19/04/2026

അന്നൊരിക്കൽ : ഭാഗം 15

രചന – അഞ്ജു തങ്കച്ചൻ

പിന്നെ ആരാ… ആരാ.. ചതിച്ചത് പറയ്.

ഗിരി അയാളെ പിടിച്ചു കുലുക്കി.

സൗമിനി വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കറിയാച്ചനെ നിനക്കോർമ്മയില്ലേ??

ഉണ്ട്..

നിങ്ങൾ പോകാൻ തീരുമാനിച്ച അന്ന് അയാൾ വീട്ടിൽ വന്നു.

എന്നിട്ട്…?

സൗമിനിയും ഗിരിയും കൂടെ നാട് വിടുവാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു.
ഒരു ലക്ഷം രൂപയും, നാല്പത് പവന്റെ ആഭരണങ്ങളും ഗിരി സൗമിനിയുടെ കൈയിൽ കൊടുത്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു.

എനിക്ക് അത് കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, അല്ലെങ്കിൽ തന്നെ നിങ്ങൾ ഇഷ്ടത്തിലാണെന്ന കാര്യം എനിക്ക് മുൻപേ അറിയാമായിരുന്നു.
ഒരുകണക്കിന് നീ അവളെയും കൊണ്ട് ഇവിടെ നിന്നും പോകുന്നതായിരുന്നു എനിക്ക് ഇഷ്ട്ടം. നീയിവിടെ നിന്നാൽ സ്ഥലത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു.

പിന്നെ നിനക്കും അവൾ ഒരു കൂട്ടാകുമല്ലോ എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് എനിക്കതു കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്.

ഞാൻ കറിയാച്ചനോട് അവർ പൊയ്ക്കോട്ടേ അതൊരു വിഷയമല്ല എന്ന് പറഞ്ഞു.പക്ഷെ…

പക്ഷെ ?

അയാൾ എന്നെ ഭീക്ഷണിപ്പെടുത്തി.

എന്തിന്??

അന്ന് തടിമില്ലിൽ ഞാൻ കുറച്ച് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നു.
ആരും അറിയാതെ രഹസ്യമായിട്ടാണ് ഞാനതു വിൽപ്പന നടത്തിയിരുന്നത്.
ഏറെ അടുപ്പമുള്ള സ്ഥിരമായി വാങ്ങുന്നവർക്ക് മാത്രമേ ഞാനതു നൽകിയിരുന്നുള്ളൂ

അവിടുള്ള എന്റെ പണിക്കാർക്ക് മാത്രം അറിയാവുന്ന ആ രഹസ്യം എങ്ങനെയോ കറിയാച്ചൻ അറിഞ്ഞിരുന്നു.

അയാൾ അത് പുറത്തറിയിക്കും എന്ന് പറഞ്ഞു.

പുറം ലോകം അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട്, അത് കൈവശം വച്ച് വിൽപ്പന നടത്തിയതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നാലോ,അതൊക്കെ ഓർത്തപ്പോൾ….

ആരെയും പേടിയില്ലാത്ത ഹരിയേട്ടൻ അയാളെ പേടിച്ചോ? അത് വിശ്വസിക്കാൻ പറ്റില്ല. മധു പറഞ്ഞു.

ശരിയാണ് ,പേടിയല്ല തോന്നിയത് ദേഷ്യമാണ്, അവനെ അങ്ങ് തീർക്കാൻ ആദ്യം തോന്നി.

പക്ഷെ അവനിത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയം തോന്നി.അവന് എന്തെങ്കിലും സംഭവിച്ചാൽ ഉറപ്പായും ഞാൻ സംശയത്തിന്റെ നിഴലിൽ ആകുമോ എന്ന് എനിക്ക് ഭയം തോന്നി.

സാധനം മില്ലിൽ നിന്നും പെട്ടന്ന് മാറ്റാനും കഴിയില്ല.
അതുകൊണ്ട് അയാളുടെ ഭീഷണിക്ക് മുൻപിൽ ഞാൻ തല കുനിച്ചു.

എന്തായിരുന്നു അയാളുടെ ആവശ്യം??
ഗിരി ചോദിച്ചു.

ഒരിക്കൽ അയാൾ കോളേജിൽ നിന്നും വരുകയായിരുന്ന സൗമിനിയോട് എന്തോ വൃത്തികേട് പറഞ്ഞു. അവൾ ഒട്ടും മടിക്കാതെ അയാളുടെ കരണക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിച്ചു.
അയാളുടെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് അയാളെ അടിച്ചത് അയാൾക്ക്‌ നാണക്കേടായി. അതിന്റെ പക അയാൾക്ക്‌ ഉണ്ടായിരുന്നു.

അവരെ അയാളുടെ വീട്ടിൽ നിന്നും ഇറക്കി വിടാൻ വരെ അയാൾ ശ്രെമിച്ചു.

നിനക്കത് ഓർമ്മയില്ലേ ഗിരീക്കുട്ടാ …?

ഉണ്ട്.ഓർമ്മയുണ്ട്

അവർ വേറെ വാടക വീട് അന്വേഷിച്ചു കൊണ്ടിരുന്ന ഒരുദിവസം,അയാൾ അവിടെ ചെന്ന് സൗമിനിയോട് മാപ്പ് പറഞ്ഞു. മോൾടെ പ്രായമുള്ള കുട്ടിയോട് അങ്ങനെ പറഞ്ഞത് മോശമായിപ്പോയി എന്ന് പറഞ്ഞ് അയാൾ നടത്തിയത് ഒരു നാടകം മാത്രമായിരുന്നു.

അയാൾ കരുതി ഇരിക്കുകയായിരുന്നു.
ഒരവസരം വന്നപ്പോൾ അയാൾ അത് മുതലെടുത്തു.

പിന്നെ എന്തുണ്ടായി??ഗിരി അക്ഷമയോടെ ചോദിച്ചു.

അയാൾ ഒരു ലക്ഷം രൂപയും ആഭരണങ്ങളും എന്നെ ഏൽപ്പിച്ചു.പകരം അയാൾ പറഞ്ഞത് പോലെ ചെയ്യാൻ പറഞ്ഞു.

ഞാൻ വിചാരിച്ചു എന്തിനാണ് വെറുതെ ഒരു പ്രശ്നത്തിൽ ചെന്ന് കേറുന്നത് എന്ന്.
എനിക്കെന്നും വലുത് എന്റെ ജീവിതവും എന്റെ സമാധാനവും ആയിരുന്നു. ഹരി തലകുനിച്ചു.

സൗമിനിയുടെ ജീവിതം തകർക്കുക എന്ന ഉദ്ദേശം മാത്രമേ അയാൾക്ക്‌ ഉണ്ടായിരുന്നുള്ളൂ..

ഞാൻ അയാൾക്കൊപ്പം ആ വീട്ടിലേക്ക് ചെന്നു..

അവിടെ ചെല്ലുമ്പോൾ കണ്ടു.
സൗമിനിയുടെ അമ്മയേയും,സൗമിനിയെയും അയാൾ കസേരയിൽ ഇരുത്തി ബലമായി മുറുക്കി കെട്ടി വച്ചിരിക്കുകയാണ്.
ഒച്ചയെടുക്കാതിരിക്കാൻ അവരുടെ വായിൽ തുണി തിരുകി വച്ചിട്ടുണ്ട്.

നീ വരുന്നതും നോക്കി ഞങ്ങൾ അവിടെ ഇരുന്നു.

നീ വരുന്നത് കണ്ടതും,സൗമിനിയുടെ കെട്ടുകൾ അഴിച്ച് എനിക്കൊപ്പം കിടക്കാൻ അയാൾ പറഞ്ഞു.സൗമിനിക്ക് അനുസരിക്കാതെ തരമില്ലായിരുന്നു.
അവളുടെ അമ്മയുടെ കഴുത്തിൽ കറിയാച്ചൻ കത്തി ചേർത്തു വച്ചിരുന്നു.

സൗമിനി അയാൾ പറഞ്ഞത് പോലെ എനിക്കൊപ്പം കട്ടിലിൽ ചേർന്ന് കിടന്നു.

നീ ജനാലകൾ തുറന്ന് ഞങ്ങളെ നോക്കിയപ്പോൾ സൗമിനി കരയുകയായിരുന്നു.

അയാളുടെ അവളോടുള്ള പക അതോടെ തീർന്ന് കാണുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ…

അവളുടെ ഒരു കാൽ അയാൾ തല്ലി ഒടിച്ചു.അയാളുടെ വണ്ടിയിൽ എവിടെയോ അവരെ കൊണ്ട് ചെന്ന് തള്ളി.

മതി… മതി പറഞ്ഞത്… ഇനിയെനിക്കൊന്നും കേൾക്കണ്ട.ഗിരി ചെവികൾ രണ്ടും പൊത്തി.

ബാക്കി കൂടെ കേൾക്കണം നീ.

അയാൾ എന്റെ ലഹരി കച്ചവടത്തിന് ഒരു തടസ്സം ആകുമെന്ന് എനിക്ക് ഭയം ഉണ്ടായിരുന്നു.
സാധനങ്ങൾ ഞാൻ മില്ലിൽ നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

അയാളെ തീർത്തുകളയാൻ ഞാൻ തീരുമാനിച്ചു.

നിനക്കറിയുമോ ഹരിക്കുട്ടാ.. സൗമിനിയുടെ കാൽ അയാൾ തല്ലിഒടിച്ചത്
എന്റെ മുന്നിൽ വച്ചാണ്.
വേദന കൊണ്ട് പുളയുന്ന അവൾ,എന്റെ നേരെ ഒരു നോട്ടം നോക്കി.
എന്നെ രക്ഷിച്ചൂടായിരുന്നോ എന്നൊരു ഭാവം ആ കണ്ണുകളിൽ ഞാൻ കണ്ടു.

കുറേ ദിവസങ്ങൾ ആ കണ്ണുകൾ എന്റെ ഉറക്കം കെടുത്തി.

എന്നെ ഭീഷണിപ്പെടുത്തിയിട്ട് ഒരുത്തൻഒന്നുമറിയാത്ത നല്ലപിള്ള ചമഞ്ഞു നടക്കുന്നത് എനിക്ക് സഹിച്ചില്ല.

കറിയാച്ചനെ എന്നെന്നേക്കുമായി ഞാനീ
ലോകത്തിൽ നിന്നും പറഞ്ഞയച്ചു.

അയാൾ പതിയെ ഒന്ന് ചിരിച്ചു..
ക്രൂരതയുടെ ആൾരൂപമായ ഈ ഹരി എല്ലാ എതിരാളികളെയും ഒതുക്കി.ഒടുവിൽ ഞാൻ എന്ത് നേടി…?

ദാ… കാണുന്നില്ലേ ജീവിച്ച് മടുത്ത്, മരണത്തെ മോഹിച്ചു കഴിയാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി. ഉറ്റവരോ ഉടയവരോ കൂടെ ഇല്ലാതെ, നരകിച്ചു നരകിച്ച്‌….

നിനക്കെന്നെ അങ്ങ് കൊന്ന് കളഞ്ഞൂടെ ഗിരിക്കുട്ടാ… നിന്റെ ജീവിതം ഞാൻ തകർത്തില്ലേ…
ആ നിരപരാധിയായ പെൺകുട്ടി നിനക്കൊപ്പം എത്ര സന്തോഷത്തോടെ കഴിയേണ്ടതായിരുന്നു.

ഞാൻ എല്ലാം നശിപ്പിച്ചില്ലേ….
അയാൾ ഇരു കൈകൊണ്ടും സ്വന്തം തലയിൽ തല്ലി.

മധു ആ കൈകൾ പിടിച്ച് മാറ്റി.

ഗിരി വെറും നിലത്ത് ഇരിക്കുകയായിരുന്നു

ആ കണ്ണുകൾ ഒന്ന് ചിമ്മുന്നത് പോലുമില്ല, അയാൾ ശ്വാസം പോലും എടുക്കുന്നില്ലെന്ന് മധുവിന് തോന്നി.

എടാ…. മധു അയാളെ പിടിച്ച് കുലുക്കി.

നീ കേട്ടില്ലേടാ ഇതൊക്കെ? എന്റെ മിനിക്കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല.
അവളെ ഇത്രനാൾ ഞാൻ സംശയിച്ചില്ലേ..?

ഞാൻ എത്ര വലിയ പാപം ആണെടാ ചെയ്തത്.
എനിക്കെന്റെ മിനിക്കുട്ടിയെ കാണണം.

കാണാം….നീ വാടാ.. നമുക്കിപ്പോൾ തന്നെ പോകാം.

മധു വണ്ടിയിറക്കി…

സൗമിനിയുടെ വീട് ലക്ഷ്യമാക്കി വണ്ടി കുതിച്ചു.

@@@@@@
തുടരും