രചന – അഞ്ജു തങ്കച്ചൻ
ഇനിയെങ്കിലും ഇവളിൽ നിന്നും എനിക്ക് രക്ഷപ്പെടണം. വയ്യ.. ഇനിയും വയ്യ ഇങ്ങനെ ജീവിക്കാൻ.
ഗൗതം എഴുന്നേറ്റ് ജനലരികിൽ ചെന്ന് നിന്നു.
വിവാഹിതനായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.
പക്ഷെ നിളയെ സഹിക്കാൻ ഇനിയും കഴിയില്ല.
ഓഫീസിൽ നിന്നും വരാൻ ഇത്തിരി വൈകിയാൽ ഫോണിലേക്ക് തുരുതുരെ കാൾവരും. കാൾ എടുത്താൽ എന്താ ഗൗതം ഇത്ര താമസിക്കുന്നത് ഞാനിവിടെ കാത്തിരിക്കുവല്ലേ എന്ന ചോദ്യം.
വിവാഹത്തിന്റെ ആദ്യനാളുകളിൽ താനാ ചോദ്യവും അവളുടെ കാത്തിരിപ്പും ഏറെ ഇഷ്ടപ്പെട്ടിരുന്നു.
എന്നാലിന്ന് ഒരുതരം മടുപ്പ് തോന്നുന്നു.
ഒരു സ്വാതന്ത്രവും ഇല്ലാത്ത ജീവിതം.
നേരം നന്നായി പുലർന്നു തുടങ്ങിയിരുന്നു. കുന്നിൻ മുകളിലെ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ശ്രുതിമധുരമായ ശീലുകൾ, മലമടക്കുകളിൽ തട്ടി ചിതറിത്തെറിക്കുന്ന തിരമാലകൾ പോലെ അലയടിച്ചു വന്നുകൊണ്ടിരുന്നു.
കുളിരൂറുന്ന തണുപ്പ്,പ്രഭാതത്തിന്റെ പൊൻകണങ്ങളെ നോക്കി കാണുവാനുള്ള കൗതുകം അയാൾക്കെന്നുമുണ്ടായിരുന്നു .
തുറന്നിട്ട ജനലഴികളിലൂടെ സ്വർണ്ണവർണ്ണമായ സൂര്യകണങ്ങൾ തന്നെപുണരുവാൻ വെമ്പുന്നത് പോലെ … അയാൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
സൂര്യ കിരണങ്ങളുടെ നേർത്ത തലോടലിൽ മഞ്ഞ് സ്വയം അലിഞ്ഞില്ലാതാകുന്ന കാഴ്ച്ച അയാൾക്കെന്നും പുതുമയുള്ളതായിരുന്നു.
അയാൾ കുളി കഴിഞ്ഞു വന്നപ്പോഴേക്കും നിള ടേബിളിൽ ഫുഡ് വിളമ്പി വച്ചിരുന്നു.
ഇതെന്താ ഗൗതം തല നല്ലവണ്ണം തുടച്ചില്ലേ ദേ.. വെള്ളമൊഴുകുന്നു. ജലദോഷം പിടിക്കും.
അവൾ അയാളുടെ തല തുവർത്തികൊടുത്തു.
ഇന്ന് ഗൗതമിന് ഇഷ്ട്ടമുള്ള പൂപോലത്തെ ഇടിയപ്പവും നല്ല താറാവ് കറിയും ഉണ്ടാക്കിയിട്ടുണ്ട്. ദാ… കഴിച്ചു നോക്കിക്കേ.
അവൾ ഇത്തിരിയെടുത്ത് അയാളുടെ വായിൽ വച്ച് കൊടുത്തു.
ഞാൻ കഴിച്ചോളാം. അയാൾ പറഞ്ഞു
കഴിക്ക്.. അപ്പോഴേക്കും ഞാൻ പോയി ബൂസ്റ്റ് ഇട്ട് ചായ എടുക്കാം.
എനിക്ക് ചായ വേണ്ട. അയാൾ പറഞ്ഞു.
അതെന്താ…?
വേണ്ട അത്ര തന്നെ…
അല്ലെങ്കിലും ഗൗതമിന് കുറച്ചു നാളുകളായി നല്ല മാറ്റമുണ്ട്.അതെങ്ങനാ കുറേ അലവലാതി കൂട്ടുകാർ ഉണ്ട് ഏതു നേരോം കൂടെ.
അയാൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.
ആയാളത് കടിച്ചമർത്തി.
ഇന്ന് ഞാൻ ഓഫീസിൽ നിന്നും നേരത്തെ വരാം, ഗൗതമും നേരത്തെ ഇറങ്ങു,നമുക്കിന്നു പുറത്തെവിടെയെങ്കിലും പോകാം.
നീ വേണമെങ്കിൽ പൊയ്ക്കോ,ഞാൻ വരുന്നില്ല.അയാൾ പറഞ്ഞു.
അതെന്താ അങ്ങനെ? സാധാരണ നമ്മൾ രണ്ടുപേരും കൂടെ അല്ലേ പോകുന്നത്.
നിനക്കൊന്നു മിണ്ടാതിരിക്കാമോ കുറച്ചു നേരം.. അയാൾ അലറി.
എപ്പോൾ നോക്കിയാലും മനുഷ്യനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ജോലിക്കിടയിൽ ഒരായിരം പ്രാവിശ്യം വിളിക്കും. എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി.
അയാളുടെ മുഖം ചുവന്നു.
കെട്ടിക്കൊണ്ട് വന്ന അന്ന് തുടങ്ങിയതാ… നോക്ക്.. ഞാനൊരു മനുഷ്യനാ..എനിക്ക് സഹിക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ട്.
അയാളെ വിറക്കുന്നുണ്ടായിരുന്നു.
ഞാൻ ഗൗതമിന്റെ ഭാര്യയാണ്.അവൾ പറഞ്ഞു.
അതുകൊണ്ട്… ഞാൻ എന്താ നിന്റെ കളിപ്പാവ ആകണോ?
ഓഫീസിൽ എന്നെ വിളിക്കുന്നത് എന്താണെന്ന് അറിയാമോ പെണ്ണുണ്ണി എന്ന്.
അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിളെ , നിനക്ക് നിന്റെ ഓഫീസിൽ ജോലി ഒന്നും ഇല്ലേ? ഏതു നേരോം എന്നെ ഇങ്ങനെ ഫോൺ വിളിക്കാൻ എങ്ങനെ പറ്റുന്നു?
ഞാനവിടെ ചുമ്മാ ഇരിക്കുവല്ല, സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കുന്നത് ഗൗതമിനോടുള്ള സ്നേഹം കൊണ്ടാണ്.
എനിക്കതൊരു ശല്യമാണ് നിള.
എനിക്കൊരു സ്വാതന്ത്ര്യവും ഇല്ല.
ഇതെന്തൊക്കെയാ ഈ പറയുന്നത് ഗൗതം?
അവളുടെ സ്വരം വല്ലാതെ നേർത്തിരുന്നു.
സത്യമാ ഞാൻ പറഞ്ഞത് എനിക്ക് മടുത്തു.നീ വല്ലപ്പോഴും വീട്ടിൽ പോകുമ്പോൾ സത്യത്തിൽ എനിക്കെന്ത് സന്തോഷമാണെന്നോ. അപ്പോഴാ എനിക്കിത്തിരി സ്വാതന്ത്രം കിട്ടുന്നത്.
അവളുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ നിന്റെ വീട്ടുകാരെ വിളിച്ചിട്ടുണ്ട്.
എന്തിന്?
ഇനിയും എനിക്ക് പറ്റില്ല. എനിക്ക് നിന്നിൽ നിന്നും ഒരു മോചനം വേണം.
അവൾ അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.
ദേ… ഗൗതം തമാശ പറയല്ലേ.
തമാശ അല്ല. എനിക്കിനി ഇത് തുടരാൻ ആകില്ല.
ഇല്ല ഗൗതം… എനിക്ക് നീയില്ലാതെ പറ്റില്ല.
നിനക്കൊപ്പം ഇങ്ങനെ ജീവിക്കുന്നതിലും നല്ലത്. ഈ ജീവിതം അവസാനിപ്പിക്കുന്നതാണ്.
അവൾ ഞെട്ടലോടെ അയാളെ നോക്കി.
എനിക്കൊരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞപ്പോൾ പോലും നീയെന്താ പറഞ്ഞത്. നമ്മുടെ ലോകത്തിൽ മറ്റാരും വേണ്ടെന്ന്.
നീ സ്വാർത്ഥത നിറഞ്ഞ ഒരുത്തിയാണ്.
നിനക്ക് മറ്റാരെയും മനസിലാകില്ല.
പിന്നെന്തിന് വിവാഹം ചെയ്തു. ഒറ്റയ്ക്ക് ജീവിച്ചാൽ പോരായിരുന്നോ.
അതായിരുന്നു ഇതിലും നല്ലത്.
അതൊക്കെ നേരത്തെ ചിന്തിക്കണമായിരുന്നു. ഇപ്പോൾ എന്നെ എങ്ങനെ എങ്കിലും ഒഴിവാക്കണം അല്ലേ?
എന്താ വേറെ വല്ലവളും മനസ്സിൽ കയറിയോ. അവളുടെ ഒച്ച ഉയർന്നു.
അയ്യോ ഇനി ഒരു പെണ്ണിനേം എനിക്ക് വേണ്ടായേ, മതിയായി. അയാൾ കൈ തൊഴുതു.
ഒന്നൊഴിവായി തന്നാൽ മതി.
ഓഹോ തന്റെ ആവശ്യം കഴിഞ്ഞല്ലോ, ഇനിയിപ്പോൾ മടുപ്പൊക്കെ തോന്നും.
അതെന്താ.. നിനക്ക് ഒരാവശ്യോം ഇല്ലായിരുന്നോ? പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ആണുങ്ങൾക്ക് മാത്രമേ എല്ലാം ആവശ്യമുള്ളൂ എന്ന്.
സത്യത്തിൽ മടുത്തു നിള… ഇത്തവണ അവന്റെ ശബ്‌ദം വല്ലാതെ ഇടറിയിരുന്നു.
ഒന്ന് ശ്വാസം വിടാൻ പോലും നിന്റെ അനുവാദം വേണം.
ഓഹ് അതുകൊണ്ട് ഇയാൾ ശ്വാസം എടുക്കാതെ ഇരിക്കുവാരിക്കും അല്ലേ?
സത്യത്തിൽ തനിക്കെന്നെ മടുത്തു. ഇനി വേറെ പുതിയ ഏതെങ്കിലും പെണ്ണ് വേണമായിരിക്കും.
തനിക്കൊക്കെ ഡ്രസ്സ് മാറും പോലെ പെണ്ണുങ്ങൾ വേണം.അതല്ലേ?
അതെ… അങ്ങനെയെങ്കിൽ അങ്ങനെ.
എന്തായാലും നിന്നെ എനിക്കിനി വേണ്ട.
അയാളുടെ ശബ്‌ദം ഉറച്ചതായിരുന്നു.
*******
തുടരും

by