

ശുഭം